ഇഖ്ബാല്‍; രാജ്യസ്നേഹിയും മനുഷ്യ സ്നേഹിയും

ഡോ. ഹുസൈന്‍ രണ്ടത്താണി

‘സാരേ ജഹാന്‍ സെ അച്ചാ ഹിന്ദുസ്ഥാന്‍ ഹമാരാ’ എന്നു തുടങ്ങുന്ന തരാനായേ ഹിന്ദ് രചിച്ച ്ഇന്ത്യന്‍ ജനസഞ്ചയത്തെ ദേശസ്നേഹത്തിന്റെ മാസ്മരികതയില്‍ തളച്ചിട്ട മഹാ കവിയാണ് അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍. അപ്പം തിന്നാല്‍ പോരേ, കുഴിയെണ്ണണോ എന്ന് ചോദിച്ചതു പോലെ കവിതയുടെ സാരം ഗ്രഹിച്ചാല്‍ പോരേ, കവിയുടെ മതവും നിറവും നോക്കണോ?
ഇന്ത്യയുടെ ദേശീയ ഗാനമായി ബംഗാളി ഭാഷയിലുള്ള ‘ജനഗണ മന’ തിരഞ്ഞെടുത്തതിന്റെ ഔചിത്യം എന്താണെന്ന് ഹിന്ദി ബെല്‍ട്ടിലുള്ള പലരും ചോദ്യം ഉന്നയിച്ചിരുന്നു. ദേശീയ ഗാനമായി അംഗീകരിച്ചതോടെ അതിന്റെ കുറവുകളെന്തായാലും രാജ്യം അത് അംഗീകരിച്ചു കൊടുത്തു. 1911ല്‍ ഇംഗ്ളണ്ടിലെ രാജാവ് ജോര്‍ജ് അഞ്ചാമന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് നല്കിയ സ്വീകരണ വേളയില്‍ പാടിയതാണ് ജനഗണമന. ഇത് ദൈവത്തെ സ്തുതിച്ചു കൊണ്ട് എഴുതിയതാണെന്നും ജോര്‍ജ് രാജാവ് വന്നപ്പോള്‍ അദ്ദേഹത്തിന് സമര്‍പ്പിച്ചതാണെന്നുമൊക്കെ പലരും പലതും പറയുന്നുണ്ട്. ദൈവത്തെയും ജോര്‍ജ് തിരുമനസ്സിനെയും ഒരു പോലെ ദര്‍ശിച്ചത് അന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെയും ടാഗോറിനെയും സംബന്ധിച്ചേടത്തോളം അധികപ്പറ്റൊന്നുമല്ല. തങ്ങളുടെ മേല്‍ക്കോയ്മക്ക് ഹാനിയും കിഴക്കന്‍ ബംഗാളിലെ കുടിയാ•ാരായ മുസ്ലിംകള്‍ക്ക് നേട്ടവും നല്കിയ 1905ലെ ബംഗാളിന്റെ വിഭജനം റദ്ദാക്കിക്കൊടുത്ത ജോര്‍ജ് തിരുമനസ്സിനോട് കോണ്‍ഗ്രസിനുള്ള നന്ദി സൂചകമായാണ് ഒരു മഹാ സ്വീകരണം പാര്‍ട്ടി ഏര്‍പ്പെടുത്തിയത്. പാര്‍ട്ടി അന്ന് പൂര്‍ണമായും ഒരു ബ്രിട്ടീഷ് ലോയലിസ്റ്റ് സംഘടനയാണ്. അപ്പോള്‍ പിന്നെ ടാഗോര്‍ മാത്രം മാറി നില്ക്കേണ്ട കാര്യമില്ലല്ലോ. ജനഗണ മനയിലെ അതിനായകന്‍ ജോര്‍ജ് രാജാവാണെന്നും അതല്ല, ദൈവമാണെന്നുമുള്ള വാഗ്വാദങ്ങള്‍ക്കപ്പുറം അതിന്റെ അര്‍ഥം ഗ്രഹിക്കുമ്പോള്‍ ബ്രിട്ടീഷിന്ത്യയെ മാത്രം സംബന്ധിക്കുന്നതാണ് ആ ഗാനമെന്ന് ന്യായമായും തോന്നിപ്പോവുന്നുവെന്ന് ചിലര്‍ പറയുന്നതില്‍ വസ്തുതയുണ്ടോ? സംസ്കൃതവും ഹിന്ദുസ്ഥാനിയും അന്ന് അത്ര മാത്രം പരിലസിച്ചിട്ടു പോലും എന്തിനാണ് ബംഗാളി കവിത തന്നെ ദേശീയ ഗാനമാക്കി എന്ന ചോദ്യവും അവശേഷിക്കുകയാണ്.
എല്ലാ ഇന്ത്യക്കാര്‍ക്കും ഒരു പോലെ മനസ്സിലാവുന്നതും അര്‍ഥ സമ്പൂര്‍ണവുമായ ‘സാരേ ജഹാന്‍ സെ അച്ചാ’ ദേശീയ ഗാനമായി സ്വീകരിക്കാതിരുന്നത് രചയിതാവായ ഇഖ്ബാല്‍ മുസല്‍മാനായിപ്പോയതു കൊണ്ടാണെന്നും മറ്റും പലരും പ്രചരിപ്പിക്കുന്നതില്‍ ഒരു കാര്യവുമില്ല. ഇപ്പോള്‍ ചില മാസികക്കാര്‍ അതേറ്റു പിടിച്ച് ഒരു വിവാദത്തിന് തിരി കൊളുത്തണോ? സാരേ ജഹാന്‍ സെ അച്ചാ ഇന്ത്യന്‍ ജനതയുടെ ഹൃദയങ്ങളില്‍ നിന്ന് എന്തായാലും മായ്ച്ചു കളയാന്‍ പറ്റില്ലല്ലോ. ‘സാരേ ജഹാന്‍ സെ അച്ചാ ഹിന്ദുസ്ഥാന്‍ ഹമാരാ’ എന്നു തുടങ്ങുന്ന തരാനായേ ഹിന്ദ് രചിച്ച്ഇന്ത്യന്‍ ജനസഞ്ചയത്തെ ദേശസ്നേഹത്തിന്റെ മാസ്മരികതയില്‍ തളച്ചിട്ട മഹാ കവിയാണ് അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍. അപ്പം തിന്നാല്‍ പോരേ കുഴിയെണ്ണണോ എന്ന് ചോദിച്ചതു പോലെ കവിതയുടെ സാരം ഗ്രഹിച്ചാല്‍ പോരേ, കവിയുടെ മതവും നിറവും നോക്കണോ?
മഹാത്മാ ഗാന്ധിയുടെ അനുഭവം അദ്ദേഹം തന്നെ പറയട്ടെ:
“ഇഖ്ബാല്‍ പ്രസിദ്ധമായ ഹിന്ദുസ്ഥാന്‍ ഹമാരാ പാടുമ്പോള്‍ ഞാന്‍ കണ്ണീരൊഴുക്കുന്നു. യര്‍വാദാ സെന്‍ട്രല്‍ ജയിലില്‍ വച്ച് ഈ ഗാനം ഞാന്‍ എപ്പോഴും പാടുമായിരുന്നു. ഈ ഗാനത്തിലെ പദങ്ങള്‍ വളരെ മധുരതരമാണ്. ഞാനീ കത്തെഴുതുമ്പോഴും ആ വരികള്‍ എന്റെ ചെവിയിലങ്ങനെ മുഴുകുകയാണ്.”
1947 ആഗസ്റ്റ് 20ന് ബംഗ്ളാദേശിലെ കെന്‍ഗ്ര പഥില്‍ നടന്ന മഹാത്മാ ഗാന്ധിയുടെ പ്രാര്‍ഥനാ യോഗത്തില്‍ ‘സാരേ ജഹാന്‍ സേ അഛാ’ ആലപിച്ചപ്പോഴണ്ടായ അനുഭവത്തെ പറ്റി മഹാത്മാഗാന്ധി അയവിറക്കുന്നു:
“ഇഖ്ബാലിന്റെ കവിതയിലെ വചനങ്ങളും അതിന്റെ രാഗവും മധുരം നിറഞ്ഞതാണ്. ‘മതങ്ങള്‍ വിദ്വേഷം പഠിപ്പിക്കുന്നില്ലാ’ എന്ന വരികളാണ് ഏറ്റവും ഹൃദ്യം.”2 ഹിന്ദി-ഉര്‍ദു തര്‍ക്കമുണ്ടായപ്പോള്‍ ‘സാരേ ജഹാന്‍ സേ അച്ചാ’ പരാമര്‍ശിച്ചു കൊണ്ട് മഹാത്മാ ഗാന്ധി പറഞ്ഞു: “ഇഖ്ബാലിന്റെ ‘ഹിന്ദുസ്ഥാന്‍ ഹമാരാ’ കേള്‍ക്കുമ്പോള്‍ ഏത് ഹൃദയമാണ് സ്പന്ദിക്കാത്തത്? ഇഖ്ബാലിന്റെ ഈ ഭാഷ ഹിന്ദിയോ ഹിന്ദുസ്ഥാനിയോ അതോ ഉര്‍ദുവോ? അത് ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്ന്, അതിന് മധുരമില്ലെന്ന്, അത് ഉന്നതമായ ചിന്ത പ്രകടിപ്പിക്കുന്നില്ലായെന്ന് ആരാണ് പറയുക? ചുരുക്കിപ്പറയട്ടെ, ഞാന്‍ തന്നെ അങ്ങനെ പറഞ്ഞാലും പന്തയത്തില്‍ സംസ്കൃതവത്കരിക്കപ്പെട്ട ഹിന്ദിയോ പാര്‍സിവത്കരിക്കപ്പെട്ട ഉര്‍ദുവോ അല്ല വിജയിക്കുക. ഹിന്ദുസ്ഥാനിക്ക് മാത്രമേ വിജയിക്കാനാവൂ. അപ്പഴേ അന്തഃഛിദ്രതകള്‍ നാം ഉപേക്ഷിക്കുകയുള്ളൂ. കൃത്രിമമായ തര്‍ക്കങ്ങള്‍ മറക്കുകയുള്ളു. തര്‍ക്കങ്ങള്‍ ഉണ്ടാക്കിയതിന്റെ പേരില്‍ നാം നാണിക്കുകയുള്ളു.”
തരാനായെ ഹിന്ദ്
സാരേ ജഹാന്‍ സെ അഛാ; ഹിന്ദുസ്ഥാന്‍ ഹമാരാ
ഹം ബുല്‍ ബുലേ ഹെ ഇസ്കീ,
യെ ഗുലിസ്താന്‍ ഹമാരാ
ഗുര്‍ബത് ഹെ ഹൊ അഗര്‍
ഹം രഹ്താഹെ ദില്‍ വതന്‍ മെം
സംജോ വഹീം ഹമേം ഭീ ദില്‍, ഹോ ജഹാം ഹമാരാ
പര്‍ബത് വൊ സബ് സെ ഊഞ്ചാ,
ഹംസായ ആസ്മാന്‍ കാ
വൊ സന്തരീ ഹമാരാ വൊ പാസ്ബാന്‍ ഹമാരാ
ഗോദീ മെം ഖേല്‍തീഹെ ഇസ്കീ ഹസാരോം നദിയാം
ഗുല്‍ഷന്‍ ഹെ ജിന്‍കെ ദം സെ രശ്കെ ജിനാന്‍ ഹമാരാ

ആയ് ആബെ റൂദെ ഗംഗാ!
വൊ ദിന്‍ ഹെ യാദ് തുജ്കോ
ഉത്രാ തെരേ കിനാരേ ജബ് കാരവാന്‍ ഹമാരാ
മദ്ഹബ് നഹീം സിഖാതാ ആപസ് മെം ബൈറ് രഖ്നാ
ഹിന്ദീ ഹെ ഹം വതന്‍ ഹെ ഹിന്ദുസ്ഥാന്‍ ഹമാരാ

യൂനാനൊ മിസ്റൊ റോമാ സബ് മിഠ് ഗയേ ജഹാം സേ
അബ് തക് മഗര്‍ ഹെ ബാഖീ നാമോ നിശാന്‍ ഹമാരാ
കുഛ് ബാത് ഹെ കി ഹസ്തീ മിഠീ നഹീം ഹമാരീ
സാദിയോന്‍ രഹാ ഹെ ദുശ്മന്‍ ദൌറേ സമാന്‍ ഹമാരാ

ഇഖ്ബാല്‍! കോയീ മെഹ്റം
അപ്നാ നഹീം ജഹാന്‍ മെം
മഅ്ലൂം ക്യാ കിസീ കോ ദര്‍ദേ നിശാന്‍ ഹമാരാ

(രാജ്യങ്ങളേതിലും മികച്ചൊരു രാജ്യമാണല്ലോ ഭാരതം
രാക്കിളികള്‍ നമ്മളൊക്കെയും, നമ്മുടേതല്ലോ പൂവനം
ദൂരെ നാടേതില്‍ പോകിലും മനമില്‍ വസിപ്പൂ ഭാരതം
വിരിയും മനസ്സിലറിയുമീഭുവനം തന്നെയല്ലോ ഭാരതം

ഉയരത്തിലൂന്നും ഗിരി തന്‍ ചങ്ങാതിയല്ലോ ഗഗനം
രാജ്യത്തിന്‍ കാവല്‍ക്കാരന്‍ തരുമെന്നും സംരക്ഷണം
ഗിരി തന്‍ മടിയിലല്ലോ മദിക്കുമരുവികളായിരങ്ങള്‍
ആരാമമാണീ രാജ്യം, കണ്ടോ അസൂയപ്പെടുന്നു സ്വര്‍ഗം

ഗംഗാ തീര്‍ഥത്തിനറിയുമോ? തന്‍ തീരത്ത് വിശ്രമിച്ചവര്‍
സഞ്ചാരി സംഘങ്ങളെത്ര ദൂര ദിക്കില്‍ നിന്നും വന്നവര്‍
മതമൊന്നും ചൊന്നതില്ലാ വിദ്വേഷം തമ്മില്‍ ചൊരിയാന്‍
ഭാരതീയരെന്നുമൊന്നല്ലോ നമ്മുടേതല്ലോ ഭാരതം

ഗ്രീസ് റോമാ മിസ്റിന്റെ സംസ്കൃതിയെന്നോ
മാഞ്ഞു പോയ്
മായാതെ മങ്ങാതെ നില്ക്കുമീ നാടിന്റെ പേരും പെരുമയും
കാര്യം ചെറുതല്ലയാര്‍ക്കും തകര്‍ക്കാനാവില്ല നമ്മളെ
ശതകങ്ങളെത്രയോ കാലം ശത്രുക്കളെത്ര ശ്രമിക്കിലും

ഇഖ്ബാല്‍! ആരുമറിയില്ലയുലകില്‍ നിന്റെ നിഗൂഢത
ആരറിയുന്നു വിഭോ, ഈ കവി തന്‍ മാനസ ഖിന്നത)
ഈ കവിത എപ്പോഴാണാലപിച്ചത് എന്നതിനെക്കുറിച്ച് സയ്യിദ് സഫര്‍ ഹാഷിമി പറയുന്നു: “സാമ്രാജ്യത്വത്തെ തീവ്രമായി എതിര്‍ത്തു എന്ന കാരണത്താല്‍ ഇന്ത്യയില്‍ നിന്ന് നിഷ്കാസിതനായ ലാലാ ഹര്‍ദയാല്‍ ലാഹോറിലെ ഗവണ്‍മെന്റ് കോളജിലാണ് പഠിച്ചത്. അന്ന് ഇഖ്ബാല്‍ അവിടെ അധ്യാപകനാണ്. ഹര്‍ദയാല്‍ കോളജില്‍ യങ്ങ് മെന്‍സ് ഇന്ത്യന്‍ അസോസിയേഷന്‍ എന്നൊരു സംഘടനക്ക് രൂപം നല്കി. ഹര്‍ദയാലിന്റെ ദേശാഭിമാന പ്രവര്‍ത്തനങ്ങളെ അധ്യാപകനായ ഇഖ്ബാല്‍ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. സംഘടനയുടെ ഉദ്ഘാടന സമ്മേളനത്തിന്റെ അധ്യക്ഷനായി ഹര്‍ദയാല്‍ ഇഖ്ബാലിനെ ക്ഷണിച്ചു. സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുന്നതിനു പകരം ഇഖ്ബാല്‍ “സാരേ ജഹാന്‍ സെ അച്ചാ” എന്ന കവിത പാടി. സദസ്യര്‍ നിശ്ശബ്ദരും നമ്ര ശിരസ്കരുമായി.”
ഇന്ത്യയുടെ സൌഹൃദ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന കവിതയാണ് കുട്ടികള്‍ക്കു വേണ്ടി ഇഖ്ബാല്‍ എഴുതിയ ‘ഹിന്ദുസ്ഥാനീ ബച്ചോം കാ ഖൌമീ ഗീത്’
ചിശ്തി കേള്‍പ്പിച്ചു സത്യ സന്ദേശം കൊച്ചു ഭാരത ഭൂവിതില്‍
നാനാക് പാടി ഏകത്വത്തിന്റെ മധു ഗാനമീ പൂവാടിയില്‍
താര്‍ത്താരി സ്വന്തം ദേശമായ് കണ്ടു പണിതതും ഈ ഭൂമിയില്‍
മരുതലവാസി ഹിജാസികള്‍ സ്വതന്ത്രമായ് വന്നതുമീ ധരണിയില്‍
എന്റെ പൊന്നു രാജ്യമേ, എന്നുമെന്റെ പൊന്നു രാജ്യമേ
എന്റെ പൊന്നു രാജ്യമേ, എന്നുമെന്റെ പൊന്നു രാജ്യമേ
……………………………………………………………………..
അഖില ലോകത്തുമധിപനാമീ ക്ഷേത്രം
ആകാശം മുട്ടുമതിന്‍ ഉത്തുംഗ കലശം
പാടാം പുലരികളില്‍ മധു മന്ത്ര ഗീതം
പൂജാരികള്‍ക്കെല്ലാം നല്കാം സ്നേഹത്തിന്നമൃത പാത്രം
ഭക്തരുടെ ഗീതത്തിലല്ലയോ ശക്തിയും ശാന്തിയും
സ്നേഹത്തിലല്ലയോ ഭൂവാസികളുടെ മോചനം

വേദനയുടെ ശബ്ദം (സദായെ ദര്‍ദ്)
രാജ്യം സാമുദായിക സംഘട്ടനങ്ങളുടെ പിടിയിലമര്‍ന്നപ്പോള്‍ കവിയുടെ ഹൃദയം വിതുമ്പി. സദായെ ദര്‍ദ് എന്ന കവിതയിലൂടെ തന്റെ വേദനകള്‍ ഇഖ്ബാല്‍ കടലാസില്‍ പകര്‍ത്തി.
മനസ്സാകെ നീറുന്നൂ മനഃശാന്തിയില്ലൊട്ടും
ഓ, ഗംഗാ ജല ധാരേ, ഒന്നെന്നെ വിഴുങ്ങുമോ?
വഴക്കും വക്കാണമായി പാടെ പിളര്‍ന്നുവല്ലോ ദേശം
ഒരുമയില്ലാതായിത്തീര്‍ന്നൂ ഐക്യം അനൈക്യമായ്
സൌഹൃദമില്ലൊരിക്കലും പകരം പകയും വിദ്വേഷവും
……………………………………………………………………..
വൈരത്തിന്റെ തീപ്പൊരിയിലീ പൂവനം ജ്വാലയായ് തീരുമ്പോള്‍
വാക്കുകള്‍ ശരങ്ങളായ് തീരാതിരിക്കുവതെങ്ങനെ?

തസ്വീറേ ദര്‍ദ് (വേദനയുടെ ചിത്രം)
ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രങ്ങള്‍ക്കിരയാവരുതെന്നും അതിനുള്ള ഒരേയൊരു മാര്‍ഗം ഇന്ത്യക്കാര്‍ പരസ്പരം ഭിന്നിക്കാതിരിക്കലാണെന്നും ഓര്‍മപ്പെടുത്തുകയാണ് കവി.

സമയമില്ലാര്‍ക്കുമെന്റ കദനകഥ കേള്‍ക്കുവാന്‍
മിണ്ടാതിരിക്കലാണ് വാചാലത, മൂകതക്കാണര്‍ഥവും
മിണ്ടുന്നില്ലാരും നിന്റെ സദസ്സിലെങ്ങുമിതെന്ത് കൊണ്ട്?
……………………………………………………………………..
വേദനയുടെ അവതാരമാണ് ഞാന്‍, വിധിയോ ദുഃഖകരം
ഇലാഹീ, ഈ ജീവിതത്തിന്നൊരു സന്തോഷമുണ്ടോ?
ശാശ്വതമായ ജീവിതമെനിക്കില്ല, നൈമിഷിക മരണവും

ഇന്ത്യയുടെ കദന കഥ
ഓ, ഇന്ത്യേ, നിന്റെ കദന കഥയെന്നെ കരയിപ്പിക്കുന്നുവല്ലോ
കഥകളില്‍ വച്ചേറ്റവും കദനം നിന്റെ കഥ തന്നെയല്ലോ
കണ്ണിലിതാ വരുന്നൂ കണ്ണീരിന്‍ കൊടുങ്കാറ്റ്
കണ്ണീരിന്റെ കഥയെഴുതാന്‍ ഞാന്‍ വിധിക്കപ്പെട്ടുവല്ലോ
……………………………………………………………………..
മിണ്ടാതാരിക്കുവതെന്തിന്? പ്രതിഷേധ പ്രക്ഷോഭമുയരട്ടേ
ഉയരട്ടെ ശബ്ദം, ഭൂമി തൊട്ടാകാശവും ഭേദിക്കട്ടേ
മറഞ്ഞിരുന്നാല്‍ മായ്ക്കപ്പെടും ഹേ, ഇന്ത്യക്കാരാ
മാനം നിറഞ്ഞ നിന്റെ മഹാ ചരിതമീ ഭൂമിയില്‍

ഇതാണ് പ്രകൃതി നിയമം പ്രപഞ്ച ന്യായവുമിതാണ്
അതി കര്‍മയോഗിയവനാണ് ദൈവത്തിനിഷ്ടന്‍
സങ്കുചിത ദേശീയത
കാത്തോലിക്കാ മതവും വിശുദ്ധ റോമാ സാമ്രാജ്യവും തകര്‍ന്നത് ദേശീയതയുടെ ഉദയത്തിനു കാരണമായി. ദേശീയതയുടെ പേരില്‍ ഉത്ഭവിച്ച സംഘട്ടനങ്ങളും മത്സരങ്ങളും പാശ്ചാത്യന്‍ സംസ്കാരത്തെ ദുഷിപ്പിച്ചു. യൂറോപ്യന്‍ സംസ്കാരം തകരുകയാണെന്ന് ഇഖ്ബാല്‍ മുന്നറിയിപ്പ് നലകി.
കത്തി കൊണ്ട് സ്വയം കുത്തിച്ചാകും നിന്റെ സംസ്കാരം
എത്ര കാലം നില്ക്കുമുണക്കക്കൊമ്പില്‍ തീര്‍ത്തൊരീ കലാലയം
ഒന്നാം ലോക യുദ്ധത്തോടെ ഇഖ്ബാല്‍ ദേശീയതയെ വെറുത്തു. മൂല്യവത്തായ അന്തര്‍ ദേശീയതയാണ് അദ്ദേഹം വിഭാവനം ചെയ്തത്. ദേശസ്നേഹം ഉന്നതമായ ലക്ഷ്യത്തിലേക്കെത്തുന്നില്ലെങ്കില്‍ അത് ദുര്‍ബല രാജ്യങ്ങളെ കീഴടക്കാനുള്ള ഉപകരണമായി അധ:പതിച്ചേക്കാമെന്ന് ഇഖ്ബാല്‍ മുന്നറിയിപ്പ് നല്കി. ഇസ്ലാമിക സാഹോദര്യത്തിന് അദ്ദേഹം ഊന്നല്‍ നല്കി. ഇന്ത്യയെപ്പോലെ ചൈനയും അറേബ്യയും സ്നേഹിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംകളെവിടെയായാലും അവരൊന്നു തന്നെയാണ്.
ചൈനയറേബ്യ നമ്മുടെ ഹിന്ദുസ്ഥാനവും നമ്മുടെ
മുസ്ലിം രാഷ്ട്രമൊന്ന് ലോകമഖിലം നമ്മുടെ.
സ്വാതന്ത്യ്രത്തിന്റെ സുപ്രഭാതം കവി തന്റെ മനസ്സില്‍ കാണുന്നതിങ്ങനെ:
കാണുന്നു ബൃഹത്തൊരീ ചലനമന്തരീക്ഷത്തില്‍
പര്‍വതങ്ങള്‍ക്കപ്പുറമുയര്‍ന്നൊരു പുതു പുലരി
സ്വര്‍ഗ വാസികള്‍ക്കിത് പെരുന്നാള്‍ പുലരി
ആലസ്യത്തിന്‍ മടിയില്‍ നിന്നുയര്‍ന്ന് രാജ്യം
സ്വാതന്ത്യ്രത്തിന്‍ പ്രഭ ദര്‍ശിക്കുമാ പുലരി12

പൂക്കുന്നു ന•കളെത്ര പക്ഷേ
ചുമക്കുന്നിപ്പൊഴും കാലിലീ ചങ്ങല
ചുണ്ടുകളിലെപ്പൊഴും ശോകമാം വിലാപം13

സ്വന്തം രാജ്യത്തിന്റെ അഭിമാനത്തെക്കുറിച്ച് പൌരന്‍മാര്‍ക്ക് ബോധം പോരെന്നാണ് കവി പറയുന്നത്.
ഹിന്ദുസ്ഥാനിലെ യുവ ജനമറിയുന്നില്ലയോ?
ജാഫര്‍ മരിച്ചൂ, പക്ഷേ ആത്മാവ് മരിച്ചില്ലല്ലോ
മരിച്ചവന്റെ ശരീരത്തില്‍ നിന്ന് മാറി മറ്റൊരുത്തന്റെ
ദേഹത്തേക്കവന്‍ കൂടു മാറ്റിയല്ലോ
ചര്‍ച്ചുമായി സന്ധി ചെയ്തുവല്ലോ
മര്‍ത്യരെ മുച്ചൂടും വഞ്ചിച്ചുവല്ലോ
കച്ചവടമാണിവന്റെ മതവും വിശ്വാസവും
ആട്ടിന്‍ തോലണിഞ്ഞവന്‍ സാക്ഷാല്‍ ചെന്നായ തന്നിവന്‍
എവിടെയാണേലും ജാഫര്‍ നാടിന്റെ മര്‍ദ്ദകന്‍
മുസല്‍മാനിവനത്രേ, നാട്ടാരുടെ മര്‍ദ്ദകന്‍
ചിരിക്കുന്നിവന്‍ ആരോടും കൂട്ടു കൂടാത്തവന്‍
ചിരിക്കാമുരഗം പക്ഷേ വിഷപ്പല്ലുള്ളവന്‍
ഐക്യം തകര്‍ത്തു കളഞ്ഞതവനല്ലയോ
അസ്തിത്വം ചോര്‍ത്തിക്കൊടുത്തതുമവനല്ലയോ
നാടു തകരുമ്പോഴൊക്കെയും പിന്നിലുണ്ടാകുമൊരു
നാശകന്‍ ജാഫറോ അല്ലെങ്കിലൊരു സാദിഖോ15
ജാഫറിന്‍ പ്രേതങ്ങളില്‍ നിന്നെന്നെ കാക്കണേ
ഇന്നുള്ള ജാഫറുകളെയൊക്കെയും തകര്‍ക്കണേ
രാജ്യ ദ്രോഹം മഹാദ്രോഹമായി ഇഖ്ബാല്‍ കാണുന്നു. രാജ്യദ്രോഹികളും രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരും നാടിന്റെയും സമുദായത്തിന്റെയും വിഷമാണെന്ന് അദ്ദേഹം അവജ്ഞയോടെ പറയുകയാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന യുദ്ധത്തില്‍ സിറാജുദ്ദൌലയെ ഒറ്റിക്കൊടുത്ത മീര്‍ ജാഫറേയും ടിപ്പു സുല്‍ത്താനെ ഒറ്റിക്കൊടുത്ത മീര്‍ സാദിഖിനെയും ഇഖ്ബാല്‍ അങ്ങേയറ്റം അപലപിക്കുന്നു.
ബംഗാളിലെ ജാഫറും ദക്കാനിലെ സാദിഖും
മാനക്കേടാക്കി മതത്തിനും മനുഷ്യനും നാട്ടിനും
മാനിക്കപ്പെടാത്തവര്‍ നിരാശരനഭിമതര്‍
നശിച്ചു പോയീ നാടിവരുടെ കൃത്രിമത്താല്‍
എത്രയോ രാജ്യങ്ങളിലടിമത്തം തകര്‍ത്ത രാജ്യം
തകര്‍ന്നിതിപ്പോള്‍ ഇന്നാട്ടിന്റെ മാനവും സ്വയംഭരണവും
അറിയുമോ നിങ്ങള്‍ക്കീ നാട്ടിന്റെ കേളി
തൊട്ടാലറിയുമാത്മാക്കള്‍ക്കെന്നുമിവന്‍ കരളായി
വിശ്വമെങ്ങും വിളങ്ങുമീ നാടിന്റെ ചലനമിന്നോ
വേദനയാല്‍ മുരളുന്നൂ മണ്ണിലും രക്തത്തിലും
വിതച്ചതാരീമണ്ണിലടിമത്തവിത്ത് വിനയായതാ ദുഷ്ട പ്രഭൃതികളുടെ പ്രവൃത്തി

ടിപ്പു സുല്‍ത്താന്‍
ടിപ്പു സുല്‍ത്താനെ സ്വാതന്ത്യ്രത്തിന്റെ ആവേശമായി കവി കാണുന്നു. കാവേരി നദിയുമായുള്ള ടിപ്പുവിന്റെ സംഭാഷണം ആവേശകരമായി കവി വര്‍ണിച്ചിരിക്കുന്നു.
വ്യാഘ്രമാകുവിന്‍ നിമിഷമെങ്കിലൊരു നിമിഷം
അജമായി ജീവിക്കുവതെന്തിന് നൂറു വര്‍ഷം
സര്‍വേശ്വര സമര്‍പ്പണമാണെന്നും ജീവ സത്ത
മരണമൊരു ഭാവനാവിലാസം, കേവലം മിഥ്യ
സത്യവാനുണ്ട് വ്യാഘ്രം പോല്‍ നൂറു ഘട്ടം
മരണമോ മാന്‍ പേട പോല്‍ ഒന്നു മാത്രം
മരണത്തിലേക്കോടുമവന്‍ ശരവേഗമില്‍
പക്ഷിക്കു മേല്‍ ചാടി വീഴും കഴുകനെപ്പോല്‍
മരണത്തെ ഭയക്കുമടിമ മരിക്കുന്നതോരോ നിമിഷവും
മോചിതന് വരും നവ ജീവിതം മരണത്തിലും

ഇഖ്ബാലിന്റെ മരണ ശേഷം പ്രസിദ്ധീകരിച്ച ‘പസ് ഛെ ബായദ് കര്‍ദ്’ എന്ന സമാഹാരത്തില്‍ ‘അശ്കെ ഛന്‍ദ് ബര്‍ ഇഫ്തിറാഖേ ഹിന്ദിയാന്‍’ എന്ന കവിതയില്‍ ഇന്ത്യക്കാര്‍ തമ്മിലുള്ള കലഹം വേദനയോടെ വിവരിക്കുകയാണ്:
പരസ്പരം കലഹിക്കുന്നൂ നാം ഭാരതീയര്‍
പൊരുതുന്നു നാം പഴയതൊക്കെ ചൊല്ലി ചൊല്ലി
പടിഞ്ഞാറു നിന്നൊരു കഴുകന്‍ ചാടി വീണു
പറയുന്നു തീര്‍ക്കാം ഞാന്‍ നിങ്ങളുടെ തര്‍ക്കം
വിശ്വാസവുമവിശ്വാസവും തമ്മിലാണത്രേ തര്‍ക്കം
തിരിച്ചറിയാനാര്, മരീചികയും ജല നിരപ്പും തമ്മില്‍
വന്നിരുന്നെങ്കിലൊരു വിപ്ളവം വിപ്ളവം വിപ്ളവം
പരിവര്‍ത്തനം വരുത്തുമൊരു സമ്പൂര്‍ണ വിപ്ളവം.
ഗിലാ എന്ന കവിതാ സമാഹാരത്തിലെ വരികള്‍:

ആര്‍ക്കറിയാം ഇന്ത്യയുടെ നിയോഗം
അന്യന്റെ കിരീടത്തില്‍ തിളങ്ങുമൊരു രത്നം
കര്‍ഷകന്‍ വന്നൂ ജഢമായ് ഖബറിടത്തില്‍ നിന്നു
കഫന്‍ പുടവയപ്പോഴും കാത്തു കിടന്നൂ ഖബറകം

ദേഹവും ദേഹിയും പണയപ്പെടുത്തി നാം
വീടില്ല; നമുക്കിപ്പോള്‍ വീട്ടുകാരനുമില്ല
പാശ്ചാത്യ ദാസ്യ വൃത്തിയോടൊപ്പം രാജിയായ് നിങ്ങള്‍
എന്റെ വെറുപ്പ് നിങ്ങളോടാണ്; പടിഞ്ഞാറിനോടല്ല.

അര്‍ക്ക രശ്മികള്‍ വന്നൂ നാലു പാടു നിന്നും
അഭയം തേടി സൂര്യന്റെ മടിയില്‍ ആലിംഗന ബദ്ധരായി
വിലപിച്ചു ഭാസ്കരാ, പടിഞ്ഞാറാകെ നിറഞ്ഞിരിക്കുന്നൂ
വ്യാവസായികതയുടെ ചിമ്മിനിയൂതുന്ന പുകയാല്‍

വെളിച്ചമുണ്ടിപ്പോഴും പൌരസ്ത്യ ലോകത്ത്, പക്ഷേ
പച്ചയില്ലവിടെ തികച്ചും മരിച്ച പോലൊരു മണ്ണ്
എടുത്തോളൂ ഞങ്ങളെ ഈ ലോകത്തു നിന്ന്
ഓ, പ്രകാശ ബിംബമേ, വെടിയരുതേ ഞങ്ങളെ
……………………………………………………………………..
ഇന്ത്യയാണ് കിഴക്കിന്റെ പ്രതീക്ഷ
ഇഖ്ബാല്‍ കണ്ണീരു കൊണ്ടിതിനെ ധന്യമാക്കി.

ചന്ദ്രികക്കും പിന്നെ സപ്ത നക്ഷത്രങ്ങള്‍ക്കും
വെളിച്ചം നല്കുന്ന രാജ്യമാണിന്ത്യ
ഉത്തമമാണതിന്‍ കേവലം ചരല്‍ക്കല്ല്
മുത്തായൊരു വന്‍ പാറയെക്കാള്‍
ചിന്തകന്‍മാരെത്ര വന്നൂ ഭാരത മണ്ണിതില്‍
ജ്ഞാനസമുദ്രങ്ങളൊക്കെയും കുടിച്ചു തീര്‍ത്തവര്‍

ആത്മാവിനെ ത്രസിപ്പിച്ച രാഗസുധയെവിടെ?
മന്ദിരത്തിന്റെ കവാടത്തിങ്കലുറങ്ങുകയാണ് ബ്രഹ്മന്‍
മുുസ്ലിമോ പള്ളി മിഹ്റാബിന്‍ താഴെ
മോങ്ങുന്നൂ വിധിയെ പഴിച്ചു കൊണ്ട്
കിഴക്കിനെ തള്ളുന്നില്ലിവര്‍
പടിഞ്ഞാറിനെ കൊള്ളുന്നുമില്ല
പ്രകൃതിയോ നിന്നെ വിളിക്കുന്നു
രാവുകളെയൊക്കെ പ്രഭാതമാക്കാന്‍
തന്റെ മരണത്തിനു മുമ്പായി രാജ്യം സ്വതന്ത്രമാവുന്നത് കാണണമെന്നായിരുന്നു ഇഖ്ബാലിന്റെ ആഗ്രഹം. അവസാന കാലത്തുള്ള തന്റെ നിരാശ അദ്ദേഹം കണ്ണീരാല്‍ കുറിച്ചു:
ഇന്ത്യന്‍ അടിമകളുടെ മേല്‍ മൂടിയ രാത്രിയുടെ അന്ധകാരം
എന്താണെന്നറിയില്ല പുലര്‍ച്ചയുടെ വെളിച്ചത്തിന്
അന്ധകാരത്തിലാണ്ടിരിക്കുന്നു രാജ്യം
അര്‍ക്കനൊരിക്കലും ഇങ്ങ് വരാത്ത പോലെ.

You must be logged in to post a comment Login