മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍മിച്ചുകൊണ്ട് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒരു പരിപാടി നടക്കുന്നു. അതില്‍ ‘ബഷീറിന്റെ സൂഫിസം’ എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്ന ഒരു ഗവേഷക വിദ്യാര്‍ത്ഥിയുടെ ചെറുപ്രസംഗമുണ്ടായിരുന്നു. അദ്ദേഹം സൂഫിസത്തിന്റെ നിര്‍വചനത്തിലേക്ക് കടന്നു: ‘സൂഫിസമെന്നതിന്റെ നിര്‍വചനം വളരെ വിശാലമാണ്. പലരുടെയും സമീപനങ്ങള്‍ വ്യത്യസ്ത നിലക്കുമാണ്. ഓഷോ സൂഫിസത്തെ പരിചയപ്പെടുത്തുന്നത് സൂഫിസമെന്നത് മതമല്ല, മതാത്മകതയാണെന്നാണ്’ എന്നൊക്കെ പറഞ്ഞു തുടങ്ങിയ അദ്ദേഹം സൂഫിസത്തെക്കുറിച്ച് അല്‍പസമയം സംസാരിച്ചു. അതിനിടയില്‍ അഹം ബ്രഹ്മാസ്മിയും അനല്‍ഹഖും ഒന്നാണെന്ന തരത്തില്‍ ഒരു പരാമര്‍ശവും നടത്തി. അദ്വൈത വേദാന്തവും വഹ്ദതുല്‍വുജൂദും ഒന്നാണെന്ന തരത്തിലുള്ള വാദത്തിന് ഹിന്ദു പ്രത്യയശാസ്ത്രപരമായി നോക്കുമ്പോള്‍ തന്നെ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് ഞാന്‍ ഇടപെട്ടു: ‘എല്ലാത്തിലും ദൈവാംശം അല്ലെങ്കില്‍ സാന്നിധ്യം കാണുകയാണ് അദ്വൈതവേദാന്തം. ഇസ്‌ലാമില്‍ സ്രഷ്ടാവിലേക്കെത്തിക്കുന്ന അടയാളങ്ങളായിട്ടാണ് സൃഷ്ടികളെ കാണുന്നത്. അതിനാല്‍ ഇത് രണ്ടും ഒന്നാണെന്ന വാദം ശരിയല്ല.’ ഓരോരുത്തര്‍ക്കും അവരവരുടെതായ നേരുണ്ടെന്നും ആ നേരുകള്‍ പ്രകടിപ്പിക്കാനുള്ള അര്‍ഹത ഓരോരുത്തര്‍ക്കുമുണ്ടെന്നും അവ എതിര്‍ക്കപ്പെടാതിരിക്കാനുമുള്ള ഒരു അക്കാദമിക നൈതികതയുണ്ടെന്നും തുടര്‍ന്നു വന്ന ഭാഷണങ്ങളില്‍ എനിക്ക് നേരെ സൂചനകളുണ്ടായിരുന്നു. പിന്നീട് ഞാനതിനെ ഖണ്ഡിക്കാന്‍ പോയില്ല. എന്നാല്‍ അറിവില്ലായ്മയെ വെള്ളപൂശാനുള്ള മാനദണ്ഡമായി ഈ നൈതികതയെ ഉപയോഗിക്കുമ്പോഴാണ് സത്യം പരാജയപ്പെടുന്നത്. എല്ലാ വേലിക്കെട്ടുകളും തകര്‍ത്ത് ബുദ്ധിജീവികള്‍ എന്നു വിചാരിക്കുന്ന ഒരു വിഭാഗത്തിന്റെ ഇടുങ്ങിയ ധൈഷണിക വ്യവഹാരത്തിനുള്ളിലേക്ക് മതവും സംസ്‌കാരവും പരുവപ്പെടുത്ത ഒരവസ്ഥ നിലവിലുണ്ട്.
ബ്രിട്ടനിലെ ഡര്‍ഹാം യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗം പ്രൊസര്‍ കോളിന്‍ ടര്‍ണര്‍ ഒരു ടര്‍ക്കിഷ് സൂഫിയെക്കുറിച്ച് സംസാരിക്കവേ ഓര്‍മപ്പെടുത്തിയതോര്‍ക്കുന്നു: ‘അദ്ദേഹം സുന്നി വിശ്വാസ പ്രമാണത്തിലധിഷ്ടിതമായ ചിന്തകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഒരാളാണെന്നായിരിക്കും നിങ്ങളുടെ വിചാരം. അത് ശരിയായിരിക്കാം. ഞാനും വ്യക്തിപരമായി അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ്. പക്ഷേ ഒരു അക്കാദമിക ചര്‍ച്ചയില്‍ അയാളുടെ ചിന്തകള്‍ക്ക് മാത്രമേ നാം പരിഗണന കൊടുക്കൂ. നമുക്ക് അദ്ദേഹത്തോട് കൂറുപുലര്‍ത്തി നില്‍ക്കൊനൊന്നുമാകില്ല. അങ്ങനെ കൂറുപുലര്‍ത്താതിരിക്കുന്നത് ഒരര്‍ത്ഥത്തില്‍ ആത്മവഞ്ചനാപരമാണെങ്കില്‍ കൂടി.’ ഇത്തരമൊരു പച്ചവറ്റിയ ധിഷണാമണ്ഡലത്തിലാണ് മതചര്‍ച്ചകള്‍ കയറിവരുന്നത്. മതത്തില്‍ നിറവും സുഗന്ധവും അവഗണിക്കുകയും എന്തിനെയും ഏതിനെയും സ്വന്തം ധിഷണാവ്യവഹാരത്തിന്റെ പരിമിതവട്ടത്തിലിട്ട് തേട്ടിയരക്കുകയും ചെയ്യുകയാണ് പലപ്പോഴും നമ്മുടെ ധൈഷണിക മണ്ഡലത്തില്‍ സ്വയം പ്രതിഷ്ഠിച്ചവര്‍ ചെയ്യുന്നത്.
ഷാര്‍ലിഹെബ്ദോ സംഭവവുമായി ബന്ധപ്പെട്ട് ‘ദി ഹിന്ദു’ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരഭിമുഖത്തില്‍ മുസ്‌ലിം ബുദ്ധിജീവിയായ മഹ്മൂദ് മംദാനിയുടെ ഒരു പരാമര്‍ശം കാണുക: ”പ്രവാചകനിന്ദ മതത്തിനകത്തു നിന്നു തന്നെ മതത്തിന്റെ പാരമ്പര്യത്തെ വിമര്‍ശന വിധേയമാക്കുന്ന ഒരു പ്രവണതയെക്കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. ആ വിമര്‍ശനത്തിന് ഇസ്‌ലാമില്‍ ആദരിക്കപ്പെടുന്ന ഒരു നീണ്ട ചരിത്രവുമുണ്ട്. ഇസ്‌ലാമില്‍ മതത്തിനകത്തുനിന്നും പാരമ്പര്യത്തെ നിരൂപണ വിധേയമാക്കുന്ന പ്രക്രിയയാണ് ഇജ്തിഹാദ്.’ എങ്ങനെയുണ്ട്! ഇത് ഒരു ഉദാഹരണം മാത്രം. മതത്തിന്റെ ആത്മാവിനെക്കുറിച്ചോ പ്രമാണങ്ങളെക്കുറിച്ചോ ഒട്ടും ബോധ്യമില്ലാത്ത ഒരുപാട് പഠനങ്ങളും ചര്‍ച്ചകളും സംവാദങ്ങളും ഇസ്‌ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ പഠനങ്ങളെന്ന പേരില്‍ അല്ലെങ്കില്‍ ‘ഇസ്‌ലാമികം’ എന്ന മുദ്രയോടെ പരിഗണിക്കപ്പെടുന്ന ദുരവസ്ഥയുണ്ട്. പടിഞ്ഞാറന്‍ യുക്തിയും ശാസ്ത്രീയതയും കാലാന്തരേണ കൈവരിച്ചിട്ടുള്ള അപ്രമാദിത്വം മുസ്‌ലിം ധിഷണാശാലികളെ മതത്തിന്റെ ആന്തരിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഇറങ്ങിപ്പോന്ന് സൈ്വരവിഹാരം ചെയ്യാനാണ് മിക്കപ്പോഴും പ്രേരിപ്പിച്ചത്.
പ്രശസ്ത അള്‍ജീരിയന്‍ ചിന്തകന്‍ മാലിക് ബിന്നബി തന്റെ ‘ദി ക്വസ്റ്റ്യന്‍ ഓഫ് ഐഡിയാസ്’ എന്ന ഗ്രന്ഥം സംഗ്രഹിച്ചുകൊണ്ട് പറയുന്നത് ശ്രദ്ധിക്കുക: ‘പ്രത്യേകിച്ച് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം പടിഞ്ഞാറന്‍ വരേണ്യര്‍ വരെ മാര്‍ക്‌സിസ്റ്റ് ചിന്താ പദ്ധതിയില്‍ നിന്ന് സ്വതന്ത്രമായ ഇതര ആദര്‍ശങ്ങളിലേക്ക് കൂട് കൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇതിന് വിരുദ്ധമായി നാമിന്ന് കാണുന്ന ദയനീയമായ ഒരു യാഥാര്‍ത്ഥ്യം ചില മുസ്‌ലിം ബുദ്ധിജീവികളെ ഈ മാര്‍ക്‌സിസ്റ്റ് താത്വിക സമ്പ്രദായികത ഇന്നും വിട്ടുപോവാത്തതായിട്ടാണ്. ഈ ദശാസന്ധിയില്‍ ഇസ്‌ലാമിക ചിന്തയില്‍ നിന്നു മാറി ഇത്തരം ചിന്താപാത പിന്തുടരുന്നതു കൊണ്ട് നമുക്കൊരു ചരിത്രം നിര്‍മിക്കാന്‍ സാധ്യമല്ല. ഇസ്‌ലാമിക സ്രോതസ്സുകളില്‍ നിന്നുള്ള പുതുവഴികള്‍ തുറന്നുകൊണ്ട് മാത്രമേ നിശ്ചയമായും നമുക്കത് സാധ്യമാവുകയുള്ളൂ.’
ജ്ഞാനോദയാനന്തര യൂറോപ്പില്‍ രൂപമെടുത്ത ആദര്‍ശങ്ങളോട് വിധേയത്വം പുലര്‍ത്തുന്ന ഒരു സമൂഹം മുസ്‌ലിം പ്രതിനിധികളായി നമ്മുടെ ധൈഷണിക വേദികളില്‍ ഉയര്‍ന്നു വന്നതിന്റെ ഫലമായാണ് ഇസ്‌ലാമിന്റെ പേരില്‍ വരണ്ടുണങ്ങിയ ആശയാവലികള്‍ പൊതു ചര്‍ച്ചകളിലേക്ക് കടന്നുവരുന്നത്. ഡോ.സഈദ് റമളാന്‍ ബൂത്വി തന്റെ ‘ഫിഖ്ഹുസ്സീറ’ എന്ന നബി ചരിത്ര ഗ്രന്ഥത്തിന്റെ ആമുഖക്കുറിപ്പില്‍ പറഞ്ഞുവെക്കുന്നുണ്ട്: ‘ഇന്നു ലോകം സമ്പാദിച്ചെടുത്ത പരിമിതമായ ശാസ്ത്രീയാറിവുകളുടെ കേവല ആധാരങ്ങള്‍ വെച്ച് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അമാനുഷിക സിദ്ധികളെയും മറ്റും ഒഴിവാക്കിയോ അവയെ ആലങ്കാരികമെന്ന നിലയില്‍ കാണുകയോ ചെയ്യുന്ന ചില ആധുനിക കാല മുസ്‌ലിം പണ്ഡിതന്മാരുടെ നബിപരിചയ രചനകള്‍ക്ക് തിരുത്തായാണ് ഞാനീ ഗ്രന്ഥരചന നിര്‍വ്വഹിച്ചിട്ടുള്ളത്.’ ഇത്തരം യൂറോ കേന്ദ്രീകൃത നിലാടുകളുടെ മൂശയിലിട്ട് വെട്ടിമുറിച്ചൊപ്പിച്ച ഇസ്‌ലാമിന് രൂപം കൊടുക്കുന്നതില്‍ അക്കാദമിക ബുദ്ധിജീവികളുടെ പങ്കും വലുതാണ്.
എന്നാല്‍ വളരെ വിരളമായി പടിഞ്ഞാറന്‍ ജ്ഞാന ബോധത്തോട് കൂറുപുലര്‍ത്താതെ എങ്ങനെ ആഗോള അക്കാദമിക ലോകത്ത് നിലകൊള്ളാനാകുമെന്ന അപകര്‍ഷതാബോധത്തെ ധൈര്യസമേതം നേരിടുന്ന ഒരാളാണ് സിങ്കപ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി വിഭാഗം പ്രൊഫസര്‍ ഡോ. സയ്യിദ് ഫരീദ് അല്‍ അത്താസ്. പാരമ്പര്യമൂല്യങ്ങളെക്കുറിച്ച് അക്കാദമിക ചര്‍ച്ചകളില്‍ ഏറെ പരാമര്‍ശിക്കാറുള്ള അത്താസ്, അക്കാദമിക വേദികളില്‍ ഒരു തസ്ബീഹ് മാലയും പിടിച്ചാണ് കടന്നുവരാറുള്ളത്. പടിഞ്ഞാറന്‍ ലോകത്ത് നിലനില്‍ക്കുന്ന സംസ്‌കാരിക സ്വത്വപ്രതിസന്ധിയെ ധീരമായി മറികടക്കാനാവുമെന്ന ശുഭസൂചന നല്‍കുന്ന അക്കാദമിഷ്യനാണ് ഡോ. അത്താസ്.
മതത്തിന്റെ സാങ്കേതിക പദങ്ങളെ തത്വദീക്ഷയില്ലാതെ ഉപയോഗിക്കുന്ന ഒരു പ്രവണത കൂടി ആധുനിക അക്കാദമിക തലങ്ങളില്‍ കാണുന്നു. സൂഫി എന്നത് ഇത്തരത്തില്‍ പറഞ്ഞുപറഞ്ഞ് ഇസ്‌ലാമില്‍ നിന്ന് വളരെ വിദൂരമായ ഒരു രീതിയായി മാറിക്കഴിഞ്ഞതായി കാണാനാവുന്നു. ഇസ്‌ലാമിക നിയമങ്ങള്‍ കണിശമായി പാലിക്കുന്നവര്‍ക്കുള്ള ഈ സുന്ദരനാമം, പടിഞ്ഞാറന്‍ വിധേയത്വമുള്ള ധൈഷണിക കാപാലികത(Intellectual Violance) യുടെ ഇരയായി മാറിയത് ഗൗരവത്തിലെടുക്കണം. ഈ നിലയില്‍ യാതൊരു ഇസ്‌ലാമിക ബന്ധങ്ങളുമില്ലാതെ ഇസ്‌ലാമിനെ സൗകര്യപൂര്‍വം ഉപയോഗിക്കുന്ന രീതിയില്‍ നിന്നും മാറി അര്‍ത്ഥവത്തായ ഒരു ഇസ്‌ലാമിക അക്കാദമിക ലോകം ബുദ്ധിപൂര്‍വം രൂപീകരിച്ചില്ലെങ്കില്‍ യഥാര്‍ത്ഥ ഹൃദയമുള്ള മതാസ്വാദനവും പഠനവും നമ്മുടെ ലോകത്തു നിന്ന് എന്നെന്നേക്കുമായി നഷ്ടമായേക്കും.
റഫറന്‍സ്:
1.Fiqhussiera, Darulfikr, Dr.Ramalan Boothy
2.MiddleEast, Phoenix, Bernad Lewis
3.The question of ideas, IBT, Malik Bennabi
അശ്‌റഫ് ഹസന്‍
You must be logged in to post a comment Login