SHELTER രിസാലയുടെ കൈത്താങ്ങ്

ഇവള്‍ സാജിദാ മര്‍യം

എന്ന പത്താംതരക്കാരി

ഇന്ന് നവംബര്‍ ഒന്ന്, മാസത്തിന്റെ തുടക്കം… ഈ ദിവസത്തിലാണ് എന്റെ ജീവിതത്തില്‍ കരിപറ്റിത്തുടങ്ങിയത്. വളരെ അപ്രതീക്ഷിതമായാണത് സംഭവിച്ചത് – എനിക്ക് ചെറിയൊരു പനിയേ ഉണ്ടായിരുന്നുള്ളൂ…. രക്തം ടെസ്റ് ചെയ്യാന്‍ പറഞ്ഞു. എനിക്ക് പേടിയുണ്ടായിരുന്നു. എങ്കിലും ഞാന്‍ രക്തം ടെസ്റ് ചെയ്തു…. റിസല്‍ട്ട് കാത്തിരുന്നു… ഞങ്ങളെ ഉള്ളിലേക്ക് വിളിച്ചു… ‘അത് പോരാ, ഒന്നുകൂടി ടെസ്റ് ചെയ്യണം…’ രക്തമെടുക്കുന്നതിനുള്ള ശ്രമം പരാജയമായിരുന്നു… വീണ്ടും ശ്രമിച്ചു. അതും വിഫലമായി. അവരെന്റെ മുഖത്തേക്ക് നിസ്സഹായമായി നോക്കി… സാരമില്ലെന്ന മട്ടില്‍ ഞാന്‍ ചിരിച്ചു…. പക്ഷേ, ഞാന്‍ കാര്യമൊന്നും അറിഞ്ഞില്ല. അവിടുത്തെ ചേച്ചിമാര്‍ വലിയ തമാശക്കാരായിരുന്നു. അവരെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു… പെട്ടെന്ന് ചേച്ചി ആര്‍ക്കോ ഫോണ്‍ ചെയ്യുന്നതു കേട്ട് ഞാന്‍ ഞെട്ടി. “സര്‍, ഒരു പേഷ്യന്റിന്റെ രക്തമെടുത്തിട്ട് അതില്‍ ആര്‍ബിസിയും ഡബ്ള്യുബിസിയും ഒന്നും വരുന്നില്ല. ഇനി എന്താണ് ചെയ്യേണ്ടത്?” – ബയോളജി പാഠങ്ങള്‍ തലയിലൂടെ മിന്നി… അരുണ രക്താണു, ശ്വേത രക്താണു, പ്ളേറ്റ്ലറ്റുകള്‍… അവയുടെ ചുരുക്കപ്പേര് ആര്‍ബിസി, ഡബ്ള്യുബിസി…. എന്നിങ്ങനെ.
എന്നിട്ടവരെന്നെ ഒരു ഡോക്ടറുടെ അടുത്തുകൂടി കൊണ്ടുപോയി. ഉപ്പയോട് ‘കുട്ടിയുടെ ബാപ്പയാണോ’ എന്നും ചോദിച്ചു. എന്നിട്ട് ഉപ്പയെയും കൂട്ടി അകത്തേക്ക് പോയി. പുറത്ത് ഞാന്‍ തനിച്ചായി. എനിക്ക് പേടി തോന്നി. ഏതോ ഒരു സ്ത്രീ വന്ന് എന്റെ പേരും വീടുമൊക്കെ ചോദിച്ച് എഴുതിയെടുത്തു. അതോടെ എനിക്ക് കൂടുതല്‍ പേടിയായി. പിന്നെ ഡോക്ടര്‍ എന്നെ വിളിച്ചു : “പേടിക്കാനില്ല, ചെറിയൊരു അസുഖമാ…” അയാളുടെ കണ്ണടച്ചില്ലിലൂടെ ദയനീയതയുടെ കണ്ണുകള്‍ എന്നെ നോക്കുന്നതായി തോന്നി… ഉപ്പയുടെ മുഖം വിവര്‍ണ്ണമായിരുന്നു….

 

ഇവള്‍ സാജിദാ മര്‍യം എന്ന പത്താംതരക്കാരി. പാറിനടക്കുന്ന പ്രായത്തില്‍ ആശുപത്രികളുടെ മടുപ്പിക്കുന്ന ഏകാന്തതകളിലേക്കും, കീമോ, റേഡിയേഷന്‍ രക്തപരിശോധനകളുടെ കുടിലമായ പീഡനങ്ങളിലേക്കും എടുത്തെറിയപ്പെടുന്ന അനേകം കുട്ടികളില്‍ ഒരുവള്‍. ആകസ്മികമായി മുന്നിലെത്തിയ സന്ദിഗ്ധതയുടെ മുന്നില്‍, വേദനകളെ മൂടിവെക്കാന്‍ വേണ്ടി കടലാസു കഷ്ണങ്ങളെയും പേനയെയും ആശ്രയിക്കുകയായിരുന്നു സാജിദ. അവളുടെ പിഞ്ഞിയ നോട്ടുപുസ്തകത്തില്‍ നിന്ന് മുറിച്ചെടുത്ത വരികളാണ് മേല്‍ പകര്‍ത്തിയത്. തടങ്കല്‍ പാളയങ്ങളും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളും കീമോതെറാപ്പികളും മനുഷ്യന്റെ ആത്മബോധത്തോട് ചെയ്യുന്നതെന്താണെന്ന ചോദ്യം ജീവിതത്തെപ്പോലെ തന്നെ ഒരു പ്രഹേളികയായി നിലനില്‍ക്കും. പെട്ടെന്നൊരുനാള്‍ ഒഴുക്ക് തടസ്സപ്പെട്ട് ജീവിതം വഴിമാറിയൊഴുകുകയും അപരിചിതമായ ദേശാന്തരങ്ങള്‍ താണ്ടുകയും ചെയ്യേണ്ടിവരുമ്പോള്‍ ഒരുള്‍ക്കിടിലത്തോടെ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യന്റെ ആകാംക്ഷകളും വേദനകളും സന്ദേഹങ്ങളും ഉത്കണ്ഠകളും അവള്‍ അവിടവിടെ കുറിച്ചിട്ടിരുന്നു. താന്‍ മാത്രം ഒരുവശത്തും ബാക്കിയെല്ലാവരും മറുപുറത്തും നില്‍ക്കുന്ന അവസ്ഥയോടുള്ള അവരുടെ പ്രതികരണങ്ങളാണതില്‍.
നീണ്ട യാതനകളിലൂടെ കടന്നുപോയ ചികിത്സ വേണ്ടത്ര ഫലം കാണാതെവന്നപ്പോഴാണ്, മജ്ജമാറ്റിവെക്കല്‍ ചികിത്സക്കായി അവളെ തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററിലേക്കയച്ചിരിക്കുന്നത്. മദ്രസാധ്യാപകനായ പിതാവിന്റെ തുച്ഛമായ വരുമാനത്തില്‍ രണ്ട് ജ്യേഷ്ഠത്തിമാരെ കെട്ടിച്ചയച്ചു. മൂന്നാങ്ങളമാരെ പഠിക്കാനയച്ചു. ഇളയവളായ തന്റെ ഊഴം ക്ളാസ്മുറികള്‍ക്കും ആശുപത്രിക്കുമിടയില്‍ പങ്കുവച്ച് തീരുന്നു. അതിനിടയില്‍ മജ്ജമാറ്റിവെക്കല്‍ ചികിത്സയുടെ ചെലവുകള്‍ (ഏതാണ്ട് പത്ത്ലക്ഷം രൂപ) ആ കുടുംബത്തിന് താങ്ങാവുന്നതല്ല. അതുകൊണ്ടാണ് അവളുടെ അയല്‍പക്കം ഉള്ളുണര്‍ന്ന് ജാഗ്രമായത്. നമുക്കെല്ലാവര്‍ക്കും വേണ്ടത് ദുനിയാവില്‍ ആരുടെയൊക്കെയോ കയ്യില്‍ അല്ലാഹു ഏല്‍പിച്ചിരിക്കുന്നുവെന്ന തിരിച്ചറിവില്‍ നാട്ടുകാര്‍ സാജിദയെ ആര്‍സിസിയില്‍ എത്തിച്ചു. അവളുടെ ഓഹരി അല്ലാഹു നമ്മളില്‍ നിക്ഷേപിച്ചുവച്ചതിലാണ് നാട്ടുകാരുടെയും കുടുംബത്തിന്റെയും പ്രതീക്ഷ.
‘ഒരു കെട്ടിടത്തിന്റെ ഇഷ്ടികകള്‍ അന്യോന്യമെന്ന പോലെ, പരസ്പരം നിങ്ങള്‍ ബലപ്പെടുത്തണം, ഒരവയവത്തിന് മുറിഞ്ഞാല്‍ പനിച്ചും ഉറക്കമൊഴിച്ചും കാത്തിരിക്കുന്ന ശരീരം പോലെ നിങ്ങള്‍ പരസ്പരം കരുതലുള്ളവരാകണം’ – മദീന പള്ളിയിലിരുന്നുകൊണ്ട് റസൂല്‍ (സ) വിശ്വാസികളുടെ സമൂഹത്തോട് ഓര്‍മിപ്പിച്ചത് കാലത്തില്‍ എന്നെന്നേക്കുമായി നാമത് ചുമന്നു കൊണ്ടുപോകുവാനായിരുന്നല്ലോ.

You must be logged in to post a comment Login