വൈദ്യ ദമ്പതികളുടെ മക്കള്‍ വൈദ്യരാവുകയെന്നത് കാലങ്ങളായി തുടരുന്ന കീഴ്‌വഴക്കമായിരിക്കാം.എന്നാല്‍ സാമൂഹിക സുരക്ഷാ മിഷന്‍ മുന്‍ ഡയറക്ടറും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ധനുമായ ചേവായൂര്‍ റഹ്മയില്‍ ടി.പി.അഷ്‌റഫിന്റെയും ഡോ.ജൗഹറയുടെയും മകള്‍ ഹംന മര്‍യത്തിന് അത്തരം കീഴ്‌വഴക്കങ്ങളില്‍ താത്പര്യമുണ്ടായിരുന്നില്ല.
പ്ലസ്ടു കഴിഞ്ഞ് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്ത ഹംന തിരഞ്ഞെടുത്തത് അധ്യാപക വഴിയായിരുന്നു. ഫാറൂഖ് കോളജില്‍ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായിരിക്കെ സിവില്‍ സര്‍വീസ് പരീക്ഷയെഴുതി 28ാം റാങ്കും നേടി.
കുഞ്ഞുനാള്‍ മുതല്‍ കൈയില്‍ കിട്ടുന്നതെന്തും വായിക്കുന്ന ശീലമുണ്ടായിരുന്നു ഹംനയ്ക്ക്. പ്രത്യേകിച്ചും പത്രങ്ങള്‍. രാഷ്ട്രീയവും സാംസ്‌കാരികവുമായ അറിവുകളും തിരിച്ചറിവുകളും കിട്ടിയത് ഈ വായനയില്‍ നിന്നാണ്. ഡല്‍ഹിയില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴും ആ പതിവ് തെറ്റിച്ചില്ല. കൃത്യമായി ന്യൂസ്‌പേപ്പറെത്തുന്ന ഏകമുറി ഹംനയുടേതായിരുന്നു. ഈ ശീലം അവളെ എത്തിച്ചതാകട്ടെ സിവില്‍ സര്‍വീസിന്റെ മുമ്പിലും.
”എല്ലാവരും വിചാരിക്കുന്നതുപോലെ സിവില്‍ സര്‍വീസ് ആനകേറാമലയൊന്നുമല്ല. ഒട്ടും ഭയക്കേണ്ട ഒന്നല്ലത്. മനസ്സുവെച്ചാല്‍ ഡിഗ്രിയെടുത്ത ഏതൊരാള്‍ക്കും എത്തിപ്പിടിക്കാം. പരിശ്രമവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ നിങ്ങള്‍ക്കുമതിന് കഴിയും. എന്റെ അനുഭവം തന്നെ ഉദാഹരണം”. ഹംനയുടെ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യം നിറയുന്നു. കോഴിക്കോട് ചേവായൂര്‍ ‘റഹ്മ’യിലിരുന്ന് ഹംന ‘രിസാല’ വാരികയോട് സംസാരിച്ചുതുടങ്ങുകയാണ്.
സിവില്‍ സര്‍വീസ് മോഹിക്കുന്ന ഒരുപാടുപേരുണ്ട്. അതിനുവേണ്ടി എന്താണ് ശ്രദ്ധിക്കേണ്ടത്? ഏതെങ്കിലും പ്രത്യേക കോഴ്‌സുണ്ടോ?
സിവില്‍ സര്‍വീസിനുള്ള തയാറെടുപ്പ് സ്‌കൂള്‍കാലം മുതല്‍ തുടങ്ങേണ്ട കാര്യമൊന്നുമില്ല. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരികമേഖലകളെക്കുറിച്ചുള്ള ഒരവബോധമാണ് വേണ്ടത്. അതിന് ആദ്യം ചെയ്യേണ്ടത് പത്രങ്ങള്‍ കൃത്യമായി വായിക്കുക എന്നതാണ്. സിവില്‍ സര്‍വീസ് പരീക്ഷയെഴുതാനുള്ള യോഗ്യത ബിരുദമാണ്. ഏത് ഡിഗ്രിയായാലും കുഴപ്പമില്ല. ഡിഗ്രി കഴിഞ്ഞ് ശ്രമിക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ ഫസ്റ്റ് ഇയര്‍ മുതല്‍ ഇതിന്റെ പിറകെപോയി ഡിഗ്രി പഠനം പ്രശ്‌നമാവും.
പ്രത്യേകിച്ച് ഏതെങ്കിലും കോഴ്‌സ് എടുത്തുകഴിഞ്ഞാല്‍ പരിഗണന കൂടുതലുണ്ടോ?
അങ്ങനെയില്ല. ഹ്യൂമാനിറ്റി അധിഷ്ഠിത വിഷയങ്ങളാണ് സിവില്‍ സര്‍വീസിന്റെ സിലബസില്‍ കൂടുതലായി വരുന്നത്. ഹ്യൂമാനിറ്റീസ് എടുക്കുന്നത് ഗുണകരമാണ്.
ലാംഗ്വേജില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടോ?
ആവശ്യമില്ല. ഇംഗ്ലീഷിലും മറ്റ് പ്രാദേശികഭാഷകളിലും പരീക്ഷയെഴുതാം. 22 പ്രാദേശികഭാഷകളില്‍ എഴുതാമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് കൂടുതല്‍ അറിഞ്ഞതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. എങ്കിലും ചെറിയതോതില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ അറിയണം. അതിന് ഹിന്ദു പത്രത്തിന്റെ എഡിറ്റോറിയലൊക്കെ വായിച്ചാല്‍ മതി. ഇംഗ്ലീഷിലെഴുതിയാല്‍ നല്ലത്. പോയിന്റ്‌സിലാണ് പ്രാധാന്യം. ഇംഗ്ലീഷിലെഴുതാന്‍ ആത്മവിശ്വാസമില്ലെങ്കില്‍ മലയാളത്തിലെഴുതാം.
മലയാളം മീഡിയത്തില്‍ പഠിച്ചുവരുന്ന കുട്ടികള്‍ക്ക് സിവില്‍സര്‍വീസില്‍ എത്തിപ്പെടാന്‍ കഴിയില്ലെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. അതില്‍ കാര്യമില്ലെന്നാണോ?
ഒട്ടും കാര്യമില്ല. ഒരുപാട് ഉദാഹരണങ്ങള്‍ എന്റെ മുമ്പില്‍ത്തന്നെയുണ്ട്. ഇപ്രാവശ്യം തന്നെ ഡെന്റിസ്റ്റായ അരുണ്‍ എഴുതിയത് മലയാളത്തിലാണ്. ഇന്റര്‍വ്യൂവും മലയാളത്തിലായിരുന്നു. നല്ല വിജയമാണ് അരുണിന് കിട്ടിയത്. ഇതുപോലുള്ള എത്രയോ പേരുണ്ട്.
കൂടുതലും ഹ്യൂമാനീറ്റീസ് എടുത്ത കുട്ടികളാണോ കേരളത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ ജയിക്കുന്നത്?
സോഷ്യല്‍ സയന്‍സും ഹ്യൂമാനീറ്റീസും പ്രധാനമാണ്. എന്നാല്‍ എന്‍ജിനീയറിങ് പഠിച്ചവരാണ് കൂടുതലും ഈ മേഖലയിലേക്ക് വരുന്നത്. ഒരുപാട് എന്‍ജിനീയര്‍മാര്‍ ഇവിടെ ഉള്ളതുകൊണ്ടായിരിക്കാമത്. അവര്‍ക്ക് ഇവിടെ ഡിമാന്റില്ല. ജോലിയും കുറവാണ്. അതൊക്കെയാവാം കാരണം.
സിവില്‍ സര്‍വീസിന്റെ സിലബസ് എന്താണ്?
സിവില്‍ സര്‍വീസിന് ജനറലായിട്ടുള്ള സിലബസാണ്. ഒന്‍പത് പേപ്പറുകളുണ്ട്. ഹിസ്റ്ററി, ജ്യോഗ്രഫി, സോഷ്യോളജി എന്നിവയാണ് ഫസ്റ്റ് പേപ്പര്‍. ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍, ലോസ് പോളിസീസ് തുടങ്ങിയവ സെക്കന്‍ഡ് പേപ്പര്‍. പേപ്പര്‍ ത്രീയില്‍ ഇന്ത്യന്‍ എക്കോണമി, എക്കോണമിക്കല്‍ ഡവലപ്‌മെന്റ്. എന്‍വയര്‍മെന്റ്, സയന്‍സ് ആന്റ് ടെക്‌നോളജി. ഫോര്‍ത്തില്‍ എത്തിക്‌സ് ടെസ്റ്റ് ചെയ്യും. ഫിഫ്ത്തും സിക്‌സ്ത്തും ഓപ്ഷണല്‍ പേപ്പറാണ്. നമ്മള്‍ക്ക് തെരഞ്ഞെടുക്കാം. സെവന്‍ത്ത് പേപ്പര്‍ എസ്സേ ആണ്. രണ്ട് എസ്സേകള്‍ എഴുതേണ്ടിവരും. ഇപ്രാവശ്യം സ്‌പേസ്, ടെക്‌നോളജി, ഡിജിറ്റല്‍ ഇന്ത്യ, റിവര്‍ വാട്ടര്‍ ഇഷ്യൂസ്..മിക്കതും ഇന്ത്യയുമായി ബന്ധപ്പെട്ട ഇഷ്യൂസ് ആയിരിക്കും. രണ്ട് പേപ്പറുകള്‍ വേറെയുമുണ്ട്. എന്‍ജിനിയറിങും മെഡിസിനും പഠിച്ചവരാണെങ്കിലും അവരും ഇത്തരം കാര്യങ്ങളില്‍ അറിവ് നേടേണ്ടിവരും. അതേസമയം, ഹ്യൂമാനിറ്റീസ് പഠിച്ചവര്‍ക്ക് കുറച്ചുകൂടി എളുപ്പമാവും.
ഒരാള്‍ക്ക് എത്ര തവണ സിവില്‍ സര്‍വീസ് എഴുതാന്‍ കഴിയും? അതിന് സാമുദായിക സംവരണമുണ്ടോ?
ജനറലായി ആറുതവണ ഒരാള്‍ക്ക് പരീക്ഷയെഴുതാം. ഒ.ബി.സിക്ക് ഒന്‍പത്, എസ്.സി/എസ്.ടി അണ്‍ലിമിറ്റഡാണ്. അമ്പതുശതമാനം റിസര്‍വേഷന്‍ ഒ.ബി.സി, എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കുണ്ട്. ബാക്കി ജനറലാണ്. കേരളത്തിലെ മാപ്പിള മുസ്‌ലിംകളും മറ്റ് മുസ്‌ലിംകളും ഒ.ബി.സിയില്‍വരും. നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുകയുള്ളൂ. മറ്റുള്ളവര്‍ ജനറലിലാണ് വരിക.
ഫീമെയില്‍ സ്റ്റുഡന്റ്‌സിനെ മുന്നോട്ടുകൊണ്ടുവരാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ?
പൊതുവെ സിവില്‍ സര്‍വീസില്‍ ഫീമെയില്‍ സ്റ്റുഡന്റ്‌സ് കുറവാണ്. അവര്‍ക്ക് അപേക്ഷാഫീസില്ല. അല്ലാത്തവര്‍ക്ക് നൂറുരൂപയാണ് ഫീസ്. അല്ലാതെ മറ്റൊരാനുകൂല്യവുമില്ല. എന്നാല്‍ എഴുതുന്നവര്‍ നന്നായി സ്‌കോര്‍ ചെയ്യുന്നുണ്ട്.
എത്ര വയസ്സുവരെ എഴുതാം?
32 വയസ്സുവരെ. ഒ.ബി.സിക്ക് വയസ്സില്‍ ഇളവുണ്ട്.
ഒരാള്‍ പരീക്ഷയെഴുതി ഇന്റര്‍വ്യുവരെ എത്തിയിട്ടും കിട്ടിയില്ലെങ്കില്‍ രണ്ടാമത് വീണ്ടും എഴുതണോ?
വീണ്ടും പ്രിലിമിനറി മുതല്‍ തുടങ്ങണം. പ്രിലിമിനറിയില്‍ രണ്ട് ഒബ്ജക്റ്റീവ് ടൈപ്പ് പേപ്പറുകളാണുള്ളത്. ഒരു ചോദ്യത്തിന് നാലുത്തരങ്ങളുണ്ടാവും. അതില്‍ ഏറ്റവും അനുയോജ്യമായ ഉത്തരമാണ് തെരഞ്ഞെടുക്കേണ്ടത്. ശരിയുത്തരത്തിന് രണ്ടുമാര്‍ക്ക് ലഭിക്കും. ഉത്തരം തെറ്റാണെങ്കില്‍ തെറ്റിയ ഉത്തരത്തിന് .66 മാര്‍ക്ക് കുറക്കും. ഇതില്‍ ഒന്നാമത്തെ പേപ്പര്‍ ജനറല്‍ സ്റ്റഡീസാണ്. രണ്ടാമത്തെ പേപ്പര്‍ മെന്റല്‍ എലിജിബിലിറ്റിയും അഭിരുചിയുമാണ് ടെസ്റ്റ് ചെയ്യുന്നത്. പ്രിലിമിനറി പരീക്ഷ എലിമിനേഷന്‍ പരീക്ഷയാണ്. നല്ലൊരു തയാറെടുപ്പ് ഈ പരീക്ഷക്കാവശ്യമാണ്.
ഏകദേശം ഒരുവര്‍ഷം എത്ര അപേക്ഷകരുണ്ടാവും?
പതിനാലുലക്ഷത്തോളം അപേക്ഷകരുണ്ടാവും. അതില്‍നിന്ന് 14,000 പേരെ സെലക്ട് ചെയ്യും. മൂവായിരം പേരെ ഇന്റര്‍വ്യൂവിന് വിളിക്കും. ഇപ്രാവശ്യം 1200 പേരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു. മെയിന്‍സിന്റെ മാര്‍ക്കും ഇന്റര്‍വ്യുവിന്റെ മാര്‍ക്കുമാണ് പരിഗണിക്കുക. മെയിന്‍സില്‍ നല്ല പോലെ തിളങ്ങിയാല്‍ കിട്ടാനുള്ള അവസരം കൂടുതലാണ്. പൊതുവെ എല്ലാവര്‍ക്കും മാര്‍ക്ക് കുറവാണ് കിട്ടുന്നത്. ഫസ്റ്റ് റാങ്കിന് വരെ അമ്പതുശതമാനത്തില്‍ താഴെയാണ് മാര്‍ക്ക്. പൊതുവെ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കേരളത്തില്‍ നല്ല റിസല്‍ട്ടാണ് കിട്ടിയത്.
ഹംന ഡല്‍ഹിയിലാണ് പഠിച്ചത്. അതുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടായോ? നാട്ടിന്‍പുറത്തെ കോളജുകളില്‍ പഠിച്ച കുട്ടികള്‍ പിന്നോട്ടേക്ക് തള്ളിപ്പോകുമോ?
ഇംഗ്ലീഷ് ലിറ്ററേച്ചറാണ് ഞാനെടുത്തത്. നല്ലൊരു ടീച്ചിംഗ് മെത്തേഡാണ് ഡല്‍ഹിയിലേത്. നല്ല കോളജുകള്‍ ഇവിടെയുണ്ടെങ്കിലും ഹ്യുമാനിറ്റീസിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. വിദ്യാര്‍ഥികളാകട്ടെ, ഒന്നും കിട്ടാത്തപ്പോഴാണ് ഹ്യുമാനിറ്റീസ് എടുക്കുന്നത്. എങ്കിലും നന്നായി ശ്രദ്ധിച്ചാല്‍ നാട്ടിന്‍പുറത്തെ കോളജില്‍ പഠിച്ചാലും സിവില്‍സര്‍വീസ് നേടാന്‍ കഴിയും.
ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ കുട്ടികളെ ഫൗണ്ടേഷന്‍ കോഴ്‌സിനൊക്കെ പറഞ്ഞയക്കുന്നവരുണ്ട്?
അതിന്റെ ആവശ്യമില്ല. ചിലപ്പോള്‍ അത്രയും അണ്‍പ്രിവിലേജ് ആയ കുട്ടികള്‍ക്ക് അതൊരു മോട്ടിവേഷന്‍ ആയിരിക്കാം. സിറ്റിയില്‍ ഫാഷനബിളായി മക്കളെ പറഞ്ഞയക്കുന്നതിനോട് യോജിപ്പില്ല.
പ്രത്യേകിച്ച് കോച്ചിംഗ് സെന്ററുകളുണ്ടോ?
പണ്ടൊക്കെ ഡല്‍ഹിയായിരുന്നു സിവില്‍ സര്‍വീസ് കോച്ചിംഗിന്റെ കേന്ദ്രം. പക്ഷെ ഇപ്പോള്‍ ഡല്‍ഹി കോച്ചിംഗ് ഫാക്ടറി പോലെയായിട്ടുണ്ട്. 200-300 കുട്ടികളുണ്ടാവും ഒരു ക്ലാസില്‍. ഒരു കുട്ടിയുടെ ചെലവ് ഏകദേശം ഒന്നരലക്ഷത്തിനടുത്തുവരും. അതുകൊണ്ടുതന്നെ ഡല്‍ഹിയില്‍ പോവുകയേ വേണ്ട. മാത്രമല്ല, കാലാവസ്ഥയും പ്രശ്‌നമാണ്. ഇവിടെ തിരുവനന്തപുരവും ഡല്‍ഹി പോലെ ഒരു ഹബ്ബായിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ അതും കോച്ചിംഗ് ഫാക്ടറിയുടെ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. പക്ഷെ സ്‌റ്റേറ്റ് ഗവണ്‍മെന്റിന്റെ തന്നെ സ്ഥാപനമുണ്ട്. അത് നല്ല ഫൗണ്ടേഷന്‍ കോഴ്‌സ് നല്‍കുന്നുണ്ട്. മാത്രമല്ല, ഇപ്പോള്‍ ടെക്‌നോളജി ഏറെ വളര്‍ന്നിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഒരുപാട് വെബ്‌സൈറ്റുകളുണ്ട്. നമ്മള്‍ക്ക് വീട്ടിലിരുന്നുതന്നെ പഠിച്ചാല്‍ നന്നായി പരീക്ഷയ്ക്ക് തയാറെടുക്കാം. സാമ്പത്തികമായി പ്രയാസമുള്ളവര്‍ക്ക് വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താം. കോച്ചിംഗ് സെന്ററില്‍ പോകണമെന്നില്ല. രണ്ടുവര്‍ഷം മുമ്പ് അപ്റ്റിക്ക എന്നൊരാള്‍ എവിടെയും പോകാതെ വീട്ടിലിരുന്ന് വെബ്‌സൈറ്റ് മാത്രം നോക്കി പഠിച്ച് പരീക്ഷയെഴുതി. ഫലം വന്നപ്പോള്‍ ഫോര്‍ത്ത് റാങ്ക്.
അംഗവൈകല്യമുള്ളവര്‍ക്ക് ആനുകൂല്യം വല്ലതുമുണ്ടോ?
മൂന്നു ശതമാനം സംവരണമുണ്ട്. കഴിഞ്ഞതിന്റെ മുമ്പിലത്തെ പ്രാവശ്യം ഒന്നാംറാങ്ക് ഫിസിക്കലി ഹാന്‍ഡികാപ്പ്ഡ് വിഭാഗത്തില്‍പെട്ട ആള്‍ക്കായിരുന്നു.
സിവില്‍സര്‍വീസിലെത്തിയാല്‍ ദൂരസ്ഥലങ്ങളില്‍ പോയി ജോലി ചെയ്യണം എന്ന ഭയം കൊണ്ടായിരിക്കണം, പെണ്‍കുട്ടികള്‍ ഈ മേഖലയിലേക്ക് അധികം കടന്നുവരാത്തത്. സ്വന്തം നാട്ടില്‍ ജോലി കിട്ടാനുള്ള സാധ്യത വിരളമാണോ?
ഐ.എ.എസാണെങ്കില്‍ ഓള്‍ ഇന്ത്യാ സര്‍വീസാണ്. നമുക്ക് ഇഷ്ടമുള്ള സ്‌റ്റേറ്റ് കിട്ടിക്കൊള്ളമെന്നില്ല. ഉയര്‍ന്ന മാര്‍ക്കും റാങ്കും കിട്ടിയാല്‍ ചാന്‍സുണ്ട്. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരേ കാഡറിലുള്ളവര്‍ ആണെങ്കില്‍ ഒരേ സ്‌റ്റേറ്റ് കിട്ടും. ഐ.എഫ്.എസ്. ആണെങ്കില്‍ അഞ്ചുകൊല്ലം കഴിഞ്ഞാല്‍ ഒരേ രാജ്യം കിട്ടും. മാതാപിതാക്കളെയും ജീവിത പങ്കാളിയെയും പങ്കാളിയുടെ മാതാപിതാക്കളെയും കൂടെ നിര്‍ത്താം.
ഐ.എഫ്.എസ്. കൂടുതലാളുകള്‍ താല്‍പ്പര്യപ്പെടുന്നുണ്ടോ?
ആദ്യം ഐ.എഫ്.എസിനോട് താല്‍പ്പര്യം കൂടുതലുണ്ടായിരുന്നു. പിന്നീട് ഐ.എ.എസിനോടായി ഇഷ്ടം. ഇപ്പോഴും അത് തുടരുന്നു.
ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
നമ്മുടെ അറിവ് പരീക്ഷയിലൂടെ അവര്‍ പരിശോധിച്ചു കഴിഞ്ഞു. ഇന്റര്‍വ്യൂവിനാകട്ടെ നമുക്ക് എത്രമാത്രം ആത്മവിശ്വാസമുണ്ടെന്നാണ് അവര്‍ നോക്കുന്നത്. അതുകൊണ്ടുതന്നെ പേടിയോടെ പോകരുത്. നമുക്ക് പ്രോബ്‌ളം സോള്‍വ് ചെയ്യാനൊക്കെ പറ്റുമോ എന്നാണ് അവര്‍ ശ്രദ്ധിക്കുന്നത്. പേടിയുണ്ടായാല്‍ മാര്‍ക്ക് കുറയും. കൃത്യമായ അഭിപ്രായം പറയണം. പ്രാക്ടിക്കലായിട്ട്, ബാലന്‍സ്ഡായിട്ട് പറയുന്നതാണ് നല്ലത്.
ഇന്റര്‍വ്യുബോര്‍ഡിലുള്ളവരുടെ അഭിപ്രായമല്ല, നമുക്കുള്ളതെന്ന് കരുതുക. മാര്‍ക്ക് കുറയുമോ?
കുറയുമായിരിക്കും. ഇതിലൊക്കെ ഭാഗ്യം പ്രധാനമാണ്. നമ്മുടെയും അവരുടെയും വ്യൂപോയിന്റുകള്‍ മാച്ച് ചെയ്യുമ്പോള്‍ അതിന് ഗുണമുണ്ടാവും.
ഇന്റര്‍വ്യൂവിന് ചെന്നപ്പോഴുള്ള അനുഭവം?
നല്ല അനുഭവമാണ്. നമ്മള്‍ ഒരു പ്രൊഫൈല്‍ സബ്മിറ്റ് ചെയ്യും. അതനുസരിച്ചാണ് ചോദ്യങ്ങള്‍ ചോദിക്കുക. അത് ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. ഞാന്‍ ടീച്ചറായതിനാല്‍ എന്റേത് വിദ്യാഭ്യാസമേഖലയാണ്. ഹയര്‍ എജുക്കേഷനെക്കുറിച്ചാണ് ചോദിച്ചത്. പിന്നീട് ഇന്ത്യ-ചൈന ബന്ധം. ശരിയായ ഉത്തരം അറിയില്ലെങ്കില്‍ ‘അറിയില്ല’ എന്നുതന്നെ പറയണം. അന്തര്‍മുഖരായ(Introvert) കുട്ടികള്‍ ശരീരഭാഷ മാറ്റിയേ പറ്റൂ. ഐ.എ.എസാവുമ്പോള്‍ പ്രത്യേകിച്ചും. പൊതുജനങ്ങളുമായി കൂടുതല്‍ ഇടപെടേണ്ടവര്‍ ഐ.എ.എസുകാരാണല്ലോ.
വായന ഇന്നിന്ന മേഖലയില്‍ തന്നെ ആകണമെന്നുണ്ടോ?
സിവില്‍ സര്‍വീസില്‍ കൃത്യമായ സിലബസുണ്ട്. അതിനനുസരിച്ച് വായിക്കാവുന്നതേയുള്ളൂ. അതു കൂടാതെ ഇക്കോണമിക്ക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി പോലുളള മാഗസിനുകള്‍ വായിക്കുന്നത് ഗുണംചെയ്യും.
സിവില്‍സര്‍വീസിന് പോകണമെന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നോ?
വിദ്യാര്‍ഥിയായ സമയം ടീച്ചേഴ്‌സൊക്കെ പറയുമായിരുന്നു. പക്ഷെ അന്നത് അത്ര കാര്യമാക്കിയില്ല. ഡിഗ്രി കഴിഞ്ഞപ്പോഴാണ് ശ്രദ്ധിച്ചുതുടങ്ങിയത്. മെഡിസിന് പോകാനായിരുന്നു ഉമ്മയുടെ താല്‍പ്പര്യം. പക്ഷെ ഞാന്‍ സിവില്‍സര്‍വീസ് വേണമെന്ന തീരുമാനത്തില്‍ ഉറച്ചുതന്നു.
മുസ്‌ലിംകളില്‍നിന്ന് സിവില്‍സര്‍വീസിലെത്തുന്നവര്‍ വളരെ കുറവാണ്. അവരോട് എന്താണ് പറയാനുള്ളത്?
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസമുണ്ടെങ്കിലും അവര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം സൃഷ്ടിക്കുന്നതില്‍ നമ്മള്‍ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. പ്രത്യേകിച്ചും മലബാറിലുള്ളവര്‍. നമ്മുടെ സാംസ്‌കാരികാന്തരീക്ഷം മാറിയേ പറ്റൂ. കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസയോഗ്യതയുള്ളത്. അവരെ കൂടുതല്‍ പഠിപ്പിക്കണം. ഇസ്‌ലാമിക ധര്‍മത്തിനകത്തുനിന്ന് പഠന/ ഉദ്യോഗ രംഗങ്ങളില്‍ ചെല്ലാന്‍ അവര്‍ക്ക് വഴിയുണ്ടാക്കിക്കൊടുക്കണം.
ഹംന മര്‍യം/ ഡോ. എ പി ജഅ്ഫര്‍
You must be logged in to post a comment Login