പള്ളികള്‍ വിശ്വാസികളോട് പറയുന്നത്


ഡോ. അബ്ദുല്‍ ഹകീം അസ്ഹരി

മുമ്പുകാലത്ത്, നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ വെള്ളിയാഴ്ച രാവിലെ കുളിച്ചു മാറ്റി പള്ളികളിലെത്തുന്ന സാധാരണക്കാരായ ആളുകളെ ധാരാളം കാണുമായിരുന്നു. പള്ളിക്കും ജുമുഅ നിസ്കാരത്തിനും അതിന്റേതായ പവിത്രത കല്‍പിച്ചിരുന്നു അവര്‍. ഇന്ന്, ചിലര്‍ നേരത്തെ വരും. ചിലര്‍ വൈകി വരും.
വിശ്വാസികളെ സംബന്ധിച്ച് നാലു ഭാഗത്തും ചുമരുകളുള്ള കേവലമൊരു കെട്ടിടമല്ല പള്ളി. അതിലുപരി മറ്റെന്തൊക്കെയോ ആണ്. വിവിധ ദേശങ്ങളിലെ പള്ളികളുടെ വൈവിധ്യങ്ങള്‍ അറിയുമ്പോഴാണ് അവ വിശ്വാസികളുടെ ആത്മീയ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് മനസ്സിലാവുക.
മുമ്പുകാലത്ത്, നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ വെള്ളിയാഴ്ച രാവിലെ കുളിച്ചു മാറ്റി പള്ളികളിലെത്തുന്ന സാധാരണക്കാരായ ആളുകളെ ധാരാളം കാണുമായിരുന്നു. പള്ളിക്കും ജുമുഅ നിസ്കാരത്തിനും അതിന്റേതായ പവിത്രത കല്‍പിച്ചിരുന്നു അവര്‍. ഇന്ന്, ചിലര്‍ നേരത്തെ വരും. ചിലര്‍ വൈകി വരും.
വിദേശത്താണെങ്കില്‍, വിശ്വാസികള്‍ക്ക് നിസ്കാരം പള്ളിയില്‍ നിന്നു തന്നെ നിര്‍വഹിക്കണം എന്ന നിര്‍ബന്ധ ബുദ്ധിയുണ്ട്. അവിടെ പരമാവധി ആളുകളും ജമാഅത്തായി നിസ്കരിക്കും. ജോലിക്കു പോയതാണെങ്കിലും മറ്റു തിരക്കുകള്‍ ഉണ്ടെങ്കില്‍ കൂടിയും എല്ലാ വഖ്തും ജമാഅത്തായി പള്ളിയില്‍ വെച്ച് നിസ്കരിക്കാന്‍ അവര്‍ ശ്രദ്ധിക്കും. വീല്‍ ചെയറില്‍ പോലും പള്ളിയില്‍ നിസ്കരിക്കാന്‍ വരുന്നവരുണ്ട്. അതേ സമയം നമ്മുടെ നാട്ടില്‍ ചെറിയ ഒരു ക്ഷീണം ഉണ്ടായാല്‍ ആളുകള്‍ പള്ളിയില്‍ പോവില്ല. തൊണ്ണൂറു വയസ്സ് കഴിഞ്ഞ അറബികള്‍ സ്ഥിരമായി പള്ളിയില്‍ ജമാഅത്തിന് വരുന്നത് കണ്ടിട്ടുണ്ട്. യാത്രയിലാണെങ്കില്‍ നിസ്കാര സമയം ആയാല്‍ പള്ളിയുടെ അടുത്ത് വാഹനം നിര്‍ത്തും. അവിടുന്ന് നിസ്കരിക്കും.
വിദേശ പള്ളികള്‍ പലതിലും ശീതീകരണികള്‍ ഉണ്ടാവും. അത് ഓരോ സ്ഥലത്തെയും കാലാവസ്ഥക്കനുസരിച്ചിരിക്കും. പള്ളിയുടെ തലയെടുപ്പ് എല്ലാ ദേശത്തെയും ജനങ്ങളുടെ ആഗ്രഹമാണ്. ഇസ്ലാം അനുശാസിക്കുന്നതും അങ്ങനെതന്നെയാണ്. സാമ്പത്തികാഭിവൃദ്ധിയുണ്ടാവുമ്പോള്‍ വീടൊന്ന് പുതുക്കും പോലെ ഓരോ നാട്ടിലും ജനങ്ങള്‍ പള്ളിയും പുതുക്കും. ശീതീകരണികളൊക്കെ അതിന്റെ ഭാഗമായി വരുന്നതാണ്. പക്ഷേ ഒരു പ്രശ്നമുണ്ട്. എ സിയുള്ള പള്ളികള്‍ക്ക് സാധാരണ പള്ളികളില്‍ ഉള്ളതു പോലെ ഇരുവശവും വാതില്‍ ഉണ്ടാവില്ല. മുന്‍ ഭാഗത്ത് മാത്രമേ ഡോര്‍ ഉണ്ടാവൂ. അത് ക്ളോസിംഗ് ഡോര്‍ ആയിരിക്കും. ഇങ്ങനെയാവുമ്പോള്‍ നിസ്കാരം കഴിഞ്ഞ് വേഗം പോവേണ്ടവര്‍ക്ക് പിന്നില്‍ നിന്നു നിസ്കരിക്കുന്നവര്‍ ഒരു ബുദ്ധിമുട്ടായി വരും.
വിദേശ പള്ളികള്‍ക്ക് മേല്‍തട്ട് കാണില്ല. ഇപ്പോള്‍ ഭൂമി കുറഞ്ഞതിനാല്‍ മസ്ജിദിനു മുകളില്‍ രണ്ടും മൂന്നും തട്ടുകള്‍ ഉണ്ടാവാന്‍ തുടങ്ങിയിട്ടുണ്ട്. മിമ്പര്‍ ഒരുപാട് പരിഷ്കരിച്ചു പോയി. ഖത്വീബ് ഖിബ്ലക്കു തിരിഞ്ഞു മിമ്പറില്‍ കയറണമെന്നാണ് വിധി. പണ്ടൊക്കെ അങ്ങനെയായിരുന്നു. പില്‍ക്കാലത്ത് മിമ്പര്‍ ഉയര്‍ന്നിരുന്നാല്‍ മതിയെന്നായി. അങ്ങനെ ചില ഖതീബുമാര്‍ സൈഡില്‍ നിന്നും പിന്നില്‍ നിന്നുമൊക്കെ കയറിത്തുടങ്ങി. അതുകൂടാതെ മിഹ്റാബിന്റെ മുന്നില്‍ ഒരു മറ ഉണ്ടായിരിക്കണമെന്നത് നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കുന്നില്ല. വിദേശ പള്ളികളില്‍ മിമ്പര്‍ ഒരാള്‍ മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയില്‍ സൌകര്യാര്‍ത്ഥം ഉയരത്തിലും ഭംഗിയിലും നിര്‍മിച്ചതായിരിക്കും. പ്രസംഗാവശ്യത്തിന് അവിടെ മറ്റു സംവിധാനങ്ങള്‍ ഉണ്ടാവും.
വിദേശത്തെ ഒട്ടുമിക്ക പള്ളികളിലും ഖുലഫാഉറാശിദുകളായ നാല് ഇമാമുമാരുടെ പേരെഴുതിയിരിക്കുന്നത് കാണാം. സുന്നത്ത് ജമാഅത്തിന്റെ പള്ളിയാണ് എന്നാണതിന്റെ സൂചന.
കേരളത്തിലെ പഴയകാല പള്ളികള്‍ക്ക് നാലുഭാഗത്തും ചെരുവുകള്‍ ഉണ്ടായിരുന്നു. ചില പൌരാണിക മസ്ജിദുകളില്‍ ഇന്നും അത് കാണാന്‍ സാധിക്കും. വിശ്രമത്തിനും മറ്റു പൊതുകാര്യങ്ങള്‍ക്കും വേണ്ടിയാണ് ഇത്തരം ചെരുവുകള്‍ പണി കഴിപ്പിച്ചിരിക്കുന്നത്. മീറ്റിംഗുകളും പ്രശ്നപരിഹാരങ്ങളുമെല്ലാം ഇവിടെയാണ് നടക്കുക. ഇനി പള്ളിച്ചുമരുകളില്‍ എന്തെങ്കിലും മാലിന്യമായാല്‍ അത് പള്ളിയിലാവാതെ കാക്കുന്നത് ഈ ചെരുവ് ചുമരുകളായിരിക്കും. പല വിദേശ പള്ളികളിലും ജനങ്ങളുടെ സാമൂഹ്യ കാര്യങ്ങള്‍ക്കായി സംവിധാനങ്ങളുണ്ട്.
ചെരുപ്പുകള്‍ വെക്കാന്‍ പ്രത്യേകം റാക്കുകള്‍ ഉണ്ടാവും. വാങ്ക് വിളിക്കാനായി പ്രത്യേകം തറകള്‍ ഉണ്ടാവും. അവിടെ വച്ചാണ് വിദേശ പള്ളികളിലെ മുഅദ്ദിനുകള്‍ വാങ്ക് വിളിക്കുന്നത്. പള്ളിക്കകത്തു വച്ചല്ല വാങ്ക് വിളിക്കേണ്ടത്. പുറത്തുവച്ചാണ്. മുമ്പ് കേരളത്തിലെ പള്ളികളിലും പള്ളിക്ക് പുറത്തു വെച്ചായിരുന്നു വാങ്ക് വിളിച്ചിരുന്നത്. പിന്നീട് മൈക്ക് സിസ്റം വന്നു. അതോടെ മുഅദ്ദിന്‍ പള്ളിയില്‍ നിന്ന് വാങ്കിനായി പുറത്തു കടക്കാതായി. ഉത്തരേന്ത്യയില്‍ വാങ്ക് പള്ളിക്കു പുറത്തായിരിക്കണം എന്ന നിഷ്കര്‍ഷ തന്നെയുണ്ട്. വെള്ളിയാഴ്ച ഖുതുബക്കു തൊട്ടുമുമ്പ് വിളിക്കുന്ന വാങ്ക് ഖതീബിന് അഭിമുഖമായിട്ടായിരിക്കണമെന്നാണെങ്കില്‍ പോലും അത് പുറത്തു നിന്ന് ഖതീബിന് അഭിമുഖമായി നിന്ന് വിളിക്കുകയാണ് ചെയ്യുക. മക്കയിലും മദീനയിലുമൊക്കെ വാങ്ക് വിളിക്കുന്നത് ഇപ്പോഴും പള്ളിക്ക് പുറത്തു വച്ചാണ്.
മതപഠനം നടക്കുന്ന ധാരാളം വിദേശ പള്ളികളുണ്ട്. ഈജിപ്തിലെ ‘ജാമിഅത്തു അസ്ഹര്‍’ മുമ്പ് ‘ജാമിഅ അസ്ഹര്‍’ ആയിരുന്നു. മസ്ജിദില്‍ വച്ചു തന്നെയായിരുന്നു അന്ന് അല്‍-അസ്ഹറിലെ ദീനീപഠനം. ഇസ്ലാമിക വൈജ്ഞാനിക പാരമ്പര്യം നിലനിന്നതും വളര്‍ന്നുവന്നതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളിലൂടെയാണ്.
ഓരോ രാജ്യത്തെയും പള്ളികള്‍ ആ രാജ്യത്തെ സംസ്കാരത്തോടും ജനങ്ങളുടെ ജീവിത രീതിയോടും ഏറെ ബന്ധമുള്ളവയായിരിക്കും. അതുകൊണ്ടാണ് ഒരു വിശ്വാസിക്ക് തന്റെ സ്വന്തം നാട്ടിലെ പള്ളിയില്‍ പോവുന്നത് സന്തോഷകരമായ അനുഭവമായിരുന്നത്. വിദേശ പള്ളികളില്‍ നിന്ന് ഇന്ത്യയിലെ പള്ളി സംസ്കാരത്തിലേക്ക് വരുമ്പോഴും ഇത് ശരിയാണ്. ഇന്ത്യയിലെ പള്ളികളുടെ നിര്‍മാണം, പള്ളിയിലെ ആചാരാനുഷ്ഠാനങ്ങള്‍, വൈവിധ്യങ്ങള്‍ തുടങ്ങിയവ ഇന്ത്യയിലെ ജനങ്ങളോടും സംസ്കാരത്തോടും താദാത്മ്യമുള്ളവയാണ്.
ഉത്തരേന്ത്യയിലെ പള്ളികളില്‍ നിരവധി വൈവിധ്യങ്ങള്‍ കാണാം. ഒട്ടുമിക്ക പള്ളികളിലും മൂന്നു ഭാഗം ചുമരുള്ള ഒരു അകംപള്ളിയും മേല്‍ക്കൂരയോ ചുമരുകളോ ഇല്ലാത്ത ഒരു പുറം പള്ളിയുമുണ്ടാകും. നാല്‍പത് ശതമാനം അകംപള്ളിയും അറുപത് ശതമാനം പുറംപള്ളിയുമായിരിക്കും. ഡല്‍ഹി ജുമാമസ്ജിദ് ഇതിന് നല്ലൊരുദാഹരണമാണ്. കൊടും ചൂടും നല്ല ശൈത്യവുമൊക്കെയുള്ള ഉത്തരേന്ത്യയിലെ കാലാവസ്ഥ പരിഗണിച്ചാണ് ഇത്തരമൊരു നിര്‍മാണരീതി രൂപപ്പെട്ടത്. മയ്യിത്ത് നിസ്കാരം പള്ളിയുടെ ഉള്ളില്‍ വച്ച് നിസ്കരിക്കാറില്ല. പുറംഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് മയ്യിത്ത് നിസ്കാരം നടക്കുക. പഴയകാല പള്ളികള്‍ ‘ഖാന്‍ഖാഹു’കള്‍ കൂടിയാണ്. അവിടെ വാരാന്ത ദിക്റുകളും ആത്മീയ സദസ്സുകളും ചേരും. ഇതിനോടനുബന്ധിച്ച് ഹുജ്റകള്‍ എന്ന പേരില്‍ പ്രത്യേക റൂമുകള്‍ ഉണ്ടാവും. മുതഅല്ലിമുകള്‍ക്ക് താമസിച്ചു പഠിക്കാനുള്ളതാണ് ഇത്തരം ഹുജ്റകള്‍. അതുകൂടാതെ യാത്രക്കാര്‍ക്കും മറ്റുമുള്ള ഭക്ഷണ സൌകര്യവും ഇത്തരം ഖാന്‍ഖാഹുകളിലുണ്ടാവും. ലംഗര്‍ഖാന എന്നാണിതിന് പറയുക. ലംഗര്‍ ഖാനകളിലേക്ക് ആളുകള്‍ ഭക്ഷണം നേര്‍ച്ചയാക്കും. അതവിടെയെത്തുന്നവര്‍ക്ക് കഴിക്കാനുള്ളതാണ്. അജ്മീര്‍ ശരീഫിലും ഡല്‍ഹിയിലെ മെഹ്റോളിയിലും നിസാമുദ്ദീന്‍ ദര്‍ഗയിലും മറ്റു പഴയ മസ്ജിദുകളിലും ഈ രീതിയുണ്ട്. ഉഷ്ണ നാടുകളില്‍ ളുഹ്ര്‍ നിസ്കാരത്തിന്റെ സമയം മധ്യാഹ്നം കഴിഞ്ഞ് കുറെ കഴിഞ്ഞിട്ടായിരിക്കും. ശൈത്യകാലത്താണെങ്കില്‍ വുളൂഅ് എടുക്കാന്‍ എല്ലാ പള്ളികളിലും ചുടുവെള്ളമുണ്ടാകും. ഗ്രാമപ്രദേശങ്ങളില്‍ നമ്മുടെ നാട്ടിലെ പോലെ മഹല്ല് സംവിധാനമുണ്ടാവാറുണ്ട്. നഗരങ്ങളിലെ പള്ളികളില്‍ വിവിധ നാട്ടുകാരായ ആളുകളോ ഗോത്രങ്ങളോ പ്രത്യേക ജന സമൂഹങ്ങളോ നടത്തുന്ന പരിപാലന കമ്മിറ്റിയുണ്ടാകും. മേമ്മന്‍ ജമാഅത്ത്, മലയാളികളുടെ പള്ളികള്‍, ഹൈദരാബാദികളുടെ പള്ളികള്‍ എന്നിങ്ങനെ ഓരോ നഗരത്തിലും കുടിയേറിയ ആളുകളുടെ കൂട്ടായ്മ നടത്തുന്ന പള്ളികളാണവ. നഗരങ്ങളില്‍ വിവിധ നാടുകളില്‍ നിന്ന് കുടിയേറി വന്ന് സ്ഥിരതാമസമാക്കിയവരാണുണ്ടാവുക. അപ്പോള്‍ ഒരേ സ്വഭാവവും സംസ്കാരവുമുള്ള ആളുകള്‍ അവരുടേതായ പള്ളിയുണ്ടാക്കി ആരാധനകളും മറ്റ് ആത്മീയ കാര്യങ്ങളുമൊക്കെ ആ പള്ളി കേന്ദ്രീകരിച്ച് നടത്തും. കൊങ്കണ്‍ ഏരിയകളില്‍ പണ്ടുകാലത്ത് കേരളത്തിലുള്ളതു പോലെ ഓടുമേഞ്ഞ പള്ളികള്‍ കാണാമായിരുന്നു. ഇസ്ലാമിക ചിഹ്നങ്ങളോട് പ്രകടമായ ബഹുമാനം കാത്തുസൂക്ഷിക്കുന്നവരാണ് ഉത്തരേന്ത്യന്‍ മസ്ജിദുകളിലെത്തുന്ന വിശ്വാസികള്‍. ഖിബ്ലക്കു നേരെ കാല്‍ നീട്ടരുത് എന്ന വിഷയത്തില്‍ കര്‍ക്കശ സ്വഭാവം കാണുന്നുണ്ട്.
ഫോട്ടോകളും കലണ്ടറുകളും ഖിബ്ലയുടെ ഭാഗത്തെ ചുമരില്‍ തൂക്കിയിടുന്നത് കേരളത്തിനു പുറത്തെ പള്ളികളില്‍ കാണുന്നുണ്ട്. അത് ഒഴിവാക്കേണ്ടതാണ്. നിസ്കരിക്കുന്നവരുടെ ശ്രദ്ധ തെറ്റിക്കാനും ആശയക്കുഴപ്പം ഉണ്ടാവാനും അത് കാരണമാകും. പള്ളികളുടെ വരാന്തകളില്‍ നടക്കുന്ന പഠനമാണ് അവിടുത്തെ മദ്രസാ പഠനം. അതില്‍ ഖുര്‍ആന്‍ ഓതാനുള്ള പ്രാഥമിക പരിശീലനം കിട്ടും. ഖുര്‍ആന്‍ ഓത്ത് ഒരുവിധം മെച്ചപ്പെട്ടാല്‍ മദ്രസാ പഠനം അവസാനിക്കുന്ന അവസ്ഥയാണ് ഉള്ളത്. ചുരുക്കം ചില പള്ളികളില്‍ മൂന്നോ നാലോ വര്‍ഷം നീണ്ടു നില്‍ക്കുന്ന മദ്രസാ പഠനമുണ്ടാകും. അവിടെ ഖുര്‍ആന്‍ പഠനത്തോടൊപ്പം അഖീദയും ഫിഖ്ഹുമെല്ലാം അടങ്ങുന്ന ഒരു പുസ്തകം പഠിപ്പിക്കുകയും ചെയ്യാറുണ്ട്.
സുന്നത്ത് ജമാഅത്തിന്റെ പള്ളികളിലെല്ലാം ‘സ്വലാത്ത്-ഒ-സലാം’ ഉറക്കെ ചൊല്ലും. ചിലയിടങ്ങളില്‍ സുബ്ഹിക്കു ശേഷം ചൊല്ലും; മറ്റു ചില സ്ഥലങ്ങളില്‍ മഗ്രിബിനു ശേഷവും. ജുമുഅക്കു ശേഷം ഒട്ടുമിക്ക പള്ളികളിലും തിരുനബിയെ പ്രകീര്‍ത്തിക്കുന്ന ‘സ്വലാത്ത്-ഒ-സലാം’ ഉണ്ടാവും.
മുസ്ലിംകളുടെ പൊതു ആഘോഷങ്ങളൊക്കെ പള്ളികള്‍ കേന്ദ്രീകരിച്ചു തന്നെയാണ് നടക്കുന്നത്. പഴയകാലത്തെ മുതവല്ലി സിസ്റമാണ് ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലെയും മസ്ജിദുകളിലുള്ളത്. മഹല്ല്സിസ്റമുള്ള പള്ളികളുമുണ്ട്. കുടുംബ മഹിമയുടെയും ഗോത്രമഹിമയുടെയും അടിസ്ഥാനത്തിലുള്ള ഒരു നേതൃത്വമാണ് പള്ളിഭരണം നടത്തുന്നത്. സമൂഹത്തിലെ ഉയര്‍ന്ന വിഭാഗം താഴെ തട്ടിലുള്ളവരെ പൂര്‍ണമായും അവഗണിക്കുന്ന ഒരു ദുരവസ്ഥ പലയിടങ്ങളിലും കാണാന്‍ കഴിയും. ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ക്കിടയില്‍ വ്യാപകമായി കാണുന്ന ജാതിക്ക് പ്രാധാന്യം കൊടുക്കുന്ന സാമൂഹിക സംവിധാനം എത്രമാത്രം ഗുണകരമാണ് എന്നത് പരിശോധിക്കേണ്ടതാണ്. താഴ്ന്ന വിഭാഗം ജനങ്ങള്‍ക്ക് ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെടാന്‍ ഈ സാമൂഹികാവസ്ഥ കാരണമാവുന്നുണ്ട്. സ്വന്തം ജാതിയിലെ ആളുകളെ മാത്രം സഹായിക്കുകയും അവരോട് മാത്രം സഹകരിക്കുകയും ചെയ്യുന്നത് തീര്‍ത്തും നിരുത്സാഹപ്പെടുത്തേണ്ടതാണ്. അതേസമയം മറ്റ് ആചാരാനുഷ്ഠാനങ്ങളിലോ കര്‍മങ്ങളിലോ ഒന്നും ഈ ജാതീയതയില്ല. ഇത്തരം ഉച്ഛ നീചത്വങ്ങള്‍ക്കെതിരെ ശക്തമായ ബോധവത്കരണവും കാമ്പയിനും നടത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പള്ളി പരിപാലനം ശരിയായ ദിശയിലാവൂ.
ഉത്തരേന്ത്യയില്‍ പള്ളി നിര്‍മാണത്തിന് പൊതുവെ അവിടുത്തെ പൌരാണിക രീതിയാണ് സ്വീകരിച്ചു വരുന്നത്. ഈ നിര്‍മാണ രീതിയില്‍ ഇരുഭാഗത്തു മാത്രമുള്ള ചുമരുകളും വാതിലില്ലാത്ത അവസ്ഥയുമൊക്കെയായി നിരവധി പ്രശ്നങ്ങളുണ്ട്. പള്ളിയിലെ സുരക്ഷിതത്വത്തിനും അച്ചടക്കത്തിനും യോജിച്ച നിര്‍മാണ രീതിയല്ല അത്. മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ കീഴില്‍ ഉത്തരേന്ത്യയില്‍ പണി കഴിപ്പിച്ച നൂറുകണക്കിന് പള്ളികള്‍ കേരള മാതൃകയില്‍ നിര്‍മിച്ചവയാണ്. ഇത് പള്ളിനിര്‍മാണത്തിനു തന്നെ പുതിയ രൂപവും ഭാവവും പകര്‍ന്നു നല്‍കിയിട്ടുണ്ട്. പുതിയ കാലത്ത് വരുന്ന പള്ളികളൊക്കെയും ഈ മാതൃക പിന്തുടരുന്നുണ്ട്.

You must be logged in to post a comment Login