യുദ്ധമുഖത്തുനിന്ന് വിവാഹവേദിയിലേക്ക് കയറിച്ചെന്ന രാജകുമാരന്മാരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍, യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടയില്‍ കിരീടം ചാര്‍ത്തപ്പെട്ട രാജപുത്രന്മാരെ കുറിച്ച് നമുക്കിതുവരെ കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല. സഊദി അറേബ്യയില്‍ ഏപ്രില്‍ 29നു സൂര്യോദയത്തിനു മുമ്പ് അരങ്ങേറിയ ‘രാഷ്ട്രീയ അട്ടിമറി’ ലോകത്തെ ഞെട്ടിച്ചതിന്റെ കാരണങ്ങളിലൊന്ന് മാര്‍ച്ച് 25തൊട്ട് അയല്‍രാജ്യമായ യമനിന് എതിരെ യുദ്ധത്തിനു നേതൃത്വം കൊടുക്കുന്ന സഊദി പ്രതിരോധ മന്ത്രി മുഹമ്മദ് ബിനു സല്‍മാന്‍ എന്ന രാജകുമാരനെ ഉപ കിരീടാവകാശിയായി നിയമിച്ചതിന്റെ പൊരുള്‍ പിടികിട്ടാത്തതായിരുന്നു. 1932ല്‍ ആധുനിക സഊദി അറേബ്യ രൂപവത്കരിക്കപ്പെട്ടതിനു ശേഷം പരമ്പരാഗതമായി ചലിക്കുകയായിരുന്ന ഒരു രാജ്യത്തെ കഴിഞ്ഞ ജനുവരില്‍ കിരീടമണിഞ്ഞ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് രാജാവ് അപ്രതീക്ഷിതമായി പുതിയൊരു ദിശയിലേക്ക് തിരിച്ചുവിട്ടത് ‘വളരെ വലിയ പ്രത്യാഘാതങ്ങളുവാക്കുന്ന രാഷ്ട്രീയ ഭൂകമ്പമായി’ അറബ് സെന്റര്‍ ഓഫ് വാഷിംഗ്ടണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖലീല്‍ ജിഹ്ഷാന്‍ വിശേഷിപ്പിച്ചത് പുനഃസംഘടന ഉള്‍വഹിക്കുന്ന കാതലായ മാറ്റങ്ങള്‍ കൊണ്ടാണ്. അബ്ദുല്ലാ രാജാവ് ജീവിച്ചിരുന്നപ്പോള്‍ കിരീടവകാശിയായി നിയമിച്ചത് സല്‍മാന്‍ രാജകുമാരനെയും അര്‍ധസഹോദരന്‍ മുഖ്‌രിം രാജകുമാരനെയുമാണ്. സല്‍മാന്റെ അധികാരാരോഹണത്തോടെ സ്വാഭാവികമായും മുഖ്‌രിമാണ് അടുത്ത കിരീടവകാശി. എന്നാല്‍, മുഖ്‌രിമിനെ ആ സ്ഥാനത്തുനിന്ന് താഴെയിറക്കിയാണ് മൂന്നുവര്‍ഷം മുമ്പ് വിടവാങ്ങിയ നായിഫ് രാജകുമാരന്റെ മകനും 2005തൊട്ട് ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ്ബിനു നായിഫിനെ അടുത്ത രാജാവായി പ്രഖ്യാപിക്കുന്നത്. സുഊദിയുടെ ചരിത്രത്തില്‍ ഇതുവരെ കിരീടവകാശി ഇമ്മട്ടില്‍ ഭ്രഷ്ടനാക്കപ്പെട്ടിട്ടില്ല. അതു കൊണ്ടാണ് ടമൗറശ അൃമയശമ’ െരൃീംി ുൃശിരല റശാെശലൈറ (സഊദി കിരീടാവകാശിയെ പുറത്താക്കി) എന്ന് അസോസിയേറ്റഡ് പ്രസ് മറയില്ലാതെ പറഞ്ഞത്. സഹോദരപുത്രനെ കിരീടാവകാശിയായും സ്വന്തം മകനെ ഉപകിരീടാവകാശിയായും അവരോധിച്ചതിലൂടെ സല്‍മാന്‍ രാജാവ് ‘മുസ്‌ലിം ലോകത്തിന്റെ ആസ്ഥാനവും ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി ശക്തിയുമായ സഊദിയെ പുതിയൊരു പാതയിലേക്ക് തിരിച്ചുവിടുകയായിരുന്നു. 1953ല്‍ ആധുനിക സഊദിയുടെ സ്ഥാപകന്‍ അബ്ദുല്‍അസീസിന്റെ വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെ സന്താനങ്ങളേ ഭരണത്തിന്റെ കുഞ്ചികസ്ഥാനത്തിരുന്നുള്ളു. ഇനി രണ്ടാം തലമുറയായിരിക്കും ഭരിക്കാന്‍ പോകുന്നതെന്നും ‘വൃദ്ധ രാജകുമാരന്മാരുടെ’ യുഗം അവസാനിച്ചിരിക്കയാണെന്നുമുള്ള സന്ദേശമാണ് കൈമാറ്റപ്പെട്ടത്.
‘അട്ടിമറി’ ഇവിടം കൊണ്ടവസാനിച്ചില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ മന്ത്രിപദത്തിലിരുന്ന, സഊദ് അല്‍ഫൈസലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി രാജകുടുംബത്തിനു പുറത്തുനിന്നുള്ള, അബ്ദുല്‍ജുബൈറിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാനും സല്‍മാന്‍ രാജാവ് ധൈര്യം കാണിച്ചു. പിതാവ് ഫൈസല്‍ രാജാവിന്റെ അന്ത്യം തൊട്ട്, 1975മുതല്‍ രാജകുമാരന്മാരിലെ പണ്ഡിതനും ബുദ്ധിജീവിയുമായ സഊദ് അല്‍ഫൈസല്‍ രാജ്യത്തിന്റെ വിദേശനയം മുന്നോട്ടുകൊണ്ടുപോയത് സംയമനത്തിന്റെയും സ്‌നേഹസൗഭ്രാത്രത്തിന്റെയും മൃദുനയനിലപാടുകളിലൂടെയായിരുന്നു. എടുത്തുചാട്ടത്തിനോ അധിനിവേശത്തിനോ ഒരിക്കലും അദ്ദേഹം അനുകൂലമായിരുന്നില്ല. യമനിലേക്ക് സൈന്യത്തെ അയച്ചത് മുതല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന രാജകുമാരനെ കുറിച്ച് അന്താരാഷ്ട്രതലത്തില്‍ തന്നെ ചര്‍ച്ച തുടങ്ങിയിരുന്നു. മറ്റു പല സഊദി രാജകുമാരന്മാരില്‍നിന്ന് അപവാദമായി ഇദ്ദേഹം സ്വദേശത്തു തന്നെയാണ് പഠിച്ചത്. പടിഞ്ഞാട്ട് ചെന്ന് മസ്തിഷ്‌ക്കം പ്രക്ഷാളനം ചെയ്യപ്പെട്ടിട്ടില്ല. എന്നിട്ടും എവിടെന്നു കൈവന്നു അസാധാരണമായ ‘കരിസ്മ’ എന്ന ചോദ്യത്തിനു ഉത്തരം തേടുകയാണ് അറബ് ലോകമിന്ന്. മുഹമ്മദ് രാജകുമാരന്‍േറത് എടുത്തുചാട്ടമാണെന്നും അബ്ദുല്ലാ രാജാവ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇത് അനുവദിക്കുമായിരുന്നില്ലെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ‘ഓപ്പറേഷന്‍ ഡിസിസീവ് സ്‌റ്റോം’ എന്ന പേരില്‍ തുടക്കമിട്ട സൈനികാക്രമണം കൃത്യം ഒരു മാസം പിന്നിട്ടപ്പോള്‍ ലക്ഷ്യം നേടിക്കഴിഞ്ഞുവെന്ന അവകാശവാദത്തില്‍ വ്യോമാക്രമണം നിറുത്തുകയുണ്ടായി. മോഹം പുനഃസ്ഥാപിക്കാനുള്ള ഓപ്പറേഷന്‍ (ഛുലൃമശേീി ഞലേെീൃല ഒീുല) തുടങ്ങിക്കഴിഞ്ഞതായും വാര്‍ത്തകള്‍ വന്നു. എന്നാല്‍, ഹൂതികള്‍ അടങ്ങിയിരിക്കില്ലെന്ന് ബോധ്യമായപ്പോള്‍ മണിക്കൂറുകള്‍ക്ക് ശേഷം ആക്രമണം പുനരാരംഭിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഈ കുറിപ്പ് കമ്പോസ് ചെയ്യുമ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന ‘ബ്രൈക്കിംഗ് ന്യൂസ്’ സഊദിയിലെ നജ്‌റാനില്‍ ഹൂതികള്‍ തൊടുത്തുവിട്ട മിസൈലുകള്‍ വീണ് ഇതിനകം ഏഴുപേര്‍ ക്കൊല്ലപ്പെട്ടുവെന്നാണ്. വന്‍നാശനഷ്ടങ്ങള്‍ നേരിടേണ്ടിവരുകയും ചെയ്തുവത്രെ.
ആധുനിക സഊദിയുടെ സംസ്ഥാപനം ഒരു പാതിരാ അട്ടിമറിയിലൂടെയാണെന്ന് വേണമെങ്കില്‍ പറയാം. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍വഹാബ് എന്ന പണ്ഡിതന്‍ വിശ്വാസികള്‍ മുഴുവനും വഴിപിഴച്ചുപോയിരിക്കയാണെന്നും ഇസ്‌ലാമിന്റെ ജൈവസത്തയിലേക്ക് മടങ്ങുകയല്ലാതെ നിവൃത്തിയില്ലെന്നും ഓര്‍മപ്പെടുത്തിക്കൊണ്ട് മതപുനരുത്ഥാനവാദവുമായി ഇറങ്ങിത്തിരിച്ചപ്പോള്‍ ജന്മനാട്ടിലടക്കം അദ്ദേഹം ബഹിഷ്‌കൃതനായി. ഉസ്മാനിയ്യ ഖിലാഫത്തിനെ തകര്‍ക്കാനും മുസ്‌ലിംകള്‍ക്കിടയില്‍ അന്തഃഛിദ്രത വളര്‍ത്താനുമുള്ള പാശ്ചാത്യന്‍ ശക്തികളായിരുന്നു അദ്ദേഹത്തിന്റെ ‘പരിഷ്‌കരണവാദങ്ങള്‍ക്ക്’ പിന്നില്‍. അക്കാലത്ത് ഇന്നത്തെ റിയാദിനടുത്തുള്ള ദിരിയ പ്രദേശം ഭരിച്ചിരുന്നത് മുഹമ്മദ് ബ്‌നു സഊദ് എന്ന ഗോത്രത്തലവനായിരുന്നു. തന്റെ സാമ്രാജ്യം വികസിപ്പിക്കാന്‍ പോംവഴി തേടിക്കൊണ്ടിരുന്ന ഇബ്‌നുസഊദിനു മുഹമ്മദ് ബിനു അബ്ദുല്‍വഹാബ് കാലില്‍ ചുറ്റിയ വളളിയായിരുന്നു. ഇസ്‌ലാമിന്റെ ആദിമവിശുദ്ധിയിലേക്ക് മടങ്ങാനും മുസ്‌ലിംകളെ അതിനു സജ്ജമാക്കാനും ഇരുവരും ചേര്‍ന്നുണ്ടാക്കിയ ധാരണയില്‍നിന്നാണ് ഇന്നത്തെ സഊദി അറേബ്യ പിറക്കുന്നത്. 1788ആയപ്പോഴേക്കും ഇന്നത്തെ മധ്യപ്രവിശ്യ, നജ്ദ് മേഖല മുഴുവനും ദിരിയ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍വന്നു. 19ാം നൂറ്റാണ്ടിന്റെ വിഭാതവേളയില്‍ ലോകം കാണുന്നത് ഉസ്മാനിയ്യ ഖിലാഫത്തിന് കീഴിലുള്ള മക്കയും മദീനയുമടക്കമുള്ള പ്രദേശങ്ങള്‍ ഇബ്‌നു സഊദ് കുടുംബം പിടിച്ചെടുക്കുന്നതാണ്. ഉസ്മാനിയ്യ ഖിലാഫത്തിനെ തകര്‍ക്കാനുള്ള വന്‍ഗൂഢാലോചനയാണ് നടക്കുന്നതെന്ന് മനസ്സിലാക്കിയ തുര്‍ക്കി ഭരണകൂടം 1818ല്‍ അത്യാധുനിക ആയുധങ്ങളുമായി ദിരിയയിലേക്ക് സൈന്യത്തെ അയച്ചു. തലസ്ഥാനഗരി ഇടിച്ചുനിരപ്പാക്കി, നിരവധി മരണങ്ങളുണ്ടായി. 1824ല്‍ ഇബ്‌നു സഊദ് കുടുംബം അധികാരം തിരിച്ചുപിടിച്ചു. അതോടെ, തുര്‍ക്കി ബ്ന്‍അബ്ദുല്ല അല്‍സഊദ് തലസ്ഥാനനഗരി 20കി.മീറ്റര്‍ അകലെയുള്ള റിയാദിലേക്ക് പറിച്ചുനട്ടു. നഷ്ടപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചു. പക്ഷേ, 1865ല്‍ ഉസ്മാനിയ്യ പട്ടാളം വീണ്ടും പ്രത്യക്ഷപ്പെട്ടു. അബ്ദുര്‍റഹ്മാന്‍ ബിന്‍സഊദ് ആയിരുന്നു ഭരണാധികാരി. ഹായിലെ അല്‍റാശിദ് ഗോത്രക്കാര്‍ അവസരം മുതലെടുത്തു. നജ്ദിന്റെ ഭരണം അവരുടെ കൈകളിലെത്തി. അതോടെ അബ്ദുര്‍റഹ്മാന്‍ കുവൈത്തില്‍ അഭയം തേടി. എന്നാല്‍, അബ്ദുല്‍അസീസ് ബിനു അബ്ദുര്‍റഹ്മാന്‍ അടങ്ങിയിരുന്നില്ല. അല്‍റാശിദ്കുടുംബത്തിന്റെ കൈയില്‍നിന്ന് ഭരണം തിരിച്ചുപിടിക്കാന്‍ 1901ല്‍ അബ്ദുല്‍അസീസ് 40 പടയാളികളുമായി പുറപ്പെട്ടു. പിന്നീട് എന്തു സംഭവിച്ചുവെന്നതിനെ കുറിച്ച് മുഹമ്മദ് അസദ് വിവരിക്കുന്നതിങ്ങനെ: ‘അവര്‍ നാല്‍പതുപേരുണ്ടായിരുന്നു. കൊടിക്കൂറകളോ വാദ്യങ്ങളോ ഗീതങ്ങളോ ഇല്ലാതെ, ആരും കാണാതെ, കവര്‍ച്ചക്കാരെപ്പോലെ അവര്‍ കുവൈത്തില്‍നിന്ന് ഒളിച്ചുകടന്നു. സാര്‍ഥവാഹകസംഘങ്ങള്‍ വഴിനടക്കാറുള്ള നടപ്പാതകള്‍ ഒഴിവാക്കിയും പകല്‍സമയങ്ങളില്‍ ഒളിച്ചുപാര്‍ത്തും ആണ് അവര്‍ റിയാദിന്റെ പ്രാന്തപ്രദേശങ്ങളിലെത്തിയത്. ഒരൊഴിഞ്ഞ താഴ്‌വരയില്‍ അവര്‍ തമ്പുറപ്പിക്കുകയും ചെയ്തു. അന്ന്, ആ നാല്‍പതു പേരില്‍നിന്ന് അബ്ദുല്‍അസീസ് അഞ്ചുപേരെ കൂട്ടാളികളായി തെരഞ്ഞെടുത്തു. ….അങ്ങനെ ആറുപേരും കാല്‍നടയായി പുറപ്പെട്ടു. ആയുധങ്ങള്‍ വസ്ത്രങ്ങള്‍ക്കടിയിലൊളിപ്പിച്ച് അവര്‍ നേരെ റശീദി അമീറിന്റെ കൊട്ടാരത്തിലേക്ക് നടന്നുചെന്നു. അത് പൂട്ടിയിരുന്നു. ചുറ്റുമുള്ള ശത്രുസമൂഹത്തെപേടിച്ച് എതിര്‍വശത്തുള്ള കോട്ടയിലാണ് അമീര്‍ അന്തിയുറങ്ങിയിരുന്നത്. അബ്ദുല്‍ അസീസും കൂട്ടാളികളും വാതിലില്‍ മുട്ടി. ഒരടിമ വാതില്‍ തുറന്നു. പൊടുന്നനവെ അവര്‍ ചാടിവീ
ണ് അവനെ കീഴടക്കി. കെട്ടിവരിഞ്ഞ്, വായ മൂടിക്കെട്ടി. പുലര്‍ച്ചെ കോട്ടയുടെ വാതിലുകള്‍ തുറക്കപ്പെട്ടു. ആയുധധാരികളായ അംഗരക്ഷകരാലും അടിമകളാലും ചുറ്റപ്പെട്ട് അമീര്‍ പുറത്തുവന്നു. ‘ദൈവമേ, ഇബ്‌നുസഊദ് നിന്റെ കൈകളിലാണ്’ എന്ന് ആക്രോശിച്ചുകൊണ്ട് അബ്ദുല്‍അസീസും അഞ്ചുകൂട്ടാളികളും ഊരിപ്പിടിച്ച വാളുമായി അമ്പരന്നുനില്‍ക്കുന്ന ശത്രുവിനുനേരെ കുതിച്ചുചെന്നു. നിമിഷങ്ങള്‍ക്കകം അമീര്‍ വെട്ടേറ്റു മരിച്ചു.ആ മരണദിവസമാണ് ഇന്നീ കാണുന്ന സൂഊദി അറേബ്യ പിറന്നുവീഴുന്നത്. എതിര്‍ത്തവരെ ആയുധം കൊണ്ട് നേരിട്ടു. വിവാഹ ബന്ധങ്ങളിലൂടെ വിവിധ ഗോത്രങ്ങളുമായി സഖ്യമുണ്ടാക്കി. തുര്‍ക്കി സൈന്യവുമായും പല ഘട്ടങ്ങളില്‍ ഏറ്റുമുട്ടി. ബ്രിട്ടനും അമേരിക്കയും പിന്നില്‍നിന്ന് സഹായങ്ങള്‍ നല്‍കി. ഉസ്മാനിയ്യ ഖിലാഫത്തിനെ ദുര്‍ബലപ്പെടുത്താന്‍ ഗൂഢാലോചനകള്‍ പലതും അണിയറയില്‍ അരങ്ങേറി. 1925ആയപ്പോഴേക്കും ഹിജാസില്‍നിന്ന് ശരീഫി രാജകുടുബത്തെ തുരത്തിയോടിച്ചു അബ്ദുല്‍അസീസ് മക്കയും മദീനയും ജിദ്ദയും പിടിച്ചടക്കി. 1932ലാണ് ആധുനിക സഊദിയുടെ പിറവി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നത്. അതിനിടയില്‍ വഹാബിസം അബ്ദുല്‍അസീസിനെതിരെ തിരിഞ്ഞുകുത്തിയത് പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. സഊദി ഇഖ്‌വാന്‍ എന്ന കൂട്ടായ്മയാണ് അബ്ദുല്‍അസീസിന്റെ പടയോട്ടത്തിനു പിന്നില്‍ ഊര്‍ജദായകമായി പ്രവര്‍ത്തിച്ചത്. എന്നാല്‍, ലക്ഷ്യം നേടിയപ്പോള്‍ ഇഖ്‌വാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന വഹാബിസം ഭാരമായി അനുഭവപ്പെട്ടു. പട്ടാളത്തെ ഉപയോഗിച്ചു അവരെ അടിച്ചമര്‍ത്തി. വഹാബിസവും പടിഞ്ഞാറന്‍ താല്‍പര്യങ്ങളും സഊദിയുടെ ഭൂതവും ഭാവിയുമൊക്കെ എങ്ങനെ കെട്ടിപ്പിണഞ്ഞുകിടക്കുന്നുവെന്ന് സവിസ്തരം പ്രതിപാദിച്ചുകൊണ്ട് അലസ്റ്റയിര്‍ ക്രൂക്ക് ( അഹമേെമശൃ ഇൃീീസല) എത്തിപ്പെടുന്ന അന്തിമ നിഗമനമിതാണ്:
18ാം നൂറ്റാണ്ടില്‍ ഇബ്‌നുസഊദും അബ്ദുല്‍വഹാബും ചെയ്തത് പോലെ, 20ാം നൂറ്റാണ്ടില്‍ ഇഖ്‌വാന്‍ ആവര്‍ത്തിച്ചത് പോലെ, ഐസിസിന്റെ മുഖ്യലക്ഷ്യം ഇജാസാണ്. മക്കയും മദീനയും പിടിച്ചടക്കി അറേബ്യയുടെ പുതിയ അമീറായി നിയമസാധുത ഉണ്ടാക്കുക.’ അലയ്‌സറ്ററിനെ പോലുള്ളവരുടെ സിദ്ധാന്തങ്ങളും പ്രവചനങ്ങളും നിസ്സാരമായിതള്ളിക്കൂടാ. മിക്കവാറും പാശ്ചാത്യശക്തികളുടെ രഹസ്യഅജണ്ടകളാവും അവരിലൂടെ ഇത്തരം വഴികളിലൂടെ പുറത്തുവരുക. അബ്ദുല്‍അസീസിന്റെ മരണശേഷം സഊദ് രാജാവ് വഴിവിട്ട ജീവിതം നയിക്കുന്നുവെന്ന് പറഞ്ഞ് അദ്ദേഹത്തെ അധികാരത്തില്‍നിന്ന് നിഷ്‌ക്കാസനം ചെയ്യാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ച ശക്തി തീവ്രവഹാബിസം തന്നെയാണ്. 1979ല്‍ ജുഹയ്മാന്‍ അല്‍ഖുതുബി എന്നയാളുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം തീവ്രവാദികള്‍ മസ്ജിദുല്‍ഹറാം പിടിച്ചെടുക്കാന്‍ നടത്തിയ വിഫലശ്രമം സഊദി ഇഖ്‌വാന്റെ പുനര്‍ജന്മമാണ് ലോകത്തിനു കാട്ടിക്കൊടുത്തത്. നജ്ദിലെ ഖുതൈബി ഗോത്രമാണ് വഹാബിസത്തിന്റെ പ്രഭവകേന്ദ്രം. ഗ്രാന്റ് മുഫ്തിയായിരുന്ന ഇബ്‌നു ബാസ് ജുഹൈമിനെ തള്ളിപ്പറയാന്‍ മുന്നോട്ടുവന്നില്ല എന്നത് ചരിത്രത്തില്‍ വായിക്കാനാവും.
സഊദിയുടെ ചരിത്രത്തിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തിയത് ഇറാഖും സിറിയയും ലബനാനും ഈജിപ്തും യമനും മാത്രമല്ല, സഊദിയുടെ അന്തര്‍ഭാഗവും തപിക്കുന്നുണ്ടെന്ന് സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. അതുകൊണ്ട്തന്നെ, ആ രാജ്യത്ത് നടക്കുന്ന നിസ്സാരമായ നേതൃമാറ്റത്തിനു പോലും ദൂരവ്യാപക മാനങ്ങളും പ്രതിഫലനങ്ങളുമുണ്ടായേക്കാം. പുതുതലമുറ കടന്നുവന്ന് നേതൃത്വം ഏറ്റെടുക്കുന്നതില്‍ കുറെ ഗുണങ്ങളുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബ്രിട്ടന്റെയും അമേരിക്കയുടെയുംഫ്രാന്‍സിന്റെയും അമ്മിക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന കിളവന്‍ വാലുകള്‍ മുറിച്ചുമാറ്റുക അസാധ്യമാണെന്നിരിക്കെ, ന്യൂജന്‍ ഭരണകര്‍ത്താക്കള്‍ പുതിയ മോഹങ്ങളുമായി അമരത്തെത്തുന്നത് ജടുലനീക്കങ്ങള്‍ക്ക് വഴിതുറന്നുകൂടായ്കയില്ല. എന്നാല്‍, ഹൂതികള്‍ക്കെതിരായ പോരാട്ടം കൊണ്ട് കാലുഷ്യം അവസാനിക്കുമെന്ന് ആര്‍ക്കെങ്കിലും തറപ്പിച്ചുപറയാന്‍ സാധിക്കുമോ? ഇന്നത്തെ സഊദി നിലവില്‍വന്ന ശേഷം നടത്തിയ ആദ്യ അധിനിവേശം യമന് എതിരെയാണെന്നത് പലരും ഓര്‍മയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. 1934ല്‍ അബ്ദുല്‍അസീസ് രാജാവാണ് യമനി പ്രവിശ്യകളായ അസീര്‍, ജിസാന്‍, നജ്‌റാന്‍ പിടിച്ചെടുത്ത് സഊദിയുടെ ഭാഗമാക്കിയത്.196267 കാലഘട്ടത്തിലെ ആഭ്യന്തയുദ്ധത്തില്‍ സഊദി സൈദി ഇമാമിന്റെ കൂടെയായിരുന്നു. അതേ സൈദികള്‍ക്കെതിരെയാണ് ഇന്നത്തെ പോരാട്ടം. സൈദികള്‍ മുഴുവന്‍ ഹൂതികള്‍ അല്ലെങ്കിലും ഹൂതികളെല്ലാം സൈദികളാണ്. ഇവര്‍ക്ക് ഇറാനേക്കാള്‍ മാനസിക അടുപ്പം സുന്നി സഊദിയുമായാണ്. ഇറാനെ തോല്‍പിക്കാന്‍ യമനികള്‍ക്കെതിരെ യുദ്ധസംഖ്യം തീര്‍ക്കേണ്ടിവന്നതിന് ആരാണ് ഉത്തരവാദി എന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്തുമ്പോഴാണ് ഇപ്പോഴത്തെ അധികാരപുനഃക്രമീകരണത്തിന്റെ പിന്നിലെ ചില രഹസ്യങ്ങള്‍ ഓരോന്നായി പുറത്തുവരുക.
ശാഹിദ്
You must be logged in to post a comment Login