ഗോണ്ട(ഉത്തര്‍പ്രദേശ്): വീട്ടിന് മുറ്റത്തിട്ടിരിക്കുന്ന മുളങ്കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്നു രാജ്പാല്‍ സിങ്. പുലരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ, മുക്കറശബ്ദം കേട്ട് രാജ്പാല്‍ ഞെട്ടിയുണര്‍ന്നു. കണ്ണ് തുറന്നുനോക്കിയപ്പോള്‍ മുറ്റത്തൊരു കൂറ്റന്‍ കാള. തൊഴുത്തില്‍ കെട്ടിയിരിക്കുന്ന പശുക്കളെ ലക്ഷ്യമിട്ട് വന്ന തെരുവുകാളയാണിതെന്ന് മനസിലാക്കിയ രാജ്പാല്‍ വടിയെടുത്ത് അതിനെ ആട്ടിപ്പായിപ്പിക്കാന്‍ ശ്രമിച്ചു. മാറി പോകുന്നതിന് പകരം നേരെ തിരിഞ്ഞ് രാജ്പാലിനെ ആക്രമിക്കാനാണ് കാള തുനിഞ്ഞത്. ഒറ്റസെക്കന്‍ഡ് കൊണ്ട് കട്ടിലൊന്നാകെ തള്ളിമറിച്ചിട്ട കാള രാജ്പാലിനെ ദുരേക്ക് കുത്തിത്തെറിപ്പിച്ചു. വേദനകൊണ്ട് പിടഞ്ഞ രാജ്പാലിന്റെ ആര്‍ത്തനാദം കേട്ടെത്തിയ അയല്‍വാസികളാണ് കാളയെ ആട്ടിയോടിച്ച് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഇടുപ്പെല്ല് തകര്‍ന്ന് ഒരുമാസം ആശുപത്രിയില്‍ കഴിഞ്ഞ രാജ്പാല്‍ ഈയടുത്താണ് വീട്ടിലെത്തിയത്. ഇപ്പോഴും കിടപ്പില്‍ തന്നെ. ഇത്രയും പ്രായമുള്ളതിനാല്‍ ഇനി എഴുന്നേറ്റ് നടക്കാന്‍ സാധ്യത കുറവ്. ഇതുവരെയായി 40,000 രൂപക്കടുത്ത് ചികിത്സക്കായി ചെലവിട്ടുകഴിഞ്ഞു. രാജ്പാലിന്റേത് പോലുളള ദരിദ്ര കര്‍ഷക കുടുംബത്തിന് ഈ തുക കണ്ടെത്താന്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നു.
ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ പെട്ട ബൈസാന്‍ പൂര്‍വ ഗ്രാമത്തിലാണ് ഈ അത്യാഹിതം നടന്നത്. എന്നാല്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ‘ഹിന്ദി ഹൃദയഭൂമി’ എന്ന് തിരഞ്ഞെടുപ്പ് വിദഗ്ധര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങള്‍ മുഴുവന്‍ പശുപ്പേടിയിലാണിപ്പോള്‍. ഓരോ ഗ്രാമത്തിലും 250-300 കന്നുകാലികളാണ് ഉടമസ്ഥരുപേക്ഷിച്ച് അലഞ്ഞുതിരിഞ്ഞുനടക്കുന്നത്. കൃഷി നശിപ്പിച്ചും മനുഷ്യരെ ആക്രമിച്ചും ഈ കാലിക്കൂട്ടം മതിച്ചുനടക്കുന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ ഉഴലുകയാണ് ഗ്രാമീണര്‍. കേരളത്തിലെ തെരുവ് നായ ശല്യം പോലെ യു.പിക്കാര്‍ ഇപ്പോള്‍ തെരുവ് പശുക്കളെ പേടിച്ച് കഴിയുകയാണ്.
വിനയായത് ഗോസംരക്ഷണനിയമം
അനധികൃത കശാപ്പുശാലകള്‍ നിരോധിച്ചുകൊണ്ടുള്ള യു.പി. സര്‍ക്കാര്‍ തീരുമാനവും ഗോവ്യാപാരത്തിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണവുമാണ് കാര്യങ്ങള്‍ വഷളാക്കിയത്. അതോടെ ഗ്രാമങ്ങളില്‍ നടന്നിരുന്ന കന്നുകാലി കച്ചവടം പൂര്‍ണമായി നിലച്ചു. ആഴ്ചതോറും നടന്നിരുന്ന കാലിച്ചന്തയും ഇപ്പോഴില്ല. വാങ്ങാന്‍ ആളില്ലാതായതോടെ പശുക്കളെ തുറന്നുവിടാന്‍ നിര്‍ബന്ധിതരായി കര്‍ഷകര്‍. യാതൊരു ഉപകാരവുമില്ലാത്ത ഇവറ്റകളെ തീറ്റിപ്പോറ്റി പരിപാലിക്കുന്നത് നഷ്ടമാണെന്ന തിരിച്ചറിവുകൊണ്ടാണിത്. ആകെയുള്ള നാല് ബീഗ ഭൂമിയിലെ ഉഴുന്ന് ചെടികളത്രയും കാലികള്‍ നശിപ്പിച്ചതിന്റെ കഥയാണ് കര്‍ഷകന്‍ ശിവേന്ദ്ര പ്രതാപിന് പറയാനുള്ളത്. ‘നൂറുകണക്കിനാളുകള്‍ പശുക്കളെ അഴിച്ചുവിട്ടിട്ടുണ്ട്. എല്ലാവരുടെയും കൃഷിയിടങ്ങളില്‍ അവ കയറി അക്രമം കാട്ടുന്നു. ഇതിനെ ഏങ്ങനെ നേരിടണമെന്ന കാര്യം ആര്‍ക്കുമറിയില്ല’. പ്രതാപ് പറയുന്നു.
ഗ്രാമത്തിലെ പ്രൈമറി സ്‌കൂളില്‍ പ്യൂണായും പ്രവര്‍ത്തിക്കുന്ന കര്‍ഷകന്‍ ശിവസേവക് സിങിന്റെ വാക്കുകള്‍ കേള്‍ക്കൂ- ’14 ബീഗ ഭൂമിയിലെ കൃഷിയാണ് എനിക്ക് നഷ്ടമായത്. വടക്കന്‍ സിവാന്‍ ഗ്രാമത്തിലെ ഒരാളുടെ കൃഷിഭൂമി പോലും രക്ഷപ്പെട്ടിട്ടില്ല. കറവ വറ്റിയ പശുക്കളെയും കാളകളെയുമൊക്കെ ആളുകള്‍ തോന്നിയ പോലെ അഴിച്ചുവിടുകയാണ്. ഇവരെ നിയന്ത്രിക്കണമെന്ന് കര്‍ശനമായി ആവശ്യപ്പെട്ടിട്ടും ആരും കൂട്ടാക്കുന്നില്ല’. കൃഷിഭൂമിയില്‍ മാത്രമല്ല ജോലി സ്ഥലമായ സ്‌കൂളിലും കാലികള്‍ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ‘എന്നും രാവിലെ സ്‌കൂളിലെത്തിയാല്‍ കാണുക വരാന്തയില്‍ കിടക്കുന്ന അമ്പതിലേറെ കന്നുകാലികളെയാണ്. ഇവരെ തെളിച്ചുപുറത്താക്കി ചാണകം വാരി സ്‌കൂള്‍ പരിസരം വൃത്തിയാക്കുകയെന്നതാണ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആദ്യജോലി. അതിന് ശേഷമേ പഠനം തുടങ്ങാന്‍ സാധിക്കുന്നുള്ളൂ’.
കൃഷിയിടത്തിലെത്തിയ കാള അക്രമിച്ചതിന്റെ കഥ ഗഥ പൂര്‍വ ഗ്രാമത്തിലെ രാം ബിഹാരി പഥക്കിനും പറയാനുണ്ട്. ‘ദൈവകൃപ കൊണ്ട് മാത്രമാണ് ഞാനിപ്പോള്‍ ജീവിച്ചിരിക്കുന്നത്. കന്നുകാലികളുടെ വില്പന നിരോധിച്ച നിയമം കര്‍ഷകര്‍ക്ക് എന്ത് നേട്ടമാണ് സമ്മാനിച്ചത്? മുമ്പൊക്കെ ഉരുക്കളെ അറവുകാര്‍ വാങ്ങിക്കൊണ്ടുപോകുമായിരുന്നു. അതുവഴി കൃഷിയിടങ്ങള്‍ സംരക്ഷിക്കപ്പെട്ടു. ഇപ്പോള്‍ എല്ലാ കര്‍ഷകരും കാലികളെ പേടിച്ചാണ് ദിവസങ്ങള്‍ നീക്കുന്നത്’- പഥക്ക് പറയുന്നു.
അറവുകാര്‍ക്ക് കൊടുക്കാതെ സ്വന്തമായി കശാപ്പ് ചെയ്യാമെന്ന് കരുതിയാലും പ്രശ്‌നമാണിവിടെ. നൂറ്റാണ്ടുകള്‍ പഴക്കമുളള സമ്പ്രദായമെന്ന നിലയ്ക്ക് ഈ പ്രദേശങ്ങളില്‍ ഗോഹത്യയ്ക്ക് നിരോധനമുണ്ട്. ആരെങ്കിലും കാലിയെ കൊല്ലുന്നത് കണ്ടാല്‍ നാട്ടുകൂട്ടം ചേര്‍ന്ന് അയാള്‍ക്ക് ശിക്ഷ വിധിക്കും. ഗ്രാമത്തിന് പുറത്തുളള ഒരു കുടിലില്‍ ഒരുമാസം ഒറ്റയ്ക്ക് കഴിയണമെന്നതാണ് ശിക്ഷ. ആ സമയത്ത് ഗ്രാമവാസികള്‍ ആരുമായും കാണാനോ സംസാരിക്കാനോ പാടില്ല. ഒരുമാസത്തിന് ശേഷം ‘ഭാഗവത കഥ’ കേട്ട് ഗോദാനവും നാട്ടുകാര്‍ക്ക് മുഴുവന്‍ വിരുന്നും നടത്തിയാലേ അയാളെ തിരികെ ഗ്രാമത്തിലേക്ക് ചേര്‍ക്കൂ.
കൃഷി നശിപ്പിക്കും ഗോപൂജ?
രാംബിഹാരി ഹൈന്ദവധര്‍മപ്രചാരകനാണ്. ഗ്രാമങ്ങള്‍ തോറും ഹാര്‍മോണിയവുമായി നടന്ന് ഭജനകളും കീര്‍ത്തനങ്ങളും പാടിയാണ് അദ്ദേഹം ജീവിതം കഴിക്കുന്നത്. അടിയുറച്ച ഹിന്ദുവിശ്വാസിയായ അദ്ദേഹം പോലും സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരാണ്. ‘കന്നുകാലികളെ കര്‍ഷകരുടെ ശത്രുവാക്കാനേ ഗോരക്ഷാനയം സഹായിക്കുന്നുള്ളൂ. വെറും പ്രഹസനമാണിത്. എല്ലാ ഗ്രാമങ്ങളിലെയും കൃഷിഭൂമികള്‍ ഇതിനകം നശിപ്പിക്കപ്പെട്ടുകഴിഞ്ഞു. മുമ്പൊക്കെ അതിരാവിലെയെഴുന്നേറ്റ് സ്വന്തം കാര്യങ്ങള്‍ നോക്കാമായിരുന്നു. ഇന്നിപ്പോള്‍ പുലര്‍ച്ചെ തന്നെ വടിയുമായി കൃഷിയിടത്തിലെത്തണം. അലഞ്ഞുതിരിഞ്ഞെത്തുന്ന കാലിക്കൂട്ടങ്ങള്‍ കൃഷിയിടത്തില്‍ കടന്നാല്‍ മിനുട്ടുകള്‍ കൊണ്ട് അതെല്ലാം ചവിട്ടി മെതിക്കപ്പെടും. അതിനാല്‍ രാവിലെ എട്ട് മണി വരെയെങ്കിലും കാവല്‍ നിന്നാലേ അവയെ തടയാനാവൂ’. അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യയിലെ നഗരങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന തെരുവുകാലികളുടെ ഭീഷണി എങ്ങനെ ഗ്രാമങ്ങളിലേക്കും പടര്‍ന്നു? ഈ ചോദ്യത്തിന് രാംബിഹാരിക്ക് കൃത്യമായ മറുപടിയുണ്ട്. ‘ഇപ്പോള്‍ മിക്ക കര്‍ഷകരും ട്രാക്ടറാണ് ഉപയോഗിക്കുന്നത്. അവര്‍ക്കൊന്നും കാലികളെ വേണ്ട. ഈ ഗ്രാമത്തില്‍ ആകെ ഒന്നോ രണ്ടോ വളര്‍ത്തുകാളകളേയുള്ളൂ. ഉപയോഗം കഴിഞ്ഞ കാലികളെ അറവുകാര്‍ക്ക് വില്‍ക്കുകയായിരുന്നു മുമ്പ് ചെയ്തിരുന്നത്. അറവുശാലകള്‍ അടച്ചുപൂട്ടിയതോടെ ഈ കച്ചവടം നിലച്ചു. കന്നുകാലിച്ചന്തയും പ്രവര്‍ത്തിക്കുന്നില്ല. പിന്നെ ആരാണ് ഇവയെ വീട്ടില്‍ തന്നെ പരിപാലിക്കുക?’. സംസ്ഥാന സര്‍ക്കാരിന്റെ ഗോസംരക്ഷണ നടപടികളില്‍ കടുത്ത പ്രതിഷേധമുണ്ട് രാംബിഹാരിക്ക്. ‘ആര്‍ക്കാണോ ഗോമാംസം കഴിക്കേണ്ടത്, അവരത് കഴിച്ചോട്ടെ. അത് കഴിക്കാന്‍ ആരും നമ്മളെ നിര്‍ബന്ധിക്കുന്നില്ലല്ലോ? കശാപ്പുള്ള സമയത്ത് തെരുവുകാലികളുടെ ശല്യമേയില്ലായിരുന്നു. ഞങ്ങളുടെ കൃഷിയിടങ്ങള്‍ സുരക്ഷിതമായിരുന്നു. കര്‍ഷകര്‍ക്ക് നാശം വരുത്തിക്കൊണ്ടുള്ള ഗോസംരക്ഷണം കൊണ്ട് ആര്‍ക്കെന്ത് നേട്ടമാണുള്ളത്?’.
അധികാരികളുടെ നിസ്സംഗതയക്കെുറിച്ചാണ് ഗഥ പൂര്‍വ ഗ്രാമവാസിയായ അമിത് പഥക്കിന് പറയാനുള്ളത്- ‘ഈ പ്രശ്‌നം സംസാരിക്കാനായി ഞങ്ങള്‍ ജില്ലാ മജിസ്‌ട്രേറ്റിനെ പോയി കണ്ടിരുന്നു. പശുക്കള്‍ ഞങ്ങള്‍ കര്‍ഷകരുടെ ഉത്തരവാദിത്വമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഓരോ കര്‍ഷകനും അലഞ്ഞുതിരിയുന്ന ഓരോ കന്നുകാലിയെ വീതം പരിപാലിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാമെന്നും മറ്റൊന്നും ഭരണകൂടത്തിന് ചെയ്യാനില്ലെന്നും അദ്ദേഹം തീര്‍ത്തുപറഞ്ഞു. കൃഷിയിടത്തിന് ചുറ്റും മുള്ളുവേലി നാട്ടുകയാണ് ഞാനിപ്പോള്‍. ഭാരിച്ച ചെലവ് വരുന്നതിനാല്‍ എല്ലാവര്‍ക്കും ഇങ്ങനെ ചെയ്യാന്‍ സാധിക്കില്ല’.
സംസ്ഥാന മുഖ്യമന്ത്രിയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാനും അമിത് പഥക്ക് മടി കാട്ടിയില്ല ‘യോഗി ആതിഥ്യനാഥ് വലിയ മനുഷ്യസ്‌നേഹിയാണ്. ഞങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ അലഞ്ഞുതിരിയുന്ന കാലികള്‍ക്ക് തീറ്റ കൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. ഒരാള്‍ക്ക് ഒരു പശുവിന് തീറ്റ കൊടുക്കാം. ആയിരക്കണക്കിന് ഉരുക്കള്‍ക്ക് ആര്‍ക്ക് തീറ്റ കൊടുക്കാനാവും? ഇവിടുന്ന് 7 കിലോമീറ്റര്‍ അകലെയുള്ള രഗര്‍ഗഞ്ച് ചന്തയിലേക്ക് പോകുന്ന വഴിയില്‍ തന്നെ അഞ്ഞൂറോളം കന്നുകാലികളെ കാണാം. കാംറോണി പ്രദേശത്ത് നാനൂറിലധികം പശുക്കള്‍ അലഞ്ഞുനടക്കുന്നുണ്ട്. ഇവയുടെ സാന്നിധ്യത്തില്‍ എങ്ങനെ കൃഷി നടത്താനാവും? ആരാണ് ഞങ്ങള്‍ക്ക് നഷ്ടപരിഹാരം തരുക?’.
മുള്ളുവേലിയും പരിഹാരമല്ല
അമിത് പഥക്കിന്റെ പാത പിന്തുടര്‍ന്ന് മറ്റ് കര്‍ഷകരും ഇപ്പോള്‍ കൃഷിഭൂമിക്ക് ചുറ്റും മുള്ളുവേലി സ്ഥാപിച്ചുതുടങ്ങി. മുള്ളുവേലി പൊളിച്ചും വയലുകളിലേക്ക് നുഴഞ്ഞുകയറുന്ന കൂറ്റന്‍ കന്നുകാലികളുണ്ട്. പലതിനും മുള്ളുവേലി കൊണ്ട് ഗുരുതരമായി പരുക്കേല്‍ക്കുന്നതും പതിവായി. അങ്ങനെയെങ്കിലും കുറേ കാലികള്‍ ചത്തുതീരട്ടെ എന്നാണ് കര്‍ഷകരുടെ പ്രാര്‍ത്ഥന. ‘ഹിന്ദുമത വിശ്വാസ പ്രകാരം കന്നുകാലികളെ കൊല്ലാന്‍ പാടില്ല. പക്ഷേ, തങ്ങള്‍ക്ക് ഭീഷണിയായിക്കഴിഞ്ഞാല്‍ മറ്റെന്താണ് മാര്‍ഗം?’- ഗോണ്ടയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജാനകിശരണ്‍ ദ്വിവേദി ചോദിക്കുന്നു. മുമ്പൊക്കെ കറവ വറ്റിയ പശുക്കളെ മാത്രമാണ് അലഞ്ഞുതിരിയാന്‍ വിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ കന്നുകുട്ടികളെയും കൂറ്റന്‍ കാളകളെയുമൊക്കെ ഇങ്ങനെ തെരുവിലേക്ക് നട തള്ളപ്പെടുന്നു.
മുള്ളുവേലി കൊണ്ടൊന്നും വലിയ കാര്യമില്ലെന്നാണ് സാല്‍പുര്‍ ഗ്രാമത്തിലെ കൃഷിക്കാരനായ രാധേശ്യാം തിവാരിയുടെ അനുഭവം. ‘കൂട്ടമായാണ് കാലികള്‍ കൃഷിയിടങ്ങളിലെത്തി വിള നശിപ്പിക്കുന്നത്. ഏതാനും മിനുട്ടുകള്‍ കൊണ്ട് പണി തീര്‍ത്ത് അവ സ്ഥലം വിടുകയും ചെയ്യും. എന്റെ വയലിന്റെ രണ്ട് വശങ്ങളിലും വലിയ ഉയരത്തില്‍ മുള്ളുവേലി കെട്ടിയിരുന്നു. എന്നാല്‍ പശുക്കള്‍ മൂന്നാമത്തെ ഭാഗത്ത് കൂടെ കയറി വിളയാറായ കൃഷി ചവിട്ടിമെതിച്ചു. ചോളം പൂര്‍ണമായും നെല്ല് പകുതിയും ഇങ്ങനെ നഷ്ടപ്പെട്ടു. ഇനിയെന്ത് ചെയ്യണമെന്ന് പോലും ഞങ്ങള്‍ക്കറിയില്ല’.
മുള്ളുവേലി സ്ഥാപിച്ചതില്‍ പിന്നെ നിരവധി കന്നുകാലികള്‍ ചത്തൊടുങ്ങിയിട്ടുണ്ടെന്ന് മറ്റൊരു ഗ്രാമവാസി പറഞ്ഞു. ”ഇതല്ലാതെ മറ്റ് പോംവഴികളൊന്നുമില്ല. കര്‍ഷകരെല്ലാം ചേര്‍ന്ന് മുഴുവന്‍ കൃഷിയിടങ്ങളിലും മുള്ളുവേലി കെട്ടാന്‍ ആലോചിക്കുന്നുണ്ട്. ”
വരും വര്‍ഷങ്ങളില്‍ സ്ഥിതി ഇതിലും രൂക്ഷമാകുമെന്ന് പത്രപ്രവര്‍ത്തകന്‍ ജാനകി ശരണ്‍ ദ്വിവേദി മുന്നറിയിപ്പ് നല്‍കുന്നു. ”ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കന്നുകാലികള്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നു. അവ അലഞ്ഞുതിരിഞ്ഞ് കൃഷിയിടങ്ങളിലുണ്ടാക്കുന്ന നഷ്ടം അതിഭീമം. ആരും അവയെ തിരിഞ്ഞുനോക്കാനില്ല. ആരെങ്കിലും കന്നുകാലികളെ വാങ്ങാന്‍ തയ്യാറായാല്‍ തന്നെ അവയെ കൊണ്ടുപോകാന്‍ ഭരിക്കുന്ന പാര്‍ട്ടി അണികള്‍ സമ്മതിക്കില്ല. ഗോസംരക്ഷകരെന്ന് അവകാശപ്പെട്ടുകൊണ്ട് അവര്‍ കന്നുകാലി കടത്തുകാരെ മൃഗീയമായി മര്‍ദിക്കും. ഈ സാഹചര്യത്തില്‍ ആരാണ് ഈ പശുക്കളെ വാങ്ങാന്‍ ധൈര്യം കാട്ടുക? സര്‍ക്കാര്‍ ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വലിയ പ്രതിസന്ധിയാണ് കര്‍ഷകരെ കാത്തിരിക്കുന്നത്”-ദ്വിവേദിയുടെ വാക്കുകള്‍.
കൃഷ്ണകാന്ത്
You must be logged in to post a comment Login