നരോദപാട്ടിയ വേറെ ചിലത് ഓര്‍മിപ്പിക്കുന്നു; 1984ലെ സിഖ് വംശഹത്യയില്‍ ഇതുവരെ ആരെയും ശിക്ഷിച്ചിട്ടില്ല എന്നത്. ആസാമില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി അധികാരത്തിലിരുന്നിട്ടും ന്യൂനപക്ഷങ്ങള്‍ക്ക് നീതി കിട്ടിയില്ല എന്നത്. വ•രങ്ങള്‍ വീഴുമ്പോള്‍ പുല്‍ക്കൊടികള്‍ നശിക്കുമെന്ന് മുമ്പ് രാജീവ് ഗാന്ധി നരേന്ദ്രമോഡിയുടെ അതേ അര്‍ത്ഥത്തില്‍ പറഞ്ഞത്… രാജീവ് ശങ്കരന്‍
“അദ്ദേഹം (എ ബി വാജ്പയ്) കാര്യക്ഷമമായി ഒന്നും ചെയ്തില്ല. ഞാന്‍ കത്തുകള്‍ നല്‍കി. നേരിട്ട് സംസാരിക്കുകയും ചെയ്തു. അക്രമം അടിച്ചമര്‍ത്താന്‍ സൈന്യത്തെ അയക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സൈന്യത്തെ അയക്കാനുള്ള ഭരണഘടനാ പരമായ ഉത്തരവാദിത്വവും അധികാരവും കേന്ദ്ര സര്‍ക്കാറിനുണ്ട്. സൈന്യത്തെ അയച്ചു. പക്ഷേ, അക്രമത്തിന്റെ ആസൂത്രകര്‍ക്കു നേര്‍ക്ക് വെടിയുതിര്‍ക്കാനുള്ള അധികാരം സൈന്യത്തിന് നല്‍കിയില്ല. അങ്ങനെ നല്‍കിയിരുന്നുവെങ്കില്‍ കൂട്ടക്കുരുതികള്‍ ആവര്‍ത്തിക്കില്ലായിരുന്നു. എന്നാല്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ സൈന്യത്തിന് വേണ്ടത്ര അധികാരം നല്‍കിയില്ല” – 2002ല്‍ ഗുജറാത്തില്‍ വംശഹത്യ അരങ്ങേറുമ്പോള്‍ രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്‍ രാഷ്ട്രപതിഭവന്റെ പടിയിറങ്ങി അല്‍പകാലത്തിനു ശേഷം നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണ് ഇത്. ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപ്പിടിച്ച് 58 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഭൂരിപക്ഷ സമുദായത്തിനുള്ളിലുണ്ടായ രോഷത്തിന്റെ സ്വാഭാവിക പ്രതിഫലനമെന്നോണം ആരംഭിച്ച അക്രമങ്ങളെ സുസംഘടിതമായ വംശഹത്യയിലേക്ക് എത്തിച്ചതിനു പിറകിലെ വിശാലമായ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു നാരായണന്റെ വാക്കുകള്‍.
സബര്‍മതി എക്സ്പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപിടിച്ച് മരിച്ചവരൊക്കെ അയോധ്യയില്‍ നിന്ന് മടങ്ങിയ കര്‍സേവകരാണെന്ന് പ്രചരിപ്പിച്ച്, അവരുടെ കരിഞ്ഞ ശരീരങ്ങള്‍ അഹമ്മദാബാദില്‍ കൊണ്ടുവന്ന് പൊതുദര്‍ശനത്തിന് വച്ച്, വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദിന് ഭരണകൂടത്തിന്റെ എല്ലാ പിന്തുണയും ഉറപ്പാക്കി. അക്രമത്തിനിറങ്ങുന്നവര്‍ക്ക് എല്ലാ പിന്തുണയുമുറപ്പാക്കാന്‍ വിധത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ ശട്ടം കെട്ടി. ആ പിന്തുണയെ ഭൂരിപക്ഷ സമുദായത്തിന്റെ രോഷമൊഴുകിപ്പോകാനുള്ള അവസരമുറപ്പാക്കലെന്ന സിദ്ധാന്തത്തിന്റെ മേമ്പൊടി നല്‍കി നരേന്ദ്ര മോഡിയെന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം സൃഷ്ടിച്ചെടുത്ത, ഇന്ത്യന്‍ യൂനിയന്‍ കണ്ട ഏറ്റവും കൊടിയ വംശഹത്യക്കു പിറകിലെ വലിയ ഗൂഢാലോചനയെക്കുറിച്ചാണ് നാരായണന്‍ സൂചിപ്പിച്ചത്.
പക്ഷേ, ഇത്തരം ഗൂഢാലോചനകളെ നിരാകരിക്കുന്നതായിരുന്നു വംശഹത്യാ കേസുകളില്‍ ഗുജറാത്ത് പോലീസ് നടത്തിയ അന്വേഷണം. കോടതി നടപടികള്‍ പോലും അട്ടിമറിക്കപ്പെട്ടു. ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ ഒക്കെ സാക്ഷികളെക്കൊണ്ട് മൊഴിമാറ്റിക്കുന്നത് പകല്‍ പോലെ വ്യക്തമായിട്ടും നീതിന്യായ സംവിധാനം ഇടപെടാതെ മാറി നിന്നു. അന്വേഷണവും വിചാരണയുമൊക്കെ അട്ടിമറിക്കപ്പെടുന്നത് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പോലും ഏറ്റവുമൊടുവില്‍ ഉന്നത തല ഗൂഢാലോചനയില്ലെന്ന നിഗമനമാണ് അവതരിപ്പിച്ചത്.
ഇതേ പ്രത്യേക സംഘം അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ പൂര്‍ത്തിയാക്കിയ നാലു കേസുകളുടെ സ്ഥിതിവിവരക്കണക്ക് പരിശോധിക്കാം. അക്രമികളെ ഭയന്ന് ഒരു കെട്ടിടത്തില്‍ ഒളിച്ചവരെ വളഞ്ഞ് തീ കൊളുത്തിയപ്പോള്‍ സര്‍ദാര്‍പുരയില്‍ പൊലിഞ്ഞത് 33 ജീവന്‍. ഈ കേസില്‍ 31 പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിചാരണക്കോടതി വിധിച്ചു. പക്ഷേ, ഈ ആക്രമണം ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്ന് തെളിയിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സാധിച്ചില്ലെന്നായിരുന്നു വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ആരോപണ വിധേയരായവരിലെ സംഘ് പരിവാര്‍ നേതാക്കളൊക്കെ കുറ്റവിമുക്തരാക്കപ്പെട്ടു. ഭൂരിപക്ഷ സമുദായാംഗങ്ങളുടെ രോഷം പൊടുന്നനെ കുത്തിയൊലിച്ചപ്പോഴുണ്ടായ ആഘാതം മാത്രമായി സര്‍ദാര്‍പുര. ആനന്ദ് ജില്ലയിലെ ഓഡെ ഗ്രാമത്തില്‍ 23 പേരെ തീവച്ച് കൊന്ന കേസിലും വിസ്നഗര്‍ പട്ടണത്തിലെ ദൂപ്ദര്‍വാജയില്‍ 11 പേര്‍ കൊല ചെയ്യപ്പെട്ട കേസിലും വിധി വന്നു. ഏതാനും പേര്‍ ശിക്ഷിക്കപ്പെട്ടുവെങ്കിലും ഗൂഢാലോചന തെളിയിക്കപ്പെട്ടില്ല. ആരോപണവിധേയരിലെ പ്രമുഖരുടെ കാര്യത്തില്‍ തെളിവുകളൊന്നുമില്ലെന്ന് കോടതി വിധിച്ചു. ബില്‍ക്കിസ് ബാനു, ബെസ്റ് ബേക്കറി കേസുകളിലും വിധി വന്നുവെങ്കിലും ഗൂഢാലോചനയെന്ന ആരോപണം തെളിയിക്കപ്പെട്ടില്ല.
നരോദപാട്ടിയ കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ അതിവേഗ കോടതിയുടെ വിധി പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. നരേന്ദ്ര മോഡി മന്ത്രിസഭയില്‍ അംഗമായിരുന്ന, നരോദയെ നിയമസഭയില്‍ പ്രതിനിധാനം ചെയ്യുന്ന മായ കൊദ്നാനിയും ബജ്റംഗ്ദള്‍ നേതാവ് ബാബു ബജ്രംഗിയും കൂട്ടക്കുരുതിയുടെ ആസൂത്രണത്തിലും അതിന്റെ നടപ്പാക്കലിലും പങ്കാളികളാണെന്ന് വിധിയില്‍ വ്യക്തമായി പറയുന്നു. ഭൂരിപക്ഷ സമുദായത്തിന്റെ രോഷം അണപൊട്ടിയപ്പോള്‍ സംഭവിച്ച കൈത്തെറ്റല്ല, മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളില്‍ വര്‍ഗീയ വികാരം വളര്‍ത്തുകയും വികാരാവേശിതരായവര്‍ക്ക് ആയുധങ്ങള്‍ നല്‍കുകയും ചെയ്ത് നടപ്പാക്കിയ ഒന്നാണ് നരോദ പാട്ടിയയിലുണ്ടായത് എന്ന് കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ഗൈനക്കോളജി പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറാണ് മായ കൊദ്നാനി. അതായത് ജനനങ്ങളില്‍ അതി സന്തോഷമുണ്ടാകുന്നയാള്‍. അത്തരത്തിലൊരാള്‍ കൂട്ടക്കുരുതിക്ക് കളമൊരുക്കണമെങ്കില്‍ എത്രത്തോളം മലീമസമായിട്ടുണ്ടാകണം മനസ്സ്? എത്രകാലത്തെ പ്രചാരണത്തിന്റെ സ്വാധീനമാകും മനസ്സിനെ ഇത്രത്തോളം വിഷമയമാക്കിയിട്ടുണ്ടാകുക? ഗൂഢാലോചന നടത്തിയെന്നതു മാത്രമല്ല, കുരുതിക്കളത്തില്‍ നേരിട്ടെത്തി നേതൃത്വം നല്‍കുകയും ചെയ്തു മായ കൊദ്നാനി. ഉയര്‍ന്ന നേതാക്കളുടെ പ്രേരണയും പ്രോത്സാഹനവും സംരക്ഷണ വാഗ്ദാനവുമില്ലാതെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ നിയമസഭാംഗമായ ഒരാള്‍ തയ്യാറാകുമോ? സ്ത്രീയുടെ വയറുപിളര്‍ന്ന് ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്ത് കത്തിച്ചുവെന്ന് ഒളി ക്യാമറക്കു മുന്നില്‍ പറഞ്ഞ ബാബു ബജ്രംഗി, തനിക്ക് ഒളിവില്‍ പാര്‍ക്കാന്‍ ഇടമൊരുക്കിയത് മോഡി ഭായിയാണെന്ന് പറയുമ്പോള്‍ സംരക്ഷണം വാഗ്ദാനത്തിലൊതുങ്ങിയില്ലെന്ന് മനസ്സിലാക്കണം. മായ കൊദ്നാനിയെ 2007ല്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നരേന്ദ്ര മോഡി തീരുമാനിച്ചത്, ഇംഗിതം ശിരസ്സാവഹിച്ചതിനുള്ള അംഗീകാരമായി വേണം കരുതാന്‍.
നേരത്തെ ഉന്നയിച്ച ചോദ്യങ്ങളുടെയെല്ലാം ഉത്തരം എല്ലാവര്‍ക്കുമറിയാം. പക്ഷേ, അതേക്കുറിച്ച് അന്വേഷിക്കാനോ തെളിവ് ശേഖരിക്കാനോ അന്വേഷണ ഏജന്‍സികള്‍ തയ്യാറായില്ല. അത്തരമൊരു അന്വേഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ഗുജറാത്തിലെ ന്യായാസനങ്ങള്‍ക്ക് ഇത്രയും കാലം ബോധ്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ബില്‍ക്കിസ് ബാനു കേസും ബെസ്റ് ബേക്കറി കേസുമൊക്കെ ഗുജറാത്തിനു പുറത്ത് വിചാരണ ചെയ്യേണ്ടിവന്നത്. ഗുജറാത്തില്‍ വിചാരണ നടത്തിയാല്‍ നീതി നടപ്പാകില്ലെന്ന വാദം അംഗീകരിച്ച് ഈ കേസുകള്‍ മഹാരാഷ്ട്രയിലേക്ക് സുപ്രീം കോടതി മാറ്റിയപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടത് ഗുജറാത്തിലെ നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയാണ്. വംശഹത്യാ കേസുകളില്‍ തെളിവില്ലെന്ന കാരണത്താല്‍ ആരോപണ വിധേയരെ കൂട്ടത്തോടെ വിട്ടയക്കുമ്പോള്‍ സംസ്ഥാന പോലീസിന്റെ കാര്യക്ഷമതയില്‍ യാതൊരു സംശയവും പ്രകടിപ്പിച്ചിരുന്നില്ല അവിടുത്തെ കോടതികള്‍. സാക്ഷികള്‍, എന്തിന് അക്രമത്തിന്റെ ഇരകള്‍ പോലും കൂറുമാറുമ്പോള്‍ അതിന്റെ കാരണത്തെക്കുറിച്ച് ഒരിക്കല്‍പോലും ചിന്തിച്ചതുമില്ല. അങ്ങനെ കളഞ്ഞുകുളിച്ച വിശ്വാസ്യത ഗുജറാത്തിലെ നീതിന്യായ സംവിധാനം തിരിച്ചെടുക്കുകയാണ് എന്നു വേണം നരോദപാട്ടിയയിലെ വിധിയില്‍ നിന്ന് മനസ്സിലാക്കാന്‍. മാനവികതക്കെതിരായ കുറ്റങ്ങള്‍ ചെയ്ത, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെങ്കിലും വധശിക്ഷയുടെ സാധുതയെക്കുറിച്ച് ആഗോള തലത്തില്‍ വിചിന്തനങ്ങള്‍ നടക്കുന്നതിനാല്‍ അത് വിധിക്കുന്നില്ല എന്ന് പ്രത്യേക കോടതി ജഡ്ജി ജ്യോത്സന യാഗ്നിക്ക് പറയുമ്പോള്‍ നിഷ്ഠൂരതയുടെ ആഴത്തെ രാജ്യത്തിന് മനസ്സിലാക്കിക്കൊടുക്കുന്നുമുണ്ട്.
ഇക്കാര്യങ്ങള്‍ ഏറെക്കുറെ ബോധ്യപ്പെട്ടതുകൊണ്ടാണ് രാജ്യത്തെ പരമോന്നത നീതിപീഠം നരോദ പാട്ടിയ അടക്കം ഒമ്പത് കേസുകളുടെ അന്വേഷണം സി ബി ഐ മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറിയത്; വംശഹത്യയില്‍ നരേന്ദ്ര മോഡിയുള്‍പ്പെടെ അറുപതോളം ഉന്നതര്‍ക്ക് പങ്കുണ്ടെന്ന സാകിയ ജഫ്രിയുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് നിര്‍ദേശം നല്‍കിയതും. ആസൂത്രണത്തിന്റെ ഇടച്ചേരിക്കാരെ (മായ കൊദ്നാനി, ജയന്ത് പട്ടേല്‍, ബാബു ബജ്രംഗി തുടങ്ങിയവര്‍) കുറ്റപത്രത്തിലുള്‍പ്പെടുത്തിയ രാഘവന്‍ സമിതി അതിന് മുകളിലേക്ക് പോകാന്‍ മടി കാണിച്ചു. വംശഹത്യയിലെ നരേന്ദ്ര മോഡിയുടെ പങ്കിന് തെളിവില്ലെന്ന നിഗമനത്തില്‍ (സാകിയ ജഫ്രിയുടെ പരാതി അന്വേഷിച്ച് തയ്യാറാക്കി സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍) സംഘം എത്തിയത് അതുകൊണ്ടാകണം. നരോദ പാട്ടിയ കേസില്‍ മായ കൊദ്നാനിക്കെതിരായ തെളിവുകളില്‍ പ്രധാനം അവരുടെ ടെലിഫോണ്‍ സംഭാഷണത്തിന്റെ രേഖകളായിരുന്നു. കൂട്ടക്കുരുതി നടക്കുന്ന സമയത്ത് അക്രമികളുമായി ഇവര്‍ സംസാരിച്ചിരുന്നുവെന്ന് രേഖകള്‍ ബോധ്യപ്പെടുത്തി. അക്രമം നടക്കുമ്പോള്‍ ഇവരെവിടെയൊക്കെയായിരുന്നുവെന്നതിനും ഇത് തെളിവായി. ഈ സമയങ്ങളില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി ഇവര്‍ ടെലിഫോണില്‍ സംസാരിച്ചതായി രേഖകളുണ്ടെന്ന് ആരോപണമുണ്ട്. അതേക്കുറിച്ച് പ്രത്യേക സംഘം അന്വേഷിച്ചോ എന്നത് വ്യക്തമല്ല.
ഗുജറാത്ത് വംശഹത്യയുടെ സമയത്ത് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങളടങ്ങുന്ന കോംപാക്ട് ഡിസ്ക് (സി ഡി) തര്‍ക്ക വിഷയമായിട്ട് വര്‍ഷങ്ങളായി. ആ സി ഡിയുടെ അസ്സല്‍ കാണാതായതിനെച്ചൊല്ലി രാഹുല്‍ ശര്‍മ എന്ന ഐ പി എസ് ഉദ്യോഗസ്ഥനെതിരെ കേസും നടക്കുന്നു. ഇതേ രാഹുല്‍ ശര്‍മ തന്നെയാണ് ടെലിഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ച് സി ഡിയിലാക്കിയത്. അത് അന്വേഷണത്തിനു വേണ്ടി ക്രൈം ബ്രാഞ്ച് വാങ്ങുകയും പിന്നീട് കാണാതാകുകയും ചെയ്തുവെന്നാണ് കേസ്. എന്തായാലും ഈ സി ഡിയിലെ വിവരങ്ങളെക്കുറിച്ച് രാഘവന്‍ കമ്മിറ്റി അന്വേഷിച്ചതായി അറിവില്ല. കൂട്ടക്കുരുതി നടപ്പാക്കിയവരും അതിന്റെ ആസൂത്രകരും അവര്‍ക്ക് സര്‍വ സ്വാതന്ത്യ്രം നല്‍കിയ രാഷ്ട്രീയ നേതാക്കളും തമ്മില്‍ ഫോണില്‍ സംസാരിച്ചതിന്റെ തെളിവ് (വംശഹത്യ അരങ്ങേറുന്ന സമയത്ത് തന്നെ സംസാരിച്ചത്) സി ഡിയിലുണ്ടെന്നാണ് ആരോപണം. മോഡിയെന്ന ‘വിരാട് പുരുഷ’നെ രാഘവന്‍ കമ്മിറ്റി തെല്ലൊന്നു ഭയന്നുവെന്ന് കരുതുക. അതുകൊണ്ട് മോഡിയുടെയോ മന്ത്രിസഭയിലെ ഇതര അംഗങ്ങളുടെയോ സംഘ് പരിവാറിന്റെ ഉന്നത നേതാക്കളുടെയോ പങ്കിന്റെ തെളിവ് തേടിയില്ലെന്നും വിശ്വസിക്കുക. അക്രമം തടയുക എന്നത് ജോലിയായിട്ടുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അക്രമികള്‍ക്ക് ഒത്താശ നല്‍കിയതിന് ടെലിഫോണ്‍ രേഖ തെളിവാണെന്ന വാദം അന്വേഷിക്കാമായിരുന്നല്ലോ! അങ്ങനെ അന്വേഷിച്ചിരുന്നുവെങ്കില്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി ശിപാര്‍ശ ചെയ്ത് രാഘവന്‍ കമ്മിറ്റി കൈകഴുകുമായിരുന്നില്ലല്ലോ! നേരത്തെ മുതല്‍ ഉന്നയിക്കപ്പെട്ടിരുന്ന ഇത്തരം സന്ദേഹങ്ങളെ കൂടുതല്‍ ആധികാരികതയോടെ മുന്നോട്ടുവെക്കാന്‍ നരോദ പാട്ടിയയിലെ വിധി സഹായകമാകുന്നുണ്ട്. പുതിയ കേസുകള്‍ പരിഗണിക്കപ്പെടുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നുവരുമെന്ന് ചുരുക്കം. വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ സംഘ്പരിവാറിന്റെ സൈദ്ധാന്തികനെ കാണിച്ച് അഭിപ്രായമറിഞ്ഞ ശേഷമാണ് ഗുജറാത്ത് സര്‍ക്കാറിന്റെ മറുപടി അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ തയ്യാറാക്കിയിരുന്നത് എന്ന് ആക്ഷേപമുണ്ട്. ഇതിന് തെളിവായി ഹാക്ക് ചെയ്ത ഇ – മെയില്‍ സന്ദേശങ്ങള്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ഹാജരാക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഇത്തരം സംഗതികളെല്ലാം നീതിന്യായ സംവിധാനത്തിന്റെ പരിഗണനയില്‍ വന്നേക്കാം. നാരായണന്‍ സൂചിപ്പിച്ച വലിയ ഗൂഢാലോചന പുറത്തുവരുമെന്ന് പ്രതീക്ഷിക്കുകയുമാകാം.
എങ്കിലും നീതി പൂര്‍ണമായും നിഷേധിക്കപ്പെടുമെന്ന ആശങ്ക ചെറിയ തോതില്‍ ഇല്ലാതാക്കുക മാത്രമേ നരോദപാട്ടിയ കേസിലെ വിധി ചെയ്യുന്നുള്ളൂ. നരോദയില്‍ കൊല്ലപ്പെട്ടത് 97 പേരാണെന്നത് ഔദ്യോഗിക കണക്ക് മാത്രമാണ്. അതിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്കുകളിലുള്ളത്. മൃതദേഹം കൂട്ടത്തോടെ മറവ് ചെയ്തുവെന്ന ആരോപണവും നിലനില്‍ക്കുന്നു. ഇതിന്റെ സത്യാവസ്ഥ പുറത്തുവന്നിട്ടില്ല. കാണാതായവരെ കണ്ടെത്തിയിട്ടുമില്ല. ജീവനോടെ ശേഷിക്കുന്ന ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരമോ പുനരധിവാസമോ ഇനിയും അകലെ. വലിയ പ്രതീക്ഷകളുണ്ടെങ്കിലും നീതി എന്നതിന് മുന്നിലെ ചോദ്യചിഹ്നത്തിന്റെ വലുപ്പം കുറയാതെ തുടരുമെന്ന് ചുരുക്കം.
പ്രതീക്ഷകളുടെ അടിസ്ഥാനം ഈ വിധികള്‍ ഉത്പാദിപ്പിക്കുന്ന സാമൂഹിക ആഘാതവും അതിന്റെ രാഷ്ട്രീയ പ്രതിഫലനവും കൂടിയാണ്. ഏകാധിപതിക്കു മുന്നില്‍ പഞ്ചപുച്ഛമടക്കി നിന്നിരുന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ സത്യങ്ങള്‍ വിളിച്ചു പറയാന്‍ തയ്യാറായത്, കല്‍പാന്തകാലം വരെ അധികാരത്തിന് പുറത്തായിരിക്കുമെന്ന് വിശ്വസിച്ച് പിന്നാക്കം നിന്നിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ജീവന്റെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയത്, ബി ജെ പിയില്‍ തന്നെ ശക്തമായ വിമത ശബ്ദം ഉയര്‍ന്നുവന്നത് എന്നിങ്ങനെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കെ നരേന്ദ്ര മോഡിക്ക് വെല്ലുവിളികള്‍ ഏറെയാണ്. കൂട്ടക്കുരുതിക്ക് സംഘ്പരിവാരത്തിന്റെ കൈയാളായി നിന്നുപോയ ദളിത്/ഗോത്ര വിഭാഗങ്ങളില്‍പ്പെട്ടവരാണ് ഇപ്പോള്‍ ശിക്ഷിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും. കൊല്ലാനും ശിക്ഷ ഏറ്റുവാങ്ങാനുമുള്ള ഉപകരണങ്ങള്‍ മാത്രമായിരുന്നു തങ്ങളെന്ന് തിരിച്ചറിയുന്ന ആ സമുദായങ്ങള്‍ സംഘ് പരിവാറിനെയും അതിന്റെ മോഡി അടക്കമുള്ള നേതാക്കളെയും തള്ളിപ്പറയാന്‍ തുടങ്ങിയിരിക്കുന്നു. നേരത്തെ ഉയര്‍ന്ന വെല്ലുവിളികളെക്കാള്‍ വലുതാകും നരേന്ദ്ര മോഡിക്കിത്; പ്രത്യേകിച്ച് പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം ലക്ഷ്യമിട്ട് സദ്ഭാവനാ ദൌത്യം നടത്തുന്ന കാലത്ത്.
സംഘ്പരിവാറിനും നരേന്ദ്ര മോഡിക്കും ഗുജറാത്തിനുമപ്പുറം വംശഹത്യാ കേസിലെ വിധി മറ്റ് ചിലത് ഓര്‍മിപ്പിക്കുന്നു. 1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷം അരങ്ങേറിയ സിഖ് വംശഹത്യയില്‍ ഇതുവരെ ഒരു കേസില്‍പോലും ആരെയും ശിക്ഷിച്ചിട്ടില്ല എന്നത്. അസമില്‍ കുടിയേറ്റക്കാരെന്നോ അനധികൃത നുഴഞ്ഞുകയറ്റക്കാരെന്നോ ആരോപിച്ച് സംഘടിത ശക്തി ന്യൂനപക്ഷ വിഭാഗത്തെ അടിച്ചോടിക്കുകയോ ഉന്‍മൂലനം ചെയ്യുകയോ ചെയ്ത കേസുകളില്‍ (കോണ്‍ഗ്രസ് തുടര്‍ച്ചയായി ഭരണത്തിലാണിവിടെ) നീതി നടപ്പായിട്ടില്ല എന്നത്. വന്‍മരങ്ങള്‍ വീഴുമ്പോള്‍ പുല്‍ക്കൊടികളും ചെടികളുമൊക്കെ നശിക്കുന്നത് സ്വാഭാവികമെന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി പറഞ്ഞതിന് സമാനമാണ് ഭൂരിപക്ഷ സമുദായത്തിന്റെ രോഷം ഒലിച്ചുപോകാന്‍ അവസരമൊരുക്കണമെന്ന് നരേന്ദ്ര മോഡി പറഞ്ഞത് എന്നത്…
You must be logged in to post a comment Login