സ്ത്രീയുടെ സൗന്ദര്യത്തെയും വ്യക്തിത്വത്തെയും പൂര്‍ണമായും മാനിക്കുന്നുണ്ട് ഇസ്‌ലാം. ഇസ്‌ലാമില്‍ വിശ്വസിക്കുന്ന ഒരു സ്ത്രീ അവളുടെ ശരീരം മുഴുവന്‍ മറക്കുന്നുവെന്നത് അവളുടെ വിശ്വാസത്തിന്റെ താല്‍പര്യമാണ്. ആ വിശ്വാസം അവള്‍ സ്വയമേ അംഗീകരിച്ചു സ്വീകരിച്ചതാകയാല്‍ അതില്‍ തരംതാഴ്ത്തലിന്റെ/ അടിച്ചമര്‍ത്തലിന്റെ പ്രശ്‌നമുദിക്കുന്നില്ല. സ്വയം സുരക്ഷിതയായിരിക്കാന്‍ അവള്‍ക്കവകാശമുണ്ട്. ആ അവകാശം മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കാത്ത വിധം വിനിയോഗിക്കാന്‍ അവള്‍ക്ക് മാത്രം സ്വാതന്ത്ര്യമില്ലാതിരിക്കുന്നതെങ്ങനെ?
പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ കുത്തൊഴുക്കില്‍ പെട്ടവരാണ് മുസ്‌ലിം സ്ത്രീയുടെ മാന്യവേഷം പ്രശ്‌നവത്കരിക്കുന്നത്. മുസ്‌ലിം സ്ത്രീക്ക് അവളുടെ വേഷം ധര്‍മാനുസാരിയായ വിശാല ജീവിതത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. എന്നാല്‍ ഇപ്പറഞ്ഞ കുത്തൊഴുക്കില്‍ പെട്ടവര്‍ക്ക് ആ വേഷം ലോകത്തിലേറ്റം കാതലായ വിഷയമാണ്. പടിഞ്ഞാറന്‍ സംസ്‌കാരത്തിന്ന് ലോകമൊന്നാകെ സ്വന്തമാണ് എന്നൊരു ധിക്കാരമുണ്ട്. അവരെല്ലാം അറിയുന്നവരും മറ്റുള്ളവര്‍ ഒന്നും അറിയാത്തവരും. അധിനിവേശത്തിന്റെ വിശുദ്ധന്യായം തന്നെ അതാണ്. ആ ന്യായം വെച്ചാണ് അതിന്റെ ആരാധകര്‍ മറ്റുള്ളവരുടെ എടുപ്പിലും നടപ്പിലും ഭക്ഷണത്തിലും കിടപ്പറയിലും വരെ ഇടപെടുന്നത്. കോളനീകരിക്കപ്പെട്ട മനസാണ് അവരുടേത്. ആ മനസാണ് മറ്റുള്ളവരുടെ പരിധിയില്‍ കൈകടത്തുന്നത്. അത്തരക്കാര്‍ക്ക് വഴങ്ങുന്നവരും കോളനീകരിക്കപ്പെട്ട മനസുള്ളവര്‍ തന്നെ.
* * *
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജില്‍ പെരുന്നാളവധി കഴിഞ്ഞ് ക്ലാസാരംഭിക്കുന്ന ദിവസം. ഹിജാബണിഞ്ഞു ഞാന്‍ കാമ്പസില്‍ കയറി. ഒരുപാട് കണ്ണുകള്‍ എന്നെ തന്നെ നോക്കി. നേരത്തെയെത്തിയതിനാല്‍ ക്ലാസ് റൂമില്‍ കയറി. പലരും പലതും ചോദിച്ചു: ഇവള്‍ക്കിന്നെന്തുപറ്റി, പുതിയ മാറ്റങ്ങള്‍, നന്നാവാന്‍ തീരുമാനിച്ചോ, അതോ ആരുടെയെങ്കിലും നിര്‍ബന്ധമാണോ? എന്നിങ്ങനെ. എനിക്ക് തിരിച്ചു നല്‍കാനുണ്ടായിരുന്നത് പുഞ്ചിരി മാത്രം. ഇസ്‌ലാമില്‍ അത് മഹത്തായ ദാനമാണല്ലോ. ഈ വേഷം ഞങ്ങള്‍ക്കുമാവാം എന്ന് അവരാരും വിചാരിച്ചതായി തോന്നിയില്ല. ഇതൊക്കെയാണെങ്കിലും ഞാന്‍ ഒറ്റപ്പെടുകയായിരുന്നില്ല, പരിഗണിക്കപ്പെടുകയായിരുന്നു. ഹിജാബിലായിരുന്നാലും എന്റെ അഭിപ്രായങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും കൂടെയുള്ളവരും അല്ലാത്തവരും നല്‍കുന്ന അംഗീകാരം എന്നെ ഹഠാദാകര്‍ഷിച്ചു. മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി എനിക്ക് ബഹുമാനം ലഭിച്ചു. മറ്റാരെയും പോലെ കാമ്പസിലെ ഏതൊരാക്ടിവിറ്റിയിലും ഞാനും പങ്കു ചേര്‍ന്നു.
ഒരിക്കല്‍ ഒരൊഴിവുനേരത്ത് എന്റെ ഹിജാബ് ചര്‍ച്ചാ വിഷയമായി. നല്ല അഭിപ്രായങ്ങള്‍ ധാരാളം വന്നു. എന്നാല്‍ ഒരു അഭിപ്രായം എന്നെ മുറിവേല്‍പിച്ചു: ഹിജാബ് ശരിയല്ല, അതിലൊരു കള്ളലക്ഷണമുണ്ട്. അവര്‍ക്ക് എല്ലാവരെയും കാണാം. നമുക്ക് അവരെ കാണാന്‍ പാടില്ല- ഇതായിരുന്നു ആക്ഷേപം നിറഞ്ഞ ആ അഭിപ്രായം. എന്റെ മനസുവേദനിച്ചു. എന്നാലും ഇതെനിക്ക് തുറന്നു സംസാരിക്കാനുള്ള ഒരവസരം തന്നു. ഞാന്‍ ക്ലാസില്‍ എഴുന്നേറ്റുനിന്നു. ‘നിങ്ങളുടെ ഉള്ളില്‍ കുടികൊള്ളുന്ന ഇത്തരം തെറ്റിദ്ധാരണകള്‍ വെറുതെ തോന്നുന്നതാണ്. ആരോ പറഞ്ഞത് നിങ്ങള്‍ ഏറ്റെടുക്കുകയാണ്. ഒരുദാഹരണം പറയാം. ഞാന്‍ ഒരാള്‍ക്കൂട്ടത്തിനിടയിലൂടെ പോവുന്നു എന്ന് വിചാരിക്കുക. അവിടെ എന്റെ കണ്ണുകളെ എനിക്ക് നിയന്ത്രിക്കാനാകും. പക്ഷേ അവിടെ എന്റെ നേരെ നോക്കുന്ന അനേകം കണ്ണുകള്‍ ഉണ്ടാകാം. അവയെ എനിക്കെങ്ങനെ നിയന്ത്രിക്കാന്‍ പറ്റും? സാധിക്കില്ല. ആ അനേക നോട്ടങ്ങളില്‍നിന്ന് എന്റെ ഒരേയൊരു രക്ഷാകവചമായി ഞാന്‍ ഹിജാബിനെ കണക്കാക്കുന്നു.’ അവര്‍ക്കാര്‍ക്കും മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല.
എന്റെ പ്രിയപ്പെട്ട കാമ്പസ് കൂട്ടുകാരികള്‍ മനസ്സിലാക്കേണ്ടത് ഇത്രയുമാണ്: ശരീരം മുഴുവന്‍ മറക്കുക എന്നത് നമ്മുടെ സുരക്ഷയാണ്. ഹിജാബിനെ വിശദീകരിക്കുന്ന ഖുര്‍ആന്‍ അക്കാര്യം അവസാനിപ്പിക്കുന്നത് ‘അതില്‍ നിങ്ങള്‍ക്ക് സുരക്ഷയുണ്ട്’ എന്ന് പറഞ്ഞുകൊണ്ടാണ്. ഒരാളുടെ വസ്ത്രധാരണ രീതി അവരുടെ വ്യക്തിത്വത്തെയാണ് എടുത്തുകാണിക്കുക. കാമ്പസുകളില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഒരു മുസ്‌ലിം വിദ്യാര്‍ത്ഥിനിക്കും സ്വന്തം വളര്‍ച്ചയിലും പുരോഗതിയിലും തടസം നേരിടേണ്ടിവരില്ല. അവള്‍ കൂടുതല്‍ കംഫര്‍ട്ടാവുകയാണ് ചെയ്യുക. വഴിയോരങ്ങളില്‍, ഭ്രാന്ത് പിടിച്ച കണ്ണുകളില്‍നിന്ന്, ഒളികാമറകളില്‍നിന്ന് അവള്‍ സുരക്ഷിതയായിരിക്കും. പ്രലോഭനങ്ങളും പ്രകോപനങ്ങളുമാണ് നമ്മെ വഴിതെറ്റിക്കുന്നത്. എന്നാല്‍ ഹിജാബണിഞ്ഞ വനിത ഒരാളെ പ്രലോഭിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്നില്ല. തന്റേതായ ലോകത്തവള്‍ പൂര്‍ണ സ്വതന്ത്രയാണ്, സന്തുഷ്ടയാണ്.
സ്ത്രീ പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും കൊണ്ട് പൊറുതിമുട്ടിയ ലോകത്താണ് നാം വസിക്കുന്നത്. അതിപ്രശസ്തരായ സ്ത്രീകള്‍ക്കുപോലും രക്ഷയില്ല. ഈ സന്ദര്‍ഭത്തില്‍ നാം കെണിവലകളില്‍ വീഴരുത്. പ്രലോഭനങ്ങളുടെ ഇരയാവരുത്. വിധേയയാവുകയും ചെയ്യരുത്. തല ഉയര്‍ത്തിപ്പിടിച്ച് മാന്യവസ്ത്രമണിഞ്ഞ് നാം നമ്മുടെ വഴിക്ക് സഞ്ചരിക്കുക. അതിലൂടെ നമുക്ക് നമ്മെത്തന്നെയും നമ്മുടെ ആദര്‍ശബോധത്തെയും രക്ഷിക്കാം. ആദ്യ ചിന്തയില്‍ മാന്യമായ വേഷം സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി പലര്‍ക്കും തോന്നാനിടയുണ്ട്. ശരിക്ക് അനുഭവിക്കുമ്പോള്‍ അതാണ് മാന്യതയുടെ മഹത്തായ സംസ്‌കാരം. ഹിജാബിന്റെ സംസ്‌കാരിക സ്വാതന്ത്ര്യത്തിലേക്ക് കടന്നുവരാന്‍ ഒരിക്കല്‍കൂടി നിങ്ങളെ ഞാന്‍ വിളിക്കട്ടേ…
മാജിദ ടി.പി
You must be logged in to post a comment Login