ധാര്‍മിക മൂല്യങ്ങള്‍ സൂക്ഷിച്ചുകൊണ്ട് ജീവിക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും ഇസ്ലാമില്‍ പരിഹാര മാര്‍ഗങ്ങളുണ്ട്. നിസ്കാരം, നോമ്പ് തുടങ്ങിയ ആരാധനാ കര്‍മങ്ങള്‍ മതനിയമങ്ങള്‍ക്കനുസരിച്ച് ചിട്ടപ്പെടുത്തുന്നതിനു പുറമെ സാമൂഹികവും സാമ്പത്തികവുമായ നമ്മുടെ ജീവിത സന്ദര്‍ഭങ്ങളും ഇസ്ലാമിക ചട്ടക്കൂടില്‍ ആക്കുമ്പോഴാണു നാം സൂക്ഷ്മതയുള്ള വിശ്വാസി ആവുന്നത്. സാമ്പത്തിക രംഗത്തു നാം നടത്തുന്ന ഇടപാടുകളും ക്രയവിക്രയങ്ങളും ഇസ്ലാമിനു നിരക്കാത്തതായാല്‍ മതനിഷ്ഠയില്‍ അതു വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇടപാടു നടത്തുന്നതിലൂടെ നാം സമ്പാദിക്കുന്ന ധനം ഹലാലാവാതിരുന്നാല്‍ അതുകൊണ്ട് നാം ഭക്ഷിക്കുകയും കുടുംബത്തിനു ചിലവു ചെയ്യുന്നതും അശുദ്ധമായിത്തീരും. തനി നിഷിദ്ധമോ ഹറാം കലര്‍ന്നതോ ആയ വസ്തുക്കള്‍ ഉപയോഗിക്കുകയാവും ഇതിന്റെ ഫലം. ഇങ്ങനെ സൂക്ഷ്മതയില്ലാതെ ഉപയോഗിക്കുന്നവര്‍ ഇബാദത്തു ചെയ്താല്‍ അതു സ്വീകരിക്കപ്പെടാതെ പോകാന്‍ സാധ്യത ഏറെയാണ്. അവര്‍ ദുആ ചെയ്താല്‍ ഉത്തരം ലഭിക്കാന്‍ സാധ്യതയും കുറവാണ്. ഭൗതികമായി അവരുടെ ധനത്തില്‍ ബറകത്ത് കുറയുകയും ചെയ്യും.
സാമ്പത്തിക രംഗത്ത് ഇസ്ലാം
ധനം നേടുന്നതിനുള്ള വഴികളും ചെലവഴിക്കുന്നതിന്റെ വഴികളും ഇടപാടുകള്‍ നടത്തുന്ന രീതിയും ഇസ്ലാമികമാവുക, സമ്പാദിച്ച് ധനത്തിനു വന്നുചേരുന്ന സകാത്തു തുടങ്ങിയ ബാധ്യതകള്‍ കൊടുത്തു വീട്ടുന്നതില്‍ ജാഗ്രത പാലിക്കുക, വിവിധ ആവശ്യങ്ങള്‍ ഉണ്ടെങ്കിലും അവ നിര്‍വഹിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇസ്ലാമികമല്ലെങ്കില്‍ അവയില്‍ ഇടപെടാതെ മാറിനില്‍ക്കുകയോ ഇസ്ലാമികമായ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുകയോ ചെയ്യുക. ഇതൊക്കെയാണു സാമ്പത്തിക രംഗത്തു ഇസ്ലാമിക നിലപാട് പുലര്‍ത്താനാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്, നമുക്ക് നേരിടേണ്ടി വരുന്ന ദൈനംദിന പ്രശ്നങ്ങളില്‍ സാമൂഹികവും തൊഴില്‍ പരവും കുടുംബ പരവുമായ മേഖലകളിലെല്ലാം ഇസ്ലാമിക നിലപാടുകള്‍ പാലിക്കാതെ സാമ്പത്തിക രംഗത്തുമാത്രം മതനിയമങ്ങള്‍ക്കനുസരിച്ചു ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. മറ്റു രംഗങ്ങളിലെല്ലാം സൂക്ഷ്മത പുലര്‍ത്തുന്നവര്‍ സാമ്പത്തിക രംഗത്തും മതനിയമങ്ങള്‍ പാലിക്കുന്നതില്‍ അശ്രദ്ധരായാല്‍ അവരുടെ മറ്റു കര്‍മങ്ങളും നിഷ്ഫലമായിപ്പോകാന്‍ സാധ്യതയേറുന്നു.
ഇസ്ലാമിക് ബാങ്കിംഗ്: ആമുഖം
വ്യക്തികള്‍ തമ്മില്‍ നടക്കുന്ന സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് ഇടനിലക്കാരനായിട്ടാണു ബേങ്കിന്റെ ഉത്ഭവം. പിന്നീട് സാമ്പത്തിക ഇടപാടുകള്‍ക്കുള്ള അംഗീകൃത സ്ഥാപനം എന്ന നിലയിലേക്കു ബാങ്കുകള്‍ വളര്‍ന്നു. ഭാരതത്തിലെ നാണയകറന്‍സിയുടെ ഉല്‍പാദനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവണ്‍മെന്‍റ് ഉടമസ്ഥതയിലുള്ള ബാങ്കുകളില്‍ പ്രമുഖമായ സ്റ്റേറ്റ് ബാങ്ക് നമുക്ക് പരിചിതമാണല്ലോ.
നിക്ഷേപം സ്വീകരിക്കാന്‍ (സേവിംഗ്സ്, കറണ്ട്, ഫിക്സ്ഡ് എക്കൗണ്ടുകളിലൂടെ) മതിയായ ഈടിന്മേല്‍ കടം കൊടുക്കല്‍, എന്നിവയാണു ബാങ്കിന്റെ ഏറ്റവും പ്രധാനവും പ്രകടവുമായ സേവനങ്ങള്‍. ഈ ഇടപാടുകള്‍ പലിശയിലധിഷ്ഠിതമായിട്ടാണു ബാങ്കുകള്‍ വളരുന്നത്. നിക്ഷേപിച്ചവര്‍ക്ക് കൊടുക്കുന്ന പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്നതാണു കടം വാങ്ങിയവനില്‍ നിന്നു ബാങ്ക് ഈടാക്കുന്ന പലിശ. പലിശ നിരക്കിലെ ഈ വര്‍ധനവാണു ബാങ്കിന്റെ ലാഭം. ഉദ്യോഗസ്ഥരുടെ മറ്റു ചിലവുകള്‍ കഴിച്ചു ബാക്കിയുള്ള ലാഭം ബാങ്കിന്റെ വാര്‍ഷിക ബാലന്‍സ് ഷീറ്റില്‍ കാണാം. ആധുനിക ബാങ്കുകള്‍ ഇതിനു പുറമെ വിവിധ മേഖലകളില്‍ കൂടി സേവനം ചെയ്യുന്നുണ്ട്.
സ്വര്‍ണപ്പണയത്തില്‍ വായ്പ എടുക്കുന്നതും വീട്ടില്‍ സുരക്ഷിതമല്ലാത്തതുകൊണ്ട് ബാങ്കിന്റെ ലോക്കര്‍ സേവനം ഉപയോഗപ്പെടുത്തി സ്വര്‍ണം സൂക്ഷിക്കുന്നതും നമുക്കു പരിചയമുണ്ടല്ലോ. എന്നാല്‍ നേരത്തെ പറഞ്ഞപോലെ ഇവയെല്ലാം പലിശയിലധിഷ്ഠിതമായിട്ടാണു ബാങ്കുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആധുനിക കാലത്തു വാഹനം വാങ്ങുന്നതും വീടു നിര്‍മിക്കുന്നതും തൊഴില്‍ശാല വിപുലീകരിക്കുന്നതും ബാങ്കു വായ്പ ഉപയോഗിച്ചാണു എന്ന അവസ്ഥയാണുള്ളത്. സാമൂഹിക പുരോഗമനത്തിനു വേണ്ട റോഡ് നിര്‍മാണം, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി എയര്‍പോര്‍ട്ടിന്റെയും സീപോര്‍ട്ടിന്റെയും നിര്‍മാണവും വികസനവും മെട്രോ റെയില്‍ നിര്‍മാണം തുടങ്ങിയവ ബാങ്കുകള്‍ വായ്പ നല്‍കുകയോ സംരംഭങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന മേഖലകള്‍ വളരെ വിപുലമായിത്തീര്‍ന്നിരിക്കുന്നു. മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, തൊഴില്‍ ഇന്‍ഷൂറന്‍സ് തുടങ്ങിയ മേഖലകളിലേക്കും ബാങ്കുകള്‍ കടന്നിരിക്കുന്നു. റിസര്‍വ് ബാങ്കിന്റെ നിയമമനുസരിച്ചു ബാങ്കുകള്‍ക്ക് മാത്രം ചെയ്യാവുന്ന സേവനങ്ങളുണ്ട്. ചെക്കുകള്‍ നല്‍കുകയും, ഡ്രാഫ്റ്റുകളിലൂടെയും പണം കൈമാറല്‍ ഇതു ബാങ്കിനു മാത്രമേ ചെയ്യാന്‍ അനുമതിയുള്ളൂ. എന്നാല്‍ പണയവും വായ്പയും ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ചെയ്യാന്‍ അനുമതിയുണ്ട്. മൂലധനത്തിന്റെ സമാഹരണം, ക്രിയാത്മകമായ ഉല്‍പാദന മാര്‍ഗങ്ങളിലേക്കു തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതിലേക്കും മൂലധനം ഉപയോഗപ്പെടുത്തല്‍. പ്രാദേശികവും അന്തര്‍ദേശീയവുമായ വ്യാപാര അവസരങ്ങളുടെ ക്രമീകരണം, സര്‍വോപരി പട്ടിണി നിര്‍മാര്‍ജനവും പലിശയുടെ ചൂഷണത്തില്‍ നിന്നു മുക്തവുമായ ഒരു ജനകീയ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കല്‍. ഇതിനെല്ലാം ഉതകുന്ന വിധത്തിലാണു ഇസ്ലാമിക ബാങ്കിംഗിന്റെ അടിസ്ഥാനങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്.
മൂലധനം
ഇസ്ലാമിക് ബാങ്കിംഗ് എന്ന പ്രയോഗം ഉണ്ടാക്കുന്ന ധാരണ നിലവിലുള്ള ദേശസാല്‍കൃത ബാങ്കുകളെപ്പോലെയുള്ള ഒരു ബദല്‍ ബാങ്കാണ്. എന്നാല്‍ ഇസ്ലാമിക ബാങ്കിംഗ് എന്നതു ഒരു ഇസ്ലാമിക സാമ്പത്തിക കൂട്ടായ്മയും പ്രാദേശിക സാമ്പത്തിക നിധി, പലിശ രഹിത ഫണ്ട് തുടങ്ങിയ ഘട്ടങ്ങളിലൂടെ കടന്നു പൂര്‍ണാര്‍ത്ഥത്തിലുള്ള ഒരു ഇസ്ലാമിക് ബാങ്ക് ആയി രൂപപ്പെടുത്തുന്നതിനു കുറെ ദൂരം പിന്നിടേണ്ടതുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂലധന നിക്ഷേപം രണ്ടു ലക്ഷം കോടി രൂപയുടെതാവുമ്പോള്‍ ഇസ്ലാമിക ബാങ്കിനു ചുരുങ്ങിയ മൂലധനത്തിലു (ഉദാ: പത്ത് ലക്ഷം) പ്രവര്‍ത്തിക്കാം.
ഇടപാടു രീതികള്‍
സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ക്കു ആവശ്യമാവുന്നതും എന്നാല്‍ ഇസ്ലാമിക ദൃഷ്ട്യാ സാധ്യമാകുന്നതുമായ രീതിയില്‍ ഇടപാടുകള്‍ സംവിധാനിക്കപ്പെടുന്നു. ഇതിനു മതനിയമങ്ങളും ആധുനിക സാമ്പത്തിക രംഗവും നന്നായി അവബോധമുള്ള ഒരു പണ്ഡിത സംഘത്തെ ചുമതലപ്പെടുത്തുന്നു. ഇസ്ലാമിക ബാങ്കിന്റെ സ്ഥിരം ഉപദേശക സമിതിയോ താല്‍ക്കാലികമായി ചുമതലപ്പെടുത്തുന്നവരോ ആകാം ഇവര്‍. അംഗീകാരം ലഭിച്ച ഇടപാടുകള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു.
സാമ്പത്തിക പരാധീനത അനുഭവപ്പെടുന്നവര്‍ക്ക് തൊഴില്‍ ചെയ്യാന്‍ ഇസ്ലാമിക ബാങ്ക് മൂലധനമിറക്കുന്ന കൂട്ടു സംരംഭം ഖിറാള് (മുദാറസഃ) ഇതില്‍ തൊഴിലാളിക്കും ഉടമക്കും ലാഭത്തിന്റെ നിശ്ചിത ശതമാനം വിഹിതം മുന്‍കൂറായി നിശ്ചയിക്കുന്നു. ഉയര്‍ന്ന മൂലധന നിക്ഷേപം ആവശ്യമുള്ള മെഷിനറികള്‍ ബാങ്കിന്റെ ഉടമസ്ഥതയില്‍ വാങ്ങി തൊഴിലാളിക്കു വാടകക്ക് നല്‍കുന്ന(ഇജാറഃ), നിശ്ചിത ഉല്‍പന്നം വാങ്ങാന്‍ വേണ്ടിവന്ന ചിലവു പരസ്യപ്പെടുത്തി നിശ്ചിത ശതമാനം ലാഭം എടുത്തു വില്‍ക്കുന്ന രീതി(മുറാബഹഃ), വില്‍പന നടത്തിയ സാധനത്തിന്റെ വില കൊടുക്കുന്നതിനു ഗഡുക്കളായി തവണ വ്യവസ്ഥയില്‍ അടക്കാന്‍ സൗകര്യം ചെയ്യല്‍, നിശ്ചിത അവധിക്കും, നിശ്ചിത ഗുണങ്ങളുള്ള ഉല്‍പന്നം നല്‍കാം എന്ന വ്യവസ്ഥയില്‍ മുന്‍കൂറായി കാശു നല്‍കല്‍(സലം), ഫ്ളാറ്റും, വാഹനം തുടങ്ങിയവ ആവശ്യമുള്ള ഉപഭോക്താവിനു വാടക ഇടപാടും വേറിട്ട മറ്റൊരു വില്‍പന ഇടപാടും മുഖേന വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ണമായി ഉടമയിലാക്കാവുന്ന ഇടപാടും(ഇളാറ മുന്‍തഹിയഃ ബി തമല്ലുക്).
കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങളായി മുതലാളിത്ത ലോകത്തിലെ ഉന്നത സാമ്പത്തിക സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെടുകയും പല സ്ഥാപനങ്ങളും തകരുകയും പ്രവര്‍ത്തന മാന്ദ്യം അനുഭവപ്പെടുകയും ചെയ്തപ്പോള്‍ അറേബ്യന്‍ നാടുകളിലും പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും ഇസ്ലാമിക ബാങ്കുകള്‍ കൂടുതല്‍ ലാഭമുണ്ടാക്കിയ വാര്‍ത്തയാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. പലിശ വാങ്ങാതിരുന്നിട്ടും ഇരുപതു ശതമാനത്തിലധികം ലാഭമാണു ഇസ്ലാമിക ബാങ്കുകള്‍ കാഴ്ചവച്ചത്.
പണ്ഡിതന്മാരും പൊതുജനങ്ങളും ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍
You must be logged in to post a comment Login