കുഗ്രാമങ്ങളില്‍ പോലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്ന നാടാണ് നമ്മുടേത്. ആതുരസേവനമെന്നത് കോടികള്‍ മറിയുന്ന വമ്പന്‍ വ്യവസായമായി മാറിക്കഴിഞ്ഞു. പഞ്ചായത്തുതോറും പുതിയ ആശുപത്രികള്‍ വരുന്നതോടെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മാത്രമല്ല തൊഴില്‍സാധ്യത വര്‍ധിക്കുന്നത്. ഇത്തരം ആതുരകേന്ദ്രങ്ങളുടെ ചിട്ടയോടെയുള്ള നടത്തിപ്പ് ഉറപ്പാക്കുന്ന ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രൊഫഷനലുകളുടെ മോഹരംഗമാവുകയാണ്. ഹോട്ടല്‍ മാനേജ്‌മെന്റ് പോലെ നൂറു ശതമാനം തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്ന കരിയര്‍ സാധ്യതയാണിന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്.
കൈയില്‍ വേണ്ടത്
ആശുപത്രിക്കും രോഗികള്‍ക്കുമിടയില്‍ ഒരു പാലമായി പ്രവര്‍ത്തിക്കേണ്ടയാളാണ് ഹോസ്പിറ്റല്‍ മാനേജര്‍. ആശുപത്രിയുടെ ചിട്ടയായ പ്രവര്‍ത്തനം ഉറപ്പാക്കുക മാത്രമല്ല രോഗികള്‍ക്ക് മികച്ച സേവനസൗകര്യങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് പരിശോധിക്കേണ്ടതും മാനേജരുടെ ജോലിയാണ്. ഹൃദ്യമായ പെരുമാറ്റം, സംസാരിക്കാനും എഴുതാനുമുള്ള കഴിവ്, നേതൃപാടവം, ഏല്‍പ്പിക്കപ്പെട്ട കാര്യങ്ങള്‍ നിശ്ചിതസമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കാനാവുമെന്ന ആത്മവിശ്വാസം, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കരുത്ത് എന്നിവയുണ്ടെങ്കില്‍ മാത്രം ഈ കരിയര്‍ തിരഞ്ഞെടുത്താല്‍ മതി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആശുപത്രി. അതിനാല്‍ ആശുപത്രി മാനേജര്‍മാര്‍ക്കും രാത്രിഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കേണ്ടിവരും.
എന്തൊക്കെയാണ് കോഴ്‌സുകള്‍
ആശുപത്രി സേവനരംഗത്ത് പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ തിരഞ്ഞെടുക്കാന്‍ ഒട്ടേറെ കോഴ്‌സുകളുണ്ട്. ബാച്ചിലര്‍ ഓഫ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്/അഡ്മിനിസ്‌ട്രേഷന്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്/അഡ്മിനിസ്‌ട്രേഷന്‍, മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, എം.ബി.എ. ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, എം.ഡി./എം.ഫില്‍ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിങ്ങനെയാണിവ. ഇതിനു പുറമെ ഹെല്‍ത്ത്‌കെയര്‍ അഡ്മിനിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എഴുപതോളം കോഴ്‌സുകള്‍ വേറെയുമുണ്ട്. 50 ശതമാനം മാര്‍ക്കോടെ സയന്‍സ് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ബാച്ചിലര്‍ ഓഫ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്/അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് ചെയ്യാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് എം.ബി.എ. ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, പി.ജി. ഡിഗ്രി/ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം. ചില സ്ഥാപനങ്ങള്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സുകള്‍ക്ക് ചേരാന്‍ എം.ബി.ബി.എസ്. ബിരുദം തന്നെ യോഗ്യതയായി നിഷ്‌കര്‍ഷിക്കുന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), പൂനെയിലെ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ്, ഇന്‍ഡോറിലെ ദേവി അഹല്യ വിശ്വവിദ്യാലയം, ഹൈദരാബാദിലെ നൈസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, മണിപ്പാലിലെ കസ്തൂര്‍ഭാ മെഡിക്കല്‍ കോളേജ്, ജമ്മുവിലെ ഷേര്‍-ഇ-കാശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സ് എന്നീ മെഡിക്കല്‍ കോളേജുകളും ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ പി.ജി. കോഴ്‌സുകള്‍ നടത്തുന്നു. ഇവിടങ്ങളില്‍ ചേരണമെങ്കില്‍ എം.ബി.ബി.എസ്. നിര്‍ബന്ധിത യോഗ്യതയാണ്. മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കേ ഇതേ വിഷയത്തില്‍ പി.ജിക്ക് ചേരാനാവൂ.
പഠനം വിദൂരവിദ്യാഭ്യാസത്തിലൂടെ
പി.ജി.,എം.ബി.എ. പഠനത്തിന് പുറമെ വിവിധ സര്‍വകലാശാലകളും സ്ഥാപനങ്ങളും ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, കറസ്‌പോണ്ടന്‍സ് കോഴ്‌സുകള്‍ വിദൂരവിദ്യാഭ്യാസസംവിധാനങ്ങള്‍ വഴി നടത്തുന്നുണ്ട്. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (ഐ.എസ്.എച്ച്.എ.) ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ ഒരു വര്‍ഷത്തെ ഡിസ്റ്റന്‍സ് ലേണിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന രണ്ടു വര്‍ഷത്തെ എം.ബി.എ. ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ മാര്‍ക്കറ്റിങിന്റെ എക്‌സിക്യുട്ടീവ് എം.ബി.എ. ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് (ഇ.എം.ബി.എ.), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് (എ.ഡി.എച്ച്.എം.) എന്നീ കോഴ്‌സുകളും വിദൂരവിദ്യാഭ്യാസപദ്ധതി വഴി പഠിച്ചെടുക്കാവുന്നതാണ്. പോണ്ടിച്ചേരി സര്‍വകലാശാല, മദ്രാസ് സര്‍വകലാശാല, ഭാരതീയാര്‍ സര്‍വകാലാശാല, അണ്ണാമലൈ സര്‍വകലാശാല എന്നിവയുടെ വിദൂരവിദ്യാഭ്യാസകേന്ദ്രങ്ങളും എം.എച്ച്.എ. കോഴ്‌സ് നടത്തുന്നുണ്ട്.
തിരഞ്ഞെടുപ്പ്
പ്ലസ്ടു മാര്‍ക്ക്, എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ബാച്ചിലര്‍ ഓഫ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് (ബി.എച്ച്.എം.) കോഴ്‌സിനുള്ള പ്രവേശനം. ബാംഗ്ലൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മാനേജ്‌മെന്റ് റിസര്‍ച്ച് (ഐ.എച്ച്.എം.ആര്‍.) നടത്തുന്ന ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പി.ജി. (പി.ജി.പി.എച്ച്.എം.) പ്രോഗ്രാമുകള്‍ക്ക് ചേരാന്‍ അഭിമുഖം മാത്രമേയുള്ളൂ കടമ്പ. എം.ബി.എ. കോഴ്‌സുകള്‍ക്കായുള്ള പൊതു എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് എം.ബി.എ. ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കോഴ്‌സിനും ചേരാവുന്നതാണ്. മൂന്നുവര്‍ഷമാണ് ബി.എച്ച്.എം. കോഴ്‌സിന്റെ കാലാവധി. ഡിപ്ലോമ/എം.ബി.എ./മാസ്‌റ്റേഴ്‌സ് ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എം.എച്ച്.എ.)/മാനേജ്‌മെന്റ് കോഴ്‌സ് കാലാവധി രണ്ടുവര്‍ഷവും (നാല് സെമസ്റ്റര്‍) പോസ്റ്റ് ഗ്രാജ്വേറ്റ് പ്രൊഫഷനല്‍ പ്രോഗ്രാം ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് (പി.ജി.പി.എച്ച്.എം.) കോഴ്‌സിന് 11 മാസവും ഇ.എം.ബി.എ., പി.ജി.ഡി.എച്ച്.എം., എ.ഡി.എച്ച്.എം. കോഴ്‌സുകള്‍ക്ക് ഒരു വര്‍ഷവുമാണ് (രണ്ട് സെമസ്റ്റര്‍) കാലാവധി.
പ്രമുഖ സ്ഥാപനങ്ങള്‍
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/മാനേജ്‌മെന്റില്‍ എം.ബി.എ., പി.ജി. കോഴ്‌സുകള്‍ നടത്തുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളെ പരിചയപ്പെടാം.
1. സിംബിയോസിസ് സെന്റര്‍ ഓഫ് ഹെല്‍ത്ത് കെയര്‍ (എസ്.സി.എച്ച്.സി.), പൂനെ: ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റില്‍ പി.ജി. ഡിപ്ലോമ കോഴ്‌സാണ് ഇവിടെ നടക്കുന്നത്. 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എം.ബി.ബി.എസ്., നഴ്‌സിങ് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണനയുണ്ട്.
2. ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്‌സ്), പിലാനി: വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ്, മുംബൈയിലെ ബോംബെ ഹോസ്പിറ്റല്‍ അമേരിക്കയിലെ ടുലേന്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റംസ് മാനേജ്‌മെന്റില്‍ എം.ഫില്‍ കോഴ്‌സാണ് ഇവിടെ നടക്കുന്നത്. ബി.ഇ./ബി.ഫാം./എം്.എസ്.സി./എം.ബി.എ./എം.ബി.ബി.എസ്. യോഗ്യതയുള്ളവര്‍ക്കാണ് പ്രവേശനം.
3. അപ്പോളോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഹൈദരാബാദ്: ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി കോഴ്‌സ് നടത്തുന്ന സ്ഥാപനമാണിത്. 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.
4. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, മുംബൈ: മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എം.എച്ച്.എ.) കോഴ്‌സ് നടത്തുന്നു. ബിരുദമാണ് അടിസ്ഥാനയോഗ്യത.
5. മണിപ്പാല്‍ യൂണിവേഴ്‌സിറ്റി, മണിപ്പാല്‍: ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റിലും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനിലുമായി എം.ബി.എ. കോഴ്‌സ് നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പഠനം കേരളത്തില്‍
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലുള്ള അരണാട്ടുകരയിലെ ഡോ. ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് തുടങ്ങിയിട്ടുണ്ട്. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം. അവസാനവര്‍ഷ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എം.എല്‍.ടി., നഴ്‌സിങ് തുടങ്ങിയ പാരാമെഡിക്കല്‍ ബിരുദധാരികള്‍ക്ക് സീറ്റ് സംവരണം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.universityofcalicut.info. ഫോണ്‍: 0487-2388477.
എം.ജി. സര്‍വകലാശാലയുടെ കീഴിലുള്ള യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷനില്‍ മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുണ്ട്. 20 സീറ്റുകളാണുള്ളത്. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മാര്‍ക്ക്‌ലിസ്റ്റുകള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് സമര്‍പ്പിക്കണം. അപേക്ഷാ ഫോമും പ്രോസ്‌പെക്റ്റസും www.sme.eud.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 0481-6061017.
കേരളസര്‍വകലാശാലയുടെ വിദൂരവിദ്യഭ്യാസവിഭാഗമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റന്റ് എജ്യുക്കേഷന്‍ മൂന്നുവര്‍ഷത്തെ മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എം.എച്ച്.എ.), ഒരുവര്‍ഷത്തെ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (പി.ജി.ഡി.എച്ച്.എച്ച്.എ.) എന്നീ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ഈ കോഴ്‌സിന് കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും സ്റ്റഡിസെന്ററുകളുമുണ്ട്.
അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ചില്‍ (ലിംസര്‍) എം.എച്ച്.എ. കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്.
കൊച്ചിയിലെ അമൃത സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് ക്യാമ്പസില്‍ എം.എച്ച്.എ. കോഴ്‌സ് നടക്കുന്നുണ്ട്.
ഇതിന് പുറമെ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും വിവിധ സര്‍വകലാശാലകളുടെ സ്റ്റഡിസെന്ററുകള്‍ വഴിയും എം.എച്ച്.എ. കോഴ്‌സ് പഠിക്കാവുന്നതാണ്. അന്യസംസ്ഥാന സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ക്ക് ചേരുന്നതിന് മുമ്പ് അവ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. അങ്ങനെ അംഗീകരിച്ചിട്ടില്ലെങ്കില്‍ പി.എസ്.സി. ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നത് പ്രയാസകരമാകും.
റസൽ
You must be logged in to post a comment Login