മാധ്യമങ്ങളുടെ രാഷ്ട്രീയം, രാഷ്ട്രീയത്തില്‍ മാധ്യമങ്ങള്‍ നടത്തുന്ന ഇടപെടല്‍, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തുന്ന മാധ്യമ പ്രവര്‍ത്തനം എന്നിങ്ങനെ പലവിധത്തില്‍ മാധ്യമം, രാഷ്ട്രീയം എന്നീ വാക്കുകള്‍ ബന്ധപ്പെട്ട് നില്‍ക്കുന്നു. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള മാധ്യമ നടത്തിപ്പിനും മാധ്യമ പ്രവര്‍ത്തനത്തിനും, ആ രാഷ്ട്രീയം എത്ര പ്രതികൂലമാണെങ്കിലും, സത്യസന്ധത അവകാശപ്പെടാന്‍ സാധിക്കും. മാധ്യമങ്ങളുടെ രാഷ്ട്രീയത്തിനോ രാഷ്ട്രീയത്തില്‍ മാധ്യമങ്ങള്‍ നടത്തുന്ന ഇടപെടലിനോ ഈ സത്യസന്ധത അവകാശപ്പെടാന്‍ കഴിയില്ല. മാധ്യമങ്ങളുടെ രാഷ്ട്രീയം ഒരുപക്ഷെ, കഴിഞ്ഞകാലത്തിന്‍റേതായിരുന്നു. അത് നിലനില്‍ക്കുമ്പോള്‍ തന്നെ രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അധികാരത്തിലേക്കുള്ള പാതയൊരുക്കിക്കൊടുക്കുകയും മാധ്യമങ്ങള്‍ ചെയ്യുന്ന കാഴ്ചയാണ് തുടര്‍ന്ന് കണ്ടത്. ആ പ്രവണത ഇപ്പോഴും സജീവമായി തുടരുകയും ചെയ്യുന്നു. ഇത്തരം ഇടപെടലുകളുടെ ഏറ്റവും ആസുരമായ മുഖം കണ്ടത് ഗുജറാത്തിലാണ്. 2002ലെ വംശഹത്യാ കാലത്ത് ഭരണകൂടത്തിന്റെ സര്‍വ പിന്തുണയുമായി തെരുവിലേക്ക് ഇറങ്ങിയ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ക്ക് കൂടുതല്‍ കിരാതത്വം പകര്‍ന്ന് കൊടുക്കാന്‍ യത്നിച്ച പത്രങ്ങള്‍ അവിടെ ഒന്നിലേറെയുണ്ടായിരുന്നു. കിംവദന്തികളോ തെറ്റായ വിവരങ്ങളോ അബദ്ധത്തില്‍ പ്രസിദ്ധീകരിച്ച് പോകുന്നതല്ല, മറിച്ച് വ്യക്തമായ ഉദ്ദേശ്യത്തോടെ രാഷ്ട്രീയത്തില്‍ ഇടപെടുകയാണ് ചെയ്യുന്നത്. അതിന്റെ ഉദാഹരണങ്ങള്‍ നമ്മുടെ ചുറ്റില്‍ തന്നെ ധാരാളമുണ്ട്. രാജ്യാന്തര തലത്തില്‍ ഉദാഹരണങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലതാനും. ഓരോ പ്രദേശത്തും ഓരോ രീതിയിലാകും ഇടപെടലുകള്‍, അതിന് പ്രാദേശികമായ ലക്ഷ്യങ്ങളുമുണ്ടാകും. എന്നാല്‍ ഇത്തരം ഇടപെടലുകളെല്ലാം പൊതുവായ ഒരു കുടക്ക് കീഴില്‍ നില്‍ക്കുന്നുവെന്നതാണ് സൂക്ഷ്മ അവലോകനത്തില്‍ മനസ്സിലാക്കാനാകുക.
മാധ്യമങ്ങളുടെ രാഷ്ട്രീയവും രാഷ്ട്രീയത്തില്‍ മാധ്യമങ്ങള്‍ നടത്തുന്ന ഇടപെടലും അതിന്റെ നടത്തിപ്പുകാരുടെ വ്യവസായ, വാണിജ്യ താത്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് പ്രധാനമായും പ്രകടമാകുന്നത്. മുതല്‍മുടക്കുന്നവരുടെയോ നേതൃത്വം നല്‍കുന്നവരുടെയോ രാഷ്ട്രീയ താത്പര്യങ്ങളും പ്രകടമാകാറുണ്ട്. അതും പരോക്ഷമായി വ്യവസായ, വാണിജ്യ താത്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മുഴുവന്‍ സമയവും വാര്‍ത്തയോ വാര്‍ത്താധിഷ്ഠിത പരിപാടികളോ മാത്രമുള്ള ദൃശ്യമാധ്യമങ്ങള്‍ കൂടി സജീവമായതോടെ ഇത്തരം താത്പര്യ സംരക്ഷണ വ്യഗ്രത വര്‍ധിച്ചു. ഓരോ ചാനലിനും കമ്പോളത്തില്‍ മത്സരിച്ച് വേണം നിലനില്‍ക്കാന്‍. പരസ്യ വരുമാനത്തിന്റെ വലിയ പങ്ക് സ്വന്തമാക്കണമെങ്കില്‍ മത്സരിക്കാനുള്ളതിനേക്കാള്‍ അധികം സ്വാധീനിക്കാനുള്ള കഴിവ് വേണമെന്ന് ഇവ വേഗത്തില്‍ തിരിച്ചറിഞ്ഞു. പരസ്യ ദാതാക്കളെയല്ല, അവരെ സൃഷ്ടിക്കുകയും നയ, നിയമ മാറ്റങ്ങളിലൂടെ അവരുടെ വളര്‍ച്ചയും തളര്‍ച്ചയും നിശ്ചയിക്കുകയും ചെയ്യുന്ന രാഷ്ട്രീയ അധികാരത്തെ സ്വാധീനിക്കുന്നതാണ് കൂടുതല്‍ ഗുണകരമെന്ന് കണ്ടെത്തുകയും ചെയ്തു. അധികാരത്തെ സ്വാധീനിക്കുന്നതിനുള്ള എളുപ്പവഴി അതിന്റെ സൃഷ്ടിയില്‍ സക്രിയമായി പങ്കാളിയാകലാണ്. അതാണ് സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമ പ്രവര്‍ത്തനമാണ് തങ്ങള്‍ നടത്തുന്നത് എന്ന് അവകാശപ്പെടുന്നതില്‍ ഭൂരിഭാഗവും ചെയ്യുന്നത്. തങ്ങള്‍ക്ക് ഏതെങ്കിലുമൊരു പക്ഷമുണ്ടെങ്കില്‍ അത് ജനങ്ങളുടെ പക്ഷമാണെന്ന് ആവര്‍ത്തിച്ച്, വിശ്വസിപ്പിക്കാനും ഇക്കൂട്ടര്‍ ശ്രമിക്കും.
അച്ചടി മാധ്യമങ്ങള്‍ മാത്രമുണ്ടായിരുന്ന കാലത്ത് വാര്‍ത്തകളുടെ മൂടിവെക്കലായിരുന്നു സ്വാധീനം ചെലുത്തുന്നതിനുള്ള പ്രധാന ഉപാധി. ഇങ്ങനെ മൂടിവെക്കപ്പെട്ട വാര്‍ത്ത ഭീഷണിപ്പെടുത്താനുള്ള ഉപാധിയായി കുറച്ച് കാലത്തേക്കെങ്കിലും ഉപയോഗിക്കപ്പെടും. ദൃശ്യമാധ്യമങ്ങള്‍ സജീവമായതോടെ മൂടിവെക്കല്‍ സാധ്യത ഏറെക്കുറഞ്ഞു. കമ്പോളത്തിലെ മത്സരത്തിന്റെ ഭാഗമായി ഒന്നല്ലെങ്കില്‍ മറ്റൊരു ചാനല്‍ വാര്‍ത്ത പുറത്തെത്തിക്കുമെന്ന് ഉറപ്പായി. അത്തരം പുറത്തുവിടലുകള്‍ ചാനലിന്റെ വിശ്വാസ്യതയെയും കാഴ്ചക്കാരുടെ എണ്ണത്തെയും ബാധിക്കുമെന്ന് ഉടമസ്ഥര്‍ തിരിച്ചറിയുന്നത് കൊണ്ട് കൂടിയാണ് ഇത്തരം പുറത്തുവരലുകള്‍ സംഭവിക്കുന്നത്. ദൃശ്യത്തിലൂടെ പുറത്ത് വരുന്നതിനെ പിന്‍തുടരാന്‍ അച്ചടി നിര്‍ബന്ധിതമാകുകയും ചെയ്യുന്നു. ഇങ്ങനെ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ സ്വന്തം വാണിജ്യ, വ്യവസായ താത്പര്യങ്ങളെ പിന്തുണക്കുന്ന പരസ്യ ദാതാക്കളെ സംരക്ഷിക്കുക ഏറെക്കുറെ അസാധ്യമാണ്. അതുകൊണ്ട് കൂടിയാണ് വാണിജ്യ, വ്യവസായ താത്പര്യങ്ങളെ സംരക്ഷിക്കാനുതകും വിധത്തിലുള്ള അധികാര സംവിധാനങ്ങളുടെ സൃഷ്ടിക്ക് ഇടപെടാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നത്. ഇത്തരം ഇടപെടലുകളെ പിന്തുണക്കുകയോ സഹായിക്കുകയോ ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും അവരവരുടെ അജണ്ട നടപ്പാക്കിയെടുക്കാനുണ്ടാകും. ഇറാഖില്‍ പ്രഹരശേഷി കൂടിയ മാരക ആയുധങ്ങള്‍ പ്രസിഡന്‍റ് സദ്ദാം ഹുസൈന്‍ സമാഹരിച്ചിരിക്കുന്നുവെന്നും അത് ലോക സമാധാനത്തിന് ഭീഷണിയാണെന്നുമുള്ള അമേരിക്കയുടെ ആരോപണത്തിന് ആഗോള തലത്തില്‍ പ്രചാരണം നല്‍കി, അതിന് സത്യത്തിന്റെ പ്രതീതി നല്‍കിയത് മാധ്യമങ്ങളായിരുന്നു. സദ്ദാം ഹുസൈനെ ഇല്ലാതാക്കി അമേരിക്കന്‍ അനുകൂല ഭരണ സംവിധാനം ഇറാഖില്‍ സ്ഥാപിക്കുന്നതിലൂടെ തങ്ങള്‍ക്ക് ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ മുന്‍കൂട്ടി ആലോചിച്ചിട്ടുണ്ടാകും. വംശഹത്യക്ക് തെരുവിലിറങ്ങിയ ഹിന്ദുത്വ വര്‍ഗീയ വാദികളുടെ സിരയിലേക്ക് കൂടുതല്‍ വിഷം കുത്തിവെച്ച് ആഘാതം വര്‍ധിപ്പിക്കുകയും ധ്രുവീകരണം ആഴത്തിലാക്കുകയും ചെയ്യുന്നതിലൂടെ നരേന്ദ്ര മോഡിയുടെ നിരന്തര വാഴ്ച ഉറപ്പാക്കിയാല്‍ തങ്ങള്‍ക്ക് ലഭിക്കാനിടയുള്ള നേട്ടങ്ങള്‍ ഗുജറാത്തിലെ പത്രങ്ങളും കണക്കാക്കിയിട്ടുണ്ടാകും. അല്ലെങ്കില്‍ ആ പത്രങ്ങളുടെ പിറകിലെ സാമ്പത്തിക ശക്തികളായ വ്യവസായികള്‍ മുന്‍കൂട്ടിക്കണ്ടിട്ടുണ്ടാകും.
കേരളത്തിലെ വ്യൈുതിയുടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നിര്‍ദേശങ്ങള്‍ അടുത്തിടെ പുറത്തുവന്നു. മൂന്നൂറ് യൂനിറ്റിലധികം ഉപയോഗിച്ചാല്‍ അധികമായി ഉപയോഗിക്കുന്ന വ്യൈുതിക്ക് യൂനിറ്റൊന്നിന് പത്ത് രൂപ വീതം നിരക്ക് ഈടാക്കാനായിരുന്നു നിര്‍ദേശം. ഇതിനെ മാധ്യമങ്ങള്‍ സമീപിച്ച രീതി പരിശോധിക്കുക. മുന്നൂറിലധികം ഉപയോഗിച്ചാല്‍ യൂനിറ്റൊന്നിന് പത്ത് രൂപ ഈടാക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മറ്റ് ചിലവ മുന്നൂറ് യൂനിറ്റ് വരെ വ്യൈുതിക്ക് നിരക്ക് വര്‍ധനയില്ലെന്ന് പറഞ്ഞു. തീരുമാനത്തിന്റെ അന്തസ്സത്ത ഈ രണ്ട് വ്യാഖ്യാനങ്ങളിലുമുണ്ട്. പക്ഷേ, മുന്നൂറ് യൂനിറ്റ് വരെ വ്യൈുതിക്ക് നിരക്ക് വര്‍ധനയില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ സംസ്ഥാനത്ത് വ്യൈുതിക്ക് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സബ്സിഡി ഘട്ടം ഘട്ടമായി എടുത്ത് കളയുന്ന പ്രക്രിയക്ക് തുടക്കമാകുകയാണെന്ന വസ്തുത മറച്ചുവെക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ മൂന്നൂറ് യൂനിറ്റിന് മുകളിലുള്ള ഉപയോഗത്തിന് മാത്രമേ യൂനിറ്റിന് പത്ത് രൂപ നല്‍കേണ്ടി വരൂ. നാളെ അത് ഇരുന്നൂറ് യൂനിറ്റിന് മുകളിലുള്ളതിനാകാം. മറ്റന്നാള്‍ പൊതുവിലുള്ള വ്യൈുതി നിരക്ക് ഇത്തോതിലാകാം. അതിന് എത്ര വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് മാത്രമേ ആലോചിക്കേണ്ടതുള്ളൂ.
സബ്സിഡി ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുകയാണെന്ന വിവരം മറച്ചുവെക്കുന്ന മാധ്യമങ്ങള്‍, അവരറിഞ്ഞോ അറിയാതെയോ വലിയൊരു രാഷ്ട്രീയ പ്രക്രിയയിലെ അവസാനഘട്ടത്തിലെ കണ്ണികളാകുകയാണ്. വ്യൈുതി രംഗത്ത് വലിയ മാറ്റങ്ങള്‍ നിര്‍ദേശിച്ചുള്ള നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ട് വര്‍ഷങ്ങളായി. ഉത്പാദനം, പ്രസരണം, വിതരണം എന്നിങ്ങനെ മൂന്ന് കമ്പനികളായി ഈ മേഖലയെ മാറ്റുകയും മൂന്ന് കമ്പനികളെയും ലാഭ കേന്ദ്രങ്ങളാക്കുകയും ചെയ്യുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം. ലാഭമുറപ്പാക്കണമെങ്കില്‍ ചെലവിന് ആനുപാതികമായ നിരക്ക് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കണം. അങ്ങനെ ഈടാക്കണമെങ്കില്‍ സബ്സിഡി ഒഴിവാക്കണം. സബ്സിഡികള്‍ ഒഴിവാക്കുക എന്നത് സാമ്പത്തികപരിഷ്കരണ, ഉദാരവത്കരണ നയങ്ങളുടെ നടപ്പാക്കലിന്റെ ഭാഗമാണ്. ആ നയങ്ങള്‍ നടപ്പാക്കാന്‍ നിര്‍ബന്ധിക്കുകയും സര്‍വതും കമ്പോളത്തിന്റെ നിയന്ത്രണത്തിന് മാത്രം വിധേയമാകുന്ന സ്ഥിതി സംജാതമാകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നത് പ്രധാനമായും അമേരിക്കയും അവരുടെ സഖ്യ രാഷ്ട്രങ്ങളുമാണ്. സബ്സിഡി, അത് വളത്തിലായാലും വ്യൈുതിയിലായാലും, തുറന്ന് കിട്ടുന്ന കമ്പോളത്തില്‍ മത്സരിക്കാനുള്ള തങ്ങളുടെ കമ്പനികളുടെ ശേഷിയെ ബാധിക്കുമെന്ന് പാശ്ച്യാത്യ രാജ്യങ്ങള്‍ തിരിച്ചറിയുന്നു. അതുകൊണ്ടാണ് സബ്സിഡികള്‍ ഒഴിവാക്കാന്‍ അവര്‍ സമ്മര്‍ദം ചെലുത്തുന്നത്. ജനങ്ങള്‍ സബ്സിഡി കൂടാതെ വ്യൈുതി വാങ്ങുന്ന നിലയുണ്ടായാലേ, ഭാവിയില്‍ ഇന്ത്യന്‍ ആണവോര്‍ജ മേഖലയില്‍ നിക്ഷേപം നടത്തുന്ന അമേരിക്കയുടെയും ഫ്രാന്‍സിന്റെയുമൊക്കെ കമ്പനികള്‍ക്ക് ലാഭമെടുത്ത് വ്യൈുതി വില്‍ക്കാന്‍ സാധിക്കൂ.
വ്യൈുതിയുടെ കാര്യത്തില്‍ മാത്രമല്ല പെട്രോളിയം ഇന്ധനങ്ങളുടെ കാര്യത്തിലും സബ്സിഡി ഒഴിവാക്കാന്‍ സമ്മര്‍ദമുണ്ട്. അതിന് വഴങ്ങിക്കൊണ്ടാണ് പെട്രോളിന്റെ വില നിര്‍ണയാധികാരം കമ്പോളത്തിന് കൈമാറാന്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഡീസലിന്റെയും പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെയുമൊക്കെ വില നിശ്ചയിക്കാനുള്ള അധികാരം വൈകാതെ കൈമാറും. ഇങ്ങനെ കമ്പോളം വില നിശ്ചയിക്കുന്ന അവസ്ഥയുണ്ടായാലേ നിലവില്‍ റിലയന്‍സിന്റെ ഓഹരി വാങ്ങി ഇന്ത്യന്‍ ഇന്ധന വിപണിയില്‍ പ്രവേശിച്ച ബ്രിട്ടീഷ് പെട്രോളിയത്തിനും ഈ വിപണിയിലേക്ക് കടക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന അമേരിക്കന്‍ എണ്ണക്കമ്പനികള്‍ക്കും കമ്പോളത്തില്‍ ഇടം കിട്ടൂ. നേരിട്ടും അല്ലാതെയും നിയന്ത്രിക്കുന്ന ഇറാഖിലെയും ലിബിയയിലെയും എണ്ണയുത്പാദന ശാലകളെ പൂര്‍ണമായും ചൂഷണം ചെയ്ത് ലാഭം കൊയ്യണമെങ്കില്‍ ഇത്തരം കമ്പോള ഇടങ്ങള്‍ സൃഷ്ടിക്കപ്പെടണം.
വ്യൈുതിയോ എണ്ണയോ മാത്രമല്ല എതാണ്ടെല്ലാ വിഭവങ്ങളുടെയും സ്ഥിതി ഇതാണ്. ഇവയുടെ ഉത്പാദന, വിപണന മേഖലകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും ശ്രമിക്കുന്നു. ആധിപത്യം നേടിയെടുക്കുന്നതിന് പല വഴികളുണ്ട്. സാമ്പത്തികമായ അധിനിവേശത്തിന് ശ്രമിക്കുമ്പോള്‍ വഴങ്ങിക്കൊടുക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ കാര്യത്തില്‍ അത് ഏറെക്കുറെ എളുപ്പമാണ്, കാലം കുറച്ചേറെ വേണ്ടിവരുമെന്ന് മാത്രം. വിഭവങ്ങളുടെയും കമ്പോളത്തിന്റെയും ഉടസ്ഥാവകാശം നേടിയെടുത്ത് അധികാരിയാകാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് തിരിച്ചറിയുന്ന ജനവിഭാഗങ്ങള്‍ പ്രതിരോധിക്കും. അവരെ എതിരിടാന്‍ മറ്റ് മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടി വരും. പ്രഹര ശേഷി കൂടിയ മാരകായുധങ്ങള്‍ സമാഹരിച്ച ക്രൂരനായ ഭരണാധികാരിയെന്ന പ്രചാരണം ആരംഭിക്കുന്നത് അപ്പോഴാണ്. ഇന്ധന, മൂലക നിക്ഷേപങ്ങളാല്‍ സമ്പന്നമായ പ്രദേശങ്ങളില്‍ അധിവസിക്കുന്ന പ്രത്യേക മത വിഭാഗമാണ് അധിനിവേശ ശ്രമങ്ങളെ എതിര്‍ക്കുന്നതെങ്കില്‍ അവരെയാകെ ഭീകരവാദികളായി മുദ്രകുത്തും. മറ്റ് പ്രദേശങ്ങളില്‍ വംശീയ അക്രമങ്ങളോ ഇടത് തീവ്രവാദ ആക്രമണങ്ങളോ ഒക്കെ കാരണമാകും.
ഇത്തരം സംഗതികളെല്ലാം തൊണ്ടതൊടാതെ വിഴുങ്ങുകയും വായനക്കാരന്റെ/പ്രേക്ഷകന്റെ മുഖത്ത് ഛര്‍ദിക്കുകയുമാണ് മാധ്യമങ്ങളില്‍ വലിയൊരു വിഭാഗവും ചെയ്യുന്നത്. വ്യൈുതി നിരക്ക് സംബന്ധിച്ച വാര്‍ത്തയെ ഇവ്വിധത്തില്‍ അവതരിപ്പിക്കാന്‍ നിയുക്തനാകുന്ന മാധ്യമ പ്രവര്‍ത്തകന്‍ മാത്രമാണ് കാര്യങ്ങളുടെ സത്ത അറിയാതെ വിഴുങ്ങുന്നത്. വാര്‍ത്തയുടെ അവതരണം സംബന്ധിച്ച നിര്‍ദേശം നല്‍കുന്ന വ്യക്തിയും അതിന് മുകളിലുള്ളവരും കാര്യങ്ങള്‍ കുറേക്കൂടി അറിഞ്ഞിരിക്കും. ഒരു പക്ഷേ, അതിന്റെ സംസ്ഥാന പരിസരമെങ്കിലും. അതിനുമപ്പുറത്തുള്ള കാര്യങ്ങള്‍ അറിയുവന്നവരുമുണ്ടാകും. അറിഞ്ഞുകൊണ്ട് ഇത്തരമൊരു പ്രക്രിയയുടെ ഭാഗമാകുമ്പോഴാണ് അത് രാഷ്ട്രീയത്തിലെ ഇടപെടലാകുക. ചുരുക്കത്തില്‍ വ്യൈുതി നിരക്ക് സംബന്ധിച്ച വാര്‍ത്തയെ ഭരണകൂടത്തിന് വേണ്ടി വ്യാഖ്യാനിക്കുമ്പോള്‍ അധിനിവേശമെന്ന വിനാശ രാഷ്ട്രീയത്തിന്റെ വലിയ കുടക്ക് കീഴില്‍ സ്വന്തം ഇടപെടല്‍ ഭംഗിയായി നിറവേറ്റുകയാണ് ചെയ്യുന്നത്.
കമ്പോളാധിനിവേശത്തെ പിന്തുണക്കുന്നവര്‍ക്ക് അതിന്റെ തീവ്ര വലത് ആശയങ്ങളെക്കൂടി പ്രതിനിധാനം ചെയ്യേണ്ടിവരും. അതുകൊണ്ടാണ് കുറ്റവാളിയാണെന്ന് ഏതെങ്കിലുമൊരു കോടതി വിധിക്കുന്നതിന് മുമ്പ് അബ്ദുന്നാസര്‍ മഅ്ദനിയെ ഭീകരവാദിയായി ചിത്രീകരിക്കാന്‍ മത്സരിക്കുന്ന മാധ്യമങ്ങളില്‍ ചിലതെങ്കിലും മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെ ഹിന്ദുത്വ തീവ്ര/ഭീകര വാദിയായിരുന്നുവെന്ന് എഴുതാന്‍ മടിക്കുന്നത്. ഗോഡ്സെയും രാഷ്ട്രീയ സ്വയം സേവക് സംഘുമായുള്ള ബന്ധം മനഃപൂര്‍വം മറക്കുന്നത്. വര്‍ത്തമാനകാലത്തെ പ്രചാരണങ്ങള്‍ ഏറ്റെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് ചരിത്രത്തിലെ തിരുത്തുകളും. അതിലും മാധ്യമങ്ങള്‍ തങ്ങളുടെ പങ്ക് നിര്‍വഹിക്കുന്നുണ്ട്. ഗോഡ്സെയെക്കുറിച്ചുള്ള വിവരങ്ങള്‍ മറന്ന് പോകുന്നതും ബാബരി മസ്ജിദ് നിലനിന്ന സ്ഥലം ക്രമേണ തര്‍ക്ക പ്രദേശമായി മാറുന്നതും വെറുതെയല്ല. വംശഹത്യയുടെയും വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെയും സമകാലിക ചരിത്രം വികസനനായക വിശേഷണം കൊണ്ട് മായ്ക്കുന്നതും തിരുത്തലിലെ പങ്കു നിര്‍ഹവണമല്ലാതെ മറ്റൊന്നല്ല. ഈജിപ്തിന്റെ മുന്‍ ഭരണാധികാരി ഹുസ്നി മുബാറക്ക് അട്ടിമറി ശ്രമം തടയാന്‍ സൈന്യത്തെ ഉപയോഗിച്ച് എണ്ണൂറു പേരെ കൊലപ്പെടുത്തിയത് കൊടിയ പാപമായി ചിത്രീകരിക്കുന്നവര്‍ അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് ഇറാഖിനെ ആക്രമിച്ച് ലക്ഷത്തിലധികം പേരെ കൊലപ്പെടുത്തിയതിലെ നീതികേട് കാണാതിരിക്കുന്നതും തിരുത്തുകളുടെ ഭാഗമാണ്.
കഥകള്‍ ഖബറോളം യാത്ര ചെയ്യുന്നു
നിങ്ങളെന്തിനാണ് നിങ്ങളുടെ രചനയ്ക്ക് ‘കഥ’ എന്ന് പേരിടുന്നത് എന്ന് സുഹൃത്തുക്കളും ചില സാഹിത്യ ക്യാമ്പുകളിലെ വിദ്യാര്‍ത്ഥികളും ചോദിക്കാറുണ്ട്. ഇന്നുവരെ എനിക്ക് ശരിയായൊരുത്തരം കിട്ടിയിട്ടില്ല.
എന്താണ് കഥയെന്ന് കാര്യമായി ചിന്തിച്ചിട്ടുണ്ട്. ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ കഥ കഴിഞ്ഞു എന്നാണ് നമ്മള്‍ പറയുക. അതിന്റെ അര്‍ത്ഥം കഥ ജീവിതം തന്നെയാണ് എന്നാണ്.
ഒരു കഥ കേള്‍ക്കണോ എന്ന് ചോദിച്ചുകൊണ്ട് ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനോട് പറയുന്നത് പണ്ടു പണ്ടൊരു രാജാവുണ്ടായിരുന്നു എന്ന കഥയല്ല. നമ്മെ ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ കഥ എന്ന് പറഞ്ഞാല്‍ കാര്യമാണ്.
പത്രക്കാര്‍ നല്ല വാര്‍ത്ത കിട്ടിയാല്‍ അതിന് ‘സ്റ്റോറി’ എന്നാണ് പറയുക. ഇന്ന് നല്ല ഒരു ‘സ്റ്റോറി’യുണ്ട് എന്ന് പറഞ്ഞാല്‍ നല്ലൊരു കഥയുണ്ട് എന്നല്ല, നല്ലൊരു ആകര്‍ഷകമായ മറ്റാര്‍ക്കും കിട്ടാത്ത വാര്‍ത്തയുണ്ട് എന്നാണര്‍ത്ഥം. അവിടെയും കഥ കഥയല്ല.
ഒരു ‘കഥയുമില്ലാത്തവന്‍’ എന്ന് പറഞ്ഞാല്‍ ഒന്നിനും കൊള്ളാത്തവന്‍ എന്നാണര്‍ത്ഥം. അവിടെയും കഥയുള്ളവനേ വിലയുള്ളൂ.
ഇതില്‍ നിന്നൊക്കെ മനസ്സിലാവുന്നത് കഥ എന്നു പറയുന്നത് വെറും കഥയല്ലാത്തതൊക്കെ കഥയാണെന്നാണ്.
എന്തുകൊണ്ട് ചെറിയ കഥ ഞാനെഴുതുന്നു എന്ന് പലരും ചോദിക്കാറുണ്ട്. ചെറുതില്‍ ചെറുതായ കഥകളാണ് ഞാനേറെയും എഴുതിയിട്ടുള്ളത്. സാധാരണ സങ്കല്‍പത്തില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ചെറിയ നോവലുംമീസാന്‍ കല്ലുകളുടെ കാവല്‍.
ആദ്യ കഥയാണ് എന്നെ ഈ രംഗത്തേക്ക് കൊണ്ടുവന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്താണ് ‘വിസ’ എന്ന കഥയെഴുതിയത്. കഥ വന്നത് ചന്ദ്രിക ആഴ്ചപ്പതിപ്പില്‍. കഥ ഇതാണ്: പാറക്കടവിനടുത്തുള്ള ഒരു ഗ്രാമം. അവിടെ ഒരാള്‍ മരിക്കുന്നു. കള്ളിക്കുപ്പായമിട്ട നാട്ടുകാര്‍ മരിച്ച വീട്ടില്‍. പെര്‍ഫ്യൂമിന്റെ ഗന്ധം. റോത് മാന്‍സിന്റെ പുകച്ചുരുളുകള്‍. ഖുര്‍ആനിന്റെ ഈണം. മരണവീട്ടില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ ഗള്‍ഫു വിശേഷങ്ങള്‍ പറയുന്നു. അവിടെ പോസ്റ്റ്മേന്‍ അച്യുതന്‍ പ്രത്യക്ഷപ്പെടുന്നു. പെട്ടെന്ന് മയ്യത്ത് കട്ടിലില്‍ നിന്ന് മരിച്ചയാള്‍ ചാടിയെഴുന്നേറ്റ് ചോദിക്കുന്നു: ‘എന്റെ വിസയെത്തിയോ?’
കഥ ഇവിടെ അവസാനിക്കുന്നു. പക്ഷേ ഇതോടെ ബഹളത്തിന്റെ ഒരു തുടര്‍ക്കഥ തുടങ്ങുകയായിരുന്നു.
ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ ഞാനാ ഗ്രാമത്തിന്റെ പേര് പറഞ്ഞിരുന്നു. ഞാനാ ഗ്രാമത്തെ ആക്ഷേപിച്ചെന്ന് ചിലര്‍. അവിടെ കഥയ്ക്കെതിരെ ഒരു പ്രതിഷേധ യോഗം ചേര്‍ന്നു. അക്ഷരാര്‍ത്ഥത്തില്‍ അവിടെയുള്ളവര്‍ ഇളകിവശായി. പാറക്കടവങ്ങാടിയില്‍ നിന്ന് ആരോ ഭീഷണിയോടെ ചോദിക്കുന്നു.
‘നീയാണോ ആ കഥയെഴുതിയത്?’
ഭാഗ്യത്തിന് എന്റെ കൂടെയും കുറെ സുഹൃത്തുക്കളുണ്ടായിരുന്നു. കഥയെഴുതിയ കേസ് മധ്യസ്ഥത പറഞ്ഞ് ഒതുക്കി ചില പ്രമുഖര്‍.
കാലം കടന്നുപോയി. പിന്നീട് പ്രതിഷേധ യോഗം ചേര്‍ന്ന അതേ സ്കൂളില്‍ ഒരവാര്‍ഡ് ലഭിച്ചപ്പോള്‍ അനുമോദന യോഗം.
പത്തു പന്ത്രണ്ട് വരികള്‍ മാത്രമുള്ള ഒരു ചെറിയ കഥയ്ക്ക് ഇത്രയേറെ ആളുകളെ ഇളക്കിവിടാനായപ്പോള്‍, എന്റെ അബോധ മനസ്സില്‍ ഞാനറിയാതെ ആരോ കുറിച്ചിട്ടു:
ചെറിയ കഥയാണ് വലിയ കഥ.
അതുകൊണ്ടാണ് ഞാനിപ്പോഴും കുറുങ്കഥകളെഴുതിക്കൊണ്ടിരിക്കുന്നത്.
വലിയൊരു കൂട്ടുകുടുംബത്തിലായിരുന്നു എന്റെ കുട്ടിക്കാലം. ഒരുപാട് അംഗങ്ങളുള്ള, നരച്ചീറുകള്‍ പറക്കുന്ന ഇരുണ്ട അറകളൊക്കെയുള്ള വലിയ വീട്ടില്‍ ഏകാന്തത ചവച്ചായിരുന്നു എന്റെ കുട്ടിക്കാലം. വിശാലമായ പറമ്പുകളില്‍ അലഞ്ഞുതിരിഞ്ഞു പുല്‍ക്കൊടികളോടും കാട്ടുപൂക്കളോടും ഇടവഴികളിലെ പൊട്ടിവരുന്ന ഉറവകളോടും ഞാന്‍ ഒരുപാട് വര്‍ത്തമാനം പറഞ്ഞിട്ടുണ്ട്. തൊട്ടാവാടിയെ തൊടുമ്പോള്‍ വാടിപ്പോകാതെ പിടിച്ചുനിര്‍ത്താനാവുമോ എന്ന് പരീക്ഷിച്ചിട്ടുണ്ട്.
കുട്ടിക്കാലത്ത് തറവാട്ട് വീട്ടില്‍ നിന്ന് ഞാനൊരുപാട് കഥകള്‍ കേട്ടിട്ടുണ്ട്. കാഫിര്‍ ജിന്നിന്റെയും മുസ്ലിം ജിന്നിന്റെയും കഥകള്‍ മാത്രമല്ല അത്. കുട്ടിക്കാലത്ത് ഞാന്‍ കേട്ട കഥകളിലേറെയും ഞങ്ങളുടെ പൊന്നങ്കോട്ട് തറവാട്ടിലെ പഴയ കഥകള്‍. വലിയ ഖാളിയാര്‍ പ്രൗഢിയോടെ നോമ്പു തുറക്കാന്‍ വരുന്നത്. അന്നൊരിക്കല്‍ പൊന്നങ്കോട്ടെ ബഡാപ്പുറത്ത് ഉറങ്ങാന്‍ കിടന്നപ്പോള്‍ ഖാളിയാരോട് ഉപ്പയുടെ അമ്മാവന്‍ ഹസന്‍ അധികാരി ചോദിച്ചത്രെ: ആലിമുസ്ല്യാര്‍ നരിപ്പുറത്ത് സഞ്ചരിക്കും എന്ന് പറയുന്നത് നേരാണോ? ഖാളിയാര്‍ ഒന്നും പറഞ്ഞില്ല. രാത്രി ഉറങ്ങുമ്പോള്‍ ചോദ്യം ചോദിച്ച അധികാരിയുടെ കാലില്‍ നഖംകൊണ്ട് പതുക്കെ തലോടുംപോലെ. ഉറക്കം ഉണര്‍ന്ന അധികാരി കണ്ടത് രണ്ടു കാലുകള്‍ ഉയര്‍ത്തി നില്‍ക്കുന്ന നരിയെ. ആദ്യമായി ഞാന്‍ കേട്ട മാജിക്കല്‍ റിയലിസം. തറവാട്ടിലെ വലിയ വാതിലുകള്‍ അടച്ചു കിടന്നാല്‍ പുറത്ത് മെതിയടി ശബ്ദങ്ങള്‍ കേള്‍ക്കുമായിരുന്നത്രെ. നീണ്ടുനീണ്ടു പോകുന്ന വലിയ കോലായിലൂടെ മണ്‍മറഞ്ഞവര്‍ നടക്കുന്നത് അന്നൊക്കെ കേള്‍ക്കാമായിരുന്നു പോലും. മണ്‍മറഞ്ഞുപോയവരുടെ കാലൊച്ചകള്‍ക്ക് കാതോര്‍ത്ത് ഉറക്കം വരാതെ കിടന്ന ഒരു കുട്ടിക്കാലം.
എന്റെ കുട്ടിക്കാലത്ത് മനസ്സില്‍ പതിഞ്ഞ ചിത്രങ്ങളിലേറെയും ഭ്രാന്തന്മാരുടേതായിരുന്നു.
നെഞ്ച് തടവി എപ്പോഴും ‘ഉള്ളു കത്തുന്നു’ എന്നു പറയുന്ന ആമു.
മതിലുകളോടും ഗെയിറ്റുകളോടും റോഡിന്റെ ഭാഗത്ത് ഉയര്‍ന്നു നില്‍ക്കുന്ന തൊടികളോടുമൊക്കെ സംസാരിക്കുന്ന സ്വാമി.
കാണുന്നവരോടൊക്കെ അഞ്ചു പൈസ ചോദിക്കുന്ന അഞ്ചുപൈസ മൊയ്തു.
പള്ളിയുടെ മുകളില്‍ കയറി ഇടിമിന്നലിന്റെ സൗന്ദര്യം ആസ്വദിക്കുന്ന പക്കറന്‍.
അക്കാലത്തൊക്കെ നാട്ടിമ്പുറങ്ങളില്‍ സ്നേഹത്തോടെയും അനുകമ്പയോടെയും ആയിരുന്നു മനസ്സിന്റെ സമനില തെറ്റിയവരെ നോക്കിക്കണ്ടത്. അവരും സമൂഹത്തിന്റെ ഭാഗമായിരുന്നു.
പിന്നീട് വളര്‍ന്നപ്പോള്‍ സര്‍ഗാത്മകതയും ഉന്മാദവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയൊക്കെ ആലോചിച്ച കാലത്താണ് ‘ഭ്രാന്തിന്റെ മിന്നല്‍ വെളിച്ചങ്ങള്‍’ എന്ന കഥയെഴുതുന്നത്.
ഓര്‍മയില്‍ കഥയുമായി ബന്ധപ്പെട്ട് ഒരുപാടു കത്തുകളുടെ ഓര്‍മ.
എന്റെ ‘സദ്യ’യെന്ന കൊച്ചുകഥ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വന്നപ്പോള്‍ മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി മാഷ് എഴുതി: എന്തിന് മഹാഭാരതം? ഇതാണ് കഥ! ഏത് അവാര്‍ഡിനേക്കാളും എനിക്ക് വിലപ്പെട്ടതായിരുന്നു ഈ കത്ത്.
‘മൗനത്തിന്റെ നിലവിളി’ വായിച്ച് എനിക്ക് നിത്യചൈതന്യയതിയടക്കം ഒരുപാട് പേരുടെ കത്തുകള്‍ കിട്ടിയിട്ടുണ്ട്. ആ പുസ്തകത്തിന്റെ പരസ്യം കണ്ടിട്ട് മദ്രാസില്‍ നിന്ന് ഒരാള്‍ കത്തില്‍ ഇങ്ങനെ എഴുതി: എനിക്ക് പോസ്റ്റ് ഓഫീസില്‍ പോയി എം.ഒ. അയക്കാനുള്ള സാഹചര്യമില്ല. ഞാനിവിടെ ഒരു ഹോട്ടലില്‍ ബാര്‍വാലയായി ജോലി ചെയ്യുകയാണ്. കൂടെ അതിന്റെ അന്നത്തെ വിലയായ ഇരുപത് രൂപയും. 1993 ലാണിത്. ഞാനാ തുക ഷെല്‍വിക്ക് കൊടുത്തു പുസ്തകം അയപ്പിച്ചു. അവനാണ് പില്‍ക്കാലത്ത് നല്ല കഥകളെഴുതി പ്രശസ്തനായ അശ്റഫ് ആഡൂര്.
അതുപോലെ മറ്റൊരോര്‍മ. ആറാം ക്ലാസിലെ കുട്ടികള്‍ക്ക് എന്റെ ഒരു കഥവൃക്ഷവും കവിയുംപഠിക്കാനുണ്ടായിരുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും കുട്ടികളുടെയും വലിയവരുടെയും കത്തുകള്‍ എനിക്ക് ലഭിക്കാറുണ്ട്. പുസ്തകങ്ങള്‍ വായിച്ചും കഥകള്‍ വായിച്ചും പലരും എഴുതുന്നത് ഞാന്‍ നിധി പോലെ സൂക്ഷിക്കുന്നു.
പാലക്കാട് മാത്തൂരിലെ ആറാം ക്ലാസില്‍ പഠിക്കുന്ന (ഇപ്പോള്‍ അവര്‍ ഒമ്പതിലോ പത്തിലോ എത്തിയിരിക്കും) നന്ദകുമാര്‍. സി, സുജിത് എസ്, മിന്‍ഷ കെ, ശ്രുതി എന്‍, ജിജിഷ് ജെ, യദുകൃഷ്ണന്‍ ആര്‍, ബരീറ, ജിജുമോള്‍ ആര്‍ തുടങ്ങി ഒട്ടേറെ കുട്ടികള്‍ എനിക്കെഴുതാറുണ്ട്.
ആയിടെയാണ് പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് എന്റെ ചെറിയ കഥകളുടെ വലിയ സമാഹാരം പുറത്തിറക്കിയത്. ‘പി.കെ. പാറക്കടവിന്റെ കഥകള്‍’ക്ക് പൂര്‍ണ നല്ല പരസ്യവും കൊടുത്തു. ഈ പരസ്യം കണ്ടിട്ടാവാം ചെങ്ങണിയൂര്‍ എ.യു.പി.എസ്സിലെ 6 എഫ് ഡിവിഷനിലെ വിദ്യാര്‍ത്ഥികള്‍ എനിക്ക് ഒരു കവറില്‍ അഞ്ചിന്റെയും പത്തിന്റെയും അടക്കമുള്ള മുഷിഞ്ഞ നോട്ടുകള്‍250 രൂപ അയച്ചുതന്നു. അവര്‍ക്ക് ‘പി.കെ. പാറക്കടവിന്റെ കഥകള്‍’ എന്ന പുസ്തകം വേണം.
കുട്ടികള്‍ എഴുതി ഒപ്പിട്ട കത്തിനോടനുബന്ധിച്ച് അവരുടെ സ്കൂളിലെ അധ്യാപകനും പ്രശസ്ത കഥാകൃത്തുമായ സി. ഗണേഷ് എഴുതിയ കത്ത് എന്റെ കണ്ണുകള്‍ നനയിച്ചു. ഏത് വലിയ പുരസ്കാരത്തെക്കാളും വലിയ പുരസ്കാരമാണ് ചെങ്ങണയൂരിലെ കുട്ടികളുടെ ഈ മുഷിഞ്ഞ നോട്ടുകള്‍ എന്ന് ഞാന്‍ അറിയുന്നു.
സി. ഗണേഷിന്റെ കത്ത്:
പ്രിയ പാറക്കടവ്,
അന്ന് താങ്കളെഴുതിയ കത്ത് കുട്ടികള്‍ ആത്മഹര്‍ഷത്തോടെ സ്വീകരിച്ചു. താങ്കളുടെ പുസ്തകം വാങ്ങാനായി അവര്‍ തന്നെ മുന്‍കൈയെടുത്ത് പണം പിരിച്ചിരിക്കുന്നു. എല്ലാം കഴിഞ്ഞാണ് ഞാനറിയുന്നത്. കര്‍ഷകത്തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും മക്കളാണ് എല്ലാവരും. ഇടാന്‍ ഒരേയൊരു ഷര്‍ട്ട്/പാവാട മാത്രം ഉള്ളവര്‍. ഇടയ്ക്ക് ആബ്സന്‍റ് ആയാല്‍ കാരണം ചോദിച്ചാല്‍ പറയും, ‘തുണി ഉണങ്ങിയില്ല സര്‍’. അവര്‍ പിരിച്ച തുക അയയ്ക്കുന്നു. നിഷ്കളങ്കമായ അക്ഷര സ്നേഹം തന്നെയാണ് അവരെ ഇതിന് പ്രേരിപ്പിച്ചിരിക്കുന്നത്. കഥ പറഞ്ഞു കൊടുക്കാന്‍ മുത്തശ്ശിയോ മുത്തശ്ശനോ ഇല്ലാത്ത കാലത്തെ കുട്ടികള്‍ സ്വയം മറികടക്കുന്നതിന്റെയും പ്രതിരോധിക്കുന്നതിന്റെയും ഉദാഹരണമാണിത്. മാത്തൂരിന്റെ കൃഷിമണമുള്ള ഈ നോട്ടുകള്‍ താങ്കള്‍ ജീവിതത്തിലൊരിക്കലും മറക്കില്ലെന്ന് കരുതുന്നു. നോബല്‍/ഓസ്കാര്‍/ജ്ഞാനപീഠ സമ്മാനങ്ങള്‍ക്കും അപ്പുറമാണിത്. ഈ കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഒമ്പത് രൂപ ഫീസടക്കാന്‍ പറ്റാതെ ഈ സ്കൂളിലെ പത്തോളം വിദ്യാര്‍ത്ഥികള്‍ പഠിപ്പു നിര്‍ത്താന്‍ തയ്യാറാണെന്ന് പറഞ്ഞിരിക്കുന്നു.
സാമ്പത്തികമായും സാമൂഹികമായും ദുരിതം പിടിച്ച നാട്ടില്‍ നിന്നുള്ള ഈ വിദ്യാര്‍ത്ഥികളുടെ ദൃഢ നിശ്ചയത്തിന് മുന്നില്‍ എഴുത്തുകാര്‍ ശരിക്കും ശിരസ്സ് നമിക്കണമെന്ന് തോന്നുന്നു.
ചെങ്ങണിയൂര്‍ എ.യു.പി.സ്കൂളിലെ പ്രിയപ്പെട്ട കുട്ടികളേ, ഞാന്‍ നിങ്ങളുടെ മുന്നില്‍ തല കുനിക്കുന്നു.
തിരിഞ്ഞു നോക്കുമ്പോള്‍ തോന്നിയിട്ടുണ്ട്.
പൊള്ളുന്ന വര്‍ത്തമാനകാലം മാത്രമല്ല, കഥകള്‍ എനിക്ക് നല്‍കിയത്.
ഉമ്മയുടെ കോന്തലയില്‍ നിന്ന്, മഞ്ഞുതുള്ളികള്‍ തൂങ്ങിനില്‍ക്കുന്ന പുല്‍ക്കൊടിയില്‍ നിന്ന്, ഇടവഴികളിലെ പൊട്ടിയൊഴുകുന്ന ഉറവകളില്‍ നിന്ന്, നടന്ന പാതകളില്‍ നിന്ന് ഒക്കെ കഥകള്‍ എനിക്ക് കിട്ടിയിട്ടുണ്ട്.
അടുത്ത് പുറത്തിറങ്ങിയ ചെറുതില്‍ ചെറുതായ എന്റെ ‘മീസാന്‍ കല്ലുകളുടെ കാവല്‍’ എന്ന നോവലില്‍ സുല്‍ത്താന്‍ എന്ന കഥാപാത്രം പറയുന്നുണ്ട്. ‘ഒരാളുടെ കുട്ടിക്കാലമാണ് അവന്‍. കുട്ടിക്കാലത്തെ കഥകള്‍ ഖബറോളം യാത്ര ചെയ്യും.’
രാജീവ് ശങ്കരന്‍
You must be logged in to post a comment Login