1914ല്‍ മദ്രാസ് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച് ഒരു നൂറ്റാണ്ട് പിന്നിട്ട തഅ്‌ലീമുല്‍ ഇഖ്‌വാന്‍ മദ്‌റസാ ഹയര്‍ എലിമെന്ററി സ്‌കൂളിലായിരുന്നു എന്റെ പ്രാഥമിക പഠനം. പൊന്നാനിയുടെ വിദ്യാഭ്യാസ പുരോഗതിക്ക് ശ്ലാഘനീയ സേവനം നടത്തിയ ഉസ്മാന്‍ മാസ്റ്റര്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഓത്തുപള്ളിയായി ആരംഭിച്ച ഈ ശിശു പാഠശാലയാണ് തുടര്‍ന്ന് മദ്‌റസയും സ്‌കൂളായും പരിണമിച്ചത്. ടിഐയുപി സ്‌കൂള്‍ എന്നാണ് ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ പേര്.
സ്‌കൂളുകളും മദ്‌റസകളും വൈജ്ഞാനിക രംഗത്ത് ആധിപത്യമുറപ്പിക്കുന്നതിന് മുമ്പ് മത-ഭൗതിക വിദ്യാഭ്യാസ മേഖലകളില്‍ ഗുരുനാഥന്മാരുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഏകാധ്യാപകരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഇതുപോലുള്ള ഓത്തുപള്ളികളായിരുന്നു പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം കുട്ടികള്‍ക്കുള്ള ഏക ആശ്രയം.
ഞാന്‍ പഠിക്കുന്ന കാലത്ത് മൊല്ലാസാറ് എന്ന് വിളിച്ചിരുന്ന അബ്ദുല്ല മുസ്‌ലിയാരും കാദര്‍ മൊല്ലയും ഭാഗികമായി മതപഠനക്ലാസുകള്‍ സ്‌കൂളില്‍ നടത്തിയിരുന്നു. മറ്റു പല മൊല്ലാ ടീച്ചര്‍മാരെയും പോലെ അബ്ദുല്ല മുസ്‌ലിയാര്‍ അംഗീകൃത അധ്യാപക പരിശീലനം നേടി ഈ സ്‌കൂളിലെ റെഗുലര്‍ ടീച്ചറായി സര്‍വ്വീസില്‍ പ്രവേശിച്ചു. ഇവിടത്തെ സ്‌കൂളുകള്‍ മുസ്‌ലിം കലണ്ടര്‍ അനുസരിച്ച് മധ്യവേനലവധി രണ്ടായി ഭാഗിച്ച് റമളാന്‍ നോമ്പിനും ചെറിയ പെരുന്നാളിനും കൂടി ഒരു മാസത്തിലധികം നല്‍കിയിരുന്ന ഒഴിവ് ദിനങ്ങളായിരുന്നു സ്‌കൂള്‍ അധ്യയനവര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള വെക്കേഷന്‍. അന്നും ഇന്നും ഫാതിഹ ഓതി ആരംഭിക്കുന്ന പൊന്നാനി നഗരസഭയിലെ ഒരേയൊരു അര്‍ധ സര്‍ക്കാര്‍ സ്‌കൂളാണിത്.
ചില ഓത്തുപള്ളികള്‍ സ്‌കൂളുകളില്‍ തന്നെ പ്രവര്‍ത്തിച്ചു. സ്‌കൂള്‍ പഠനത്തിന് മുസ്‌ലിം പഠിതാക്കളെ ആകര്‍ഷിക്കുന്നതിനായിരുന്നു ഈ സമ്പ്രദായം തുടര്‍ന്നത്. രാവിലത്തെ ഓത്തു പഠനം കഴിഞ്ഞാല്‍ അതേ സ്‌കൂളില്‍ ഭൗതിക പഠനം ആരംഭിക്കും.
സമുദായത്തിലെ വലിയൊരു വിഭാഗം അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലും കഴിഞ്ഞിരുന്ന അക്കാലത്ത് ഇടത്തരം വീടുകളിലെ കുട്ടികള്‍ തലേദിവസത്തെ പഴങ്കഞ്ഞി കുടിച്ചാണ് രാവിലെ ക്ലാസുകളില്‍ എത്താറ്. ചില സ്‌കൂളുകളില്‍ ഉച്ചക്കോ അതിനു ശേഷമോ ലഘു ഭക്ഷണം വിതരണം ചെയ്യും. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ തന്നെ പലപ്പോഴും കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ പുഴുങ്ങി ഭക്ഷിച്ചോ, കഞ്ഞി കുടിച്ചോ പൈദാഹം തീര്‍ക്കും. ഇന്നത്തെ പോലെ ചോറും കറിയും സുലഭമായിരുന്നില്ല.
പല മാപ്പിള സ്‌കൂളുകളും നിലനിന്നുപോന്നിരുന്നതും ചില സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ ഹേതുവായതും മൊല്ലാക്കന്മാരുടെ തീവ്രശ്രമങ്ങളാണ്. തന്മൂലം മൊല്ലാക്കമാരുടെ സേവനം മാപ്പിള സ്‌കൂളുകളില്‍ അവിഭാജ്യ ഘടകമായി തീര്‍ന്നു.
മുല്ല എന്ന പേര്‍ഷ്യന്‍ പദത്തിന്റെ പരിവര്‍ത്തിത രൂപമാണ് മൊല്ല. മൊല്ല എന്നാല്‍ പണ്ഡിതനെന്നര്‍ത്ഥം. ഇറാനില്‍ ഔദ്യോഗിക, അനൗദ്യോഗിക തലങ്ങളില്‍ ഉന്നത പദവി അലങ്കരിക്കുന്ന പലരുടെയും പേരിനൊപ്പം മുല്ല എന്ന് ചേര്‍ത്ത് കാണാം. മുല്ലാ നസ്‌റുദ്ദീന്‍ കഥകള്‍ വായിക്കാത്ത മലയാളികള്‍ ചുരുക്കം. വടക്കന്‍ കേരളത്തില്‍ മൊല്ലാക്കയെ സീതിയെന്നും വിളിച്ചിരുന്നു.
ഗുരുനാഥന്മാരെ ആദ്യകാലത്ത് മൊല്ല, മൊല്ലാക്ക എന്നും ഇപ്പോള്‍ മുഅല്ലിം, ഉസ്താദ് എന്നും വിളിക്കുന്നു. മലബാറിലെ മൊല്ലമാര്‍ അറബി-മലയാള രചനകളും പ്രാഥമിക കിതാബുകളും പഠിച്ചവരാണ്. അധ്യാപകന്‍, സാഹിത്യകാരന്‍, ദല്ലാള്‍, നാട്ടുമധ്യസ്ഥന്‍, നിമിഷകവി, വൈദ്യന്‍, മുക്രി, ഇമാം തുടങ്ങിയ പല വേഷങ്ങളും അവര്‍ കൈകാര്യം ചെയ്തിരുന്നു. സാധാരണക്കാരുമായി കൂടുതല്‍ ബന്ധം മൊല്ലാക്കമാര്‍ക്കാണ്. നികാഹ് വേളകളില്‍ ഖുതുബ ഓതല്‍ അധികവും മുക്രി പദവി അലങ്കരിക്കുന്ന പഠിച്ച മൊല്ലാക്കമാരാണ്.
മുസ്‌ലിയാര്‍മാരും മുദരിസുമാരും കിതാബു (മതഗ്രന്ഥം)കളില്‍ പ്രാവീണ്യം നേടിയ പണ്ഡിതന്‍മാരാണ്. ചില മഹല്ലുകളിലെ അവസാനവാക്ക് മുസ്‌ലിയാര്‍മാരുടെയും, മുദരിസുമാരുടേതുമായിരുന്നു. സ്‌കൂളുകളില്‍ മൊല്ലാസാര്‍ എന്നും മൊല്ലാടീച്ചറെന്നും ആദരപൂര്‍വ്വം വിളിച്ചിരുന്ന ഇവരുടെ മാതൃകാപരമായ സേവനം പഠിതാക്കളുടെ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന ഇന്നത്തെ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അനുകരണീയ മാതൃകയാണ്.
ഓത്തുപള്ളി മേഖലയിലും, പള്ളിക്കൂട രംഗത്തും പൊന്നാനിയിലും പരിസരത്തും സ്തുത്യര്‍ഹമായ സേവനം അര്‍പ്പിച്ച നിരവധി ഗുരുവര്യരുണ്ട്. ഹജ്ജ് പെരുന്നാള ിനോടനുബന്ധിച്ച് കയ്യെഴുത്ത് ചടങ്ങിലൂടെ വര്‍ഷങ്ങളായി ഹാജി മൂച്ചിക്കല്‍ അബ്ദുറഹ്മാന്‍കുട്ടി മുസ്‌ലിയാര്‍, ഉസ്മാന്‍ സഖാഫി അല്‍ കാമിലി തുടങ്ങി നാമമാത്ര ഉസ്താദുമാര്‍ ഓത്തുപള്ളി പൈതൃകം തനിമ ചോരാതെ ഇപ്പോഴും ഇവിടെ നിലനിര്‍ത്തിപ്പോരുന്നുണ്ട്.
1921 ലെ മലബാര്‍ കലാപത്തിന് കാരണം മലബാറിലെ മാപ്പിളമാരുടെ വിദ്യാഭ്യാസമില്ലായ്മായിരുന്നുവെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ വിലയിരുത്തല്‍. അതുകൊണ്ട് മുസ്‌ലിംകളെ വിദ്യാസമ്പന്നരാക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു. തുടര്‍ന്ന് മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസം വ്യാപിപ്പിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഓത്തുപള്ളികളില്‍ ചിലത് മാപ്പിള സ്‌കൂളുകളാക്കി അംഗീകാരം നല്‍കുകയും വാര്‍ഷിക ഗ്രാന്റായി ധനസഹായം നല്‍കുകയും ചെയ്തു. മൊല്ലാക്കമാരില്‍ ചിലര്‍ നോണ്‍ ടീച്ചിങ്ങ് സ്റ്റാഫായും രണ്ട് വര്‍ഷത്തെ അധ്യാപക പരിശീലനത്തിന് ശേഷം സര്‍ട്ടിഫികറ്റ് നല്‍കി അധ്യാപകരായും സര്‍ക്കാര്‍ സര്‍വീസില്‍ നിയമിതരായി.
പാലി ഭാഷാപദമാണ് പള്ളി. ബുദ്ധ-ജൈന മത വിഭാഗങ്ങളുടെ പ്രാര്‍ത്ഥനാമന്ദിരങ്ങള്‍ പള്ളി എന്നറിയപ്പെട്ടു. ജൂത-ക്രൈസ്തവ-മുസ്‌ലിം മതസ്ഥരും തങ്ങളുടെ ആരാധനാലയങ്ങളെയും പള്ളിയെന്നു വിളിച്ചു. പള്ളികള്‍, വീട്ടുവരാന്തകള്‍, കെട്ടിടങ്ങളോട് ചേര്‍ത്തുകെട്ടിയ കുടിലുകള്‍ തുടങ്ങിയവയായിരുന്നു ഓത്തുപള്ളികളായുണ്ടായിരുന്നത്. ഇരിക്കാന്‍ ചെങ്കല്ലുകളും മരപ്പലകകളും ഉണ്ടായിരുന്നു. ക്രമേണ അവ മദ്‌റസകളായി രൂപപ്പെട്ടു. മുറികളും ബെഞ്ച്, ഡെസ്‌ക് സമ്പ്രദായവും ബ്ലാക്‌ബോര്‍ഡ് സിസ്റ്റവും നടപ്പില്‍വന്നു. വീടുകളുടെ കോലായകളിലും, പള്ളികള്‍, മൊല്ലാക്കമാരുടെ വീടുകള്‍, കെട്ടിടങ്ങളോട് ചേര്‍ത്ത് മുളകള്‍ നാട്ടി ഓല മേഞ്ഞ ഷെഡ്ഡുകളിലും നാലുകാലോലപ്പുരകളിലും ചെങ്കല്ലിന് മുകളില്‍ പരപ്പലകകളില്‍ ഇരുന്ന് കുട്ടികളുടെ പഠനം നടത്തിപോന്നിരുന്ന മുസ്‌ലിം ശിശു പഠനശാലകള്‍ ഓത്തുപള്ളികളെന്ന് അറിയപ്പെട്ടു. ഇവ ക്രമാനുഗതമായി മദ്‌റസകളായി രൂപപ്പെട്ടതിന് ശേഷമാണ് വിവിധ ക്ലാസ് മുറികളും ബെഞ്ചും മേശയും ബ്ലാക്ക്‌ബോര്‍ഡും ചോക്കും ഉപയോഗിച്ചുതുടങ്ങിയത്.
ഓത്തുപള്ളികളില്‍ അഡ്മിഷന് നിശ്ചിത സമയം നിര്‍ണയിച്ചിരുന്നില്ല. രക്ഷിതാവിന്റെ ഹിതമനുസരിച്ച് ഏതവസരത്തിലും ചേര്‍ക്കാം. കനംകുറഞ്ഞ മരപ്പലക (ലൗഹ്)യില്‍ ചെകിടി മണ്ണ് കുറുക്കിപ്പുരട്ടി ഉണക്കി, ഖലമ് (എഴുത്തുകോല്‍) അറബിമഷിയില്‍ മുക്കി എഴുതികൊടുത്താണ് പാഠഭാഗങ്ങള്‍ ആരംഭ ഘട്ടത്തില്‍ പഠിപ്പിച്ചിരുന്നത്. ഓരോ കുട്ടിക്കും പാഠഭാഗങ്ങള്‍ എഴുതിക്കൊടുത്തും പഠിപ്പിച്ചും പരിശോധിച്ചും തെറ്റുകള്‍ തിരുത്തിയും മൊല്ലാക്കമാര്‍ അധ്യാപനത്തില്‍ വ്യാപൃതരായിരുന്നു. ചിലയിടങ്ങളില്‍ ആക്ടിങ്ങായി ഈ ചുമതല മൊല്ലാക്കമാരുടെ സഹധര്‍മിണികളും എറ്റെടുത്തു.
പഠനസമയം രാവിലെ മുതല്‍ വൈകുന്നേരം വരെ തുടര്‍ന്നിരുന്ന പ്രദേശങ്ങളുമുണ്ടായിരുന്നു. സര്‍ക്കാര്‍ എലിമെന്ററി സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അത്തരം വിദ്യാലയങ്ങളില്‍ മുസ്‌ലിംകളധികവും കുട്ടികളെ ചേര്‍ത്തില്ല. ആ സമയം കൂടി ഓത്തുപള്ളികളില്‍ തന്നെ വിനിയോഗിച്ചു. പ്രൈമറി വിദ്യാഭ്യാസം സര്‍ക്കാര്‍ സാര്‍വത്രികമായി നിര്‍ബന്ധമാക്കിയ പ്രദേശങ്ങളില്‍ പഠന സമയം രാവിലെ പത്ത് മണി വരെ നിജപ്പെടുത്തി. പള്ളി വിടുന്നതിന് അല്‍പം മുമ്പായിരിക്കും ഓരോ ദിവസത്തെയും പഠനത്തിന്റെ മൊത്തം ആവര്‍ത്തനമായ പഠിച്ചോത്ത്. ഖുര്‍ആനിലെ പഠിച്ച ഭാഗങ്ങള്‍ ഓരോ കുട്ടിയും ഓതിക്കൊടുക്കുന്ന സമയത്ത് മറ്റു പഠിതാക്കള്‍ ഏറ്റുചൊല്ലുന്ന രീതിയാണ് പഠിച്ചോത്ത്. ഈ അവസരത്തിലെ കൂട്ടശബ്ദം ഫര്‍ലോങ്ങുകളുടെ ചുറ്റളവില്‍ കേള്‍ക്കാറുണ്ട്.
സ്ത്രീകള്‍ നടത്തിയിരുന്ന ഓത്തുപള്ളികളുണ്ടായിരുന്നു. ഇവ അധികവും വീടുകളിലെ കോലായകളിലായിരുന്നു. ഇവിടങ്ങളില്‍ മാല, മൗലൂദ്, കിസ്സപ്പാട്ടുകള്‍ എന്നിവ അധിക പഠന വിഷയങ്ങളായിരുന്നു. അധ്യാപികയെ ഉസ്താദ്, മൊല്ലാത്തി, മൊല്ലാച്ചി എന്ന് ആദരപൂര്‍വം വിളിച്ചു. പൊന്നാനിക്ക് പുറമെ തിരൂരങ്ങാടി, പറവണ്ണ, വെളിയങ്കോട്, ആലപ്പുഴ, അമ്പലപ്പുഴ തുടങ്ങിയ മുസ്‌ലിം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പെണ്‍ ഓത്തുപള്ളികള്‍ അധികവും. പാത്താവുമ്മ, റുഖിയാബീവി, ഉസ്താദ് കുഞ്ഞാമിന, ഉസ്താദ് ആയിശാത്ത, എച്ച്. ഫാത്തിമ, ഉസ്താദ് സൈനബ തുടങ്ങിയവര്‍ വിവിധനാടുകളില്‍ ഈ രംഗത്ത് പ്രസിദ്ധി നേടിയവരായിരുന്നു. മൊല്ലാക്കമാരെ പോലെ തന്നെ ചില മൊല്ലാത്തികളും പ്രദേശത്തെ വീടുകളില്‍ ഖത്തം ഓതാനും, മാല, മൗലൂദ് പാരായണത്തിനും പോയിരുന്നു. പഠനത്തിന് പല രീതികളും പ്രചാരത്തിലുണ്ടായിരുന്നു.
ആറ് മുതല്‍ പതിനാറു വയസുവരെയാണ് അധികവും പ്രായപരിധി. കുട്ടികള്‍ എത്രയായാലും അധ്യാപകന്‍ ഒന്ന് മാത്രം. എല്ലാവര്‍ക്കും ദിവസവും പാഠം മാറ്റിക്കൊടുക്കണം. മുമ്പത്തെ പാഠം പരിശോധിച്ചതിനുശേഷം ചെറിയവര്‍ക്ക് പലകയില്‍ എഴുതിയും മുതിര്‍ന്നവര്‍ക്ക് ഖുര്‍ആന്‍ മാറ്റി ഓതിയും കൊടുക്കും. മിക്കയിടത്തും ഖുര്‍ആന്‍ മാത്രമേ പഠിപ്പിക്കുകയുള്ളൂ.
സൂറത്തുന്നാസു മുതല്‍ മുകളിലോട്ട് ‘അമ്മ’ ജുസ്അ് പലകയില്‍ എഴുതിക്കൊടുത്താണ് അധികവും പഠിപ്പിക്കുക. അതിന് ശേഷമേ മുസ്ഹഫ് എടുക്കുകയുള്ളു. ഫാതിഹ, അല്‍ഖാരിഅ, സബ്ബിഹിസ്മ, അമ്മ ഇവയുടെയെല്ലാം തുടക്കം ഓരോ സ്റ്റേജായി കണക്കാക്കപ്പെടും. ഈ തുടക്കങ്ങള്‍ക്കെല്ലാം ഉസ്താദിന് കാശ് കൈമടക്കിയിരുന്നു. ഇത്ര കൊടുക്കണമെന്ന് വ്യവസ്ഥയില്ല. ചിലരുടെ വീടുകളില്‍ ‘ചൊല്ലിക്കല്‍’ ചടങ്ങ് നടത്തും. –അന്ന് അടുത്ത കുടുംബങ്ങളെല്ലാം വീട്ടില്‍ വന്നുകൂടും. നല്ല ആഹാരവും ഉണ്ടായിരിക്കും. ഉസ്താദിന് കൊടുക്കേണ്ട കാശ് എല്ലാവരും പങ്കിട്ടെടുത്ത് ഒപ്പിക്കും. അതില്‍ സ്ത്രീകളും പങ്കെടുക്കും. അത് ചിലപ്പോള്‍ ഒരു നല്ല തുക തന്നെയുണ്ടാകും. ചില ഉസ്താദുമാര്‍ക്ക് മിക്ക രാത്രികളിലും ചൊല്ലിക്കല്‍ ഉണ്ടാകും. ആദ്യമായി അറബി അക്ഷരങ്ങളുടെ പേരാണ് പഠിപ്പിക്കുക. ഉച്ചാരണം മിക്കവാറും മലയാളത്തിലായിരിക്കും ഉദാ: അലിപ്പ് , ഖാപ്പ്, കേപ്പ്.
അലിഫിന് അ-അ, അലിഫിന് ഇ-ഇ, അലിഫിന് ഉ-ഉ, ബാക്ക് ബ-ബ, ബാക്ക് ബി-ബി, ബാക്ക് ബു-ബു, താക് ത-ത, താക് തി-തി, താക് തു-തു, ജീമന്‍ ജ-ജ, ജീമന്‍ ജി-ജി, ജീമന്‍ ജു-ജു. അലിഫിന് പുള്ളിയില്ല, ബാക്കൊരു പുള്ളി താഴെ, താക്ക് രണ്ടു പുള്ളി മേലെ, ‘സാ’ക്ക് മൂന്ന്പുള്ളിമേലെ, ജീമിനു ഒരു പുള്ളി താഴെ, യാക്ക് രണ്ടു പുള്ളി താഴെ, അലിഫിന് ഫത്ഹ് അ, അലിഫിന് കസറ് ഇ, അലിഫിന് ളമ്മ് ഉ, ബാക്ക് ഫതഹ് ബാ, ബാക്ക് കസറ് ബി, ബാക്ക് ളമ്മ് ബു തുടങ്ങിയ പ്രയോഗങ്ങളിലൂടെ വായിച്ച് ഓതിയായിരുന്നു അറബി അക്ഷരങ്ങളും കൂട്ടിയെഴുത്തും വാചകങ്ങളും പാഠഭാഗങ്ങളും പഠിപ്പിച്ചിരുന്നത്. വായിച്ചോത്ത് പൂര്‍ത്തിയായാലാണ് ഖൂര്‍ആന്‍ പഠനാരംഭം. പഠനത്തിന് ഏകീകൃത രീതിയോ സിലബസോ ഇല്ലായിരുന്നു.
ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന സൂക്തം ഓതിപ്പഠിച്ചിരുന്ന രീതിയുടെ ഒരുദാഹരണം ഇങ്ങനെ. ‘ബാക് ബീ സീന് കെട്ടു ബിസ്, മീമന്‍ മീ-ബിസ്മി, ലാമിന് സെദ്ദ് ലാമന്‍ ലാ ഐകഹി-ല്ലാഹി, റാക് സെദ്ദും റകറ ഹാകെട്ട്-റഹ്, മീമ് മാ നൂനി- മാനി, റാക്ക് സെദ്ദും റാക്ക്‌റ ഐകഹി റഹ് മീമന്‍മി-റഹീം’.’ഖുര്‍ആനിലെ ചെറിയ അധ്യായങ്ങളും ഈ രീതിയില്‍ പഠിപ്പിച്ചിരുന്നു. പുള്ളിയില്ലാത്ത അക്ഷരങ്ങള്‍, പുള്ളിയുള്ളവ, ഹ്രസ്വ ദീര്‍ഘങ്ങള്‍, അകാരം, ഇകാരം, ഉകാരം ചേര്‍ത്തുള്ള പ്രയോഗങ്ങള്‍ എന്നിങ്ങനെയായിരുന്നു അക്ഷര പഠനം.
ഹൈന്ദവ തറവാടുകളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ എഴുത്താശാന്‍മാരെയും ഗുരുക്കന്മാരെയും നിയോഗിച്ചിരുന്നതു പോലെ മുസ്‌ലിം തറവാടുകളില്‍ മൊല്ലാമാരെയും മൊല്ലാത്തിമാരെയും നിയമിച്ചു. ഗുരുനാഥ (മൊല്ലാത്തി)കളുടെ നേതൃത്വത്തില്‍ വീടുകളിലും ഈ സമ്പ്രദായം തുടര്‍ന്നു. ബഹുഭൂരിപക്ഷം പെണ്‍കുട്ടികളെയും കൂടിയാല്‍ പത്തുവയസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഓത്തുപള്ളി, സ്‌കൂള്‍ പഠനങ്ങള്‍ നിര്‍ത്തി അന്യപുരുഷന്മാര്‍ക്ക് കാണാന്‍ കഴിയാത്ത വിധത്തില്‍ വീട്ടിനകത്ത് തന്നെ പാര്‍പിക്കും. ഈ സമ്പ്രദായത്തെ അകം അടക്കല്‍ എന്നാണ് പറയാറ്.
ഖുര്‍ആനും ഇസ്‌ലാമിക വിജ്ഞാനവും അഭ്യസിച്ച യുവതികള്‍ക്ക് വിവാഹാലോചന വേളകളില്‍ പ്രത്യേക പരിഗണന ലഭിച്ചു. ആശാന്മാര്‍ക്ക് നല്‍കിയിരുന്നത് പോലെ തത്തുല്യമായ പ്രതിഫലം മൊല്ലമാര്‍ക്കും നല്‍കി. ഫാതിഹ, അമ്മ, തബാറക, യാസീന്‍ എന്നീ സൂറത്തുകള്‍ ആരംഭിക്കുമ്പോഴും പഠിതാവിന്റെ കല്യാണത്തിനോടനുബന്ധിച്ച് ഖുര്‍ആന്‍ പഠന പുര്‍ത്തീകരണ സൂചകമായി ഖതം തീര്‍ക്കുമ്പോഴും ആണ്ട് ദിവസങ്ങളിലും ചില പ്രത്യേക മാമൂലുകളും എം.എസ്. വെള്ളത്തുണിയും തൂവെള്ള ഓയില്‍ തട്ടവും മറ്റും നല്‍കി. സാമ്പത്തിക ശേഷിയനുസരിച്ച് ചില വീടുകളില്‍ നിന്ന് അരിയും തേങ്ങയും ഒന്നുമുതല്‍ അഞ്ച് വരെ പറനെല്ലും കാണിക്കയായി ലഭിച്ചിരുന്നു.
ഓത്തുപള്ളിയിലെയും മാപ്പിള സ്‌കൂളുകളിലെയും പഠനങ്ങള്‍ ആരംഭിച്ചിരുന്നത് ഫാതിഹയും ദുആ (പ്രാര്‍ത്ഥന)യും ചൊല്ലിക്കൊണ്ടായിരുന്നു. ഓത്തുപള്ളി പഠനം കഴിഞ്ഞാല്‍ ദര്‍സുകളില്‍ ചേര്‍ന്ന് പത്ത് കിത്താബിലെ മുതഫരിദ് ഓതിക്കൊണ്ടായിരുന്നു ഉപരിപഠനത്തിന്റെ ആരംഭം. ഉയര്‍ന്ന കിതാബുകള്‍ ഓതിപ്പഠിച്ച പണ്ഡിതകളായ മഹതികള്‍ പല തറവാടുകളിലും ഉണ്ടായിരുന്നു. തന്മൂലം കുടുംബ സംസ്‌കരണത്തിന് ഇത് കാരണമായി. ഇത്തരം പല മഹതികളെയും പണ്ഡിതരായ മുസ്‌ലിയാക്കന്മാര്‍ വിവാഹം ചെയ്ത് പണ്ഡിത പരമ്പരയ്ക്ക് ആരംഭം കുറിച്ചു.
ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ചുള്ള സംഖ്യയാണ് പ്രതിഫലമായി നല്‍കാറ്. യാതൊരു പ്രതിഫലവും ലഭിച്ചില്ലെങ്കിലും നിസ്വാര്‍ത്ഥമായി അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി പഠിപ്പിച്ചിരുന്ന ഗുരുനാഥന്‍മാരും വിരളമല്ല.
ഓത്തുപള്ളിയില്‍ പഠിച്ച മിക്ക പെണ്‍കുട്ടികള്‍ക്കും അറബി മലയാളം നന്നായി അറിയാം. ഈ ഭാഷയില്‍ എഴുതിയ ഒട്ടനവധി മത ഗ്രന്ഥങ്ങളും നോവലുകളും വൈദ്യഗ്രന്ഥങ്ങളും മാസികകളും ഉണ്ടായിരുന്നു. ശ്രുതി മധുരമായ മാപ്പിളപ്പാട്ടുകളെല്ലാം തന്നെ ഈ ലിപിയിലാണ്. അറബിമലയാളത്തില്‍ മലബാറിലെ മുസ്‌ലിംസ്ത്രീകളുടെ സാക്ഷരതാനിരക്ക് 95 ശതമാനത്തോളം വരും. മാപ്പിളക്കവിതകള്‍ പാടാന്‍ മാത്രമല്ല രചിക്കാന്‍ കൂടി പാടവമുള്ള മഹിളകളുണ്ടായിരുന്നു.
മുക്രി, മൊല്ല, മുഅദ്ദിന്‍, മുസ്‌ലിയാമാര്‍ എന്നിവരുടെ മക്കളും പേരക്കുട്ടികളും ഉയര്‍ന്ന മതപണ്ഡിതരായി. മറ്റു ചിലര്‍ അധ്യാപക തസ്തികയിലും ഇതര ഔദ്യോഗിക സ്ഥാനങ്ങളിലും ഉന്നതപദവികള്‍ വഹിച്ചു.
തെക്കന്‍ കേരളത്തില്‍ ഓത്തുപള്ളിയെ പള്ളിപ്പുര എന്നാണ് വിളിച്ചിരുന്നത്. വീട്ടിന്റെ കോലായയിലായിരുന്നു പള്ളിപ്പുരകള്‍ അധികവും. ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങ് നടക്കാറുണ്ടായിരുന്നു. പഠിക്കാനെത്തുന്ന കുട്ടികളെ കൈ പിടിച്ച് അരിയിലെഴുതിക്കുന്ന രീതിയും സ്വര്‍ണമോ മറ്റോ തേനില്‍മുക്കി നാക്കിലെഴുതിക്കൊടുക്കുന്ന രീതിയും മുസ്‌ലിംകളിലും അമുസ്‌ലിം വിഭാഗങ്ങളിലുമുണ്ടായിരുന്നു.
മുസ്‌ലിമേതര പള്ളിക്കൂടങ്ങളിലെ അധ്യാപന രീതിയും ഏതാണ്ട് ഇതിനോട് സമാനമായിരുന്നു. പാകത്തിന് മുറിച്ച് വൃത്തിയാക്കി ഉണക്കി, കുട്ടികള്‍ തന്നെ കൊണ്ടുവരുന്ന ഓലകളില്‍ കൂര്‍ത്ത മുനയുള്ള എഴുത്താണി, ചെറിയ ഉളി, മുള്ളന്‍ പന്നിയുടെ മുള്ള് തുടങ്ങിയവ കൊണ്ട് ആശാന്‍ എഴുതിക്കൊടുക്കുന്ന ഭാഗങ്ങള്‍ ഹൃദിസ്ഥമാക്കിയാണ് തുടര്‍പഠനം. സംസ്‌കൃതം, നാട്ടുവൈദ്യം, ജോത്സ്യം തുടങ്ങിയവയായിരുന്നു പാഠഭാഗങ്ങള്‍. പഠിച്ചുകഴിഞ്ഞ ഓലകള്‍ ചുരുളുകളാക്കി കെട്ടിവയ്ക്കും. കെട്ടുകളുടെ എണ്ണവും വലിപ്പവുമാണ് വിദ്യാഭ്യാസത്തിന്റെ മാനദണ്ഡമായി കണക്കാക്കുന്നത്. അരിയും തേങ്ങയും പലവ്യഞ്ജനങ്ങളും ആഴ്ച്ചപൈസയും കാണിക്കാപണവുമാണ് ആശാന്മാര്‍ക്ക് പ്രതിഫലമായി നല്‍കിയിരുന്നത്. ചെമ്പുതകിടുകളിലും പനയോലകളിലുമാണ് അധികവും ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നത്.
പല പ്രദേശങ്ങളിലും എഴുത്താശാന്മാരുടെയും കണക്കന്മാരുടെയും മൊല്ലാക്കമാരുടെയും കുടുംബങ്ങളിലെ വിവാഹങ്ങള്‍ നടത്തിക്കൊടുത്തിരുന്നത് നാട്ടുകാരായിരുന്നു. ജാതീയത അടക്കിവാണിരുന്ന അക്കാലത്ത് പല കുടിപ്പള്ളിക്കൂടങ്ങളിലും അവര്‍ണരായ കുട്ടികളെ മറ്റൊരിടത്ത് മാറ്റിയിരുത്തുകയും ശിക്ഷാരീതികള്‍ നടപ്പാക്കുന്ന സമയത്ത് സവര്‍ണരായ അധ്യാപകര്‍ കുട്ടികളെ അടിക്കുന്നതിന് പകരം വടികൊണ്ട് എറിയുകയുമായിരുന്നു പതിവ്. അത്രയും രൂക്ഷമായിരുന്നു അയിത്തമനോഭാവം.
ഏകാദ്ധ്യാപകരുടെ കളരികള്‍, മഠങ്ങള്‍, എഴുത്തുപള്ളിക്കൂടങ്ങള്‍, കുടിപളളിക്കൂടങ്ങള്‍, ഓത്തുപള്ളികള്‍ തുടങ്ങിയവയായിരുന്നു പ്രധാന പാഠശാലകള്‍. അവസാനത്തെ മൂന്നും ശിശുപാഠശാലകളായിരുന്നു. ഓത്തുപള്ളികളധികവും മുസ്‌ലിം കേന്ദ്രങ്ങളിലായിരുന്നു.
ടി.വി. അബ്ദുറഹ്മാന്‍കുട്ടി
You must be logged in to post a comment Login