ഫാഷിസം(ഇറ്റാലിയന്‍)

ഫാഷിസം(ഇറ്റാലിയന്‍)

ഫാഷിയോ എന്ന ഇറ്റാലിയന്‍ പദത്തിന്റെ അര്‍ത്ഥം സംഘം എന്നാണ്. ഈ വാക്കിനോടൊപ്പം ഫാഷസ് എന്ന ലാറ്റിന്‍ പദവും കൂടി ചേര്‍ന്നാണ് ഫാഷിസം എന്ന വാക്ക് രൂപം കൊള്ളുന്നത്. ഫാഷസ് എന്നത് പഴയ റോമാ സാമ്രാജ്യത്തിലെ ന്യായാധിപന്മാരുടെ അധികാര ചിഹ്നമായ ചുവന്ന ചരടുകെട്ടിയ ഒരു കെട്ട് ദണ്ഡുകളാല്‍ ചുറ്റപ്പെട്ട മഴുവാണ്. ഇത് അധികാരത്തിന്റെയും നിയമവാഴ്ചയുടെയും അടയാളമാണ്. ഈ പഴയ അധികാര ചിഹ്നത്തെ പുനരാവിഷ്‌കരിച്ച് 1919 മാര്‍ച്ച് 23ാം തിയ്യതി ഇറ്റലിയിലെ പ്രമുഖ വാഗ്മിയും മുന്‍സൈനികനുമായ ബെനിറ്റോ മുസോളിനി രൂപീകരിച്ച സംഘടനയാണ് ഫിഷിറ്റി. ഇത് 1921ല്‍ നാഷണല്‍ ഫാഷിസ്റ്റ് പാര്‍ട്ടി എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. പഴയ ചിഹ്നമായ ചരടുകളാല്‍ ബന്ധിക്കപ്പെട്ട ദണ്ഡുകളുടെ കൂട്ടത്തെ ഒരുമയുടെ അടയാളമായി മുസോളിനി അവതരിപ്പിച്ചു. ലോക ചരിത്രത്തിലെതന്നെ ഏറ്റവും പ്രതിലോമകരവും അപകടകരവുമായ ഒരു ആശയമായിരുന്നു മിലാനിലെ പിയാസ സാന്‍ സെപ്ലോഗ ഹാളില്‍ അന്ന് പിറവിയെടുത്തത്.

ലോകത്ത് കയ്യൂക്കാണ് യഥാര്‍ത്ഥ ശക്തി എന്ന ഫ്രെഡറിക് നീഷേയുടെ ആശയത്തിന് വലിയ പ്രചാരം 19ാം നൂറ്റാണ്ടിന്റെ അവസാനകാലഘഘട്ടത്തില്‍ യൂറോപ്പില്‍ ലഭിച്ചിരുന്നു. ജര്‍മന്‍ തത്വചിന്തകനായ നീഷേയുടെ ആശയങ്ങളെ സ്വാംശീകരിച്ച വെല്‍ഫ്രെഡോ പ്രാറ്റോ(1848-1923) എന്ന സ്വിറ്റ്‌സര്‍ലണ്ടിലെ ലൗജന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് ഫാഷിസത്തിന്റെ താത്വികാചാര്യന്‍. ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു മുസോളിനി.

സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ മുസോളിനിയെ ഒന്നാം ലോക മഹായുദ്ധത്തെ പിന്തുണച്ചതിന് പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. ഒന്നാം ലോക മഹായുദ്ധത്തോടെ ഇറ്റലി സാമ്പത്തികമായി തകരുകയും ഭരണകൂടം തൊഴിലാളികളുടെ കൂലി വെട്ടിച്ചുരുക്കുകയും ചെയ്തു. പുതിയ കോളനികള്‍ സ്വന്തമാക്കി ഒരു വന്‍ലോകശക്തിയാകാം എന്ന ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ഇറ്റലി യുദ്ധത്തില്‍ പങ്കാളിയായത്. എന്നാല്‍ ഈ പ്രതീക്ഷ തകരുകയും ജനങ്ങള്‍ യുദ്ധത്തിനെതിരായി ശക്തമായി നിലകൊള്ളുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ ഇറ്റലിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിച്ചു. ഇറ്റാലിയന്‍ മുതലാളിവര്‍ഗവും ഭൂവുടമകളും കമ്യൂണിസത്തെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും വര്‍ധിച്ച ഇറ്റലിയില്‍ ജനങ്ങളെ ഈ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിപ്പിക്കാനായി ഒരു വ്യാജ ദേശീയതാബോധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഭരണകൂടം ശ്രമിച്ചു. ഇറ്റലിയുടെ പാരമ്പര്യം, പഴയ പ്രതാപം തുടങ്ങിയ ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുക എന്ന തന്ത്രം ഫാഷിസ്റ്റുകളുടെ സഹായത്തോടെ ഭരണകൂടം സ്വീകരിച്ചു.

മുസോളിനി ഇത്തരം ആശയങ്ങളെ ശക്തമായി പിന്തുണക്കുന്ന ആളായിരുന്നു. 1904ല്‍ സ്വിറ്റ്‌സര്‍ലണ്ടില്‍നിന്ന് തിരിച്ചുവന്ന മുസോളിനി അവാന്തെ(അ്മറശ മുന്നോട്ട്) എന്ന പത്രം തുടങ്ങി. തുടര്‍ന്ന് 1915ല്‍ ഇറ്റാലിയന്‍ സൈന്യത്തില്‍ ചേര്‍ന്നു. അതോടൊപ്പം ബ്ലാക്ക് ഷര്‍ട്ട് എന്ന പാരാമിലിറ്ററി യൂണിറ്റിന്റെ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ചു. 1925ല്‍ എല്ലാ ജനാധിപത്യശക്തികളെയും തകര്‍ത്തുകൊണ്ട് ഇറ്റലിയില്‍ മുസോളിനി തന്റെ ഏകാധിപത്യം സ്ഥാപിച്ചു. 11 ഡ്യൂക്ക്(ഠവല വലമറലൃ) എന്ന പദവി സ്വയം സ്വീകരിച്ചു.
‘ദേശീയത’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഫാഷിസ്റ്റുകള്‍ ഇറ്റലിയില്‍ ആധിപത്യം നേടിയത്. ദേശീയത ഒരു വിശ്വാസമായി കൊണ്ടാടപ്പെട്ടു. സമൂഹത്തിലെ വര്‍ഗവൈരുധ്യങ്ങളെയും ആഭ്യന്തര പ്രശ്‌നങ്ങളെയുമൊക്കെ ഈ ഒരൊറ്റ വാക്കില്‍ ഒതുക്കിത്തീര്‍ക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞു. ഇറ്റാലിയന്‍ മുതലാളിമാര്‍ ഈ ദേശീയതാവാദത്തെ ആഹ്ലാദത്തോടെ സ്വീകരിച്ചു. ഫാഷിസ്റ്റുകളുടെ മുഖ്യ സാമ്പത്തിക സ്രോതസ് ഇവരായിരുന്നു. മിലാനിലെ സില്‍ക്ക് തുണിവ്യാപാരി സംഘടനയായ ബാന്‍ക കോമര്‍ഷ്യലി, ഇറ്റലിയുടെ പ്രസിഡന്റ് ടോപ് ലിറ്റ്‌സ്, ക്രെഡിറ്റോ ഇറ്റാലിയാനോ എന്ന ബാങ്കിന്റെ ഉടമകള്‍, ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡസ്ട്രിയുടെ സെക്രട്ടറി ജനറല്‍ എന്നിവരായിരുന്നു ഫാഷിസ്റ്റിയെ സ്‌പോണ്‍സര്‍ ചെയ്തത്.

കറുത്ത കുപ്പായവും കുറുവടിയും ഔചാരിക വേഷമായി അംഗീകരിച്ച ഫാഷിസ്റ്റി നിത്യേനയുള്ള ഡ്രില്ലിന് പ്രാമുഖ്യം കൊടുത്തിരുന്നു. നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ എതിര്‍ത്ത അവര്‍ തങ്ങള്‍ ഒരു പാര്‍ട്ടിയല്ല, സംഘം(ഛൃഴമിശ്വമശേീി) ആണെന്ന് അവകാശപ്പെട്ടു. തൊഴില്‍ സമരങ്ങള്‍ ദേശീയതക്കെതിരാണെന്ന് പറഞ്ഞുകൊണ്ട് ഫാഷിസ്റ്റുകള്‍ തൊഴിലാളികളെ അക്രമിച്ചു. മുതലാളിമാരുടെയും ഭൂവുടമകളുടെയും കൂലിത്തല്ലുകാരും കൂലിക്കൊലയാളികളുമായി മാറിയ ഫാഷിസ്റ്റുകള്‍ ആയുധങ്ങളുമായി തൊഴില്‍ സമരവേദികളില്‍ കയറിച്ചെന്ന് തൊഴിലാളികളെ മര്‍ദിച്ചു. എതിര്‍ക്കുന്നവരെ വെട്ടിക്കൊലപ്പെടുത്തുന്നത് നിത്യസംഭവമായി. ദേശരക്ഷക്കുവേണ്ടി അക്രമികളാകുന്നതില്‍ തെറ്റില്ലെന്ന് അവര്‍ ക്രൂര ചെയ്തികളെ ന്യായീകരിച്ചു. 29കാരനായ റോബര്‍ട്ടോ ആയിരുന്നു സഞ്ചരിക്കുന്ന ഈ കൊലയാളികളില്‍ പ്രമുഖന്‍.
കമ്യൂണിസ്റ്റുകാരെയും ലിബറലുകളെയും അനാര്‍ക്കികളെയുമെല്ലാം ഇറ്റലിയില്‍നിന്ന് തുടച്ചുനീക്കാന്‍ ഈ ഫാഷിസ്റ്റ് ശക്തികളെ ഇറ്റാലിയന്‍ ഭരണകൂടം ഉപയോഗിച്ചു. എന്നാല്‍ പട്ടാളക്കാരുടെയും പൊലീസുകാരുടെയും പിന്തുണ നേടിയ ഫാഷിസ്റ്റ് ശക്തികള്‍ സ്റ്റേറ്റിന്റെ അധികാരം അധികം താമസിയാതെ കയ്യേറി. 1922 ഒക്ടോബര്‍ 30ാം തിയ്യതി പഴയ പട്ടാളക്കാരെ ചേര്‍ത്ത ഒരു സൈന്യവുമായി മുസോളിനി റോം പിടിച്ചെടുത്തു. അഗസ്റ്റസ് സീസറുടെ റോമാ സാമ്രാജ്യം പുനര്‍ജനിപ്പിക്കാനുള്ള ശ്രമമായിരുന്നു പിന്നീട് മുസോളിനിയുടെ നേതൃത്വത്തില്‍ ഇറ്റലിയില്‍ നടന്നത്.

പണിമുടക്ക് നിരോധിച്ചും, കമ്യൂണിസ്റ്റുകാരെ കഴുമരത്തിലേക്കും കല്‍തുറുങ്കിലേക്കും അയച്ചുകൊണ്ടും മുസോളിനി തന്റെ ഭരണം തുടങ്ങി. പാര്‍ലമെന്റിലെ സോഷ്യലിസ്റ്റ് അംഗമായ മാത്തിയോത്തിയെ തെരുവിലിട്ട് അടിച്ചുകൊന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ചിന്തകനുമായ അന്റോണിയോ ഗ്രാംഷി തുടങ്ങിയവര്‍ ജയിലിലടക്കപ്പെട്ടു. 1925ല്‍ ഫാഷിസ്റ്റി പാര്‍ട്ടിയില്‍ അംഗത്വമെടുക്കാത്ത വക്കീലന്മാരെ കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് വിലക്കി. 1926ല്‍ ഫാഷിസ്റ്റുകളല്ലാത്ത എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിരോധിച്ചു. കൂട്ടുത്തരവാദിത്വമുള്ള മന്ത്രിസഭ എന്ന സമ്പ്രദായം നിര്‍ത്തലാക്കി. യുവാക്കളില്‍ യുദ്ധകമ്പം വളര്‍ത്തി. രാജ്യത്തെ ഒരു പട്ടാളക്യാമ്പായി സങ്കല്‍പിക്കുന്നതില്‍ അഭിമാനം കൊള്ളാന്‍ ആവശ്യപ്പെട്ടു. സ്ത്രീക്ക് മാതൃത്വം പോലെയാണ് പുരുഷന് യുദ്ധമെന്നത് എന്നായിരുന്നു മുസോളിനിയുടെ കാഴ്ചപ്പാട്.
ഇറ്റലിക്ക് പുറത്തേക്ക് തന്റെ ശക്തി വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി മുസോളിനി രാജ്യങ്ങള്‍ പിടിച്ചടക്കാന്‍ തുടങ്ങി. 1936ല്‍ അബ്‌സീനിയ പിടിച്ചടക്കി. 1939ല്‍ ജര്‍മനിയിലെ ഹിറ്റ്‌ലറിന്റെ നേതൃത്വത്തിലുള്ള ഭരണകൂടവുമായി സൈനികസഖ്യത്തിലേര്‍പ്പെട്ടു. ഗ്രീക്ക് പിടിച്ചെടുത്തു. അങ്ങനെ മുസോളിനി രണ്ടാം ലോകമഹായുദ്ധത്തിലേക്ക് ഇറ്റലിയെ കണ്ണിചേര്‍ത്തു.
കുറുവടിയും, സംഘബലവുംകൊണ്ട് യുദ്ധത്തെയും ധീരതയെയുമൊക്കെ വാഴ്ത്തിയ ഫാഷിസ്റ്റുകള്‍ പക്ഷേ യഥാര്‍ത്ഥ യുദ്ധത്തില്‍ തോറ്റു തുന്നംപാടി. രണ്ടാം ലോക മഹായുദ്ധത്തോടെ ഫാഷിസ്റ്റ് പാര്‍ട്ടി നാമാവശേഷമായി. പരാജിതനായ മുസോളിനി സ്വിറ്റ്‌സര്‍ലണ്ടിലേക്ക് ഒളിച്ചോടാന്‍ ശ്രമിച്ചു. 1945 ഏപ്രില്‍ 28ന് മുസോളിനിയെ ഇറ്റാലിയന്‍ ജനത പിടികൂടി വെടിവെച്ചുകൊന്നു. അങ്ങനെ രാജ്യത്തിന്റെ രക്ഷകനായി സ്വയം അവരോധിച്ച ഒരു ഏകാധിപതി അവിടുത്തെ ജനങ്ങളാല്‍ തന്നെ തുടച്ചുമാറ്റപ്പെട്ടു.

നിരവധി സാമൂഹ്യ- സാമ്പത്തിക മനഃശാസ്ത്ര വിദഗ്ധര്‍ ഫാഷിസത്തിന്റെ ആശയങ്ങളെക്കുറിച്ച് പഠിച്ചിട്ടുണ്ട്. ഫാഷിസത്തിന്റെ മനശാസ്ത്രത്തെക്കുറിച്ച് പഠിച്ച ജര്‍മന്‍ തത്വചിന്തകനും മനശാസ്ത്ര വിദഗ്ധനുമായ എറിക് ഫ്രോം, ഒരു കരുത്തന്റെ മുന്നില്‍ സ്വാതന്ത്ര്യം അടിയറവുവെച്ചാലും സാമ്പത്തിക, സാമൂഹിക സ്ഥിരത കൈവരിക്കുന്നതാണ് നേട്ടമെന്നുള്ളത് ഫാഷിസത്തിന്റെ പ്രധാന മുദ്രാവാക്യമാണ് എന്ന് വിലയിരുത്തുന്നുണ്ട്. മുസോളിനി വന്നതില്‍പിന്നെ തീവണ്ടികള്‍ കൃത്യസമയത്ത് ഓടി എന്നത് ഇറ്റലിയിലെ ഫാഷിസ്റ്റുകള്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാന നേട്ടമായിരുന്നു. ഏതൊരു സമൂഹത്തിനും അതിന്റെതായ ഭയം, വെറുപ്പ്, ആശ ഇവയൊക്കെ ഉണ്ടാകും. ഈ വൈകാരികതയെ മുതലെടുത്തുകൊണ്ടാണ് ഫാഷിസം പ്രവര്‍ത്തിക്കുന്നത്. ഈ വേളയില്‍ യഥാര്‍ത്ഥത്തില്‍ ഭയപ്പെടേണ്ടതായോ, വെറുക്കപ്പെടേണ്ടതായോ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യം അപ്രസക്തമാകുന്നു. സാമ്പത്തിക ദുരിതത്തിന് വൈകാരിക സംതൃപ്തി ലഭിക്കുന്നതിലൂടെ ഒരു രക്ഷക സ്ഥാനത്തേക്ക് ജനങ്ങള്‍ ഫാഷിസ്റ്റു നേതൃത്വത്തെ പ്രതിഷ്ഠിക്കുന്നു. ഈ സംതൃപ്തിയുടെ ഘടകമാണ് ഫാഷിസത്തെ ജനപ്രിയമാക്കുന്നത്. ഈ കൃത്രിമ സംതൃപ്തിയുടെ മയക്കം വിട്ടുണര്‍ന്നാലേ ഫാഷിസം ഒരു ദിവാസ്വപ്‌നം ആയിരുന്നു എന്ന് മനസിലാവുകയുള്ളൂ. ൂ

റഫറന്‍സ്
1. . Erich Fromm- Fascism. power and Individual rights. open Road publication, Newyork.
2. Robert O Paxton- The Anatomy of fascism, Vintage 2005.
3. Gerald Rancle- A History of Western political theory.
4. രവീന്ദ്രന്‍- അന്റോണിയോ ഗ്രാംഷി, ചിന്ത പബ്ലിക്കേഷന്‍.
5. വേണു അമ്പലപ്പടി- ഇന്ത്യന്‍ ഫാഷിസത്തിന്റെ അടിവേരുകള്‍. ബാക്വര്‍കേഴ്‌സ് ഫോറം, തൃശൂര്‍, 1998
6. ഡോ. പി സോമന്‍- ഫാഷിസവും സംസ്‌കാരവും. പ്രഭാത് ബുക്‌സ് തിരുവനന്തപുരം 2016
സ്മിത നെരവത്ത്‌

You must be logged in to post a comment Login