അനുഭവങ്ങളുടെ അറഫ

 
ജബലുറഹ്മയുടെ താഴ്വാരത്ത് അറഫയുടെ പ്രൌഢ വിശാലതയില്‍ നില്‍ക്കുമ്പോള്‍ എനിക്കും എന്റെ സ്രഷ്ടാവിനുമിടയില്‍ മറകള്‍ ചീന്തിപ്പോകുന്നത് ഞാന്‍ കാണുന്നു. ഇപ്പോള്‍ ഞാനറിയുന്നു; തിരുനബിയുടെ വാക്കിന്റെ പൊരുള്‍: ‘അറഫയാണ് ഹജ്ജ്’. കംറാന്‍ പാഷയുടെ ഹജ്ജനുഭവങ്ങളില്‍ നിന്നെടുത്ത ഒരേട്.

കംറാന്‍ പാഷ/ സംഗ്രഹ വിവ. അബ്ദുല്ല മണിമ

തീര്‍ത്ഥാടനം അതിന്റെ ഗംഭീരമായ പരിസമാപ്തിയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ ഞങ്ങള്‍ മക്കയിലായിരുന്നു; കഅ്ബാ പരിസരത്ത്. ഡിസംബര്‍ ആറിന് ഞങ്ങള്‍ മക്ക വിട്ടു. മിനായിലെ കൂടാരങ്ങളാണ് ലക്ഷ്യം. നൂറ്റാണ്ടുകളായി അറഫയിലേക്കുള്ള വഴിയില്‍ ഹാജിമാര്‍ ഇവിടെ തമ്പടിക്കുന്നു.
താഴ്വരയെ സമീപിക്കുന്തോറും വാഹനത്തിന്റെ ചില്ലു ജാലകങ്ങള്‍ക്കപ്പുറം വെണ്‍മയുടെ തിളക്കം. പുറമേക്ക് നോക്കി ഞാന്‍ അതിശയിച്ചു പോയി. സകല ദിശകളിലും ചക്രവാളം തൊട്ട് ചക്രവാളം വരെ കെട്ടിയുയര്‍ത്തിയ കൂടാരങ്ങള്‍. ഇത് തമ്പുകളുടെ നഗരം. സൃഷ്ടിച്ചവന്റെ അതിഥികളായെത്തുന്ന തീര്‍ഥാടകര്‍ക്ക് പാര്‍ക്കാനൊരുക്കിയിരിക്കുന്ന വര്‍ഷത്തില്‍ ഒരാഴ്ച ജീവിക്കുന്ന നഗരം. 40 ലക്ഷം മനുഷ്യരാണിവിടെ ഒത്തുകൂടിയിരിക്കുന്നത്. എങ്ങോട്ടു നോക്കിയാലും മനുഷ്യ മഹാ സാഗരം . ഏതെല്ലാം വര്‍ണങ്ങള്‍, ഏതെല്ലാം വംശങ്ങള്‍, ഏതൊക്കെ നാടുകള്‍, ഏതേത് പ്രായക്കാര്‍. ഏതോ വിസ്മൃതമായ ഒരു വന്‍കരയുടെ പാറനിറഞ്ഞ നിരത്തുകളില്‍ മലകള്‍ക്കിടയില്‍ നഷ്ടപ്പെട്ടുപോയ ഒരു മണല്‍തരിപോലെ ഞാന്‍ സ്വയം ചെറുതായിപ്പോയ നിമിഷം.
ഞങ്ങള്‍ അനുവദിച്ചു കിട്ടിയ കൂടാരങ്ങളിലേക്ക് കയറി. ഭാണ്ഡങ്ങളിറക്കി. വിരിപ്പെടുത്ത് വിരിച്ചു. ഇനി ഏതാനും ദിവസങ്ങളില്‍ ഞങ്ങള്‍ക്കനുവദിക്കപ്പെട്ട ആഡംബരം ഇത് മാത്രമാണ്. ഏതോ ഒരു സംഘര്‍ഷത്തില്‍ ആട്ടിപ്പായിക്കപ്പെട്ടവര്‍ക്ക് ഒരുക്കിയതെന്നതു പോലെ കൂടാരത്തിന്റെ തറയില്‍ ഞങ്ങള്‍ തൊട്ടു തൊട്ടു കിടന്നു. യഥാര്‍ത്ഥത്തില്‍ അഭയാര്‍ത്ഥികള്‍ തന്നെ. ഹൃദയശൂന്യമായ ആധുനികതയുടെ മത്സരങ്ങളില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടവര്‍. പാമരങ്ങള്‍ ഉലച്ചുകൊണ്ട് എതിരെ വീശുന്ന സാമ്പത്തികത്തകര്‍ച്ചയുടെ ചുഴലിയോട് പൊരുതുന്നവര്‍. ആ തറയില്‍ അങ്ങനെ കിടക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചുപോയി, എന്റെ ലോകം ലക്ഷ്യമെന്തെന്നറിയാതെ ഏറ്റെടുത്തിരിക്കുന്ന പോര്‍മുഖത്തെക്കുറിച്ച്.
ഞാന്‍ പുറത്തിറങ്ങി നോക്കി. ടെന്റിന് പുറത്ത് അനേകായിരങ്ങള്‍ വെറും കല്ല് പാകിയ നിലത്ത് ഒരു കൂടാരത്തിന്റെയോ വിരിപ്പിന്റെയോ സൌകര്യം പോലുമില്ലാതെ കിടക്കുന്നു; കത്തുന്ന സൂര്യനു താഴെ. പ്രായത്തിന്റെ രണ്ടറ്റത്തു നിന്നുള്ള മനുഷ്യര്‍ വെളിമ്പ്രദേശത്ത് കഴിയുകയാണ്. ജീവിതത്തിന്റെ മുഴുവന്‍ സമ്പാദ്യങ്ങളും ഈ ദിവസത്തിനായി ഒരുക്കൂട്ടിവച്ചവരാണിവര്‍. ആ ഉടുത്തതല്ലാതെ മറ്റൊന്നും കരുതാതെയാണവരെത്തിയിരിക്കുന്നത്. എന്നിട്ടും അവരില്‍ ഒരാളും ഒരു പരാതി പറയുന്നത് ഞാന്‍ കേട്ടില്ല. കൂടാരത്തിനകത്ത് എന്റെ സമ്പന്നരായ സുഹൃത്തുക്കള്‍ അത്താഴത്തെയും എയര്‍ കണ്ടീഷനെയും പഴിക്കുന്നതു പോലെ. വലിയ സൌകര്യങ്ങളനുഭവിക്കുന്ന പലരുടെയും മുഖത്ത് കാണാത്ത ശാന്തത എന്നിട്ടും അവരുടെ മുഖങ്ങളില്‍ സമൃദ്ധമായിരുന്നു. എനിക്കെന്നെക്കുറിച്ച് ലജ്ജ തോന്നിപ്പോയി. വിശ്വാസം, കുടുംബം, സമുദായം എന്നിങ്ങനെ വിലപ്പെട്ട പലതിനെയും വിട്ട് വര്‍ണഭംഗിയുള്ള കളിപ്പാട്ടങ്ങള്‍ക്കു പിറകെ പായുന്ന എന്നെക്കുറിച്ചു തന്നെ.
ഞാന്‍ മാത്രമായിരുന്നില്ല, അതിന്റെ തൊട്ടടുത്ത് ഞാന്‍ മറ്റൊരു മനുഷ്യനെ കണ്ടു. അയാളും ആ മണല്‍പരപ്പിലെ കല്‍ക്കൂനകളില്‍ എല്ലാം മറന്ന് ശയിക്കുന്ന മനുഷ്യ പാരാവാരത്തെ തന്നെ നോക്കിനില്‍ക്കുകയാണ്. അയാളുടെ കണ്ണുകളില്‍ ഈറനായിരുന്നു. കവിളില്‍ കണ്ണീര് ചാലിട്ടിരിക്കുന്നു. ‘താങ്കള്‍ക്ക് വല്ല വിഷമവും?’ ഞാന്‍ ചോദിച്ചു. അയാള്‍ ഇല്ലെന്ന് തലയാട്ടി. ഫ്ളോറിഡയില്‍ നിന്നുള്ള ഒരു സമ്പന്നനായ വണിക്കാണയാള്‍. ഒന്നുമറിയാതെ സന്തുഷ്ടരായി ടെന്റിന് പുറത്ത് ഉറങ്ങുന്ന എളിയവരായ ഈ മനുഷ്യരെക്കുറിച്ച് തന്നെയാണ് എന്നപ്പോലെ അയാളും ചിന്തിച്ചത്. അല്ലാഹു പറയുന്നു: “വിചാരണ ദിവസം പണക്കാര്‍ പാവങ്ങളെ നോക്കി അസൂയപ്പെടും.” അയാളുടെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി. “ഇപ്പോള്‍ അതിന്റെ പൊരുള്‍ ഞാനറിയുന്നു. ഈ ദിവസം ഇവരോടെനിക്ക് അസൂയ തോന്നുന്നു.”
ഞായറാഴ്ച പുലര്‍ച്ചെ ഞങ്ങള്‍ അറഫയിലേക്ക് നീങ്ങി. മലകളാല്‍ ചുറ്റപ്പെട്ട ഏകാന്ത താഴ്വര. ദിവസം മുഴുവന്‍ ഞങ്ങള്‍ ഇവിടെ അല്ലാഹുവുമായി മുഖാമുഖത്തിലായിരിക്കും.ഹജ്ജിന്റെ ഏറ്റവും സുപ്രധാന കര്‍മമാണ് അറഫാത്തിലെ നിര്‍ത്തം. അത് നഷ്ടപ്പെട്ടവന് ഹജ്ജില്ല. ഇവിടെയെത്തിയപ്പോള്‍ എന്തുകൊണ്ടാണതെന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞു. ഇവിടെയാണ് മനുഷ്യര്‍ തോളോട് തോള്‍ ചേര്‍ന്ന്, എല്ലാ മതില്‍കെട്ടുകളും പൊളിച്ചുമാറ്റി സ്രഷ്ടാവിന്റെ മുന്നില്‍ അണിചേര്‍ന്ന് നില്‍ക്കുന്നത്. ഞാന്‍ ജബലുറഹ്മയിലേക്ക് കയറി. ചുറ്റുപാടുമുള്ള മലകളെ അപേക്ഷിച്ച് ചെറിയൊരു മൊട്ടക്കുന്നാണത്. ചുറ്റുപാടുള്ള മഞ്ഞ കലര്‍ന്ന വെള്ളാരങ്കല്ലുകളില്‍ നിന്ന് അതിന്റെ കരിവാളിച്ച ശരീരം വേറിട്ടു നില്‍ക്കുന്നു.
1400 വര്‍ഷങ്ങള്‍ക്കപ്പുറം നബിയോര്‍(സ) കയറിനിന്ന കുന്ന്. ചുറ്റും പാരാവാരം പോലെ പടരുന്ന ജനത്തെ ഞാന്‍ നോക്കി നിന്നു. എനിക്കിപ്പോള്‍ മനസ്സിലാകുന്നു; എന്ത് കൊണ്ടാണ് അറഫ മഹ്ശറിന്റെ മുമ്പത്തെ ഡ്രസ് റിഹേഴ്സല്‍ ആയിരിക്കുന്നത് എന്ന്. ജനം കുഴിമാടങ്ങളില്‍ നിന്ന് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു വന്ന് സ്രഷ്ടാവായ അല്ലാഹുവിനു മുന്നില്‍ നില്‍ക്കുകയും തങ്ങളാരെന്നും ജീവിച്ചിരിക്കുന്നത് എന്തിനെന്നും തിരിച്ചറിയുന്ന വിധി ദിവസത്തിന്റെ തിരനോട്ടം. അവിടെ വച്ച് ഞാന്‍ പ്രവാചകന്റെ വിടവാങ്ങല്‍ പ്രഭാഷണത്തെക്കുറിച്ചോര്‍ത്തു. വാള്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രം പ്രധാനമാണ് ആ പ്രസംഗം. എല്ലാറ്റിനും മീതെ അതില്‍ എന്നെയാകര്‍ഷിച്ചത് മനുഷ്യ സമത്വത്തെയും സാമൂഹിക നീതിയെയും കുറിച്ചുള്ള അതിന്റെ ഊന്നലാണ്. അഥവാ നിറ ദേശ വേഷ ഭാഷാ വംശ വ്യത്യാസമില്ലാതെ മനുഷ്യരെല്ലാവരും തുല്യരാണെന്ന സന്ദേശം. സ്ത്രീകളോടുള്ള ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കാനും സ്ത്രീ പുരുഷ ജാതികള്‍ ഉത്തരവാദിത്തങ്ങളും അവകാശങ്ങളുമുള്ള സ്വതന്ത്ര അസ്തിത്വങ്ങളാണെന്നുമുള്ള അതിന്റെ ഓര്‍മപ്പെടുത്തലും. സാമ്പത്തിക ഇടപാടുകളില്‍ ന• പുലര്‍ത്താനും പലിശയിടപാടുകളില്‍ നിന്നകന്ന് നില്‍ക്കാനുമുള്ള ആഹ്വാനവും അതിന്റെ മര്‍മത്തിലുണ്ടായിരുന്നു. വാള്‍സ്ട്രീറ്റ് ജേര്‍ണലിനെ കൊണ്ടുപോലും ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചെഴുതാന്‍ നിര്‍ബന്ധിപ്പിച്ച സാമ്പത്തിക കാഴ്ചപ്പാടുകളാണ് പ്രവാചക തിരുമേനി(സ) അവതരിപ്പിച്ചത്.
അരമുണ്ട് ചുറ്റി മറ്റേതുമില്ലാതെ ആ മരുഭൂമിയുടെ വന്യതയില്‍ പ്രാര്‍ഥനാനിരതമായിരിക്കുന്ന ലക്ഷങ്ങളെ നോക്കി നില്‍ക്കുമ്പോള്‍ അഗാധവും പുരാതനവും പ്രാകൃതവുമായ എന്തോ ഒന്ന് എന്റെ ഉള്ളിലുടക്കി നിന്നു.
യേശുവോ സ്നാപക യോഹന്നാനോ എലിജാ പ്രവാചകനോ ഈ കാഴ്ച കണ്ടിരുന്നെങ്കില്‍. തേനും വെട്ടുകിളിയും ഭക്ഷിച്ച് പരുക്കന്‍ വസ്ത്രങ്ങളില്‍ ഈ മരുഭൂ വന്യതയില്‍ അലഞ്ഞവരായിരുന്നല്ലോ അവരും. സീനായില്‍ ഇത് പോലെയായിരുന്നല്ലോ ഇസ്രയേലികള്‍ ദൈവത്തിനു മുന്നില്‍ വന്നു നിന്നതും.
അറഫാത്തിലെ ഈ ദിവസത്തെക്കുറിച്ച് എനിക്കിപ്പോള്‍ വ്യാമോഹങ്ങളൊന്നുമില്ല. വരാനിരിക്കുന്ന വിധിദിനത്തിന്റെ ഓര്‍മക്കുറി മാത്രമല്ല, പുരാതനമായ ഓര്‍മകളുടെ ഭാണ്ഡങ്ങളും കൂടിയാണ് അറഫ പ്രതിനിധാനം ചെയ്യുന്നത്. ഇന്ന് നാം ഈ മരുഭൂമിയില്‍ വെച്ച് തിരിച്ചറിയുന്നു. വേദങ്ങളില്‍ നാം പരിചയിച്ച പുണ്യവാള•ാര്‍ക്ക് ജീവിതം എന്തായിരുന്നുവെന്ന്! ഒരിക്കലും ഇതുപോലൊരനുഭവം അറിയാന്‍ അവസരം നിഷേധിക്കപ്പെട്ട എന്റെ യഹൂദ, ക്രിസ്ത്യാനി സുഹൃത്തുക്കളെക്കുറിച്ചോര്‍ത്തപ്പോള്‍ എനിക്ക് പൊടുന്നനെ ദു:ഖം തോന്നി. അവര്‍ വേദത്തില്‍ ഈ ചരിത്രം വായിക്കുന്നു. പക്ഷേ തങ്ങളുടെ വിശുദ്ധ നായക•ാര്‍ മരുഭൂമിയുടെ വന്യതയില്‍ അറിഞ്ഞ ദൈവാനുഭവം സ്വന്തമാക്കാന്‍ അവര്‍ക്ക് കഴിയുന്നുമില്ല. മനുഷ്യ ഹൃദയം യഥാര്‍ത്ഥത്തില്‍ നിര്‍വികാരമായ കോണ്‍ക്രീറ്റ് വന്യതയില്‍ നിന്നും യന്ത്രങ്ങളില്‍ നിന്നുമൊക്കെ രക്ഷപ്പെട്ട് ഇതുപോലെ അവന്റെ പുരാതനമായ പൂര്‍വീകരുടെ വാസങ്ങളിലേക്ക് മടങ്ങാനും അതിന്റെ പരുക്കന്‍ അനുഭവങ്ങളിലെ അമൂല്യമായ ഓരോ ശ്വാസവും സ്വന്തമാക്കാനും ആഗ്രഹിക്കുന്നുണ്ട്-തീര്‍ച്ച.
അറഫാ കുന്നുകള്‍ക്ക് മീതെ സൂര്യന്‍ എരിഞ്ഞു താണു. ഉള്ളിലെവിടെയോ അഗാധമായ എന്തോ ഒന്ന് ഇന്ന് സംഭവിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന ചിന്തയില്‍ എന്റെ അകം നിറഞ്ഞുപോയി. എന്റെ തമ്പുരാന്‍ എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നല്ലോ. ഞാനാണല്ലോ അവനെ വിട്ടകന്നു കളഞ്ഞത്. എന്റെ ഉള്ളിലേക്ക് ഞാനവന് പ്രവേശനം അനുവദിച്ചതേയില്ല. ജബലുറഹ്മയുടെ താഴ്വാരത്ത് അറഫയുടെ പ്രൌഢ വിശാലതയില്‍ നില്‍ക്കുമ്പോള്‍ എനിക്കും എന്റെ സ്രഷ്ടാവിനുമിടയില്‍ മറകള്‍ ചീന്തിപ്പോകുന്നത് ഞാന്‍ കാണുന്നു. ഇപ്പോള്‍ ഞാനറിയുന്നു തിരുനബിയുടെ വാക്കിന്റെ പൊരുള്‍ ‘അറഫയാണ് ഹജ്ജ്’.

You must be logged in to post a comment Login