പെന്ഷന് വാങ്ങാന്‍ ക്യൂ നില്ക്കുന്ന അനേകം പേര്. അതിന് സമീപം തളര്‍ന്നിരുന്ന് കരയുന്ന വൃദ്ധന്. ഗ്രീസ് ചോദിച്ചുവാങ്ങിയതും അടിച്ചേല്‍പ്പിച്ചതുമായ സാമ്പത്തിക പ്രതിസന്ധി, അവിടുത്തെ ജനങ്ങളെ ഏത് വിധത്തിലാണ് ബാധിക്കുന്നത് എന്ന് അറിയിക്കുന്നതായിരുന്നു ഈ ചിത്രം. മൊത്തം ആഭ്യന്തര ഉത്പാദനം വര്‍ഷത്തില്‍ ഏഴര ശതമാനം വരെ വളര്‍ന്ന കാലമുണ്ടായിരുന്നു ഗ്രീസ് എന്ന വികസിത രാഷ്ട്രത്തിന്. ഒരു കോടി പതിനഞ്ച് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ചെറു രാഷ്ട്രമെന്ന നിലക്ക് അസൂയാവഹമായ വളര്‍ച്ചാ തോതായിരുന്നു ഇത്. ഇവിടെ നിന്നാണ് പാപ്പര്‍ എന്ന പദവിയിലേക്ക് ഗ്രീസിന്റെ പതനം. അന്നം വാങ്ങാന്‍ എന്തു വഴിയെന്ന് കേഴുന്ന സ്ഥിതിയിലേക്ക് അവിടുത്തെ ജനം എത്തുന്നതും.
കമ്പോളാധിഷ്ഠിത സമ്പദ് വ്യവസ്ഥ ഏതളവില്‍ ദുര്‍ബലമാണെന്ന് 2008ലെ ആഗോള മാന്ദ്യം പറഞ്ഞുതന്നതാണ്. ഭവനവായ്പകള്‍ തിരിച്ചടക്കാന്‍ ശേഷിയുള്ള അമേരിക്കന്‍ പൗരന്മാരുടെ എണ്ണം കുറഞ്ഞപ്പോള്‍ ബാങ്കുകളുടെ ഭദ്രതയെ ബാധിച്ചു. പുതിയ വായ്പാ വിതരണം ഇല്ലാതായതോടെ അതിന്റെ തുടര്‍ച്ചയായി നിലകൊണ്ടിരുന്ന സകല കടപ്പത്ര വിപണിയും പ്രതിസന്ധിയിലായി. ക്രമേണ ജനത്തിന്റെ വാങ്ങല്‍ശേഷിയെ ഇത് ബാധിക്കാന്‍ തുടങ്ങി. ഇതോടെ ഉത്പാദനമേഖല പ്രതിസന്ധിയിലായി. തൊഴിലവസരങ്ങള്‍ കുറഞ്ഞു. വലിയ ബാങ്കുകള്‍ തകര്‍ന്നു. വമ്പന്‍ കമ്പനികളൊക്കെ സാമ്പത്തിക സഹായത്തിനായി സര്‍ക്കാറിനെ ആശ്രയിക്കുന്ന അവസ്ഥയുണ്ടായി. സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ ബരാക് ഒബാമ ഭരണകൂടം തയ്യാറായപ്പോള്‍ സര്‍ക്കാറിന്റെ കടഭാരം കൂടി. വായ്പാ തിരിച്ചടവ് മുടങ്ങുന്ന അവസ്ഥ അമേരിക്ക മുന്നില്‍ക്കണ്ടു. രാജ്യത്തിന് സ്വീകരിക്കാവുന്ന കടത്തിന്റെ പരിധി ഉയര്‍ത്തിയാണ് അന്ന് ആ പ്രതിസന്ധിയെ അമേരിക്ക അതിജീവിച്ചത്.
കടത്തിന്റെ തോതില്‍ ഇപ്പോഴും അമേരിക്ക മുന്നില്‍ തന്നെയാണ്. മാന്ദ്യത്തെ പൂര്‍ണമായി മറികടന്നില്ലെങ്കിലും സമ്പദ് ശക്തിയായി അമേരിക്ക തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ ആഗോള സാമ്പത്തിക സ്ഥാപനങ്ങളൊക്കെത്തന്നെ അമേരിക്കക്ക് വീണ്ടും കടം നല്കാന് തയ്യാറായി നില്ക്കുന്നു. കടമെടുക്കല്‍ ശേഷി നിര്‍ണയിക്കുന്ന ഏജന്‍സികളെയും അന്താരാഷ്ട്ര നാണയ നിധിയുള്‍പ്പെടെ ആഗോള സാമ്പത്തിക സ്ഥാപനങ്ങളെയുമൊക്കെ നിയന്ത്രിക്കാന്‍ ശേഷിയുള്ളതുകൊണ്ട് കൂടിയാണ് നിക്ഷേപത്തിന്റെ (കടത്തിന്റെയും) ഒഴുക്ക് അമേരിക്കയിലേക്ക് തുടരുന്നത്. ഇതുള്‍പ്പെടെ ഊതിവീര്‍പ്പിച്ച ശതമാനക്കണക്കുകള്‍ കൊണ്ട് മേനി നടിക്കാനാകുമെങ്കിലും യാഥാര്‍ഥ്യം എത്രയോ ഭിന്നമാണ്. പുറംതൊഴില്‍ കരാര്‍ നല്‍കുന്നത് (അതിന്റെ പ്രധാന ഉപഭോക്താവ് ഇന്ത്യയാണ്) അവസാനിപ്പിക്കണമെന്നും അമേരിക്കക്കാര്‍ക്ക് തൊഴിലവസരം ഉറപ്പാക്കണമെന്നുമുള്ള ആവശ്യം ശക്തമാകുന്നത് തൊഴിലന്വേഷകരുടെ എണ്ണം ഉയരുന്നതിന് തെളിവാണ്.
ഊതിപ്പെരുപ്പിച്ച ശതമാനക്കണക്കുകള്‍ തന്നെയാണ് ഗ്രീസിനെ ഇന്നത്തെ നിലയിലേക്ക് നയിച്ചത്. വിനോദ സഞ്ചാരം, കൃഷി, ഖനനം, എണ്ണ തുടങ്ങിയവയാണ് ഗ്രീസിന്റെ പ്രധാന വരുമാന സ്രോതസ്സുകള്‍. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 40 ശതമാനവും പൊതുമേഖലയില്‍ നിന്നായിരുന്നു. പതിനെട്ട് ശതമാനത്തോളം വിനോദ സഞ്ചാര മേഖലയില്‍ നിന്നും. ആഭ്യന്തര ഉത്പാദനത്തിന്റെ തോത് വര്‍ഷം തോറും വര്‍ധിക്കുന്നതായി രേഖപ്പെടുത്തിയപ്പോള്‍ തന്നെ, സര്‍ക്കാറിന്റെ വരവും ചെലവും പൊരുത്തപ്പെട്ടിരുന്നില്ല. ധനക്കമ്മി നിയന്ത്രണങ്ങള്‍ തെറ്റിച്ച് വളര്‍ന്നു. യൂറോപ്യന്‍ യൂനിയന്റെയും യൂറോസോണിന്റെയും ഭാഗമാകാന്‍ തീരുമാനിച്ചപ്പോള്‍, ധനക്കമ്മിയുടെ തോത് ഉയര്‍ന്നത് ഗ്രീസ് മറച്ചുവെച്ചു. സമ്പത്തില്ലാത്തവനെ കൂടെക്കൂട്ടാന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തയ്യാറായിരുന്നില്ല, എന്നതുകൊണ്ടായിരുന്നു മറച്ചുവെക്കല്‍. 2008ല്‍ സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെട്ടതോടെ ധനസ്ഥിതി ഭദ്രമല്ലെന്ന് ഗ്രീസിന് തുറന്ന് പറയേണ്ടിവന്നു. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 12 ശതമാനമാകും ധനക്കമ്മിയെന്ന് 2009 ഒക്ടോബറില്‍ പ്രധാനമന്ത്രി ജോര്‍ജ് പപ്പെന്ഡ്ര്യൂ പ്രഖ്യാപിച്ചു. കടമെടുപ്പ് ശേഷി കുറച്ച് ഏജന്‍സികളുടെ കുറിമാനം പിറകെ വന്നു. അതിനകം ഗ്രീസിന് വന്‍തുക കടമായി കൊടുത്ത യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, ഫ്രാന്‍സിലെയും ജര്‍മനിയിലെയും ബാങ്കുകള്‍, അന്താരാഷ്ട്ര നാണയ നിധി തുടങ്ങിയവക്ക് ആധിയായി. അതിന്റെ തുടര്‍ച്ചയായിരുന്നു യൂറോ സോണ്‍ പങ്കാളികള്‍ ചേര്‍ന്ന് ആദ്യവും ഐ എം എഫ് പിന്നീടും നല്കിയ രക്ഷാ പാക്കേജുകള്‍. (പാക്കേജുകള്‍ എന്നാല്‍ പുതിയ കടങ്ങള്‍ എന്നാണ് അര്‍ഥം)
ഈ പാക്കേജുകള്‍ ഗ്രീസിന്റെ കടം വര്‍ധിപ്പിക്കാന്‍ മാത്രമേ ഉപകരിച്ചുള്ളൂ. ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ 170 ശതമാനമായി വിദേശ കടം ഉയര്‍ന്നു. പാക്കേജായി കിട്ടിയ 22,000 കോടി യൂറോയില്‍ 80 ശതമാനവും പോയത്, ഗ്രീക്കിന്റെ ബാങ്കുകളിലേക്കും മുന്‍കാലത്ത് കടം നല്കിയ വിദേശ ബാങ്കുകളിലേക്കുമായിരുന്നു (പ്രധാനമായും ഫ്രാന്‍സിന്റെയും ജര്‍മനിയുടെയും ബാങ്കുകളിലേക്ക്). ഇതോടെ സ്വകാര്യ മേഖലയിലുണ്ടായിരുന്ന കടത്തിന്റെ വലിയൊരു വിഹിതം ഇല്ലാതായി, അത് ഗ്രീസ് സര്‍ക്കാറിന്റെ, അതായത് ജനങ്ങളുടെ, ചുമലിലേക്ക് എത്തുകയും ചെയ്തു. അതാണ് ഇപ്പോള്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 170 ശതമാനമായി നില്‍ക്കുന്നത്. പാക്കേജിന്റെ പേരില്‍ കടം നല്‍കുന്നതിന്, സര്‍ക്കാര്‍ ചെലവുകളൊന്നാകെ കുറക്കണമെന്നും സാമൂഹിക സുരക്ഷാ പദ്ധതികളുടെ വിഹിതം കുത്തനെ കുറക്കണമെന്നും യൂറോപ്യന്‍ രാഷ്ട്രങ്ങളും ഐ എം എഫും ഉപാധിവെച്ചിരുന്നു. അതിന്റെയൊക്കെ തുടര്‍ച്ചയായി അനുഭവിച്ച ദുരിതം ഇനിയും കൂടുകയാണെന്ന തിരിച്ചറിവാണ് പെന്ഷന് ഓഫീസിന് മുന്നില്‍ നിന്നുള്ള ചിത്രത്തില്‍ പതിഞ്ഞത്. കടത്തിന്റെ തിരിച്ചടവ് മുടങ്ങി, വലിയ താഴ്ചയിലേക്ക് നീങ്ങാന്‍ ഗ്രീസ് നില്ക്കുമ്പോള്, സഹായിക്കണമെങ്കില്‍ കൂടുതല്‍ ചെലവ് ചുരുക്കല്‍ വേണമെന്ന് ആവശ്യപ്പെടുകയാണ് യൂറോപ്യന്‍ യൂണിയനിലെ സഹജീവികളും ഐ എം എഫും.
കഴിഞ്ഞ ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിരിസ പാര്‍ട്ടിയെയും അതിന്റെ നേതാവ് അലെക്സിസ് സിപ്രാസിനെയും ഗ്രീക്ക് ജനത തിരഞ്ഞെടുത്തത്, ചെലവ് ചുരുക്കല്‍ അവസാനിപ്പിക്കുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ചാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ വെട്ടിച്ചുരുക്കലുകള്‍ സിപ്രാസിന് സാധ്യമല്ല. ധനസമാഹരണത്തിന് പുതിയ സ്രോതസ്സുകള്‍ ഇല്ലതാനും. ചുരുക്കത്തില്‍ കോളനിയിലേക്കുള്ള ഗ്രീസിന്റെ രൂപാന്തരം പൂര്‍ത്തിയായിരിക്കുന്നു. സാമ്പത്തിക അധികാരങ്ങളൊന്നുമില്ലാത്ത, ഭരിക്കേണ്ടതെങ്ങനെ എന്ന് പുറത്തുള്ളവര്‍ തീരുമാനിക്കുന്ന കോളനി. ഒരേ സമയം വിവിധ രാഷ്ട്രങ്ങളുടെ/സാമ്പത്തിക സ്ഥാപനങ്ങളുടെ കോളനിയായി എന്നത് മാത്രമാണ് കൗതുകം. ഐ എം എഫിനെ സ്വാധീനിക്കാനോ കടമെടുപ്പ് ശേഷി നിശ്ചയിക്കുന്ന ഏജന്‍സികളെക്കൊണ്ട് അനുകൂല റിപ്പോര്‍ട്ട് തയ്യാറാക്കിക്കാനോ അമേരിക്കയെപ്പോലെ ഗ്രീസിന് സാധിക്കാത്തതിനാല്‍ ഈ പദവി ദീര്‍ഘകാലം തുടരാനാണ് സാധ്യത. അപ്രഖ്യാപിത കോളനിവത്കരണത്തിനെതിരായിക്കൂടിയാണ് ഹിതപരിശോധനയിലിപ്പോള് ഗ്രീക്ക് ജനത വിധിയെഴുതിയിരിക്കുന്നത്.
ഐ എം എഫും യൂറോ സോണുമൊക്കെ മുന്നോട്ടുവെക്കുന്ന കടുത്ത ഉപാധികള്‍ അംഗീകരിച്ച് ഇനിയും കടം വാങ്ങേണ്ടതില്ലെന്ന് ഗ്രീക്ക് ജനത പറയുമ്പോള്‍, സാമ്പത്തിക പ്രതിസന്ധി ആഭ്യന്തരമായി പരിഹരിക്കേണ്ട ബാധ്യത അവിടുത്തെ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരും. ഇപ്പോഴത്തെ അവസ്ഥയില്‍ അത് അത്ര എളുപ്പമല്ല. ഇതുവരെ സ്വീകരിച്ചിരുന്ന നയങ്ങള്‍ തിരുത്തി, ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ച് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി ആര്‍ജിക്കണമെങ്കില്‍ കാലമേറെ വേണ്ടിവരും. അത്രയും കാലം പ്രതിസന്ധിയുടെ ആഘാതം അനുഭവിക്കാന്‍ തയ്യാറാണെന്ന് കൂടിയാണ് ഹിതപരിശോധനയിലൂടെ ജനം അറിയിക്കുന്നത്. ഗ്രീക്ക് ജനതയുടെ തീരുമാനത്തെ, ജനാധിപത്യ വ്യവസ്ഥയെ അംഗീകരിക്കുന്നവരെന്ന പ്രതിച്ഛായ നിലനിര്‍ത്തേണ്ടതുള്ളതിനാല്‍, യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങള്‍ക്ക് തള്ളിക്കളയാനാകില്ല. അതുകൊണ്ടുതന്നെ കര്‍ശന ഉപാധികള്‍ ഒഴിവാക്കി, ഗ്രീസിനെ സാമ്പത്തികമായി പന്തുണക്കാന്‍ അവര്‍ തീരുമാനിക്കുകയും ചെയ്തേക്കാം.
തുറന്നിടപ്പെട്ട കമ്പോളം, അതിലൂടെ എത്തുന്ന എല്ലാ അപകടങ്ങളിലേക്കുമുള്ള വാതില്‍ കൂടിയാണ്. അതാണ് ഗ്രീസിന്റെ പ്രതിസന്ധിയെ ഇന്ത്യന്‍ പരിസരത്തില്‍ പ്രധാനമാക്കുന്നത്. പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ അഞ്ച് ശതമാനം ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചത് അടുത്തിടെയാണ്. പെന്ഷന് റെഗുലേറ്ററി അതോറിറ്റിക്ക് രൂപം നല്‍കിക്കൊണ്ട്, സ്റ്റാറ്റിയൂട്ടറി പെന്ഷന് സമ്പ്രദായം ഒഴിവാക്കുകയും കോണ്‍ട്രിബ്യൂട്ടറി പെന്ഷന് സമ്പ്രദായത്തിലേക്ക് മാറുകയും ചെയ്തു. പെന്ഷന് ഫണ്ടിലെ നിക്ഷേപങ്ങളും ഓഹരി വിപണിയിലേക്ക് ഒഴുക്കാന്‍ തീരുമാനിച്ചിട്ടുമുണ്ട്. വളര്‍ച്ചാ നിരക്കിന്റെ കാര്യത്തില്‍, സാമൂഹിക – സാമ്പത്തിക യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കാത്ത, പെരുപ്പിച്ച് കാട്ടിയ കണക്കുകള്‍ തന്നെയാണ് നമ്മുടേതും. ഉയര്‍ന്ന് നില്ക്കുന്ന ധനക്കമ്മി കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇതുവരെ ഫലപ്രദമായിട്ടില്ല. വിദേശത്തു നിന്നുള്ളതടക്കം പൊതുക്കടം ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇവയെല്ലാം ചേര്ന്നുളവാകുന്ന സാഹചര്യം ഏത് സമയത്തും നമ്മുടെ സമ്പദ് വ്യവസ്ഥയെ ആക്രമിക്കാന്‍ പാകത്തിലേക്ക് വളരാം.
വിപുലമായ മനുഷ്യ വിഭവശേഷിയും പ്രകൃതി സ്രോതസ്സുകളുടെ ചൂഷണത്തിനുള്ള താരതമ്യേന നിയന്ത്രണങ്ങള്‍ കുറഞ്ഞ സാഹചര്യവും നിക്ഷേപങ്ങളുടെയും കടത്തിന്റെയും ഒഴുക്കിനെ തത്കാലത്തേക്ക് ബാധിക്കില്ലെന്ന് കരുതാം. നിക്ഷേപത്തിന്റെയും കടത്തിന്റെയും ഒഴുക്കിനെ ബാധിക്കുന്ന അവസ്ഥ വിദൂരമല്ലെന്നാണ് വികസിത രാഷ്ട്രങ്ങളെന്ന് അവകാശപ്പെടുന്നവയുടെ സാമ്പത്തിക സ്ഥിതി നല്കുന്ന പാഠം. അങ്ങനെ വരികയും ഓഹരി വിപണികളില്‍ നിന്ന് വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ വലിയ പിന്വാങ്ങലുണ്ടാകുകയും ചെയ്താല്‍ പെന്ഷന് ഓഫീസുകളുടെ മുന്നിലെ ദൈന്യ രോദനങ്ങളാകില്ല ഇന്ത്യന്‍ മണ്ണിലുണ്ടാകുക, മറിച്ച് കൂട്ട ആത്മഹത്യകളായിരിക്കും. ഒരു കോടി പതിനഞ്ച് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ഗ്രീസിനെ ബാധിച്ച വിധത്തിലാകില്ല 130 കോടിയോളം ജനസംഖ്യയുള്ള രാജ്യത്തെ പ്രതിസന്ധി ബാധിക്കുക. ഗ്രീസിലുണ്ടായ വിധത്തിലാകില്ല, ജനങ്ങളുടെ പ്രതികരണം നമ്മുടെ രാജ്യത്തുണ്ടാകുക. ആ നിലക്ക് ഗ്രീസില്‍ നിന്നുള്ള സൂചനകള്‍ ഇന്ത്യയുടെ ഭരണ നേതൃത്വത്തിന് വലിയ മുന്നറിയിപ്പുകളാണ് നല്‍കുന്നത്.
കമ്പോളാധിഷ്ഠിത സമ്പദ് വ്യവസ്ഥയും അതിന്റെ ഉത്പന്നമായ വികസനവും വികസിത രാഷ്ട്രങ്ങളുടെ കാര്യത്തിലെങ്കിലും പതനാവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. സ്വാഭാവികമായ ജീര്‍ണതയിലേക്ക് അത് നീങ്ങുകയും ചെയ്യുന്നു. അത് തിരിച്ചറിയുന്നതുകൊണ്ടാണ് സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്കാന് അമേരിക്ക പോലും തയ്യാറാകുന്നത്. ഒബാമ കെയര്‍ പോലുള്ള പദ്ധതികള്‍ അതിന്റെ സൃഷ്ടിയാണ്. അത്തരം പദ്ധതികള്‍ ആവശ്യമാണെന്ന് അവിടുത്തെ നീതിന്യായ സംവിധാനം ഉത്തരവിടുന്നതിന് കാരണവും മറ്റൊന്നല്ല. തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നതും നിയന്ത്രണമില്ലാത്ത കമ്പോളങ്ങളോടുള്ള വിയോജിപ്പിന്റെ പ്രതിഫലനമാണ്. യൂറോപ്യന്‍ യൂനിയനില്‍ അംഗമായ പോര്‍ച്ചുഗല്‍, സ്പെയിന്, ഇറ്റലി തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിലവിലുള്ള നയങ്ങളെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും ഇതാണ് പറഞ്ഞുതരുന്നത്. ഫ്രാന്‍സിന്റെ കാര്യത്തില്‍ തീവ്ര വലതു നിലപാടുകാരാണ് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കുന്നത് എങ്കില്‍ക്കൂടി, അവരും മുന്നോട്ടുവെക്കുന്നത് നിലവിലുള്ള സമ്പ്രദായങ്ങളോടുള്ള കടുത്ത വിയോജിപ്പാണ്.
ആദ്യഘട്ടത്തില്‍ ഗ്രീസ് ചോദിച്ചുവാങ്ങിയതും പിന്നീട് അടിച്ചേല്‍പ്പിച്ചതുമായ സാമ്പത്തിക പ്രതിസന്ധിയും അതിനോട് ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടും വിശാലമായ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്നതാണ്. കുത്തകകളുടെ ലാഭമെടുപ്പിന് കളമൊരുക്കിയ നയങ്ങളില്‍ നിന്ന് മാറിനടക്കാനുള്ള ശ്രമമെന്ന രാഷ്ട്രീയം. പോര്‍ച്ചുഗലിലും സ്പെയിനിലുമൊക്കെ ഉയര്‍ന്നുവരുന്ന പ്രസ്ഥാനങ്ങളും ഇതിന്റെ തുടര്‍ച്ചയാണ്. ഈ ശ്രമം ഫലം കണ്ടാല്‍, സമ്പത്തിന് മേലുള്ള ആധിപത്യം ചെറിയ അളവിലെങ്കിലും കുറയാനിടയുണ്ട്. ലോക രാഷ്ട്രങ്ങളെയാകെ നിയന്ത്രിക്കാനാകും വിധത്തില്‍ സമ്പത്തിന്റെ കേന്ദ്രീകരണമുണ്ടാകുന്നത് കുറയാനും കാരണമായേക്കും.
രാജീവ് ശങ്കരന്
You must be logged in to post a comment Login