”ഒരിക്കല്‍ അകപ്പെട്ടുകഴിഞ്ഞാല്‍ നിങ്ങള്‍ കിണഞ്ഞുപരിശ്രമിച്ചാലും പുറത്തുകടക്കാന്‍ കഴിയാത്ത രാവണന്‍ കോട്ടയാണ് അധീശപ്രത്യയശാസ്ത്രത്തിന്റെ ബോധമണ്ഡലം. നിങ്ങള്‍ എത്ര ആഗ്രഹിച്ചാലും നിങ്ങളുടെ ഓരോ വ്യവഹാരങ്ങളിലും നിങ്ങള്‍ ഉപയോഗിക്കുന്ന ഓരോ പദത്തിലും നിങ്ങള്‍ നിര്‍മിക്കുന്ന ഓരോ ആശയത്തിലും ആ കോട്ടയുടെ ഇരുട്ട് പത്തിനീട്ടി നില്‍ക്കും. സത്യസന്ധമെന്നും പൊതുതാല്‍പര്യാര്‍ത്ഥമെന്നും നിഷ്പക്ഷമെന്നും കരുതി നിങ്ങള്‍ നടത്തുന്ന ചെയ്തികള്‍ ആ പത്തിയില്‍ നിന്നുള്ള കൊടുംവിഷമായി പരിണമിക്കും.”
(ഈ ഉദ്ധരണിക്ക് ഉടമസ്ഥതയില്ല. കോപ്പി ലെഫ്റ്റ് ആണ്. പേര് വെക്കണ്ട. അപരരെ നിര്‍മിച്ച് അവരെ ഹനിച്ച് രാഷ്ട്രീയാധികാരം തേര്‍വാഴ്ച തുടരുന്ന ഒരു കെട്ട കാലത്ത് ആര്‍ക്കും ഈ വരികള്‍ ഭേദഗതികളില്ലാതെ എഴുതാനാവും.)
ഉദ്ധരണി കഴിഞ്ഞല്ലോ. ഇനി വസ്തുതയാവാം. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു പ്രമുഖ പത്രം, ദിനപത്രം ഒരു വാര്‍ത്തയും തുടര്‍ ദിവസങ്ങളില്‍ തുടര്‍ വാര്‍ത്തകളും പോരാഞ്ഞ് ലീഡര്‍ പേജില്‍ അനുഭവക്കുറിപ്പും എഴുതിയിരുന്നല്ലോ? ക്ഷമിക്കണം, അങ്ങനെയല്ല പറയേണ്ടത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രസിദ്ധീകരണം തുടങ്ങിയ, കോഴിക്കോട് ആസ്ഥാനമായ മാതൃഭൂമി ദിനപത്രം ഇക്കഴിഞ്ഞ ആഗസ്ത് 27-ന് ക്രൂരം, പ്രാകൃതം എന്ന് ചുവപ്പിലും കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്കും ചേലാകര്‍മം എന്ന് കറുപ്പിലും തലക്കെട്ടിട്ട് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചല്ലോ? പ്രസിദ്ധീകരിച്ചു. 28-ന് തുടര്‍വാര്‍ത്തകളും ഒരു അനുഭവസ്ഥയുടെ കുറിപ്പും വിവിധരുടെ അഭിപ്രായങ്ങളും പ്രസിദ്ധീകരിച്ചല്ലോ? പ്രസിദ്ധീകരിച്ചു. ആ വാര്‍ത്തയെക്കുറിച്ച് പറയാനാണ് ഉദ്ധരണി ചമച്ചത്. ആ വാര്‍ത്തയെ വിശകലനം ചെയ്യുകയല്ല ഉദ്ദേശ്യം. ആ വാര്‍ത്ത തന്നെ വിശകലനമായിരുന്നല്ലോ? അപ്പോള്‍ പറയാന്‍ പോകുന്നത് അതല്ല. ആ വാര്‍ത്തയെക്കുറിച്ച് ഇത്തിരി പറഞ്ഞിട്ട് ആ വാര്‍ത്തയും അതേ വാര്‍ത്തയുടെ അനേകം പതിപ്പുകളും കേരളത്തിലെ മാധ്യമ മുറികളില്‍ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു, എന്താണതിന്റെ ഗുട്ടന്‍സ് എന്ന് അന്വേഷിക്കുകയാണ്. ഗുട്ടന്‍സിലാണ് കാര്യം. ഗുട്ടന്‍സ് എന്ന് കേട്ടാല്‍ മാധ്യമപഠിതാക്കള്‍ ‘ദ ഗുട്ടന്‍ബര്‍ഗ് ഗാലക്‌സി’യെ ഓര്‍ക്കും. അതൊരു പുസ്തകമാണ്. 1980-ല്‍ മരിച്ചുപോയ മാര്‍ഷല്‍ മക്‌ലൂഹന്‍ എഴുതിയ പുസ്തകം. അദ്ദേഹത്തെ ഓര്‍ക്കുന്നതില്‍ കാര്യമുണ്ട്. അദ്ദേഹമാണല്ലോ പറഞ്ഞത് ദ മീഡിയം ഈസ് ദ മെസേജ് എന്ന്. മാധ്യമമാണ് സന്ദേശം എന്ന്. മക്‌ലൂഹനിലേക്ക് പിന്നീട് വരാം.
ആ വാര്‍ത്തയില്‍ എന്താണ് കുഴപ്പം? പെണ്‍കുഞ്ഞുങ്ങളുടെ ലൈംഗികശേഷി തകര്‍ക്കുന്ന പണി നടക്കുന്നണ്ടേല്‍ എതിര്‍ക്കണ്ടേ?. അവരുടെ ശരീരഭാഗം, മുറിച്ചുമാറ്റുന്ന ഒടിവിദ്യ മതത്തിന്റെ പേരില്‍ ആരെങ്കിലും പയറ്റുന്നുണ്ടേല്‍ വെളിച്ചത്ത് കൊണ്ടുവരണ്ടേ? ഷെഡ് കെട്ടി അശാസ്ത്രീയമായി അധോലോക സ്വഭാവത്തോടെ നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതല്ലേ മാധ്യമ ധര്‍മം? ആഫ്രിക്കയിലെ ഗോത്രവര്‍ഗങ്ങള്‍ പ്രാക്ടീസ് ചെയ്യുന്ന അക്കാര്യം ഇവിടെ നടത്തിയാല്‍ എതിര്‍ക്കണ്ടേ? വേണം, അതെ. എന്നീ സാമാന്യ സംജ്ഞകളില്‍ ചോദ്യാവലികള്‍ പൂട്ടാം.
അപ്പോള്‍ അങ്ങനെ വാര്‍ത്ത വന്ന കാര്യം അവിടെ നില്‍ക്കട്ടെ. ഇനി ഇത് ശ്രദ്ധിക്കൂ.
കോഴിക്കോട് എഡിഷനില്‍ ആ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ വലതു വശത്ത് അതിനെക്കാള്‍ ഇത്തിരി കുറഞ്ഞ വലുപ്പത്തില്‍ മുകളില്‍ വലിയ കറുപ്പിലും അടിയില്‍ ചെറിയ ചുവപ്പിലും നിങ്ങള്‍ ഇങ്ങനെ വായിച്ചുവല്ലോ? പ്രധാനമന്ത്രി ഇന്ത്യയുടേത്, ബി.ജെ.പിയുടേതല്ല. രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അതെ. ഇന്ത്യയിലെ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ വിമര്‍ശനം ഒരു സംസ്ഥാനത്തെ പരമോന്നത കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നു. അതും വാര്‍ത്തയാണ്. എന്തുതരം വാര്‍ത്ത? തലേന്നത്തെ ഏറ്റവും വലിയ സംഭവത്തിന്റെ വാര്‍ത്ത. തലേന്നത്തെ സംഭവമെന്താ? പഞ്ചകുലയില്‍ നിന്നാണ് അത്. ഗുര്‍മിത് സിംഗ് റാം റഹീം എന്ന ആള്‍ദൈവം ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടല്ലോ? ബി.ജെ.പി യുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വാക്കുകള്‍ കടമെടുത്താല്‍ കേരളത്തിന്റെ ജനസംഖ്യയോളം പോന്ന ആരാധകവൃന്ദമുള്ള മനുഷ്യനെ കോടതി പൂട്ടിയല്ലോ? ആരാണ് ഗുര്‍മിത് സിംഗ്. വടക്കേന്ത്യന്‍ അജ്ഞതകള്‍ക്കും പട്ടിണികള്‍ക്കും അസ്വസ്ഥതകള്‍ക്കും ഇടയില്‍ അതിനെയെല്ലാം വളമാക്കി തഴച്ചുവളര്‍ന്ന വിഷവൃക്ഷം. കേട്ടുകേള്‍വിയില്ലാത്ത വിധം ബലാല്‍സംഗക്കുറ്റങ്ങള്‍ ചെയ്തയാള്‍. ഹിന്ദുത്വയുടെ മെസഞ്ചര്‍. ഹിന്ദുസന്ന്യാസിയെന്നല്ല. അയാള്‍ അതല്ല. പക്ഷേ, ഹിന്ദുത്വയുടെ മെസഞ്ചര്‍ ആണ്. ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാറിനെ സൃഷ്ടിച്ചതില്‍ നിര്‍ണായക പങ്കുള്ള സന്ന്യാസി. നരേന്ദ്രമോഡിയാല്‍ അന്ന് അഭിനന്ദിക്കപ്പെട്ടയാള്‍. സാക്ഷി മഹാരാജിനാല്‍ ഇപ്പോഴും പിന്തുണക്കപ്പെടുന്നയാള്‍. പോണ്‍സിനിമകളെ വെല്ലുന്ന പേക്കൂത്തുകളാല്‍ പിടിക്കപ്പെട്ടയാള്‍.
അയാളെപ്പറ്റി പുറത്തുവരുന്ന വാര്‍ത്തകള്‍ എന്താണ്?
ൈദവത്തെ മുന്‍നിര്‍ത്തി; അതെ, ഹിന്ദു വിശ്വാസങ്ങളെ മുന്‍നിര്‍ത്തി അതിപ്രാകൃതമായ ആചാരങ്ങളും ബലാല്‍സംഗങ്ങളും നടത്തിയെന്ന്. കോടാനുകോടി രൂപയുടെ സമ്പാദ്യം ഉണ്ടാക്കിയെന്ന്. വാര്‍ത്തകള്‍ എഴുതിയ പത്രപ്രവര്‍ത്തകനെ കൊന്നുകളഞ്ഞെന്ന്. കലാപങ്ങള്‍ ഉണ്ടാക്കിയെന്ന്. സായുധ സൈന്യത്തെ സൃഷ്ടിച്ചുവെന്ന്. വെറും വാര്‍ത്തയാണോ? കോമാളിത്തരത്തിന്റെ പരകോടിയായ ചിത്രങ്ങള്‍ സഹിതമാണ് വാര്‍ത്തകള്‍. ഇന്ത്യയില്‍ മാത്രമാണോ വാര്‍ത്ത വന്നത്? അല്ല. ലോക മാധ്യമങ്ങള്‍ ഒട്ടൊരു പരിഹാസത്തോടെ വാര്‍ത്ത കൊടുത്തു. ഇന്ത്യന്‍ ഹിന്ദുത്വക്ക് രാഷ്ട്രാന്തരീയ തലത്തില്‍ നേരിട്ട അവമതി; തിരിച്ചടി. അങ്ങനെ വലിയ തോതില്‍ പ്രതിസന്ധിയിലായ ഒരു രാഷ്ട്രീയ ആയുധത്തിന്റെ, ഹിന്ദുത്വയുടെ രാഷ്ട്രീയ രൂപമാണല്ലോ ഇന്ത്യ ഭരിക്കുന്നത്. ആ മതാധികാര രാഷ്ട്രീയ രൂപത്തിന്റെ തലവനാണല്ലോ പ്രധാനമന്ത്രി. ആ പ്രധാനമന്ത്രിയെ ആണല്ലോ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്. നഗരവും ജനങ്ങളും കത്തിയെരിയുമ്പോള്‍ നിങ്ങള്‍ എന്തെടുക്കുകയായിരുന്നു എന്നാണല്ലോ കോടതി ചോദിച്ചത്?
ധീരോദാത്തന്‍, അതിപ്രതാപഗുണവാന്‍ എന്ന് നാഴികക്ക് നാല്‍പത് വട്ടം അരിയിട്ട് വാഴിക്കപ്പെട്ട ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തെ നിലനിര്‍ത്തുന്ന രാഷ്ട്രീയ ആയുധവും കോടതിയാല്‍ കീറിമുറിക്കപ്പെടുകയാണ്. വിദ്യാസമ്പന്നവും ഉപരിതലത്തില്‍ ഒട്ടൊക്കെ പ്രബുദ്ധവുമാണ് കേരളം. കേരളത്തില്‍ ഹിന്ദുത്വയും അതിന്റെ കര്‍മപരിപാടികളും സജീവമാണ്. പലരൂപത്തില്‍ ആളുകളെ ആകര്‍ഷിക്കുന്നു. സംഘര്‍ഷങ്ങള്‍ വിതച്ച് നേട്ടം കൊയ്യുന്നു. ഉത്തരേന്ത്യന്‍ രാഷ്ട്രീയമോഡലിന് തിരുവനന്തപുരത്തും കണ്ണൂരിലും പതിപ്പുകള്‍ ഉണ്ടാകുന്നു. ആ സമയത്തല്ലേ ഈ ചതി. അതെ ആ സമയത്താണ്. കുഴഞ്ഞുമറിഞ്ഞതും കുഴപ്പം പിടിച്ചതും അപമാനകരവുമായ ഒരിടത്ത് ഹിന്ദുത്വക്ക് വേരുകള്‍ ഉണ്ടെന്ന് കേരളം അറിയുകയാണ്. ഗുര്‍മിത് ഉള്‍പ്പെടെ പങ്കുപറ്റുന്ന വിശാല മുന്നണിയെ ആണ് നമ്മള്‍ ഹിന്ദുത്വയുടെ ഭടന്‍മാരായി കാണുന്നത് എന്ന് മലയാളികള്‍ അറിയുകയാണ്. ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പറ്റാത്തത് കോടതി ചെയ്യുകയാണ്. സമഗ്രാധിപത്യത്തിന്റെ കരണത്തടിക്കാന്‍ ഭരണഘടനയുമായി കോടതി വരുകയാണ്. ഒരു പ്രബുദ്ധസമൂഹത്തിന് മറിച്ച് ചിന്തിക്കാന്‍ ഇതൊക്കെ ധാരാളം. എങ്ങനെ? അതെ, നമ്മള്‍ ഇക്കാണുന്ന കൂട്ടര്‍ അത്ര വെടിപ്പല്ല എന്ന് ചിന്തിക്കാന്‍ ധാരാളമെന്ന്.
അങ്ങനെ ചിന്തിക്കുമോ? ചിന്തിക്കും. ചിന്തിക്കാതിരിക്കാന്‍ എന്ത് വഴി? ഉണ്ട്. ഫാഷിസത്തിന്റെ പുസ്തകത്തില്‍ വഴിയുണ്ട്. ഫാഷിസത്തെക്കുറിച്ച് ജീവിതം കൊണ്ട് പഠിച്ചവര്‍ ആ വഴി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. പറയാം. ഫാഷിസം എന്നത് അപരത്വനിര്‍മിതിയുടെ കൊയ്ത്തുല്‍സവമാണെന്ന് അറിയുമല്ലോ? നാസികള്‍ക്ക് ജൂതര്‍ എന്നപോല്‍. അപരരെ സൃഷ്ടിക്കുക. അവരെ അവമതിക്കുക. അവമതി മൂപ്പിച്ച് പൊതുബോധം സൃഷ്ടിക്കുക. ആ അവമതിയെ നിലനിര്‍ത്താന്‍ പൊതുബോധത്തെ നിലനിര്‍ത്തുക.
പൊതുബോധത്തെ എങ്ങനെ സൃഷ്ടിക്കും? എങ്ങനെ നിലനിര്‍ത്തും? അതിനാണ് മാധ്യമങ്ങള്‍. മക്‌ലൂഹന്‍ പറഞ്ഞല്ലോ, മീഡിയയാണ് മെസേജ്. ഇന്ത്യയില്‍ ഹിന്ദുത്വയും അതിന്റെ ഭരണകൂടവും സൃഷ്ടിച്ച് വെച്ചിരിക്കുന്ന അപരത്വം എന്താണ്? മുസ്‌ലിംകളാണ്. നാസി കാലം കഴിഞ്ഞുവല്ലോ? കോര്‍പറേറ്റ് കാലത്തെ ഫാഷിസം അതിനെക്കാള്‍ എത്രയോ സൂക്ഷ്മവും അഗാധവുമാണ്. നാസിസം കയ്യൂക്കിനാല്‍ നേടാന്‍ ശ്രമിച്ചത് മസ്തിഷ്‌കത്താല്‍ നേടും കോര്‍പറേറ്റ് ഫാഷിസം. അപ്പോള്‍ ഫാഷിസ്റ്റ് ഭരണകൂടത്തിന് അതിന്റെ അടിവേരുകളില്‍ ആഘാതമേല്‍ക്കുന്ന സമയത്ത് ആ ആഘാതത്തെ കുറക്കാന്‍ കോര്‍പറേറ്റ് ഫാഷിസത്തിന്റെ ഇടപെടല്‍ വരും. എങ്ങനെ? ആഘാതത്തെ വികേന്ദ്രീകരിക്കും. അതെങ്ങനെ? മുന്‍കൂട്ടി സൃഷ്ടിച്ച അപരത്വം ഉണ്ടല്ലോ. അതിനെ പിടിക്കും. അതിനെ ഉലക്കുന്ന അതിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരു സംഗതി തൊടുത്തുവിടും. അപ്പോള്‍ എന്താ സംഭവിക്കുക? ആഘാതം കുറയും. വിഷയം മാറും. ഇത് കോര്‍പറേറ്റ് ഫാഷിസം കാലാ കാലങ്ങളിലായി പരീക്ഷിക്കുന്ന, വിജയിക്കുന്ന തന്ത്രമാണ്.
ഇനി മാതൃഭൂമിയിലേക്ക് മടങ്ങാം. എന്തായിരുന്നു ഇടതുവശത്തെ വെണ്ടക്ക? കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്കും ചേലാകര്‍മം. ക്രൂരം, പ്രാകൃതം. ഭാഷകൂടിയാണ് സന്ദേശം. അല്ലേ? നോക്കൂ, ആദ്യ വരിയില്‍ രണ്ടാമത്തെ പദം എന്താണെന്ന്. ‘പെണ്‍കുഞ്ഞുങ്ങള്‍ക്കും’ എന്നാണത്. എന്താണ് ആ പദത്തിലെ ‘ഉം’കാരം മുഴക്കുന്ന ഹുങ്കാരം? തിരിഞ്ഞില്ലേ? ചേലാകര്‍മം ആണ്‍കുഞ്ഞുങ്ങള്‍ക്കുണ്ട്. അത് പോട്ടെ, സഹിക്കാം. ഇപ്പോഴിതാ ഇവന്‍മാര്‍ പെണ്‍കുഞ്ഞുങ്ങള്‍ക്കും നടത്തുന്നു. അത് ക്രൂരമല്ലേ, പ്രാകൃതമല്ലേ? കോറസ് ഉയരും ഉടന്‍. അതെ. അതെ. കര്‍ട്ടന്‍ താഴും. ഇതാണ് നമ്മള്‍ ഇത്തിരി മുന്നേ പറഞ്ഞ പ്രഹരത്തെ വികേന്ദ്രീകരിക്കല്‍. വലതുവശത്ത് വിമര്‍ശനമേറ്റ് തളര്‍ന്ന വീരനായകനിലേക്ക് കണ്ണ് പായരുത്. കാരണം ആ വീരനായകനെ ചുറ്റി ഒത്തിരി അജണ്ടകള്‍ കോര്‍പറേറ്റ് ഫാഷിസത്തിന് കേരളത്തില്‍ നിര്‍വഹിക്കാനുണ്ട്. അതിന്റെ ഭാഗമായി ഒരു പദയാത്ര പുറപ്പെടുകയാണ്. ആ പദ്ധതികളെ വെല്ലുവിളിക്കാന്‍ അല്‍പമെങ്കിലും ത്രാണിയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി സി.പി.എം ആണ്. അതുകൊണ്ടാണ് അവര്‍ അവരുടെ അഖിലേന്ത്യാസെക്രട്ടറിയെ പാര്‍ട്ടി മന്ദിരത്തില്‍ കയറി കയ്യേറ്റം ചെയ്തത്. ഡല്‍ഹിയില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമില്ലെങ്കിലും രാജ്യത്ത് രണ്ട് ചെറിയ സംസ്ഥാനങ്ങളിലൊഴികെ മറ്റെങ്ങും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എങ്കിലും ഫാഷിസ്റ്റുകള്‍ അവരെ ഭയക്കുന്നുണ്ട്. ആ പേടി പ്രചീനമായ ഒരു പേടിയാണ്. ലോകത്തെ ഫാഷിസത്തിന്റെ ആദ്യ പരീക്ഷണത്തെ തകര്‍ത്തത് കമ്യുണിസ്റ്റുകാരായിരുന്നുവല്ലോ. ഫാഷിസത്തിനെതിരില്‍ ദര്‍ശനം സൃഷ്ടിക്കുന്നവര്‍ കമ്യൂണിസ്റ്റുകാരാണല്ലോ? ഫാഷിസത്തിന്റെ അതേ കയ്യൂക്ക് സ്വന്തമായുള്ളതും കമ്യൂണിസ്റ്റുകാര്‍ക്കാണല്ലോ? അപ്പോള്‍ അവര്‍ക്ക് സി.പി.എം ശത്രുവാണ്. സി.പി.എമ്മിനെ പേടിയാണ്. അങ്ങനെയുള്ള സി.പി.എം ഇപ്പോള്‍ കേരളത്തില്‍ നല്ല കരുത്തിലാണ്. അവരുടെ സൂപ്പര്‍ ഹീറോ ആയ നേതാവ് പതിറ്റാണ്ട് വേട്ടയാടപ്പെട്ട ഒരു ആരോപണത്തില്‍നിന്ന് മിന്നല്‍പിണര്‍ പോലെ തിരിച്ചുവന്നിരിക്കുന്നു. അദ്ദേഹത്തെ വേട്ടയാടിയ മാധ്യമങ്ങള്‍ വിശേഷണ പദങ്ങള്‍ക്കായി പരക്കം പായുന്നു. പണ്ടേ കരുത്തനായ ആ നേതാവ്, പിണറായി വിജയന്‍ ഇപ്പോള്‍ അപ്രതിരോധ്യനായിരിക്കുന്നു. ആ പാര്‍ട്ടിയും പിണറായിയും കരുത്തനാകുന്നത് ആര്‍ക്കാ ക്ഷീണമുണ്ടാക്കുക? ഹിന്ദുത്വക്ക്. പെരുന്നാള്‍ തലേന്ന് ഫാഷിസ്റ്റുകള്‍ കുത്തിക്കൊന്ന ജുനൈദിന്റെ വീട്ടിലേക്ക് പിന്തുണയും സാമ്പത്തിക സഹായവും നല്‍കിയ, മോഡിക്ക് കത്തയക്കുന്ന, ദേശീയ ചലനങ്ങളില്‍ ഇടപെടുന്ന ഒരു കമ്യൂണിസ്റ്റ് മുഖ്യനെ ഹിന്ദുത്വ ഭയപ്പെടുക സ്വാഭാവികം. അങ്ങനെ പിണറായിയുടെ കരുത്തിനാല്‍ വിളറിയ കേരളത്തിലെ ഹിന്ദുത്വക്ക് തലപൊക്കാന്‍ കഴിയാത്ത അത്ര വലിയ ചവിട്ടായിരുന്നല്ലോ ഗുര്‍മീതിന്റെ അറസ്റ്റും വാര്‍ത്തകളും പ്രധാനമന്ത്രിയെ വിരട്ടിയ കോടതി പരാമര്‍ശവും. അതാണ് സന്ദര്‍ഭം. അതിനാണ് പ്രഹരത്തെ വികേന്ദ്രീകരിച്ച ആ ബാലന്‍സിംഗ്. ക്രൂരം പ്രാകൃതം എന്ന വിലാപവും.
ഇനി വീണ്ടും വാര്‍ത്തയിലേക്ക് വരാം. അതേ, കെ. പി. ഷൗക്കത്തലിയും കൃപ കെ. ചിദംബരനും പേരുവെച്ചെഴുതിയ (എന്തൊരു ബാലന്‍സിംഗ്! എന്തൊരു മാര്‍ക്കറ്റിംഗ്) വാര്‍ത്തയിലേക്ക് വരാം. പെണ്‍കുഞ്ഞുങ്ങള്‍ക്കും ചേലാകര്‍മം എന്ന വാക്കിലേക്ക് വരാം. ചേലാകര്‍മം ഒരു മതവിഷയമാണ്. അതവരുടെ മതത്തിന്റെ, വിശ്വാസത്തിന്റെ ആധാരശിലകളില്‍ ഉള്‍പ്പെട്ട ഒന്നാണ്. സുന്നത്താണ്. പില്‍ക്കാല സംവാദങ്ങളില്‍ ശാസ്ത്രീയമെന്ന് ഉറപ്പിക്കപ്പെട്ട ഒന്നാണ്. മതത്തിനും വിശ്വാസത്തിനും ഒരു സാമൂഹിക വ്യവസ്ഥയിലും ആ ഉറപ്പിക്കല്‍ വേണ്ട എന്നത് വേറെ കാര്യം. കാരണം വിശ്വാസം പരമമായ മനുഷ്യസ്വാതന്ത്ര്യമാണല്ലോ? ചേലാകര്‍മം എന്ന് മലയാളത്തില്‍ വിവക്ഷിക്കുന്ന അക്കാര്യം സമാനമായ രീതിയില്‍ പെണ്‍കുഞ്ഞുങ്ങളില്‍, സ്ത്രീകളില്‍ സാധ്യമാവില്ല. അപ്പോള്‍ നിങ്ങള്‍, ഏതോ ഗോത്രങ്ങള്‍, അല്ലെങ്കില്‍ ആരെങ്കിലും എവിടെയെങ്കിലും ചെയ്ത പരിധിവിട്ട ഒരു പരിപാടിയെ ആ വാക്കിന്റെ കുറ്റിയില്‍ കൊണ്ടുപോയി കെട്ടിയിട്ടതെങ്ങിനെ?. അങ്ങനെ ചെയ്യുന്നത് കുറ്റമാണെന്ന്, മതനിന്ദയാണെന്ന് നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ലല്ലോ?. പക്ഷേ, ചെയ്തു. ഹിന്ദുത്വം അപരരായി പ്രഖ്യാപിച്ച് അടിച്ചമര്‍ത്തുന്ന ഒരു സമൂഹത്തെ അപമാനിച്ചു. എന്തിനുവേണ്ടി? ഹിന്ദുത്വ അതിന്റെ സമീപകാലത്തെ ഏറ്റവും വലിയ ആഘാതം നേരിട്ട സന്ദര്‍ഭത്തില്‍ അതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി. അതുകൊണ്ടാണല്ലോ ഒരു മാസം മുന്‍പ് പുറത്ത് വന്ന വാര്‍ത്തകളെ എക്‌സ്‌ക്ലൂസീവ് നാട്യത്തില്‍ കൃത്യ സമയത്ത് അവതരിപ്പിച്ചത്? ഇതിന് പിന്നില്‍ ഏതെങ്കിലും ഗ്രൂപ്പുകളോ സംഘടനകളോ ഉണ്ടോയെന്ന് വ്യക്തമല്ല എന്ന മൂന്നാമത്തെ പാരഗ്രാഫിലെ ആ വാചകം വാര്‍ത്തയുടെ ആധികാരികതയെ ചോര്‍ത്തുന്നത് പരിഗണിക്കാതിരുന്നത്?
ഇനിയാണ് ഉദ്ധരണിയിലെ കാര്യം. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു?. Female genital mutiliation എന്ന, ആഫ്രിക്കന്‍ ഗോത്ര വര്‍ഗങ്ങളില്‍ നിന്ന് പുറത്ത് വന്നിട്ടുള്ള ഈ പരിപാടിയെ ചേലാകര്‍മം എന്ന് ഈസിയായി മലയാളീകരിക്കാന്‍ കഴിഞ്ഞു? എന്തുകൊണ്ട് ആ വാര്‍ത്ത ഗുര്‍പ്രീതും അതുവഴി നരേന്ദ്രമോഡിയും അതുവഴി ഹിന്ദുത്വയും പ്രതിസന്ധിയിലായ സന്ദര്‍ഭത്തില്‍ വെണ്ടക്കയായി പുറത്തുവന്നു. ഉത്തരം ലളിതമാണ്. അധീശ പ്രത്യയശാസ്ത്രത്തിന്റെ രാവണന്‍ കോട്ടയുടെ പ്രവര്‍ത്തനമാണ്. പയ്യന്നൂരിലോ പെരുമ്പാവൂരിലോ ഒരു സി.പി.എം കാരന്‍ അല്ലെങ്കില്‍ ഒരു മുസ്‌ലിം ലീഗുകാരന്‍, അല്ലെങ്കില്‍ കൊടിഞ്ഞിയിലെ ൈഫസല്‍ കൊല്ലപ്പെടുമ്പോള്‍ അത് ഉള്‍പേജിലെ വരണ്ടവാക്കില്‍ പൊതിഞ്ഞ കുഞ്ഞുവാര്‍ത്തയും ഒരു ഹിന്ദുത്വ പ്രവര്‍ത്തകന്‍ കൊല്ലപ്പെടുമ്പോള്‍ അത് ഒന്നാം പേജില്‍ വികാരതീവ്രമായ വാക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെടുന്ന രീതി നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു പത്രമോഫീസിലും ഇതൊന്നും ആസൂത്രിതമായി യോഗം ചേര്‍ന്ന് പത്രമുതലാളി നേരിട്ട് വന്ന് എഴുതിയുണ്ടാക്കുന്നതോ ലേ ഔട്ട് ചെയ്യുന്നതോ അല്ല. ആ സംവിധാനത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് അത് മനസിലാവും. വളരെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. ആ സ്വാഭാവികത പക്ഷേ, ഒരു രാവണന്‍ കോട്ടയുടെ സൃഷ്ടിയുമാണ്.
രണ്ട് പതിറ്റാണ്ടിനിടെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഹിന്ദുത്വ വാര്‍ത്തകളും സി.പി.എം വാര്‍ത്തകളും ഇടയില്‍ യു.ഡി.എഫ് വാര്‍ത്തകളും മുസ്‌ലിം വാര്‍ത്തകളും വിന്യസിച്ച രീതി പഠിക്കപ്പെടേണ്ടതാണ്. നല്ല സി.പി.എം, ചീത്ത സി.പി.എം എന്നീ ദ്വന്ദങ്ങള്‍ സൃഷ്ടിച്ച് ‘നല്ല സി.പി.എമ്മി’നെ സാവധാനം ഇല്ലാതാക്കി ‘ചീത്ത സി.പി.എമ്മി’നെ ശക്തരാക്കി അതിന് ബദലായി ഹിന്ദുത്വയെ പ്രതിഷ്ഠിച്ച ഒരു പരിപാടി കേരളത്തില്‍ സൂപ്പര്‍ഹിറ്റായിരുന്നു. അതിന്റെ തനിയാവര്‍ത്തനങ്ങളാണ് മറ്റൊരു രൂപത്തില്‍ നടമാടുന്നത്.
ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യവും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ കരുത്തുള്ള മൂലധനവും കൈമുതലായുള്ള ഒരു മുത്തശ്ശി പത്രം അവരറിയാതെ വീഴുന്ന അപകടമാണിത്. ഏതെങ്കിലും വിധത്തില്‍ മുസ്‌ലിം വിരുദ്ധമായതോ ഏതെങ്കിലും വിധത്തില്‍ ക്രിസ്ത്യന്‍ വിരുദ്ധമായതോ ആയ അജണ്ട കേരളത്തിലെ ഒരു പത്രത്തിനും ഉണ്ടാകാനിടയില്ല. വിപണി മല്‍സരങ്ങളുടെ കാലത്ത് അത്തരം അജണ്ടകള്‍ക്ക് സ്ഥാനവുമില്ല. പക്ഷേ, പത്രപ്രവര്‍ത്തകരിലും സ്ഥാപനത്തിന്റെ അന്തരീക്ഷത്തിലും തിടംവെച്ച് വളരുന്ന അധീശപ്രത്യയ ശാസ്ത്രത്തിന്റെ നീരാളിക്കൈകള്‍ അവരെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്. തലോടുന്നു എന്ന മട്ടില്‍ തല്ലുകയാണെന്നറിയാനുള്ള മനോനില അവരെ കയ്യൊഴിഞ്ഞിരിക്കുന്നു. അപരരെ അപമാനിച്ച് അധീശരെ ബലമുള്ളവരാക്കുകയാണ് തങ്ങളെന്ന് അവര്‍ അറിയാതെ പോകുന്നു.
പക്ഷേ ഈ തല്ലല്‍ വെളിവുള്ളവര്‍ക്ക് കൊണ്ടുതുടങ്ങിയിട്ടുണ്ട്. മലയാള മാധ്യമങ്ങളില്‍, പ്രത്യേകിച്ച് ഭൂരിപക്ഷ മതത്തിന് എഡിറ്റോറിയല്‍ ഭൂരിപക്ഷമുള്ള മാധ്യമങ്ങളില്‍ അറിഞ്ഞും അറിയാതെയും ഉരുവം കൊള്ളുന്ന മുസ്‌ലിം വിരുദ്ധത കേരളത്തിന്റെ പൊതുബോധത്തില്‍ ഗുരുതരമായ വിഭജനമാണ് സൃഷ്ടിച്ചിട്ടുള്ളത്. മതപരമായി അവിയലാണ് താന്‍ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ രാം റഹിം എന്നീ പേരുകള്‍ തുന്നിക്കെട്ടിയ ഒരുത്തനെ, അയാളുടെ അനുയായികളുടെ അഴിഞ്ഞാട്ടത്തെക്കുറിച്ചുള്ള വാര്‍ത്ത നല്‍കുന്ന വേളയില്‍ റഹിം എന്ന് മാത്രം സംബോധന ചെയ്യുമ്പോള്‍ സംഭവിക്കുന്ന മതധ്വനി എന്ത് ഫലമാണ് സൃഷ്ടിക്കുക? നിഷ്‌കളങ്കമായി വന്നുപോകുന്ന അബദ്ധമായി ഇതിനെ വിശദീകരിച്ചാലും ആ നിഷ്‌കളങ്കതക്ക് പിന്നില്‍ കൃത്യമായ മനോനിലയും ആ മനോനിലക്ക് രാഷ്ട്രീയവുമുണ്ട്. അത്തരം രാഷ്ട്രീയമാണല്ലോ ഗുജറാത്തിലെ കലാപത്തിന് പതിറ്റാണ്ടുകള്‍ നീണ്ട പണിയൊരുക്കം നടത്തിയത്?
വിശ്വാസമാകുന്നില്ലേ? സത്യമാണ്. ഗുജറാത്ത് ഒരു ഗോധ്രയില്‍ നിന്ന് ഉണ്ടായതല്ലെന്നും ഗോധ്ര പോലും ആസൂത്രിതമായിരുന്നെന്നും ഇന്ന് നമുക്കറിയാം. എല്ലാവര്‍ക്കുമറിയാം. ആശിഷ് ഖേതാന്‍ മുതല്‍ ഖുത്ബുദ്ദീന്‍ അന്‍സാരി വരെ ആയിരക്കണക്കിന് തെളിവുകള്‍ പുറത്തുവന്നുകഴിഞ്ഞു. എന്നും കണ്ടിരുന്ന മനുഷ്യരെ പച്ചക്ക് കത്തിക്കാന്‍, കണ്‍മുന്നില്‍ ഓടിക്കളിച്ചിരുന്ന കുഞ്ഞുങ്ങളെ കൊന്നുകളയാന്‍, കണ്‍മുന്നില്‍ വളര്‍ന്ന പെണ്ണുങ്ങളെ കശക്കിക്കൊല്ലാന്‍ പ്രാപ്തിയുള്ള പക ഒറ്റ രാത്രിയില്‍ ഉണ്ടായതല്ല. അപരത്വത്തിന്റെ ക്രൂരനിര്‍മിതിയുടെ ഫലമായിരുന്നു. പതിയെപ്പതിയെ, ധാരാളം സമയമെടുത്ത് ഗുജറാത്തിലെ ദേശീയപത്രങ്ങള്‍ നിഷ്‌കളങ്കമെന്നോണം വാര്‍ത്തെടുത്ത ഒരു അപര മുസ്‌ലിമിനെയാണ് ‘ഹിന്ദുത്വ’ കൊന്നൊടുക്കിയത്. ആ വാര്‍പ്പുകളില്‍ മുസ്‌ലിംകള്‍ അപരിഷ്‌കൃതരും തന്‍കാര്യം നോക്കികളും വിചിത്രാചാരകരും മതാന്ധരുമായ മനുഷ്യരായിരുന്നു! നിത്യേനയെന്നോണം പ്രസിദ്ധീകരിച്ച, പൊടിപ്പും തൊങ്ങലും ചേര്‍ത്ത വാര്‍ത്തകളില്‍ അവര്‍ അപരിചിത മനുഷ്യരായി വരക്കപ്പെട്ടു. മുസ്‌ലിംകള്‍ പ്രതിയാകുന്ന തികച്ചും സാധാരണമായ കേസുകള്‍ ഗുജറാത്തിലെ പത്രങ്ങള്‍ വന്‍ പ്രാധാന്യത്തോടെ ഉപകഥകള്‍ സഹിതം പ്രസിദ്ധീകരിച്ചു. അതിസാധാരണമായ സംഭവങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍ അതില്‍ മുസ്‌ലിം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വാര്‍ത്തയെഴുത്തിന്റെ സ്വഭാവം മാറി. കലാപത്തിന് രണ്ട് പതിറ്റാണ്ട് മുമ്പേ ആരംഭിച്ച ഈ അപരവല്‍കരണം ഇപ്പോള്‍ ധാരാളമായി പഠിക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിലേക്ക് നോക്കാം. മാതൃഭൂമിയിലേക്ക് പ്രത്യേകിച്ച് നോക്കാം. ഹിന്ദു എഡിറ്റോറിയല്‍ ഭൂരിപക്ഷമുള്ള പത്രമാണല്ലോ അത്? കേരളത്തില്‍ മുസ്‌ലിം പ്രതിയാക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നോക്കൂ.
മുസ്‌ലിം സമുദായത്തിന് ജനസംഖ്യാഭൂരിപക്ഷമുള്ള ഏകജില്ലയായ മലപ്പുറത്ത് എന്ത് ക്രൈം നടന്നാലും വാര്‍ത്തക്കൊപ്പം മലപ്പുറം എന്ന് വരുന്നത് നോക്കൂ. പെരിന്തല്‍മണ്ണയില്‍ നടന്നാലും തിരൂരങ്ങാടിയില്‍ നടന്നാലും നിലമ്പൂരില്‍ നടന്നാലും മലപ്പുറത്താണ് നടക്കുന്നത് എന്ന് വരുത്തുന്നത് നോക്കൂ. എങ്ങനെ വരുന്നു ഇത്? മലയാള സിനിമകളില്‍ ഇന്നും പിന്തുടരുന്ന മുസ്‌ലിം വാര്‍പ്പുകളെ പത്രത്താളുകളിലേക്ക് കാര്‍ട്ടൂണായും ലേഖനമായും പടച്ചുവിടുന്നത് ശ്രദ്ധിക്കൂ. ഏത് ലോകത്ത് നിന്നാണ് അവര്‍ വരുന്നത് എന്നതിനെക്കാള്‍ ഏത് ലോകത്തിരുന്നാണ് പത്രങ്ങള്‍ അവരെ സൃഷ്ടിക്കുന്നത് എന്ന് ആലോചിക്കൂ. തീര്‍ന്നില്ല, സ്‌നേഹിക്കുന്നു എന്ന വ്യാജേന മാതൃഭൂമി ഉള്‍പ്പടെ ‘സെക്കുലര്‍’ മാധ്യമങ്ങള്‍ നിര്‍മിക്കുന്ന മാതൃകകകള്‍ കാണൂ. റമളാന്‍ മാസത്തില്‍ ഈ മാധ്യമങ്ങള്‍ കാട്ടുന്ന കൂത്തുകള്‍ മുസ്‌ലിമിനെ സംബന്ധിച്ച് എന്ത് ചിത്രമാണ് നല്‍കുന്നത്?
എന്നാല്‍ ഇതര മതസ്ഥരുടെ വാര്‍ത്തകളില്‍ കാണുന്ന ഭാഷയും പരിചരണവും ശ്രദ്ധിക്കൂ. ഒരു അപരിചിതകൗതുകമായല്ല അവിടെ വാര്‍ത്തകള്‍ അവതരിപ്പിക്കപ്പെടുന്നത്.
മുസ്‌ലിം പ്രതിയാക്കപ്പെടുന്ന ലൈംഗിക പീഡനക്കേസുകളിലെ ആവേശം കണ്ടിട്ടുണ്ടോ? മുസ്‌ലിം പ്രതിയാകുന്ന ചികില്‍സാതട്ടിപ്പുവാര്‍ത്തകളിലെ, എന്തിനധികം മുസ്‌ലിംകളുടെ ആത്മഹത്യാവാര്‍ത്തകളില്‍ വരെ മുന്‍വിധികളും കെട്ടുകാഴ്ചകളും മേഞ്ഞുനടക്കുകയാണ്.
പറഞ്ഞുവന്നത് ഇതാണ്. പറയാതിരുന്നിട്ട് കാര്യമില്ല. മുസ്‌ലിം വിരുദ്ധതയും വംശീയമുന്‍വിധികളും സെക്കുലര്‍ ന്യൂസ്‌റൂമുകളെ കീഴടക്കിയിരിക്കുന്നു. സെക്കുലര്‍ മുഖംമൂടികള്‍ ആ മുന്‍വിധികളെ തഴച്ചുവളര്‍ത്തുകയാണ്. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അപരവല്‍കരണത്താലും മുന്‍വിധികളാലും അക്രമങ്ങളാലും ഇപ്പോഴേ ചകിതരായ ഒരു ജനതയെ കശാപ്പുപുരകളിലേക്ക് ആട്ടിത്തെളിക്കുകയാണ് ഈ സെക്കുലര്‍ മാധ്യമങ്ങളുടെ നിഷ്‌കളങ്ക മുന്‍വിധികളും വാര്‍ത്താ നിര്‍മിതികളും. അതിനാല്‍ കൊടും കുറ്റവാളിയായ ഗുര്‍മിത് സിംഗ് റാം റഹിം എന്ന ആള്‍ദൈവം അറസ്റ്റിലാകുന്ന അന്ന് നമുക്ക് ചേലാകര്‍മത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാം. അന്ന് തന്നെ വേണം എന്നത് വാശിയാണ്. അന്നാണ് ആ വാര്‍ത്തക്ക് പറ്റിയ സന്ദര്‍ഭം. അതിനെയാണ് സര്‍, മുന്‍വിധി എന്ന് പറഞ്ഞത്, അതിനെയാണ് സര്‍ നിര്‍മിതി എന്ന് പറയുന്നത്.
ബിനോജ് സുകുമാരന്‍
super………….