വായനയെ അത്രമേല്‍ ഇഷ്ടപ്പെടുന്നയാളാണോ നിങ്ങള്‍? പുസ്തകങ്ങളാണോ ഇണപിരിയാത്ത കൂട്ടുകാര്‍? എഴുത്തുകാരുടെ വിശേഷങ്ങളും പുതിയ പുസ്തകങ്ങളുടെ വാര്‍ത്തകളുമെല്ലാം കൊതിയോടെയാണോ കേള്‍ക്കാറ്? മൂന്ന് കാര്യങ്ങള്‍ക്കും അതേ എന്നാണുത്തരമെങ്കില്‍ ധൈര്യമായി ലൈബ്രറി സയന്‍സ് കരിയറായി തിരഞ്ഞെടുക്കാം. വരുമാനമാര്‍ഗം എന്നതിലുപരി ആത്മാവിനും മനസിനും സന്തോഷം പകരുന്ന അപൂര്‍വം തൊഴിലുകളിലൊന്നാണ് ലൈബ്രേറിയന്റേത്.
ലൈബ്രേറിയന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പൊടിപിടിച്ച അലമാരികള്‍ക്കിടയില്‍ നിന്നൊരു തടിയന്‍ പുസ്തകവുമായി പുറത്തേക്ക് വരുന്ന കട്ടിക്കണ്ണട ധരിച്ച ഒരാളുടെ ചിത്രമാണ് പഴമക്കാരുടെ മനസില്‍ തെളിയുക. പണ്ടത്തെക്കാലത്തെ ലൈബ്രേറിയന്‍മാരുടെ രൂപമായിരുന്നു അത്. എന്നാല്‍ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ കിട്ടാനുളള പുതിയ കാലത്ത് ലൈബ്രേറിയന്‍മാരുടെ വേഷവും കോലവുമെല്ലാം മാറി. അവരുടെ ജോലിയുടെ സ്വഭാവത്തിലും കിട്ടുന്ന ശമ്പളത്തിലുമൊക്കെ മാറ്റം വന്നു. ഇന്നിപ്പോള്‍ ലൈബ്രറികളില്‍ മാത്രമൊതുങ്ങുന്നില്ല ലൈബ്രേറിയന്റെ പ്രവര്‍ത്തനമേഖല. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പത്ര/ടെലിവിഷന്‍ സ്ഥാപനങ്ങളിലും ബഹുരാഷ്ട്ര കമ്പനികളിലുമൊക്കെ ലൈബ്രേറിയന്‍ കൂടിയേ തീരൂ.
ആദ്യം വേണ്ടത് വായനാശീലം
ഒരു പുസ്തകം പോലും മറിച്ചുനോക്കാത്തവന് പറഞ്ഞിട്ടുള്ള പണിയല്ല ലൈബ്രേറിയന്റേത്. വായനാശീലമുള്ളതുകൊണ്ടുമായില്ല, പുസ്തകങ്ങളോട് ഭ്രാന്തമായ അഭിനിവേശമുള്ളവര്‍ക്കേ ഈ രംഗത്ത് തിളങ്ങാനാകൂ. ഒപ്പം മികച്ച ആശയവിനിമയശേഷി, കാര്യങ്ങള്‍ ചിട്ടയോടെ ചെയ്തുതീര്‍ക്കാനുള്ള കഴിവ്, ലൈബ്രറിയിലെത്തുന്ന ഓരോരുത്തരുടെയും ആവശ്യങ്ങള്‍ മനസിലാക്കി അത് നിര്‍വഹിക്കാനുള്ള ബോധം, ഹൃദ്യമായ പെരുമാറ്റം, ഓര്‍മശക്തി എന്നിവയും വേണം. ഓരോ പുസ്തകവും ലൈബ്രറിയുടെ ഏത് അലമാരയിലെ എത്രാമത് തട്ടിലുണ്ടാകുമെന്നത് ഓര്‍മിച്ചുപറയുന്ന ലൈബ്രേറിയന്‍മാരുണ്ടായിരുന്നു. കാറ്റലോഗും പട്ടികയുമെല്ലാം കമ്പ്യൂട്ടറിലായയോടെ അത്രയും ഓര്‍മശക്തിയൊന്നും ഇപ്പോള്‍ വേണ്ട. എങ്കിലും തീരെ ഓര്‍മ നില്‍ക്കാത്തയാളുകള്‍ മറ്റേതെങ്കിലും ജോലി കണ്ടെത്തുന്നതാണ് നല്ലത്.
ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എല്‍.ഐ.എസ്.)
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഗ്രന്ഥങ്ങളും വായനക്കാരുമുണ്ടെങ്കിലും ലൈബ്രറി ഒരു പഠനവിഷയമായി മാറിയത് 1887ലാണ്. അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ ആ വര്‍ഷം മുതല്‍ ലൈബ്രറി സയന്‍സില്‍ പ്രത്യേക കോഴ്‌സ് ആരംഭിച്ചു. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളര്‍ച്ചയ്ക്കനുസരിച്ച് ലൈബ്രറി സയന്‍സ് എന്ന പഠനശാഖയും പടര്‍ന്നുപന്തലിച്ചു. മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എജ്യുക്കേഷന്‍… ഈ മേഖലകളില്‍ നിന്നൊക്കെയുള്ള വിഷയങ്ങള്‍ ചേരുന്നതാണ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന്റെ (എല്‍.ഐ.എസ്) സിലബസ്. നല്ല ലൈബ്രേറിയന്‍ മികച്ചൊരു മാനേജ്‌മെന്റ് വിദഗ്ധനും ഐ.ടി. എക്‌സ്‌പേര്‍ട്ടും കൂടിയായിരിക്കണമെന്നര്‍ഥം. മുമ്പത്തെ പോലെ പുസ്തകങ്ങള്‍ മാത്രം ശേഖരിക്കുന്നതിലും തരം തിരിക്കുന്നതിലുമൊതുങ്ങുന്നില്ല ലൈബ്രേറിയന്റെ ജോലി. മൈക്രോ-ഫിലിമുകള്‍, ഓഡിയോ-വീഡിയോ ശേഖരങ്ങള്‍, സ്‌ലൈഡുകള്‍ എന്നിവയും ലൈബ്രറികളില്‍ ശേഖരിക്കപ്പെടുന്നു. ഇവ കൃത്യമായി തരം തിരിച്ച് ആവശ്യക്കാര്‍ക്ക് വേണ്ടത് നല്‍കുക എന്നതും ലൈബ്രേറിയന്റെ ജോലിയില്‍ പെടുന്നു. അത്തരം കാര്യങ്ങളൊക്കെ ശാസ്ത്രീയമായി പഠിക്കാനുതകുന്ന സിലബസാണ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിലുള്ളത്.
എന്ത് പഠിക്കണം
സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ തൊട്ട് എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകള്‍ വരെ ചെയ്യാവുന്ന ബൃഹത്തായൊരു പഠനമേഖലയാണ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്തശേഷം ലൈബ്രറി സയന്‍സിലേക്ക് തിരിയുന്നതാണ് ഏറ്റവും നല്ലത്. ബിരുദയോഗ്യത നേടിയവര്‍ക്ക് ഒരുവര്‍ഷത്തെ ബാച്ചിലര്‍ ഇന്‍ ലൈബ്രറി സയന്‍സ് (ബി.എല്‍.ഐ.സി.) കോഴ്‌സിന് ചേരാം. ലൈബ്രറി അഡ്മിനിസ്‌ട്രേഷന്‍, ബഡ്ജറ്റിങ്, പേഴ്‌സണല്‍ മാനേജ്‌മെന്റ്, കാറ്റലോഗിങ്, നെറ്റ്‌വര്‍ക്കിങ്, ഓട്ടോമേഷന്‍, ഇന്‍ഫര്‍മേഷന്‍ സോഴ്‌സസ്, കണ്‍സര്‍വേഷന്‍ ഓഫ് സ്റ്റഡിമെറ്റീരിയല്‍സ്, റിസര്‍ച്ച് മെത്തെഡോളജി എന്നീ വൈവിധ്യമാര്‍ന്ന അനുബന്ധവിഷയങ്ങളാണ് കോഴ്‌സിന് പഠിക്കാനുണ്ടാകുക. അതിനുശേഷം താത്പര്യമുള്ളവര്‍ക്ക് മാസ്‌റ്റേഴ്‌സ് ഡിഗ്രി ഇന്‍ ലൈബ്രറി കോഴ്‌സ് (എം.എല്‍.ഐ.സി.) കോഴ്‌സ് പഠിക്കാവുന്നതാണ്. എം.എല്‍.ഐ.സി. യോഗ്യത കൂടിയായാല്‍ എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകളും ചെയ്യാം. നല്ല സ്ഥാപനങ്ങളില്‍ നിന്ന് ബി.എല്‍.ഐ.സി. കോഴ്‌സ് കഴിഞ്ഞിറങ്ങിയാല്‍ തന്നെ കൊളളാവുന്ന ജോലി ലഭിക്കുമെന്ന കാര്യം ഉറപ്പ്. ബി.എല്‍.ഐ.സിയും എം.എല്‍.ഐ.സിയും ചേര്‍ത്തുകൊണ്ടുള്ള രണ്ടുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സും ഇപ്പോള്‍ ചില സര്‍വകലാശാലകള്‍ നടത്തുന്നുണ്ട്.
ജോലി എവിടെയൊക്കെ
സര്‍ക്കാര്‍/സ്വകാര്യ ലൈബ്രറികള്‍, സര്‍വകലാശാലകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വിദേശ എംബസികള്‍, ഫോട്ടോ/ഫിലിം/റേഡിയോ/ടെലിവിഷന്‍ ലൈബ്രറികള്‍, മ്യൂസിയം ആര്‍ട് ഗാലറികള്‍ എന്നിവിടങ്ങളിലൊക്കെ ലൈബ്രേറിയന്റെ തസ്തിക കൂടിയേ തീരൂ. ഇതിനൊക്കെ പുറമെ ബഹുരാഷ്ട്ര കമ്പനികളും ലൈബ്രറി ബിരുദക്കാരെ ധാരാളമായി റിക്രൂട്ട് ചെയ്യുന്നുണ്ട്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.സി.) പോലുള്ള വമ്പന്‍ ഐ.ടി. കമ്പനികളിലും ലൈബ്രറി ബിരുദക്കാര്‍ ജോലി ചെയ്യുന്നു. ഇന്‍ഫര്‍മേഷന്‍ അനലിസ്റ്റ്, ഇന്‍ഡെക്‌സര്‍, ഇന്‍ഫാര്‍മേഷന്‍ ആര്‍ക്കിടെക്റ്റ്, ആര്‍ക്കൈവിസ്റ്റ് എന്നൊക്കൊയാണ് ഇവിടങ്ങളിലെ ലൈബ്രേറിയന്റെ തസ്തിക. വെറുതെ പുസ്തകങ്ങള്‍ അടുക്കിപ്പെറുക്കിവെക്കുകയല്ല വിവരങ്ങള്‍ ക്രോഡീകരിച്ച് ഇന്റര്‍നെറ്റ് വഴി ലോകം മുഴുവനുമെത്തിക്കുക എന്നതായിരിക്കും മള്‍ട്ടിനാഷണല്‍ കമ്പനികളിലെ ലൈബ്രേറിയന്റെ ജോലി. കമ്പനിയെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും പത്രവാര്‍ത്തകളും ഇവര്‍ ശേഖരിച്ച് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നു. ഭാവിയില്‍ കമ്പനി എടുക്കാന്‍ പോകുന്ന പല നിര്‍ണായകതീരുമാനങ്ങള്‍ക്കും മുമ്പ് ഇത്തരം ബാക്ക്ഫയലുകള്‍ പരിശോധിക്കും. ഈ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തായിക്കഴിഞ്ഞാല്‍ ജോലി രാജിവച്ച് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നവരുമുണ്ട്.
ശമ്പളവും ആകര്‍ഷകം
പ്രതിമാസം ആയിരം രൂപ മാത്രം ഹോണറേറിയം വാങ്ങി ജോലി ചെയ്യുന്ന ലൈബ്രേറിയന്‍മാരെ നാട്ടിന്‍പുറങ്ങളില്‍ കാണാം. എന്നാല്‍ അതല്ല നഗരങ്ങളിലെ സ്ഥിതി. ബി.എല്‍.ഐ.സി. കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന തുടക്കക്കാര്‍ക്ക് പോലും 10,000-15,000 രൂപ നിരക്കില്‍ ശമ്പളം ലഭിക്കുന്നുണ്ട്. പ്രവൃത്തിപരിചയം കൂടുന്നതിനനുസരിച്ച് ശമ്പളവും കൂടും. കോളേജുകളിലാണെങ്കില്‍ പ്രൊഫസറുടെ അതേ ശമ്പള സ്‌കെയിലാണ് ലൈബ്രേറിയന്റേത്. ഡെപ്യൂട്ടി ലൈബ്രേറിയനാകട്ടെ അസോസിയേറ്റ് പ്രൊഫസറുടെ ശമ്പളനിരക്കും. സ്വകാര്യ കമ്പനികളില്‍ ഇന്‍ഫര്‍മേഷന്‍ അനലിസ്റ്റ്, ഇന്‍ഫര്‍മേഷന്‍ ആര്‍ക്കിടെക്റ്റ് ജോലി ചെയ്യുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയ്ക്കടുത്ത് വാര്‍ഷികവരുമാനം ലഭിക്കുന്നുണ്ട്.
എവിടെ പഠിക്കാം
ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠിപ്പിക്കാന്‍ രാജ്യത്ത് രണ്ട് മുന്‍നിര സ്ഥാപനങ്ങളുണ്ട്. ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ റിസോഴ്‌സും (എന്‍.ഐ.എസ്.സി.എ.ഐ.ആര്‍.) ബാംഗ്‌ളൂരിലെ ഡോക്യുമെന്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്ററും (ഡി.ആര്‍.ടി.സി.). ഇതിനുപുറമെ ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല, അലിഗഡ് മുസ്‌ലിം സര്‍വകലാശാല, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും മികച്ച രീതിയില്‍ ബി.എല്‍.ഐ.സി. കോഴ്‌സ് നടത്തുന്നു. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി, ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്‌സിറ്റി, ഹര്യാനയിലെ കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി, ലഖ്‌നൗ യൂണിവേഴ്‌സിറ്റി, പഞ്ചാബ് യൂണിവേഴ്‌സിറ്റി, ഗുജറാത്ത് യൂണിവേഴ്‌സിറ്റി, തമിഴ്‌നാട്ടിലെ മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ബി.എല്‍.ഐ.സി. കോഴ്‌സുകളും പേരുകേട്ടവയാണ്.
വിദൂരവിദ്യാഭ്യാസരീതിയില്‍ ബി.എല്‍.ഐ.സി. കോഴ്‌സ് പൂര്‍ത്തിയാക്കാനും പല സര്‍വകലാശാലകളും സൗകര്യമൊരുക്കുന്നു. ഇവയില്‍ ഏറ്റവും പ്രധാനം ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) തന്നെ. ഹൈദരാബാദിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ ഓപ്പണ്‍ യൂണിേവഴ്‌സിറ്റി, മൈസൂരിലെ കര്‍ണാടക സ്‌റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കോയമ്പത്തൂരിലെ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും വിദൂരവിദ്യാഭ്യാസരീതിയില്‍ ബി.എല്‍.ഐ.സി. കോഴ്‌സുകള്‍ നടക്കുന്നുണ്ട്.
പഠനം കേരളത്തില്‍
കേരള സര്‍വകലാശാലയുടെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസില്‍ രണ്ടു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എല്‍.ഐ.സി. കോഴ്‌സ് നടത്തുന്നുണ്ട്. 20 സീറ്റുകളാണുള്ളത്. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ലൈബ്രറി സയന്‍സില്‍ എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകളും ഇവിടെയുണ്ട്.
കേരളയൂണിവേഴ്‌സിറ്റിയുടെ തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ കറസ്‌പോണ്ടന്‍സ് രീതിയില്‍ എം.എല്‍.ഐ.സി., ബി.എല്‍.ഐ.സി. കോഴ്‌സുകള്‍ നടത്തുന്നു.
കോട്ടയത്തെ എം.ജി. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഒരു വര്‍ഷത്തെ ബി.എല്‍.ഐ.സി. കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്. 45 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. എം.എല്‍.ഐ.സി. കോഴ്‌സും ഇവിടെയുണ്ട്. 45 ശതമാനം മാര്‍ക്കോടെ ബി.എല്‍.ഐ.സി. പാസായവര്‍ക്ക് അപേക്ഷിക്കാം.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഇന്റഗ്രേറ്റഡ് എം.എല്‍.ഐ.സി. കോഴ്‌സ് നടത്തുന്നു. 25 സീറ്റുകളാണുള്ളത്. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകളും കാലിക്കറ്റിലുണ്ട്.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രററി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സും രണ്ടുവര്‍ഷത്തെ എം.എല്‍.ഐ.എസ്.സി. കോഴ്‌സ് നടത്തുന്നു. 25 സീറ്റുകളുണ്ട്.
യൂണിവേഴ്‌സിറ്റി സെന്ററുകള്‍ക്ക് പുറമെ വിവിധ കോളേജുകളിലും ബി.എല്‍.ഐ.സി., എം.എല്‍.ഐ.സി. കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ചങ്ങനാശേരി എസ്.ബി. കോളേജ് (എം.എല്‍.ഐ.എസ്.സി.), തിരുവല്ലയിലെ സെന്റ് മേരീസ് കോളേജ് ഫോര്‍ വിമന്‍ (ബി.എല്‍.ഐ.എസ്.സി.), കളമശേരിയിലെ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് (ബി.എല്‍.ഐ.എസ്.സി., എം.എല്‍.ഐ.എസ്.സി.), കോട്ടയത്തെ ഏറ്റുമാനൂരപ്പന്‍ കോളേജ് (ബി.എല്‍.ഐ.എസ്.സി.), ആലുവയിലെ എം.ഇ.എസ്. കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (എം.എല്‍.ഐ.എസ്.സി.), കോഴിക്കോട്ടെ ഫാറൂഖ് കോളേജ് (ബി.എല്‍.ഐ.എസ്.സി., എം.എല്‍.ഐ.എസ്.സി.) എന്നിവയാണ് ചില പ്രധാന കോളേജുകള്‍.
റസല്‍
You must be logged in to post a comment Login