അന്വേഷിച്ചു നോക്കിയപ്പോള്‍, ഉസ്താദ് റൂമിലില്ല; മുകളിലാണ്. കോണികയറി മുകളില്‍ ചെന്ന് നോക്കുമ്പോള്‍ പൂര്‍ണമായി വെള്ളവസ്ത്രം ധരിച്ച, താടിമുടികള്‍ അതേ നിറത്തില്‍ സമൃദ്ധമായി നരച്ച ബഹുവന്ദ്യരായ ബാവ ഉസ്താദ് കമ്പ്യൂട്ടറിന്റെ മുന്നിലാണ്. മോണിറ്ററി്ല്‍ പ്രത്യക്ഷപ്പെടുന്ന ഏതോ ഒരു അറബിക് ടെക്സ്റ്റ് സ്ക്രോള്‍ ചെയ്ത് സൂക്ഷ്മമായി വായിക്കുകയാണ്. ഏതോ ഒരു ഗ്രന്ഥം റഫര്‍ ചെയ്യുകയാണോ അതോ തന്റെ തന്നെ ഏതോ രചനയുടെ പ്രൂഫ് നോക്കുകയാണോ എന്ന് തിട്ടമില്ല. ഞങ്ങള്‍ രണ്ട് മൂന്ന് പേര് വാതില്‍ വശം നിറഞ്ഞ് നിന്ന് കുറേ തിക്കിത്തിരക്കി നോക്കി. പക്ഷേ, ഉസ്താദിന്റെ ശ്രദ്ധ ഞങ്ങളിലേക്ക് പതിഞ്ഞു കിട്ടുന്നില്ല. ശബ്ദമുണ്ടാക്കി കയറിച്ചെല്ലാന്‍ പേടിയും.എന്തിന് പറയുന്നു, ഏതോ ഒരു അസുലഭ നിമിഷത്തില്‍ ഉസ്താദ് തിരിഞ്ഞ് നോക്കി. ആരാണ്, എന്താണ്, വന്ന കാര്യം എന്നിവയെല്ലാം അന്വേഷിക്കുമ്പോള്‍ ഉസ്താദിന്റെ മുഖത്ത് ഒരു തരം അസ്വസ്ഥത രൂപപ്പെടുന്നോ എന്നെനിക്ക് തോന്നി. നാലഞ്ച് മിനുട്ടിനുള്ളില്‍ മൂന്നോനാലോ തവണ വാച്ചില്‍ നോക്കി. ഇല്മുമായി ഹൃദയാശ്ലേഷം നടത്തി നില്‍ക്കേണ്ട വിലപ്പെട്ട സമയമാണല്ലോ ഈ പോവുന്നത് പടച്ചോനെ എന്നാണ് അന്നേരം ആ മുഖത്തെഴുതിവെച്ച ആധി എന്നെനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു.
ഒതുക്കുങ്ങള്‍ ഇഹ്യാഉസ്സുന്നയില്‍ ഡോ. അബ്ദുല്‍ഗഫൂര്‍ ഉസ്താദിന്റെ റൂമില്‍ വെച്ചാണ് ഈ സംഭവം നടക്കുന്നത്. ഇഹ്യാഉസ്സുന്ന അന്ന് ഞങ്ങളുടെ ശ്രുതിലഹരിയില് മുങ്ങിക്കുളിച്ച് നില്ക്കുന്ന കാലമാണ്. അരീക്കോട് മജ്മഇലെ ആദ്യ രണ്ട് ബാച്ചുകള്‍ അവിടെ പഠിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ ആഴ്ച വരവുകളില്‍ അവര്‍ പങ്കിടുന്ന് പത്രാസുനിറഞ്ഞ വാര്‍ത്തകള്‍, ഗുരുക്കന്മാരെ പറ്റിയുള്ള പൊലിപ്പുകള്‍, ചിട്ടകളെപറ്റിയുള്ള വിവരണങ്ങള്‍ എന്നിതുകളെല്ലാം മജ്മഇലെ ജൂനിയര്‍ ബാച്ചുകാരായ ഞങ്ങളില്‍ ഒരേ സമയം ആനന്ദവും ആധിയും പടച്ചുവിട്ട കാലമായിരുന്നു അത്. ഇനി നമ്മളാണ് അങ്ങോട്ട് പോവാനുള്ളത്. അതിനുള്ള സമയമാവും മുമ്പെ ഒരു ചെന്നുകാണല്‍ ചടങ്ങിനായി ഒരു തക്കം കിട്ടിയപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടതാണ്. താഴെ റൂമില്‍ സുലൈമാന്‍ ഉസ്താദിനെ കണ്ടു. കാരക്കയും മനം നിറയെ പ്രാര്‍ത്ഥനയും കിട്ടി. രണ്ടാമത് ചെന്നിരിക്കുകയാണ്, ബാവ ഉസ്താദിന്റെ അടുത്ത്. അത് രണ്ടത്താണിയുടെ അന്നത്തെ മാസ്റ്റര്‍ പീസായ ‘ഇഖ്റഅ്’ ഇറങ്ങിയ കാലമാണ്. അദ്ദേഹം അതിന്റെ ഒരു കോപ്പി പേടിയോടെ ഉസ്താദിന് വച്ചു നീട്ടി. അത് കേവലം ഒരാള്‍ എഴുതിയ ഏതോ ഒരു ബുക്ക് മറ്റൊള്‍ വെച്ചു നീട്ടുക എന്നതിനപ്പുറം, അതില്‍ ജ്ഞാന ജനിതകമായ ഒരു ബന്ധം അടങ്ങിക്കിടപ്പുണ്ടായിരുന്നു. ഇഖ്റഇലെ പ്രാരംഭ വചനങ്ങളെ വ്യാഖ്യാനിച്ചു കൊണ്ട്, മനുഷ്യന് ഒരു നാനോ പ്രപഞ്ചമാണെന്നാണ് പറഞ്ഞ് വരുന്നത്. ഒടുവില്‍ ഒരു കാവ്യപ്രമാണമെന്നോണം ഒരു കവിതാ ശകലവും;
അലാ ഇന്നമല്‍ ഇന്‍സാനു അസ്ഗറു ആലമി
വ ഉന്മൂദജുല് അക്വാനി ഫീഹിബിജുംലതീ
ആരുടേതാണീ കവിത ശകലമെന്നറിയുമോ? വൈലത്തൂര്‍ ബാവ മുസ്ലിയാരുടെ.
ഇതില്‍ ഉസ്താദിന്റെ ഒരു ബൈത് എടുത്തുദ്ധരിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ആ പുറം തുറന്ന് രണ്ടത്താണി കാണിച്ചു കൊടുത്തു. ഉസ്താദ് കൗതുകപ്പെട്ടു പോയി. ഇതെവിടുന്ന് കിട്ടി എന്നു ചോദിച്ചു. ബുക്കിന് പാരിതോഷികമായി രണ്ടത്താണിക്ക് നല്ലൊരു തുകയും കൊടുത്തു. വാച്ചില്‍ നോക്കല്‍ കൂടിക്കൂടി വന്നപ്പോള്‍ ഞങ്ങല്‍ ദുആ വസ്വിയത്ത് ചെയ്ത്, കരം ഗ്രഹിച്ച് പിരിഞ്ഞ് പോയി.
എന്തിനാണ് ഉസ്താദ് അറിവു സേവയല്ലാത്ത മറ്റുകാര്യങ്ങളിലാകുമ്പോള് ഇങ്ങനെ അസ്വസ്ഥപ്പെടുന്നതെന്ന് തുടര്‍ന്നുള്ള മൂന്ന് കൊല്ലക്കാലം എനിക്ക് നല്ലോണം മനസ്സിലായി. ഇഹ്യാഉസ്സുന്നയില്‍ പഠിച്ച ഏത് കുട്ടിയോട് ചോദിച്ചാലുമറിയാം; ഉസ്താദിന്റെ റൂം പരിസരത്ത് കൂടെ ആര് എപ്പോള്‍ നടന്ന് പോവുമ്പോഴും ഒന്നു പാളിനോക്കിയാല്‍ ഉസ്താദിനെ മൂന്നിലൊരവസ്ഥയിലല്ലാതെ കണ്ടിട്ടുണ്ടാവില്ല. എഴുത്ത്, മുത്വാലഅ, ഖുര്‍ആന്‍ പാരായണം. ഇതില്‍ ഏറ്റവും അധികം ആള് ഏറ്റവും ചൂണ്ടിക്കാണിക്കാനിട എഴുതുന്ന ഉസ്താദിനെയായിരുന്നു.
മുഖ്ത്വസറില് ആയിരുന്നപ്പോള്‍ തഫ്സീറുല്ബൈളാവിയാണ് ക്ലാസെടുക്കുന്നത്. കിതാബ് കയ്യിലെടുക്കാതെ, വായിക്കാന്‍ പറഞ്ഞ്, വായിച്ചത് കേട്ട് അര്‍ത്ഥവും ആശയവും ഇഴകീറി വിവരിക്കുന്ന മിടുക്ക് കണ്ട് ഞങ്ങള്‍ ഞെട്ടിപ്പോയി.
രസകരമാണ് ഉസ്താദിന്റെ ക്ലാസ്. ഭീതിയില്ലാതെ ക്ലാസിലിരിക്കാം. ആരെയും പരിഹസിക്കുകയോ നിസ്സാരപ്പെടുത്തുകയോ ഇല്ല. നല്ല നല്ല ഫലിതങ്ങള്‍ അവസരോചിതം പറഞ്ഞു തരും. അര്‍ത്ഥം വെപ്പിലുമുണ്ടാവും മുന്തിയ നര്‍മരസം. മസ്അലകളെ ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിച്ച് വിവരിച്ച് തരും. പ്രാസ്ഥാനിക ചരിത്രവും സംഘടനാ അനുഭവങ്ങളും അതും യോജിപ്പനുസരിച്ച് പറഞ്ഞു തരും. അതിരുകടന്നൊന്നും പറയില്ല. എന്തെങ്കിലും സംഭവം വിവരിക്കവേ ഏതെങ്കിലും തിക്തയാഥാര്‍ത്ഥ്യം പറയേണ്ടി വന്നാല്‍ പെട്ടെന്ന് നിര്‍ത്തി മാറിക്കളയും. ചില കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ വല്ലാതെ ശ്രമിക്കും.മനസ്സില്‍ തെളിഞ്ഞില്ലെങ്കില്‍ അത് മറന്ന് പോയി എന്ന് പറയും. ‘ആദ്യമൊക്കെ ചെറിയ രൂപത്തിലായിരുന്നു മറവി. ഇപ്പോള്‍ പിന്നെ മറന്ന് മറന്ന് പ്രാക്ടീസായി’ എന്ന് ഫലിതം പറയും. സുലൈമാന്‍ ഉസ്താദിന്റെ ഓര്‍മശക്തിയെപ്പറ്റി പരസ്യമായി മദ്ഹ് പറയും. മുന്‍കാല ശിഷ്യന്മാരെ കണ്ടമുറക്ക് തിരിച്ചറിയാന്‍ ബാവ ഉസ്താദിന് കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ എന്നെപ്പോലെയല്ല വല്യുസ്താദ്. ഓരോ കുട്ടിയേയും അവന്റെ പേരുസഹിതം നല്ലോണം ഓര്‍മയിലിരിക്കും എന്നു പറയും. സ്വന്തം അസുഖങ്ങളെപ്പറ്റി പറഞ്ഞാലും, അതൊടുക്കം സുലൈമാന്‍ ഉസ്താദിന്റെ മദ്ഹായാണ് മടങ്ങുക. സമയവും ചിന്തയും അല്ലാന്റെ വഴിയില്‍ കൊടുത്താല്‍… അല്ലാഹു ഓരോരുത്തര്‍ക്ക് ഹള്ള് കൊടുക്കലാണ്. വല്ല്യുസ്താദിനെ നിങ്ങള്‍ കണ്ടില്ലേ. അതിനൊരു കൊണക്കേടും ഇല്ലല്ലോ.
സമാജം ഉദ്ഘാടനത്തിനും മറ്റു പൊതുസദസ്സുകളിലും സുലൈമാന്‍ ഉസ്താദ് തിരിച്ചാണ് പറയുക: നിങ്ങളെല്ലാരും ബാവ ഉസ്താദിനെ നോക്കിപ്പഠിച്ചോളൂ. ഉസ്താദിനെ നിങ്ങള്‍ കാണുന്നില്ലേ. എയ്ത്തെന്നെ എയ്ത്ത്. എപ്പോഴും എയ്ത്ത്. എന്നെ കണ്ട് ആരും പെയ്ച്ച് പോണ്ട.
മഹാഗുരുക്കന്മാര് എങ്ങനെയാണ് പഠിതാക്കളുടെ മനസ്സില്‍ സംസ്കാരത്തിന്റെ മണ്ണ് പൊടി വിതറുന്നതെന്ന് മനസ്സിലായില്ലേ. ക്ലാസുകളില്‍ മുഖ്യ ചര്‍ച്ച സഹ അധ്യാപകന്റെ കുറ്റവും കുറവുമായി മാറുന്ന ഇക്കാലത്ത് ഈ മഹാഗുരുക്കന്മാരെ നമുക്ക് മാതൃകയാക്കാം.
പഠിക്കരുതാത്ത സാഹചര്യം ബാവ ഉസ്താദിന്റെ ബാല്യകാലത്തെ അമര്‍ത്തിപ്പിടിച്ചപ്പോള്‍ അതില്‍ നിന്നും കുതറിമാറി ഓതാന്‍ പോയ ആളാണ് ഉസ്താദ്. പേരും പെരുമയും സമ്പത്തും പത്രാസും കുമിഞ്ഞ സമ്പന്ന കര്‍ഷക കുടുംബത്തിലാണ് പിറവി. വയലുകള്‍, വിത്തുകള്‍, കാളകള്‍, സേവകര്‍… ജന്മിയായി നിന്ന് കൊടുത്ത് കുടവയര്‍ തടവി ഉത്തരവിട്ട് നിന്നാല്‍ മതി. പൂനെല്ലിന്റെ ചോറും നാടന്‍ തൈരുമടിച്ച് സുഖമായി ഉറങ്ങി വിശ്രമിക്കാം. പക്ഷേ ഇതിലല്ല കാര്യം എന്ന് മനസ്സിലാക്കിയ ബാവ ഉസ്താദ് ഓത്തിനിറങ്ങി. പക്ഷേ, നാട്ടില്‍ തന്നെ തങ്ങിയുള്ള ഓത്തില്‍ വിത്തും കൈകോട്ടും ഇടങ്കോലിട്ടും മുറിഞ്ഞും ചീന്തിയും ആ നാട്ടോത്ത് അര്‍ത്ഥം കിട്ടാതെ വന്നു. നാടുവിട്ടേ ഓത്ത് കരപിടിക്കൂ എന്നൊരുപദേശം ഇടക്ക് മനസ്സില്‍ തറച്ചു. ആ ഉപദേശിച്ചതാരെന്നോ. കുണ്ടൂര്‍ ഉസ്താദ്. ഓര്മ വേണം, ബാവ ഉസ്താദിന്റെ വീട്ടില്‍ ചെലവിന് വരുന്ന മുസ്ലിയാരുട്ടിയായിരുന്നു അന്ന് കുണ്ടൂരുസ്താദ്. അറിവിന്റെ കണ്ണ് കണ്ടെത്തി അടങ്ങിയിരിക്കുന്നതിന് പകരം, സാമ്പ്രദായിക രീതിയില്‍ വാചാപ്രചരണം നടത്തി തൃപ്തിപ്പെടുന്നതിനുപരി പള്ളി ദര്‍സുകളില്‍ പഠിപ്പിക്കപ്പെടുന്ന ഏകദേശമെല്ലാ കിതാബുകള്ക്കും സഹായ ഗ്രന്ഥങ്ങള്‍ രചിച്ചു. മുദര്‍രിസുമാര്‍ക്ക് ഇത്രമേല്‍ ഉപകരിക്കുന്ന ഗ്രന്ഥസമാഹാരങ്ങളുടെ കര്‍ത്താവ് ബാവ ഉസ്താദ് മാത്രമായിരിക്കണം. ഉസ്താദിന്റെ തീക്ഷ്ണ യൗവനത്തെ മാടിവിളിച്ച വിത്തും നകവും കാളയും വയലും ഇന്ന് നിരന്തര പരിണാമങ്ങളില്പെട്ട് കറങ്ങുമ്പോള്‍ ശാന്തമായുറങ്ങുന്ന ആ പരിശുദ്ധ മര്ഖദിലേക്ക് വെളിച്ചത്തിന്റെ ഒരായിരം ലൈറ്റ് ഹൗസുകളായി ആ രചനകള്‍ നാടെങ്ങും ഉയര്‍ന്ന് നില്ക്കുന്നു. ബാവ ഉസ്താദിന്റെ വെളിച്ചത്തിന്റെ നിഴലില്‍ ഞങ്ങള്‍ക്കും നീ സ്വര്‍ഗവഴി കാണിക്കണം, അല്ലാഹ്…
Fysal Ahsani Uliyil
You must be logged in to post a comment Login