ഇന്ത്യാ രാജ്യത്ത് പശുക്കളെ വധിക്കുന്നത് നിരോധിച്ച് കൊണ്ടുള്ള നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരാനിരിക്കയാണ്. അതേ ചൊല്ലി വാഗ്വാദങ്ങളും വിവാദങ്ങളും നടക്കുമെന്ന് സര്‍ക്കാറിന് അറിയാവുന്നതുമാണ്. മഹാത്മാഗാന്ധിയെ വധിച്ചവരെ സ്തുതിക്കുന്ന സര്‍ക്കാര്‍ സംഘക്കാര്‍ക്ക് പശുവിനെ വധിക്കുന്നതിനോട് വിരോധം തോന്നേണ്ട കാര്യമൊന്നുമില്ല. പക്ഷേ, പശുവിനെ രക്ഷിക്കാന്‍ വേണ്ടി മനുഷ്യനെ കൊല്ലണോ എന്നൊരു ചോദ്യം മുമ്പ് ഗാന്ധിജി ചോദിച്ചിരുന്നു. ആ ചോദ്യമാണ് ഇപ്പോള്‍ പ്രസക്തമാവുന്നത്. രാജ്യത്ത് പത്തൊമ്പത് ഇരുപത് നൂറ്റാണ്ടുകളിലുണ്ടായ ഹിന്ദു മുസ്ലിം സാമുദായിക വധങ്ങള്‍ പലതും നടന്നത് ഗോവധത്തിന്റെ പേരിലാണ്. ജനങ്ങളെ തമ്മിലടിപ്പിച്ച് അതിനിടയില്‍ രാജ്യം കോര്‍പ്പറേറ്റുകള്‍ക്ക് പതിച്ചു കൊടുക്കുന്നതിന് ചട്ടം കെട്ടാന്‍ ഈ അസംബന്ധങ്ങളൊക്കെ വഴിയൊരുക്കും. ഘര്‍വാപസിയും, ഗോവധ നിരോധവുമൊക്കെ പുതിയ കുപ്പികളിലാക്കി പയറ്റുന്നുവെന്നല്ലാതെ ഒരു ചുക്കും ഈ രാജ്യത്ത് നടന്നിട്ടില്ല. ഇതൊക്കെ സര്‍ക്കാര്‍ വിലാസം വിദ്യകളാണ്. പശുവധം നിരോധിച്ചാല്‍ കഷ്ടപ്പെടുന്നത് പശുക്കള്‍ തന്നെയാണ്. പശുക്കള്‍ മാതമ്രല്ല നമ്മള് ഇന്ത്യക്കാരും. ചാവാലിപ്പശുക്കള്ക്ക് ഒന്നിനും വയ്യാതാവുമ്പോള്‍ ആകെയുള്ള ആശ്രയം അറവ് ശാലകളാണ്. അതോടെ പശു രക്ഷപ്പെടും പശുവളര്‍ത്തുകാരനും രക്ഷപ്പെടും. ഗോവധം നിരോധിച്ചാല്‍ പിന്നെ പശുക്കളെ വളര്‍ത്താന്‍ ആളെ കിട്ടില്ല. കാശ് ചെലവാക്കി ദൈവത്തെ പോറ്റാനൊന്നും ആരും തയ്യാറാവില്ല. വളര്‍ത്തുന്നവര്‍ക്ക് തന്നെ ചാവാലികളെ കൊല്ലാനും പറ്റില്ല… ഇവര്‍ ആരുമറിയാതെ ദൈവങ്ങളെ തെരുവിലേക്ക് വിടും. ദൈവങ്ങള്‍ തെരുവില്‍ ചത്തു വീഴും. ദുര്‍ഗന്ധം ഇന്ത്യക്കാനെ വീര്‍പ്പു മുട്ടിക്കും. സൂത്രക്കാരായ ചിലര്‍ അറുക്കാന്‍ വേണ്ടി പശുദൈവങ്ങളെ പുറം രാജ്യങ്ങളിലേക്ക് കയറ്റി അയക്കും. ചില വില്ലന്മാര് പശുവിനെ അറുത്ത് മാംസം പോത്തിന് തോലില്‍ വച്ച് വിറ്റ് സ്വന്തം തടി രക്ഷപ്പെടുത്തും. പശുവധം നിരോധിക്കുമ്പോള്‍ ഏതാണ്ട് ഇതൊക്കെയാണ് സംഭവിക്കുക. മുസ്ലിംകള്ക്ക് മാത്രമായി അതിന്റെ പേരില്‍ ഒന്നും സംഭവിക്കാനില്ല. മുസ്ലിംകള് അതിന്റെ പേരില്‍ ഹാലിളകുകയും വേണ്ട. പശുവിനെ അറുക്കാതെ മുസല്മാനാവില്ല എന്ന് ഒരു കിതാബിലും പറഞ്ഞിട്ടുമില്ല.
പശുവധം വിരോധിച്ച് കൊണ്ട് മുസ്ലിംകളെ ചൊടിപ്പിക്കാമെന്നാവും സംഘ് പരിവാരക്കാര്‍ വിചാരിക്കുന്നുണ്ടാവുക. ചില മുസ്ലിം ഇറച്ചി വ്യാപാരികള്‍ക്ക് നഷ്ടമുണ്ടാവാം. അതിലേറെയാണ് ഇന്ത്യാ രാജ്യത്തിനുണ്ടാവുന്ന നഷ്ടം. മുസ്ലിംകള്ക്ക് പശുവിനെ തന്നെ അറുക്കണമെന്നൊരു നിര്‍ബന്ധവുമില്ല. നബിതിരുമേനിയുടെ മക്കയിലോ മദീനയിലോ പശുവുണ്ടായിരുന്നില്ല. ബാഗ്ദാദിലും ദമസ്കസിലുമുണ്ടായിരുന്നില്ല. അത് കൊണ്ട് പശു മുസ്ലിം ജീവിതത്തിന്റെ ഭാഗമേ അല്ല. അങ്ങനെയൊക്കെ സംഘ് പരിവാരക്കാര്‍ ചിന്തിക്കുന്നുണ്ടാവും. പാലിനും ഇറച്ചിക്കും വേണ്ടി ഒട്ടകത്തെ വളര്‍ത്തും പോലെ പശുവിനേയും വളര്‍ത്തുന്നത് ഒരു പുണ്യ കര്‍മമാണ്. വലിയ പെരുന്നാളിന് ബഖര്‍ ഈദ് എന്ന പേരു വന്നത് പശുവിനെ അറുക്കുന്ന പെരുന്നാള്‍ എന്നതിനാലാണെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്. ബക്രീദ് ബകരീ ഈദ് ആണ്. ബകരീ എന്നാല്‍ ആട്. പശു എന്നര്‍ഥമുള്ള ബഖര്‍ ഈദ് എന്നത് ഏതോ ദുരുദ്ദേശ്യക്കാര്‍ കൊടുത്തതാവും. ബക്രീദിന് ആടിനെ അറുക്കുന്ന പെരുന്നാള്‍ എന്നേ അര്‍ഥമുള്ളു. പശുവിനെ അറുക്കണമെന്ന വകുപ്പേ ഇല്ല. ആടിനെ അറുക്കുന്നതിന് ഒരു തടസ്സവും ഈ രാജ്യത്തില്ല. കാരണം ആട് തല്ക്കാലം ദൈവങ്ങളുടെ ലിസ്റ്റിലില്ല. അതിനാല്‍ പശുവധം നിരോധിച്ചാല്‍ മുസല്മാന് കുഴങ്ങിക്കിട്ടുമെന്ന ടെന്‍ഷന്‍ ആര്ക്കുമുണ്ടാവേണ്ട കാര്യമില്ല. മാധ്യമങ്ങള്‍ക്കും വേണ്ട. സാമൂതിരിയുടെ നാട്ടില്‍ ബലി പെരുന്നാളിന്ന് മുസ്ലിംകള് പശുവിനെ അറുത്തിരുന്നില്ല. സാമൂതിരിക്ക് പശു ഇഷ്ടദൈവമായത് കൊണ്ടാവാം മുസ്ലിംകള് ഇങ്ങനെ തീരുമാനിച്ചത്. മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ പശുക്കളെ വധിക്കുന്നത് നിരോധിക്കണമെന്ന് പുത്രന് ഹുമയൂണിനോട് നിര്‍ദേശിച്ചിരുന്നു. അക്ബറും ജഹാംഗീറും ഔറംഗസേബും രജപുത്രരോടും ജൈനരോടുമുള്ള ആദര സൂചകമായി പശുബലി നിയന്ത്രിച്ചിരുന്നു. ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫര്‍ മാംസത്തിന് വേണ്ടി പശുക്കളെ അറുക്കുന്നത് നിരോധിച്ചു. ഖിലാഫത്ത് കാലത്ത് ഹിന്ദു മുസ്ലിം മൈത്രി ഉച്ചിയിലെത്തിയ സന്ദര്‍ഭത്തില്‍ ഖിലാഫത് നേതാവ് മൗലാനാ അബ്ദുല്‍ ബാരി തന്റെ കേന്ദ്രത്തില്‍ ബലി പെരുന്നാളിന് കാളയെ ബലിയറുക്കേണ്ടെന്ന് തിരുമാനിച്ചു. ദയൂബന്ദ് പണ്ഡിതന്മാരും ഇത് സംബന്ധിച്ച നിര്‍ദേശം കൊടുത്തിരുന്നു. മൈസൂര്‍ സുല്ത്വാന് ഹൈദരലി ഖാന് തന്റെ രാജ്യത്ത് പശുബലി നിയമം മൂലം നിരോധിച്ചിരുന്നത്രേ. ഇതൊക്കെ പരസ്പര സ്നേഹത്തിന്റെ ഭാഗമായിരുന്നു. ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടല്ല. അത് കൊണ്ട് ഗോവധം മുസ്ലിംകളെയാണ് ബാധിക്കുക എന്ന പ്രചാരണങ്ങള്ക്കൊരര്ത്ഥവുമില്ല. ഇന്ത്യാ രാജ്യത്തിന് ഗുണമോ ദോഷമോ ഇത് കൊണ്ടുണ്ടാവുക എന്ന് വിലയിരുത്തിയാല്‍ പോരേ? മുസ്ലിംകള്ക്കെന്തായാലും പശു ദൈവമല്ല. അപ്പേരില്‍ അതിനെ അറുത്താലും അറുത്തില്ലേലും ഒരു ചേതവുമില്ല. അനിയന്ത്രിതമായി മാംസം കഴിക്കുന്നത് തടി കേടാക്കും എന്ന് എല്ലാവരും അിറഞ്ഞിരിക്കുന്നത് നന്ന്. ഇറച്ചി പശുവിന്റേതായാലും പോത്തിന്റേതായാലും തഥൈവ.
പൗരാണിക ഇന്ത്യയില്‍
ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം പശു ഉപകാരിയായ മൃഗമാണ്. ചിലര്‍ അതിന്റെ ചാണകം സുഗന്ധമായി ഉപയോഗിക്കുന്നു. ചാണകം കൊണ്ട് മുറ്റം മെഴുകുന്നു. ചാണകം തന്നെ ഇന്ധനമായി ഉപയോഗിക്കുന്നു. പാലും തൈരും ജീവിതത്തിന്റെ ഭാഗമാണ്. ഇങ്ങനെയുള്ള ഈ മൃഗം പൗരാണിക കാലത്ത് മത കര്‍മങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു. അതിന് യാഗങ്ങളിലും യജ്ഞങ്ങളിലും സുപ്രധാനമായ സ്ഥാനമുണ്ടായിരുന്നു. ചിലര്‍ പറയും പോലെ മുസ്ലിംകള് ഭരിക്കാന്‍ തുടങ്ങിയപ്പോഴല്ല പശുവിനെ ഈ രാജ്യത്ത് അറുക്കാന്‍ തുടങ്ങിയത്. പശുവില്ലാത്ത ലോകത്തുനിന്ന് വന്ന മുസ്ലിം ഭരണാധികാരികള്‍ക്ക് ഗോമാംസം പെട്ടൊന്നൊരു ഇഷ്ടഭോജ്യമാവേണ്ട കാര്യവുമില്ല. മട്ടനുള്ളപ്പോള് എന്തിന് ബീഫ് എന്നൊരു ചോദ്യമുണ്ടല്ലോ? ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ഡി എന്‍ ഝാ പൗരാണിക ഇന്ത്യയില്‍ നില നിന്ന പശുവധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടപ്പോള്‍ ഹിന്ദു വര്‍ഗീയ വാദികള്‍ അദ്ദേഹത്തെ കുരിശിലേറ്റാന്‍ ശ്രമിച്ചതാണ്. ആര്യന്മാര്ക്ക് അവരുടെ മത ചടങ്ങുകളിലൊക്കെ മൃഗബലി പ്രധാന ചടങ്ങായിരുന്നു. അതിനുള്ള ഉത്തമ മൃഗമായി അവര്‍ പശുവിനെ തന്നെയാണ് തിരഞ്ഞെടുത്തത്. അഞ്ഞൂറ് കാളകളേയും അഞ്ഞൂറ് പശുക്കളേയും അഞ്ഞൂറ് പശുക്കുട്ടികളേയും ഉപയോഗിച്ചുള്ള വന്‍ യാഗങ്ങള്‍ ആര്യ ബ്രാഹ്മണര്‍ നടത്തിയിരുന്നത്രേ. ഇതിനെ വിമര്‍ശിച്ച് കൊണ്ടാണ് ശ്രീബുദ്ധന് രംഗത്ത് വരുന്നത്. എഴുന്നൂറ് കാളകളേയും എഴുനൂറ് ആടുകളേയും ഉപയോഗിച്ചുള്ള മഹായാഗം നടത്താനുള്ള ഒരു ബ്രാഹ്മണന്റെ ശ്രമങ്ങളെ മഗധയില്‍ വച്ച് ശ്രീബുദ്ധന് തടഞ്ഞതായി ചരിത്രത്തില്‍ കാണാം. എന്നാല്‍ ശ്രീ ബുദ്ധന് തന്നെ ഒരു സസ്യഭുക്കാണെന്ന് പറഞ്ഞു കൂടാ. അദ്ദേഹം പന്നിയിറച്ചി ഭക്ഷിച്ചത് കൊണ്ടാണത്രേ മരിക്കുന്നത്. അശോകന് ബുദ്ധമതം സ്വീകരിച്ചതിന് ശേഷവും മാംസാഹാരം ഉപേക്ഷിച്ചില്ല. രാജകീയ പാചകങ്ങള്‍ക്ക് മൃഗങ്ങളെ അറുക്കുന്നത് നിയന്ത്രിക്കുക മാത്രമാണ് ചെയ്തത്. ബുദ്ധമതത്തിന്റെ സ്വാധീനത്തിന് തടയിട്ട് കൊണ്ടാണല്ലോ ശ്രീ ശങ്കരന് അദ്വൈതവാദം കൊണ്ടു വന്നത്. ബുദ്ധന്റെ തത്വങ്ങളില്‍ ബഹുദൈവത്വത്തിനെതിരായ നീക്കം ശരിക്കും കാണാന്‍ കഴിയും. ബുദ്ധമത തത്വങ്ങള്‍ പലതും വേദാന്തികള്‍ കടമെടുത്തു. പുഷ്യമിത്ര രാജാവ് ബുദ്ധമതക്കാരെ അക്രമിച്ചൊതുക്കി. ശശാങ്ക രാജാവ് ബുദ്ധന് തപസ്സനുഷ്ഠിച്ച ബോധി വൃക്ഷം തന്നെ വെട്ടിക്കളഞ്ഞു. ബുദ്ധന്റെ പല തത്വങ്ങളെയും കടം കൊണ്ട് ബ്രാഹ്മണര്‍ തങ്ങളുടെ ബ്രാഹ്മണ മതത്തെ അരക്കിട്ടുറപ്പിച്ചു. അങ്ങനെയൊക്കെയാണ് പശു ദൈവമായി വരുന്നത്. എല്ലാ മൃഗങ്ങളേയും ദൈവമാക്കിയാല്‍ ബ്രാഹ്മണനും പട്ടിണി കിടക്കേണ്ടി വരുമല്ലോ. ആര്യ ബ്രാഹ്മണര്‍ മാംസം കഴിച്ചിരുന്നു.
വേദങ്ങളിലോ മത ഗ്രന്ഥങ്ങളിലോ ഗോമാംസം ഭക്ഷിക്കരുതെന്ന് പറയുന്നില്ല. പാല് തരുന്ന പശുവിനെ കൊല്ലരുതെന്നത് വളരേ നല്ല കാര്യമാണ്. പക്ഷേ പാല് തരുന്നത് പശു മാത്രമല്ലല്ലോ? പാവം ആടിന്റെ സ്ഥിതിയോ? ശ്രീ രാമന് വന വാസക്കാലത്ത് പോലും കുശിയായി കഴിഞ്ഞത് മൃഗങ്ങളുടെ മാംസം ഭക്ഷിച്ച് കൊണ്ടാണ്. വിശന്നപ്പോള്‍ പാറപ്പുറത്തിരുന്ന് കൊണ്ട് തീയില്‍ വേവിച്ച മാംസം കഴിക്കുന്ന ശ്രീരാമന് അത് തിന്നാല്‍ സീതയെ പ്രേരിപ്പിക്കുന്നുമുണ്ട്. ഭരദ്വാജിന്റേയും കുംഭകര്‍ണന്റേയും കഥകളില്‍ വിവിധ മൃഗങ്ങളുടെ മാംസ രുചികളെകുറിച്ച് തന്നെ വര്‍ണിക്കുന്നുണ്ടല്ലോ. പ്രായമായ മൃഗങ്ങളെ അറുത്ത് മാംസമാക്കി ഭക്ഷിക്കാന്‍ അര്‍ഥ ശാസ്ത്രം നിര്‍ദേശിക്കുന്നു. ആര്യന്മാരാണ് ഇന്ത്യയില്‍ കാലി വളര്‍ത്തല്‍ സജീവമാക്കുന്നത്. അശ്വമേധവും, ഗോമേധവുമൊെക്ക സംഘടിപ്പിച്ചതും അവരാണ്. അവര്‍ക്ക് കാലികള്‍ ജീവിതത്തിന്റെ ഭാഗമായിരുന്നു. അവരുടെ ആരാധനയുടെ ഭാഗവും കാലികള്‍ തന്നെ. കാലികളെ ബലി കൊടുക്കുന്നത് പുണ്യകര്‍മമായി ആര്യന്മാര് കരുതിപ്പോന്നു. പശുബന്ദ എന്ന പശുബലിയെ കുറിച്ച് വേദങ്ങളില്‍ വിവരിക്കുന്നുണ്ട്. പശുവിനെ കൂടാതെ മറ്റ് മൃഗങ്ങളേയും ആര്യന്മാര് ബലി നല്‍കുമായിരുന്നു. ദേവന്മാരില് പ്രമുഖനായ ഇന്ദ്രന് കാളയുടെ മാംസം വഴിപാടായി നല്കുന്ന കാര്യം ഋഗ്വേദത്തിലുണ്ട്. ഇന്ദ്രന് നല്ല ഇറച്ചിത്തീറ്റക്കാരനായിരുന്നു. ആ ദേവന് തിന്ന ഇറച്ചിയുടെ കണക്കും വേദം എണ്ണിപ്പറയുന്നു. അഗ്നിയില്‍ നിന്ന് രക്ഷപ്പെടാനുള്ള പരിച എന്ന നിലക്ക് കാളമാംസം ഭക്ഷിക്കാന്‍ ഇന്ദ്രന് നിര്‍ദേശിക്കുന്നു. ഏത് ദേവന്മാരാണ് മാംസം കഴിക്കാതിരുന്നിട്ടുള്ളത്? മാംസമില്ലാത്ത ഏതെങ്കിലും യാഗങ്ങളുണ്ടോ? മിത്രനും, വരുണനും, മരുതനുമൊക്കെ നല്കുന്ന വഴിപാടുകളില്‍ മാംസം മുഖ്യ ഇനമാണ്. കാരണം എല്ലാ ദേവന്മാര്ക്കും മാംസം പെരുത്ത ഇഷ്ടമായിരുന്നു. ഇന്ദ്രന് ഗോമാംസം തന്നെ വേണം. ഇവരെയൊക്കെ വഴിയാധാരമാക്കിയിട്ടു വേണോ ഗോവധം നിരോധിക്കാന്‍? ഗോപഥ ബ്രാഹ്മണത്തില്‍ ഇരുപത്തൊന്ന് യജ്ഞങ്ങളെകുറിച്ച് പറയുന്നുണ്ട്. അതില്‍ മിക്കതിനും മാംസം തന്നെ വേണം. നൂറു കണക്കിന് മൃഗങ്ങളെ കൊന്ന് നടത്തുന്ന അശ്വമേധം അവസാനിപ്പിക്കുന്നത് ഇരുപത്തൊന്ന് മച്ചിപ്പശുക്കളെ കൊന്ന് കൊണ്ടാണ്. കൂടുതലറിയാന്‍ ഋഗ്വേദം തന്നെ ഓതണം. സോസവ എന്ന പശുബലിയുടെ പ്രാധാന്യത്തെക്കുറിച്ച് ബ്രാഹ്മണങ്ങള്‍ പ്രസ്താവിക്കുന്നു. തൈത്തരീയ ബ്രാഹ്മണത്തില്‍ പശുബലിയുടെ പുണ്യം എടുത്ത് പറയുന്നു. നൂറ് കാളകളെ ബലി നടത്തിയ അസഗ്ത്യ മുനിയെ വാഴ്ത്തുക കൂടി ചെയ്യുന്നു. ബലി നല്കിയ കാളകളുടെ മാംസം മനുഷ്യര്‍ക്ക് ഭക്ഷിക്കാന്‍ നല്‍കുമായിരുന്നു. അതും പുണ്യകര്‍മം തന്നെയാണ്. പശുവിനെ അറുത്ത് സല്‍ക്കരിക്കുന്നത് ഒരു നല്ല കാര്യമായി വേദം എടുത്ത് പറയുന്നു. പശുവിനെ അറുത്ത് നല്‍കേണ്ടത് ആദരണീയരായ അതിഥികള്‍ വരുമ്പോഴാണ്. പുരോഹിതനോ ഗുരുവോ അമ്മായ്യപ്പനോ വരുമ്പോള്‍. കാര്യപ്പെട്ടവര്‍ മരിച്ചാല്‍ അവരുടെ മൃതശരീരം പശുവിന്റെ തോലില്‍ പൊതിഞ്ഞ് പശുവിന് നെയ്യ് പുരട്ടണമെന്ന് ഋഗ്വേദത്തില്‍ പറയുന്നുണ്ടത്രേ. മൃതദേഹം ദഹിപ്പിക്കുമ്പോള്‍ കൂടെ മൃഗങ്ങളേയും ദഹിപ്പിക്കുന്നതിനെ കുറിച്ച് അഥര്‍വ വേദം പറയുന്നു. ഇത് മരിച്ച കക്ഷിക്ക് പരലോകത്ത് സവാരി ചെയ്യാന്‍ വേണ്ടിയാണത്രേ.
രാമായണവും മഹാഭാരതവും പശുബലിയെ കുറിച്ചും പശുമാംസത്തെക്കുറിച്ചും വിശദീകരിക്കുന്നു. മഹാഭാരതത്തിലെ കഥാപുരുഷന്മാരധികവും മാംസഭുക്കുകളാണ്. രന്തി ദേവന്റെ അടുക്കളയില്‍ ഭക്ഷണത്തിനായി രണ്ടായിരം പശുക്കളെ ദിനം പ്രതി അറുക്കുമായിരുന്നു. എല്ലാം സല്കാരത്തിന് വേണ്ടിതന്നെ. ദശരഥന് നൂറുകണക്കിന് മൃഗങ്ങളെ ബലി ദാനം നല്കിയിട്ടാണല്ലോ ശ്രീരാമന് പിറന്നത്. രാമന് തന്റെ പ്രതിജ്ഞ നിറവേറ്റിയാല്‍ ആയിരം പശുക്കളെ ബലിനടത്തി നൂറ് ജാറ് മദ്യവും കൊണ്ട് വഴിപാട് നടത്തുമെന്ന് സീതയോട് യമുനാ നദി മുറിച്ചു കടക്കുമ്പോള്‍ പറയുന്നുണ്ട്. ഭരദ്വാജന് രാമനെ സ്വീകരിക്കുന്നത് ഒരു പശുക്കുട്ടിയെ അറുത്ത് കൊണ്ടാണ്. ബൃഹദാരണ്യോപനിഷത്തിനെ വ്യാഖ്യാനിച്ച് കൊണ്ട് ശ്രീ ശങ്കരന് മന് ശോധന്‍ എന്നൊരു ഭക്ഷണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു. ഇത് അരിയും ഇന്ദ്രിയം ചുരത്തുന്ന കാളയുടെ ഇറച്ചിയും ചേര്‍ത്തുള്ള മിശ്രിതമാണെന്നും പറയുന്നു. മാംസം ഭക്ഷിക്കണമെന്നാണ് മനുസ്മൃതിയും പറയുന്നത്. പശുവിനെ പുണ്യമൃഗമായി കരുതിയ വിവേകാനന്ദന് മാംസം കഴിച്ചിരുന്നെന്ന് പറയുന്നു. പക്ഷേ, ഗോവധ നിരോധനത്തിനായി പ്രസ്ഥാനങ്ങളുണ്ടാക്കുന്നതിനോട് സ്വാമി യോജിച്ചിരുന്നില്ല. വെള്ളപ്പൊക്കത്തില്‍ പെട്ട് പതിനായിരങ്ങള്‍ മധ്യപ്രദേശത്ത് മരിക്കുമ്പോള്‍ എന്ത് കൊണ്ട് നിങ്ങളവരെ സഹായിക്കുന്നില്ല എന്ന് ഗോ സംരക്ഷണ പ്രസ്ഥാനക്കാരനോട് അദ്ദേഹം ചോദിക്കുന്നുണ്ട്. ആദ്യം മനുഷ്യനെയാണ് സംരക്ഷിക്കേണ്ടതെന്ന് സിദ്ധം.
ആധുനിക ഇന്ത്യയില്‍
ഹൈന്ദവ പരിഷ്കര്‍ത്താവായ ശ്രീ. ദയാനന്ദ സരസ്വതിയാണ് ബ്രിട്ടീഷുകാരുടെ ഒത്താശയോടെ ഗോവധനിരോധന പ്രസ്ഥാനം വ്യാപകമാക്കുന്നത്. ഇതിന്റെ മറവില്‍ മുസ്ലിംകള്ക്കെതിരെ വ്യാപക പ്രചാരണങ്ങളഴിച്ചു വിട്ടു. പശുവിനെ കൊന്നു കൊണ്ട് മുസ്ലിംകള് ഹിന്ദുവിനെ കൊല്ലുകയാണെന്ന് പ്രചരിപ്പിച്ചു; ഇരുമതക്കാരെയും തമ്മിലടിപ്പിക്കാന്‍. ബ്രിട്ടീഷുകാര്‍ ഈ പ്രസ്ഥാനത്തെ തലങ്ങും വിലങ്ങും സഹായിച്ചു. പിന്നീട് ഹിന്ദുത്വ ശക്തികളും ഇതൊരു ആയുധമാക്കി. ഇതിന്റെ മറവില്‍ കാലി വ്യാപാരികളും അറവു ശാലക്കാരുമായ മുസ്ലിംകളെ ആക്രമിച്ചു. അങ്ങനെയാണ് ഗോവധം നിരോധന പ്രസ്ഥാനം ഒരു മുസ്ലിം വിരുദ്ധ പ്രസ്ഥാനമായി മാറുന്നത്. അതിനപ്പുറം പശുവിനോട് ഒരു വിരോധവും ഒരു ജനതക്കുമില്ല. പക്ഷേ ഇതിന്റെ മറവിലാണ് ബ്രിട്ടീഷുകാലത്ത് വടക്കനിന്ത്യയിലെ മിക്ക വര്‍ഗീയ കലാപങ്ങളുമുണ്ടായത്. ഇപ്പോഴും ഗോവധ നിരോധനത്തിന്റെ പേരു പറഞ്ഞ് മുസ്ലിംകള്ക്കെതിരെ ആക്രമണങ്ങളഴിച്ചു വിടുകയാണ്. ബോംബെയില്‍ പോത്തുകളെ കൊണ്ടുപോവുകയായിരുന്ന ഷഫീഉല്ലാ എന്നയാളുടെ ട്രക്ക് ഹിന്ദു തീവ്രവാദികള്‍ അഗ്നിക്കിരയാക്കി. പുതിയ നിയമത്തിന്റെ മറവില്‍ ബോംബെയിലെ മുസ്ലിം കാലിക്കച്ചവടക്കാരെ ആക്രമിക്കുകയാണ് സംഘം പരിവാരങ്ങള്‍. മുസ്ലിം തീവ്രവാദികളും ഇതിന്റെ പേരില്‍ ആക്രമങ്ങള്‍ക്ക് കോപ്പു കൂട്ടുന്നു. ചുരുക്കത്തില്‍ ഇന്ത്യയെ തന്നെ അഗ്നിക്കിരയാക്കാനുള്ള പുറപ്പാടാണ് മോഡിയുടെ പരിവാരം നടത്തുന്നത്. മഹാരാഷ്ട്രയിലെ സര്‍ക്കാറിന് മൃഗങ്ങളോട് ഇത്തിരി സ്നേഹമുണ്ടെങ്കില്‍ മുഴുവന്‍ മൃഗ വധങ്ങളേയും നിരോധിച്ചോട്ടെ. പന്നിയെ കൊല്ലുന്നതും നിരോധിക്കട്ടെ. മദ്യവും നിരോധിക്കട്ടെ. ഇപ്പോഴത്തെ നിയമം തീവ്രവാദികള്‍ക്ക് ഈ നാട്ടില്‍ വിഹരിക്കാനുള്ള അവസരമൊരുക്കുകയാണ്. പശുവിനെക്കൊണ്ട് മത നിരപേക്ഷതയെ കുത്തി നോവിച്ചാല്‍ നോവുന്നത് മാതൃഭൂമിക്കാണ്. കാളക്കൂറ്റന്മാരെ കയറഴിച്ചു വിട്ടാല്‍ അവ രാക്ഷസന്മാരായി മാറും. രക്ഷപ്പെടണമെങ്കില്‍ സാക്ഷാല്‍ ദൈവം തന്നെ വരേണ്ടി വരും.
നമ്മുടെ മാമല നാട്ടില്‍ മഹാരാഷ്ട്ര സര്‍ക്കാറിനോടുള്ള വിരോധം തീര്‍ത്തത് ഇഷ്ടം പോലെ ഇറച്ചി വാരി വലിച്ചു തിന്നു കൊണ്ടാണ്. ഹിന്ദുക്കളും മുസ്ലിംകളും ഈ ഇറച്ചിത്തീറ്റ മത്സരത്തില്‍ കൈമെയ് മറന്ന് പങ്കെടുത്തുവത്രേ. കേരളത്തിലെ 82 ശതമാനം പേരും മാംസം കഴിക്കുന്നവരാണ്. ഇവരില്‍ ഭൂരിപക്ഷവും ഹിന്ദുക്കള്‍ തന്നെ. മാംസം കഴിക്കുന്നവരാണ് ഇന്ന് ഇന്ത്യയില്‍ ഭൂരിപക്ഷം പേരും. എന്തായാലും മൃഗങ്ങളെ അനിയന്ത്രിതമായി വധിക്കുന്നത് നിരുത്സാഹപ്പെടുത്തുക തന്നെ വേണം. അപ്പോള്‍ മുസ്ലിംകളുടെ മൃഗബലിയോ എന്ന് ചോദിച്ചേക്കാം. അതിന്റെ പേരില്‍ മാംസം കൊണ്ട് കൂത്താടാന്‍ ഏതായാലും പറ്റില്ല. ദരിദ്രമേഖലകളിലേക്ക് മാംസം എത്തിച്ചു കൊടുക്കണം. മത കര്‍മങ്ങളും നിയന്ത്രണ വിധേയമാവണം. ബീഫ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ത്യയിലാണ് ലോകത്തെ ആറിലൊന്ന് പശുക്കളുള്ളത്. ബീഫിന്റെ കയറ്റുമതി വഴി 200 മില്യന്‍ ഡോളറാണ് ഇന്ത്യയിലെത്തുന്നത്. അതിന്റെ നല്ലൊരു പങ്ക് കാളയിറച്ചി തന്നെയാണ്.
പശുവിനെ വളര്‍ത്തുന്നത് അതിന്റെ ഉപകാരം മുന്‍ നിറുത്തിയാണ്. ചാവാലിയായിത്തീര്ന്നാല് അതിനെ ഇറച്ചിക്കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നു. അത് പോലെ കാളകളെ കൃഷിക്കാര്‍ നിലമുഴുതാനും വണ്ടി വലിക്കാനും ഉപയോഗിക്കുന്നു. ജോലി ചെയ്യാന്‍ വയ്യാതായാല്‍ അവയെ വില്‍ക്കുന്നു. അല്ലാതെ ഒരു ഉപകാരവുമില്ലാത്ത ചാവാലിപ്പശുക്കളെ ദൈവമെന്ന കാരണത്താല്‍ സഹിക്കാന്‍ ഈ ദരിദ്ര രാജ്യത്തിനാവുമോ? ഇവയെ സര്‍ക്കാര്‍ സ്വീകരിക്കുമോ? പശുവിനെ വധിക്കാന്‍ പാടില്ലെന്ന നിയമമുണ്ടായാല്‍ ആരും അവയെ വളര്‍ത്താന്‍ തയ്യാറാവുകയില്ല. അങ്ങനെ ഗോവധ നിരോധം വഴി പശുവിനെ ഈ രാജ്യത്ത് നിന്ന് ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍. അല്ലെങ്കില്‍ വൃദ്ധ പശുക്കള്‍ക്കായി സര്‍ക്കാര്‍ വൃദ്ധ സദനങ്ങള്‍ തുടങ്ങട്ടെ. ഗോവധം നിയമം നടപ്പാക്കിയ സ്റ്റേറ്റുകളില്‍ തന്നെ നിയമം കര്ശമനമാക്കിയിട്ടില്ല. അതിന്റെ ഭവിഷ്യത്ത് സര്‍ക്കാര്‍ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. ഏത് സ്റ്റേറ്റിലും അറവിന് പ്രത്യേക ലൈസന്‍സ് വേണമെന്നുണ്ട്. ഏന്നാല്‍ ലൈസന്‍സില്ലാത്ത അറവ് ശാലകളാണ് കൂടുതലുള്ളത്. ഗോവധം നിരോധിച്ച നാടുകളിലും ലൈസന്‍സില്ലാത്ത അറവ് ശാലകള്‍ നിരവധിയാണ്. പിന്നെന്തിനാണ് ഈ രാജ്യത്ത് ആവശ്യമില്ലാത്ത പൊല്ലാപ്പുകളൊക്കെ കെട്ടിയേല്‍പ്പിക്കുന്നത്? പശുവിനെ ദൈവമാക്കിയവര്‍ തന്നെയാണ് പ്രധാന മന്ത്രിയേയും ദൈവമാക്കിയത്. പശുവിന്റെ സ്ഥാനം തന്നെയാണോ പ്രധാനമന്ത്രിക്കും ഉള്ളത്? ഈ രാജ്യത്ത് ഗോവധം നിരോധിച്ചാല്‍ തെരുവുകളില്‍ ചാവാലിക്കാളകളും പശുക്കളും പലയിടങ്ങളിലായി ചത്തൊടുങ്ങും. ഉപയോഗമില്ലാതായാല് ചാവാലികളെ നിരത്തിലേക്കിറക്കി വിടുകയല്ലാതെ മറ്റൊരു മാര്‍ഗവും പാവങ്ങളുടെ മുമ്പിലില്ല. റോഡുകള്‍ പൊതു സ്വത്താണെന്ന് ഏറ്റവും കൂടുതലറിയുന്നവന്‍ ഇന്ത്യക്കാരന് തന്നെയാണ്. തെരുവോരങ്ങളില്‍ ആരാരുമില്ലാതെ ചാവുന്ന ദൈവങ്ങള്‍ ഈ നാട്ടിനെ തന്നെ ശപിക്കും. ദൈവമേവ ജയതേ!
ഹുസൈന് രണ്ടത്താണി
You must be logged in to post a comment Login