നെഹ്‌റുവിന് ശേഷം എന്ത് എന്ന ചോദ്യമുയര്‍ന്നതങ്ങനെയാണ്

നെഹ്‌റുവിന് ശേഷം എന്ത് എന്ന ചോദ്യമുയര്‍ന്നതങ്ങനെയാണ്

1921ല്‍ ഒരു ഇന്ത്യക്കാരനോ ഇന്ത്യക്കാരിയോ ഇരുപതു വയസ്സിന്റെ പടിവാതില്‍ കടന്നാല്‍ അതവരുടെ വലിയ ഭാഗ്യമായിരുന്നു. 1911-1921 എന്ന കാനേഷുമാരി ദശകത്തില്‍ അതായിരുന്നു ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം. 1881-91 മുതല്‍ ആയുര്‍ദൈര്‍ഘ്യം ക്രമമായി താഴ്ന്നു കൊണ്ടിരിക്കുകയായിരുന്നു. അന്നത് ഇരുപത്തിയഞ്ചു വയസ്സ് മാത്രമാണ്. ഇന്ത്യന്‍ ജനതയുടെ സിംഹഭാഗവും അനുഭവിച്ച പട്ടിണിയുടെയും സമ്പൂര്‍ണമായ ദാരിദ്യത്തിന്റെയും കൂടുതല്‍ വിവരണങ്ങളെ അധികപ്പറ്റാക്കുന്നതാണ് ഈ സ്ഥിതിവിവരക്കണക്കുകള്‍. അത്രയും ദുരിതങ്ങളുണ്ടായിട്ടും പത്തൊമ്പതാം നൂറ്റാണ്ടിലങ്ങോളം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ ഗണ്യമായ ഭാഗം ബ്രിട്ടന് കപ്പം കൊടുക്കേണ്ടി വന്നു. അത്രയും ധനം ഇന്ത്യയില്‍ തന്നെ ഇരുന്നിരുന്നെങ്കില്‍ ആ വര്‍ഷങ്ങളില്‍ ദേശീയസമ്പാദ്യത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായേനേ. 1880കളുടെ ആദ്യത്തില്‍ ബ്രിട്ടനിലേക്കുള്ള കപ്പം മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 4.14 ശതമാനമായിരുന്നു. യഥാര്‍ത്ഥത്തില്‍ അത് ഈ കണക്കിനെക്കാള്‍ കൂടുതലായിരുന്നു. സ്വതന്ത്രവ്യാപാരം ഇന്ത്യയിലെ പരമ്പരാഗത വ്യവസായങ്ങളെ നശിപ്പിക്കുകയും ആധുനികവ്യവസായത്തിന്റെ വളര്‍ച്ച തടയുകയും ചെയ്തു. 1922ല്‍ ഫാക്ടറികളില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം വെറും 1.4 ദശലക്ഷമായിരുന്നു. ഇന്ത്യയിലന്ന് 305 ദശലക്ഷം ജനങ്ങളുണ്ടെന്നോര്‍ക്കണം. ഭൗതികമായ ഈ പിന്നാക്കവാസ്ഥ രാജ്യത്തിന്റെ സാംസ്‌കാരിക നിലയിലും പ്രതിഫലിച്ചു. 1931ല്‍ സാക്ഷരതാനിരക്ക് വെറും 9.2 ശതമാനമായിരുന്നു. സ്ത്രീകളുടേതാകട്ടെ മൂന്നു ശതമാനത്തില്‍ താഴെയും.

1757 ലെ പ്ലാസിയുദ്ധം മുതല്‍ നൂറ്റിയമ്പതു വര്‍ഷത്തെ ബ്രിട്ടീഷു ഭരണത്തിനു ശേഷം ഇന്ത്യയിലെ സ്ഥിതിഗതികള്‍ അങ്ങനെയായിരുന്നു. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ ഭാവിഇന്ത്യയെകുറിച്ചുള്ള കാഴ്ചപ്പാടിന്റെ ചട്ടക്കൂട് പണിതതെങ്ങനെയെന്ന് മനസ്സിലാക്കാന്‍ നമുക്ക് ഈ അവസ്ഥകളെല്ലാം തന്നെ ഓര്‍ത്തെടുക്കേണ്ടതുണ്ട്. ദാദാഭായ് നവറോജിയുടെയും ആര്‍ സി ദത്തിന്റെയും ഉപചാരപൂര്‍വമെങ്കിലും ദയാരഹിതമായ വിശകലനങ്ങള്‍ ഇന്ത്യയെ ചൂഷണം ചെയ്യുന്ന രണ്ടു തന്ത്രങ്ങളെ വെളിച്ചത്തു കൊണ്ടു വന്നു: കപ്പവും സ്വതന്ത്രവ്യാപാരവും. ഈ വിമര്‍ശനങ്ങളാണ് സ്വദേശിപ്രസ്ഥാനത്തിനും 1905ലെ ബംഗാള്‍ വിഭജനത്തിനെതിരെയുള്ള പ്രക്ഷോഭത്തിനും തുടര്‍ന്നുള്ള ദേശീയ പ്രസ്ഥാനത്തിനും തുടക്കം കുറിച്ചത്. സമകാലിക യാഥാര്‍ത്ഥ്യത്തിന്റെ പ്രധാനഘടകങ്ങളെക്കുറിച്ച് ദേശീയ പ്രസ്ഥാനത്തിന്റെ പങ്കാളികള്‍ക്ക് വ്യക്തമായ യോജിപ്പുകളുണ്ടായിരുന്നു. ഭാവിയെകുറിച്ചുള്ള യോജിപ്പില്ലായ്മകള്‍ അപ്പോള്‍ ആഴത്തിലുള്ളതായിരുന്നില്ല.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കള്‍ ഇംഗ്ലണ്ടിന്റെ കീഴിലുള്ള ‘ഭരണഘടനാപരമായ വികസന’ ത്തിലാണ് ഇന്ത്യയുടെ ഭാവി വിഭാവനം ചെയ്തത്. എണ്ണമറ്റ അസമത്വങ്ങളുള്ള പരമ്പരാഗത സമൂഹത്തിന്റെ നവോത്ഥാനവും അവരുടെ ലക്ഷ്യമായിരുന്നു. ജപ്പാനെ പോലെ വ്യാവസായിക പുരോഗതി കൈവരിക്കുന്നതിലൂടെയുണ്ടാകുന്ന സാമ്പത്തിക വളര്‍ച്ചയില്‍ അവര്‍ വിരലൂന്നി. അതുകൊണ്ടു തന്നെ അവര്‍ സ്വതന്ത്രവ്യാപാരത്തെ തള്ളിപ്പറയുകയും തദ്ദേശവ്യവസായങ്ങള്‍ക്ക് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. സ്വരാജിനെക്കാള്‍ സ്വദേശി ആയിരുന്നു അവരുടെ പ്രിയപ്പെട്ട മുദ്രാവാക്യം. ആഭ്യന്തര വിപണിക്കു മേല്‍ നീരാളിക്കൈകള്‍ നീട്ടുന്ന ‘കപ്പം കൊടുക്കല്‍’ ബ്രിട്ടന്‍ കുറയ്ക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. ബ്രിട്ടനിലേക്ക് ഒഴുകുന്ന ശമ്പളവും പെന്‍ഷനും കുറക്കുകയായിരുന്നു അതിനുള്ള ഒരു വഴി. പൂര്‍ണമായും മുതലാളിത്ത വ്യവസ്ഥയിലൂന്നിയ ഒരു ഭാവി ഇന്ത്യയെയാണ് അവര്‍ സ്വപ്‌നം കണ്ടെതെങ്കിലും പാവങ്ങളോട് അവര്‍ക്ക് വലിയ അനുതാപമുണ്ടായിരുന്നു. നവറോജിയെയും ദത്തിനെയും പോലുള്ളവര്‍ ചെറുകിട കര്‍ഷകരെയും ഫാക്ടറിത്തൊഴിലാളിയെയും സംരക്ഷിക്കാന്‍ ആഗ്രഹിച്ചു. ഗാന്ധിയുടെയും ഇടതുപക്ഷത്തിന്റെയും കീഴില്‍ സാധാരണജനങ്ങള്‍ അണിനിരന്നതിന് താത്വികമായ അടിത്തറയുണ്ടായത് അങ്ങനെയാണ്.

ബാലഗംഗാധരതിലകനെ പോലുള്ള ‘പരമ്പരാഗത’ ദേശീയവാദികള്‍ക്ക് ഗോപാലകൃഷ്ണഗോഖലയെ പോലുള്ള മിതവാദി നേതാക്കള്‍ ഉദ്‌ബോധിപ്പിക്കുന്ന സാമൂഹ്യനവോത്ഥാനത്തിലും മെല്ലെപ്പോകുന്ന ഭരണഘടനാപരമായ വികാസത്തിലും തീരെ വിശ്വാസമുണ്ടായിരുന്നില്ല. സ്വാതന്ത്ര്യം ഇന്ത്യക്കാരുടെ ജന്മാവകാശമാണെന്നു മാത്രമല്ല, പരമ്പരാഗത ഇന്ത്യന്‍ സമൂഹത്തിനും സംസ്‌കാരത്തിനും കുഴപ്പമൊന്നുമില്ലെന്നും അവര്‍ വാദിച്ചു. ബ്രിട്ടീഷുകാര്‍ ‘സാമൂഹ്യപരിഷ്‌ക്കരണം’ എന്ന പേരില്‍ പാശ്ചാത്യരീതികള്‍ അടിച്ചേല്പ്പിക്കാന്‍ തുനിഞ്ഞാല്‍ അതിനെ സാധാരണജനങ്ങളെ ഉപയോഗിച്ച് എതിര്‍ക്കുമെന്നും അവര്‍ പറഞ്ഞു. പഴയ സമൂഹത്തിന്റെ ഉദാത്തവല്‍കരണത്തില്‍ സ്വാഭാവികമായും ഹിന്ദു ഘടകങ്ങള്‍ മുന്തിനില്‍ക്കുകയും അതു പിന്നീട് അരബിന്ദോ ഘോഷിന്റെയും മറ്റും ഹൈന്ദവദേശീയതയുടെ വികാസത്തിന് വിളനിലമൊരുക്കുകയും ചെയ്തു.
എല്ലാ മതവിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഇന്ത്യന്‍രാഷ്ട്രം എന്ന സങ്കല്പവും സമാധാനപൂര്‍ണമായ പ്രക്ഷോഭത്തിലൂടെയും പ്രേരണയിലൂടെയും പടിപടിയായുള്ള അവകാശസംരക്ഷണ ശ്രമവും മൂലം ഗാന്ധിജി ഉള്ളാലെ പിന്തുണച്ചത് മിതവാദികളെയാണ്. പക്ഷേ പാശ്ചാത്യവല്‍കരിക്കപ്പെട്ട ഇന്ത്യ ആവശ്യമില്ലെന്ന് അദ്ദേഹം 1909ല്‍ ഹിന്ദ്‌സ്വരാജില്‍ എഴുതുകയുണ്ടായി. ആധുനിക വ്യവസായവല്‍കൃതസമൂഹത്തിലെ അസമത്വങ്ങള്‍ക്കു നേരെയുള്ള കടുത്ത അസഹിഷ്ണുത പാശ്ചാത്യചിന്തകരില്‍ നിന്നു തന്നെ അദ്ദേഹം സ്വാംശീകരിച്ചിരുന്നു. ‘സര്‍വോദയ’ എന്ന ആശയത്തിന്റെ പൂര്‍ത്തീകരണത്തിനായി ഇന്ത്യ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. സമൂഹത്തിന്റെ മുകള്‍ത്തട്ടിലുള്ളവര്‍ ധനത്തിന്റെ സൂക്ഷിപ്പുകാര്‍ മാത്രമാണ് എന്ന ആശയത്തിലൂടെ സമൂഹത്തിലെ അസമത്വങ്ങള്‍ പരിഹരിക്കാനാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് പിന്നീട് കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അയിത്തവും സ്ത്രീകളുടെ ദുരിതങ്ങളുമൊന്നും ഹിന്ദ് സ്വരാജില്‍ കാര്യമായി പരാമര്‍ശിക്കപ്പെടുന്നില്ല. എന്നാല്‍ 1915ല്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിനു ശേഷമുള്ള ഗാന്ധിയുടെ ചിന്തകളില്‍ അയിത്തത്തിനും സ്ത്രീകളുടെ അവസ്ഥക്കും പരമപ്രധാനമുണ്ട്. ഇന്ത്യക്ക് എല്ലാകാലവും വ്യവസായവല്‍കരിക്കപ്പെടാതെ നിലനില്‍ക്കാനാവില്ല എന്നതും അദ്ദേഹത്തിന്റെ ചിന്തകളില്‍ നിര്‍ബന്ധിതമാറ്റങ്ങളുണ്ടാക്കി. ഈ ഇളവുകള്‍ മുതലാളിത്ത-സമീന്ദാര്‍ അനുകൂല കാഴ്ചപ്പാടിലോ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലോ വായിച്ചെടുക്കാം. 1920 കള്‍ മുതല്‍ ദേശീയപ്രസ്ഥാനത്തില്‍ ഇടതുപക്ഷം ഉയര്‍ന്നുവരാന്‍ തുടങ്ങി. കോണ്‍ഗ്രസിനുള്ളില്‍ ജവഹര്‍ലാല്‍ നെഹ്‌റു പക്ഷത്തും സോഷ്യലിസ്റ്റുകള്‍ക്കിടയിലും ഇടതുപക്ഷം വളര്‍ന്നു. പുറത്താകട്ടെ കമ്യൂണിസ്റ്റുകളിലൂടെയും. 1931ലെ കറാച്ചി സമ്മേളനത്തില്‍ കോണ്‍ഗ്രസ് മൗലികാവകാശങ്ങളുടെ പ്രമേയം അംഗീകരിച്ചു. ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യത്തിന്റെ ആധാരശിലകളെല്ലാം തന്നെ കറാച്ചിപ്രമേയത്തിലുണ്ടായിരുന്നു-പ്രായപൂര്‍ത്തിവോട്ടവകാശം, മതനിരപേക്ഷത, സ്ത്രീകളുടെയും പുരുഷന്മാരുടെയും തുല്യഅവകാശങ്ങള്‍, ജാതിവിവേചനത്തിന്റെ നിരോധനം..

വ്യവസായവല്‍കരണം, അടിസ്ഥാനവ്യവസായങ്ങളുടെ ദേശസാല്‍കരണം, സംരക്ഷണച്ചുങ്കങ്ങള്‍, കാര്‍ഷികപരിഷ്‌ക്കരണങ്ങള്‍ തുടങ്ങിയ സുപ്രധാനനയങ്ങളും കറാച്ചി പ്രമേയത്തിലുണ്ടായിരുന്നു. നെഹ്രുയുഗത്തില്‍ നിന്ന് പകര്‍ന്ന വലിയ തിന്മകളായി ഈ നയങ്ങളില്‍ പലതും വിമര്‍ശിക്കപ്പെടുന്നുണ്ട്.

ദേശീയപ്രസ്ഥാനത്തിലെ ജനമുന്നേറ്റത്തിന് ഗാന്ധിയന്‍ ഉള്‍ക്കാഴ്ചകളും ഇടതു കാഴ്ചപ്പാടുകളും ഒരുപോലെ നിര്‍ണായകമായിരുന്നു. 1930-34ലെ നിയമലംഘന പ്രസ്ഥാനത്തിന് ശക്തി പകര്‍ന്നത് സ്ത്രീകളുടെയും കര്‍ഷകരുടെയും സാന്നിധ്യമാണ്.

തീവണ്ടി ഗതാഗതവും ഏകീകൃതവിപണിയുടെ ഉത്ഭവവും പത്രമാധ്യമങ്ങളുടെ വളര്‍ച്ചയും ആധുനിക വിദ്യാഭ്യാസത്തിന്റെ വികാസവുമാണ് ദേശീയബോധത്തിന്റെ വളര്‍ച്ചക്കു കാരണമെന്ന വാദം നിലവിലുണ്ട്. എന്നാല്‍ ഇതേ ഘടകങ്ങള്‍ മതം, ജാതി, പ്രദേശം തുടങ്ങിയ സ്വത്വബോധങ്ങളും വളരാന്‍ കാരണമായിട്ടുണ്ട്. മുസ്‌ലിംലീഗിന്റെ 1940ലെ ലാഹോര്‍പ്രമേയം ദ്വിരാഷ്ട്രവാദത്തെ ഉയര്‍ത്തിപ്പിടിച്ചെങ്കില്‍ ഹൈന്ദവ ദേശീയത ഇന്ത്യയുടെ സാംസ്‌കാരിക ഭൂതകാലത്തില്‍ നിന്നും രാഷ്ട്രീയഭാവിയില്‍ നിന്നും മുസ്‌ലിംകളെ ഒഴിവാക്കി. (ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍!) 1947ലെ വിഭജനം തടയാന്‍ കഴിയാതിരുന്നത് ദേശീയപ്രസ്ഥാനത്തിനേറ്റ തിരിച്ചടി തന്നെയാണ്. എന്നാല്‍ ബ്രീട്ടീഷ് ഭരണത്തിനും മുസ്‌ലിംലീഗിനും കൂടുതല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി എത്രകാലം അത് തടഞ്ഞുവെക്കാന്‍ സാധിക്കുമായിരുന്നു എന്നതും പ്രസക്തമായ സംശയമാണ്. മനസ്സുകള്‍ക്കു വേണ്ടിയുള്ള യുദ്ധം പരാജയപ്പെട്ടതാണ് അതിനെക്കാള്‍ വലിയ വിപത്ത്.

സ്വാതന്ത്ര്യാനന്തര സാമ്പത്തിക വികാസങ്ങള്‍
1947 ആഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരെയുള്ള രണ്ടരവര്‍ഷം ദുരിതപൂര്‍ണമായിരുന്നു. സ്വാതന്ത്ര്യം നേടിയതിലുള്ള ആഹ്ലാദം ലോകം കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തില്‍ മുങ്ങിപ്പോയി. തുടര്‍ന്നുണ്ടായ കൂട്ടക്കൊലകള്‍ കല്‍ക്കത്തയിലും ഡല്‍ഹിയിലുമായി ഗാന്ധിജി നടത്തിയ രണ്ടു നിരാഹാരങ്ങളിലും അവസാനം അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിലും ചെന്നെത്തി. രണ്ടു നൂറ്റാണ്ടു കാലത്തെ സാമ്രാജത്വ അധിനിവേശത്താല്‍ താറുമാറായ വിഭജിതരാഷ്ട്രത്തിലെ വ്യാവസായിക അടിത്തറ അമ്പേ തകര്‍ന്നു പോയി. പരുത്തിയുടെയും ചണത്തിന്റെയും കൃഷിയിടങ്ങള്‍ അതിര്‍ത്തിയുടെ ഒരു വശത്തും പരുത്തി, ചണഫാക്ടറികള്‍ മറുവശത്തും കുടുങ്ങിപ്പോയി. അന്ന് ഇന്ത്യയുടെ ആധുനികവ്യവസായത്തിന്റെ ജീവനാഡിയായിരുന്ന തുണിവ്യവസായത്തിന്റെ തകര്‍ച്ച വ്യാവസായിക ഉല്പാദനത്തിനു തന്നെ കോട്ടമുണ്ടാക്കി. ബ്രീട്ടീഷുകാരാല്‍ പടുത്തുയര്‍ത്തപ്പെട്ട ഭരണയന്ത്രത്തിന് ഭൂവുടമകളുമായി സമരസപ്പെടാനുള്ള പ്രവണത കര്‍ഷകരുടെ എതിര്‍പ്പ് വിളിച്ചു വരുത്തി. ഇന്ത്യന്‍ സായുധസേനകളുടെ മേല്‍ ബിട്ടീഷ് ഓഫീസര്‍മാരുടെ മേല്‍കോയ്മയും വിദേശമൂലധനവും ശീതയുദ്ധത്തിന്റെ തുടക്കത്തില്‍ അന്തര്‍ദേശീയ രംഗത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് തടസ്സമുണ്ടാക്കി. എങ്കിലും അക്കാലത്ത് ഏറെ നേട്ടങ്ങളുമുണ്ടായി. രാഷ്ട്രീയമായ പുരോഗതിക്ക് തടസ്സം നിന്നിരുന്ന നാട്ടുരാജ്യങ്ങളെ മുഴുവന്‍ ഇന്ത്യയില്‍ ലയിപ്പിച്ചു. ദളിതുകള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കാനുള്ള ആദ്യനടപടികള്‍ ആരംഭിച്ചു. സാര്‍വത്രികവോട്ടവകാശവും മതത്തില്‍ നിന്ന് രാഷ്ട്രത്തെ വേര്‍പ്പെടുത്തലും ഗണ്യമായ നേട്ടങ്ങളാണ്. സ്വകാര്യസ്വത്തിനെ കാര്യമായി സ്പര്‍ശിക്കാന്‍ മടിച്ചെങ്കിലും പൊതുമേഖലയുടെ പ്രാധാന്യം എടുത്തു കാട്ടുന്ന നയങ്ങള്‍ രൂപീകരിക്കപ്പെട്ടു.

ഇത്തരം ചുവടുവെയ്പുകള്‍ 1950കള്‍ക്കു വേണ്ട നിലമൊരുക്കി. സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും ധീരമായ കാലഘട്ടമായി വിശേഷിപ്പിക്കപ്പെടുന്ന ഇക്കാലത്ത് ഭൂപരിഷ്‌കരണങ്ങള്‍ നടപ്പിലാക്കപ്പെട്ടു. വ്യാവസായികവല്‍കരണം ശരിയായ രീതില്‍ ആരംഭിച്ചു. ഊര്‍ജ്ജോല്പാദനം രണ്ടര മടങ്ങ് വര്‍ധിച്ചു. ഉരുക്കിന്റെ ഉല്പാദനം 2.4 മടങ്ങ് വര്‍ധിച്ചു. ധാന്യങ്ങളുടെ ആളോഹരി ലഭ്യത വര്‍ധിച്ചു. വിദ്യാഭ്യാസരംഗത്തെ പൊതുമൂലധനത്തിന്റെ നിക്ഷേപവും ഫലം കണ്ടു. സ്‌കൂളില്‍ ചേരുന്ന കുട്ടികളുടെ എണ്ണം 23.5 ദശലക്ഷത്തില്‍ നിന്ന് 44.7 ദശലക്ഷമായി ഉയര്‍ന്നു. ശരാശരി ആയുര്‍ദൈര്‍ഘ്യം 32.5 ല്‍ നിന്ന് 41.2 ആയി ഉയര്‍ന്നു. 1955ല്‍ സിവില്‍ അവകാശസംരക്ഷണ നിയമം നിലവില്‍ വന്നു. സ്ത്രീകള്‍ക്ക് സ്വത്തവകാശത്തിലും വിവാഹത്തിലും തുല്യഅവകാശം നല്‍കുന്ന, ഹിന്ദു കോഡ് എന്നറിയപ്പെടുന്ന നിയമങ്ങള്‍ 1955-56 കാലത്ത് ആര്‍ എസ് എസിന്റെയും ജനസംഘിന്റെയും ഹിന്ദുമഹാസഭയുടെ എതിര്‍പ്പ് വകവെക്കാതെ നിലവില്‍ വന്നു. ആ കാലഘട്ടത്തിലെ ‘സോഷ്യലിസ്റ്റ്’ നയങ്ങളെ വിമര്‍ശിക്കുന്ന ഇക്കാലത്ത് ഇത്തരം ഗണ്യമായ നേട്ടങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്.

1950കളില്‍ ഇടതുപക്ഷത്തിന്റെ ഇടം പിടിച്ചടക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തിയിരുന്നു. വലിയ ഭൂപ്രഭുക്കന്മാരും നാട്ടുരാജാക്കന്മാരും പാര്‍ട്ടിയിലുണ്ടെങ്കിലും കോണ്‍ഗ്രസ് സോഷ്യലിസം ഉദ്‌ബോധിപ്പിച്ചു തുടങ്ങി. പാശ്ചാത്യ ചിന്തകരുടെ ക്ഷേമരാഷ്ട്രമാണ് അതിന്റെ ആധാരശിലയെന്ന് നെഹ്രു പറഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷപാര്‍ട്ടിയായി നിലകൊണ്ടു. ഇക്കാലയളവില്‍ കേരളത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തില്‍ വരികയും (1957-59) ചെയ്തു.

അന്താരാഷ്ട്രതലത്തിലെ ഇന്ത്യയുടെ സ്ഥാനവും ഇക്കാലയളവില്‍ ഗണ്യമായി മെച്ചപ്പെട്ടു. ശീതസമരത്തിന്റെ രൂക്ഷതയും ചൈനീസ് വിപ്ലവവും കൊറിയന്‍ യുദ്ധവും ഇന്ത്യയുടെ അമേരിക്കന്‍ അനുകൂലനയത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കാരണമായി. ഇന്ത്യ ചേരിചേരാനയം സ്വീകരിക്കുകയും കൊറിയയില്‍ സമാധാനം തിരിച്ചു കൊണ്ടു വന്നവരില്‍ പ്രധാനിയായി മാറുകയും ചെയ്തു. എഷ്യന്‍ ആഫ്രിക്കന്‍ ഐക്യത്തിനും ഇന്ത്യ മുന്‍കയ്യെടുത്തു. യു എസ് എസ് ആറും ചൈനയുമായുള്ള ബന്ധവും ഇന്ത്യ ഇക്കാലയളവില്‍ മെച്ചപ്പെടുത്തി.

1960 കളോടെ ആഭ്യന്തരസാമ്പത്തികവികാസങ്ങള്‍ ആയാസത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. വന്‍കിട വ്യവസായങ്ങളെ സ്റ്റേറ്റ് പിന്തുണച്ചതു മൂലം വ്യവസായ മേഖല വികസിച്ചെങ്കിലും അത് കൂടുതല്‍ അസമത്വങ്ങള്‍ക്ക് കാരണമായി. കാര്‍ഷികപരിഷ്‌കാരങ്ങള്‍ ദരിദ്രരില്‍ ദരിദ്രരായവരെ കണ്ടതു പോലുമില്ല. അഴിമതിയാകട്ടെ സാമ്പത്തികവികസനത്തിന്റെയും ക്ഷേമസ്ഥാപനത്തിന്റെയും ഓരോ ശ്രമത്തെയും പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്തു. 1959ല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചു വിടപ്പെട്ടതോടെ വലതുപക്ഷം ശക്തിപ്രാപിക്കാന്‍ തുടങ്ങി. 1962ലെ ഇന്ത്യചൈനാ യുദ്ധക്കെടുതികളും വലതുശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കി. ‘നെഹ്‌റുവിന് ശേഷം ആര്’ എന്ന ചോദ്യം ‘നെഹ്‌റുവിനു ശേഷം എന്ത്’ എന്നായിത്തീര്‍ന്നു. 1964ല്‍ നെഹ്‌റുവിന്റെ മരണത്തോടെ ആ യുഗം അവസാനിച്ചു.

ഇര്‍ഫാന്‍ ഹബീബ്
(തുടരും)
കടപ്പാട്: thewire.in

You must be logged in to post a comment Login