ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന ഏരിയല്‍ ഷരോണിന്റെ ഓഫിസ് മുറിയില്‍ കടന്ന മാധ്യമപ്രവര്‍ത്തകര്‍ അദ്ഭുതസ്തബ്ധരായത് മുറിയുടെ ചുമരില്‍ തൂങ്ങിക്കിടക്കുന്ന ഒരു മുഖം കണ്ടപ്പോഴാണ്. ആധുനിക തുര്‍ക്കിയുടെ പിതാവ് മുസ്തഫ കമാല്‍ അതാതുര്‍ക്കിന്റെ ചിത്രമായിരുന്നു അത്. അതാതുര്‍ക്കിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ജൂതനേതാവ് വികാരഭരിതനായത്രെ. മുസ്‌ലിം ലോകം ഒന്നടങ്കം സയണിസ്റ്റ് രാജ്യത്തെ തള്ളിപ്പറയുകയും നയതന്ത്രബന്ധം സ്ഥാപിക്കാന്‍ വൈമുഖ്യം കാണിക്കുകയും ചെയ്ത ഒരു ഘട്ടത്തില്‍ കമാലിസ്റ്റ് തുര്‍ക്കിയാണത്രെ തെല്‍അവീവിനെ അംഗീകരിക്കുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ആദ്യമായി മുന്നോട്ടുവരുകയും ചെയ്തത്. തുര്‍ക്കിയുമായുണ്ടാക്കിയ വാണിജ്യ ഉടമ്പടിയുടെ ഭാഗമായി ശുദ്ധജലവുമായി ടര്‍ക്കിഷ് കപ്പലുകള്‍ ഇസ്രയേലിലേക്ക് അഭംഗുരം നീങ്ങിക്കൊണ്ടിരുന്നു. അതൊരു കാലം. സംഭവബഹുലമായ ആറ് പതിറ്റാണ്ട് കടന്നു പോയപ്പോള്‍ തുര്‍ക്കിയില്‍ മാറ്റത്തിന്റെ മന്ദമാരുതന്‍ വീശിത്തുടങ്ങി. രാഷ്ട്രീയ അട്ടിമറികള്‍ക്കും അരാജകത്വത്തിനും അറുതി വരുത്തി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എന്ന പഴയ ഇസ്തംബൂള്‍ മേയറുടെ നേതൃത്വത്തില്‍ ജസ്റ്റീസ് ആന്റ് ഡവലപ്പ്‌മെന്റ് പാര്‍ട്ടി (എ.കെ.പി ) ഭരണസാരഥ്യം ഏറ്റെടുത്തു എന്ന് മാത്രമല്ല, തകര്‍ന്നു കുത്തുപാളയെടുത്ത ഒരു രാജ്യത്തെ സാമ്പത്തിക അഭിവൃദ്ധിയിലേക്കും സ്വന്തം കാലില്‍ നില്‍ക്കാനുള്ള കെല്‍പിലേക്കും നയിക്കുകയും ചെയ്തു. ഏരിയല്‍ ഷരോണിന്റെ ഇസ്രായേലിന്റെ കൊടുംക്രൂരതകളെ പരസ്യമായി തള്ളിപ്പറയാനും ഫലസ്തീനികളുടെ പോരാട്ടത്തോട് ഹൃദയംഗമമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ആര്‍ജവം കാണിച്ചു.അങ്ങനെയാണ് ഹമാസിനെതിരായ ഇസ്രായേല്‍ ഉപരോധത്തില്‍പ്പെട്ട് ഫലസ്തീനികള്‍ പട്ടിണി കിടന്നു മരിക്കുന്നത് കണ്ട് 2010 മെയ് 31നു ആറു കപ്പലുകള്‍ നിറയെ ഭക്ഷ്യവസ്തുക്കള്‍ ഫലസ്തീനിലേക്ക് പോകുന്നത്. ആ കപ്പല്‍വ്യൂഹം ഇസ്രയേല്‍ സമീപത്തെ ആഴക്കടലില്‍ നങ്കൂരമിട്ടപ്പോള്‍ ജൂത സൈന്യം അവക്ക് വഴികാട്ടുന്ന മവി മര്‍മാരയിലേക്ക് വെടിയുതിര്‍ത്തു. ഒമ്പത് തുര്‍ക്കി ജീവകാരുണ്യപ്രവര്‍ത്തകര്‍ കടലില്‍ പിടഞ്ഞുമരിച്ചു. അതോടെ, ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും തുര്‍ക്കി വിച്‌ഛേദിച്ചു. ഏരിയല്‍ ഷരോണില്‍നിന്ന് ബെന്യാമിന്‍ നെതന്യാഹുവിലേക്ക് എത്തുമ്പോള്‍ ഇസ്രയേലിന്റെ പൈശാചികത്വം സര്‍വസീമകളും ലംഘിച്ചപ്പോള്‍ മുസ്തഫ കമാലില്‍നിന്ന് ഉര്‍ദുഗാനിലേക്കുള്ള ഗതിമാറ്റം സങ്കല്‍പത്തില്‍നിന്ന് അപ്പുറമായിരുന്നു. കമാലിസ്റ്റ് പൈതൃകങ്ങള്‍ കുടഞ്ഞുമാറ്റി, ഉസ്മാനിയ്യ ഖിലാഫത്തിന്റെ ചാരത്തില്‍നിന്ന് പുതിയൊരു ഇസ്‌ലാമിക തുര്‍ക്കിയെ കെട്ടിപ്പടുക്കുക എന്ന അതിസാസാഹസികവും ഭാവനാപൂര്‍ണവുമായ ദൗത്യത്തിന് അദ്ദേഹം മുന്‍കൈയെടുത്തു. കമാലിസ്റ്റ് തുര്‍ക്കിയെ കൊടിയ അപചയത്തില്‍നിന്ന് കരകയറ്റാന്‍ ആധുനികതയെയും ആത്മീയതയെയും സമന്വയിപ്പിച്ച നജ്മുദ്ദീന്‍ അര്‍ബക്കാന്‍ എന്ന മനീഷിയുടെ യഥാര്‍ഥ ശിഷ്യനാണ് താനെന്ന് ഒന്നര പതിറ്റാണ്ട് കൊണ്ട് അദ്ദേഹം തെളിയിച്ചു. 2002 തൊട്ട് എ.കെ.പി അജയ്യ യാത്ര തുടരുകയായിരുന്നു. ഒന്നുമല്ലാതിരുന്ന തുര്‍ക്കി സാമ്പത്തികമായും രാഷ്ട്രീയമായും ഭദ്രമായ അടിത്തറയുള്ള ഒരു രാഷ്ട്രമായി മാറി.
മൂന്നുതവണ ഉര്‍ദുഗാന്‍ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു എന്ന് മാത്രമല്ല, അദ്ദേഹത്തെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാന്‍ പഴയ സെക്കുലര്‍ വ്യവസ്ഥിതിയുടെ അവശിഷ്ടങ്ങളായ ജുഡീഷ്യറിയും സൈന്യവും മീഡിയയും നടത്തിയ വൃത്തികെട്ട തന്ത്രങ്ങള്‍ മുഴുവനും പരാജയപ്പെടുകയും ചെയ്തു. യൂറോപ്പിലെ വളരുന്ന സമ്പദ്‌വ്യവസ്ഥ തുര്‍ക്കിയുടേതാണെന്ന തിരിച്ചറിവ് വന്‍ ശക്തികളെ അങ്കാറയിലേക്ക് ആകര്‍ഷിച്ചു. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കുന്നതിന് ക്രിസ്ത്യന്‍ യൂറോപ്പ് മുന്നില്‍വെച്ച എല്ലാ വ്യവസ്ഥകളും പാലിക്കപ്പെട്ടിട്ടും എട്ട് കോടി ജനസംഖ്യയുള്ള മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രത്തിന്റെ കടന്നുവരവ് ഭയന്ന പഴയ കോളനിശക്തികളോട് ആണത്തത്തിന്റെ സ്വരത്തില്‍ സംസാരിക്കാന്‍ ഉര്‍ദുഗാന്‍ കാണിച്ച ധീരത മുസ്‌ലിം ലോകത്തിനു തന്നെ പുതിയൊരു ഉണര്‍വേകി. പരസ്പരം പോരടിക്കുന്ന അറബ് ഇസ്‌ലാമികരാജ്യങ്ങളെ ഐക്യപ്പെടുത്താനും അറബ് വസന്താനന്തര പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും മാര്‍ഗദര്‍ശകനാകാനും ഉര്‍ദുഗാന് സാധിച്ചത് പലരുടെയും കണ്ണിലെ കരടാക്കി മാറ്റി. ഈ കരട് അവരുടെ കണ്ണിലുണ്ടാക്കിയ എരിച്ചില്‍ എത്രത്തോളമായിരുന്നുവെന്ന് ശാഹിദിന് ബോധ്യമായത് ഇക്കഴിഞ്ഞ ജൂണ്‍ ആറിനു നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്റെ പാര്‍ട്ടിക്ക് നേരിട്ട ചെറിയൊരു തിരിച്ചടിയോട് പടിഞ്ഞാറ് പ്രതികരിച്ച രീതിയില്‍നിന്നാണ്. നാറ്റോ സഖ്യത്തിലെ ഒരംഗമായ തുര്‍ക്കിയുടെ നായകന്‍ എപ്പോഴാണ് പാശ്ചാത്യശക്തികളുടെ മുന്നില്‍ ഇത്രക്കു അനഭിമതനായത് എന്ന് ആലോചിച്ചു അന്തംവിട്ടുപോയ നിമിഷം!
ജൂണ്‍ ആദ്യം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ജസ്റ്റീസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല എന്നത് നേരാണ്. 2011ല്‍ 50ശതമാനം വോട്ട് നേടിയ സ്ഥാനത്ത് ഇക്കുറി 44ശതമാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നിലവിലെ 327സീറ്റിന്റെ സ്ഥാനത്ത് 258സീറ്റ്. മുഖ്യപ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി (സി.എച്ച്.പി) 25ശതമാനവും( 132സീറ്റ് ), വലതുപക്ഷ നാഷനലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിക്ക് (എം.എച്ച്.പി) 16ശതമാനവും (80സീറ്റ്) വോട്ട് കിട്ടിയപ്പോള്‍ കുര്‍ദിഷ് പീപ്പ്ള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിക്ക് (എച്ച്.ഡി.പി) 13ശതമാനം വോട്ട് (7580സീറ്റ് ) നേടാനായതാണ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചത്. ഇതാദ്യമായാണ് കുര്‍ദിഷ് ജനതയുടെ പ്രതിനിധികള്‍ ഒരു പാര്‍ട്ടിയുടെ ബാനറില്‍ പാര്‍ലമെന്റിലെത്തുന്നത്. തുര്‍ക്കിയിലെ നിയമമനുസരിച്ച് 10ശതമാനത്തിനു മുകളില്‍ വോട്ട് ലഭിക്കുന്ന കക്ഷികള്‍ക്കേ പാര്‍ലമെന്റില്‍ പ്രവേശനമുള്ളൂ. ഇതുവരെ ‘ഭീകരസംഘടന’യായി മുദ്രകുത്തപ്പെട്ട കുര്‍ദിഷ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ) രാഷ്ട്രീയവേഷത്തില്‍ രംഗപ്രവേശം ചെയ്യുകയും അംഗീകാരം നേടിയെടുക്കുന്നതില്‍ വിജയിക്കുകയും ചെയ്തതാണ് ഉര്‍ദുഗാന് വെല്ലുവിളിയായത്. അതോടെ, പീപ്പ്ള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ യുവനായകന്‍ സലാഹൂദ്ദീന്‍ ദിമര്‍ത്താസ് പടിഞ്ഞാറന്‍ വന്‍ശക്തികളുടെ മുന്നില്‍ ഹീറോ പരിവേഷം കൈവരിച്ചിരിക്കുന്നു. ‘കുര്‍ദിഷ് ഒബാമ’ എന്നാണ് ലോകമീഡിയ സ്‌നേഹം മൂത്ത് അദ്ദേഹത്തെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. ജസ്റ്റീസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയുടെ ജൈത്രയാത്രക്ക് തടയിടാന്‍ വളര്‍ന്ന അവതാരം എന്ന നിലയില്‍ സലാഹുദ്ദീനെ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണിന്ന്. എന്നാല്‍, സലാഹുദ്ദീന്‍ എങ്ങനെ ഈ വേല ഒപ്പിച്ചുവെന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഘടനയും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സൂക്ഷ്മമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇതുവരെ അമേരിക്കയും അങ്കാറ ഭരണകൂടവും ‘ഭീകരസംഘടന’യായി മുദ്രകുത്തിയ കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയാണ് സലാഹുദ്ദീന്റെ അടിസ്ഥാന ഘടകം. അതോടൊപ്പം അര്‍മീനിയക്കാരും പാര്‍സികളും അലവികളും സ്വവര്‍ഗാനുരാഗികളുമൊക്കെ ചേര്‍ന്ന ഒരു അവിയല്‍ ഗ്രൂപ്പാണിത്. യൂറോപ്യന്‍ യൂണിയന്റെ പിന്തുണയും വിദേശ ഫണ്ടും ഇവര്‍ക്കുണ്ട്.The HDP represents the diverstiy of the minorities in Turkey and a real pluralistic democracy എന്നാണ് യൂറോപ്യന്‍ പാര്‍ലമെന്റ് വക്താവ് വിശേഷിപ്പിച്ചത്.
ജനസംഖ്യയുടെ ഇരുപത് ശതമാനം വരുന്ന കുര്‍ദുകളുടെ പിന്തുണ ഇതുവരെ ഉര്‍ദുഗാന്റെ പാര്‍ട്ടിക്കായിരുന്നു. അത് സലാഹുദ്ദീന്‍ വഴി മറ്റൊരു വഴിക്ക് തിരിച്ചുവിട്ടാണ് ‘രാഷ്ട്രീയ അട്ടിമറിക്ക്’ കളമൊരുക്കിയത്. യഥാര്‍ഥത്തില്‍ കുര്‍ദുകള്‍ ജസ്റ്റീസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയോട് അങ്ങേയറ്റം കടപ്പെട്ടുകിടക്കുന്നുണ്ട്. അതാതുര്‍ക്കിന്റെ കാലം തൊട്ട് പീഡനങ്ങളും പരാധീനതകളും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഈ ന്യൂനപക്ഷവിഭാഗത്തിനു മാന്യമായ അസ്തിത്വവും സ്വാതന്ത്ര്യവും വീണ്ടെടുക്കാനായത് ഉര്‍ദുഗാന്റെ ആഗമത്തോടെയാണ്. മൂന്നുപതിറ്റാണ്ട് നീണ്ട പോരാട്ടത്തിനിടിയില്‍ 40000കുര്‍ദുകള്‍ക്ക് ജീവന്‍ നല്‍കേണ്ടിവന്നു. പല മേഖലകളില്‍നിന്നും അവര്‍ അകറ്റിനിര്‍ത്തപ്പെട്ടു. സ്വന്തം ഭാഷ പോലും ഉപയോഗിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. എന്നാല്‍, പതിറ്റാണ്ടുകളായി കാരാഗൃഹവാസം അനുഭവിക്കുന്ന പി.കെ.കെ നേതാവ് അബ്ദുല്ല ഒക്‌ലാനുമായി ചര്‍ച്ചക്കു തയാറായി എന്നുമാത്രമല്ല, 2013ല്‍ സമാധാനസന്ധിക്കു പോലും വഴിയൊരുങ്ങിയിരുന്നു. സിറിയയിലെ ആഭ്യന്തര സംഘര്‍ഷത്തിലെ ചില ഉള്‍പിരിവുകളാണ് പരസ്പരം അവിശ്വാസം വളരാന്‍ വീണ്ടും കളമൊരുക്കിയത്. ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന വിഘടിത സായുധമിലിഷ്യ തുര്‍ക്കിസിറിയ അതിര്‍ത്തിയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ കുര്‍ദിഷ് പോരാളികള്‍ക്ക് തുര്‍ക്കി പിന്തുണയും സഹായവും നല്‍കാന്‍ വിമുഖത കാട്ടിയത് ഉര്‍ദുഗാന്‍ സംശയിക്കപ്പെടാന്‍ ഇടം നല്‍കി.എന്നല്‍, ഇവിടെ നാറ്റോ സഖ്യത്തിന്റെയും തുര്‍ക്കിയുടെയും നിലപാടുകള്‍ വേര്‍പിരിയുകയായിരുന്നു. അതോടെയാണ് കുര്‍ദുകള്‍ രാഷ്ട്രീയ ശാക്തീകരണത്തിനുള്ള പോംവഴികള്‍ തേടുന്നത്. രാജ്യത്ത് പ്രസിഡന്‍ഷ്യല്‍ രീതി കൊണ്ടുവരുവാന്‍ അഞ്ചില്‍ മൂന്നു ഭൂരിപക്ഷം കരഗതമാക്കുക എന്ന ലക്ഷ്യത്തോടെ (ഉര്‍ദുഗാന്റെ ലക്ഷ്യം 400സീറ്റാണ് ) തെരഞ്ഞെടുപ്പിനെ നേരിട്ട ജസ്റ്റീസ് പാര്‍ട്ടിയുടെ മുന്നേറ്റം തടയുന്നതിന് ഏതൊക്കെയോ സ്രോതസ്സുകളില്‍നിന്ന് കുര്‍ദുകള്‍ക്ക് ആളും അര്‍ഥവും കിട്ടിയിട്ടുണ്ടെന്നുറപ്പ്. 2003ല്‍ പ്രസിഡന്റ് പദവി ഏറ്റെടുത്തതോടെ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സ്വേച്ഛാധിപത്യ പ്രവണത കാട്ടുകയാണെന്നാണ് എതിരാളികള്‍ ഉയര്‍ത്തുന്ന മുഖ്യവിമര്‍ശം. തെരഞ്ഞെടുപ്പ്ഫലം അറിഞ്ഞ ഉടന്‍ കുര്‍ദിഷ് നേതാവ് സലാഹുദ്ദീന്‍ വിമര്‍ശനമുന തിരിച്ചുവിട്ടത് ആര്‍ക്കുനേരെയാണെന്ന് വ്യക്തമാക്കുന്നതാണ് ആ പ്രതികരണം. ‘ഇതോടെ, പ്രസിഡന്‍സിയെകുറിച്ചും സ്വേച്ഛാധിപത്യത്തെ കുറിച്ചുമുള്ള സംവാദത്തിനു തിരശ്ശീല വീഴുകയാണ്. വലിയൊരു ദുരന്തത്തില്‍നിന്ന് തുര്‍ക്കി നേരിയ വ്യത്യാസത്തിനു രക്ഷപ്പെട്ടിരിക്കുന്നു’. പടിഞ്ഞാറിന്റെ ഇംഗിതങ്ങള്‍ക്കൊത്ത് ആടുകയും പാടുകയും ചെയ്യാത്ത അംഗുലീപരിമിതമായ മുസ്‌ലിം ഭരണാധികാരികളില്‍ ഒരാളാണ് ഉര്‍ദുഗാന്‍ . നാറ്റോ അംഗരാജ്യമാണെങ്കിലും അമേരിക്കയുടെ അധിനിവേശ ഗൂഢലക്ഷ്യങ്ങളോട് രാജിയാവാതിരിക്കുകയും സ്വതന്ത്രമായ വിദേശനയം മുറുകെ പിടിക്കുകയും ചെയ്തപ്പോള്‍ അമേരിക്ക മറ്റൊരു സദ്ദാം ഹുസൈനെയാണ് അദ്ദേഹത്തില്‍ കണ്ടത്. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പൂര്‍ണമായും ഉത്തരവാദി ഉര്‍ദുഗാന്‍ തന്നെയാണെന്ന വിലയിരുത്തലില്‍ ‘ന്യൂയോര്‍ക്ക് ടൈംസ്’ അദ്ദേഹത്തിനെതിന്റെ നിരത്തുന്ന കുറ്റപത്രം കാണുക:
ജനാധിപത്യം ശക്തി പ്പെടുത്തുന്നതിനും മുസ്‌ലിം ഭൂരിപക്ഷ രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ദദ്രമാക്കുന്നതിനും തന്റെ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിക്ക് വ്യത്യസ്തമായ ഒരു ഭാവി ഉര്‍ദുഗാന്‍ പ്രദാനം ചെയ്യുമെന്നാണ് ഒരുവേള കരുതിയിരുന്നത്. എന്നാല്‍ അദ്ദേഹം ജനാധിപത്യപാതയില്‍നിന്ന് വ്യതിചലിക്കുകയും അദ്ദേഹത്തിന്റെ അധികാരത്തെ നിയന്ത്രിക്കാനോ ചോദ്യം ചെയ്യാനോ ഉള്ള ശ്രമങ്ങളെ അടിച്ചമര്‍ത്തുന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. 2013ല്‍ സമാധാനപരമായി നടത്തിയ മാര്‍ച്ചിനെ അദ്ദേഹം അമിത ശക്തി ഉപയോഗിച്ചാണ് നേരിട്ടത്. പ്രാദേശിക പ്രശ്‌നങ്ങള്‍ മോശമായി കൈകാര്യം ചെയ്തു. പ്രസിഡന്റ് ബശ്ശാറുല്‍അസദിനെ നിഷ്‌ക്കാസനം ചെയ്യാനുള്ള അമിതവാഞ്ച ജിഹാദിസ്റ്റുകളെ തുര്‍ക്കിയുടെ അതിര്‍ത്തി കടന്ന് പോകാനും ഐ.എസിനെ സഹായിക്കാനും അവസരമൊരുക്കിക്കൊടുത്തു. സംയുക്ത പ്രതിരോധ സംവിധാനം സ്ഥാപിക്കാനും ഇസ്‌ലാമിക് സ്‌റ്റേറ്റിനെ നേരിടുന്നതിന് യു.എസ് സഖ്യത്തിന് തുര്‍ക്കിയില്‍ സൈനിക താവളം ഒരുക്കുന്നതിന് സന്നദ്ധമാവാതിരുന്നതും നാറ്റോയോടുള്ള തുര്‍ക്കിയുടെ പ്രതിബദ്ധതയില്‍ സംശയം ജനിപ്പിച്ചു.
ചുരുക്കിപ്പറഞ്ഞാല്‍, അമേരിക്കയുടെയും യൂറോപ്യന്‍ യജമാനന്മാരുടെയും ആട്ടത്തിനൊത്ത് തുള്ളാന്‍ കിട്ടാത്തതിലുള്ള കുണ്ഠിതമാണ് ചെറിയൊരു തിരിച്ചടി പോലും വലിയൊരു ആഘാതമായി എടുത്തുകാട്ടാനും ഉര്‍ദുഗാന്റെ രാഷ്ട്രീയാന്ത്യം അടുത്തുവെന്ന് മനഃപായസമുണ്ണാനും ഇക്കൂട്ടര്‍ക്ക് ഊര്‍ജദായകമാവുന്നത്. പ്രസിഡന്‍ഷ്യല്‍ ഭരണരീതിയിലേക്ക് മാറാനുള്ള അണിയറ നീക്കത്തെയാണ് വലിയ അപരാധമായി അമേരിക്ക അടക്കമുള്ളവര്‍ നോക്കിക്കാണുന്നത്. പ്രസിഡന്റ് സര്‍വാധികാരിയായ ഒരു രാജ്യമാണ് വെറുതെ ഇമ്മട്ടില്‍ ചന്ദ്രഹാസമിളക്കുന്നത്. ‘തുര്‍ക്കി കാര്‍മേഘാവൃതം’ (Dark Clouds Over Turkey) എന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ മുഖപ്രസംഗത്തിന്റെ (മേയ് 22 ) ശീര്‍ഷകം. ഇരുപതാം നൂറ്റാണ്ടിലുടനീളം രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെയും അരാജകത്വത്തിന്റെയും പറുദീസയായിരുന്ന ഒരു രാജ്യത്തിന് കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലം ഭദ്രമായ ജനാധിപത്യ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചിട്ടും ഒരു പാര്‍ട്ടിയെയും അതിന്റെ നേതാവിനെയും അനഭിമതരായി കാണുന്നത് വലിയൊരു രോഗത്തിന്റെ ലക്ഷണമാണ്. ജസ്റ്റീസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയുടെ ഇസ്‌ലാമിക അടിത്തറയും അതാതുര്‍ക്കിന്റെ പൈതൃകാവശിഷ്ടങ്ങള്‍ തുടച്ചുമാറ്റാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങളും വ്യാജ സെക്കുലറിസത്തിന്റെ കാവലാളുകള്‍ക്ക് ദഹിക്കുന്നില്ല എന്നതാണ് എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാന നിദാനം.
ശാഹിദ്
superb article
notable one agaist the western-loyalable ‘islamic’ leaders.congrats to risala and its crew…..!
തികച്ചും വസ്തുതകള്‍ വിലയിരുത്തുന്ന മികച്ച ലേഖനം.
Risala said it..