ഒരു വിശിഷ്ടാതിഥിയുടെ പ്രതിസന്ധി

ഒരു വിശിഷ്ടാതിഥിയുടെ പ്രതിസന്ധി

ആലപ്പുഴയിലെ ഒരു കോളജ് യൂണിയന്‍ ഉദ്ഘാടനത്തിന് പോകാമോ എന്ന് സംവിധായകന്‍ നിസാറാണ് ചോദിച്ചത്. സമ്മതിച്ചു. ജങ്കാറില്‍ കയറിവേണം അവിടെയെത്താന്‍. ജങ്കാര്‍ സര്‍വീസ് നടത്തുന്ന സ്ഥലം വരെ മൈക്ക് വച്ചിട്ടുണ്ട്. ബഹളത്തിന്റെ അലയൊലികള്‍ കേള്‍ക്കാം. കോളജിലെത്തിയപ്പോള്‍ വന്‍ കൂവലോടെയാണ് ഞാന്‍ സ്വീകരിക്കപ്പെട്ടത്. വേദിയില്‍ കയറിയിരിക്കുമ്പോഴും കൂവല്‍ അവസാനിച്ചില്ല. പ്രിന്‍സിപ്പലച്ചന്‍ വളരെ സൗമ്യമായി പറഞ്ഞിട്ടും രക്ഷയില്ല. സ്വാഗത പ്രസംഗകന്‍ എന്റെ പേര് പരാമര്‍ശിച്ചപ്പോള്‍ കൂവല്‍ ഇരട്ടിയായി. പരിപാടി അവസാനിപ്പിച്ച് തിരിച്ചുപോന്നാലോ എന്ന് പലവട്ടം ആലോചിച്ചു. വിളക്ക് കൊളുത്തിയശേഷം പ്രസംഗിക്കാതെ പോരാമെന്നാണ് കരുതിയത്.
”പ്രസംഗിച്ചശേഷം വിളക്കുകൊളുത്താം”

തൊട്ടടുത്തിരുന്ന പ്രിന്‍സിപ്പലച്ചന്‍ പറഞ്ഞു. അതോടെ ഞാന്‍ തീരുമാനം മാറ്റി. പതുക്കെ മൈക്കിനടുത്തു ചെന്നു. കൂവലിന്റെ തോത് ഉച്ഛസ്ഥായിയിലായി. ഞാന്‍ പ്രസംഗിക്കാന്‍ തുടങ്ങിയാല്‍ അവരെന്നെ കൂവിത്തോല്‍പ്പിക്കും. പ്രസംഗം വെറും അധരവ്യായാമം മാത്രമാവും. അതിനാല്‍ ഒറ്റ വഴിയേ മുമ്പിലുള്ളൂ. തിരിച്ച് അതേ രീതിയില്‍ ഞാനും കൂവുക. ഒട്ടും താമസിച്ചില്ല. മൈക്കിലൂടെ ഞാന്‍ ഉച്ചത്തില്‍ കൂവി. പെട്ടെന്ന് വിദ്യാര്‍ഥികളുടെ കൂവല്‍ നിലച്ചു. ചെറിയൊരു നിശ്ശബ്ദത. ആ സ്‌പേസില്‍ ഞാന്‍ സംസാരിച്ചു.

”ഞാനീ കൂവിയത് ചുറ്റുവട്ടത്തെ മൈക്ക് വച്ച സ്ഥലം വരെ കേള്‍ക്കാം. എന്നാല്‍ നിങ്ങളുടെ കൂവല്‍ ഈ ഹാളിനകത്ത് മാത്രമേ അറിയുകയുള്ളൂ. ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ എന്റെ കൂവല്‍ കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ അന്വേഷിക്കും-എന്തിനായിരിക്കാം അയാള്‍ കൂവിയതെന്ന്. അതിനുവേണ്ടിത്തന്നെയാണ് ഞാന്‍ കൂവിയത്.”
വിദ്യാര്‍ഥികള്‍ നിശ്ശബ്ദതയോടെ കേട്ടിരിന്നു. ഞാന്‍ തുടര്‍ന്നു.

”ഈ പണിയൊക്കെ കഴിഞ്ഞാണ് ഞാനും വരുന്നത്. രാഷ്ട്രീയപ്രവര്‍ത്തനമടക്കമുള്ള കാര്യങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് ഇവിടംവരെയെത്തിയത്. അല്ലാതെ ഒരു ദിവസം രാവിലെ എഴുന്നേറ്റ് സിനിമാനടന്‍ എന്ന ലേബല്‍ ഒട്ടിച്ച ആളല്ല ഞാന്‍. അതുകൊണ്ടുതന്നെ ഇതിനേക്കാള്‍ മോശമാകാന്‍ എനിക്കു പറ്റും. യാതൊരു മടിയുമില്ലാതെ.”

പ്രസംഗം അവസാനിക്കുന്നതുവരെ ഒരു അപശബ്ദം പോലും വന്നില്ല. എന്തിനായിരുന്നു അവര്‍ കൂവിയത്? ഇക്കാര്യം ഞാനും അന്വേഷിച്ചു. നടന്‍ ബാബു ആന്റണിയുടെ ബന്ധുവായ ചെറുപ്പക്കാരനാണ് കോളജിലെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി. അവന്‍ ഇലക്ഷനില്‍ മത്സരിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു വാഗ്ദാനം നല്‍കിയിരുന്നു-ജയിച്ചാല്‍ യൂണിയന്‍ ഉദ്ഘാടനച്ചടങ്ങില്‍ ബാബു ആന്റണിയെ കൊണ്ടുവരും. എന്തോ സാഹചര്യത്താല്‍ അവനത് കഴിഞ്ഞില്ല. ബാബു ആന്റണി വന്നില്ലെങ്കിലും പകരം അതുപോലെ മുടിനീട്ടിയ എന്നെ കൊണ്ടുവന്നു. ചടങ്ങ് കഴിഞ്ഞ് കാറില്‍ കയറാന്‍നേരം കുറച്ചുപേര്‍ അടുത്തേക്കുവന്നു.

”സാര്‍ ക്ഷമിക്കണം. ഞങ്ങള്‍ കൂവിയത് സാറിനെയല്ല. ബാബു ആന്റണിയെയുമല്ല. ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയെയാണ്.”
സന്തോഷത്തോടെയാണ് അന്നവിടം വിട്ടത്. കൂവിയപ്പോള്‍ ഞാന്‍ പ്രസംഗം നിര്‍ത്തിപ്പോകുമെന്നാണ് അവര്‍ കരുതിയിരുന്നത്. അതേ നാണയത്തില്‍ തിരിച്ചുകൊടുത്തപ്പോള്‍ പ്രശ്‌നം മാന്യമായിത്തന്നെ അവസാനിച്ചു.
മറ്റൊരു സംഭവം കൂടി മനസ്സിലേക്കു വരുന്നു. ഞാനൊരു നടനെന്ന നിലയില്‍ അറിയപ്പെടാന്‍ തുടങ്ങിയ സമയം. ആലപ്പുഴയില്‍തന്നെയുള്ള മറ്റൊരു കോളജിന്റെ യൂണിയന്‍ ഉദ്ഘാടനത്തിനാണ് അന്ന് പോയത്.
നാലുവര്‍ഷം മുമ്പ് ആ കോളജില്‍ ഒരു സംഭവമുണ്ടായി. ആര്‍ട്‌സ്‌ക്ലബ് ഉദ്ഘാടനത്തിന്റെ ദിവസം പുറത്തുനിന്നുള്ള നാലഞ്ചുപേര്‍ കാമ്പസിനകത്തു കയറി ഒരു വിദ്യാര്‍ഥിയെ വെട്ടി. അതിനുശേഷം അന്നുവരെ അവിടെ ഒരു ഉദ്ഘാടനവും നടന്നിട്ടില്ല. സ്ഥിതി സംഘര്‍ഷാത്മകമാണ്. ഇക്കാര്യമൊക്കെ നേരത്തെതന്നെ സംഘാടകര്‍ സൂചിപ്പിച്ചതുമാണ്. കോളജ് ഗേറ്റില്‍ രാജന്‍.പി.ദേവിന്റെ ഡ്രൈവര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
”തിരിച്ചുപോകുമ്പോള്‍ രാജേട്ടന്റെ വീടുവരെ വരണം. കോളജില്‍ ആകെ പ്രശ്‌നമാണെന്ന കാര്യം അറിയിക്കാനും പറഞ്ഞു.”
ഡ്രൈവര്‍ മുന്നറിയിപ്പു നല്‍കി. എന്നിട്ടും എനിക്കൊട്ടും പേടിയുണ്ടായില്ല. വരുന്നിടത്തുവച്ച് കാണാമെന്ന ധൈര്യം.

കോളജിനകത്തുകയറി നടന്നിട്ടുവേണം വേദിയിലെത്താന്‍. ഞാന്‍ പതുക്കെയിറങ്ങി. കുട്ടികളുടെയും അധ്യാപകരുടെയും മുഖത്ത് ഭയം നിഴലിക്കുന്നത് കാണാം. എല്ലാവരും എന്നെ സഹതാപത്തോടെയാണ് നോക്കുന്നത്; ഇയാള്‍ക്കിതിന്റെ കാര്യമുണ്ടോ എന്ന അര്‍ഥത്തില്‍. അവിടുത്തെ അന്തരീക്ഷം കണ്ടപ്പോള്‍ പരിപാടി നടക്കുമോയെന്ന് എനിക്കും സംശയമായി. ഞാന്‍ വേദിയിലെത്തി. പ്രസംഗിച്ചു. ഒന്നും സംഭവിച്ചില്ല. പുതിയ തലമുറയിലെ പയ്യന്‍മാരെ എനിക്കു വിശ്വാസമാണ്. നമ്മള്‍ അവരോട് എങ്ങനെ പെരുമാറുന്നുവോ അതുപോലെ തന്നെയാണ് തിരിച്ചുള്ള പെരുമാറ്റവും. ഞാന്‍ അവിടെയെത്തി പരിപാടിയില്‍ പങ്കെടുക്കാതെ തിരിച്ചുപോന്നിരുന്നെങ്കില്‍ സംഘര്‍ഷത്തിന്റെ തോത് കൂടുകയേയുള്ളൂ. ചിലതൊക്കെ അങ്ങനെയാണ്. നമ്മള്‍ വിചാരിക്കുന്നതുപോലെയല്ല സംഭവിക്കുക.

മധുപാല്‍

You must be logged in to post a comment Login