അനുഭവപരമായ മുഴുവന്‍ മണ്ഡലങ്ങളെയും തകര്‍ത്തു കൊണ്ട് പോവുകയാണ് പൊതുസമീപനം. ഒരുതരം കപടബൗദ്ധികതയാണത്. യൂറോപ്യരുടേതൊന്നും വായിക്കരുതെന്നല്ല ഞാന്‍ പറയുന്നത്. ഞാനും വായിക്കാറുണ്ട്. പടിഞ്ഞാറന്‍ മാനദണ്ഡങ്ങള്‍ക്കു താഴെ ജീവിക്കുന്നതാണ് പ്രശ്‌നം. അതിനപ്പുറം പോകരുത്. പോകുന്നതൊന്നും സ്വീകാര്യമല്ല എന്ന വാദം അംഗീകരിക്കാനാവാത്തതാണ്. എന്നാല്‍ ദളിത് സാഹിത്യം വന്നതെങ്ങനെയാണ്? അതവരുടെ ലോകവീക്ഷണത്തില്‍ നിന്നുള്ള രചനകളാണ്. അതിനു പാകമാകുന്ന രീതിയില്‍ പുതിയ ജ്ഞാനത്തെ ഉപയോഗിക്കുകയായിരുന്നു. അത് തന്നെയാണ് മുസ്‌ലിംകളുടെ കാര്യവും. നേരത്തെ ഇംഗ്ലീഷിന്റെ കാര്യം പറഞ്ഞല്ലോ. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഒരു കമന്റ് കേട്ടിട്ടുണ്ട്. ഇംഗ്ലീഷിനെ ഉപേക്ഷിക്കുകയല്ല, അതിനെ നാം നമ്മുടേതാക്കി മാറ്റുകയാണു വേണ്ടത് എന്ന്. അത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ഉള്ളടക്കം നമ്മുടേതാക്കി മാറ്റുകയാണു വേണ്ടത്. യൂറോപ്യന്‍ അവന്റെ അറിവിന്റെ അധികാരിയാണ്. നമ്മള്‍ നമ്മുടെ അറിവിന്റെ അധികാരിയാവണം. അതിനു പകരം നാം അയാളുടെ അറിവിനെ അതേപടി വിഴുങ്ങിയാല്‍ അയാള്‍ നമ്മളുടെ കൂടി അധികാരിയായി മാറും. ഞാന്‍ ഉദുമയിലായിരുന്ന സമയത്ത് ടൗണിന്റപ്പുറത്ത് ഒരു ബാവുട്ടി വൈദ്യരുണ്ടായിരുന്നു. ഞാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഉമ്മ ധാന്വന്തരം ഗുളിക വാങ്ങാന്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ കടയിലേക്കാണ് ഓടിപ്പോയിരുന്നത്. ധാന്വന്തരം ഗുളികക്കു പറഞ്ഞാല്‍ മരുന്നുപെട്ടി തിരഞ്ഞുവന്ന് അദ്ദേഹം അതെടുക്കും. അപ്പോള്‍ ഇയാളൊരു പാട്ടുപാടും. അതു കേള്‍ക്കുമ്പോള്‍ എനിക്ക് ചിരി വരുമായിരുന്നു. മാപ്പിളപ്പാട്ടാണ് പാടുന്നത്. അപ്പുറത്ത് വേറൊരു വൈദ്യരും മരുന്നുകച്ചോടം വെച്ചിട്ടുണ്ട്. അതിനുമപ്പുറത്ത് കുഞ്ഞിരാമന്‍ വൈദ്യരുടെ കടയുമുണ്ട്. ഒരു തമാശക്കാരന്‍. അവിടെ ചെന്നാല്‍ ശ്ലോകം ചൊല്ലിക്കൊണ്ടാണ് അയാള്‍ മരുന്നെടുത്തു തരിക. അതു കേള്‍ക്കുമ്പോള്‍ വലിയ ബഹുമാനം തോന്നും. എന്നാല്‍ മാപ്പിളപ്പാട്ടു പാടിക്കൊണ്ട് മരുന്നെടുത്തു തരുന്നത് കേള്‍ക്കുമ്പോള്‍ എനിക്കു ചിരിക്കാനായിരുന്നു തോന്നിയിരുന്നത്. വളരെ വൈകിയാണ് വൈദ്യജ്ഞാനത്തിലെ വരികളാണ് അദ്ദേഹം മാപ്പിളപ്പാട്ടായി ചൊല്ലുന്നത് എന്നു ഞാനറിയുന്നത്. അയാള്‍ക്കെങ്ങനെ അതു കിട്ടി. അയാളെങ്ങനെ ഒരു മുസ്‌ലിം വൈദ്യനായി. ഈ പുസ്തകമാണ് കാരണം. സംസ്‌കൃതത്തിലുള്ള ആയുര്‍വേദ വിജ്ഞാനത്തെ നമ്മുടേതാക്കി മാറ്റുന്ന ഒരു വഴിയാണ് ഇവിടെ തുറന്നുവെച്ചത്. ആ വഴിയുടെ ഒരുപാധി മാത്രമാണ് അറബിമലയാളം.
1862ലെ ചാര്‍ദര്‍വേശെടുത്താല്‍ ഇതാ നിങ്ങള്‍ക്കു പറ്റിയ ഒരു നോവല്‍ രൂപം എന്ന സന്ദേശമാണ് അതു നല്‍കുന്നത്. നോവലിന്റെ തീം എന്തുമാവട്ടെ. നമുക്കറിയുന്ന ഒരു ശൈലി അതിലുണ്ട്. അറേബ്യനും കേരളീയവുമായ സംസ്‌കാരങ്ങളുടെ സമന്വയം അതിലുണ്ട്. ആയിരത്തൊന്നു രാവുകളുടെ ആഖ്യാനരീതി അതില്‍ തെളിഞ്ഞുകാണാം. ഇന്ദുലേഖയുടെ ആഖ്യാനരീതി തന്നത് യൂറോപ്യന്മാരാണ്. ഇത് അറബികളും. അറബിമലയാളത്തെ നാം ശ്രദ്ധിച്ചു. പക്ഷേ, ഒരു ജ്ഞാനമായി അതിനെ കണ്ടില്ല. വഴിയിലുപേക്ഷിക്കുകയും ചെയ്തു. മാത്രവുമല്ല, അറബിമലയാളത്തെ പിന്തുടരുന്നത് ഒരു പിന്നോക്കം പോക്കായിട്ട് ചിത്രീകരിക്കുകയും ചെയ്തു. അത് ശരിയല്ല. ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന നോവലിലെ ആയിശയുടെ സംഭാഷണങ്ങളില്‍ ബഷീര്‍ അത് തന്നെയാണെടുത്തുപയോഗിക്കുന്നത്. കുഞ്ഞുപാത്തുമ്മ എന്ന പെണ്‍കുട്ടിയുടെ വര്‍ത്തമാനത്തില്‍ രാത്രി ലാത്തിരിയായിപ്പോകുന്നുണ്ട്. അത് എത്‌നിക്കലാണ്. അറബി പഠിക്കുന്ന ഒരാള്‍ക്ക് ര ഇല്ല. അതിനു പകരം വരുന്നതാണ് ല. അങ്ങനെ രാത്രി ലാത്തിരിയാകുന്നു. അതുതന്നെയാണ് ബശീര്‍ പറഞ്ഞത്. അത് നിങ്ങള്‍ക്ക് പറഞ്ഞു പറഞ്ഞ് മാറ്റാം. ഏതു ഭാഷയും പഠിക്കാം. എന്ന ഒരു സന്ദേശം ഇതിനകത്തുണ്ട്. നിവര്‍ന്ന് നിന്ന് നടക്കൂ. അന്തസ്സോടെ നടക്കൂ. എന്നൊക്കെ ബഷീര്‍ അതിനകത്ത് പറയുന്നുണ്ട്. ലാത്തിരി എന്നു പറയുന്നത് മാറ്റാന്‍ കഴിയും എന്നാണദ്ദേഹം പറയുന്നത് അല്ലാതെ അങ്ങനെ പറയുന്നത് മോശമാണെന്നല്ല. ആയിശയാണെങ്കില്‍ അത് മനസ്സിലാക്കിയ പെണ്ണാണ്. ഇപ്പോള്‍ ചില ആളുകള്‍ പറയും, ബഷീര്‍ നവോത്ഥാനാശയങ്ങളെ അതേപോലെ സ്വീകരിക്കുകയാണ് ചെയ്തതെന്ന്. അതു ശരിയല്ല.
സയ്യിദ് ഫസലിന്റെയൊക്കെ കാലത്ത് സംഭവിക്കുന്നതും ഇങ്ങനെയൊക്കെ തന്നെയാണ്. ആത്മബോധമാണ് അദ്ദേഹം കൊടുത്തത്. ഇന്നിപ്പോ ഞാനൊരു ഡോക്ടറോ എന്‍ജിനീയറോ അവുന്നതില്‍ തെറ്റില്ല. അത് ബ്രീട്ടീഷുകാരന്റേതല്ല. പൊതുസമൂഹത്തില്‍ തുല്യതയോടെ ജീവിക്കാനുള്ള ആധുനിക ജോലികള്‍ ആവാം. ഇതുതന്നെയല്ലേ നാരായണഗുരു പറഞ്ഞത്. കള്ളു ചെത്തരുത് എന്ന് ഈഴവരോട് അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്. നിങ്ങള്‍ ഈ തൊഴില്‍ മാത്രം ചെയ്യരുതെന്നാണ.് വേറെയും തൊഴിലുണ്ട് നിങ്ങള്‍ക്ക്. എന്റെ അഭിപ്രായത്തില്‍ കേരളത്തിലെ ആധുനികത അവിടെ തുടങ്ങുന്നുവെന്നാണ്. സയ്യിദ് ഫസല്‍ ഉണര്‍ത്തിയെടുക്കുന്ന ആത്മബോധവും ആധുനികതയാണ്. നാരായണഗുരു അങ്ങനെയൊരു നിര്‍ദ്ദേശം നല്‍കുന്നതും ഇന്ദുലേഖ എഴുതപ്പെടുന്നതും ഏതാണ്ടൊരേകാലത്താണ്. പിന്നാലെ വരുന്നു വൈദ്യജ്ഞാനം. അരുവിപ്പുറത്ത് കണ്ണാടിപ്രതിഷ്ഠ നടക്കുമ്പോള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഒരു സംഭവം നടക്കുന്നുണ്ട്. കൊണ്ടോട്ടി തങ്ങന്മാരും പൊന്നാനി പണ്ഡിതന്മാരും തമ്മിലുള്ള കൈത്തര്‍ക്കം. പലരും അതിനെ അധികാരത്തര്‍ക്കമായിട്ടാണ് കാണുന്നത്. ജ്ഞാനസംവാദമായാണ് ഞാനതിനെ കാണുന്നത്. ആ കാലം ഒരു നവോത്ഥാന കാലമാണ്.
അറബിമലയാളത്തെ പുഛത്തോടെ കാണുന്ന മനോഭാവം ഉണ്ടാവുന്നത് കേരളത്തില്‍ സലഫി ചിന്ത ശക്തിപ്പെടുന്നതോടെയാണ്. ഞങ്ങളിതാ മലയാളത്തില്‍ ബുക്കടിക്കുന്നു എന്നൊക്കെ പറഞ്ഞ് അതില്‍ അഭിരമിച്ചത് അവരാണ്. അറബിമലയാളത്തെ മുറുകെ പിടിക്കുകയും മലയാളത്തെ തിരസ്‌കരിക്കുകയും ചെയ്ത ആദ്യത്തെ നിലപാട് ആത്മബോധത്താല്‍ പ്രചോദിതമായി സംഭവിച്ചതാണ്. എന്നാല്‍ രണ്ടാമത്തേത് അധമബോധത്താല്‍ സംഭവിച്ചതാവാം. ഞങ്ങള്‍ മലയാളത്തെ സ്‌നേഹിക്കുന്നു. ഞങ്ങള്‍ക്കൊരു മക്തി തങ്ങളുണ്ട് എന്ന്. മക്തി തങ്ങളുടേത് ഇസ്‌ലാമും ക്രിസ്ത്യാനിറ്റിയും തമ്മിലുള്ള തര്‍ക്കമാണ്.
എന്തിന് അറബി മലയാളത്തെ നേരിടണം? തങ്ങളുടെ കൈവശമുള്ള അക്ഷരമാല ഉപയോഗിച്ച് ജീവിച്ചുപോകുന്ന സ്ഥലത്തെ കാര്യങ്ങള്‍ പറയുന്നത് തീര്‍ത്തും ജനാധിപത്യപരമായ രീതിയാണ്. അറബിമലയാളത്തിലൂടെ ഫണ്ടമെന്റലിസ്റ്റ് ആശയമൊന്നുമല്ല പ്രചരിപ്പിച്ചത്. അതിലൂടെ വസൂരിക്കുള്ള ചികിത്സാ പുസ്തകവും കണക്കിന്റെ പുസ്തകവുമിറക്കിയിട്ടുണ്ട്. നിഘണ്ടു ഇറക്കിയിട്ടുണ്ട്. ഇസ്‌ലാം മതവുമായി നേരിട്ടു ബന്ധപ്പെട്ടതല്ലാത്ത നൂറുകണക്കിനു പുസ്തകങ്ങളുമിറക്കിയിട്ടുണ്ട്. ആ പുസ്തകങ്ങള്‍ ഈ സമുദായത്തിന്റെ അകത്തു തന്നെയുള്ള ആളുകള്‍ക്ക് എത്തിക്കുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുന്നു. പൊതുസമൂഹത്തിലേക്കെത്തിക്കുന്ന കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. ജനറലായിട്ടുള്ള പുസ്തകങ്ങള്‍. നമ്മെപ്പോലുള്ളവര്‍ തപ്പിപ്പിടിച്ച് വായിക്കുന്നു, അതിനെ കുറിച്ച് പറയുന്നു എന്നുള്ളത് സത്യമാണ്. ഒരു പക്ഷേ വളരേ മുമ്പ് തന്നെ പറയേണ്ടതാണത്. ഈ കൃതികളെ പൊതുവല്‍കരിക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്.
സാംസ്‌കാരികമായി ഒരിക്കലും ജനാധിപത്യവല്‍കരിക്കപ്പെട്ടിട്ടില്ലാത്തൊരു സമൂഹമാണ് നമ്മുടേത്. അച്ചുതമേനോനെ പോലെയുള്ളവര്‍ വളരെ ഗൗരവത്തില്‍ പറഞ്ഞിട്ടുള്ള ഒരു സംഗതിയാണത്. ഇവിടെ ഔദ്യോഗികമായിട്ടുള്ള ഭക്ഷണക്രമം വെജിറ്റേറിയന്‍ തന്നെയല്ലേ. എത്ര ശതമാനം ആളുകള്‍ കാണും നമ്മുടെ നാട്ടില്‍ ശുദ്ധ വെജിറ്റേറിയന്‍. വളരെ കുറച്ചേ കാണൂ. മാനക മലയാള ഭാഷ നായര്‍ സമുദായത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന പദാവലികള്‍ക്കും പ്രയോഗങ്ങള്‍ക്കും ശൈലികള്‍ക്കും വലിയ മുന്‍തൂക്കമുള്ളതാണ്. അവര്‍ണ്ണ ജനതയുടെ ഭാഷോപാധികള്‍ കാര്യമായി പരിഗണിക്കപ്പെട്ടിട്ടില്ല. ഇതു തന്നെയാണ് മാപ്പിളമാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഭാഷോപാധികളോടുമുണ്ടായിരുന്ന നിലപാട്. സവര്‍ണ്ണവിഭാഗത്തിന്റെ പദാവലിയും പ്രയോഗങ്ങളും ശൈലിയുമാണ് ശുദ്ധമലയാളമെന്നും അല്ലാത്തതെല്ലാം മ്ലേഛഭാഷയാണെന്നുമുള്ള മനോഭാവത്തോട് കുമ്പസാരരൂപത്തില്‍ സംസാരിക്കുന്നതായിരുന്നു നവോത്ഥാന കാലത്തെ മലയാളപ്രേമികളായ മുസ്‌ലിംകളുടെ പൊതുസ്വഭാവം.
മലയാളത്തെ മാപ്പിളമാര്‍ അനുഭവിച്ചത് അധിനിവേശ ശക്തികളെ പിന്തുണക്കുന്ന സവര്‍ണരുടെ ഭാഷ എന്ന നിലയിലാണ്. അതുകൊണ്ടാണ് അത് കാഫിറിന്റെ ഭാഷയാകുന്നത്. അതുപോലെയുള്ള സംഗതി എല്ലാ സമൂഹത്തിലുമുണ്ട്. ഇസ്‌ലാമിക് ഐഡിയോളിജിയൊക്കെ വരുന്ന കാലത്ത് പണ്ഡിതന്മാര്‍ നേരെ അറബിമലയാളത്തിലാണ് എഴുതുക. അതിലാണെഴുതേണ്ടതെന്നാണു ധാരണ. അല്ലാതെ മറ്റൊന്നും അവര്‍ നോക്കുന്നില്ല. മലയാളം നമ്മെ ഭരിക്കുന്ന ബ്രിട്ടീഷുകാരുടെ കൂടെ നില്‍ക്കുന്ന സവര്‍ണന്‍ എഴുതുന്നതല്ലേ. വേണ്ട, ആ ഭാഷ വേണ്ട. ആ മനോഭാവത്തിന്റെ ഭാഗമായി വരുന്നതാണ് കാഫിറിന്റെ ഭാഷ എന്ന പ്രയോഗം. കുറച്ചു കാലം കഴിയുമ്പോഴേക്ക്, മലയാളത്തില്‍ എഴുതാന്‍ പാടില്ല എന്നായിരിക്കും ആളുകള്‍ ആ നിലപാടിനെ വായിച്ചെടുക്കുക. നേരത്തെ പറഞ്ഞ കാരണങ്ങള്‍ പറയുകയില്ല. കാഫിര്‍ എന്നു പറഞ്ഞാല്‍ വിശ്വാസിയല്ലാത്തവര്‍. തെറ്റായി പോകുന്നവന്‍. രാജ്യദ്രോഹി, നമ്മുടെ രാജ്യത്തിന് അധികാരം തരാതെ നമ്മളെയൊക്കെ ബുദ്ധിമുട്ടിക്കുന്ന കാഫിര്‍ എന്നതാണ് ഉദ്ദേശ്യം. കാലാന്തരത്തില്‍ അതങ്ങുറച്ചു. അതു മാത്രമായി. അങ്ങനെയൊരു പ്രയോഗവും അതിന്റെ പിന്നിലെ ആശയങ്ങളും രൂപപ്പെടാനിടയായ സാമൂഹ്യസാഹചര്യവും മറന്നുപോയി. ഇതാണ് സംഭവിച്ചത്. ഞാന്‍ 2005വരെ ഇങ്ങനെ ചിന്തിക്കാത്ത ആളാണ്. 2007 മുതല്‍ വാഴക്കാട് മൂന്നു വര്‍ഷം ഉണ്ടായിരുന്നു. ആ സമയത്ത് കിട്ടാവുന്നതെല്ലാം എടുത്ത് വായിച്ചു. അങ്ങനെയാണ് ഞാനീ ആശയത്തിലേക്ക് എത്തിയത്.
എം എ റഹ്മാന്‍
You must be logged in to post a comment Login