രാജ്യദ്രോഹം എന്ന വാക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളാകാനാണ് സാധ്യത. 2014 ല്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ സംഘ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ആ വാക്ക് കൂടുതല്‍ സംഹാരസ്വഭാവത്തോടെ മുഴങ്ങുന്നുണ്ട്. പരിവാര്‍ രാഷ്ട്രീയത്തിന്റെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവരെ മുഴുവന്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നതില്‍ ആനന്ദമനുഭവിക്കുന്ന വികലമായ മനോഭാവത്തിന്റെ തടവറയിലാണ് ഓരോ ആര് എസ് എസ് പ്രവര്‍ത്തകനും. മോഡിക്കാലത്തെ അസഹിഷ്ണുതക്കെതിരെ പ്രതികരിച്ച കലാകാരന്മാരോട് ഹിന്ദുത്വ ഫാഷിസം എങ്ങനെ പ്രതികരിച്ചു എന്ന് നമുക്കറിയാം. അവരെ പാകിസ്താനിലേക്കയക്കാന്‍ അവര്‍ ധൃതിപ്പെട്ടു. നോട്ട് നിരോധനത്തിനെതിരെ നിലപാടെടുത്ത എം ടി വാസുദേവന്‍ നായരോട് അത് പറയാന്‍ നിങ്ങളാര് എന്ന് പ്രകോപിതരായി സംഘ് നേതാക്കള്‍.
ചരിത്രത്തിലുടനീളം രാഷ്ട്രതാല്പര്യങ്ങളുടെ എതിര്‍ചേരിയിലാണ് ആര് എസ് എസിനെ നാം കാണുന്നത്. സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ നാളുകളില്‍ ബലവാന്-ദുര്ബലന് സിദ്ധാന്തമവതരിപ്പിച്ചു ബ്രിട്ടീഷനുകൂല നിലപാട് പരസ്യമാക്കിയത് ഗോള്‍വാള്‍ക്കറായിരുന്നു. സമഗ്രാധിപത്യ സ്വഭാവമുള്ള എല്ലാ ഫാഷിസ്റ്റ് സംഘടനകള്‍ക്കും പൊതുവായി ചേരുന്ന എല്ലാ വിശേഷണങ്ങളും ആര് എസ് എസിനു പാകമാകും. സംഘ്പരിവാറിനെ തുറന്നുകാട്ടുന്ന രചനകള്‍ ഇന്ത്യന്‍ ഭാഷകളില്‍ ധാരാളമായുണ്ട്. മലയാളത്തില്‍ തന്നെ ഒട്ടേറെ പഠനങ്ങളും പ്രബന്ധങ്ങളും ഈ വിഷയത്തില്‍ ലഭ്യമാണ്. ഇടതു പുരോഗമന പ്രസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം പുസ്തകങ്ങള്‍ കൂടുതലായി വെളിച്ചം കണ്ടത് എന്നത് ചില രാഷ്ട്രീയ അതിവായനകള്‍ ആവശ്യപ്പെടുന്നു.
ആര് എസ് എസ് രാഷ്ട്രീയത്തെയും ചരിത്രത്തെയും വിശകലനം ചെയ്യുന്ന പുസ്തകങ്ങളില്‍ പലകാരണങ്ങളാല്‍ വേറിട്ട് നില്ക്കുന്നു കെ ടി കുഞ്ഞിക്കണ്ണന്റെ ‘ആര് എസ് എസ്: രാജ്യദ്രോഹത്തിന്റെ ചരിത്രവും വര്‍ത്തമാനവും’. ആര് എസ് എസിന്റെ കപടനാട്യങ്ങളുടെയും ആദര്‍ശ പ്രഖ്യാപനത്തിന്റെയും പിറകില്‍ ഒളിച്ചിരിക്കുന്ന രാജ്യദ്രോഹത്തിന്റെയും വര്‍ഗീയതയുടെയും ദംഷ്ട്രകള്‍ തുറന്നുകാണിക്കുകയാണ് ഈ പുസ്തക രചനയുടെ ഉദ്ദേശ്യമെന്ന് ഒന്നാം പതിപ്പിനെഴുതിയ മുഖവുരയില്‍ ഗ്രന്ഥകാരന് പറയുന്നുണ്ട്. ആഗോള ഭീകരവാദ സംഘടനകളും അധോലോക സംഘങ്ങളും മയക്കുമരുന്ന്- ആയുധക്കടത്ത് സംഘങ്ങളുമെല്ലാമായി ഹിന്ദുത്വ ശക്തികള്‍ക്കുള്ള അവിശുദ്ധവും രാജ്യദ്രോഹപരവുമായ ബാന്ധവങ്ങളെയാണ് ഈ പുസ്തകം തുറന്നുകാട്ടുന്നതെന്നും അദ്ദേഹം പറയുന്നു. സാമ്പ്രദായിക വിശകല നങ്ങള്‍ക്കും വിമര്ശങ്ങള്ക്കുമപ്പുറത്തേക്ക് ഈ പുസ്തകം വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. പലര്‍ക്കും അറിയാത്തതോ അറിഞ്ഞിട്ടും പലവിധ ഭയങ്ങളാല്‍ മറച്ചുവെക്കുന്നതോ ആയ ചില വിവരങ്ങള്‍ (സ്ഫോടനാത്മകം എന്ന് വിശേഷിപ്പിക്കാവുന്ന) ഈ പുസ്തകത്തില്‍ വായിക്കാന്‍ കഴിയും.
പന്ത്രണ്ട് അധ്യായങ്ങളാണ് ഈ കൃതിയിലുള്ളത്. ഇന്ത്യന്‍ ഫാഷിസത്തിന്റെ ഭ്രമണപഥങ്ങള്‍ പരിശോധിക്കുന്നതാണ് ആദ്യ ലേഖനം. ‘ചരിത്രത്തിലെ നരഭോജികളായ മുസ്സോളിനിയുടെയും ഹിറ്റ്ലറുടെയും ഫ്രാങ്കോയുടെയും അപരാധപൂര്‍ണമായ ദൗത്യമാണ് ഇന്ത്യയില്‍ ആര് എസ് എസും സംഘപരിവാര്‍ സംഘടനകളും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്’ എന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു.വര്‍ഗീയതയെയും കോര്‍പ്പറേറ്റ് മൂലധനതാല്പര്യങ്ങളെയും ഉപാസിച്ച് സംഘ്പരിവാര്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് എങ്ങോട്ടാണ് എന്ന ചോദ്യമുയര്‍ത്തുന്നു. ഹിന്ദുമഹാസഭയില്‍ നിന്ന് രാഷ്ട്രീയ സ്വയം സേവക് സംഘിലേക്കുള്ള ദൂരം പ്രത്യയശാസ്ത്രപരമല്ലെന്നും മാറ്റം പേരില്‍ മാത്രമെന്നും ബോധ്യപ്പെടുത്തുന്ന അധ്യായമാണ് രാജ്യദ്രോഹത്തിന്റെ ചരിത്രവും പ്രത്യയശാസ്ത്രവും. സംഘ്പരിവാര്‍ ചരിത്രത്തില്‍ കൂടുതലായി പരാമര്‍ശിക്കപ്പെടാത്ത, അതേസമയം നിര്‍ബന്ധമായും ചര്ച്ചെടുക്കേണ്ട ഒരാളെ പരിചയപ്പെടുത്തുന്നു ഈ അധ്യായം.
”ഹിന്ദുമഹാ സഭയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്ത റായ് ബഹദൂര്‍ ലാലാ ലാല്‍ ചന്ദ് ഒരു മതഭ്രാന്തനായിരുന്നു. ഹൈന്ദവതയാണ് പ്രധാനം, രാഷ്ട്രമല്ല എന്നതായിരുന്നു ഈ ഹിന്ദുത്വവാദിയുടെ പ്രത്യയശാസ്ത്രം.” ലാല്‍ ചന്ദിന്റെ അത്യന്തം ദേശവിരുദ്ധമായ രണ്ടാശയങ്ങള്‍ കൂടി തുടര്‍ന്ന് പറയുന്നു. ഒരാള്‍ ആദ്യമായി ഹിന്ദു ആണെന്നും അതിനു ശേഷമേ ഇന്ത്യക്കാരനാകുന്നുള്ളൂ എന്നതാണ് അതിലൊന്ന്. ബ്രിട്ടീഷുകാര്‍ക്കെതിരായ സ്വാതന്ത്ര്യസമരം ഹിന്ദു ജനതയുടെ യഥാര്‍ത്ഥ ശത്രുക്കള്‍ക്കെതിരായ പോരാട്ടത്തെ രണ്ടാം സ്ഥാനത്താക്കുമെന്നതാണ് രണ്ടാമത്തേത്. ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ഡിപ്പാര്‍ട്മെന്റിന്റെ പ്രോത്സാഹനത്തോടെയാണ് ദേശീയ സ്വാതന്ത്ര്യസമരത്തെ ദുര്‍ബലപ്പെടുത്താന്‍ ഹിന്ദുമഹാസഭക്ക് ലാല്‍ചന്ദ് രൂപം കൊടുത്തതെന്നും പുസ്തകം പറയുന്നു. രാജ്യം അമ്മയാണ്, അത് കഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്നുപറയുന്ന സംഘ് പരിവാറിന്റെ കപടമുഖമാണ് ഇവിടെ അനാവൃതമാകുന്നത്. രാജ്യത്തെ രണ്ടാം സ്ഥാനത്തു കാണുകയും അതിനുമുകളില്‍ ഹിന്ദുവാദത്തെ പ്രതിഷ്ഠിക്കുകയുമാണ് ഹിന്ദുമഹാസഭ നേതാവ് ചെയ്തത്. ലാല്‍ചന്ദ് പറയുന്ന ‘ഹിന്ദു ജനതയുടെ യഥാര്‍ത്ഥ ശത്രുക്കള്‍’ ആരാണെന്ന് ഗോള്‍വാള്‍ക്കര്‍ ഉള്‍പ്പടെയുളവര്‍ വിശദീകരിച്ചിട്ടുണ്ടല്ലോ. മുസ്ലിംകള്, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകള്‍ എന്നിവരെ പ്രഖ്യാപിത ശത്രുക്കളായും ദളിത് കീഴാളവിഭാഗങ്ങളെ അസ്പൃശ്യരായും കാണുന്നതാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രം.
അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ യുമായി ആര് എസ് എസ് പുലര്‍ത്തിവരുന്ന ബന്ധവും സംഘപരിവാറിന് ഇന്ത്യയിലേക്കൊഴുകുന്ന പണത്തിന്റെ സ്രോതസ്സും അന്വേഷിക്കുന്ന ലേഖനം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. മുസ്ലിം, ക്രിസ്ത്യന്‍ സംഘടനകള്‍ക്കെതിരെ ആര് എസ് എസ് ഉന്നയിക്കുന്ന ആക്ഷേപങ്ങളിലൊന്ന് വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്നു എന്നതാണ്. മതപ്രബോധനത്തിനു വേണ്ടി ഈ ഫണ്ട് വിനിയോഗിക്കുന്നുവെന്നും അതേക്കുറിച്ചു സമഗ്ര അന്വേഷണം വേണമെന്നുമൊക്കെ ആവശ്യപ്പെടുന്നവര്‍ വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിക്കുന്നതിന് വേണ്ടി പോലും വിദേശ ഏജന്‍സികളെ ആശ്രയിക്കുന്നുവെന്ന് ഈ പുസ്തകം വായിക്കുമ്പോള്‍ മനസ്സിലാകും.
‘ഗുജറാത്തിലെ വംശഹത്യക്ക് ഉപയോഗിച്ച പണം ‘ഇന്ത്യ റിലീഫ് ആന്‍ഡ് ഡെവലപ്മെന്റ് എന്ന ഏജന്‍സി വഴി അമേരിക്കന്‍ കോര്‍പ്പറേറ്റുകളും ഫൗണ്ടേഷനുകളും ഒഴുക്കിക്കൊടുത്ത ഡോളറുകളായിരുന്നു’. ഏതെല്ലാം സംഘടനകളാണ് ആര് എസ് എസിനെ ഇങ്ങനെ സഹായിച്ചത് എന്നും വിശദീകരിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നപേരില്‍ ബഹുരാഷ്ട്ര കുത്തകയില്‍ നിന്ന് സ്വരൂപിച്ച ഫണ്ട് ഇവിടെ ആയിരങ്ങളുടെ ജീവനപഹരിക്കാന്‍ ഉപയോഗിച്ചതിനെ കുറിച്ചും പറയുന്നുണ്ട്.
‘ചിലിയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അട്ടിമറിയില്‍ പങ്കാളികളായ യു എസ് ടെലിഫോണ്‍ കമ്പനികള്‍ പരസ്യമായും രഹസ്യമായും ആര് എസ്എസിന് പണം ഒഴുക്കിക്കൊടുക്കുന്നുണ്ട്. അ ഠ അിറ ഠ എന്ന കമ്പനി അവരുടെ മൊത്തം വിറ്റുവരവിന്റെ അഞ്ച് ശതമാനം വിശ്വഹിന്ദു പരിഷത്തിന് നല്‍കാനുള്ള തീരുമാനം അമേരിക്കന്‍ ഇന്ത്യക്കാരുടെ ഭാഗത്തുനിന്ന് തന്നെ വലിയ പ്രതിഷേധത്തിന് ഇടയായതാണ്’. എല്‍ ടി ടി ഇ പോലുള്ള ആഗോള ഭീകരവാദ പ്രസ്ഥാനങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് നിര്‍ലോഭം ഫണ്ട് സ്വീകരിച്ചാണ് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഇപ്പോഴും ഭീകരവാദ ഗ്രൂപ്പുകളെ സഹായിക്കുന്ന വിദേശ ഏജന്‍സികളുണ്ട്. ഇത്തരം സഹായങ്ങള്‍ ആര് എസ് എസിനും പുളിക്കില്ല എന്നാണ് പുസ്തകം പറയുന്നത്. ഇന്ത്യയില്‍ അമേരിക്കയുടെ താല്പര്യമെന്ത് എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഏഷ്യയില്‍ അമേരിക്കക്ക് ഏതെങ്കിലും നിലക്ക് ഭീഷണി ഉയര്‍ത്താന്‍ കഴിയുന്ന ഒരേയൊരു രാഷ്ട്രം ഇന്ത്യയാണ്. സംഘ്പരിവാറിനെ മുന്‍നിര്‍ത്തി സി ഐ എ ഇവിടെ നടത്തിയ ഇടപെടലും നടപ്പാക്കാനുദ്ദേശിച്ച അജണ്ടയും വിശകലനവിധേയമാക്കുന്നു. ഭരണവര്‍ഗ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്ന ദേശീയാധികാരശക്തിയായി ആര് എസ് എസ് രാഷ്ട്രീയത്തെ വികസിപ്പിച്ചെടുക്കാന്‍ സി ഐ എ പദ്ധതി ആവിഷ്കരിച്ചതായി പുസ്തകത്തിലുണ്ട്.
രാമജന്മഭൂമിയോടുള്ള ഹിന്ദു സമുദായത്തിന്റെ വൈകാരിക ബന്ധമാണ് ബാബരി മസ്ജിദ് തകര്‍ച്ചയില്‍ കലാശിച്ചത് എന്ന് ചിന്തിക്കുന്ന ചില നിഷ്കളങ്ക മതേതരവാദികളെങ്കിലും നമ്മുടെ നാട്ടിലുണ്ട്. ബാബരി തകര്‍ച്ചയെ കുറിച്ചുള്ള പൊതുബോധത്തെ കീഴ്മേല്‍ മറിക്കുന്നതാണ് ഇതിലെ വിശദീകരണങ്ങള്‍: ‘ഇന്ത്യയില്‍ മൂവായിരം ആരാധനാലയങ്ങള്‍ തര്‍ക്കപ്രശ്നമായി ഉയര്‍ത്താന്‍ അമേരിക്കന്‍ സി ഐ എ വിദഗ്ധന്മാര് നയിക്കുന്ന കര്‍ണഗി എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് ആണ് പദ്ധതി തയാറാക്കുന്നത്. അതിന്റെ നിര്‍ദേശാനുസരണമാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ വാഷിംഗ്ടണ്‍ സമ്മേളനം ബാബരി മസ്ജിദ് തര്‍ക്കം ഉന്നയിക്കാന്‍ വന്‍പദ്ധതികള്‍ക്ക് രൂപം കൊടുത്തത്’. അന്ന് ബി ജെ പിയിലെ പ്രബലനായിരുന്ന എല്‍ കെ അഡ്വാനി 1991 ജനുവരിയില്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ നാല് മണിക്കൂര്‍ കര്‍ണഗി ഉന്നതരുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയതും പള്ളി തകര്ക്കപ്പെടുന്നതിനു മാസങ്ങള്‍ക്ക് മുമ്പ് തന്നെ കര്ണഗിയിലെ ഇന്ത്യന്‍ കാര്യങ്ങള്‍ക്കുള്ള വിദഗ്ധന്‍ ഡോ. ക്രിസ്ബര്ഗ് ഇന്ത്യയിലെത്തിയതും പുസ്തകത്തില്‍ കടന്നുവരുന്നു. ‘ബാബരി മസ്ജിദ് തകര്‍ക്കുന്നതിന്റെ ഓരോ ഘട്ടവും തീരുമാനിച്ചത് സി ഐ എ വിദഗ്ധന്മാരും കര്ണഗിയിലെ ഉദ്യോഗസ്ഥന്മാരുമായിരുന്നു’ എന്ന ഗ്രന്ഥകാരന്റെ കണ്ടെത്തല്‍ വലിയ അളവില്‍ തന്നെ ചര്‍ച്ചക്ക് വഴി വെക്കേണ്ടതായിരുന്നു. എന്തുകൊണ്ടോ അങ്ങനെ സംഭവിച്ചില്ല. ആയുധക്കടത്തുകാരെ സഹായിക്കുന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ ബി ജെ പിക്കും സംഘ് പരിവാറിനുമെതിരെ ഈ കൃതിയിലുണ്ട്. ദേശ സ്നേഹത്തിന്റെ ലേബലൊട്ടിച്ച് സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത് എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് പുതിയ ചില വിവരങ്ങള്‍ കൈമാറാന്‍ ഈ പുസ്തകത്തിന് സാധിക്കുന്നു.
അമീന് മുബാറക് എം
You must be logged in to post a comment Login