പെരുന്നാളാഘോഷം കൃത്രിമമായ സന്തോഷത്തിന്റെതല്ല. മനുഷ്യന് തന്റെ നിയോഗം സാക്ഷാത്കരിച്ചതിലുള്ള ഹൃദയം നിറഞ്ഞ ആനന്ദമാണ് പെരുന്നാളില്‍ പൂത്തു പരക്കുന്നത്. ശരീരത്തില്‍ മനസ്സ് നേടിയെടുത്ത മേല്‍ക്കോയ്മയുടെ സാക്ഷ്യപത്രം. ഞാന്‍ എന്നെ തോല്‍പ്പിച്ചിരിക്കുന്നു എന്ന വിജയഭേരിയുടെ നിശബ്ദമായ മുഴക്കം- ഇതാണ് പെരുന്നാളിന്റെ അകക്കാമ്പ്. റമളാന്‍ കൊണ്ട് വിജയിച്ചവനാണ് പെരുന്നാളിന്റെ പൊരുളറിയുന്നത്. അത്തരക്കാരുടെ ആഘോഷത്തിന് ബാഹ്യപ്രകടനങ്ങള്‍ക്കപ്പുറം നിര്‍വൃതിയുടെ ഹൃദയതാളമാണ് ഉണ്ടാവുക. റമളാനിന്റെ കൂടെ കൂടാതെ അവഗണനയും അസഹ്യതയും പ്രകടമാക്കിയവന്റെ പെരുന്നാള്‍ ബഹളമയമായിരിക്കും. എന്നാല്‍ പുറം മോഡിയുടെ കൃത്രിമത്വത്തിനപ്പുറം ആ ആഘോഷവും ആരവവും എങ്ങുമെത്തിച്ചേരില്ല.പുതിയ കാലത്തെ പെരുന്നാള്‍ ആഘോഷവും കഴിഞ്ഞ തലമുറയുടെ പെരുന്നാള്‍ ചരിത്രവും ചേര്‍ത്ത് വെക്കുമ്പോള്‍ ശൂന്യതയുടെ വിളറി വെളുത്ത അരങ്ങും അണിയറയും തെളിഞ്ഞുകാണുന്നു. ബാല്യത്തിലും കൗമാരത്തിലും ഉപ്പയുടെ കൂടെ കാണുകയും അനുഭവിക്കുകയും ചെയ്ത ഈദിന്റെ സ്വാദും ഇന്നും ഹൃദയത്തിന് സംതൃപ്തിയുടെ നിറവു നല്കുന്നു. രുചികരമായ ഭക്ഷണത്തിന്റെയോ മുന്തിയ വസ്ത്രങ്ങളുടെയോ വിനോദകേന്ദ്രങ്ങളിലെ ആര്പ്പുവിളിയുടെയോ പേരിലല്ല അത് ഓര്‍മകളെ ഗൃഹാതുരമാക്കുന്നത്.
ഉപ്പ, സി അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര് വളരെ സൂക്ഷ്മതയും ആരാധനാ നിഷഠയും ചേര്‍ത്ത് ജീവിതത്തെ ക്രമപ്പെടുത്തിയ വ്യക്തിത്വമായിരുന്നു. ഉപ്പയുടെ ജീവിതം എനിക്ക് ഒത്തിരി പാഠങ്ങള്‍ പകര്‍ന്നു തന്നിട്ടുണ്ട്. ചിലതെല്ലാം ചെയ്യാനൊരുങ്ങുമ്പോള്‍ ഉപ്പയുടെ ജീവിതത്തിലെ ചില ചിത്രങ്ങള്‍ പതിഞ്ഞ ശബ്ദത്തിലുള്ള ചില ഓര്മപ്പെടുത്തലുകള് അകത്തെവിടെയോ കിടന്ന് ബഹളം വെക്കും. വിയോഗത്തിന്റെ വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു പിതാവ് മകനെ നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണ്.
മേല്പറഞ്ഞതിന്റെ തുടര്‍ച്ചയായിരുന്നു ഉപ്പയുടെ പെരുന്നാളും. പെരുന്നാളിനു വേണ്ടിയുള്ള ഒരുക്കങ്ങളായി കൂടുതലൊന്നും ആ ജീവിതത്തില്‍ ഞാന്‍ കണ്ടില്ല. ഏറ്റവും ഗൗരവം നല്കി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നത് ഫിത്വ്ര് സകാത്തിന്റെ വിഷയത്തിലാണ്. അതിനുള്ള അരി നേരത്തെ വാങ്ങി തയാറാക്കുകയും അവകാശികളുടെ ലിസ്റ്റ് ശരിപ്പെടുത്തുകയും ചെയ്യും. പെരുന്നാള്‍ രാവില്‍ മഗ്രിബിന് ശേഷമാണ് അത് വിതരണം ചെയ്യുക. സുബ്ഹിക്ക് മുമ്പ് പൂര്‍ത്തിയാവണം എന്ന നിര്‍ബന്ധവുമുണ്ടായിരുന്നു. വീട്ടുകാര്യങ്ങളില്‍ ഉപ്പയെ സഹായിക്കുന്ന സഹായികളാണ് അത് വീടുകളില്‍ എത്തിച്ചിരുന്നത്.
ഈദുല്‍ഫിത്വ്റിന് വീട്ടില്‍ എല്ലാവര്ക്കും പുതിയ വസ്ത്രമുണ്ടാവും. അതാണ് പെരുന്നാളിന് വേണ്ടി ഉപ്പ നടത്തുന്ന മറ്റൊരു തയ്യാറെടുപ്പ്. ‘മല്ല്’ എന്ന് വിളിക്കുന്ന പരുക്കന്‍ തുണിയില്‍ നെയ്തതായിരിക്കും അവ. എന്നാലും ചെറിയ പെരുന്നാളിന് പുതിയത് ലഭിച്ച സന്തോഷം ഞങ്ങള്‍ക്കെല്ലാമുണ്ടായിരുന്നു. ഓരോരുത്തര്‍ക്കും എത്ര തുണി വാങ്ങണമെന്ന കണക്ക് കൃത്യമായി ഉപ്പക്കറിയാമായിരുന്നു. തുന്നിക്കഴിയുമ്പോള് ഒന്നും ബാക്കിയുണ്ടാകുമായിരുന്നില്ല. ആ കാലത്ത് റെഡിമെയ്ഡുകളില്ലാത്തതിനാല് തയ്യല്‍ക്കാരന്റെ അടുത്ത് ക്യൂ നില്‍ക്കലാണ് പതിവ്. പെരുന്നാളാവുന്നതിന് മുമ്പ് അടിച്ചു തീരില്ല എന്ന് തോന്നിയാല്‍ തയ്യല്ക്കാരന് മുന്‍കൂര്‍ ജാമ്യമെടുക്കും: ‘കഴിഞ്ഞാലേ തരൂ.’ പിന്നെ എല്ലാവര്ക്കും പ്രാര്‍ത്ഥനയില്‍ അതും ഒരു പ്രശ്നമായിരിക്കും. ‘എന്റെ കുപ്പായം അടിച്ചുകിട്ടണേ.’ ദിവസവും തയ്യല്‍ കടയില്‍ ചെന്ന് സ്വന്തം വസ്ത്രത്തിന്റെ സ്റ്റാറ്റസ് അന്വേഷിക്കും എല്ലാവരും. കുട്ടികളെല്ലാം പെരുന്നാള്‍ വേഗമാകാന്‍ ആഗ്രഹിക്കുന്നവരാണ്. 29ന് മാസം കാണാന്‍ കാത്തിരിക്കും അവര്‍. എന്നാല്‍ അന്ന് കാണരുതെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗമുണ്ട്; അത് കുപ്പായം തുന്നിപ്പൂര്ണമാവാത്തവരാണ്. നോമ്പ് മുപ്പതും ഉണ്ടായാല്‍ ഒരു ദിവസവും കൂടിയുണ്ടാവുമല്ലോ തുന്നിപ്പൂര്ത്തിയാക്കാന്. എന്നാല്‍ ഞങ്ങള്ക്കങ്ങനെയുള്ള ആശങ്കയൊന്നുമുണ്ടായിരുന്നില്ല. നാട്ടിലെ ഖാളിയും സര്‍വാദരണീയനുമാണ് ഉപ്പ. അതുകൊണ്ട് എത്ര വൈകിക്കൊടുത്താലും ഉപ്പ ഏല്‍പ്പിച്ച പണി നേരത്തെ പൂര്‍ത്തിയാക്കാന്‍ തയ്യല്‍ക്കാര്‍ക്ക് പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു.
ഉപ്പയുടെ പെരുന്നാള്‍ ആഘോഷങ്ങളോര്ക്കുമ്പോള് മറക്കാനാവാത്ത ഒരു സംഭവമുണ്ട്: തയ്ച്ച് കൊണ്ടുവന്ന കുപ്പായം പരിശോധിച്ചപ്പോള്‍ അതിന്റെ കീശക്കുള്ളില്‍ വെച്ച തുണി ഉപ്പ കൊടുത്ത തുണിയില്‍ നിന്നുള്ളതല്ല. പുറത്തേക്ക് കാണാത്ത സ്ഥലത്തായതിനാല്‍ തയ്യല്ക്കാരന് ഏതോ ഒരു വെട്ടുകഷ്ണം വെച്ചടിച്ചിരിക്കുന്നു. ഉപ്പ അത് കണ്ടുപിടിച്ചു. കുപ്പായവുമായി തയ്യല്കടയില് ചെന്ന് കാര്യമന്വേഷിച്ചു.
‘അത് ബാക്കിവന്ന ഒഴിവാക്കുന്ന കഷ്ണമാണ്. പുറത്തേക്ക് കാണുകയും ഇല്ലല്ലോ?’ തയ്യല്‍ക്കാരന്റെ വിശദീകരണം.
‘ആരോ പൈസ കൊടുത്തു വാങ്ങിയതാണ്. അത് ആരാണെന്ന് ആര്‍ക്കറിയാം. അവന് പൊരുത്തമുണ്ടോ എന്ന് എങ്ങനെ അറിയാം? ഉടമസ്ഥന് വന്ന് എനിക്ക് പൊരുത്തമാണ് എന്ന് പറഞ്ഞ് തന്നാല്‍ എനിക്ക് പ്രശ്നമില്ല. അല്ലെങ്കില്‍ അത് ധരിക്കാന്‍ പറ്റില്ല. ഹറാമാണ്’ ഉപ്പ തീര്‍ത്തു പറഞ്ഞു. കീശക്കുള്ളില്‍ അച്ചടിച്ചുചേര്ക്കാനുള്ള അളവും കൂടി നോക്കീട്ടാണ് ഉപ്പ തുണി വാങ്ങല്‍ എന്ന് അന്നാണ് മനസ്സിലായത്.
നാട്ടിലെ പെരുന്നാളിന്റെ ആഘോഷവും അനുഷ്ഠാനവും ആരംഭിക്കുന്നത് ഉപ്പയുടെ തീര്‍പ്പ് വരുന്നതോടെയാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇന്നത്തെപ്പോലെ കാര്യക്ഷമമല്ലാതിരുന്ന കാലമാണ്. അപൂര്‍വം ചില വീടുകളില്‍ റേഡിയോ ഉണ്ടാകും. അതിന് വട്ടമിട്ടിരിക്കും, അയല്‍വീടുകളിലെ കുട്ടികളും മറ്റും. പരമാവധി ശബ്ദത്തില്‍ അത് തുറന്ന് വെച്ചിരിക്കും. ചന്ദ്രന് ദൃശ്യമായതായി അറിയിപ്പ് വന്നാലും തക്ബീര്‍ ധ്വനികളും മറ്റും ഉയരില്ല. ഉപ്പ പള്ളിയിലെത്തി പ്രഖ്യാപിക്കണം. വിവരം അറിഞ്ഞ് ഉപ്പ വീട്ടില്‍ നിന്ന് പള്ളിയിലേക്ക് നടന്നു പോകുന്നത് മനോഹരമായ ഒരു പെരുന്നാള്‍ കാഴ്ചയായിരുന്നു. ഉപ്പയുടെ കൂടെ അല്പം പിന്നോട്ട് മാറി നാട്ടിലെ കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഉണ്ടാവും; ഒരു ഘോഷയാത്രപോലെ. പെരുന്നാളിന്റെ വരവറീക്കാനുള്ള ഘോഷയാത്ര.
പെരുന്നാല്‍ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പള്ളിയിലും വീട്ടിലും ഇരുന്ന് തക്ബീര്‍ മുഴക്കും. രാവിലെ കുളിച്ച് പുതിയ വസ്ത്രം ധരിച്ച് പള്ളിയിലേക്ക് നടക്കും. നിസ്കാരത്തിന് പുറപ്പെടും മുമ്പ് സുന്നത്ത് ലഭിക്കാന്‍ ലഘുവായി എന്തെങ്കിലും കഴിക്കും. കാര്യമായ ഭക്ഷണത്തിന് സാധാരണ ദിവസങ്ങളിലെ ഉച്ച ഭക്ഷണത്തിന്റെ സമയമാവണം. നിസ്കാരത്തിനും ഖുതുബക്കും എല്ലാം ഉപ്പ തന്നെയാണ് നേതൃത്വം നല്‍കുക. അത് കഴിഞ്ഞാല്‍ ആഘോഷത്തിന്റെ രീതിയും കാരണവും നിരത്തി ഒരു പ്രഭാഷണം ഉണ്ടാവും. ഉപ്പയുടെ വഅള് പ്രസിദ്ധമാണല്ലോ? പള്ളിയിലെ കര്‍മങ്ങള്‍ കഴിഞ്ഞാല്‍ ഖബ്ര്സ്ഥാനില് ചെന്ന് സിയാറത്ത് കഴിഞ്ഞ് മടങ്ങും.
പിന്നെ കാര്യമായ പരിപാടികളൊന്നും കാണില്ല. ഞങ്ങള്‍ സഹോദരിമാരുടെ വീട്ടില്‍ ചെല്ലും. അവരും കുട്ടികളുമെല്ലാം വീട്ടിലേക്ക് വരും. ആ സമാഗമവും അതിന്റെ സന്തോഷവുമാണ് പിന്നീട്. കുട്ടികള്‍ക്കൊക്കെ ഉപ്പയുടെ വക എന്തെങ്കിലും മധുരം കിട്ടും. അത് വിശേഷ ദിവസങ്ങളിലൊക്കെ പതിവാണ്. വീട്ടിലും അയല്പക്കത്തും വഴിയിലുമെല്ലാം ഉപ്പയെ കാത്തിരിക്കുന്ന കുഞ്ഞുങ്ങള്‍ എന്റെ പെരുന്നാള്‍ ഓര്‍മകളില്‍ വ്യത്യസ്തമായ ഒന്നാണ്.
സി മുഹമ്മദ് ഫൈസി
You must be logged in to post a comment Login