വാഹന പ്രണയികള്‍ക്ക് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്

വാഹന പ്രണയികള്‍ക്ക് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്

നിരത്തുകളിലൂടെ ഒഴുകിനീങ്ങുന്ന പുത്തന്‍ കാറുകള്‍, വെടിച്ചില്ലു പോലെ കുതിക്കുന്ന മോട്ടോര്‍ ബൈക്കുകള്‍… വാഹനങ്ങളെ അഗാധമായി പ്രണയിക്കുന്നവരാണ് പുതുതലമുറയിലെ ഭൂരിപക്ഷം പേരും. ഇഷ്ടവാഹനങ്ങളുടെ ഉള്ളറിയാനും അവ രൂപകല്‍പ്പന ചെയ്യാനും അവസരം നല്‍കുന്ന തൊഴില്‍- ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് എന്ന പഠനശാഖ മുന്നോട്ടുവെക്കുന്ന സാധ്യതയാണിത്. 

വാഹനിര്‍മാണ-രൂപകല്‍പ്പനാ മേഖലയില്‍ കരിയര്‍ കെട്ടിപ്പടുക്കണമെന്നാണ് ലക്ഷ്യമെങ്കില്‍ ആ വിഷയത്തില്‍ ബി.ടെക് കോഴ്‌സ് പൂര്‍ത്തിയാക്കുന്നതാണ് ഏറ്റവുമുചിതം. ഓരോ വാഹനത്തിന്റെയും ഷാസിയുടെ പ്രവര്‍ത്തനം, ഇന്റേണല്‍ കമ്പസ്റ്റിയന്‍ എന്‍ജിന്റെ വിശദാംശങ്ങള്‍, വാഹനങ്ങളിലെ ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് ഘടകങ്ങള്‍, വര്‍ക്ക്‌ഷോപ്പ് സാങ്കേതികവിദ്യകള്‍ എന്നിവയുള്‍പ്പെടുന്ന വിശദമായ സിലബസാണ് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ബി.ടെക്കുകാര്‍ക്ക് പഠിക്കാനുണ്ടാകുക. വാഹനങ്ങളുടെ രൂപകല്‍പ്പന, വാഹനനിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സുകളെക്കുറിച്ചുള്ള വിശദമായ പഠനം എന്നിവയും സിലബസിലുണ്ടാകും.

രാജ്യത്ത് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങില്‍ ബി.ടെക്/ബി.ഇ. കോഴ്‌സ് നടത്തുന്ന നൂറുകണക്കിന് സര്‍വകലാശാലകളും എന്‍ജിനീയറിങ് കോളേജുകളുമുണ്ട്. മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബി.ടെക് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും ഓപ്ഷനല്‍ വിഷയമായി ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് പഠിക്കാന്‍ അവസരം ലഭിക്കും.

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ പഠിച്ചുകൊണ്ട് പ്ലസ്ടുവിന് മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ബി ടെക് കോഴ്‌സിന് ചേരാന്‍ സാധിക്കും. കണക്കിലും എന്‍ജിനീയറിങിലും താത്പര്യവും കഴിവുമുണ്ടെന്ന് സ്വയം വിലയിരുത്തിയതിന് ശേഷം വേണം ഈ വഴിയിലേക്ക് തിരിയാനെന്നു മാത്രം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) നടത്തുന്ന ജോയിന്റ് എഞ്ചിനിയറിങ് എക്‌സാമിനേഷന്‍ (ജെഇഇ) മെയിന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (ഐഐടി) നടത്തുന്ന ജെഇഇ അഡ്വാന്‍സ്ഡ് എന്നീ പരീക്ഷകള്‍ പാസായാല്‍ രാജ്യത്തെ എണ്ണം പറഞ്ഞ എന്‍ജിനീയറിങ് കോളേജുകളില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ബി ടെക് കോഴ്‌സിന് പ്രവേശനമുറപ്പിക്കാം.

പഠനം കേരളത്തില്‍
സംസ്ഥാനത്തെ എന്‍ജിനീ യറിങ് കോളേജുകളില്‍ പഠനം നടത്താനാണ് ആഗ്രഹമെങ്കില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടേണ്ടതുണ്ട്. തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് (കേരള യൂണിവേഴ്‌സിറ്റി), എറണാകുളത്തെ എസ്‌സിഎംഎസ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി (എം ജി യൂണിവേഴ്‌സിറ്റി), കോട്ടയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (എം ജി യൂണിവേഴ്‌സിറ്റി), എറണാകുളത്തെ മാത കോളേജ് ഓഫ് എന്‍ജിനീയറിങ് (എം ജി യൂണിവേഴ്‌സിറ്റി), കോട്ടയത്തെ അമല്‍ ജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് (എം.ജി. യൂണിവേഴ്‌സിറ്റി), തൃശൂരിലെ നെഹ്‌റു കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), മലബാര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), കോഴിക്കോട്ടെ കെ എം സി ടി. കോളേജ് ഓഫ് എന്‍ജിനീയറിങ് (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി) എന്നിവിടങ്ങളില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങില്‍ ബി ടെക് കോഴ്‌സ് നടത്തുന്നുണ്ട്. 60 സീറ്റുകള്‍ വീതമാണ് ഓരോ കോളേജിലുമുള്ളത്. കേരള എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടിയവരുടെ പട്ടികയില്‍ നിന്നാണ് അഡ്മിഷന്‍. വിശദവവിവരങ്ങള്‍ക്ക് www.ceekerala.org എന്ന വെബ്‌സൈറ്റ് കാണുക.

സംസ്ഥാനത്തിന് പുറത്ത്
കേരളത്തിന് പുറത്ത് ഒട്ടേറെ ഡീംഡ് യൂണിവേഴ്‌സിറ്റികളും എന്‍ജിനീയറിങ് കോളേജുകളും ഓട്ടോമൊബൈല്‍ എന്‍ജിനീയറിങില്‍ ബി.ടെക് കോഴ്‌സ് നടത്തുന്നുണ്ട്. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, തിരുച്ചിറപ്പള്ളിയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി, കുമരക്കോയിലിലെ നൂറുല്‍ ഇസ്‌ലാം യൂണിവേഴ്‌സിറ്റി എന്നിവയാണ് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ബി.ടെക് കോഴ്‌സ് നടത്തുന്ന തമിഴ്‌നാട്ടിലെ പ്രമുഖ സ്ഥാപനങ്ങള്‍. കര്‍ണാടകയിലാണെങ്കില്‍ പി ഇ എസ് കോളേജ് ഓഫ് എന്‍ജിനീ യറിങ് (മാണ്ഡ്യ), എസ്‌ജെഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ചിത്രദുര്‍ഗ), എസ്‌ജെബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ബാംഗ്ലൂര്‍) തുടങ്ങി ഒട്ടേറെ കോളേജുകളില്‍ ഈ വിഷയത്തില്‍ ബി.ടെക് കോഴ്‌സുണ്ട്.

ചില സ്വകാര്യ സര്‍വകലാശാലകള്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങില്‍ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.ടെക് കോഴ്‌സും സംഘടിപ്പിക്കുന്നുണ്ട്. പ്ലസ് ടു കഴിഞ്ഞുചേര്‍ന്നാല്‍ അഞ്ചുവര്‍ഷം കൊണ്ട് എം.ടെക് ബിരുദം നേടാം എന്നതാണ് ഈ കോഴ്‌സിന്റെ പ്രത്യേകത. തഞ്ചാവൂരിലെ ശാസ്ത്ര യൂണിവേഴ്‌സിറ്റി, നോയ്ഡയിലെ അമിറ്റി യൂണിവേഴ്‌സിറ്റി എന്നിവയാണ് ഇന്റഗ്രേറ്റഡ് എം.ടെക് നടത്തുന്ന പ്രമുഖ സ്ഥാപനങ്ങള്‍

ഉപരിപഠനത്തിനും വഴികളേറെ

ഓട്ടോമൊബൈല്‍ എന്‍ജിനീയറിങില്‍ ബി.ടെക് പൂര്‍ത്തിയാക്കിയവര്‍ക്ക് ഉപരിപഠനത്തിനും വഴികളേറെയുണ്ട്. ട്രാന്‍സ്‌പോര്‍ട്ടേഷനിലോ ഓട്ടോമൊബൈല്‍ ഡിസൈനിലോ എം.ടെകിന് ചേരുക എന്നതാണ് അതിലൊരു വഴി. അതിനായി ബി.ടെക് അവസാന വര്‍ഷമാകുമ്പോള്‍ ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് (ഗേറ്റ്) പരീക്ഷയെഴുതേണ്ടതുണ്ട്. മികച്ച സ്‌കോറോടെ ഗേറ്റ് പരീക്ഷയില്‍ വിജയിച്ചാല്‍ സ്‌കോളര്‍ഷിപ്പോടുകൂടി എം.ടെകിന് ചേരാനാകും. മെക്കാനിക്കല്‍, പ്രൊഡക്ഷന്‍, മാനുഫാക്ചറിങ് എഞ്ചിനിയറിങ് ശാഖകളില്‍ ബി.ടെക് കഴിഞ്ഞവര്‍ക്കും ഗേറ്റ് പരീക്ഷയെഴുതി ഓട്ടോമൊബൈല്‍ എന്‍ജിനീയറിങില്‍ എം.ടെകിന് പ്രവേശനം നേടാം. റാഞ്ചിയിലെ ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കൊല്‍ക്കത്തയിലെ ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി, ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റി എന്നിവയാണ് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങില്‍ എം.ടെക് കോഴ്‌സ് നടത്തുന്ന വിഖ്യാത സ്ഥാപനങ്ങള്‍. എം.ടെക്കിന് ശേഷം പിഎച്ച്ഡിയും ചെയ്ത് അധ്യാപന വഴിയിലേക്കും തിരിയാനാകും.

ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ബി.ടെക്കിന് ശേഷം എംബിഎ കൂടി ചെയ്യുന്ന ധാരാളം പേരുണ്ട്. വിവിധ വാഹനക്കമ്പനികളുടെ മാര്‍ക്കറ്റിങ് വിഭാഗങ്ങളില്‍ മികച്ച ജോലിസാധ്യത ഇക്കൂട്ടര്‍ക്കുണ്ട്.

കോളേജുകള്‍ തിരഞ്ഞെടുക്കും മുമ്പ്
തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ഒട്ടേറെ സ്വകാര്യ എന്‍ജിനീയറിങ് കോളേജുകള്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങില്‍ ബി.ടെക് കോഴ്‌സ് നടത്തുന്നുണ്ടെന്ന് മുമ്പേ പറഞ്ഞല്ലോ. ഏതെങ്കിലും കോളേജില്‍ കണ്ണുമടച്ച് അഡ്മിഷന്‍ നേടുന്നതിന് പകരം സൂക്ഷ്മതയോടെ വേണം തീരുമാനമെടുക്കാന്‍. ചേരുന്ന കോഴ്‌സിന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ (എഐസിടിഇ) അംഗീകാരമുണ്ടോയെന്ന് ഉറപ്പുവരുത്തലാണ് ഇതില്‍ പ്രധാനം. കരിയര്‍ ഗൈഡന്‍സ് ഏജന്‍സികളോ റിക്രൂട്ട്‌മെന്റ് ഏജന്റുമാരോ പറയുന്നത് വിശ്വസിച്ച് കോഴ്‌സുകള്‍ക്ക് ചേര്‍ന്ന് കബളിക്കപ്പെട്ട എത്രയോ സംഭവങ്ങളുണ്ട്. കോഴ്‌സുകള്‍ ഏത് സര്‍വകലാശാലയുടെ കീഴിലാണ് എന്ന് അന്വേഷിക്കുന്നതും പ്രധാനം. അംഗീകാരമില്ലാത്ത സര്‍വകലാശാലയുടെ കീഴില്‍ പഠിക്കുന്ന കോഴ്‌സുകള്‍ക്കും അംഗീകാരമുണ്ടാകില്ല എന്ന കാര്യം ഓര്‍ക്കുക. എഐസിടിഇയുടെയോ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറേറ്റിന്റെയോ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ അംഗീകാരമുള്ള എന്‍ജിനീയറിങ് കോളേജുകളുടെ വിശദമായ പട്ടിക ലഭിക്കും. മതിയായ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതുകൊണ്ടും പരീക്ഷാക്രമക്കേടുകള്‍ ഉള്‍പ്പെടെയുള്ള അഴിമതികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നും കരിമ്പട്ടികയില്‍പെട്ട കോളേജുകളുടെ പട്ടികയും ഇതേ വെബ്‌സൈറ്റുകളിലുണ്ടാകും.
റസല്‍

You must be logged in to post a comment Login