പരിസ്ഥിതി വീക്ഷണം ഖുര്‍ആനില്‍

പരിസ്ഥിതി വീക്ഷണം ഖുര്‍ആനില്‍

‘മണ്ണാര്‍ക്കാടെല്ലാം വൃത്തിയായി
ആറില്ല, മണ്ണില്ല, കാടുമില്ല’
എന്ന് പരിസ്ഥിതി വിനാശത്തിന്റെ വിപത്സൂചനകളെ ഐറണിയുടെ മേമ്പൊടി ചേര്‍ത്ത് തീവ്രമായി ആവിഷ്കരിക്കുന്നുണ്ട്, നമ്മുടെ പ്രിയപ്പെട്ട കവി കടമ്മനിട്ട. സംസ്കാരം, മനുഷ്യന്‍ അവന്റെ ജീവിതത്തില്‍ നിലനിര്‍ത്തുന്ന പാരസ്പര്യത്തിന്റെയും പാരസ്ഥിതികാവബോധത്തിന്റെയും ജനാധിപത്യ മര്യാദകളുടെയും ആകത്തുകയാണ്. ഇവയിലേതെങ്കിലുമൊന്നിന് ഊനം തട്ടുമ്പോള്‍ അത് നമ്മുടെ സംസ്കാരത്തെ പ്രതികൂലമായി ബാധിക്കുന്നു. ആ അര്‍ത്ഥത്തില്‍, നാം പരിസ്ഥിതിയില്‍ ഏല്‍പിക്കുന്ന ഓരോ ആഘാതവും സംസ്കാരത്തിന് ഏല്‍ക്കുന്ന ആഘാതം തന്നെയാണ്. കാടും മേടും തോടും കിളിയും പൂവും അപ്രത്യക്ഷമാവുന്ന ഒരിടം സംസ്കാര സമ്പന്നമാണെന്ന് പറയാനാവില്ല. ‘പ്രപഞ്ചത്തിലെ നമ്മുടെ പൗരത്വത്തെപ്പറ്റി ബോധമുണ്ടാവലാണ് പ്രകൃതിയെ അറിയുക എന്നതിന്റെ അര്‍ത്ഥം. നമ്മോടും ചുറ്റുമുള്ള എല്ലാറ്റിനോടും കൂടുതല്‍ ശ്രദ്ധയോടെ പെരുമാറാന്‍ അത് നമ്മെ പഠിപ്പിക്കുന്നു; പ്രാപ്തമാക്കുന്നു. ജ്ഞാനത്തിന്റെ വാതിലാണ് പ്രകൃതിയെ അറിയല്‍’ എന്ന് സക്കറിയ നിരീക്ഷിക്കുന്നു. ആ വാതില്‍ തുറന്നുകിട്ടുമ്പോള്‍ സൗന്ദര്യ ദര്‍ശനത്തിന്റെയും സൃഷ്ടിബോധത്തിന്റെയും പരിസ്ഥിതിയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിന്റെയും ലോകം നമുക്ക് തുറന്ന് കിട്ടുന്നു.
എല്ലാ മനുഷ്യരും പ്രകൃത്യുപാസകന്മാരായിക്കൊള്ളണമെന്നില്ല. പക്ഷെ, പ്രകൃതിയോട് കാണിക്കുന്ന ഹൃശംസതകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനെങ്കിലും എല്ലാവര്‍ക്കും കഴിയും. അങ്ങനെ പ്രകൃതിക്കു മേലുള്ള സമ്മര്‍ദ്ദം കുറക്കാന്‍ കഴിയും. ഡാനിയല്‍ ക്വിന്‍ എഴുതിയ ‘ഇഷ്മായേല്‍’ എന്ന കൃതിയില്‍ പ്രകൃത്യുവാസകനായ ഗോറില്ല മനുഷ്യനോട് പറയുന്നു: നിങ്ങള്‍ സാംസ്കാരികമായൊരു വ്യവസ്ഥയുടെ തടവുകാരാണ്. ഈ വ്യവസ്ഥ ജീവിക്കാന്‍ വേണ്ടി ലോകത്തെ നശിപ്പിക്കാന്‍ നിങ്ങളെ നിര്‍ബന്ധിക്കുന്നു. നിങ്ങള്‍ തടവുകാരാണ്. ഭൂമിയെത്തന്നെ നിങ്ങള്‍ തടവിലാക്കിയിരിക്കുന്നു. ഇതാണല്ലോ ഇന്നത്തെ ദുരന്തംനിങ്ങളുടെ ബന്ധനവും ഭൂമിയുടെ ബന്ധനവും. നാസി ജര്‍മ്മനിയിലെ ജനങ്ങളെപ്പോലെ നിങ്ങളും ഒരു കെട്ടുകഥയുടെ തടവുകാരാണ്. ഹിറ്റ്ലര്‍ മെനെഞ്ഞെടുത്ത നുണക്കഥയുടെ പങ്കാളിയാകാന്‍ ഇഷ്ടമില്ലാത്ത ജര്‍മ്മന്‍കാരന് ഒരു മാര്‍ഗം തുറന്നുകിടന്നിരുന്നു; ജര്‍മ്മനി വിട്ടുപോകാം. പക്ഷേ, ഇപ്പോഴത്തെ മനുഷ്യര്‍ക്ക് ആ മാര്‍ഗ്ഗം പോലുമില്ല. ഭൂമിയില്‍ എവിടെപ്പോയാലും ഒരേ കഥ തന്നെ ആവര്‍ത്തിക്കുന്നത് കാണാം. പരിസ്ഥിതിക്കു മേലുള്ള നിഷ്കരുണമായ കയ്യേറ്റങ്ങളുടെയും മഹാദുരന്തങ്ങളുടെയും കഥകളേ എവിടെയും കേള്‍ക്കാനുള്ളൂ.
ചന്ദ്രനിലേക്ക് ഗവേഷകരെ അയക്കാനും ജീനുകളെ കീറിമുറിച്ച് കൂട്ടിച്ചേര്‍ക്കാനും വേണ്ട അറിവ് മനുഷ്യനുണ്ട്. എന്നാല്‍ എങ്ങനെ ജീവിക്കണമെന്ന് മാത്രം അവനറിയില്ല. ആധുനിക മനുഷ്യന്‍ ലക്ഷോപലക്ഷം കണ്ടുപിടുത്തങ്ങള്‍ നടത്തിയെങ്കിലും തോല്‍വി സംഭവിച്ചുകൊണ്ടിരിക്കുന്നു. ആത്മഹത്യ, മാനസിക സമ്മര്‍ദ്ദം, വിഷാദം, ഭീകര യുദ്ധങ്ങള്‍, കൂട്ടക്കൊലകള്‍, കൊടിയ ചൂഷണങ്ങള്‍ എല്ലാം വര്‍ധിച്ചുവരുന്നു. കണ്ടുപിടുത്തങ്ങള്‍ മനുഷ്യ നന്മയ്ക്ക് പകരം നശീകരണങ്ങള്‍ക്കു വേണ്ടിയായി. ഗവേഷണ ഫലങ്ങള്‍ പടക്കോപ്പുകളായി നിസ്സഹായരായ മനുഷ്യര്‍ക്കു മേല്‍ തീ വര്‍ഷിക്കുന്നു. ചരിത്രത്തിലെ തിരിച്ചടികളെ പക്ഷെ, മനുഷ്യന്‍ തിരിച്ചറിഞ്ഞില്ല. ആധുനിക വികസനം സ്വര്‍ഗ്ഗരാജ്യം കൊണ്ടുത്തരും എന്ന അന്ധവിശ്വാസമാണ് നമ്മെ പ്രകൃതിഘാതകരാക്കി മാറ്റിയത്. വിഷച്ചാലായി മാറുന്ന പുഴകള്‍, വറ്റിപ്പോകുന്ന പുഴകള്‍, മരുപ്പറമ്പായി മാറുന്ന വന്‍കാടുകള്‍, ദുരയ്ക്കും ധൂര്‍ത്തിനും ഇരയാവുന്ന കുന്നുകള്‍ ഇങ്ങനെ ആധുനിക പരിഷ്കൃതിയുടെ വിനാശ ഭാവങ്ങള്‍ ധാരാളമുണ്ട് നമുക്ക് മുമ്പില്‍. പാരിസ്ഥിതിക ആത്മീയതയുടെ പ്രവാചകന്‍ ജോണ്‍സി മാഷ് എഴുതി: എങ്കിലും ഞാന്‍ ആശ കൈവെടിയുന്നില്ല. ഭൂമിയില്‍ എവിടെയെങ്കിലും നാശത്തില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ ഇല്ലാതിരിക്കുമോ? ആദിവാസികള്‍, ഗോത്രവര്‍ഗങ്ങള്‍, ഒറ്റപ്പെട്ട സമൂഹങ്ങള്‍? എല്ലാം നശിക്കുമ്പോള്‍ രക്ഷപ്പെടുന്ന ആരെങ്കിലുമുണ്ടാവുമെന്നും അവര്‍ ഒരു പുത്തന്‍ ലോകം സൃഷ്ടിക്കുമെന്നും ഞാന്‍ വിശ്വസിക്കട്ടെ. മണ്ണിനെയും മനുഷ്യനെയും ജീവരാശികളെയും കൊന്നു മുടിക്കാത്ത ധൂര്‍ത്തും ദുര്‍വ്യയവും ശീലിക്കാത്ത, ഭൂമിക്കു മുകളില്‍ പച്ചപ്പിന്റെ മേലാപ്പുകള്‍ കെട്ടിയൊരുക്കുന്ന ഒരു ജീവിത ദര്‍ശനത്തിനുവേണ്ടിയുള്ള തേട്ടമാണ് ഈ വാക്കുകള്‍.
ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങള്‍ ചൂഷണത്തിന്റെ ഉപകരണമായതോടെ മനുഷ്യന്‍ രൂപം നല്‍കിയ എല്ലാ സ്ഥാപനങ്ങളും മനുഷ്യനെതിരെയും പ്രകൃതിക്കെതിരെയും തിരിഞ്ഞു. കൊളോണിയല്‍ ആധുനികതയുടെ ആധാരമായ യുക്തി ചിന്തയും ശാസ്ത്ര യുക്തിയും പ്രകൃതിബോധമില്ലാത്ത, ആത്മീയതയെ നിരസിക്കുന്ന ഉപകരണ യുക്തിബോധമായി, പരിണമിച്ചുവെന്ന് പല ചിന്തകന്മാരും ആശങ്കപ്പെടുകയുണ്ടായി. പരിഷ്കാരം നമ്മെ കളങ്കിതരാക്കുന്നു. അതൊരു മലിന വസ്ത്രമാണ്. പ്രകൃതിയിലാണ് സാരള്യവും സ്വാതന്ത്ര്യവും. എല്ലാവരും സ്വതന്ത്രരായി ജനിക്കുന്നു; എങ്കിലും പരിഷ്കാരത്തിന്റെ സ്ഥാപനങ്ങള്‍ നമ്മുടെ കൈകളില്‍ ചങ്ങലകള്‍ അണിയിക്കുന്നു എന്ന് നിരീക്ഷിക്കുമ്പോള്‍ റൂസ്സോ ആധുനിക പരിഷ്കാരത്തെ സാധ്യമാക്കിയ ശാസ്ത്രസാങ്കേതിക വിദ്യകളെയാണ് സംശയിക്കുന്നത്. പ്രകൃതിയെ മനസ്സിലാക്കാനുള്ള ഒരേയൊരു വഴി എന്ന് തെറ്റായി കൊണ്ടാടപ്പെട്ട ശാസ്ത്ര മുന്നേറ്റത്തെ മുതലാളിത്ത സമൂഹം ദുരുപയോഗം ചെയ്യുകയും, അത് പ്രകൃതിയെ നിര്‍ദാക്ഷിണ്യം ചൂഷണം ചെയ്യുന്നതില്‍ കലാശിക്കുകയും ചെയ്തു. മനുഷ്യനടങ്ങുന്ന സര്‍വ ജീവജാലങ്ങളും അവയുടെ അവലംബമായ ഭൂമിയും അഭിമുഖീകരിക്കുന്ന വെല്ലുവിളി, നൈസര്‍ഗികമായ ജീവിത വ്യവസ്ഥയ്ക്കെതിരെ മനുഷ്യന്‍ ഉയര്‍ത്തിയിട്ടുള്ള ദുരയുടെയും ചൂഷണത്തിന്റെയും തത്വശാസ്ത്രമാണ്. കാരുണ്യത്തിന്റെയും സഹനത്തിന്റെയും പ്രകാശം കെടുത്തി തമസ്സിന്റെ ദുര്‍മൂര്‍ത്തികള്‍ മനുഷ്യ ഹൃദയങ്ങളില്‍ കുടിയിരിക്കുന്നു. അതുകൊണ്ട് പ്രകൃതിയെയും മനുഷ്യനെയും പരിഷ്കാരത്തെയും അവ തമ്മിലുള്ള ബന്ധത്തെയും പരിസ്ഥിതിയുടെമനുഷ്യന്റെയുംഅതിജീവനം എന്ന അടിസ്ഥാന പ്രശ്നത്തില്‍ ഊന്നി നിന്ന് സമീപിക്കാന്‍ നമുക്കാവുന്നില്ലെങ്കില്‍ തീര്‍ച്ചയായും അത് അവിവേകമായിരിക്കും.
വര്‍ധിച്ചുവരുന്ന ഓസോണ്‍ ശോഷണം മനുഷ്യന്റെ നിലനില്‍പിന് തന്നെ ഭീഷണിയായിരിക്കുന്നു. ഓക്സിജന്റെ ഒരു വകഭേദമാണ് ഓസോണ്‍. ഓക്സിജന്റെ മൂന്ന് ആറ്റങ്ങള്‍ ചേര്‍ന്നാണ് ഓസോണ്‍ ഉണ്ടാവുന്നതെന്ന് നമുക്കറിയാം. അന്തരീക്ഷത്തില്‍, ഒരു കവചമെന്നോണം ഭൗമോപരിതലത്തെ മാരകമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നത് ഓസോണ്‍ പാളിയാണ്. ഓക്സിജന്‍ തന്‍മാത്രകള്‍ അള്‍ട്രാവയലറ്റ് രശ്മികളേറ്റ് വിഘടിച്ച് ഓക്സിജന്‍ ആറ്റമാവുകയും അത് മറ്റ് ഓക്സിജന്‍ തന്‍മാത്രകളുമായി ചേര്‍ന്ന് ഓസോണ്‍ ഉണ്ടാവുകയും ചെയ്യുന്നു. സൂര്യപ്രകാശത്തിലെ അപകടകിരണങ്ങളായ അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയില്‍ എത്തുന്നത് ഓസോണ്‍ മേല്‍ക്കൂര തടയുന്നു. എയര്‍ക്കണ്ടീഷനുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന ക്ലോറോ ഫ്ളൂറോ കാര്‍ബണുകള്‍, കാര്‍ബണ്‍ ടെട്രാ ക്ലോറൈഡ്, വിമാനങ്ങളില്‍ നിന്ന് പുറത്ത് വരുന്ന നൈട്രജന്‍ ഓക്സൈഡ് തുടങ്ങിയവയെല്ലാം ഓസോണ്‍ വിനാശത്തിന് കാരണമാവുന്നു. ഓസോണ്‍ ഗാഢത കുറയുമ്പോള്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ കൂടുതല്‍ കൂടുതല്‍ അന്തരീക്ഷത്തിലെത്തും. അവ പ്രകൃതിയില്‍ സൃഷ്ടിക്കുന്ന ദോഷങ്ങള്‍ നിരവധിയാണ്. തൊലിയിലെ കാന്‍സര്‍, തിമിരം, പ്രതിരോധ ശേഷി കുറയല്‍, സന്ധിരോഗങ്ങള്‍ എന്നിങ്ങനെ പലതും.
ജീവവായുവിന് വേണ്ടി യന്ത്രത്തില്‍ നാണയം തിരുകി കാത്തിരിക്കേണ്ട, അല്ലെങ്കില്‍ ജീവവായുവിന്റെ മോന്തഞ്ഞാട്ടകള്‍ ധരിച്ച് ജീവന്‍ നിലനിര്‍ത്തേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഓരോ ടണ്‍ മരവും പെട്രോളിയവും കല്‍ക്കരിയും ഗ്യാസും കത്തിത്തീരുമ്പോള്‍ ടണ്‍ കണക്കിന് മാലിന്യം അന്തരീക്ഷത്തിലെത്തുന്നു. കരിയും പുകയും എത്രയായാലും അന്തരീക്ഷവായു അതെല്ലാം ശുദ്ധീകരിക്കും എന്ന ധാരണ ഇന്ന് അസ്ഥാനത്താണ്. മനുഷ്യന്‍ സൃഷ്ടിക്കുന്ന ഓരോ ടണ്‍ പുകയും അന്തരീക്ഷത്തിനു താങ്ങാനാവാത്ത ഭാരം കൊടുത്തുകൊണ്ടിരിക്കുന്നു. ആധുനിക വ്യവസായവും കൃഷിയും മലിനീകരണത്തിന്റെ ഭീകര രൂപങ്ങളാണ്. ഫാക്ടറികളും വാഹനങ്ങളും പുറന്തള്ളുന്ന മാലിന്യം എത്രയാണ്! ഈയമടങ്ങുന്ന ടെട്രാ ഈതൈലും കാര്‍ബണ്‍ ഡൈ ഓക്സൈഡുമാണ് വാഹനങ്ങള്‍ പുറന്തള്ളുന്നത്. ഈയത്തിന്റെ അമിത സാന്നിധ്യം മൂലം മരണംവരെ സംഭവിക്കാം. അത് ശ്വാസകോശത്തിലും നാഡീവ്യവസ്ഥയിലും തകരാറുണ്ടാക്കുന്നു. ബുദ്ധിമാന്ദ്യവും രക്തസമ്മര്‍ദ്ദവും വൃക്കരോഗങ്ങളും ഇതുകൊണ്ട് വരാം. ഫാക്ടറികള്‍ വിസര്‍ജ്ജിക്കുന്ന സള്‍ഫര്‍ ഡൈ ഓക്സൈഡ് വാതകം അന്തരീക്ഷത്തിലെത്തി മഴയിലലിഞ്ഞ് അമ്ലമഴയായി കാടും മണ്ണും നശിപ്പിക്കും. തീവണ്ടിയും വിമാനവും എണ്ണ സംസ്കരണ ശാലകളും പഞ്ചസാര ഫാക്ടറികളും രാസവള ശാലകളും തോല്‍, റബ്ബര്‍ ഫാക്ടറികളും വായു മലിനീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു.
ജീവന്റെ ഉറവിടവും ആധാരവും വെള്ളമാണ്. കാരണം എല്ലാ ജീവജാലങ്ങളുടെയും ശാരീരിക പ്രക്രിയകളായ ദഹനം, ശ്വാസോച്ഛ്വാസം, വിസര്‍ജ്ജനം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നടക്കുന്നതിന് ജലം വേണം. സസ്യങ്ങള്‍ വേരുകളുപയോഗിച്ച് ഭൂമിയില്‍ നിന്ന് വെള്ളം വലിച്ചെടുത്ത് ചര്‍മ്മ സുഷിരങ്ങളിലൂടെ ശ്വസിച്ച് അതിന്റെ ജീവന്‍ നിലനിര്‍ത്തുന്നു. ഇനിയൊരു ലോകയുദ്ധമുണ്ടാവുകയാണെങ്കില്‍ അത് ജലത്തിന് വേണ്ടിയായിരിക്കും എന്ന് പറയുന്നത് അതിശയോക്തിയല്ല. അത്രയും കടുത്തതാണ് ലോകം അനുഭവിക്കുന്ന ജല ക്ഷാമം. ഗ്രാമങ്ങളിലൂടെ ഒഴുകിയിരുന്ന അരുവികളും പുഴകളും ഇന്ന് കടങ്കഥയാവുകയാണ്. ശുദ്ധജല സ്രോതസ്സുകള്‍ വ്യവസായവല്‍കരണത്തിന്റെയും വികസനത്തിന്റെയും പേരില്‍ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആധുനിക മനുഷ്യന്റെ ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്തുന്ന ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബാരല്‍ക്കണക്കിന് ശുദ്ധജലം വേണം. ഭൂമിയിലെ ശുദ്ധജലം പാനം ചെയ്ത് രസിക്കുന്ന രാക്ഷസന്മാരാണ് കൂറ്റന്‍ ഫാക്ടറികള്‍ ഗ്രാമങ്ങളുടെ ജീവനാഡികളായ നദികള്‍, തടാകങ്ങള്‍, കുളങ്ങള്‍ എന്നിവിടങ്ങളിലെ ശുദ്ധജലം ഇവ ഊറ്റിക്കുടിക്കുന്നു. ഒരു ജലസ്രോതസില്‍ നിന്ന് ഫാക്ടറി വെള്ളമൂറ്റുമ്പോള്‍, ഫാക്ടറിയില്‍ നിന്നും ഒഴുകിവരുന്ന മലിനജലം മറ്റൊരു ജലസ്രോതസിനെ മലിനമാക്കുകയും ചെയ്യുന്നു. അങ്ങനെയാണ് ചാലിയാറുകള്‍ ഉണ്ടാവുന്നത്. കക്ക വാരിയും മീന്‍ പിടിച്ചും ജീവിച്ചിരുന്ന ദരിദ്രര്‍ ഇന്ന് പട്ടിണിയിലാണ്. ശുദ്ധജലം കിട്ടാതെ ദിനേന ആയിരക്കണക്കിന് കുട്ടികള്‍ മരണമടയുന്നു. മഴ വേണ്ടുവോളം ലഭിക്കുന്ന കേരളത്തില്‍പോലും വേനലില്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നു. ധാരാളം മഴ ലഭിക്കുന്നുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയുന്നില്ല. ‘സാക്ഷര കേരളം’ പക്ഷെ, ജലസാക്ഷരതയുടെ കാര്യത്തില്‍ വളരെ പിറകിലാണ്. ജലവിതരണ സംഭരണ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ജലസ്രോതസ്സുകളുടെ സംരക്ഷണം, വിതരണം, ശുചീകരണം തുടങ്ങിയ കാര്യങ്ങളിലൊന്നും നമുക്ക് വേണ്ടത്ര നിഷ്കര്‍ഷയില്ല. ജലം സംഭരിച്ചുവയ്ക്കാനുള്ള സംവിധാനം ഫലപ്രദമായി നടപ്പാക്കാനും നമുക്ക് കഴിയുന്നില്ല. മഴക്കാലത്ത് പെയ്ത് ഒലിച്ചുപോവുന്ന വെള്ളം തടയണകള്‍ കെട്ടിയും കുളങ്ങളും തടാകങ്ങളും ശുദ്ധമാക്കിയും സംഭരിക്കാന്‍ കഴിഞ്ഞാല്‍ ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാവും; ഒപ്പം ജലമൂറ്റാന്‍ വരുന്ന രാക്ഷസന്മാരെ കരുതിയിരിക്കുകയും വേണം.
മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങള്‍ നിലനിര്‍ത്താനുതകുന്ന ഒരു മാര്‍ഗമാണ് മണ്ണ്. അത് എളുപ്പം പണക്കാരാവാനുള്ള ഒരു ഉപകരണമല്ല. മണ്ണ് ജീവനുള്ള ഒരു സമൂഹമാണ്. മണ്ണിനെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുക എന്നത് സംസ്കാരത്തിന്റെ ഭാഗമാണ്. പക്ഷെ, നാം ഇന്ന് മണ്ണിനെ സമീപിക്കുന്നത് ലാഭക്കൊതിയോടെയാണ്. നമ്മുടെ കുന്നുകള്‍ ആരൊക്കെയോ ചേര്‍ന്ന് കുഴിച്ച് കോരിക്കൊണ്ടുപോവുന്നു. പച്ച പടര്‍ന്നു നിന്നിരുന്ന വയലിടങ്ങള്‍ കൂറ്റന്‍ കെട്ടിടങ്ങളായി പൊടുന്നനെ പരിണമിക്കുന്നു. മനുഷ്യനും മണ്ണിന്റെ കാതലായ ഒരംശമാണെന്ന ചിന്ത ഇന്നാര്‍ക്കുമില്ല. പഴയ നാട്ടുമ്പുറങ്ങളിലെ കൃഷീവലന്മാര്‍ മണ്ണിനെ അറിഞ്ഞാദരിച്ചവരായിരുന്നു; അവര്‍ക്ക് മണ്ണ് ജീവിതം തന്നെയായിരുന്നു. മനുഷ്യവംശത്തിന്റെ ശരീരമാണ് ഭൂമി. അത് നമുക്ക് ഭക്ഷണവും അസംസ്കൃത വസ്തുക്കളും തരുന്നു. മനുഷ്യവംശങ്ങളുടെ സ്വഭാവവും ജീവിത രീതികളും വാര്‍ത്തെടുക്കുന്നതില്‍ മണ്ണിന്റെ ഘടനയും, കാലാവസ്ഥയും അതിയായ പങ്ക് വഹിക്കുന്നു. മലനിരകളും കാടുകളും കടലും ഭൂമിയുടെ ജീവിത സ്പന്ദനങ്ങളാണ്. മനുഷ്യന്റെ പ്രവൃത്തികള്‍ ഇന്ന് മരുഭൂമികളും പൊടിനിലങ്ങളും മൊട്ടക്കുന്നുകളും മണ്ണൊലിച്ച ചരിവുകളും തീര്‍ക്കുന്നു. അങ്ങനെ ഊഷരമാവുന്ന ഭൂമിയില്‍ ചുട്ടുനീറുകയാണ് മനുഷ്യന്‍!
ഭൂമിയുടെ ഹിമാവരണം പല സ്ഥലങ്ങളിലും ഉരുകിക്കൊണ്ടിരിക്കുകയാണ്. കാര്‍ബണ്‍ഡൈ ഓക്സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയുടെ ഫലമായുള്ള ആഗോള താപനമാണ് മഞ്ഞുരുകലിന് പിറകിലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 2050 ആവുമ്പോഴേക്ക് ലോകത്ത് ഇന്നുള്ള മഞ്ഞ് ശേഖരത്തിന്റെ നാലിലൊന്ന് അപ്രത്യക്ഷമാവുമത്രേ. ഈ മാറ്റങ്ങളുടെ ആത്യന്തിക ഫലങ്ങള്‍ കൃത്യമായി പ്രവചിക്കുക അസാധ്യമാണെങ്കിലും ഹിമശോഷണത്തിന്റെ ഫലമായി കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാവുമെന്നതുറപ്പാണ്. മഞ്ഞ്, സൂര്യകിരണങ്ങളെ പ്രതിഫലിപ്പിക്കുമെന്നതിനാല്‍ ഭൂമിയില്‍ ചൂട് കൂടാതിരിക്കാന്‍ സഹായിക്കുന്നുണ്ട്. മഞ്ഞുരുകുന്നതോടെ സൂര്യരശ്മികള്‍ നേരിട്ട് പതിക്കുകയും താപനില വര്‍ധിക്കുകയും ചെയ്യും. ഇങ്ങനെ ഒരു വശത്ത് ചൂട് കൂടുമ്പോള്‍, ധ്രുവപ്രദേശങ്ങളില്‍ കൂടുതലായി മഞ്ഞുരുകുന്നത്, യൂറോപ്പിന്റെയും അമേരിക്കയുടെയും ചില ഭാഗങ്ങളില്‍ തണുപ്പ് തീക്ഷ്ണമാക്കും. മഞ്ഞുരുക്കത്തിന്റെ ഫലമായി നോര്‍ത്ത് അറ്റ്ലാന്‍റിലേക്കൊഴുകുന്ന നീരൊഴുക്ക് സമുദ്ര ജലപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചൂടുള്ള ഗള്‍ഫ് സ്ട്രീം വടക്കോട്ട് നീങ്ങാനിടയാവുകയും ചെയ്യും. ജലസ്രോതസ്സായി ഹിമാനികളെ ഉപയോഗപ്പെടുത്തുന്നവര്‍ മഞ്ഞ് ഉരുകുന്നതിന്റെ ഫലമായി കടുത്ത ജലദൗര്‍ലഭ്യം അനുഭവിക്കേണ്ടിവരും. മഞ്ഞുരുകുന്നത് മൂലം പ്രളയങ്ങളും ഉണ്ടാവാം. വലിയ അളവില്‍ മഞ്ഞുരുകുമ്പോള്‍ സമുദ്രജലനിരപ്പ് ഉയരുകയും തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്യും. തീരദേശവാസികള്‍ മാത്രമല്ല, മൃഗങ്ങളും സസ്യങ്ങളുമൊക്കെ ഇതിന്റെ ദൂഷ്യവശങ്ങള്‍ക്കിരയാവും. ഈ മഞ്ഞുരുകല്‍ പ്രതിഭാസം ആഗോള താപനത്തിന്റെ പരിണിതിയാണ്. വ്യവസായ ശാലകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും നിര്‍ഗമിക്കുന്ന ഹരിത ഗൃഹവാതകങ്ങളാണ് ‘ഗ്രീന്‍ ഹൗസ് ഇഫക്ട്’ എന്നറിയപ്പെടുന്ന ആഗോള താപനത്തിനു കാരണമാവുന്നത്.
ജീവജാലങ്ങളുടെ വളര്‍ച്ചയും നിലനില്‍പ്പും ഉറപ്പു വരുത്തുന്നതിലും പരിസ്ഥിതി സന്തുലനം നിലനിര്‍ത്തുന്നതിലും കാടുകള്‍ക്കുള്ള പങ്ക് സുപ്രധാനമാണ്. കുന്നുകളുടെയും പര്‍വതങ്ങളുടെയും ചരിഞ്ഞ പ്രതലങ്ങളില്‍ നിന്നുള്ള മണ്ണൊലിപ്പ് തടയുന്നത് കാടുകളാണ്. ആധുനിക സമൂഹം ഇന്നഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നമാണ് മണ്ണൊലിപ്പ്. മനുഷ്യ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള എല്ലാ യുദ്ധങ്ങളിലുംകൂടി സംഭവിച്ച നാശനഷ്ടങ്ങളേക്കാള്‍ അധികമാണ് മണ്ണൊലിപ്പ് കൊണ്ടുണ്ടാകുന്ന നഷ്ടം. മഴ, മഞ്ഞ് തുടങ്ങിയവയും കാടുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു കാലത്ത് ഭൂമിയുടെ ഭൂരിഭാഗവും കാടുമൂടിയിരുന്നെങ്കില്‍ ഇന്നത് മൂന്നില്‍ ഒന്നായി ചുരുങ്ങിക്കഴിഞ്ഞു. അതുമൂലം ഉപജീവനത്തിന് കാടുകളെ ആശ്രയിക്കുന്ന മനുഷ്യര്‍ നിരാശ്രയരായി. വ്യവസായ ശാലകളില്‍ നിന്നുള്ള വായു മലിനീകരണവും ഉരുള്‍പൊട്ടലും മറ്റും കാടുകളെ പരോക്ഷമായി ബാധിക്കുമ്പോള്‍, ആര്‍ത്തിപ്പണ്ടാരമായ മനുഷ്യന്റെ കയ്യേറ്റം വനനാശത്തിനു പ്രധാന കാരണമാവുന്നു.
പ്രകൃതിക്ക് അതിന്‍റേതായ ഒരു സമന്വയ ചക്രമുണ്ട്. അന്തരീക്ഷത്തില്‍ നിന്ന് സൗരോര്‍ജ്ജം ആഗിരണം ചെയ്ത് ചെടികള്‍ വളരുന്നു. പകരം അവ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് പരിമിതപ്പെടുത്തി നിര്‍ത്തി ജീവവായു പ്രദാനം ചെയ്യുന്നു. ചെടികളെ ആശ്രയിച്ച് മൃഗങ്ങളും മൃഗങ്ങളെ ആശ്രയിച്ച് മാംസഭുക്കുകളും ജീവിക്കുന്നു. ഇവയെല്ലാം ചത്തൊടുങ്ങുമ്പോള്‍ മണ്ണിലേക്ക് മടങ്ങുന്നു. അവ മണ്ണിനെ പുഷ്ടിപ്പെടുത്തുന്നു. ഭൂമിയില്‍ നിന്ന് എന്ത് കടം കൊണ്ടാലും അത് അതേ അളവില്‍ തിരിച്ചുനല്‍കണമെന്ന പാഠമാണ് പ്രകൃതിയിലെ സര്‍വജീവജാലങ്ങളും പിന്തുടരുന്നത്, മനുഷ്യനൊഴികെ. നിയമലംഘനം ഒരു ശീലമാക്കിയത് മനുഷ്യവര്‍ഗം മാത്രമാണ്. സ്നേഹവും സഹകരണവുമാണ് പ്രകൃതിയുടെ മുഖ്യഭാവങ്ങള്‍. സര്‍വ ജീവികളും നിശ്ചിത നിയമങ്ങള്‍ പാലിക്കുന്നു. പ്രകൃതിയിലെ നിയമങ്ങള്‍ ക്രൂരമോ അരാജകമോ അല്ല. മനുഷ്യനിര്‍മിത നിയമങ്ങളേക്കാള്‍ ധാര്‍മികവും നീതിയുക്തവുമാണവ. അണുകീടങ്ങളും സസ്യലതാദികളും തരുനിരകളും ഷഡ്പദങ്ങളും മൃഗജാലങ്ങളും പാവക്കൂട്ടങ്ങളും മനുഷ്യനും എല്ലാം ചേര്‍ന്ന ഒരൈക്യമാണ് പരിസ്ഥിതി. ഇവിടെ ആരും രാജാവോ അടിമയോ അല്ല. എല്ലാ ജീവികളുടെയും ജീവചലനങ്ങളുടെ ലക്ഷ്യം ഭൂമിയോടുള്ള കാരുണ്യവും പ്രപഞ്ച സ്രഷ്ടാവിനോടുള്ള വിധേയത്വവുമാണ്. ഭൂമിയുടെ നിലനില്‍പാണ് മറ്റെന്തിന്റെയും നിലനില്‍പിനാധാരം. പക്ഷെ, ആധുനിക മനുഷ്യന് അങ്ങനെയൊരു ചിന്തയില്ല. അവന് പ്രകൃതി ഒരു സമന്വയമല്ല, തന്റെ കൊതിക്ക് അസംസ്കൃതമായിത്തീരേണ്ട പദാര്‍ത്ഥമാണ്. മനുഷ്യന്റെ കടുത്ത ധിക്കാരം പ്രകൃതിയുടെ സന്തുലിതത്വം തകര്‍ക്കുന്നു.
അല്ലാഹുവിന്റെ അസ്തിത്വത്തിന്റെയും തന്ത്രങ്ങളുടെയും നിദര്‍ശനവും സ്രഷ്ടാവിനെ കണ്ടെത്താനുള്ള മാര്‍ഗവുമായിട്ടാണ് പ്രപഞ്ചത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ചില മതദര്‍ശനങ്ങള്‍, അപരിമേയനായ ദൈവത്തെ ഉള്‍ക്കൊള്ളാന്‍ മനുഷ്യന്റെ പരിമിതമായ ധിഷണയ്ക്ക് കഴിയില്ലെന്ന് വിശ്വസിക്കുന്നു. നിരാകാരമായ ഒന്നുമായും മനുഷ്യന് അടുപ്പം സാധ്യമല്ലെന്ന് അവര്‍ കരുതുന്നു. അതുകൊണ്ട് ചില പ്രതിരൂപങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് അവരുടെ ദൈവാരാധന. അങ്ങനെയാണ് വിഗ്രഹാരാധനയുടെ ഉത്ഭവം. എന്നാല്‍ ഇസ്ലാമിന്റെ വീക്ഷണം വ്യത്യസ്തമാണ്. സൃഷ്ടികളോട് വളരെ അടുത്തുനില്‍ക്കുന്നവനാണ് സ്രഷ്ടാവ്; അവനെ കണ്ടെത്താന്‍ ഉള്‍ക്കണ്ണ് വേണമെന്ന് മാത്രം. പ്രപഞ്ച ചലനങ്ങളെ നിരീക്ഷിച്ചും പഠിച്ചും അല്ലാഹുവിനെ മനസ്സിലാക്കണമെന്ന് മനുഷ്യനെ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. കോടാനുകോടി ഗ്രഹങ്ങളുടെ സംവിധാനവും സുനിശ്ചിതമായ ചലനങ്ങളും പ്രപഞ്ച സ്രഷ്ടാവിന്റെ ശക്തിയെയും ബോധപൂര്‍വമായ ഇടപെടലിനെയും വിളംബരം ചെയ്യുന്നു. ഒന്നുമില്ലായ്മയില്‍ നിന്ന് എല്ലാം ഉണ്ടാക്കിയ സ്രഷ്ടാവ് ആരാധനയ്ക്ക് അര്‍ഹന്‍ തന്നെയെന്ന് പ്രപഞ്ച നിരീക്ഷണത്തിലൂടെ വിവേകശാലികള്‍ മനസ്സിലാക്കുന്നു.
പരിസ്ഥിതി സന്തുലനവും പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ട അടിസ്ഥാന ഖുര്‍ആനിക വീക്ഷണം തൗഹീദാണ്. ഭൂമിയിലും ആകാശത്തിലുമുള്ള സകലവും ഏകദൈവത്തിന്റെ മാത്രം അധികാരമണ്ഡലമാണ്. തൗഹീദീ ദര്‍ശനം പ്രകൃതിയിലെ പാരസ്പര്യത്തെ ഊന്നിപ്പറയുന്ന സാകല്യമായി വര്‍ത്തിക്കുന്നു. എല്ലാം ദൈവിക നിയമങ്ങള്‍ക്ക് വിധേയമായിരിക്കെ, മനുഷ്യന്റെ ധാര്‍മിക നിയമവും അതനുസരിച്ച് ക്രമപ്പെടുത്തിയാലേ പ്രകൃതിയിലെ താളബദ്ധതയും ക്രമവും നിലനില്‍ക്കുകയുള്ളൂ. പ്രപഞ്ചത്തിലെ ഓരോ അംഗവും അല്ലാഹുവിനെ വണങ്ങുകയും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ ഇതില്‍നിന്ന് കുതറിമാറാന്‍ പലപ്പോഴും ശ്രമിക്കുന്നു. അതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമാവുന്നത്.
ഭൂമിയെ മൊത്തം ഒരു ആവാസ വ്യവസ്ഥയായി പരിഗണിക്കാം. ജൈവ അജൈവ ഘടകങ്ങളെല്ലാം പരസ്പരാശ്രിതത്വത്തോടെ വര്‍ത്തിക്കാന്‍ പാകത്തിലാണ് പ്രപഞ്ചത്തില്‍ സൃഷ്ടിതത്വം പ്രയോഗിച്ചിരിക്കുന്നതെന്ന് വിശുദ്ധ ഗ്രന്ഥം പ്രഖ്യാപിക്കുന്നു.
നിങ്ങള്‍ക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കാനായി അവന്‍ അതില്‍ ഉറച്ച പര്‍വതങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാതരം ജന്തുക്കളെയും അവന്‍ അതില്‍ പരത്തുകയും ചെയ്തിരിക്കുന്നു. ആകാശത്തില്‍ നിന്ന് നാം വെള്ളം ചൊരിയുകയും, എന്നിട്ട് വിശിഷ്ടമായ എല്ലാ (സസ്യ) ജോഡികളെയും അതില്‍ മുളപ്പിക്കുകയും ചെയ്തു. (വി.ഖു. 31/10)
പ്രപഞ്ച സൃഷ്ടിപ്പ് ഏറ്റവും സൂക്ഷ്മമായി നിര്‍ണയിക്കപ്പെട്ട ഒരു ദൈവിക പ്രക്രിയയാണ്. ഓരോ കണവും സൃഷ്ടി മാഹാത്മ്യം വിളിച്ചോതുന്നുണ്ട്. അതീവ കൃത്യമായി നിര്‍ണയിക്കപ്പെട്ട ശാക്തിക സന്തുലനങ്ങളാല്‍ പ്രപഞ്ചം ശാസ്ത്രജ്ഞരെപ്പോലും അമ്പരപ്പിക്കുന്നു. ഓരോ വസ്തുവും നിശ്ചിത അളവിലാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്. സൂക്ഷ്മമായ ചിട്ടപ്പെടുത്തലുണ്ട് അതിനു പിന്നില്‍. പ്രപഞ്ചത്തിന്റെ ഗതി ഒരു അലക്ഷ്യ പ്രയാണമല്ലെന്നും മനുഷ്യ ജീവിതം ഒരാകസ്മികതയല്ലെന്നും പ്രപഞ്ച വസ്തുക്കളഖിലവും കണിശമായ നിയമ വ്യവസ്ഥയാല്‍ നിബന്ധമാണെന്നുമുള്ള വീക്ഷ്ണമാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്.
പരമ കാരുണികന്റെ സൃഷ്ടിയില്‍ ഒരു പൊരുത്തക്കേടും നിനക്ക് കാണാനാവില്ല (67/3) എന്ന് മനുഷ്യനെ പഠിപ്പിക്കുന്ന വിശുദ്ധ ഗ്രന്ഥം ആകാശ ഭൂമിയെയും അവയ്ക്കിടയിലുള്ളതിനെയും നാം നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല (37/27) എന്നും ഓര്‍മപ്പെടുത്തുന്നു.
വിസ്മയാവഹമായ പ്രാപഞ്ചിക പ്രതിഭാസങ്ങളെ ദൈവാസ്തിത്വത്തിന്റെ അടയാളങ്ങളായി ചൂണ്ടിക്കാണിക്കുകയും അവയില്‍ നിന്ന് മാനവ സമൂഹത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളെ എണ്ണിപ്പറയുകയും ചെയ്യുന്ന അനേകം വചനങ്ങള്‍ ഖുര്‍ആനിലൂടനീളം കാണാം.
ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാപ്പകലുടെ വ്യത്യാസത്തിലും, ജനങ്ങള്‍ക്ക് ഉപകാരമുള്ള വസ്തുക്കളും കൊണ്ട് കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, അല്ലാഹു ഉപരിലോകത്ത് നിന്ന് വെള്ളം ചൊരിഞ്ഞിട്ട് അത് മുഖേന ഭൂമിക്ക്അതിന്റെ നിര്‍ജീവാവസ്ഥയ്ക്കു ശേഷംജീവന്‍ നല്‍കിയതിലും അവിടെ സസ്യജാലങ്ങളെ വ്യാപിപ്പിച്ചതിലും കാറുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന കാര്‍മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്, തീര്‍ച്ച. (2/164)
അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവനുദ്ദേശിക്കുന്ന പ്രകാശം ആകാശത്ത് പരത്തുന്നു. അതിനെ അവന്‍ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിനിടയില്‍ നിന്ന് മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. എന്നിട്ട് തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആ മഴ എത്തിച്ചുകൊടുത്താല്‍ അവരതാ സന്തുഷ്ടരാവുന്നു ഇത്തരം സൂക്തങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുമ്പോള്‍, പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ ഘടനയെക്കുറിച്ചുമുള്ള നമ്മുടെ സന്ദേഹങ്ങള്‍ ശമിക്കുന്നു. ആധുനിക ശാസ്ത്രം കണ്ടെത്തി എന്ന് പറയുന്ന പ്രതിഭാസങ്ങള്‍, അനേകം നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഖുര്‍ആന്‍ വിശകലനം ചെയ്യുന്നത് കണ്ട് നാം അത്ഭുതപ്പെടുന്നു. സര്‍വോപരി, പ്രപഞ്ച ഘടനയിലെ പാരസ്പര്യം എങ്ങനെ വിദഗ്ധമായി സന്നിവേശിക്കപ്പെട്ടിരിക്കുന്നുവെന്നും, അവ എങ്ങനെ മനുഷ്യന് ഉപയുക്തമാവുന്നു എന്നും നാം മനസ്സിലാക്കുന്നു.
അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാപ്പകല്‍ ഭേദങ്ങളിലും ബുദ്ധിമാന്മാര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്; തീര്‍ച്ച. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അല്ലാഹുവെ സ്മരിക്കുകയും ആകാശഭൂമികളുടെ സൃഷ്ടിപ്പിനെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നവരത്രേ അവര്‍. (അവര്‍ പറയും) ഞങ്ങളുടെ രക്ഷിതാവേ, നീ ഇതൊക്കെ നിരര്‍ത്ഥകമായിട്ടല്ല സൃഷ്ടിച്ചത്. നീ എത്രയോ പരിശുദ്ധന്‍. അതിനാല്‍ നരകശിക്ഷയില്‍ നിന്ന് നീ ഞങ്ങളെ കാത്തു രക്ഷിക്കേണമേ. അതെ, സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ രക്ഷാകര്‍തൃത്വം അംഗീകരിക്കുന്നവരും, പ്രപഞ്ചത്തെ വിനയത്തോടെ വീക്ഷിക്കുന്നവരുമാണ്. മനുഷ്യന്റെ അസ്തിത്വത്തെയും നാഗരികതകളുടെ വികാസ പരിണാമങ്ങളെയും ഭൗതിക മാത്രമായി വീക്ഷിക്കുന്നവരാണ് മിക്ക ചിന്തകന്മാരും. വ്യാപാര വ്യവസായങ്ങളിലെ അഭിവൃദ്ധി, ശാസ്ത്രസാങ്കേതിക പുരോഗതി, ഭരണ വ്യവസ്ഥ, സൈനിക തന്ത്രം ഇതൊക്കെയും ആണ് ഭൗതിക പുരോഗതിയുടെ നിമിത്തങ്ങളായി കരുതപ്പെടുന്നത്. ദൈവവിശ്വാസത്തെയും ധാര്‍മികതയെയും പുരോഗതിയുടെ നിമിത്തങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഒരു ഭൗതിക വാദിയും തയ്യാറാവുകയില്ല. വിശുദ്ധ ഖുര്‍ആന്‍ ചെയ്തതാകട്ടെ, പുരോഗതിയുടെ ഭൗതികോപാധികളെ തള്ളിപ്പറയാതെ തന്നെ ജീവിത വിജയത്തിനു അവയെക്കാളെല്ലാം ഉപരിയായി വേണ്ടത് അവികലമായ വിശ്വാസവും ധര്‍മനിഷ്ഠയുമാണെന്ന തത്വം മനുഷ്യരെ ബോധ്യപ്പെടുത്തുകയും അതിലൂടെ അവരെ പുരോഗതിയിലേക്ക് നയിക്കുകയുമാണ്.
പ്രപഞ്ച സംവിധാനത്തില്‍ അടങ്ങിയിട്ടുള്ള അതിശയകരമായ കണിശതയും വ്യവസ്ഥാപിതത്വവും, ഇവയ്ക്കു പിന്നിലെ ശക്തി ആര് എന്ന അന്വേഷണത്തില്‍ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നു. പദാര്‍ത്ഥ ലോകത്തിലെ വ്യവസ്ഥാപിതത്വം പ്രകൃതിയുടെ കരവിരുതാണ് എന്ന പ്രസ്താവനയിലൂടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായി എന്നു കരുതുന്നവരാണ് പ്രപഞ്ചത്തെ ഭൗതികമായി വ്യാഖ്യാനിക്കുന്നവര്‍. പക്ഷെ, പ്രകൃതി എന്നാല്‍ എന്താണ് എന്ന ചോദ്യത്തിന് അവരാരും തൃപ്തികരമായി ഒരുത്തരവും നല്‍കുന്നില്ല. ഒരു ചിത്രശലഭത്തിന്റെ ചേതോഹരമായ വര്‍ണഭംഗി അതിന് എങ്ങനെ ഉണ്ടായി? ഏത് കലാകാരനാണ് അതാവിഷ്കരിക്കാന്‍ കഴിയുക? ശലഭം ശ്വസിക്കുന്ന വായുവിനോ കുടിക്കുന്ന വെള്ളത്തിനോ കഴിക്കുന്ന ആഹാരത്തിനോ ഈ വര്‍ണഭംഗി സംഭാവന ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ ശലഭത്തിന്റെ സൃഷ്ടിയില്‍ത്തന്നെ, അതിന്റെ ജൈവപരിണാമത്തില്‍ത്തന്നെ വര്‍ണ ശബളിമയുടെ ഘടന നിക്ഷേപിച്ചവന്‍ സര്‍വശക്തനും നിര്‍മാണ കുശലനുമായ ഒരു അതീത ശക്തിയാണ്. അവനത്രേ അല്ലാഹു. പ്രപഞ്ചം അവന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് അവന്റെ കല്‍പനകള്‍ അനുസരിക്കാന്‍ സര്‍വരും ബാധ്യസ്ഥരാണ്.
പ്രാപഞ്ചിക പ്രതിഭാസങ്ങളുടെയും പ്രകൃതി സമ്പത്തുകളുടെയും നേരെ വിവേകപൂര്‍വമായ നിലപാട് സ്വീകരിക്കാന്‍ പ്രേരണ നല്‍കുന്ന ഖുര്‍ആന്, സ്രഷ്ടാവുമായുള്ള ബന്ധത്തിലൂടെ കരുത്താര്‍ജ്ജിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുകയും ചെയ്യുന്നു. പ്രകൃതി വിഭവങ്ങള്‍ ഉപഭോഗം നടത്തുമ്പോള്‍ അടുത്ത തലമുറയെക്കുറിച്ചുള്ള പരിഗണനയില്ലാതെ വിഭവ ചൂഷണവും പരിസ്ഥിതി നാശവും വരുത്താന്‍ ഒരു തലമുറക്കും അവകാശമില്ല. മഴയെ ഒരനുഗ്രഹമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. കാരണം, മനുഷ്യന്റെയും ഇതര ജീവജാലങ്ങളുടെയും നിലനില്‍പിന് വെള്ളം അത്യാവശ്യമാണ്. വെള്ളത്തില്‍ നിന്നാണ് നാം എല്ലാ വസ്തുക്കളെയും പടച്ചത് എന്ന് സ്രഷ്ടാവ് പ്രഖ്യാപിക്കുന്നു. ചെടികളും ജന്തുക്കളും മനുഷ്യനുമൊക്കെ ജലത്തെ വല്ലാതെ ആശ്രയിക്കുന്നുവെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. തന്ത്രശാലിയായ പ്രപഞ്ച നാഥന്‍ ഭൂമിക്ക് ജലം ദാനം ചെയ്യുന്ന രീതി എത്ര ആസൂത്രിതമാണ്. ആകാശത്തു നിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും എന്നിട്ട് അതുമൂലം പലതരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു എന്നാണ് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. ഭൂഗര്‍ഭ ജലം എങ്ങനെയുണ്ടാവുന്നു എന്നതിന് ഖുര്‍ആന്‍ സുവ്യക്തമായ ഉത്തരം നല്‍കുന്നുണ്ട്. നീ കണ്ടില്ലേ, അല്ലാഹു ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അവന്‍ പ്രവേശിപ്പിച്ചു. അനന്തരം അതുമുഖേന വ്യത്യസ്ത വര്‍ണത്തിലുള്ള വിള അവന്‍ ഉല്‍പാദിപ്പിക്കുന്നു. അങ്ങനെ ജീവജാലങ്ങളുടെ ദാഹമകറ്റുന്നതിന് ആവശ്യമായ ജലം അല്ലാഹു ഭൂമിയില്‍ ഒരുക്കിവെച്ചു. മനുഷ്യനോ, ഇതൊന്നുമാലോചിക്കാതെ ജലം ധൂര്‍ത്തടിച്ചു വെള്ളം സ്വകാര്യമായി പരിഗണിക്കുന്നതും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി ഉപയോഗിച്ച് ഇതരരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതും ഭൂമിയില്‍ നാശത്തിന് കാരണമാവുമെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. മൂസാ നബി തന്റെ ജനതയ്ക്കുവേണ്ടി വെള്ളത്തിന് വേണ്ടി അപേക്ഷിച്ച സന്ദര്‍ഭവും (ശ്രദ്ധിക്കുക) അപ്പോള്‍ നാം പറഞ്ഞു: നിന്റെ വടികൊണ്ട് പാറമേല്‍ അടിക്കുക. അങ്ങനെ അതില്‍ നിന്ന് പന്ത്രണ്ട് ഉറവകള്‍ പൊട്ടിയൊഴുകി. ജനങ്ങളില്‍ ഓരോ വിഭാഗവും അവരവര്‍ക്ക് വെള്ളമെടുക്കാനുള്ള സ്ഥലങ്ങള്‍ മനസ്സിലാക്കി. അല്ലാഹുവിന്റെ ആഹാരത്തില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളൂ. ഭൂമിയില്‍ കുഴപ്പമുണ്ടാക്കി നാശകാരികളാവരുത് (എന്ന് നാം അവരോട് നിര്‍ദേശിക്കുകയും ചെയ്തു). മനുഷ്യന്റെ അത്യാര്‍ത്തി മൂലമാണല്ലോ ഭൂമിയില്‍ എല്ലാ കുഴപ്പങ്ങളും ഉണ്ടാവുന്നത്. ഒരു ന്യൂനപക്ഷം വിഭവങ്ങള്‍ അന്യായമായി കയ്യടക്കിവയ്ക്കുന്നതുകൊണ്ടാണ് മഹാഭൂരിപക്ഷവും പട്ടിണിയിലാവുന്നത്. ഭൗമിക ജീവിതത്തിലെ ഓരോ ഇടപെടലിനും ശ്വാസനിശ്വാസങ്ങള്‍ക്കു പോലും കൃത്യമായി കണക്ക് ബോധിപ്പിക്കേണ്ടിവരുമെന്ന് ഖുര്‍ആന്‍ താക്കീത് ചെയ്യുന്നു.
വിഭവ ചൂഷണവും പരിസ്ഥിതി നാശവും വരുത്താന്‍ ഒരു തലമുറക്കും അവകാശമില്ല. സമൂഹത്തിന്റെ ഭാവിജീവിതത്തിനായി കരുതലുണ്ടാവുക എന്നത് വിശ്വാസപരമായ ബാധ്യതയാണ്. ഒരു നബിവചനം ഇങ്ങനെയാണ്: ഇഹലോകത്തിനുവേണ്ടി അധ്വാനിക്കുമ്പോള്‍ സര്‍വ കാലത്തും താന്‍ ജീവിക്കുമെന്നും പരലോകത്തിന് വേണ്ടി യത്നിക്കുമ്പോള്‍ അടുത്ത ദിവസം തന്നെ മരണപ്പെടുമെന്നുമുള്ള ധാരണയാണ് മനുഷ്യന് വേണ്ടത്. മറ്റൊരു നബിവചനം ശ്രദ്ധിക്കുക: ഒരു ചെടി നട്ടതിനെത്തുടര്‍ന്ന് ലഭ്യമാവുന്ന കായ്കനികള്‍ ജന്തുവോ മനുഷ്യനോ ഉപയോഗിച്ചാല്‍ അതെല്ലാം നടുന്നവന്‍ നടത്തുന്ന ദാനമായി പരിഗണിക്കപ്പെടും. ഇതാണ് ഇസ്ലാമിന്റെ പരിസ്ഥിതിബോധം.
സമുദ്രം, പര്‍വതങ്ങള്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ തുടങ്ങിയവയൊക്കെ മനുഷ്യന്റെ നന്മയ്ക്കായി വിധേയപ്പെടുത്തിയിരിക്കുന്നുവെന്ന മനുഷ്യ കേന്ദ്രീകൃത പ്രപഞ്ച സിദ്ധാന്തം ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു:
രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. (16/12)
ഇങ്ങനെ പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന അനേകം സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. എന്നാല്‍ ഇതിനര്‍ത്ഥം പ്രപഞ്ചത്തിലുള്ളതെല്ലാം മനുഷ്യന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും ദുരാഗ്രഹങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കാം എന്നല്ല. ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ഭൗതിക വസ്തുക്കള്‍ പരിമിതമായി ഉപയോഗിക്കുകയും, പരിസ്ഥിതി കേടുപാടുകള്‍ കൂടാതെ വരും തലമുറകള്‍ക്ക് കൈമാറുകയും ചെയ്യുക എന്നത് മനുഷ്യന്റെ കടമയാണ്. മനുഷ്യന്റെ അഹങ്കാരവും അവിവേകവും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഖുര്‍ആന്‍ താക്കീത് നല്‍കുന്നുണ്ട്:
മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിക്കാന്‍ വേണ്ടിയത്രേ അത്. അവര്‍ ഒരു വേള മടങ്ങിയേക്കാം. (30/41)
അതിവൃഷ്ടിയും അനാവൃഷ്ടിയുമായി, സുനാമിത്തിരമാലകളായി മഹാദുരന്തങ്ങള്‍ മനുഷ്യര്‍ക്കുമേല്‍ പെയ്തിറങ്ങുന്നത് സ്വയം കൃതാനര്‍ത്ഥങ്ങള്‍ തന്നെ!
പ്രകൃതി വിഭവങ്ങള്‍ തന്നിഷ്ടപ്രകാരം ചൂഷണം ചെയ്യാനുള്ളതാണ് എന്ന ചിന്തയ്ക്കു പകരം പ്രകൃതിയോടിണങ്ങി, ആവശ്യങ്ങള്‍ മാത്രം പൂരിപ്പിച്ച് സൗഹൃദ ഭാവത്തോടെ ജീവിക്കേണ്ടതാണെന്ന പാഠം മനുഷ്യന്‍ പഠിക്കേണ്ടിയിരിക്കുന്നു. പ്രകൃതി മനുഷ്യനു മുമ്പില്‍ ഒരു അമാനത്ത് (ട്രസ്റ്റ്) കണക്കെയുള്ളതാണ്. ഒരു സൂക്ഷിപ്പുകാരന്‍ എന്ന നിലയില്‍സര്‍വതിന്റെയും അധികാരി എന്ന നിലയിലല്ലദൈവിക ദര്‍ശനങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുമ്പോഴാണ് മനുഷ്യന്റെ യഥാര്‍ത്ഥ നിയോഗം, സഫലമാവുക. സ്വാര്‍ത്ഥത, ചൂഷണം, പൂഴ്ത്തിവെയ്പ്, കുത്തകവല്‍കരണം തുടങ്ങിയ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാം കഠിനമായി വിരോധിക്കുന്നു. ധൂര്‍ത്തും ദുരയും ആര്‍ത്തിയും വര്‍ജ്ജിക്കപ്പെടേണ്ടതാണ്: തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാവുന്നു. പിശാച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു (17/27) എന്ന് ഖുര്‍ആന്‍. ‘അണ്ണാര്‍ക്കണ്ണനും തന്നാലായത്’ എന്ന് പറഞ്ഞതുപോലെ ഓരോ വിശ്വാസിക്കും, പരിസ്ഥിതി സംരക്ഷണം സ്വന്തം ബാധ്യതയാണ്.
മനുഷ്യരെയും പ്രകൃതി വിഭവങ്ങളെയും ചൂഷണം ചെയ്ത് തടിച്ച് കൊഴുക്കുന്ന ആര്‍ത്തിപ്പണ്ടാരങ്ങളെയും കുത്തക മുതലാളിമാരെയും അവരുടെ പദ്ധതികളെയും ചെറുക്കുകയും പ്രകൃതിയെ വരുംതലമുറക്കുവേണ്ടി സംരക്ഷിക്കുകയും ചെയ്യുക എന്ന ധര്‍മം വിശ്വാസികള്‍ നിര്‍വഹിക്കേണ്ടിയിരിക്കുന്നു.

ടി.കെ. മൊയ്തു വേളം

You must be logged in to post a comment Login