‘കെടുതി പറഞ്ഞോ വെടിയുണ്ട ഉപയോഗിച്ചോ പ്രശ്‌നം(കശ്മീര്‍) പരിഹരിക്കാനാവില്ല. അത് പരിഹരിക്കാന്‍ കശ്മീരികളെ ഒന്നായി ആലിംഗനം ചെയ്‌തേ മതിയാകൂ. നമ്മള്‍ ആ ഉദ്ദേശ്യം വെച്ച് മുന്നോട്ടുപോവുകയാണ്- പ്രധാനമന്ത്രി’ 2017 സ്വാതന്ത്ര്യദിന പ്രസംഗം
പതിനെട്ട് നാള്‍കൊണ്ട് യുദ്ധം അവസാനിച്ചിരുന്നു. എന്നിട്ടും അവരതിനെ മഹാഭാരതം – മഹേതിഹാസം- എന്നുവിളിച്ചു. കാരണം യുദ്ധക്കളത്തില്‍ പാണ്ഡവരും കൗരവരും നേര്‍ക്കുനേര്‍ വരുന്നതിനും എത്രയോ മുമ്പുതന്നെ അത് തുടങ്ങിയിരുന്നു. പന്ത്രണ്ട് വര്‍ഷം പാണ്ഡവര്‍ വനവാസത്തിലായിരുന്നു. ഒരു കൊല്ലം അജ്ഞാതവാസത്തിലും. തിരിച്ചുവന്നപ്പോള്‍ അവര്‍ അഞ്ച് ഗ്രാമങ്ങളാണ് ചോദിച്ചത്. കൃഷ്ണന്‍ ആവത് മധ്യസ്ഥത്തിന് ശ്രമിച്ചു. പക്ഷേ അധികാര മോഹവും അഹന്തയും കൊണ്ട് ദുര്യോധനന്‍ ഒരിഞ്ച് മണ്ണും വിട്ടുകൊടുത്തില്ല. ഒഴിഞ്ഞ കൈകളുമായി കൃഷ്ണന്‍ മടങ്ങി.
അങ്ങനെ യുദ്ധം തുടങ്ങി. അതനിവാര്യമായിരുന്നു. കൗരവര്‍ക്കൊപ്പം പതിനെട്ട് അക്ഷൗഹിണികളും ഒരുങ്ങിയിരുന്നു. മറുഭാഗത്ത് പാണ്ഡവര്‍ക്കായി തന്ത്രം മെനഞ്ഞ് കൃഷ്ണനും. പിന്നെ നടന്നത് യുദ്ധമല്ല, കൂട്ടക്കൊല. പാണ്ഡവര്‍ വിജയിച്ചു. പക്ഷേ വില കനത്തതായിരുന്നു. ഭീഷ്മരും ദ്രോണരും മരിച്ചു. രണ്ടുപേരും ധര്‍മവാദികളായിരുന്നു. പക്ഷേ അധര്‍മത്തിന്റെ പക്ഷത്തുനിന്ന് പൊരുതി.
ഭീഷ്മരുടേത് കൂട്ടത്തില്‍ വലിയ ത്യാഗമായിരുന്നു. ശരശയ്യയില്‍ കിടന്ന് രക്തബന്ധങ്ങള്‍ മുടിയുന്നത് അദ്ദേഹം കണ്ടു. അര്‍ജുനനോട് ഭൂമിയില്‍ ശരശയ്യ തീര്‍ക്കാന്‍ അദ്ദേഹം പറഞ്ഞിരുന്നു. യുദ്ധമവസാനിക്കുന്നതും അനശ്വരതയിലേക്ക് ഉയര്‍ത്തപ്പെടുന്നതും കാത്ത് കിടക്കുമ്പോള്‍ മരണത്തെ മഹത്വവത്കരിക്കുന്നതിനും ശരശയ്യില്‍ വെച്ചത് സംഭവിക്കുന്നതിനെക്കാളും മറ്റെന്തുണ്ട് മുഖ്യമായി?
നീതി-അനീതി, ധര്‍മാധര്‍മങ്ങള്‍, കര്‍മ അകര്‍മങ്ങള്‍ ഈ ദ്വന്ദ്വങ്ങള്‍ തമ്മിലുള്ള വേര്‍തിരിവുകള്‍ മങ്ങിയിരുന്നു. ഒന്നിന് പിറകെ ഒന്നായി തന്റെ അനുജന്‍ കൃഷ്ണന്‍ പാണ്ഡവര്‍ക്ക് ചതിപ്പണികള്‍ ചൂണ്ടിക്കൊടുക്കുന്നത് കണ്ട് ബലരാമന്‍ അന്തിച്ചുപോയി. ഗാന്ധാരിക്ക് പിറകില്‍ മറഞ്ഞുനിന്ന ദുര്യോധനന്റെ തുടയിലേക്ക് കൃഷ്ണന്‍ ചൂണ്ടിയതോടെ ബലരാമന്റെ അരിശത്തിന് അതിരില്ലാതായി. ഭീമന്‍ ആ തുടയിലേക്ക് ഗദയടിച്ചു. അതോടെ തീര്‍ന്നു യുദ്ധം.
തന്നെ സമീപിച്ച ബലരാമനോട് കൃഷ്ണന്‍ പറഞ്ഞു: ”ഏട്ടാ, അതുകൊണ്ടാണ് എനിക്ക് യുദ്ധത്തിന് വിരാമമിടേണ്ടിവന്നത്. യുദ്ധം, യുദ്ധമെന്ന നിലയില്‍തന്നെ അധാര്‍മികമാണ്. തുടങ്ങിക്കഴിഞ്ഞാല്‍ പക്ഷേ പിന്നെ ധര്‍മചിന്തകള്‍ക്കൊന്നും സ്ഥാനമില്ല. ജയിക്കണം. എന്റെ ഉത്തരവാദിത്തം ജയിപ്പിക്കുക എന്നതായിരുന്നു.”
യുദ്ധത്തെ ന്യായീകരിക്കാനും പാണ്ഡവര്‍ക്ക് അര്‍ഹമായത് നിഷേധിക്കാനും ദുര്യോധനന്റെ ന്യായമെന്തായിരുന്നു: ‘എനിക്കറിയാം ധര്‍മമെന്താണെന്ന്. അതിനാള്‍ക്കാരില്ല. അധര്‍മേതെന്നും എനിക്കറിയാം. പക്ഷേ അതില്‍ നിന്നൊരു വിടുതിയില്ല.’
യുദ്ധം അതിന്റെ അന്തിമ പരിണാമത്തിലെത്തി. ഗാന്ധാരിയും ധൃതരാഷ്ട്രരും തങ്ങളുടെ മക്കള്‍ ഓരോരുത്തരും എങ്ങനെ വധിക്കപ്പെട്ടുവെന്ന് കേട്ടു. പാണ്ഡവരും പരവശരായിരുന്നു. ഒരാളെങ്കിലും മരിക്കാത്ത ഒരു വീടുമില്ല. പരിക്കേല്‍ക്കാത്തവരായി ആരും ശേഷിച്ചില്ല. കൃഷ്ണന്‍, പാണ്ഡവരോട് ധൃതരാഷ്ട്രരെയും ഗാന്ധാരിയെയും പോയിക്കാണാന്‍ ആവശ്യപ്പെട്ടു. ശത്രുക്കളാണെങ്കില്‍ തന്നെയും അവര്‍ കാരണവന്മാരാണ്.
പാണ്ഡവര്‍ മുത്തച്ഛന്റെയും മുത്തമ്മയുടെയും മുന്നില്‍നിന്നു. തന്റെ മരിച്ച മക്കളെയോര്‍ത്ത് ധൃതരാഷ്ട്രരുടെ അകം കോപത്താല്‍ തിളക്കുകയാണ്. അകത്തൊരു കൊടുങ്കാറ്റ് ഇരമ്പുന്നുണ്ട്. എന്നിട്ടും അന്ധനായ കാരണവര്‍ ഒരാലിംഗനത്തിനായി കൈകള്‍ നീട്ടി. ഭീമസേന മുന്നോട്ടുവരൂ- എന്തുകൊണ്ട് ഭീമന്‍ മാത്രം?
ഭീമന്‍ മുന്നോട്ട് നീങ്ങി. പക്ഷേ അതിന് മുമ്പ് കൃഷ്ണന്‍ ഭീമനോളം പോന്ന ഒരു ഇരുമ്പ് പ്രതിമ മുമ്പിലേക്ക് നീക്കിവെച്ചിരുന്നു. അകത്തെ എരിയുന്ന കോപം പുറമെ തൂവിയ സ്‌നേഹത്തെക്കാള്‍ മീതെയാണ്. ധൃതരാഷ്ട്രര്‍ ഭീമനെന്ന് നിനച്ച് മുമ്പിലെ പ്രതിമയെ ആശ്ലേഷിക്കവെ സകലരും അതുകണ്ടു; പ്രതിമ മുന്നില്‍ തവിടുപൊടിയായി. ചെയ്തതിന്റെ കനത്തില്‍ ധൃതരാഷ്ട്രര്‍ വിലപിച്ചു. ഓ ഞാനെന്താണ് ചെയ്തത്? അപ്പോള്‍ അവരദ്ദേഹത്തെ ഉണര്‍ത്തി. ഇല്ല, അതൊരു പ്രതിമ മാത്രമായിരുന്നു, വലിയൊരു പാപത്തില്‍നിന്ന് ധൃതരാഷ്ട്രര്‍ രക്ഷപ്പെട്ടിരിക്കുന്നു.
ഈ സംഭവത്തില്‍നിന്ന് ഇതതിന്റെ സന്ദര്‍ഭത്തില്‍നിന്നടര്‍ത്തിയെടുത്ത് ഇന്ത്യന്‍ ജനത, അവരൊരു ജീവിതപാഠം അതില്‍നിന്നാവിഷ്‌കരിച്ചു. നിങ്ങള്‍ നിങ്ങളുടെ പ്രതിയോഗിയെ കണ്ടുമുട്ടുമ്പോള്‍, അയാളുടെ വൈകാരിക ഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍, അതിനാല്‍ വശംവദരാവാതെ, യാഥാര്‍ത്ഥ്യങ്ങള്‍ മറന്നുപോകാതെ എങ്ങനെ അയാളെ കേള്‍ക്കണം എന്നതിനെക്കുറിച്ച് അവരൊരു ജീവിതപാഠം നിര്‍മിച്ചെടുത്തു.
ഇന്ത്യന്‍ ഫോക്‌ലോറില്‍ അത്യന്തം താല്‍പര്യജനകമായൊരു ജീവിതപാഠമാണ് ധൃതരാഷ്ട്രാലിംഗനം. അതിശക്തനായ എതിരാളി നിങ്ങളെ ക്ഷണിക്കുമ്പോള്‍ മുമ്പില്‍ നോക്കാതെ കടന്നു ചെന്നാല്‍ തടി കേടാകും എന്നതിന് മികച്ചൊരു ഇതിഹാസപാഠം.
‘അകത്തൊന്ന് പുറത്തൊന്ന്, നാക്കില്‍ വേദം അരയില്‍ കത്തി.’ ഇത്തരത്തിലുള്ള നാട്ടുചൊല്ലുകള്‍ക്ക് പകരമാകുന്ന മിനുസപ്പെടുത്തിയ ഒരു പ്രയോഗമാണോ ധൃതരാഷ്ട്രാലിംഗനം? എന്തായാലും സംഗതി ഒന്നുതന്നെ. ആലിംഗനമാകുമ്പോള്‍ കാര്യം കൂടുതല്‍ ഗൗരവമാകുന്നു, അതിലെ കാപട്യവും.
ഒന്നുകൂടി കടന്നുപറഞ്ഞാല്‍, ഒരാള്‍ നിങ്ങളോട് കൂട്ടത്തില്‍ ചേരാന്‍ പറഞ്ഞാല്‍ നിര്‍ദേശം സ്വീകരിക്കുന്നതിനുമുമ്പ് നിങ്ങള്‍ രണ്ടുവട്ടമാലോചിക്കണം. അത്തരമൊരു ലയനത്തില്‍ നിങ്ങളുടെ വ്യക്തിത്വം ചുരുങ്ങിപ്പോവുകയും അയാളില്‍ അലിഞ്ഞുപോവുകയും ചെയ്യും. എന്നിരിക്കെ ഒരാള്‍ പെടുന്നനെ നിങ്ങളുടെ കൂട്ടത്തില്‍ കൂടാന്‍ ക്ഷണിച്ചാല്‍, ഓടിച്ചെല്ലും മുമ്പ് ഒന്ന് നില്‍ക്കണം, ആരാണ് വിളിക്കുന്നതെന്ന് ഒരു കരുതല്‍ വേണം.
എനിക്കറിഞ്ഞുകൂടാ, ഓഗസ്റ്റ് മാസം പരിസമാപ്തിയിലേക്ക് നീങ്ങുമ്പോള്‍ ഞാനെന്തിന് ധൃതരാഷ്ട്രരെയും അദ്ദേഹത്തിന്റെ ആലിംഗനത്തെയും കുറിച്ച് പൊടുന്നനവെ ഓര്‍ത്തുപോയി എന്ന്.
അപൂര്‍വാനന്ദ്
മൊഴിമാറ്റം: അബ്ദുല്ല എം.
You must be logged in to post a comment Login