ഉമ്മ


ലുഖ്മാന്‍ മാതാവിനെ പുണര്‍ന്നു പൊട്ടിക്കരഞ്ഞു.
‘എന്താ മോനേ, എന്താ ഉണ്ടായത്?’ ഉമ്മ പൊടുന്നനെ ചോദിച്ചു.
‘ഉമ്മ എനിക്കു മാപ്പു തരുമോ?’
ലുഖ്മാന് ലോകം ഒരു കൌതുകമായി. എന്തൊക്കെയാണ് കണ്‍മുന്നില്‍? ജീവനുള്ളവയും ഇല്ലാത്തവയും. ജീവനുള്ളവ തന്നെ എത്രയെണ്ണം! ആടുകള്‍, മാടുകള്‍, ഒട്ടകങ്ങള്‍ ചിറകു വിടര്‍ത്തി അന്തരീക്ഷത്തില്‍ പാറിപ്പറക്കുന്ന പക്ഷികള്‍. ലുഖ്മാന്റെ മനസ്സില്‍ അത്ഭുതങ്ങള്‍ കൂടുകൂട്ടി. ആയിരം ചോദ്യങ്ങള്‍ ആ ബാലമനസ്സില്‍ മുളപൊട്ടി. പലതും അവന്‍ ബാപ്പയോട് ചോദിച്ചു കൊണ്ടിരുന്നു. അറിയാവുന്നതൊക്കെ അയാള്‍ മകനു പറഞ്ഞു കൊടുത്തു.
പകല്‍ ചൂടും വെളിച്ചവും തരുന്ന സൂര്യന്‍. രാത്രി തണുത്ത പ്രകാശം ചൊരിയുന്ന ചന്ദ്രിക; രാത്രിയില്‍ ഏറിയും കുറഞ്ഞും ചില രാത്രികളില്‍ കൂരാക്കൂരിരുട്ട്. എന്തിനാ ഇതൊക്കെ? ബാല്യ ചിന്തകള്‍ ചിറകെടുത്തു പാറുകയും പറന്നിറങ്ങുകയും ചെയ്തു. ഒരു ദിവസം പണി കഴിഞ്ഞു മടങ്ങി വരുന്ന ബാദൂറിനെ ലുഖ്മാന്‍ ദൂരെ നിന്നേ കണ്ടു. അവന്‍ ബാപ്പയുടെ അടുത്തേക്കോടിച്ചെന്നു. ഓടിപ്പോകുമ്പോള്‍ ഒരീത്തപ്പനമരച്ചുവട്ടില്‍ കുറെ പഴുത്തു കൊഴിഞ്ഞ ഈത്തപ്പഴങ്ങള്‍. ലുഖ്മാന്‍ ഓട്ടം നിര്‍ത്തി. അവിടെ ഇരുന്നു. മനസ്സ് ഈത്തപ്പഴത്തിന്റെ മധുരത്തിലായി. ആര്‍ത്തിയോടെ ആ ഈത്തപ്പഴം മുഴുവന്‍ പെറുക്കിയെടുത്തു.
‘എന്താത്?’
അടുത്തെത്തിയ ബാദൂര്‍ ചോദിച്ചു.
‘നോക്കൂ ബാപ്പാ, എന്തു നല്ല ഈത്തപ്പഴം’
‘അത് അവിടെ ഇട്ടേക്ക്’.
‘എനിക്കു തിന്നാനാ’. അവന്‍ ചിണുങ്ങി.
‘വേണ്ട മോനേ അതു നമുക്കുള്ളതല്ല. അതു നമുക്കു തിന്നുകൂടാ.’ ലുഖ്മാന്‍ ബാപ്പയെ ദയനീയമായി നോക്കി.
‘ങൂം… അവിടിട്ടേക്ക്’.
ലുഖ്മാന്‍ പഴങ്ങള്‍ താഴെ ഇട്ടു. അവന്‍ ബാപ്പയുടെ കൈവിരലില്‍ തൂങ്ങി കൊഞ്ചലോടെ ചോദിച്ചു:
‘എന്താ ബാപ്പാ അതു തിന്നാല്‍?’
‘അതല്ലാഹു നമുക്കു വേണ്ടി തന്നതല്ല. വേറെ ഒരാളുടേതാ. നമുക്കു തന്നാല്‍ തിന്നാം.’
‘ആരാ ബാപ്പാ അല്ലാഹു?’
ലുഖ്മാന്‍ ആകാംക്ഷയോടെ ചോദിച്ചു.
‘നമ്മെ പടച്ചത് അല്ലാഹുവാ. ഈ ഭൂമിയും ഇക്കാണുന്ന സകലതും അവന്റെതാ. നമ്മളൊക്കെ അല്ലാഹുവിന്റെ അടിമകളാണ്.’
‘അപ്പോള്‍ നമുക്കിവിടെ ഒന്നുമില്ലേ?’
‘ഇല്ല മോനേ. ഈ ഭൂമിയില്‍ സ്വന്തമെന്നു പറയാന്‍ ഒന്നുമില്ല.’
‘അപ്പോ ഈത്തപ്പഴവും?’
‘അതെ മോനേ, ഇപ്പോഴത് അവന്റെ മറ്റൊരു അടിമക്ക് കൊടുത്തിട്ടുള്ളതാ. അയാളുടെ ഇഷ്ടമില്ലാതെ നമുക്കതെടുത്തു കൂടാ.’
പിറ്റേന്ന് ബാദൂര്‍ വന്നപ്പോള്‍ മകന് തിന്നാന്‍ കുറെ ഈത്തപ്പഴം കൊണ്ടുവന്നിരുന്നു. അതു കിട്ടിയപാടെ ലുഖ്മാന്‍ ചോദിച്ചു:
‘ഇതാര്‍ക്കുള്ളതാ?’
‘ഇപ്പോള്‍ നമുക്കു തന്നെ.’
ബാദൂര്‍ പുഞ്ചിരിച്ചു.
‘നമുക്കതിന് ഈത്തപ്പന മരം ഇല്ലല്ലോ.’
‘ഞാന്‍ വില കൊടുത്തു വാങ്ങി. അപ്പോള്‍ നമുക്കുള്ളതായി.’
ബാദൂര്‍ മകന് അല്ലാഹുവിനെക്കുറിച്ചും അവന്റെ പ്രവാചക•ാരെക്കുറിച്ചും പറഞ്ഞു കൊടുത്തു. റബ്ബിന്റെ കഴിവുകളെയും അവന്റെ അധികാരങ്ങളെയും കുറിച്ച് പറഞ്ഞു; അവന്റെ ഭാഷയില്‍. അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മ എപ്പോഴും മനസ്സിലുണ്ടാവണമെന്ന് പറഞ്ഞു. ഉമ്മയും മകന്റെ കാര്യത്തില്‍ നന്നേ ശ്രദ്ധാലുവായി. റബ്ബിന്റെ പ്രിയപ്പെട്ട അടിമയാകണം തന്റെ മകനെന്നവര്‍ തീര്‍ച്ചപ്പെടുത്തി; ഇഹത്തിലും പരത്തിലും പ്രയോജനപ്പെടുന്ന മകന്‍.
കേള്‍ക്കുന്നതൊക്കെ അവന്‍ മനസ്സില്‍ വച്ചു. പിന്നീടു ചോദിച്ചാല്‍ കേട്ടപടി പറഞ്ഞു കൊടുക്കും. മകന്റെ ബുദ്ധിവൈഭവം മാതാപിതാക്കളെ സന്തുഷ്ടരാക്കി. റബ്ബിനെ ഉള്‍ക്കൊള്ളാന്‍ താത്പര്യമുള്ള മകന്‍. ഇതിലേറെ സന്തോഷിക്കാനെന്തു വേണം?
ഒരു ദിവസം അത്താഴം കഴിഞ്ഞിരിക്കെ ബാദൂര്‍ ഭാര്യയോട് പറഞ്ഞു: ‘ഞാനിന്നൊരു വാര്‍ത്ത കേട്ടു; ദാവൂദ്(അ) ജനങ്ങളെ വിളിച്ചു കൂട്ടി പറഞ്ഞുകൊടുത്തതാണ്.’
‘എന്താ അത്?’
ഭാര്യ ആകാംക്ഷയോടെ ചോദിച്ചു.
ഇടക്കു കയറി ലുഖ്മാന്‍ ചോദിച്ചു: ‘ആരാണ് ദാവൂദ് നബി(അ)?’
“അല്ലാഹുവിന്റെ പ്രവാചകനാ മോനേ. അല്ലാഹുവിന്റെ കല്‍പനകളും വിധിവിലക്കുകളും നമ്മള്‍ക്കറിയിച്ചു തരാന്‍ അല്ലാഹു തെരഞ്ഞെടുത്ത ആളാണത്.”
‘കാണാന്‍ പറ്റ്വോ?’
കാണാം. ഫലസ്തീനില്‍ പോയാ കാണാം.
‘എങ്കില്‍ പിന്നെ അല്ലാഹുവിനെ കാണാന്‍ പറ്റാത്തതെന്താ?’
‘അല്ലാഹുവിനെ നമ്മുടെ കണ്ണുകള്‍ കൊണ്ട് കാണാന്‍ പറ്റില്ല മോനേ. അവന്‍ നമ്മുടെ ചിന്തകള്‍ക്കും അപ്പുറത്താണ്. അതൊക്കെ വലുതാവുമ്പോള്‍ മനസ്സിലാവും. അല്ലാഹുവിനെ നമ്മള്‍ കാണാതെ തന്നെ വിശ്വസിക്കണം. അവന്റെ കല്‍പനകള്‍ അനുസരിക്കുകയും വേണം.’
‘നമുക്ക് നബിയെ കാണാന്‍ പോവാമോ?’
ലുഖ്മാന്‍ ചോദിച്ചു.
‘ഒത്തിരി ദൂരത്താ മോനേ ഫലസ്തീന്‍. മോന്‍ വലുതാവട്ടെ, അപ്പോള്‍ ഒറ്റക്കു തന്നെ പോയി കാണാമല്ലോ.’
ലുഖ്മാന്റെ കവിളത്തൊരു ഉമ്മ കൊടുത്തു മാതാവ്.
‘അപ്പോള്‍ ഞാന്‍ ചോദിക്കും, എനിക്കെന്റെ റബ്ബിനെ കാണിച്ചു തര്വോ എന്ന്.’
“മോനിപ്പോ ഉപ്പ പറയുന്നത് കേള്‍ക്ക്.”
ബാദൂര്‍ സംഭവം പറയാന്‍ തുടങ്ങി.
‘ദാവൂദ് നബി(അ) തൌറാത്ത് ഓതുന്നത് കേട്ടാലും കേട്ടാലും മതിവരില്ലത്രെ. അതുകേള്‍ക്കാന്‍ ദിവസേന ജനങ്ങള്‍ തടിച്ചുകൂടാറുണ്ട്. ജനങ്ങളുടെ സമ്മേളനം നബിയെ ഹര്‍ഷപുളകിതനാക്കി. നബി ചിന്തിച്ചു; ഞാന്‍ പ്രവാചകനാണല്ലോ. അപ്പോള്‍ ഞാന്‍ തന്നെയാവും ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും വലിയ ഭക്തന്‍.’ ഈ ചിന്ത വളര്‍ന്നു.
എന്നാല്‍ സത്യമെന്താണ്? അത് പഠിപ്പിക്കാനായി, റബ്ബിന്റെ തീരുമാനം. അവന്‍ ദാവൂദ് നബി(അ)നെ വിളിച്ചു.
‘ദാവൂദ്, എന്റെ നല്ല അടിമയെ ഞാന്‍ കാണിച്ചു തരാം. എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ് ആ മനുഷ്യന്‍. നിങ്ങള്‍ ആ മലയുടെ മുകളിലേക്ക് ചെല്ലൂ.’
ദാവൂദ് നബി(അ) ഞെട്ടിപ്പോയി. മനഷ്യ മനസ്സുകളിലെ ചാപല്യ ചിന്തകള്‍ പോലും നന്നായി അറിയുന്നവനാണ് റബ്ബ്. ഞാന്‍ അഹങ്കരിച്ചു പോയി. എത്ര ധിക്കാരമാണ് ഞാന്‍ കാട്ടിയത്! പ്രവാചകന്റെ കണ്ണുകള്‍ നനഞ്ഞു.
‘ഈ ദാവൂദിനു മാപ്പു നല്‍കേണമേ.’
പ്രവാചകന്‍ അല്ലാഹു കാണിച്ച മലയിലേക്ക് നടന്നു. പാറക്കൂട്ടങ്ങളും മുള്‍ച്ചെടികളുമുള്ള കുന്ന്. കുന്ന് കയറിയപ്പോള്‍ കൊടും വനം. വന്‍ മരങ്ങളും കാട്ടുവള്ളികളും നിറഞ്ഞ വനം. മുള്‍ച്ചെടികളും ക്രൂരജന്തുക്കളുമുള്ള കാട്.
വള്ളിപ്പടര്‍പ്പുകള്‍ വകഞ്ഞു മാറ്റി മുന്നോട്ടു നടന്നു. ഒരു വലിയ മരച്ചോട്ടില്‍ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ ഒരു മനുഷ്യന്‍. വളര്‍ന്നു നീണ്ട താടിയുള്ള മനുഷ്യന്‍. ചുക്കിച്ചുളിഞ്ഞ അസ്ഥിക്കോലം.
പ്രവാചകന്‍ അടുത്തു ചെന്നതൊന്നും അയാളറിഞ്ഞിട്ടില്ല. അദ്ദേഹം കണ്ണുകളടച്ച് ധ്യാനത്തിലാണ്. കണ്ണീര്‍ ഒലിച്ചിറങ്ങിയ പാട് മുഖത്തു കാണാം. ഏറെ നേരം കാത്തു നിന്നിട്ടും അയാള്‍ കണ്ണു തുറന്നില്ല. കാലരികിലൂടെയൊക്കെ വിഷസര്‍പ്പങ്ങളിഴഞ്ഞു പോകുന്നു.
നബി ഉറക്കെ സലാം പറഞ്ഞു. കേട്ടില്ല. വീണ്ടും പറഞ്ഞു. അപ്പോള്‍ പൊടുന്നനെ കണ്ണുകള്‍ തുറന്നു. ഉടനെ പൊട്ടിക്കരഞ്ഞു കൊണ്ട് ആ മനുഷ്യന്‍ ചോദിച്ചു:
‘അങ്ങ് ആരാണ്? ‘
‘ഞാന്‍ പ്രവാചകന്‍ ദാവൂദാണ്.’
‘അല്‍ഹംദൂലില്ലാഹ്’.
പൊടുന്നനെ നബിയുടെ അടുത്തു വന്ന് കൈ പിടിച്ച് പിന്നെയും കരഞ്ഞു.
‘അങ്ങ് എന്തിനാണ് കരയുന്നത്?’
‘നബിയേ, ഞാനൊരു മഹാപാപം ചെയ്തുപോയി.’
‘ങേ, പ്രവാചകന്‍ ഞെട്ടിപ്പോയി. എന്താണിത്?’
അല്ലാഹു പറയുന്നു, ഈ മനുഷ്യന്‍ പരമ ഭക്തനാണെന്ന്. ഉത്തമ ദാസനാണെന്നും. ഇയാള്‍ പറയുന്നു, ഞാന്‍ മഹാപാപിയാണെന്ന്.
‘അങ്ങയെ കണ്ടതു മഹാഭാഗ്യമായി. അങ്ങ് അല്ലാഹുവിനോടൊന്നു ദുആ ചെയ്യണം. എന്റെ മഹാപാപം പൊറുത്തു കിട്ടാന്‍ വേണ്ടി.’
‘അങ്ങ് എന്തു പാപമാണ് ചെയ്തത്?’
‘നബിയേ, ഞാന്‍ ഒരിക്കല്‍ എന്റെ വീട്ടിന്റെ തട്ടിന്‍പുറം വൃത്തിയാക്കുകയായിരുന്നു. തട്ടിന്‍പുറത്തു കയറുമ്പോള്‍ എന്റെ മാതാവ് വരാന്തയിലായിരുന്നു. ഞാന്‍ ഇറങ്ങി നോക്കുമ്പോള്‍ എന്റെ പ്രിയപ്പെട്ട ഉമ്മ തട്ടിനു താഴെ നില്‍ക്കുന്നു. ഞാന്‍ ഞെട്ടിപ്പോയി. എന്നെ ഗര്‍ഭം ചുമന്ന് നൊന്തു പ്രസവിച്ച ഉമ്മയുടെ തലക്കു മുകളിലാണല്ലോ ഞാന്‍ ഇത്രനേരവും നിന്നത്. ഇതോര്‍ത്തപ്പോള്‍ സങ്കടം സഹിക്കാനായില്ല. ഞാനുടനെ ഉമ്മയോട് മാപ്പു ചോദിച്ചു. അവരുടനെ എനിക്കു മാപ്പു നല്‍കുകയും ചെയ്തു. എന്തു മഹാപാപമാണ് ഞാന്‍ ചെയ്തത്? ഉമ്മ മാപ്പു തന്നാലും റബ്ബ് മാപ്പു നല്‍കുമോ എന്ന് ഞാന്‍ ഭയന്നു. ഞാന്‍ അപ്പോള്‍ തന്നെ പാശ്ചാത്തപിക്കാന്‍ തുടങ്ങി. അല്ലാഹു മാപ്പാക്കിയില്ലെങ്കില്‍ ഈ പാപിക്കു പിന്നെ എന്താണു രക്ഷ? അതോര്‍ത്തു ഞാന്‍ കരഞ്ഞു. വളരെ പെട്ടെന്ന് ഉമ്മ മരണപ്പെട്ടു. ഞാന്‍ അന്നു മുതല്‍ ഇവിടിരുന്ന് പശ്ചാത്തപിക്കുകയാണ്. പക്ഷേ എന്റെ റബ്ബ് എനിക്ക് മാപ്പ് തന്നതായി ഒരറിയിപ്പും കിട്ടിയിട്ടില്ല. നബിയേ, അങ്ങ് ഈ പാപിക്കു വേണ്ടി ദുആ ചെയ്യണം. അല്ലാഹുവിന്റെ കോപമോര്‍ക്കുമ്പോള്‍ ഞാന്‍ ഭയന്നു പോകുന്നു. ഈ മഹാപാപിയെ ഘോരമായ നരകാഗ്നിയില്‍ വലിച്ചെറിയുമോ? ഒന്നു പ്രാര്‍ഥിക്കൂ നബിയേ! പാപം പൊറുക്കാത്ത നിലയില്‍ ഈ സാധുവിനെ തിരിച്ചു വിളിക്കരുതേ എന്നൊന്നു പ്രാര്‍ത്ഥിക്കൂ നബിയേ.’
പ്രവാചകന്‍ നിര്‍ന്നിമേഷനായി കേട്ടുനിന്നു. ഉടനെ അല്ലാഹുവിന്റെ അറിയിപ്പും വന്നു.
‘ഓ ദാവൂദ്. എന്റെ അടിമയോടു പറയുക. അദ്ദേഹം ആ പാപം ചെയ്തിട്ടേ ഇല്ല എന്ന്. അദ്ദേഹം തട്ടിന്‍പുറത്ത് നില്‍ക്കുമ്പോള്‍ ഉമ്മ പുറത്തായിരുന്നു. എന്റെ അടിമയെ ഞാന്‍ തൃപ്തിപ്പെട്ടു എന്ന് സന്തോഷ വാര്‍ത്ത അറിയിക്കൂ.’
ദാവൂദ് നബി(അ) അല്ലാഹുവിന്റെ സന്തോഷം അറിയിച്ചു. ഉടനെ ആ മനുഷ്യന്‍ നന്ദിയോടെ സുജൂദില്‍ വീണു.
സംഭവം ജനങ്ങള്‍ക്കു വിവരിച്ചു കൊടുത്ത പ്രവാചകന്‍ പറഞ്ഞു: അല്ലാഹു മഹത്തായ ഒരു പാഠമാണ് നിങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടിയത്.
‘ഏതൊരാളിന്റെയും സ്വര്‍ഗം അവരവരുടെ മാതാവിന്റെ കാല്‍പാദത്തിനു താഴെയാണ്. ഓര്‍ത്തുകൊള്ളുക, മാതാപിതാക്കള്‍ തൃപ്തിപ്പെടാതെ ഒരാള്‍ മരണപ്പെട്ടാല്‍ അവന്റെ വാസസ്ഥലം നരകമാണ്.’
സംഭവം കേട്ടുകഴിഞ്ഞ ലുഖ്മാന്‍ മാതാവിനെ പുണര്‍ന്നു പൊട്ടിക്കരഞ്ഞു.
‘എന്താ മോനേ, എന്താ ഉണ്ടായത്?’
ഉമ്മ പൊടുന്നനെ ചോദിച്ചു.
‘ഉമ്മ എനിക്കു മാപ്പു തരുമോ?’
‘എന്തിനാ മോനേ?’
‘ഈ തോളില്‍ ചവിട്ടി കയറുകേം തല്ലുകേം ചെയ്തൂലോ ഈ മോന്‍. ഈ ഉമ്മ മാപ്പു തര്വോ?’
പെട്ടെന്ന് ആ മാതാവ് കരഞ്ഞു പോയി. ബാദൂറിന്റെ കണ്ണുകളും നനഞ്ഞു.
(തുടരും)

You must be logged in to post a comment Login