ഭൂമുഖത്തെ ഏത് പരമരഹസ്യവും ചോര്‍ത്തിയെടുക്കാനും അവ ഇഴപിരിച്ച് അപഗ്രഥിക്കാനും സിദ്ധിയുള്ള പടിഞ്ഞാറന്‍ ധൈഷണികലോകം സമീപ കാലത്ത് പരാജയം സമ്മതിച്ചത് ഒരേയൊരു വിഷയത്തിലാണ്. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ (ഐ.എസ്.ഐ.എസ് ) എന്ന തീവ്രവാദ ഗ്രൂപ്പിന്റെ പിറവിക്കു പിന്നില്‍ ആരാണെന്നും അവരെ ഭീകരതയിലേക്ക് കൊണ്ടെത്തിച്ച പ്രത്യയശാസ്ത്രം ഏതാണെന്നും ആരുടെ അദൃശ്യാംഗുലികളാണ് അവരുടെ താണ്ഡവ നൃത്തത്തിനു പിന്നില്‍ ചലിക്കുന്നതെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്ന കാര്യത്തില്‍ അവര്‍ കൂരിരുട്ടില്‍ കരിമ്പൂച്ചയെ തപ്പുകയാണിപ്പോഴും. കഴിഞ്ഞവര്‍ഷം ജൂണില്‍ സിറിയയിലും ഇറാഖിലും പ്രത്യക്ഷപ്പെട്ട ഇസ്‌ലാമിക് സ്‌റ്റേറ്റ് മിലിഷ്യ, ലിബിയയുടെ വലിയൊരു ഭാഗം പിടിച്ചെടുത്തിരിക്കയാണെന്നും താമസിയാതെ ഈജിപ്തിലേക്കും സൗദിയിലേക്കും തുര്‍ക്കിയിലേക്കും, തുടര്‍ന്നു ക്രൈസ്തവ ആസ്ഥാനമായ റോമിലേക്കും ആളിപ്പടരുമെന്നുമുള്ള പ്രചാരണങ്ങള്‍, 13ാം നൂറ്റാണ്ടില്‍ ചെങ്കിസ്ഖാന്റെ നേതൃത്വത്തിലുള്ള താര്‍ത്താരിപ്പടയുടെ വരവറിഞ്ഞ് ചകിതരായി കഴിഞ്ഞ രാജ്യങ്ങളുടെയും ജനതയുടെയും അവസ്ഥയാണ് ഓര്‍മപ്പെടുത്തുന്നത്. മിന്നല്‍വേഗത്തില്‍ സിറിയയുടെയും ഇറാഖിന്റെയും ഭൂപ്രദേശങ്ങള്‍ പിടിച്ചെടുത്ത് ആധിപത്യം സ്ഥാപിച്ചുതുടങ്ങിയ ഈ പോരാളിസംഘം പടിഞ്ഞാറന്‍ ലോകത്തുനിന്നുള്ള ഏതാനും മാധ്യമപ്രവര്‍ത്തകരെ കഴുത്തറുത്ത് കൊന്ന് വന്‍ശക്തികളുമായി മുഖാമുഖം പോരിനിറങ്ങുകയും ഒടുവില്‍ ഈജിപ്തില്‍ നിന്നുള്ള 21 കോപ്റ്റിക് ക്രിസ്ത്യാനികളുടെ തലയറുത്ത് യുദ്ധത്തെ ‘ക്രൂസേഡ്’ ഓര്‍മകളിലേക്ക് വലിച്ചിഴക്കുകയും ചെയ്തതോടെ ആ മേഖലയൊന്നാകെ ഞെട്ടിവിറച്ചിട്ടുണ്ട്. ഐ.എസ്.ഐ.എസ് പ്രതിഷ്ഠിച്ച ‘ഖലീഫ’ അബ്ദുറഹ്മാന്‍ അല്‍ബഗ്ദാദിയുടെ മുന്നില്‍ ഉസാമാബിന്‍ ലാദിന്‍ ഒന്നുമല്ലെന്നും ഈ തീവ്രവാദി സംഘത്തെ അല്‍ഖാഇദയുമായി താരതമ്യം ചെയ്യുന്നത് പോലും പോഴത്തമാണെന്നും ‘വിദഗ്ധര്‍’ ലോകത്തോട് വിളിച്ചുപറയുന്നു. ഐ.എസ് ഭീകരവാദം എത്രകണ്ട് നാശം വിതക്കുന്നുവോ അത്രകണ്ട് ഇസ്‌ലാം വിരുദ്ധത (ഇസ്‌ലാമോഫോബിയ) ലോകത്താകമാനം പരന്നൊഴുകുന്നു എന്ന സത്യം മറ്റൊരു ഭാഗത്ത്. യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ മൂക്കിനു താഴെ, വടക്കന്‍ കരോലിനയിലെ ചാപ്പല്‍ ഹില്ലില്‍ മൂന്നു മുസ്‌ലിം യുവതീയുവാക്കള്‍ പട്ടാപ്പകല്‍ ഒരു പ്രകോപനവുമില്ലാതെ, ക്രേയ്ഗ് സ്റ്റീഫന്‍ ഹിക്‌സ് എന്ന ‘മതരഹിതന്റെ’ വെടിയേറ്റ് മരിച്ച സംഭവം പുതിയ ‘നാഗരിക സംഘട്ടനം’ ഏത് ദിശയിലൂടെയാണ് ചലിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു.
പ്രസിഡന്റ് ഒബാമ പരമാവധി രാഷ്ട്രങ്ങളെ അണിനിരത്തി ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെ അത്യന്താധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് പരസ്യയുദ്ധം ആരംഭിച്ചിട്ട് മാസങ്ങളായിട്ടും തങ്ങള്‍ക്കു ഒരു പോറലുമേറ്റിട്ടില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ കൂടുതല്‍ ഭൂതലങ്ങള്‍ പിടിച്ചെടുത്തും ഒട്ടേറെ നിരപരാധികളെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചും പോരാട്ടം ശക്തിപ്പെടുത്തുകയാണ് ബഗ്ദാദിയുടെ അനുയായികള്‍. ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ പോരാട്ടമുഖത്തേക്ക് പടിഞ്ഞാറന്‍ ലോകത്തുനിന്നു ദിനേന നൂറുകണക്കിനു യുവതീയുവാക്കള്‍ ഒഴുകുകയാണെന്ന വാര്‍ത്തക്ക് വിശദീകരണം നല്‍കാന്‍ രാഷ്ട്രീയനിരീക്ഷകര്‍ക്കോ ബുദ്ധിജീവികള്‍ക്കോ സാധിക്കുന്നില്ല എന്നത് നിഗൂഢത കൂട്ടുന്നു. പടിഞ്ഞാറിനോടുള്ള യുദ്ധത്തില്‍ പങ്കാളികളാവാന്‍ എന്തുകൊണ്ട് പടിഞ്ഞാറുനിന്ന് ഇത്രയേറെ ചെറുപ്പക്കാര്‍ ആവേശം കാട്ടുന്നു എന്ന ചോദ്യത്തിന് ആരുടെ പക്കലും ഉത്തരമില്ല. ഏല്ലാറ്റിനുമൊടുവില്‍ ‘ജിഹാദി ജോണ്‍’ എന്ന വിശേഷിപ്പിക്കപ്പെട്ട മുഹമ്മദ് ഇംവാസിയെ തിരിച്ചറിഞ്ഞപ്പോഴാണ് കുവൈത്തില്‍ ജനിച്ച്, ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഐ.ടിയില്‍ ബിരുദമെടുത്ത, നല്ലൊരു ചെറുപ്പക്കാരന്‍ സിറിയയില്‍ എത്തി പടിഞ്ഞാറിന്റെ കൊലയാളിയായി മാറിയതിന്റെ പിന്നിലെ ജീവിതാനുഭവം നമ്മുടെ മുന്നില്‍ ദുരൂഹമായി കെട്ടഴിഞ്ഞുവീണത്. ലണ്ടനില്‍നിന്ന് അപ്രത്യക്ഷരായ കൗമാര പ്രായത്തിലുള്ള മൂന്നു പെണ്‍കുട്ടികള്‍ ഇസ്തംബൂള്‍ വഴി സിറിയയിലേക്ക് കടന്നിരിക്കുകയാണെന്ന വാര്‍ത്ത ഒരു ഭൂഖണ്ഡത്തിന്റെ മനോനില ഏത് സങ്കീര്‍ണാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും മനസ്സിലാക്കിത്തരുന്നു. ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ആശയാടിത്തറയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിമഗ്‌നരായ പാശ്ചാത്യ ധൈഷണിക ലോകത്തിനു മുന്നില്‍ നിരത്തപ്പെടുന്ന ഇത്തരം ജീവിതമാതൃകകള്‍ സ്വത്വം തിരിച്ചുനല്‍കാത്ത ഒരു ലോകം ഒരു തലമുറയെ എങ്ങനെ സാഹസികതയിലേക്ക് ആട്ടിത്തെളിക്കുന്നുവെന്നതിന്റെ നല്ല പഠനോപാധികളാണ്. പക്ഷേ, മുന്നിലുള്ള യാഥാര്‍ഥ്യങ്ങളെ വകഞ്ഞുമാറ്റി, ഐ.എസ് പ്രതിഭാസത്തെ വ്യാഖ്യാനിക്കാന്‍ പുതിയ സിദ്ധാന്തങ്ങള്‍ കരുപ്പിടിപ്പിക്കുന്ന തിരക്കിലാണ് വിദഗ്ധരും മാധ്യമങ്ങളുമൊക്കെ. സ്വദേശത്ത് പോലും അന്തരീക്ഷം പ്രക്ഷുബ്ധമാണെന്ന് കണ്ടപ്പോള്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് പോലും തദ്വിഷയത്തില്‍ തങ്ങളുടെ നിലപാട് അസന്ദിഗ്ധമായി വ്യക്തമാക്കേണ്ടിവന്നു. ഫെബ്രുവരി മൂന്നാം വാരം വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച അറുപത് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത തീവ്രവാദവിരുദ്ധ ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത് ഇതാണ്: ഇസ്‌ലാമുമായി ഞങ്ങള്‍ യുദ്ധത്തിലല്ല. ഇസ്‌ലാമിനെ വക്രീകരിക്കുന്നവരുമായാണ് യുദ്ധം. ഒരു മതവും ഭീകരതക്കോ ഹിംസക്കോ ഉത്തരവാദിയല്ല. ഉത്തരവാദികള്‍ ജനങ്ങളാണ്. ഒരു സമുദായമൊന്നടങ്കം ഇതിന്റെ പേരില്‍ മുദ്രകുത്തപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അവര്‍ക്ക് (ഐ.എസിനും അല്‍ഖാഇദക്കും) മതപരമായ ന്യായീകരണം ചാര്‍ത്തിക്കൊടുക്കാന്‍ പാടില്ല. അമേരിക്ക, പടിഞ്ഞാറ് പൊതുവെ ഇസ്‌ലാമുമായി യുദ്ധത്തിലാണെന്ന ഒരു കാഴ്ചപ്പാട് അവര്‍ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെയാണ് അവര്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതും റിക്രൂട്ട് ചെയ്യുന്നതും. അത് നുണയാണ്. ഭീകരവാദികള്‍ സംസാരിക്കുന്നത് നൂറു കോടി മുസ്‌ലിംകള്‍ക്കു വേണ്ടിയല്ല. മതഭേദം മാറ്റിവെച്ച് തീവ്രവാദികളുടെ അവകാശവാദങ്ങളെ തള്ളിപ്പറയാനുള്ള ബാധ്യത നമുക്കുണ്ട്.’
ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന തീവ്രവാദ ഗ്രൂപ്പ് ഇസ്‌ലാമിനെയല്ല പ്രതിനിധാനം ചെയ്യുന്നതെന്നും അവര്‍ വഴിപിഴച്ചവരാണെന്നുമുള്ള ഒബാമയുടെ നിരീക്ഷണത്തിനു പക്ഷേ പടിഞ്ഞാറന്‍ ലോകത്തു വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. ഒബാമക്ക് ഈ വിഷയത്തില്‍ വേണ്ടത്ര ഗ്രാഹ്യമില്ല എന്ന തരത്തിലാണ് പലരും പ്രതികരിച്ചത്. തീവ്രവാദ ഇസ്‌ലാം പടിഞ്ഞാറുമായി യുദ്ധത്തിലല്ല എന്ന കാഴ്ചപ്പാട് വൃത്തികെട്ട പച്ചക്കള്ളമാണെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കയിന്‍ തുറന്നടിച്ചു. ഡാനിഷ് പ്രധാനമന്ത്രി ഹെലി ടൂണിങ്ഷ്മിത്ത് ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ കയറ്റുന്നതിനു പകരം ‘കറുത്ത പ്രത്യയശാസ്ത്ര’മാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് അഭിപ്രായപ്പെടുകയുണ്ടായി. ‘ഇസ്‌ലാമും പടിഞ്ഞാറും തമ്മിലുള്ള പോരാട്ടത്തിന്റെ മധ്യത്തിലല്ല നാം നിലകൊള്ളുന്നത്. മുസ്‌ലിംകളും മുസ്‌ലിമിതര വിഭാഗങ്ങളും തമ്മിലുള്ള യുദ്ധമല്ല നടക്കുന്നത്. വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ആസ്പദമാക്കിയുള്ള മൂല്യങ്ങളും ‘കറുത്ത പ്രത്യയശാസ്ത്രവും’ തമ്മിലുളള പോരാട്ടമാണ് അരങ്ങേറുന്നത്.’ ന്യൂയോര്‍ക്ക് ടൈംസില്‍ ‘ഇസ്‌ലാമും പടിഞ്ഞാറും യുദ്ധത്തില്‍’ എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനത്തിലൂടെ റോജര്‍ കൊഹന്‍ ‘കറുത്ത പ്രത്യയശാസ്ത്രത്തെ’ മറയാക്കി ഒഴിഞ്ഞുമാറാനാവില്ല എന്ന് താക്കീത് നല്‍കി. ഈ പ്രത്യയശാസ്ത്രത്തിന്റെ ബാഹ്യമുഖം ‘ഇസ്‌ലാമിക് സ്‌റ്റേറ്റാണെന്നിരിക്കെ, നാസിസം ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനി നേരിട്ട പരാജയത്തിന്റെ പ്രതികരണമാണെന്ന് പറഞ്ഞ് ലഘൂകരിക്കുന്നത് പോലെ നിസ്സാരമായി കാണുന്നത് ശരിയല്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാല്‍, പാശ്ചാത്യലോകത്തിന് ഇപ്പോള്‍ തീവ്രവാദ ഇസ്‌ലാമിന്റെ ആധികാരിക ഭാഷ്യം നല്‍കിക്കൊണ്ടിരിക്കുന്ന ഗ്രാമി വുഡ്, ‘ദി അത്‌ലാന്റിക്’ മാസികയില്‍ (മാര്‍ച്ച് 15) ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ പിന്നിലെ പ്രത്യയശാസ്ത്രവും അവരുടെ പ്രവര്‍ത്തന ശൈലിയും ലക്ഷ്യവുമൊക്കെ വിവരിച്ചുകൊണ്ട് എഴുതിയ നീണ്ട ലേഖനം ഒബാമയുടെ കാഴ്ചപ്പാടിനെ പൂര്‍ണമായി നിരാകരിക്കുന്നതായിരുന്നു. ‘യാഥാര്‍ത്ഥ്യം ഇതാണ്. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഇസ്‌ലാമികം ആണ്. അങ്ങേയറ്റം ഇസ്‌ലാമികം തന്നെ. മധ്യപൗരസ്ത്യദേശത്തെയും യൂറോപ്പിലെയും അതൃപ്തരില്‍ നിന്ന് വശീകരിക്കപ്പെട്ട ചിത്തരോഗികളെയും സാഹസികാന്വേഷകരെയുമാണ് അത് ആകര്‍ഷിക്കുന്നത്. അതിന്റെ കടുത്ത അനുയായികള്‍ പ്രബോധനം ചെയ്യുന്ന മതം ഇസ്‌ലാമിനെ കുറിച്ച് പഠിച്ചവരില്‍ നിന്നുള്ള വ്യാഖ്യാനമാണ്.’ ഖിലാഫത്തിനെ കുറിച്ച് അബൂബക്കര്‍ ബഗ്ദാദി തന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തിയത് ചരിത്രത്തില്‍നിന്നാണെന്നും ആ ചരിത്രകാലവിശാലതയെ നിര്‍ണയിച്ചതും നിയന്ത്രിച്ചതും കോളനിശക്തികളാണെന്നും വിശദീകരിക്കുന്നതോടെ അദ്ദേഹം അറിയാതെയാണെങ്കിലും വിഷയത്തിന്റെ മര്‍മത്തിലേക്ക് കടക്കുന്നത് കാണാം. ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന ആത്യന്തികവാദികളെ സൃഷ്ടിച്ച സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലം യഥാവിധി അടയാളപ്പെടുത്തപ്പെടുമ്പോഴാണ് ഈ പ്രതിഭാസത്തിന്റെ യഥാര്‍ത്ഥമുഖം തെളിഞ്ഞു കാണുന്നത്. ഭീകരവാദത്തിന്റെ ഡി.എന്‍.എ പരിശോധിച്ചാല്‍ കിട്ടുന്നത് ഒരു ജനതയോടും ഭൂമേഖലയോടും കാട്ടിയ ഒടുങ്ങാത്ത അനീതിയുടെ നീറിപ്പുകയുന്ന ഇന്നലെയുടെ നോവുകളില്‍ തൊട്ടുള്ള വര്‍ത്തമാനകാല സ്‌ഫോടനങ്ങളാണ്. ‘ലോറന്‍സ് ഇന്‍ അറേബ്യ’ എന്ന വിഖ്യാത കൃതിയിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മനസ്സിലാവും പൊട്ടിത്തെറിയുടെ വക്കത്ത് നില്‍ക്കുന്ന പശ്ചിമേഷ്യയില്‍ കുഴിബോംബുകള്‍ നിറച്ചത് ഒരു നൂറ്റാണ്ടുമുമ്പാണെന്ന്. ‘ജനത്തെ അടിച്ചമര്‍ത്തുകയും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുമ്പോള്‍, വിശിഷ്യാ വിഭാഗീയതയുടെയോ വംശീയതയ
ുടെയോ തലത്തില്‍, വിയോജിപ്പ് നിശ്ശബ്ദമാക്കുമ്പോള്‍, അത് ഹിംസാത്മകതീവ്രവാദത്തിനു വളംവെക്കുന്നു. ഭീകരവാദികള്‍ക്ക് ചൂഷണം ചെയ്യാന്‍ പാകത്തിലുള്ള ഒരു സാഹചര്യം അത് സൃഷ്ടിക്കുക സ്വാഭാവികം. ഫെബ്രുവരി 19നു ഒബാമ മര്‍മത്തില്‍ തൊട്ടാണ് പ്രശ്‌നത്തെ സമീപിച്ചത്. അപ്പോഴും, ‘ലോകാവസാനം, ദജ്ജാലിന്റെ ആഗമം, ദാബിക് എന്ന സിറിയന്‍ പ്രദേശത്തെ കുറിച്ചുള്ള പ്രവാചക പരാമര്‍ശം എന്നിവ ചൂണ്ടിക്കാട്ടി ഇസ്‌ലാമിക് സ്‌റ്റേറ്റിനെ വിശ്വാസത്തോടും ചരിത്രത്തോടും കൂട്ടിക്കെട്ടാനാണ് റോജര്‍ കെഹറിനെപോലുള്ളവര്‍ സമയം പാഴാക്കുന്നത്. അറബ് ലോകത്തെ പ്രശസ്ത കോളമിസ്റ്റ് റംസി ബറൂദ് ചൂണ്ടിക്കാട്ടിയത് പോലെ (അറബ് ന്യൂസ്, ഫെബ്രുവരി 24) ഇന്നീ കാണുന്ന പ്രതിസന്ധിയുടെ വേര് ആണ്ടുകിടക്കുന്നത് ഒന്നാം ഗള്‍ഫ് യുദ്ധത്തിലാണ് (1990 91). സൈനിക ഇടപെടല്‍ ഒരിക്കലും നന്മ വിതക്കില്ല. യുദ്ധം കാലുഷ്യവും അക്രമവും തുറന്നു വിടുന്നു. ജയിക്കാനുള്ള ബദ്ധപ്പാടില്‍ യുദ്ധം നയിക്കുന്നവര്‍ ചെയ്തുകൂട്ടുന്ന ക്രൂരതകളാണ് പിന്നീട് ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് ജനത്തെ തള്ളിവിടുന്നത്. ഇസ്‌ലാമിക് സ്‌റ്റേറ്റ് അടക്കമുള്ള തീവ്രവാദപ്രസ്ഥാനങ്ങള്‍ ഒരു മേഖലയില്‍ കുമിഞ്ഞുകൂടിയ മന:സംഘര്‍ഷത്തില്‍ ഇസ്‌ലാമിന്റെ അപഭ്രംശചിന്തകള്‍ കടത്തിവിടുമ്പോള്‍ രൂപം കൊള്ളുന്ന ബീഭല്‍സ സൃഷ്ടികളാണ്. വഹാബിസവും സലഫിസവുമാണ് അതിന്റെ പിന്നിലെ ചാലകശക്തി. പൊളിറ്റിക്കല്‍ ഇസ്‌ലാം എത്ര കണ്ട് വിപത്കരമാവുമെന്ന് സമര്‍ഥിക്കുന്നതാണ് കഴിഞ്ഞ അരനൂറ്റാണ്ടിന്റെ അനുഭവം. ചിന്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടിയത് പോലെ ഇസ്‌ലാമിന്റെ ശത്രുക്കളാണവര്‍. ഇസ്‌ലാമിന്റെ ആത്മീയശോഭ കണ്ടെത്താനുള്ള പരിശ്രമം കൊണ്ടേ അതിനെ തോല്‍പിക്കാനാവൂ.
ശാഹിദ്
You must be logged in to post a comment Login