സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി നമുക്ക് ഇഷ്ടപെട്ട സാധനം എടുത്ത് ബാസ്‌ക്കറ്റില്‍ ഇടുന്നത് പോലെ, നമുക്കാവശ്യമുള്ള ഒരു കോടതി വിധി പരമോന്നത നീതി പീഠത്തില്‍ ചെന്ന് തരപ്പെടുത്താം എന്ന് കരുതിയവരെ നിരാശപ്പെടുത്തി എന്നതാണ് ആഗസ്റ്റ് 22ന്റെ മുത്വലാഖ് വിധിയെക്കുറിച്ച് ഏക വാചകത്തില്‍ വിലയിരുത്താന്‍. മൂന്ന് ത്വലാഖും ഒറ്റയിരിപ്പില്‍ ചൊല്ലുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചാല്‍ മാത്രം പോരാ, 1937ലെ ശരീഅത്ത് ആക്ട് റദ്ദാക്കണമെന്ന് കൂടി ആവശ്യപ്പെട്ടാണ് ആറ് സ്ത്രീകളെ മുന്നില്‍ നിര്‍ത്തി സംഘ് പരിവാര്‍ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ആ ഗൂഢ പദ്ധതി പൂര്‍ണമായി നടപ്പായില്ല എന്ന് മാത്രമല്ല, വ്യക്തി നിയമങ്ങള്‍ക്ക് മൗലികാവകാശങ്ങളുടെ പാവനതയുണ്ടെന്ന് തീര്‍പ്പ് കല്‍പ്പിക്കുന്ന സുപ്രധാനമായ വിധിന്യായങ്ങള്‍ നമുക്ക് ലഭിക്കുകയും ചെയ്തു. വാദിയും പ്രതിയും ജയിച്ച അപൂര്‍വ്വ കാഴ്ചക്ക് നാം സാക്ഷിയാകേണ്ടി വന്നു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ മൂന്ന് വ്യത്യസ്ത വിധി ന്യായങ്ങള്‍ ഓരോരുത്തരും അവരവരുടെ വിജയം ഉറപ്പിക്കും വിധം വ്യാഖ്യാനിക്കുന്ന രസകരമായ കാഴ്ച, വിഷയത്തെ സൂക്ഷ്മതലത്തില്‍ പഠിക്കാന്‍ ശ്രമിക്കാത്തത് കൊണ്ടാവാനേ തരമുള്ളൂ. തന്നെയുമല്ല, തങ്ങളുടെ മുന്നില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്കല്ല ബഹുമാനപ്പെട്ട ജഡ്ജിമാര്‍ മറുപടി പറഞ്ഞത് എന്ന കാര്യം പലരും സൗകര്യപൂര്‍വ്വം മറന്നു.
കുടുംബ നിയമ വിഷയത്തില്‍ ലോകത്തിലെ തന്നെ ആധികാരിക വക്താവായി അറിയപ്പെടുന്ന ഡോ.താഹിര്‍ മഹ്മൂദ് ചൂണ്ടിക്കാട്ടിയത് പോലെ, ഇപ്പോഴത്തെ വിധിയോടെ ആശയക്കുഴപ്പം വര്‍ധിച്ചിരിക്കുകയാണ്. 395 പേജ് വരുന്ന വിധിന്യായത്തില്‍ 273 പേജില്‍ ചീഫ് ജസ്റ്റിസ് ജ.ജെ എസ് ഖഹാറും 30 പേജില്‍ ജ.കുര്യന്‍ ജോസഫും ബാക്കി ഭാഗത്ത് ജ. ആര്‍ എഫ് നരിമാനും തങ്ങളുടെ അഭിപ്രായങ്ങള്‍ കുറിച്ചിട്ടപ്പോള്‍ സമന്വയത്തെക്കാള്‍ അഭിപ്രായഭിന്നതയാണ് മുഴച്ചുനിന്നത്. എന്തുകൊണ്ട് ഇത് സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം ലളിതം: മതപരമായ ഒരു വിഷയത്തില്‍ ഏകകണ്ഠ അഭിപ്രായത്തില്‍ എത്തിച്ചേരുക ക്ഷിപ്രസാധ്യമായിരുന്നില്ല. മാത്രമല്ല, ഓരോ കോടതി വിധിയിലും ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയം ഉള്‍ച്ചേര്‍ന്നു കിടക്കുന്നുവെന്ന ചൊല്ല് അന്വര്‍ത്ഥമാക്കി, ന്യൂനപക്ഷത്തിന്റെ മതത്തിലേക്ക് കൈകടത്താനുള്ള ഈ സാധ്യത മുന്നില്‍ കണ്ട് ന്യായാധിപന്‍മാര്‍ വിവിധ കോണുകളിലൂടെ പ്രതിരോധത്തിന്റെ കവചം ഒരുക്കുന്ന അനുഭവ വിശേഷവും ഈ വിധി ഉള്‍വഹിക്കുന്നതായി വിശകലനത്തില്‍ കണ്ടെത്താനാവും.
വിധിയുടെ മര്‍മം
മുസ്‌ലിം സമൂഹത്തില്‍ നിലനില്‍ക്കുന്ന ത്വലാഖുല്‍ബിദ്അ(മുത്തലാഖ്), നികാഹുല്‍ ഹലാല്‍(ചടങ്ങ് കല്യാണം), ബഹുഭാര്യത്വം എന്നിവ നിരോധിക്കണമെന്ന ആവശ്യവുമായാണ് സൈറാബാനു, ഇശ്‌റത്ത് ജഹാന്‍ തുടങ്ങി അരഡസനോളം സ്ത്രീകള്‍ സുപ്രീം കോടതിയിലെത്തിയത്. കോടതി തീര്‍പ്പ് നിഷ്പക്ഷമാവാന്‍ അഞ്ച് വിവിധ മതധാരകളെ പ്രതിനിധാനം ചെയ്യുന്ന ന്യായാധിപന്‍മാരാണ് വിധികേട്ടത്. വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് വേനലവധി മാറ്റിവെച്ച് ആറ് ദിവസം വാദപ്രതിവാദങ്ങള്‍ കോടതി കേട്ടു. രാജ്യത്തെ എറ്റവും പ്രഗത്ഭരും പ്രശസ്തരുമായ അഭിഭാഷകരാണ് ഇരുപക്ഷത്തിനും വേണ്ടി ഹാജരായത്. കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകര്‍ ഇന്ത്യന്‍ മതേതര വ്യവസ്ഥയില്‍ വ്യക്തിനിയമങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും മുസ്‌ലിം സമൂഹം പിന്തുടരുന്ന ഇസ്‌ലാമിക ശരീഅത്ത് സ്ത്രീവര്‍ഗത്തോട് കൊടുംഅനീതിയാണ് കാട്ടുന്നതെന്നും മുത്വലാഖ് ഭരണഘടനയുടെ 14,15, 21, 25 അനുഛേദങ്ങളുടെ ലംഘനമാണെന്നും വാദിച്ചു. ചടങ്ങ് കല്യാണവും ബഹുഭാര്യത്വവും പിന്നീട് പരിശോധിക്കാമെന്നും മുത്വലാഖ് മാത്രമേ ഇപ്പോള്‍ പരിഗണനക്ക് വരുകയുള്ളൂവെന്നും ചീഫ് ജസ്റ്റിസ് ഖഹാര്‍ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു.
മൂന്ന് വ്യത്യസ്ത വിധിന്യായങ്ങളില്‍ എവിടെയും മുത്ത്വലാഖ് ഭരണഘടനാവിരുദ്ധം (ഡിഇീിേെശൗേശേീിമഹ) എന്ന് സ്ഫുടമായി പറയുന്നില്ല. ഭൂരിപക്ഷാഭിപ്രായപ്രകാരം ഈ സമ്പ്രദായം റദ്ദാക്കുകയാണ് ചെയ്തത്. ചീഫ് ജസ്റ്റിസ് ഖഹാറും ജസ്റ്റിസ് അബ്ദുന്നസീറും മുത്ത്വലാഖ് മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമാണെന്നും വ്യക്തിനിയമമാവട്ടെ, ഭരണഘടനയുടെ 25ാം അനുഛേദം വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെട്ടതാണെന്നുമുള്ള ചരിത്രതീര്‍പ്പാണ് പുറപ്പെടുവിച്ചത്.
മതത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായ ഒരാചാരത്തെ ഭരണഘടനാ വിരുദ്ധമായി ഒരിക്കലും തീര്‍പ്പ് കല്‍പിക്കാന്‍ പറ്റില്ല. ലിംഗ വിവേചനപരമാണെന്നതിനാല്‍ ഒരു നിയമം വഴി ഇല്ലാതാക്കാനേ സാധിക്കൂ. ആറ് മാസത്തിനകം അത്തരമൊരു നിയമം കൊണ്ടുരുന്നത്‌വരെ മുസ്‌ലിം ഭര്‍ത്താക്കന്‍മാര്‍ മൂന്ന് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന ഏര്‍പ്പാട് നിര്‍ത്തണമെന്നുമാണ് കോടതി നിര്‍ദേശിച്ചത്. ജസ്റ്റിസ്മാരായ കുര്യന്‍ ജോസഫ്, ആര്‍ എഫ് നരിമാന്‍, യു യു ലളിത് എന്നിവര്‍ ഈ വിധിയോട് വിയോജിച്ചതോടെ ചീഫ് ജസ്റ്റിസിന്റെ കല്‍പനക്ക് പ്രസക്തിയില്ലാതെയായി.എന്നിരുന്നാലും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ക്ക് ചരിത്രപ്രാധാന്യമുണ്ട്. 25ാം ഖണ്ഡിക വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയിലാണ് വ്യക്തി നിയമങ്ങള്‍ വരുന്നതെന്നും മുത്ത്വലാഖ് പോലുള്ള ആചാരങ്ങള്‍ക്ക് മതത്തില്‍ അംഗീകാരം ഉള്ളത്‌കൊണ്ട് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം തീര്‍പ്പ് കല്‍പിക്കുമ്പോള്‍, ബഹുസ്വരത വെല്ലുവിളി നേരിടുന്ന ഈ കെട്ടകാലത്ത് സ്വത്വവും സംസ്‌കാരവും കാത്തുസൂക്ഷിക്കാന്‍ പാട്‌പെടുന്ന ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം സാന്ത്വന സ്പര്‍ശമായി അത് അനുഭവപ്പെടുക സ്വാഭാവികം. മതം എന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നും യുക്തികൊണ്ട് തീര്‍പ്പ് കല്‍പിക്കാന്‍ സാധ്യമല്ലെന്നും ഓര്‍മപ്പെടുത്തികൊണ്ട് അദ്ദേഹം എഴുതുന്നു:
”മതാചാരങ്ങളുടെയും വ്യക്തിനിയമത്തിന്റെയും മുക്കിലും മൂലയിലും നമ്മുടെ മന:സാക്ഷി അതിക്രമിച്ചു കയറാതിരിക്കാന്‍ നമ്മള്‍ സൂക്ഷിക്കേണ്ടതുണ്ട്. ശരിയായ ലക്ഷ്യമുള്ള ഒരു കോടതിക്ക് വിശ്വാസ കാര്യത്തിന് പകരം കൊണ്ട് വരണമെന്നോ, പൂര്‍ണമായും ഒഴിവാക്കണമെന്നോ പറയാനാവില്ല. മതം എന്നത് വിശ്വാസ കാര്യമാണ്, യുക്തിയല്ല.” മതാചാരങ്ങളില്‍ നവീകരണ ശ്രമം നടത്തേണ്ടത് സര്‍ക്കാരോ യുക്തിവാദികളോ അല്ല, മതശാസനകള്‍ അനുധാവനം ചെയ്യുന്ന യഥാര്‍ത്ഥ മതവിശ്വാസികളാണെന്നും ചീഫ് ജസ്റ്റിസ് ജെ എസ് അടിവരയിടുന്നുണ്ട്.
ഇവിടെ മതത്തിന്റെ അപ്രമാദിത്വമാണ് കോടതി ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത്. മുത്ത്വലാഖിന് പകരം നിയമ നിര്‍മാണം നടത്തണമെന്ന നിര്‍ദേശം മുന്നോട്ട് വെക്കുന്നത്, ആ വിവാഹ മോചന രീതിയില്‍ ലിംഗ വിവേചന പ്രശ്‌നം ഉദിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ്. ഭരണഘടനയുടെ 142ാം അനുഛേദം പ്രകാരമാണ് ചീഫ് ജസ്റ്റിസും ജ. അബ്ദുല്‍നസീറും നിയമ നിര്‍മാണത്തിന് ആജ്ഞാപിക്കുന്നത്. എന്നാല്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പരസ്യമായി ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ജസ്റ്റിസ് നരിമാനും യു യു ലളിതും കുര്യന്റെ അഭിപ്രായത്തിലെത്തുന്നത് മറ്റൊരു വഴിക്കാണ്. അതോടെ അത് ഭൂരിപക്ഷ വിധിയായി മാറി. അങ്ങനെയാണ് ചീഫ് ജസ്റ്റിസ് വിധിയുടെ ചുരുക്കം ഒറ്റവാചകത്തില്‍ അവതരിപ്പിച്ചത്:
”ബിദ്അത്തായ ത്വലാഖ് റദ്ദാക്കപ്പെട്ടിരിക്കുന്നു.”
ശരീഅത്ത് നിയമം സൂക്ഷ്മപരിശോധനക്ക്
മുസ്‌ലിം വ്യക്തി നിയമം എന്നറിയപ്പെടുന്ന, നമ്മുടെ രാജ്യത്ത് നിലവിലുള്ള ശരീഅത്ത് നിയമം സൂക്ഷ്മ വിശകലനത്തിന് ഇതുപോലെ വിധേയമായ ഒരു സന്ദര്‍ഭം മുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. വ്യക്തി നിയമത്തില്‍ .ജുഡീഷ്യറിയുടെ റിവ്യൂ(പരിശോധന) സാധ്യമാണോ എന്ന ചോദ്യമാണ് ജസ്റ്റിസ് നരിമാന്‍ ഉന്നയിച്ചത്. 1937ലെ ശരീഅത്ത് ആക്ട് ക്രോഡീകരിക്കപ്പെട്ട നിയമമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഹിന്ദു വിവാഹ നിയമം പോലെ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട നിയമ നിര്‍മാണം കഴിഞ്ഞ ഉടന്‍ ജുഡീഷ്യറിയുടെ പുന:പരിശോധന സാധ്യമാണ്. അങ്ങനെ നടന്നിട്ടില്ലെങ്കില്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് അനുഗുണമായി പരിശോധിക്കപ്പെടാനാവില്ല. 1952ല്‍ ബോംബെ ഹൈക്കോടതിയുടെ മുമ്പാകെ, വ്യക്തിനിയമത്തിന്റെ പദവിയെക്കുറിച്ചുള്ള തര്‍ക്കം വന്നപ്പോള്‍, ജസ്റ്റിസ് എം സി ചഗ്ല അന്ന് വിധിച്ചത് ഭരണഘടനയുടെ 13(3)(ആ) അനുഛേദത്തില്‍ പറയുന്ന നിയമത്തിന്റെ കൂട്ടത്തില്‍ അതിനെ ഉള്‍പ്പെടുത്താന്‍ പറ്റില്ല എന്നാണ്. ശരീഅത്ത് നിയമം കോടതിയുടെ കൈ എത്തും ദൂരത്ത് അല്ല എന്ന് ചുരുക്കം.
ഇപ്പോഴത്തെ ഭൂരിപക്ഷ വിധിയോടെ, ഇതുവരെ കൊട്ടിയടച്ച കവാടം തുറക്കപ്പെടുമെന്നാണ് ഭയപ്പെടേണ്ടത്. അതായത്, മുത്ത്വലാഖും മറ്റ് ഇസ്‌ലാമിക ആചാരങ്ങളും ശരീഅത്തിന്റെ ഭാഗമാണെന്നത് കൊണ്ട് കോടതിക്ക് അതില്‍ ഇടപെടാന്‍ അധികാരമില്ല എന്ന മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ വാദം തള്ളപ്പെട്ടിരിക്കയാണ്. മുത്ത്വലാഖ് നിഷിദ്ധമായി പ്രഖ്യാപിക്കുന്നത് ഖുര്‍ആന്‍ മാറ്റി എഴുതുന്നതിന് തുല്യമാണെന്ന വാദം വരെ മുന്നോട്ടു വെച്ചിരുന്നു.
മുസ്‌ലിം വ്യക്തിനിയമനത്തിന് വിരുദ്ധ ആചാരങ്ങളും മാമൂലുകളും ഒഴിവാക്കാന്‍ വേണ്ടിയാണ് 1937ലെ ശരീഅത്ത് ആക്ട് കൊണ്ടുവന്നതെന്ന വാദം ജസ്റ്റിസ് നരിമാന്‍ അംഗീകരിക്കുന്നില്ല. 1937ലെ നിയമങ്ങളില്‍ മുത്ത്വലാഖും പെടുമെന്നും അത് കൊണ്ട് ഇന്ത്യന്‍ കോടതികളിലെ നിയമം (ഠവല ഞൗഹല ീള ഘമം ശി വേല ഇീൗൃെേ ശി കിറശമ) എന്ന നിലയില്‍ ഭരണഘടനാ വ്യവസ്ഥകളോട് ഏറ്റുമുട്ടുന്നുണ്ടോ എന്ന് പരിശോധിക്കാവുന്നതാണെന്നും വിധി എഴുതി. അങ്ങനെയാണ് തുല്യത വിഭാവനം ചെയ്യുന്ന 14 ാം അനുഛേദത്തിന് എതിരാണെന്നും ലിംഗവിവേചനത്തിന്റെ പ്രശ്‌നം കൂടിയാണെന്നും കോടതി കണ്ടെത്തിയത്. ഭാര്യാ ഭര്‍തൃബന്ധം വഷളായാല്‍ ഇരുവരുടെയും കുടുംബത്തില്‍ നിന്ന് ഓരോ മധ്യസ്ഥനെ വെച്ച് അനുരഞ്ജനത്തിന് ശ്രമിക്കണെമെന്നാണ് മതത്തിന്റെ ശാസന. എന്നാല്‍ ഭര്‍ത്താവ് ക്ഷിപ്രകോപത്തില്‍, അല്ലെങ്കില്‍ വാശിയില്‍ മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലുന്നതോടെ അനുരഞ്ജനത്തിനുള്ള അവസരം ഭാര്യക്ക് നഷ്ടപ്പെടുകയാണ്. ഇത് തുല്യനീതി എന്ന അടിസ്ഥാന തത്വത്തിന് എതിരാണ്. വിധിന്യായത്തിലെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാവും.
വ്യക്തി നിയമത്തിന്റെ പരിരക്ഷ
ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ വിവരിക്കുന്ന മൗലികാവകാശങ്ങളുടെ അതേ പദവിയാണ് വ്യക്തിനിയമങ്ങള്‍ക്ക് സുപ്രീം കോടതി കല്‍പിച്ചത്. വ്യക്തി നിയമങ്ങളില്‍ പരിഷ്‌കരണം കൊണ്ടുവരാന്‍ കോടതിക്ക് അധികാരമില്ലെന്നും പാര്‍ലമെന്റാണ് ഈ വിഷയത്തില്‍ മുന്‍കൈ എടുക്കേണ്ടതെന്നുമു ള്ള ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ വാദം ചീഫ് ജസ്റ്റിസ് ഖഹാര്‍ അംഗീകരിക്കുന്നുണ്ട്. വിധിന്യായത്തിലെ ഈ വരികള്‍ ചില്ലിട്ട് പൂമുഖത്ത് തൂക്കിയിടേണ്ടതാണ്:
Personal law has constitutional protection. This protection is extended to personal law through article 25 of constitution. It needs to kept in mind, that the stature of personal law is that of a fundamental right.
ഈ നിരീക്ഷണത്തെ ജ.കുര്യന്‍ ജോസഫ് സ്വന്തം വിധിന്യായങ്ങളിലൂടെ പിന്താങ്ങുന്നുണ്ട്. ജസ്റ്റിസ്മാരായ നരിമാനും യു യു ലളിതും ഈ ദിശയില്‍ വിയോജിപ്പിന്റെ സ്വരമുയര്‍ത്താത്തത് കൊണ്ട് തന്നെ തീര്‍പ്പ് ഏകകണ്ഠമാണെന്ന് വ്യാഖ്യാനിക്കാം.
വ്യക്തി നിയമങ്ങള്‍ക്ക് കോടതി കല്‍പ്പിക്കുന്ന അപ്രമാദിത്വം ഏകീകൃത സിവില്‍ കോഡ് വാദികളുടെ നെഞ്ചത്ത് തറച്ച അമ്പുകളാണെന്ന് പറയാതെ വയ്യ. ന്യൂനപക്ഷങ്ങളുടെ സ്വത്വവും സംസ്‌കൃതിയും പരിരക്ഷിക്കുന്ന സിവില്‍കോഡുകള്‍ തട്ടിനിരപ്പാക്കി ഏകമാന സംസ്‌കൃതി കെട്ടിപ്പടുക്കണമെന്ന ഹിന്ദുത്വവാദികളുടെ പദ്ധതിയുടെ അടിത്തറയാണ് ഇതോടെ തകര്‍ന്നത്.
ത്വലാഖുമായി ബന്ധപ്പെട്ട ഏത് കേസ് പരിഗണനക്ക് വന്നാലും പൊതു സിവില്‍കോഡ് ഇല്ലാത്തതാണ് മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് പറയാറുള്ള ജുഡീഷ്യറി ഇത്തവണ വിപരീത ദിശയിലൂടെ ചിന്തിച്ചുവെന്നത് കാതലായ മാറ്റമാണ്.
ഹിന്ദുത്വ അജണ്ടയും ശരീഅത്തിന്റെ ഭാവിയും
മുത്ത്വലാഖ് വിധിയുടെ ശേഷം എന്ത് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയുണ്ട്. മുത്ത്വലാഖിന് വിലക്ക് ഏര്‍പ്പെടുത്തുന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി ചരിത്രസംഭവമായി കൊണ്ടാടപ്പെടുന്നത്, രാജ്യത്തെ മുസ്‌ലിം സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഏകപ്രശ്‌നം മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലുന്ന പീഡനമാണ് എന്ന കുപ്രചരണത്തിന്റെ പിന്‍ബലത്തിലാണ്. ചരിത്രവിധിയുടെ പിന്നില്‍ അടരാടിയ മങ്കമാരുടെ ധീര കൃത്യങ്ങളെ കുറിച്ച് എഴുതാന്‍ നമ്മുടെ മാധ്യമങ്ങള്‍ ഗാലന്‍ കണക്കിന് മഷിയൊഴുക്കി. എന്നാല്‍ മുത്ത്വലാഖ് കേസിന്റെ യാഥാര്‍ത്ഥ്യം എല്ലാവരും മന:പൂര്‍വം മറച്ചുവെച്ചു. സൈറാബാനുവോ ഇശ്‌റത്ത് ജഹാനോ മുന്‍കൈ എടുത്ത് തുടങ്ങിവെച്ച കേസ് അല്ല ഇത്. മറിച്ച് സുപ്രീം കോടതിയുടെ ഡിവിഷന്‍ ബെഞ്ച് സ്വമേധയാ ഏറ്റെടുത്ത നിയമ വിഷയമാണിത്. ഹിന്ദുത്വ പിന്തുടര്‍ച്ചാവകാശ നിയമവുമായി ബന്ധപ്പെട്ട് ഒരു കേസിന്റെ വിധി പറയവെ, ജ: എ ആര്‍ ദാവെ, ആദര്‍ശ കുമാര്‍ ഗോയല്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച്, വിധിന്യായത്തില്‍ രണ്ടാംഭാഗം എഴുതിച്ചേര്‍ത്ത ത് മുസ്‌ലിം സ്ത്രീകളും വിവേചനം നേരിടുന്നുണ്ടെന്നും അവര്‍ നീതിക്കായി ദാഹിക്കുകയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു. ‘സമത്വത്തിനായുള്ള മുസ്‌ലിം സ്ത്രീകളുടെ ദാഹം എന്ന പേരില്‍ സ്വമേധയാ കേസെടുക്കാന്‍ ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചു. ദിവസങ്ങള്‍ക്കകം സൈറാബാനു-ഇശ്‌റത്ത്മാര്‍ കോടതിയിലെത്തിയതോടെ സംഘ്പരിവാറിന്റെ അദൃശ്യാംഗുലികള്‍ നന്നായി ചലിക്കുന്നുണ്ടെന്ന് തെളിയുകയായിരുന്നു. ത്വലാഖുല്‍ബിദ്അ നിരോധിക്കപ്പെട്ടതോടെ ത്വലാഖ് അഹ്‌സന്‍(അത്യുത്തമ ത്വലാഖ്), ത്വലാഖ് ഹസന്‍(ഉത്തമം) എന്നീ രീതികളിലേക്ക് മടങ്ങാന്‍ ഒരു സ്വാഭാവിക പ്രചോദനമുണ്ടാവും. ഒന്നുമാലോചിക്കാതെയുള്ള കൈകഴുകലുകള്‍ക്ക് ഇത് തടയിടുമെങ്കില്‍ അത്രയും നല്ലത്. എന്നാല്‍ എല്ലാ നിലയിലും പൊറുതിമുട്ടിയ പെണ്ണിനെ ഒന്നും രണ്ടും ചൊല്ലിയും കാലതാമസം വരുത്തിയും നിയമക്കുരുക്കുകളിട്ട് പുരുഷന്‍ വട്ടം കറക്കുമ്പോള്‍ അവള്‍ക്ക് സ്വതന്ത്രമാവാന്‍ എത്ര കാലം കാത്തിരിക്കേണ്ടി വരും എന്നതും ആലോചനാ വിഷയമാണ്. നിരോധനമല്ല, ഇരകള്‍ക്ക് വേണ്ടിയുള്ള നിയമനിര്‍മാണങ്ങളാണ് എപ്പോഴും ഒരു രാജ്യത്തെ ഏറെ സുരക്ഷിതമാക്കുന്നത്.
ശാഹിദ്
You must be logged in to post a comment Login