ഉയരുന്ന വിലക്കും മാറുന്ന ജീവിത സാഹചര്യത്തിനുമൊപ്പം സഞ്ചരിക്കാനാണ് ജനം തയ്യാറാകേണ്ടത്. മത്സരാധിഷ്ഠിത ലോകം അത് ആവശ്യപ്പെടുന്നു. തയ്യാറല്ലാത്തവര്‍ നശിക്കുമെന്നത് ഉറപ്പ്. ശേഷിയുള്ളതേ അതിജീവിക്കൂ. സോഷ്യലിസത്തിന്റെ പരീക്ഷണശാലകള്‍ ഏകാധിപത്യത്തിന്റെ പരീക്ഷണ ശാലകള്‍ കൂടിയായിരുന്നുവെന്ന് സോവിയറ്റ് യൂനിയന്‍ മുതല്‍ ചൈന വരെ തെളിയിച്ചതാണ്. എതിരഭിപ്രായമുയര്‍ത്തി ശേഷിയാര്‍ജിക്കാതെ നിന്നവരൊക്കെ ഉന്‍മൂലനം ചെയ്യപ്പെടുകയും ചെയ്തു. മുതലാളിത്തത്തിലൂടെ സോഷ്യലിസത്തിലേക്ക് യാത്ര ചെയ്യുമ്പോഴും ഇത് തന്നെ സംഭവിക്കുന്നു. വിലക്കയറ്റം മുതലാളിത്തത്തിന്റെ ആശയപരമായ കുരുക്ക് തന്നെയാണെന്നും പ്രതിപക്ഷം വരുത്തിത്തീര്‍ക്കും പോലെ അത് വെറുമൊരു ഹര്‍ത്താല്‍ വിഭവമല്ലെന്നും ലേഖകന്‍.
രാജീവ് ശങ്കരന്‍
സോഷ്യലിസ്റ് എന്ന വാക്ക് ഭരണഘടനയുടെ അവതാരികയില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി രണ്ട് വര്‍ഷം മുമ്പ് സൂപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. രാജ്യം മുതലാളിത്ത സമ്പദ് വ്യവസ്ഥയിലേക്ക് മാറുകയും പാരതന്ത്യ്ര സമ്പദ് വ്യവസ്ഥയിലേക്ക് അതിവേഗം ചരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സോഷ്യലിസ്റ് എന്ന വാക്ക് ഭരണഘടനയില്‍ നിലനിര്‍ത്തുന്നതിന്റെ അസാംഗത്യമാകണം കോടതിയെ സമീപിക്കാന്‍ സര്‍ക്കാറിതര സംഘടനയെ (എന്‍ ജി ഒ) പ്രേരിപ്പിച്ചിട്ടുണ്ടാകുക. സോഷ്യലിസം, മതേതരത്വം, ജനാധിപത്യം എന്നീ അടിസ്ഥാന തത്വങ്ങളിലുള്ള വിശ്വാസം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കണമെന്നതാണ് 1951ലെ ജനപ്രാതിനിധ്യ നിയമത്തില്‍ പറയുന്നത്. സോഷ്യലിസത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെയും നാളിതുവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യമാക്കിയിട്ടില്ല. സോഷ്യലിസ്റ് എന്ന വാക്ക് ഭരണഘടനയില്‍ തുടരുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളൊന്നും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുമില്ല. സോഷ്യലിസ്റ് എന്ന വാക്ക് ഭേദഗതിയിലൂടെ വിളക്കിച്ചേര്‍ത്ത കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയാണ് മുതലാളിത്ത സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യത്തെ വഴിതിരിച്ചുവിട്ടത്. ആ പാര്‍ട്ടിക്ക് പോലും സോഷ്യലിസ്റ് എന്ന വാക്ക് ഭരണഘടനയില്‍ തുടരുന്നതിനോട് എതിര്‍പ്പില്ല. പിന്നെയെന്തിന് കോടതി ഇക്കാര്യത്തില്‍ ഇടപെടണം. സോഷ്യലിസം മാത്രമല്ല, നയരൂപവത്കരണത്തില്‍ ജനാധിപത്യം എന്ന തത്വവും ലംഘിച്ചാണ് കോണ്‍ഗ്രസും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറും മുന്നോട്ടുപോകുന്നത്. എന്നിട്ടും സോഷ്യലിസമെന്ന വാക്ക് ഭരണഘടനയുടെ ഭാഗമായി തുടരുന്നതില്‍ ആ പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കും അപ്രീതിയില്ലാത്തതിന് കാരണങ്ങളുണ്ട്. ജനാധിപത്യമെന്ന സങ്കല്‍പ്പത്തെ അതിലംഘിച്ചാണെങ്കില്‍പ്പോലും സോഷ്യലിസത്തിലേക്ക് തന്നെയാണ് രാജ്യത്തെ നയിക്കുന്നത് എന്ന ഉറച്ച ബോധ്യം കോണ്‍ഗ്രസിനും നേതാക്കള്‍ക്കുമുണ്ട് എന്നതാണ് കാരണം.
1991 മുതല്‍ ആരംഭിക്കുകയും ഇപ്പോഴും തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറെടുത്ത തീരുമാനങ്ങള്‍ പരിശോധിക്കാം. ഡീസലിന്റെ വില ലിറ്ററിന് അഞ്ച് രൂപ കൂട്ടിയത് വിലക്കയറ്റത്തിന് വഴിവെക്കുമെന്നത് തര്‍ക്കമറ്റ സംഗതിയാണ്. പൊതുയാത്രാ സംവിധാനങ്ങളും ചരക്ക്കടത്തും പൂര്‍ണമായും ഊര്‍ജോത്പാതനം കുറയാത്ത അളവിലും ഡീസലിനെ ആശ്രയിച്ചാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇവയുടെയെല്ലാം നിരക്കുകള്‍ സ്വാഭാവികമായി ഉയരും. അനുബന്ധമായി മറ്റെല്ലാറ്റിന്റെയും. എന്നാല്‍ ഡീസലിന്റെ ഈ വില വര്‍ധന വരാനിരിക്കുന്ന സോഷ്യലിസ്റ് ക്രമത്തിന്റെ ഘടകങ്ങളിലൊന്നാണ്. പെട്രോളിന്റെ സബ്സിഡി പൂര്‍ണമായി ഇല്ലാതാക്കിയതോടെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില്‍ക്കുന്ന അതേ വിലക്ക് പെട്രോള്‍ വിപണിയിലെത്തിക്കാന്‍ റിലയന്‍സിനും ഷെല്ലിനുമൊക്കെ സാധിച്ചു. കുറേക്കാലമായി പൂട്ടിക്കിടന്ന ഈ കമ്പനികളുടെ പമ്പുകള്‍ക്കൊക്കെ പകുതി ജീവന്‍ തിരികെ കിട്ടി. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണക്കുള്ള വിലയുടെയും കാലാകാലങ്ങളില്‍ മാറിമറിയുന്ന രൂപയുടെ മൂല്യത്തിന്റെയും അടിസ്ഥാനത്തില്‍ ഡീസല്‍ വില നിര്‍ണയിക്കുന്ന സ്ഥിതി കൂടി വരുമ്പോള്‍ (സബ്സിഡി പൂര്‍ണമായി ഇല്ലാതാക്കി, വില വര്‍ധിപ്പിക്കുമ്പോള്‍) റിലയന്‍സിനും ഷെല്ലിനുമൊക്കെ അവരുടെ ചില്ലറ വില്‍പ്പന ശാലകള്‍ പൂര്‍ണമായും സജീവമാക്കാന്‍ സാധിക്കും. ഈ സ്വകാര്യ കമ്പനികളില്‍ നിക്ഷേപം നടത്തുന്ന വിദേശ കമ്പനികള്‍ക്കും ഇന്ത്യയുടെ പൊതുമേഖലാ കമ്പനികള്‍ക്കും ഒരുപോലെ ലാഭമെടുക്കാന്‍ സാധിക്കുന്ന അവസ്ഥ സോഷ്യലിസമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്? സമസ്ഥിതിയുടെ ഈ പ്രകാശപൂരിതമായ കാലത്തേക്ക് മുണ്ടുമുറുക്കിയുടുത്ത് നീങ്ങാനാണ് മന്‍മോഹന്‍ സിംഗ് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്. വിപണി വിലക്ക് ഇന്ധനം വില്‍ക്കാന്‍ സാധിക്കുമ്പോള്‍ പൊതുമേഖലാ കമ്പനികള്‍ക്ക് സബ്സിഡിയായി നല്‍കുന്ന പണം സര്‍ക്കാറിന് ലാഭമുണ്ടാകും. അടിസ്ഥാന സൌകര്യ വികസനത്തിന് ആ പണം വിനിയോഗിക്കാം. അവിടെയെല്ലാം വിദേശ കമ്പനികളുടെ അവരുടെ മുലധനനിക്ഷേപമുള്ള കമ്പനികളോ വരും. രാജ്യത്ത് തൊഴിലവസരം വര്‍ധിക്കും. ആകെക്കൂടി സോഷ്യലിസം കൈവരിക്കുന്നതിലേക്കുള്ള പാത സുഗമമാകുകയും ചെയ്യും.
പലചരക്കിന്റെ ചില്ലറ വില്‍പ്പനയില്‍ 51 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചതും എതിര്‍ക്കപ്പെടുന്നുണ്ട്. സോഷ്യലിസത്തിലേക്കുള്ള യാത്രയിലെ സുപ്രധാന ഘടമാണിതെന്ന് തിരിച്ചറിയാതെയാണ് എതിര്‍പ്പ്. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലുമായി അഞ്ച് കോടിയിലേറെ ചില്ലറ വില്‍പ്പനക്കാര്‍ ഇപ്പോള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഇതില്‍ എത്ര കടകളില്‍ വില ഏകീകരണമുണ്ട്. കോഴിക്കോട്ടെ കഥയെടുക്കാം. പാളയം മാര്‍ക്കറ്റിലെ ചില്ലറ വില്‍പ്പന കേന്ദ്രത്തില്‍ ഒരു കിലോ സവാളക്ക് പത്ത് രൂപയാണെങ്കില്‍ നാല് കിലോമീറ്റര്‍ മാറിയുള്ള കേന്ദ്രത്തില്‍ പന്ത്രണ്ട് രൂപയായിരിക്കും വില. ഈ കൊടിയ ചൂഷണം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്. പലചരക്കുകളുടെ ചില്ലറ വില്‍പ്പനയില്‍ ആഭ്യന്തര കുത്തകകളായ റിലയന്‍സ്, ബിര്‍ള തുടങ്ങിയവ പ്രവേശിച്ചപ്പോള്‍ തന്നെ ഇതിന് ചെറിയൊരു ശമനമുണ്ടായിട്ടുണ്ട്. റിലയന്‍സിന്റെ കൊച്ചിയിലെ ശാലയിലും കോഴിക്കോട്ടെ ശാലയിലും വില ഒന്നാണ്. വിദേശനിക്ഷേപം എത്തുകയും വാള്‍മാര്‍ട്ടും കാരെഫോറുമൊക്കെ കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നതോടെ കാര്യങ്ങള്‍ കുറേക്കൂടി ഭദ്രമാകും. ഈ കമ്പനികള്‍ കര്‍ഷകരില്‍ നിന്ന് ഉത്പന്നം നേരിട്ട് ശേഖരിച്ച്, സംഭരണികളില്‍ സൂക്ഷിച്ച് (അതിനെ പൂഴ്ത്തിവെപ്പ് എന്ന് പറഞ്ഞ് ആക്ഷേപിക്കരുത്) കമ്പോളത്തിലെത്തിക്കുമ്പോള്‍ രാജ്യത്തെല്ലായിടത്തും ഒരേ വിലയായിരിക്കും. സംഭരിക്കാനും സൂക്ഷിക്കാനും ചരക്ക് കടത്താനും വേണ്ടിവരുന്ന ചെലവ് കണക്കാക്കുമ്പോള്‍ വില ഉയര്‍ന്നിരിക്കുമെന്നതില്‍ തര്‍ക്കം വേണ്ട. പക്ഷേ, രാജ്യത്തെല്ലായിടത്തും സവാളക്ക് ഒരു വിലയെന്നത് സോഷ്യലിസത്തിലേക്കുള്ള യാത്ര തന്നെയാണ്.
ഇന്‍ഷുറന്‍സ്, ബേങ്കിംഗ്, ഊര്‍ജ മേഖലകളിലെ വിദേശ നിക്ഷേപത്തിന്റെ കാര്യമെടുത്താലും സമസ്ഥിതി കൈവരിക്കുന്നതിനുള്ള ശ്രമങ്ങളിലെ ഭാവനാ സമ്പന്നത മനസ്സിലാക്കാവുന്നതേയുള്ളൂ. രാജ്യത്തെ പൌരന്‍മാര്‍ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയും ബേങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നതിനാണ് വിദേശ നിക്ഷേപം കൊണ്ടുവരുന്നത്. ഇപ്പോഴത്തെ നിലയില്‍ ജനസംഖ്യയില്‍ പകുതിയോളം പേര്‍ക്ക് മാത്രം ലഭ്യമായ സേവനങ്ങള്‍ എല്ലാവരിലേക്കുമായി എത്തിക്കുക എന്നാല്‍ സോഷ്യലിസത്തിലേക്ക് അടുക്കുക എന്നത് തന്നെയാണ്. പെന്‍ഷന്‍ ഫണ്ട് സ്വകാര്യവത്കരിച്ച് ഊഹവിപണിയില്‍ നിക്ഷേപിക്കാന്‍ സ്വാതന്ത്യ്രം നല്‍കുന്നതിനെ ചോദ്യം ചെയ്യുന്നവരും അടിസ്ഥാന പ്രശ്നങ്ങള്‍ കാണുന്നില്ല. രാജ്യത്ത് മാത്രമല്ല, പ്രമുഖ സമ്പദ് ഘടനകളിലൊക്കെ ഏറെ ചലനാത്മകമായി തുടരുന്നത് ഊഹവിപണിയാണ്. ഒരു സമ്പദ്ഘടനയുടെ ശക്തി വിലയിരുത്തുന്നത് പോലും സ്വകാര്യ ഓഹരി വിപണികളുടെ അടിസ്ഥാന പോയിന്റുകളില്‍ എത്ര ഉയര്‍ച്ചയുണ്ടായി എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് ലഭിക്കുന്ന പണം ഊഹവിപണിയില്‍ നിക്ഷേപിക്കാന്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നത് വളര്‍ച്ചക്ക് സഹായകമാകുമെന്ന് ഉറപ്പ്. സര്‍ക്കാര്‍ സര്‍വീസിലുള്ളവരാണ് ഇപ്പോള്‍ പെന്‍ഷന്‍ ആസ്വദിക്കുന്നത്. സ്വകാര്യ, അസംഘടിത മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് കൂടി ഈ ആനുകൂല്യം ലഭ്യമാക്കുക എന്നത് ഉത്തരവാദിത്വമുള്ള ഭരണകൂടത്തിന്റെ ബാധ്യതയാണ്. അതിന് വേണ്ടിയാണ് പരിഷ്കാരങ്ങള്‍. ഇത് നടപ്പാക്കുമ്പോള്‍ ഊഹവിപണിയില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ തോത് അനുസരിച്ചായിരിക്കും പെന്‍ഷന്‍. നഷ്ടമുണ്ടായാല്‍ ചിലപ്പോള്‍ പെന്‍ഷന്‍ ലഭിക്കുകയുമില്ല. എങ്കിലും എല്ലാവര്‍ക്കും പെന്‍ഷന്‍ എന്നത് സമസ്ഥിതിയുടെ അളവുകോലുകളിലൊന്നല്ലേ?
ഡീസല്‍വിലയിലെ വര്‍ധന മാത്രമല്ല, സമസ്ഥിതി ലക്ഷ്യമിട്ടുള്ള ഈ പരിഷ്കരണങ്ങളെല്ലാം വിലക്കയറ്റത്തിന് കാരണമാകും. ഉയരുന്ന വിലക്ക് ആനുപാതികമായി വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് മാര്‍ഗം. അതിനുള്ള വഴികള്‍ സര്‍ക്കാര്‍ തന്നെ തുറന്ന് നല്‍കുന്നുമുണ്ട്. കള്ളപ്പണത്തിന്റെ ഉത്പാദനത്തിനും അതിന്റെ വിദേശ ബേങ്കുകളിലെ സൂക്ഷിപ്പിനും അവസരമുണ്ട്. ആ പണം അയത്ന ലളിതമായി രാജ്യത്തേക്ക് തിരിച്ചെത്തിച്ച് വെളുപ്പിക്കുന്നതിനുള്ള മാര്‍ഗം അഴികളില്ലാത്ത ജാലകം പോലെ. അത്തരം ഇടപാടുകളില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് തോന്നി തടയിടുന്നതിന് ശ്രമമുണ്ടായാല്‍ ഉന്നതാധികാര കമ്മിറ്റികളെ നിയോഗിച്ച് പ്രശ്ന പരിഹാരമുണ്ടാക്കാന്‍ യു പി എ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണ്. ഹച്ചിസണിലെ ഓഹരികള്‍ വോഡഫോണ്‍ വാങ്ങിയത് കേമാന്‍ ദ്വീപുകളില്‍ രജിസ്റര്‍ ചെയ്ത കമ്പനികളിലൂടെയാണ്. പണമിടപാടുകള്‍ക്ക് നികുതി ഒഴിവാക്കി സൌകര്യം ചെയ്തുകൊടുക്കുന്നുണ്ട് കേമാന്‍ ദ്വീപുകള്‍. ആ സൌകര്യം പ്രയോജനപ്പെടുത്തിയെന്ന് മാത്രം. ഹച്ചിസണിലെ ഓഹരി വാങ്ങിയ വോഡഫോണ്‍ ലാഭമുണ്ടാക്കുന്നത് ഇന്ത്യയില്‍ നിന്നാകയാല്‍ കേമാന്‍ ദ്വീപിലെ ഇടപാടിന് ഇവിടെ ആദായ നികുതി നല്‍കണമെന്ന് പരിഷ്കാരങ്ങളെക്കുറിച്ച് ഒരു ചുക്കുമറിയാത്ത ന്യായാധിപന്‍മാര്‍ വിധിച്ചു. ഈ ഇടപാടില്‍ മാത്രം നികുതിയായി ലഭിക്കേണ്ടത് 11,000 കോടി രൂപയാണെന്ന് അറിഞ്ഞപ്പോള്‍ നിയമ ഭേദഗതി കൊണ്ടുവന്ന് പണം ഈടാക്കാന്‍ ധനമന്ത്രിയായിരുന്ന പ്രണാബ് മുഖര്‍ജി ശ്രമിച്ചു. സോഷ്യലിസത്തിലേക്കുള്ള പ്രയാണത്തില്‍ ഇതൊരു വിഘാതമെന്ന് തിരിച്ചറിഞ്ഞ മന്‍മോഹന്‍, ചിദംബര ദ്വയം ഭേദഗതിയെക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു. ഇത്തരം ഇടപാടുകള്‍ നടത്തേണ്ടവര്‍ക്ക് 2016 – 17 സാമ്പത്തിക വര്‍ഷം വരെ സാവകാശം നല്‍കണമെന്നും (ഭേദഗതി 2016-17ല്‍ മതിയെന്ന് ശിപാര്‍ശ) ഭേദഗതി ചെയ്യുമ്പോള്‍ മുന്‍കാല ഇടപാടുകളെ ഒഴിവാക്കണമെന്നും ശിപാര്‍ശ ചെയ്ത് സമസ്ഥിതിയിലേക്കുള്ള പ്രയാണവേഗം കാത്തു വിദഗ്ധസമിതി.
ഇത്തരം സൌകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്ത് തരുമ്പോള്‍ അതിന്റെ ഗുണഭോക്താക്കളായി ഉയരുന്ന വിലക്കും മാറുന്ന ജീവിത സാഹചര്യത്തിനുമൊപ്പം സഞ്ചരിക്കാനാണ് ജനം തയ്യാറാകേണ്ടത്. മത്സരാധിഷ്ഠിത ലോകം അത് ആവശ്യപ്പെടുന്നു. തയ്യാറല്ലാത്തവര്‍ നശിക്കുമെന്നത് ഉറപ്പ്. ശേഷിയുള്ളതേ അതിജീവിക്കൂ. ശേഷിയാര്‍ജിക്കുന്നതിന് മാര്‍ഗങ്ങള്‍ കാണിച്ച് തരുന്നുമുണ്ട്. ഊര്‍ജാവശ്യം നിറവേറ്റുന്നതിന് വിറക് പെറുക്കാന്‍ കാതങ്ങള്‍ സഞ്ചരിക്കുകയും അത് ചുമക്കുന്നതിന് അധ്വാനം ചെലവിടുകയും ചെയ്യുന്ന സ്ത്രീകളെ മുന്നില്‍ക്കണ്ട് ഗ്രാമങ്ങളില്‍ വിറകിന് കാട് വെച്ചുപിടിപ്പിക്കാമെന്ന നിര്‍ദേശം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് മുന്നോട്ടുവെച്ചത് ഈ ഉദ്ദേശ്യത്തോടെയാണ്. വിറക് പെറുക്കുന്നതിനുള്ള സമയം ലാഭിച്ചാല്‍ അത് ഉത്പാദനപരമായി വിനിയോഗിക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കും. ഗ്രാമീണ സ്ത്രീകളുടെ ഉന്നമനത്തെക്കുറിച്ച് ഇത്ര ക്രിയാത്മകമായി ചിന്തിച്ച മറ്റൊരു നേതാവ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലില്ല. ഇത്തരം നവീന സാധ്യതകള്‍ ഉപയോഗപ്പെടുത്തി അതിജീവനം സാധ്യമാക്കുകയാണ് വേണ്ടത്. സോഷ്യലിസത്തിന്റെ പരീക്ഷണശാലകള്‍ ഏകാധിപത്യത്തിന്റെ പരീക്ഷണ ശാലകള്‍ കൂടിയായിരുന്നുവെന്ന് സോവിയറ്റ് യൂനിയന്‍ മുതല്‍ ചൈന വരെ തെളിയിച്ചതാണ്. എതിരഭിപ്രായമുയര്‍ത്തി ശേഷിയാര്‍ജിക്കാതെ നിന്നവരൊക്കെ ഉന്‍മൂലനം ചെയ്യപ്പെടുകയും ചെയ്തു. മുതലാളിത്തത്തിലൂടെ സോഷ്യലിസത്തിലേക്ക് യാത്ര ചെയ്യുമ്പോഴും ഇത് തന്നെ സംഭവിക്കുന്നു. കമ്മ്യൂണിസ്റ് രീതിയില്‍ പരീക്ഷണശാലകള്‍ തുറന്നവര്‍ പലപ്പോഴും നേരിട്ടുള്ള തുടച്ചുനീക്കലിന് തയ്യാറായപ്പോള്‍ ഇവിടെ അത് ഒരു പ്രക്രിയയുടെ ഭാഗമായി, സമയമെടുത്ത് നിര്‍വഹിക്കുന്നുവെന്നേയുള്ളൂ. അതില്‍ പരിദേവനം അനാവശ്യമാകുന്നു.
ഇത്തരം നയങ്ങളിലുള്ള രോഷം കോണ്‍ഗ്രസിനോ യു പി എക്കോ അധികാരത്തിന് പുറത്തേക്കുള്ള വഴിയൊരുക്കുമെന്ന തെറ്റിദ്ധാരണ ആര്‍ക്കും വേണ്ടതില്ല. ഇന്ത്യയിലെ ഗ്രാമങ്ങളിലായി ആകെ 19 കോടി കുടുംബങ്ങളുണ്ടെന്നാണ് കണക്ക്. ഇതില്‍ 2.28 കോടിക്കേ പാചക വാതക ബന്ധമുള്ളൂ. പാചക വാതക കണക്ഷനെടുക്കാന്‍ ശേഷിയില്ലാത്തവരില്‍ ഭൂരിഭാഗവും പെട്രോളിന്റെയും ഡീസലിന്റെയും നേരിട്ടുള്ള ഉപഭോക്താവാകില്ല. ഇന്ധന വില വര്‍ധന ഗ്രാമങ്ങളിലെ ബഹുഭൂരിപക്ഷത്തെയും പ്രത്യക്ഷത്തില്‍ ദോഷകരമായി ബാധിക്കില്ലെന്ന് ഉറപ്പ്. കുറഞ്ഞ വിലക്ക് ലഭിക്കുന്ന ഉത്പന്നങ്ങള്‍ പോലും പതിവായി വാങ്ങാന്‍ ഈ വിഭാഗത്തിന് കഴിയില്ല. അതിനാല്‍ ഉത്പന്നങ്ങളുടെ കൂടിയ വിലയും ഇവരെ ബാധിക്കില്ല. സബ്സിഡിയോടെയുള്ള പാചക വാതക സിലിണ്ടര്‍ വര്‍ഷത്തില്‍ ആറായി നിജപ്പെടുത്തി, സബ്സിഡിയുടെ പരിമിത ആനുകൂല്യം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനം നിലവില്‍ കണക്ഷനില്ലാത്ത ഗ്രാമവാസികളെ കോണ്‍ഗ്രസുമായി അടുപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. അപ്പോള്‍ നേട്ടം കോണ്‍ഗ്രസിന് തന്നെ. പാചക വാതകമുള്‍പ്പെടെ ഇന്ധനങ്ങളുടെ വില വര്‍ധന ദോഷകരമായി ബാധിക്കുന്നത് നഗരവാസികളെയും കേരളം പോലുള്ള ഒരൊറ്റ നഗരമായി മാറിക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളെയുമാണ്. കോണ്‍ഗ്രസിന് സ്വാധീനമുള്ള മുംബൈ പോലുള്ള അപൂര്‍വം നഗരങ്ങളൊക്കെ പരിഷ്കരണങ്ങളെ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നതായി നേരത്തെ തന്നെ മാറിക്കഴിഞ്ഞു. ബാക്കിയുള്ളവ മിക്കവാറും ബി ജെ പിക്കൊപ്പമാണ്. പരിഷ്കാരങ്ങള്‍ തിരഞ്ഞെടുപ്പ് കണക്കുകളെ ബാധിക്കുന്ന ഇടങ്ങള്‍ തീരെ കുറവെന്ന് ചുരുക്കം. ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം കാണുന്നതിന് കിലോമീറ്ററുകള്‍ യാത്രചെയ്യേണ്ട സ്ഥിതി തുടരന്ന മേഖലകള്‍ ഇപ്പോഴുമുണ്ട് രാജ്യത്ത്. അവിടങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍ വിജയിച്ച് ലോക്സഭയിലും നിയമസഭയിലുമൊക്കെ എത്തുന്നുമുണ്ട്. ഇതെല്ലാം മനസ്സിലാക്കിത്തന്നെയാണ് ഡോ. മന്‍മോഹന്‍ സിംഗ് സോഷ്യലിസ്റ് പാതയിലെ യാത്രയുടെ വേഗം കൂട്ടുന്നത്. അതിനാല്‍ ഇപ്പോഴത്തെ വിലക്കയറ്റത്തെക്കുറിച്ച് ഉത്കണ്ഠപ്പെടാതെ സോഷ്യലിസ്റ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വലിയ വിലകളെ സ്വപ്നം കാണാം.
രണ്ടാം ലോകയുദ്ധം കത്തിയമര്‍ന്നപ്പോള്‍ പല രാഷ്ട്രീയ ഭൂപടങ്ങളും മാറ്റിവരയ്ക്കപ്പെടുന്ന അവസ്ഥയുണ്ടായി. കിഴക്കന്‍ യൂറോപ്പില്‍ ജനകീയ ജനാധിപത്യ സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ നിലവില്‍വന്നു: ഈസ്റ്റ് ജര്‍മനി, ഹംഗറി, പോളണ്ട്, ബള്‍ഗേറിയ, റൊമേനിയ, യുഗസ്ളോവിയ എന്നീ നാടുകളില്‍. അവിടെയൊക്കെ സ്ത്രീ സ്വാതന്ത്യ്രവും ലിംഗസമത്വവും പൂര്‍ണമായും അംഗീകരിക്കപ്പെട്ടു. വമ്പിച്ച വനിതാ മുന്നേറ്റത്തിനാണ് പൂര്‍വ യൂറോപ്പ് സാക്ഷ്യം വഹിച്ചത്. ലൈംഗിക വൈജാത്യമെന്നത് വെറും ജീവശാസ്ത്രപരമായ കാര്യമായി മാറി.
ഞാന്‍ റിസല വീക്ലി ഫസ്റ്റ് ടൈം aanu ഓണ്‍ലൈന്‍ വഴി ഓപ്പണ്‍ ചെയ്യുന്നധ്.എന്നെപ്പോലെ ഉള്ള ആളുകള്‍ക്ക് ഇധ് വഴി നല്ല ഒരു വായന സംസ്കാരവും അറിവും തരുന്നു.ഇധിന്റെ ഭാവിക്ക് എല്ലാ വിധ സഹായവും ഉണ്ടാകുന്നധാണ്.ഇനിയും കൂട്ടല്‍ മെച്ചപ്പെടുത്താന്‍ നമുക്ക് കഴിയട്ടെ….
Thanks for your comment. Hoping to do best online in spreading our campaign. Your support is always requested.
good
Thanks
test comment
muhammad jabir