തീര്‍ത്ഥാടന വഴി പുഴയായി മാറിയപ്പോള്‍


ചില സുഹൃത്തുക്കളുടെ തെറ്റായ ഉപദേശം കാരണം ഹജ്ജ് റിപ്പോര്‍ട്ടിംഗ് വേളയില്‍ ഹജ്ജ് ചെയ്യാനാവാതെ പോയ വേദന മറക്കാനാവില്ലെന്ന് ലേഖകന്‍. സഊദി സര്‍ക്കാറിന്റെ ഔദ്യോഗിക വിദേശ മീഡിയ സംഘത്തിലെ ഏക ഇന്ത്യന്‍ പ്രതിനിധിയായിരിക്കെ ഏറ്റ നിര്‍ഭാഗ്യത്തിന്റെ കടംവീട്ടാന്‍ പിറ്റെ വര്‍ഷം കിട്ടിയ ഒരവസരം പ്രളയത്തില്‍ മുങ്ങിയ അനുഭവം. അതോടൊപ്പം ലോക മീഡിയ ഒരു ഹോട്ടല്‍ മുറിയില്‍ കുടുങ്ങിപ്പോയ ഹജ്ജ്കാലവും 2009ലെ ഒരു ഹജ്ജ് റിപ്പോര്‍ട്ടിംഗിനെപ്പറ്റി മലയാളി മാധ്യമപ്രവര്‍ത്തകന്‍.

കാസിം ഇരിക്കൂര്‍

2009ലെ ദുല്‍ഹജ്ജ് ഒമ്പത്. ബുധനാഴ്ചയാണെന്നാണ് ഓര്‍മ. പുലര്‍ച്ചെ തൊട്ടേ മാനം ഇരുണ്ടിരുന്നു. എട്ടുമണി കഴിഞ്ഞതോടെ ചാറ്റല്‍മഴ തുടങ്ങി. സമയം കഴിയുന്തോറും മഴക്ക് ആക്കം കൂടി. ജിദ്ദ ശറഫിയ്യയിലെ പത്രമോഫീസിലിരുന്ന് മഴവെള്ളത്തില്‍ ഭാവമാറ്റം പ്രകടിപ്പിക്കുന്ന ഓഫീസിന്റെ മുന്നിലെ റോഡിലൂടെ കണ്ണോടിച്ചു. ആദ്യമായി ഹജ്ജ് നിര്‍വഹിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തില്‍ കുളിര്‍ത്ത മനസ്സിലൂടെ മരുഭൂമിയിലെ മരുക്കാഴ്ച കൌതുകങ്ങള്‍ തീര്‍ത്തുകൊണ്ടേയിരുന്നു. അപ്പോഴും ഉള്ളകം ഗൌരവം പൂണ്ടു. മറ്റു തീര്‍ത്ഥാടകരെപ്പോലെ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചാല്‍ മാത്രം പോരാ; അത് റിപ്പോര്‍ട്ട് ചെയ്ത് പടമടക്കം കോഴിക്കോട്ടേക്ക് അയച്ചു കൊണ്ടിരിക്കുകയും വേണം.
ഒരിക്കല്‍ കൈമോശം വന്ന അവസരമാണ് ഇക്കുറി കൈയെത്തും ദൂരത്തുള്ളത്. സഊദി ഗവണ്‍മെന്റിന്റെ ഔദ്യോഗിക വിദേശ മീഡിയ സംഘത്തിലെ ഏക ഇന്ത്യന്‍ പ്രതിനിധി എന്ന നിലയില്‍ തലേവര്‍ഷം തന്നെ ഹജ്ജിനുള്ള അവസരം കൈവന്നിരുന്നുവെങ്കിലും നിര്‍ഭാഗ്യവശാല്‍ അന്ന് ഇഹ്റാം കെട്ടാന്‍ സാധിച്ചില്ല. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരബദ്ധം കാരണമാണത്. ചില സുഹൃത്തുക്കളുടെ തെറ്റായ ഉപദേശമാണ് ആ വര്‍ഷം ഹജ്ജ് നഷ്ടപ്പെടുത്തിയത്. കംപ്യൂട്ടറും ക്യാമറയും പേറി ഇഹ്റാം കെട്ടിയാല്‍ ഹജ്ജുണ്ടാവില്ല, റിപ്പോര്‍ട്ടുമുണ്ടാവില്ല എന്നാണ് അവര്‍ ഭയപ്പെടുത്തിയത്. അതുകേട്ട് ഇഹ്റാം കെട്ടാതെ പുറപ്പെട്ടപ്പോള്‍ സംഘത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു. ചോദിക്കുന്നവരോട് മറുപടി പറഞ്ഞ് മുഷിഞ്ഞു, എന്നു മാത്രമല്ല, അടുത്തവര്‍ഷം ഇതുപോലൊരു അവസരം ഒത്തുവന്നില്ലെങ്കില്‍ ഹജ്ജ് ഒരു സ്വപ്നമായി അവശേഷിക്കുമല്ലോ എന്ന ചിന്ത ഉള്ളകം പൊള്ളിക്കുകയും ചെയ്തു.
ആ വേദന അകറ്റുന്നതിന് കൈവന്ന സൌഭാഗ്യം അനുഭവിക്കാന്‍ തീര്‍ത്ഥാടനത്തിന് ഒരുങ്ങുമ്പോഴാണ് മഴ അനുഗ്രഹമായി ചൊരിഞ്ഞിരിക്കുന്നത്. ഒരു ശീലമെന്നോണം, വിദേശ മാധ്യമ പ്രവര്‍ത്തകര്‍ ദുല്‍ഹജ്ജ് ഒമ്പതിന് വൈകീട്ട് നേരെ അറഫയിലേക്ക് കുതിക്കുകയാണ് പതിവ്. മറ്റുള്ളവര്‍ മിനായിലെ തമ്പുകളിലേക്ക് ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്…’ ചൊല്ലി പ്രവഹിക്കുമ്പോഴാണ് അവര്‍ക്കിടയിലൂടെ വന്‍ പോലീസ് അകമ്പടിയോടെ മീഡിയ ബസ് കുതിച്ചു പായുക. അതിന്നായി ജിദ്ദ-ഫലസ്തീന്‍ റോഡിലെ മരിയറ്റ് ഹോട്ടലില്‍ ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുമുള്ള നൂറ്റമ്പതോളം മാധ്യമ പ്രവര്‍ത്തകര്‍ ഒരുങ്ങി നില്‍ക്കും. അവര്‍ നിസ്കാരം കഴിഞ്ഞ ഉടന്‍ പുറപ്പെടുകയാണ് പതിവ്.
ആ യാത്രയെക്കുറിച്ചുള്ള കഴിഞ്ഞ വര്‍ഷത്തെ ഓര്‍മകള്‍ പൊടിതട്ടി, ലാപ്ടോപ്പും ക്യാമറയും റെഡിയാക്കിവെക്കുകയാണ്. എന്നാല്‍ സമയം കഴിയുന്തോറും മഴ കനക്കുകയാണ്. ഇരുള്‍ മൂടിയ അന്തരീക്ഷം വല്ലാത്തൊരു ദുഃഖച്ഛവി പരത്തുന്നതു പോലെ. അറേബ്യന്‍ മരുഭൂമി ഇമ്മട്ടിലുള്ള മഴ ഏറ്റുവാങ്ങാറില്ലെന്നും ഇത് അപൂര്‍വ്വാനുഭവമാണെന്നും വര്‍ഷങ്ങളായി ജിദ്ദയില്‍ കഴിയുന്ന സുഹൃത്തുക്കള്‍ പറഞ്ഞു. മഴക്കായി കഴിഞ്ഞ ദിവസം പള്ളികളില്‍ നടത്തിയ കൂട്ടപ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചുവല്ലോ എന്ന സായൂജ്യത്തിലായിരുന്നു ചിലര്‍.
ഉച്ച കഴിഞ്ഞതോടെ ഇഹ്റാം കെട്ടി, ലാപ്പും ക്യാമറയും മറ്റുമായി സുഹൃത്ത് തൃശൂര്‍ സ്വദേശി അലിയുടെ കാറില്‍ മാരിയന്‍ ഹോട്ടല്‍ ലക്ഷ്യമാക്കി നീങ്ങി. മലയാളികളുടെ സ്വന്തം ശറഫിയ്യയുടെ ഭൂരിഭാഗവും അപ്പോഴേക്കും വെള്ളത്തിനടിയിലായിരുന്നു. ജിദ്ദ നഗരത്തിന്റെ നട്ടെല്ല് പോലെ നീണ്ടുനില്‍ക്കുന്ന ശാരാ സിത്തീന്‍ റോഡ് കാണാനില്ല. പൂര്‍ണമായും വെള്ളത്തിന്നടിയിലായി എന്നു മാത്രമല്ല, ചെറിയൊരു പുഴപോലെ നിറഞ്ഞൊഴുകുകയാണ്. സംഗതികളുടെ ഗൌരവം മനസ്സിലാക്കാനാവാതെ, കാറോടിക്കുന്ന സുഹൃത്ത് അലിയോട് എങ്ങനെയെങ്കിലും ഫലസ്തീന്‍ റോഡിലേക്ക് കടക്കാന്‍ ആവശ്യപ്പെട്ടു. കാറ് അമ്പത് മീറ്റര്‍ മുന്നോട്ടു നീങ്ങിയിട്ടേ ഉണ്ടാവൂ, വണ്ടിക്കുള്ളിലേക്ക് വെള്ളം കയറാന്‍ തുടങ്ങി. കാറ് പിന്നീട് ഓടിക്കേണ്ടി വന്നില്ല. ദിശാ നിയന്ത്രണമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ഒഴുകുകയാണ്. കനത്ത മഴയില്‍ ചുറ്റുപാടും എന്താണ് സംഭവിക്കുന്നതെന്ന് പോലും കാണാന്‍ കഴിയുന്നില്ല. ടിഷ്യൂ പേപ്പര്‍ കൊണ്ട് കാറിന്റെ മുന്‍ഗ്ളാസ് ഏതോ വിധത്തില്‍ തുടച്ചു വൃത്തിയാക്കിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. നൂറു കണക്കിന് വാഹനങ്ങള്‍ വെള്ളത്തിലൂടെ ഒഴുകി നടക്കുകയാണ്. കൂറ്റന്‍ ട്രെയ്ലര്‍ ലോറികള്‍ പോലും തുഴ നഷ്ടപ്പെട്ട പങ്കായം പോലെ വട്ടം കറങ്ങുന്നുണ്ട്. ശാരാ സിത്തീനില്‍ നിന്ന് ഫലസ്തീന്‍ റോഡിലേക്ക് എത്തണമെങ്കില്‍ ഒരു അണ്ടര്‍ ബ്രിഡ്ജ് കടന്നു പോകണം. അവിടെ മൂന്നാള്‍ പൊക്കത്തില്‍ വെള്ളമാണ്. കാറ് നിയന്ത്രിക്കാന്‍ കഴിയാതെ അലി ‘എന്റെ അല്ലാ’ എന്ന് ഇടക്കിടെ നിലവിളിക്കുന്നുണ്ട്. ഞാനാണെങ്കില്‍ ഇഹ്റാം വേഷത്തില്‍ കമ്പ്യൂട്ടറും സാമഗ്രികളും നെഞ്ചോട് ചേര്‍ത്തു പിടിച്ച് വിറയ്ക്കുകയായിരുന്നു. ഏത് നിമിഷവും മരുഭൂമിയെ വിഴുങ്ങാന്‍ പോകുന്ന പ്രളയജലത്തില്‍ മുങ്ങിത്താഴുമെന്ന അവസ്ഥ. ഏതെങ്കിലും കുറുക്കുവഴിയിലൂടെ മാരിയറ്റ് ഹോട്ടലില്‍ എത്താന്‍ കഴിയുമോ എന്ന് സുഹൃത്തിനോട് അന്വേഷിച്ചു കൊണ്ടിരുന്നു. ഒരു മറുപടിയും തരാതെ അവന്‍ ആ പഴയകാറില്‍ ഒരുതരം ജീവ•രണ പോരാട്ടം നടത്തുകയാണ്.
തിരിച്ചുപോകാനോ മുന്നോട്ടു നീങ്ങാനോ പറ്റാത്ത അവസ്ഥ! പടച്ചതമ്പുരാനോട് പ്രാര്‍ത്ഥിക്കുകയേ നിര്‍വാഹമുള്ളൂ. തീര്‍ത്ഥാടന വഴിയാണ് പ്രളയത്തില്‍ മുങ്ങിയിരിക്കുന്നത്. ജിദ്ദ പോലൊരു മരുഭൂ നഗരം പെരുമഴ വെള്ളത്തില്‍ നിമഗ്നമായി എന്നു പറഞ്ഞാല്‍ ആര്‍ക്കും വിശ്വാസം വരില്ല. നൂഹ് നബിയുടെ കാലത്തുണ്ടായ പ്രളയത്തിന്റെ ഓര്‍മകള്‍ അനവരതം അയവിറക്കുന്ന ഒരു വേദസമൂഹത്തിന്റെ ജീവിത പരിസരമാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രഭാതത്തില്‍ ജലനിബിഢമായിരിക്കുന്നത്. ഹജ്ജ് സ്വപ്നം പൊലിയുകയാണോ എന്ന് മനസ്സ് വേദനിക്കാന്‍ തുടങ്ങി. ജീവന്‍ തന്നെ പ്രളയത്തിനു മുന്നില്‍ വഴിമുട്ടി നില്‍ക്കുകയല്ലേ എന്ന ആകുലചിന്ത മനസ്സിനെ വരിഞ്ഞു മുറുക്കി.
ഒരു ബോധോദയത്താലെന്ന പോലെ, എന്റെ സുഹൃത്ത് കാര്‍ പെട്ടെന്ന് വലതു ഭാഗത്തെ തിട്ടയിലേക്ക് കയറ്റി ‘യാ അല്ലാഹ്’ എന്ന് ഉറക്കെവിളിച്ചു. ജലപ്രവാഹത്തെ വകഞ്ഞുമാറ്റി കാര്‍ മുന്നോട്ടു നീങ്ങി. ഫലസ്തീന്‍ റോഡാണ് ലക്ഷ്യം. എനിക്ക് മരിയറ്റ് ഹോട്ടലാണ് പ്രതീക്ഷ. ഫലസ്തീന്‍ റോഡിലെത്തിയപ്പോഴാണ് സംഭവങ്ങളുടെ കിടപ്പ് പിടികിട്ടുന്നത്. മധ്യ ഡിവൈഡറുള്ള നാലുവരിപ്പാത അക്ഷരാര്‍ത്ഥത്തില്‍ പുഴയായി മാറിയിരിക്കുന്നു. കെട്ടിടങ്ങളുടെ മുകളിലും ബാല്‍ക്കണിയിലും കയറിനിന്ന് ജനം അത്ഭുത സ്തബ്ധരായി പ്രളയം ആസ്വദിക്കുകയാണ്. പ്രളയം വന്നതോടെ നഗര ഭരണം തന്നെ നിശ്ചലമായ അവസ്ഥ. രക്ഷിക്കാനായി വിളിച്ചു കേണാല്‍ കേള്‍ക്കാന്‍ ഒരു പോലീസുകാരനെപ്പോലും പരിസരത്തൊന്നും കാണാനില്ല. എന്റെ ലക്ഷ്യസ്ഥാനമായ മാരിയറ്റ് ഹോട്ടലിന്റെ മുറ്റത്ത് വലിയൊരു ജനക്കൂട്ടത്തെ ദൂരെ നിന്ന് കാണാന്‍ കഴിഞ്ഞു. എങ്ങനെ അവിടെവരെ എത്തും എന്നതാണ് ഉത്തരം കണ്ടെത്തേണ്ട അടുത്ത ചോദ്യം. ഒഴുക്കിന്റെ ശക്തികുറഞ്ഞ അരികിലൂടെ എങ്ങനെയെങ്കിലും ഒന്ന് കാറ് മുന്നോട്ടെടുത്തു നോക്കാന്‍ സുഹൃത്തിനോട് കേണു. വെള്ളത്തിന്റെ തിരത്തള്ളിച്ചയില്‍ കാറിന്റെ എന്‍ജിന്‍ ഇടക്കിടെ ഓഫാവുന്നുണ്ടായിരുന്നു. അര മണിക്കൂര്‍ നേരം ഫലസ്തീന്‍ റോഡിലെ പുഴയില്‍ വണ്ടിയിലിരുന്ന് നീന്തിത്തുടിച്ച ശേഷം എങ്ങനെയോ ഹോട്ടലിന്റെ ചാരത്ത് എത്തിപ്പെട്ടു. കാറില്‍ നിന്ന് പുറത്തിറങ്ങുക എന്ന സാഹസമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. കാറില്‍ നിന്ന് നേരെ റോഡിലിറങ്ങിയാല്‍ കഴുത്തറ്റം വരെ വെള്ളമുണ്ടാകുമെന്നുറപ്പ്. ഒരു പരിധിക്കപ്പുറം വണ്ടി കൊണ്ടുപോകാനും കഴിയുന്നില്ല. ഞങ്ങളുടെ പാരവശ്യം ദൂരെ നിന്നു കണ്ട് ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ മുറ്റത്തു നിന്ന്കുറെ സഹായഹസ്തങ്ങള്‍ വണ്ടിക്കകത്തേക്ക് നീണ്ടു. വിവിധ ദേശക്കാരായ മാധ്യമപ്രവര്‍ത്തകര്‍, ഹജ്ജ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയവര്‍. കാറിന്റെ ഡോര്‍ തുറക്കാതെ ഗ്ളാസ് താഴ്ത്തി ആരൊക്കെയോ പുറത്തേക്ക് വലിച്ചെടുത്തു. കമ്പ്യൂട്ടറും ബാഗുമൊക്കെ ഒരു വടിയുടെ അറ്റത്ത് കൊളുത്തി വലിക്കുകയാണത്രെ. നനഞ്ഞു വെള്ളമിറ്റുന്ന ഇഹ്റാം വസ്ത്രവുമായി ഹോട്ടല്‍ മുറ്റത്ത് കാലെടുത്തുവച്ചപ്പോഴേക്കും കുറെ ക്യാമറകള്‍ മിന്നി. അപ്പോഴും എന്റെ കണ്ണ് സുഹൃത്തിന്റെ കാറിലേക്കാണ് പാഞ്ഞത്. കാര്‍ എവിടെപ്പോയി? മുറ്റത്തുനിന്നു താഴോട്ടുനോക്കിയപ്പോള്‍ ഞാന്‍ വന്ന ദിശയിലേക്ക് കാര്‍ തിരികെ ഒഴുകുകയായിരുന്നു. സുഹൃത്ത് അതിലിരിക്കുന്നുണ്ടോയെന്നു പോലും നിശ്ചയമില്ല. മൊബൈലില്‍ വിളിച്ചിട്ട് ഫലവുമില്ല. നേരേ ചെന്നത് ഹോട്ടലിലെ താല്‍ക്കാലിക മീഡിയ സെന്ററിലേക്കാണ്. ബിബിസി, സിഎന്‍എന്‍, അല്‍ ജസീറ, എംഎഫ്ബി, റോയിട്ടേഴ്സ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളുടെ സിരാകേന്ദ്രത്തിലേക്ക് വാര്‍ത്തകള്‍ ഒഴുകുകയാണ്, ചിത്രങ്ങളും. എല്ലാം ജിദ്ദ വെള്ളത്തില്‍ മുങ്ങിയ പ്രളയത്തെക്കുറിച്ച്. വന്നത് ഹജ്ജ് റിപ്പോര്‍ട്ട് ചെയ്യാനാണ്. കണ്ടതോ സഊദിയില്‍ സമീപകാലത്തുണ്ടായ ഏറ്റവും ഭീകരമായ പ്രളയവും. ഒരിക്കലും മറക്കാത്ത അനുഭവം. ബിബിസി പ്രതിനിധി ആശ്ചര്യപൂര്‍വം പറഞ്ഞു. ‘തീര്‍ത്ഥാടന വഴി പുഴയായി മാറി’ – വാര്‍ത്താ ഏജന്‍സികള്‍ക്ക് അമ്പരപ്പ്. ജിദ്ദയുടെ ഭൂമിശാസ്ത്രം പഠിക്കാന്‍ ജേര്‍ണലിസ്റുകള്‍ ഭൂപടം പരതി. കാമറക്കാര്‍ക്ക് ചാകര കിട്ടിയ സന്തോഷം. നഗരം പുഴയായി മാറിയ അപൂര്‍വ കാഴ്ചയാണ്. എല്ലാവരും ഹജ്ജും അറഫാ ദിനവും മറന്നതു പോലെ.
നാളെ അറഫാ ദിനമാണ്. പക്ഷേ, രാത്രി പത്തുമണി കഴിഞ്ഞിട്ടും മക്കയിലേക്കുള്ള വഴികളില്‍ നിന്ന് വെള്ളമിറങ്ങിയിട്ടില്ല. സഊദി വാര്‍ത്താ വിതരണ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പരക്കം പായാന്‍ തുടങ്ങി. ഏതു വഴിയിലൂടെ പോയാലാണ് പ്രളയത്തില്‍ പെടാതെ അറഫയില്‍ എത്തിച്ചേരുക എന്നതിലാണ് അവരുടെ ചിന്ത. മുപ്പതു ലക്ഷം തീര്‍ത്ഥാടകര്‍ മിനയില്‍ തമ്പടിച്ചുകഴിഞ്ഞിട്ടും, ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഹവ്വാ ബീവിയുടെ നഗരത്തില്‍ കുടുങ്ങിയിരിക്കുകയായിരുന്നു. മാനം തെളിയുകയാണെങ്കില്‍ പാതിരാവോടെ യാത്ര തിരിക്കുന്നതിന് ഒരുങ്ങി നില്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശിച്ചു. അതോടെ ലോകം ആ ഹോട്ടല്‍ ലോഞ്ചില്‍ സംഗമിച്ചു. അഷ്ടദിക്കുകളിലും നിന്നെത്തിയ ജേണലിസ്റുകളും ഫോട്ടോഗ്രാഫര്‍മാരും പലപല വിഷയങ്ങള്‍ എടുത്തിട്ട് ചര്‍ച്ച തുടങ്ങി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളും ജനാധിപത്യവും ബഹുസ്വരതയുമെല്ലാം ചര്‍ച്ചയില്‍ വിഷയീഭവിച്ചു. ദേശ ഭാഷാതിരുകള്‍ ഭേദിച്ച് വിശ്വാസത്തിന്റെ ബലവും പ്രൊഫഷന്റെ സങ്കേതവും സംഗമിച്ച സന്ദര്‍ഭം.
എല്ലാറ്റിനുമൊടുവില്‍, പുലര്‍ച്ചെ രണ്ടുമണിയോടെ ഞങ്ങള്‍ അറഫയിലേക്ക് യാത്രയായി. ഉഗാണ്ടയില്‍ നിന്നുള്ള കറുകറുത്ത ഒരു സുന്ദരന്‍, ബസില്‍ എന്റെ സീറ്റ് പങ്കുവച്ചു. അദ്ദേഹത്തിനു ജിദ്ദയെക്കുറിച്ച് അറിയണം. അതിന് ഓരോ വളവിലും തിരിവിലും ചോദ്യങ്ങള്‍ എയ്തുവിട്ടു. മക്കാ റോഡിലേക്ക് വാഹനം പ്രവേശിച്ചതോടെ ‘തല്‍ബിയത്ത്’ ഉയരാന്‍ തുടങ്ങി. തുര്‍ക്കി, ഈജിപ്ത്, ഇറാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള വനിതാ ജേര്‍ണലിസ്റുകള്‍ നാം അസൂയപ്പെടുന്ന കണ്ഠശുദ്ധിയോടെ ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്… ചൊല്ലി വാഹനം ഭക്തിമുഖരിതമാക്കി. അര്‍ത്ഥം അറിഞ്ഞുള്ള അവരുടെ മൊഴിയില്‍ ഉള്‍വഹിച്ച നിശ്ചയദാര്‍ഢ്യവും ആത്മാര്‍ത്ഥതയും നിനവുകളെ ആയിരമായിരം സംവത്സരങ്ങള്‍ക്കപ്പുറത്തേക്ക് ആനയിച്ചു കൊണ്ടുപോയി. മക്കയുടെ വിജനതയില്‍, സര്‍ഹാ വൃക്ഷത്തണലില്‍ ഹാജറയെയും പുത്രന്‍ ഇസ്മാഈലിനെയും(അലൈഹിമുസ്സലാം) പടച്ച തമ്പുരാനെ ഏല്‍പിച്ച്, സ്വദേശത്തേക്ക്, സാറയുടെ അടുത്തേക്ക് മടക്കയാത്ര തിരിച്ച ഇബ്രാഹീമി(അ)ന്റെ അചഞ്ചലമായ വിശ്വാസത്തിന്റെ ഗരിമ പാതവക്കില്‍ കാവലാളുകളായി നില്‍ക്കുന്ന പാറക്കെട്ടുകളില്‍ ദര്‍ശിച്ചു. ഊഷരമായ മരുക്കാട്ടിലാണ് ഇബ്രാഹീമും ഹാജറയും ഇസ്മാഈലും (അ) മനുഷ്യകുലത്തിന് സംഗമപാത ഒരുക്കിയിരിക്കുന്നത്. സഹസ്രാബ്ദങ്ങള്‍ ആഴക്കടലിനടിയിലോ പ്രളയജലത്തിലോ കിടന്നതു കൊണ്ടാവാം ഇന്നും പച്ചപ്പുല്ല് പോലും മുളയ്ക്കാത്ത നിരാര്‍ദ്രമായ കുന്നുകളാണ് മക്കയിലേക്കുള്ള പാതവക്കില്‍ ഞങ്ങളെ എതിരേല്‍ക്കുന്നത്. ആ പാതനിറയെ വാഹന വ്യൂഹങ്ങളാണ്. കേള്‍ക്കുന്നത് ഒരേയൊരു മന്ത്രധ്വനിയും. “ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്….” വിശുദ്ധ മക്കയോട് അടുക്കുന്തോറും സ്വരം ഉയര്‍ന്നുയര്‍ന്നു പൊങ്ങി. സീറ്റുകളില്‍ സുഖദായകമായ നിദ്രകളില്‍ വീണവര്‍ പോലും ഞെട്ടിയെഴുന്നേറ്റ് ചൊല്ലാന്‍ തുടങ്ങി. ഇപ്പോള്‍ എല്ലാവരും ഭക്തിപാരവശ്യത്തിലാണ്. തങ്ങളുടെ ദേശത്തിന്റെയും ഭാഷയുടെയും വ്യതിരിക്ത സ്വത്വങ്ങള്‍ കുടഞ്ഞുമാറ്റി ‘ഉമ്മത്തിന്റെ’ വിശാലമായ ബാനറിന് കീഴില്‍ എല്ലാവരും അണിചേര്‍ന്നിരുന്നു. ഒരേ ദിശയില്‍, ഒരേ ലക്ഷ്യത്തില്‍, ഒരേ ഭാഷയില്‍, ഒരേ വേഷത്തില്‍ ‘ലോകം’ അതിദ്രുതം സഞ്ചരിക്കുകയാണ്. അഞ്ച് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ഖലീലുല്ലാഹി ഇബ്റാഹീം നടത്തിയ വിളംബരത്തിന് ഉത്തരം നല്‍കാന്‍. മസ്ജിദുല്‍ ഹറമിന്റെ ചാരത്തുള്ള കരിമ്പാറക്കൂട്ടങ്ങളുടെ നടുവിലൂടെ, മിനാ താഴ്വരയുടെ വിടവിലൂടെ ഞങ്ങള്‍ കുതിച്ചു. വിശുദ്ധരാവിന്റെ അവസാന യാമങ്ങളെ കീറിമുറിച്ചും, ഒരു വിശ്വാസിയുടെ മനോമുകുരത്തില്‍ എന്നെന്നും ഓര്‍മിക്കാനുള്ള നിമിഷങ്ങള്‍. ജര്‍മ്മനിയില്‍ നിന്നുള്ള വെളുത്തു തുടുത്ത യുവാവും സിറിയയില്‍ നിന്നുള്ള വയോധികനായ പണ്ഡിതനും സുഡാനില്‍ നിന്നുള്ള ചുരുണ്ട മുടിയുള്ള ചെറുപ്പക്കാരനും മലേഷ്യയില്‍ നിന്നുള്ള കുറിയ മനുഷ്യനും ചൈനയില്‍ നിന്നുള്ള ഹോച്ചിമിന്‍ താടി വളര്‍ത്തിയ കുഞ്ഞു മനുഷ്യനുമെല്ലാം വിശ്വാസത്തിന്റെ തുരുത്തില്‍ ഒത്തുകൂടിയിരിക്കുന്നു. രണ്ടുമണിക്കൂര്‍ യാത്രക്കു ശേഷം ഞങ്ങള്‍ അറഫയില്‍ ചെന്നിറങ്ങുകയാണ്. സ്വര്‍ഗത്തില്‍ നിന്നും നിഷ്കാസിതരായ ആദിമ പിതാവ് ആദമും മാതാവ് ഹവ്വയും കണ്ടുമുട്ടിയ ജബലുറഹ്മയുടെ ഓരത്ത്.
ഞങ്ങളെ വഹിച്ചുകൊണ്ടുള്ള ബസ് സഊദി വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ അറഫാ ആസ്ഥാനത്ത് ചെന്നെത്തുമ്പോള്‍ രാജ്യം ഉറങ്ങാതെ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. വകുപ്പു മന്ത്രി സുല്‍ത്താന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ ഹൃദ്യവും സുഗന്ധപൂരിതവുമായ വരവേല്‍പ്പ്. കൊച്ചു കോപ്പകളില്‍ ചൂടുള്ള കഹ്വയുമായി തനി അറബ് വേഷധാരികളായ കുട്ടികള്‍ അണിനിരന്നിരിക്കുന്നു. മധുര പലഹാരങ്ങള്‍ നിറച്ച പാത്രങ്ങള്‍ ഞങ്ങളുടെ മുമ്പില്‍ നിരന്നു. രാജകുമാരന്‍ എല്ലാവരുടെയും അടുത്തു ചെന്ന് കൈപിടിച്ചു പരിചയപ്പെട്ടു. അദ്ദേഹത്തിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. : “നിങ്ങള്‍ ഞങ്ങളുടെ വിശിഷ്ടാതിഥികളാണ്. ഹജ്ജിന്റെ ദൌത്യം നിങ്ങളുടെ നാടുകളിലേക്ക് സത്യസന്ധമായി എത്തിക്കുക. നിങ്ങള്‍ ഏറ്റെടുത്ത ദൌത്യം മഹത്തരമാണ്. സത്യദൂത•ാരായ പ്രവാചക•ാര്‍ കൈയേറ്റ ഉത്തരവാദിത്തമാണ് നിങ്ങളുടേതെന്ന് മറക്കാതിരിക്കുക.”
പത്രപ്രവര്‍ത്തനത്തിന്റെ വര്‍ത്തമാനകാല ഇസ്ലാമിക പരികല്‍പന ആ പുലരിയില്‍ വലിയൊരു ഓര്‍മപ്പെടുത്തലായി. ‘ഹജ്ജത്തുല്‍ വിദാഇല്‍’ പ്രവാചകന്‍ (സ) കൈമാറിയ സന്ദേശവും അതായിരുന്നുവല്ലോ. സന്നിഹിതരായവര്‍ ഇല്ലാത്തവര്‍ക്ക് സത്യസന്ദേശം കൈമാറാന്‍. ഉറങ്ങാന്‍ ഇനി സമയമില്ല. മസ്ജിദ് നമിറയില്‍ നിന്ന് സുബ്ഹ് ബാങ്ക് വിളി ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. അറഫാദിനത്തിന് നാന്ദികുറിച്ചു കൊണ്ട്. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്…

You must be logged in to post a comment Login