ദുര്‍ഗ്ഗാ പൂജയുടെ ആരവങ്ങള്‍ക്കിടയിലേക്കാണ് ഞങ്ങള്‍ ബസ്സിറങ്ങിയത്. വെയിലു പെരുത്ത മധ്യാഹ്നത്തില്‍ പേരിനൊരു തണലു പറ്റാന്‍ പൊളിഞ്ഞു തൂങ്ങിയ സ്ലാബുകളുള്ള നടപ്പാതയിലൂടെ ഞങ്ങള്‍ നടന്നു. ചെറുതും വലുതുമായ ലോറികളിലേറിയും അല്ലാതെയും ദുര്‍ഗ്ഗാ പൂജയുടെ വിഗ്രഹ നിമജ്ജന കര്‍മ്മത്തിനു പോകുന്ന ആളുകളെ കൊണ്ട് തിങ്ങിയിരിക്കുകയാണ് റോഡ്. കാതടപ്പിക്കുന്ന ശബ്ദത്തില്‍ പാട്ടുവെച്ച വണ്ടിപ്പുറത്തു നിന്ന് അവര്‍ നിറങ്ങള്‍ വാരിയെറിഞ്ഞും ഉച്ചത്തില്‍ ജയ്ശ്രീരാം മുഴക്കിയും ആഘോഷിക്കുന്നു. ദുര്‍ഗ്ഗാ പൂജക്കും ജയ്ശ്രീരാം? ആഘോഷത്തിന്റെയും ആവേശത്തിന്റെയും ഭാവമെന്താണെന്ന് ഊഹിച്ചു.
കാളിന്ദി കുഞ്ച് മെട്രോ സ്റ്റേഷനു ചുവട്ടിലൂടെ മുറിച്ചുകടന്ന് യമുനാ നദീതടത്തിലുള്ള ക്യാമ്പിലേക്ക് നടക്കുമ്പോഴാണ് എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ഭക്തരും ഞങ്ങള്‍ നടക്കുന്ന റോഡിലേക്ക് തന്നെയാണ് വരുന്നതെന്ന് മനസ്സിലായത്. യമുനയിലൊഴുക്കാന്‍ കൊണ്ടുവരുന്ന കൂറ്റന്‍ വിഗ്രഹങ്ങളെയും ഭക്തിയാവേശത്തെ മതിക്കുന്ന മദ്യലഹരിയുടെ ഉത്തേജനങ്ങളുള്ള ആളുകളെയും വഹിച്ചുകൊണ്ടുള്ള വാഹനങ്ങള്‍ അനുസരണക്കേട് കാണിച്ച് റോഡില്‍ തിക്കും തിരക്കും കൂട്ടുന്നുണ്ടായിരുന്നു. അവര്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഒരു ഭയം കാലില്‍ ചുറ്റുന്നതു പോലെ. വഴിയരികില്‍ കാണുന്ന പോലീസുകാരുടെ മട്ടും ഭാവവും അത് മുറുക്കുന്നതായേ തോന്നിയുള്ളൂ. ഉത്തരേന്ത്യക്കാര്‍ക്ക് തെക്കന്മാരോടുള്ളതുപോലെ ചില മുന്‍ധാരണകള്‍ നമ്മുടെ നാട്ടില്‍ അവരെ കുറിച്ചും ഉണ്ടായിട്ടുണ്ടല്ലോ? അതിന്റെ ഒരു പ്രശ്‌നമാണ്. കറുത്ത് മുഴുത്ത് ഒഴുകുന്ന യമുന കാണാനായി. അവിടെ ഉത്സവങ്ങളുടെ തിരക്കുകള്‍ അവസാനിക്കുകയാണ്.
വീണ്ടും മുന്നോട്ട് നടക്കവെ സകാത് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലം എന്ന് സൂചനാ ബോര്‍ഡ് കാണിച്ച വഴിയിലേക്ക് ഞങ്ങള്‍ ഇറങ്ങി. വറ്റി വരണ്ട് പുഴ വലിഞ്ഞും കര തെളിഞ്ഞുമുണ്ടായ ഒരിടം മണ്ണിട്ടു നികത്തിയതാണ് ഈ വഴി. പുതഞ്ഞു പൊന്തുന്ന പൊടി അടങ്ങാന്‍ ഒരുക്കമേയല്ലെന്ന് തോന്നി. ഇരുവശങ്ങളിലും ദൈന്യത ഒലിച്ചിറങ്ങുന്ന തുറിച്ചു നോട്ടങ്ങളുള്ള കുറേ കുഞ്ഞുമുഖങ്ങള്‍ കാണാം. ദാറുല്‍ ഹിജറാത് എന്ന് ബോര്‍ഡു വെച്ച ഒരു ഭാഗത്താണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ ഇടം. ആട്ടിയോടിക്കപ്പെട്ട ഒരു ജനതയോട് കരുണ കാണിക്കാന്‍ വരുന്നവരോടുള്ള പ്രതീക്ഷ നിറഞ്ഞ നോട്ടമാണോ, അതോ സഹതാപം അറിയിച്ച് ചിത്രങ്ങള്‍ പകര്‍ത്തി വീഡിയോ പിടിച്ച് റിപ്പോര്‍ട്ടുകള്‍ ചമച്ച് അതിനപ്പുറത്ത് ഒന്നും ചെയ്യാതെ തിരികെ പോകുന്നവരോടുള്ള പുച്ഛമാണോ, അതോ ഇവിടെ നിന്നും ആട്ടിയിറക്കാന്‍ വന്ന അധികാരികളാണോ എന്ന ഭയമാണോ എന്ന് തിരിച്ചറിയാനാവാത്ത കുറേ നോട്ടങ്ങള്‍. എങ്കിലും മലയാളികളാണെന്ന് പറയുമ്പോള്‍ അവര്‍ക്കെന്തെക്കൊയോ പ്രതീക്ഷകളാണ്.
ഇടക്കിടെ ക്യാംപിലെത്തി റോഹിംഗ്യരോട് സംസാരിച്ചിരിക്കാറുള്ള ഫരീദാബാദില്‍ നിന്നുള്ള ശാക്കിര്‍ ഭായിയാണ് മലയാളികളുടെ ഉദാര മനസ്‌കതയെ പറ്റി റോഹിംഗ്യക്കാരുടെ ഇടയില്‍ കാര്യപ്രാപ്തിയുണ്ടെന്ന് തോന്നിയ സലീമുല്ലയോട് പറയുന്നത്. ഇറാഖ് – കുവൈത്ത് യുദ്ധകാലത്ത് മലയാളികള്‍ നടത്തിയ സേവനങ്ങളെ സ്മരിച്ചു കൊണ്ടാണ് ഉദാഹരിക്കുന്നത്. കുവൈത്തും വിട്ട് ജോര്‍ദ്ദാനിലേക്ക് മൂപ്പരുടെ തള്ള് നീളുകയാണെന്ന് മനസ്സിലായപ്പോള്‍ മൂപ്പരുടെ തന്നെ കൂടെയുണ്ടായിരുന്ന ശമീം അക്തര്‍ ഞങ്ങളോട് അഭയാര്‍ത്ഥികളുടെ താമസസ്ഥലത്തേക്ക് ഇറങ്ങിച്ചെല്ലാന്‍ പറഞ്ഞു. ‘നിങ്ങള്‍ ഇവരുടെ സ്ഥിതിയറിയാന്‍ വന്നതല്ലേ? എങ്കില്‍ നിങ്ങള്‍ നേരിട്ട് കണ്ട് തന്നെ മനസ്സിലാക്കൂ. കേട്ടറിയുന്നത് പിന്നെയാക്കാം.’
ടാറിടാത്ത ആ പൊടിറോട്ടില്‍ നിന്ന് പടികളിറങ്ങി അവരുടെ കൂരകളിലേക്ക് ചെല്ലുമ്പോള്‍ ഒരു കാര്യം ശ്രദ്ധിച്ചു. കുറച്ച് നേരം മഴ കനത്തു നിന്നാല്‍ വെള്ളം മൂടുന്ന യമുനാതടമാണിത്. അങ്ങനെ വെള്ളം കയറി കെട്ടി നിന്നിട്ട് കട്ടവിരിച്ച് സിമന്റു തേച്ചിരിക്കുകയാണ് വഴിയും നിലവും. രണ്ടരയടി മാത്രമുള്ള നടവഴികള്‍ക്കിരുവശത്തും കാര്‍ ബോര്‍ഡും, പലകക്കഷ്ണങ്ങളും, ടര്‍പോളിനും വെച്ച് വളച്ചുകെട്ടിയ കൂരകളാണ്. ഒരു നല്ല ആട്ടിന്‍ കൂടിന്റെ കെട്ടുറപ്പു പോലുമില്ലാത്ത, കഥനങ്ങളിടുങ്ങിയ ആ കിടപ്പാടങ്ങള്‍ക്കൊന്നിനും വാതിലുകളും കണ്ടില്ല. വീടുകള്‍ക്കിടയിലെ ഇടനാഴിയില്‍ വീണു കിടക്കുന്ന ഇരുള്‍ അകത്തു നിന്നരിച്ചെത്തുന്ന സങ്കടക്കനങ്ങളാണെന്ന് തോന്നി.
രേഖകളില്‍ കാണുന്നത് പ്രകാരം 14,000 റോഹിംഗ്യന്‍ വംശജരാണ് ഇന്ത്യയിലുള്ളത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി അനേകം ക്യാംപുകളില്‍ അവര്‍ കഴിയുന്നു. യു. എന്നിന്റെ തന്നെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും പീഡിപ്പിക്കപ്പെട്ട ജനതയാണ് ഇപ്പോള്‍ റോഹിംഗ്യര്‍. സകല മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍. ലൈംഗികാതിക്രമം അടക്കം വിവരണാതീതമായ അനേകം ക്രൂരതകള്‍ക്കിരയായവര്‍. സ്വന്തം നാട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍. തീരമില്ലാത്തവര്‍. കടലില്‍ മത്സ്യ ബന്ധന നൗകകളില്‍ അലയാന്‍ വിധിക്കപ്പെട്ടവര്‍. ചിലര്‍ ബംഗ്ലാദേശിലേക്കെത്തുന്നു. ചിലര്‍ അവിടുന്ന് ഇന്ത്യയിലേക്കും.
എട്ടു വര്‍ഷം മുമ്പാണ് കാളിന്ദിക്കുഞ്ചിലെ ഈ ക്യാംപ് തുറക്കുന്നത്. ഇപ്പോള്‍ ഇവിടെയുള്ളവരിലേറെയും 2012 ലെ കലാപകാലത്ത് ബര്‍മ്മയില്‍ നിന്ന് ഓടിപ്പോന്നവരാണ്. നാല്‍പ്പത്തിയേഴ് കുടുംബങ്ങളാണ് ഇപ്പോഴിവിടെയുള്ളത്; മുന്നൂറോളം വരുന്ന അംഗങ്ങളും. ഇവരൊക്കെയും കുടുംബ ബന്ധങ്ങളുള്ളവരോ ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരോ ആണ്. ഡല്‍ഹിയിലെ അഞ്ച് ക്യാമ്പുകളില്‍ ഒന്നാണിഇത്. കാജൂരി, ശഹീന്‍ ബാഗ്, ഉത്തംപൂര്‍, ഫരീദാബാദ് എന്നിവിടങ്ങളിലാണ് മറ്റു ക്യാമ്പുകള്‍. അഞ്ച് ക്യാമ്പിലും കൂടെയായി അയിരത്തില്‍ താഴെ അഭയാര്‍ത്ഥികള്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. എല്ലായിടത്തും കുട്ടികളാണ് കൂടുതല്‍.
കക്കൂസുകള്‍ എന്ന് പറയുന്ന സംവിധാനങ്ങള്‍ ഇല്ല തന്നെ. പകരം ഒരാള്‍ക്ക് കുനിഞ്ഞു കയറാന്‍ പറ്റുന്ന മറപ്പുരകളേയുള്ളൂ. അതില്‍ നിന്നുള്ള വിസര്‍ജ്യ മാലിന്യങ്ങള്‍ തന്നെ കെട്ടിക്കിടക്കുകയാണ്. അതും തുറന്നു കിടക്കുന്നു. അതിനടുത്താണ് അവര്‍ക്ക് ആകെയുള്ള കുഴല്‍ക്കിണര്‍ പൈപ്പുള്ളത്. അവര്‍ കുടിക്കാനെടുക്കുന്നതും ആ വെള്ളമാണ്. ഇവരാരും ഇവിടുത്തെ പൗരന്മാരല്ലാത്തതിനാല്‍ തന്നെ ഏതെങ്കിലും തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവിടെ നടത്തുക എളുപ്പമല്ല. അതുകൊണ്ടു തന്നെ ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു കൊടുക്കാനോ കുടിവെള്ള പദ്ധതി നടപ്പിലാക്കാനോ ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ വിചാരിച്ചാല്‍ തന്നെ എളുപ്പം കഴിയുകയുമില്ല. ദാറുല്‍ഹിജറാതിന്റെ ഉടമസ്ഥതയുള്ള സകാത് ഫൗണ്ടേഷന്‍ തന്നെ ഇവരോട് ഇവിടം ഒഴിഞ്ഞു കൊടുക്കണമെന്ന് പറഞ്ഞിരിക്കുകയാണത്രെ. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള സമ്മര്‍ദം അത്രക്കുണ്ട്. പുഴുക്കളെ പോലെ പുളഞ്ഞ് ജീവിക്കുന്ന ഈ പാവങ്ങളെ സര്‍ക്കാര്‍ തീവ്രവാദികളാക്കിയിരിക്കുകയാണല്ലോ. കേന്ദ്രത്തിലെയും എന്‍.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ റോഹിംഗ്യരുടെ കരിമ്പട്ടിക ഉണ്ടാക്കിക്കഴിഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തില്‍ ‘തീവ്രവാദികള്‍ക്ക്’ കേറിപ്പൊറുക്കാന്‍ ഇടം കൊടുക്കുന്നത് രാജ്യദ്രോഹമാവില്ലേ?
ഭക്ഷണമെന്ന് പറയാന്‍ ഇപ്പോഴവര്‍ക്ക് യമുനയില്‍ വളരുന്ന കുറ്റിപ്പുല്ലിന്റെ വേരുണ്ട്. ഓഖ്‌ല, കാളിന്ദിക്കുഞ്ച് ചന്തകളില്‍ രാത്രി വൈകിച്ചെന്നാല്‍ കുപ്പയില്‍ കാണുന്ന കെട്ടപച്ചക്കറികളും അഴുകിയ പഴങ്ങളുമുണ്ട്. വല്ലപ്പോഴും ആരെങ്കിലുമൊക്കെ എത്തിച്ചു കൊടുക്കുന്ന ഭക്ഷണക്കിറ്റുകള്‍ മാത്രമാണ് നല്ലതെന്ന് പറയാനുള്ളത്. ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ മറപ്പുരകള്‍ക്കടുത്ത് കുന്നുകൂട്ടിയിട്ട മാലിന്യങ്ങള്‍ക്കരികില്‍ കുന്തിച്ചിരുന്ന് അഴുകിപ്പോയ ഏതോ മീന്‍ നന്നാക്കുന്ന ഒരു വൃദ്ധയെ കണ്ടു. അവരെ ആകെ ഈച്ചകള്‍ പൊതിഞ്ഞിരിക്കുന്നു. വക്കു പൊട്ടിയ ബക്കറ്റുകളിലും കറപിടിച്ച പാത്രങ്ങളിലും വെള്ളം ശേഖരിക്കുന്നവര്‍. ചെളി പുരണ്ട, പൂപ്പല്‍ പിടിച്ച കുപ്പിയില്‍ വെള്ളം നിറച്ച് കുടിക്കുകയും കളിക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങള്‍.
ലോകത്തെല്ലായിടത്തെയും പോലെ ഇവിടെയും ദുരിതങ്ങള്‍ ഏറെയും പേറേണ്ടി വരുന്നത് സ്ത്രീകളും കുട്ടികളും തന്നെ. കുഞ്ഞുമക്കള്‍ പക്ഷേ അത് തിരിച്ചറിയുന്നുണ്ടാകില്ലെന്ന് മാത്രം. ‘പോഷകാഹാരക്കുറവ്, വിളര്‍ച്ച തുടങ്ങി ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന രോഗങ്ങള്‍ക്കു പുറമെ ചില അപൂര്‍വ്വ ത്വക് രോഗങ്ങളും ക്ഷയം, ആസ്ത്മ പോലുള്ള വലിയ രോഗങ്ങളും ഏകദേശം കുഞ്ഞുങ്ങളെയും ബാധിച്ചിട്ടുണ്ട്. സാംക്രമിക രോഗങ്ങളുടെ കാര്യം പിന്നെ പറയുകയും വേണ്ട.’ ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന ഡോ. റെംസിയ ശംവീല്‍ പറയുന്നു. ചികിത്സക്കായി പുറത്തെവിടേക്കും ആരും പോകാറില്ലത്രെ. റോഹിംഗ്യക്കാരാണെന്നറിഞ്ഞാല്‍ ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതരോ ഡോക്ടര്‍മാരോ തയാറാകുന്നില്ലെന്ന് സ്ത്രീകള്‍ സങ്കടം പറയുന്നു. പത്തുവര്‍ഷം മുമ്പ് അഭയാര്‍ത്ഥിയായി ഇന്ത്യയിലെത്തിയ ഇപ്പോള്‍ ശഹീന്‍ ബാഗിലെ ക്യാമ്പില്‍ കഴിയുന്ന ഗുല്‍ബഹറിന്റെ കരളലിയിപ്പിക്കുന്ന അനുഭവങ്ങള്‍ ഈ അടുത്ത് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാറിടിച്ച് ഗുരുതരാവസ്ഥയിലായ മകനെയും കൊണ്ട് ആശുപത്രിയിലെത്തിയപ്പോള്‍ റോഹിംഗ്യക്കാര്‍ക്ക് ചികിത്സ നല്‍കാന്‍ നിവൃത്തിയില്ലെന്നായിരുന്നത്രെ ആശുപത്രിക്കാര്‍ പറഞ്ഞത്. മറ്റൊരിടത്തേക്ക് എത്തിക്കാനാകും മുമ്പ് ഒമ്പതു വയസ്സു മാത്രം പ്രായമുള്ള ആ കുഞ്ഞ് മരിച്ചു പോയി. ചികിത്സ തേടിയെത്തിയവരെ വംശീയമായി അധിക്ഷേപിച്ചയക്കുകയായിരുന്നത്രെ ആശുപത്രി അധികൃതര്‍.
ആകെ ഇരുപത് കുട്ടികളേ സ്‌കൂളില്‍ പോകുന്നുള്ളൂ. സകാത് ഫൗണ്ടേഷന്റെ കീഴിലുള്ള ഗോഡ് ഗ്രേസ്, വിദ്യാമന്ദിര്‍ സ്‌കൂളുകളിലേക്കാണ് കുട്ടികള്‍ പോകുന്നത്. അവിടേക്കുള്ള യാത്രാ ചെലവും, യൂണിഫോമടക്കമുള്ള മറ്റു ചെലവുകളും തന്നെ അവര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. അത് കുറേയേറെ സകാത് ഫൗണ്ടേഷന്‍ തന്നെ മുന്‍കൈ എടുത്ത് ചെയ്യുന്നതിനാല്‍ സ്‌കൂള്‍ വെറുതെ സ്വപ്‌നമാകുന്നില്ല. എങ്കിലും മറ്റു കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഈ കുട്ടികള്‍ വേറെ എന്തൊക്കെയോ ആണ്. പല വിധേനയും ഈ കുട്ടികളുടെ മന:സ്ഥിതിയെയും, സ്‌കൂളില്‍ പോകാനുള്ള താത്പര്യത്തെയും ഇത് ബാധിക്കുന്നുണ്ട് താനും. സ്‌കൂളിലൊന്നും പോകാന്‍ കൂട്ടാക്കാത്ത, നിവൃത്തിയില്ലാത്ത ബാക്കിയുള്ള കുട്ടികള്‍ മുതിര്‍ന്നവര്‍ക്കൊപ്പം പാഴ് വസ്തുക്കള്‍ പെറുക്കാന്‍ പോകും.
ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഇസ്മാഈല്‍ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് വാര്‍ത്താ ചാനലിന്റെ റിപ്പോര്‍ട്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇസ്മാഈലിനെ അടുത്ത് വിളിച്ച് ആ വീഡിയോ കാണിച്ചു കൊടുത്തപ്പോള്‍ അവന്റെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം. നിത്യവും പോകാറില്ലെങ്കിലും സ്‌കൂളില്‍ പോകുന്നത് ഇഷ്ടമാണെന്ന് അവന്‍ പറയുന്നു. എങ്കില്‍ നിത്യവും പോയാലെന്താ എന്ന് ചോദിച്ചപ്പോള്‍ ഞങ്ങളുടനെ ബര്‍മ്മയിലേക്ക് പോകേണ്ടി വരുമോ എന്നൊരു മറുചോദ്യം മാത്രം മറുപടി. ‘പോലീസ് വരാറുണ്ടോ ഇവിടെ?’ അവനെന്തെക്കൊയോ പറയണമെന്നുണ്ടായിരുന്നു. മുതിര്‍ന്ന ഒരു സ്ത്രീ ഞങ്ങളുടെ അടുത്തുവന്നു നിന്നു. അവനൊന്നും പറഞ്ഞില്ല.
മഗ്‌രിബിന്റെ ബാങ്ക് കേള്‍ക്കവെ സ്ത്രീകളടക്കം കുറച്ചു പേര്‍ പള്ളിക്കായി തയാറാക്കിയ ഷെഡ്ഡിലേക്ക് കയറിപ്പോകുന്നുണ്ടായിരുന്നു. ഇവിടെ ആകെ വൃത്തി കാണുന്ന ഒരിടം പള്ളി മാത്രമാണ്. ‘ഇവിടെ പള്ളിയും മദ്രസയുമുണ്ട്. വൈകീട്ട് മദ്രസയില്‍ ക്ലാസുമുണ്ട്. സ്‌കൂളില്‍ പോകാനാവാത്തവര്‍ക്കും മദ്രസയാണ് ആകെയുള്ളത്. പക്ഷെ, കൃത്യമായി നടത്താനാകുന്നില്ല. ഇവിടെ എന്തെങ്കിലും ചെയ്യാനാകുമെങ്കില്‍ അതാണ് ആദ്യം വേണ്ടത്’ സലീമുല്ല പറയുന്നു. ഒരു തട്ട് മദ്രസയെന്ന് ഒഴിച്ചിട്ടിട്ടുണ്ട്. ശൗകത് എന്ന ഒരാളാണ് ഇമാമും മുഅല്ലിമും. പക്ഷെ, തനിക്ക് കൂടുതലൊന്നും അറിയില്ലെന്നും ആരെങ്കിലുമൊക്കെ വന്ന് ക്ലാസ് കൊടുക്കാന്‍ തയാറായാല്‍ നന്നായിരിക്കുമെന്നും ശൗകത് ആവശ്യപ്പെടുന്നു. ‘കുട്ടികളുടെ മനസ്സില്‍ അപകര്‍ഷതയും നിരാശയും നിറഞ്ഞു വളരുകയാണ്. അവര്‍ക്ക് നല്ല ക്ലാസുകള്‍ സംഘടിപ്പിച്ച് കൊടുക്കാനാകണം. വൃത്തിയെ കുറിച്ച്, വ്യക്തിത്വത്തെ പറ്റിയെല്ലാം നല്ല ബോധ്യമുണ്ടാക്കാന്‍ കഴിയണം. ഒരു മൂന്ന് മാസം കൊണ്ട് കുറേ മാറ്റങ്ങള്‍ വരും.’ ശമീം അക്തര്‍ പറയുന്നു. നിങ്ങളെന്തെങ്കിലും ചെയ്യുന്നെങ്കില്‍ നേരിട്ട് വന്ന് വേണം. കാരണം ഇവിടുത്തെ ഇടനിലക്കാരെ എല്ലാവരെയും വിശ്വസിക്കാന്‍ കൊള്ളില്ല, ശമീം ഭായ് ചൂഷകരെ പറ്റി മുന്നറിയിപ്പ് നല്‍കി.
മ്യാന്മറിലെ പീഡനങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും ദുഷ്ടന്മാരായ പട്ടാളക്കാരുടെ ബൂട്ടടി ശബ്ദങ്ങള്‍ കാതിലലക്കുന്നുണ്ടെന്ന് ഭീതി കൂടുന്നവരാണ് ഇവിടുത്തെ സ്ത്രീകള്‍. അഞ്ചുവര്‍ഷം മുമ്പ് ഇവിടെയെത്തിയ ശബ്‌നക്ക് തന്റെ ഭര്‍ത്താവിനെ കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല. നാല് മക്കളുടെയും കൈ പിടിച്ചാണവര്‍ തീരത്തണഞ്ഞത്. ഇപ്രാവശ്യം ശബ്‌നയുടെ അനുജത്തിയും അനുജനും അയാളുടെ ഭാര്യയും കൂടി വന്നു. അവരിലൂടെയാണ് തങ്ങളുടെ ഉമ്മയും ഉപ്പയും ബംഗ്ലാദേശിലെ ഏതോ ഒരു അഭയാര്‍ത്ഥി ക്യാമ്പിലുണ്ടെന്ന് തീരെ ഉറപ്പില്ലാത്ത ഒരു വിവരം കിട്ടുന്നത്. ശബ്‌നയുടെ അനുജന്‍ അബുല്‍ ഫൈസിന്റെ മുഖത്തിപ്പോഴും ഒരു നടുക്കമുണ്ട്. റാഖിനയില്‍ നിന്നാണ് അവര്‍ വരുന്നത്. ഒരു രാത്രി നൂറുകണക്കിന് പട്ടാളക്കാരും അക്രമാസക്തരായ കുറേ ആളുകളും അവരുടെ ഗ്രാമം ആക്രമിക്കുകയായിരുന്നത്രെ. അബുല്‍ ഫൈസിനെ അവര്‍ പിടികൂടി ഒരുപാട് മര്‍ദ്ദിച്ചു. അയാളുടെ മുമ്പില്‍ വെച്ച് തന്നെ ഭാര്യയെയും സഹോദരിയെയും അവരാക്രമിച്ചു. തനിക്കിത് കാണാനാവില്ലെന്നും ഒന്നുകില്‍ അവരെ വെറുതെ വിടൂ, അല്ലെങ്കില്‍ തന്നെ കൊന്നു കളഞ്ഞേക്കൂ എന്ന് ഫൈസ് കേണപേക്ഷിച്ചു. അപ്പോഴവര്‍ അയാളുടെ കണ്ണില്‍ സിമന്റ് കലക്കി ഒഴിച്ചു. ആ രാത്രിക്കു ശേഷം ഇനിയൊരു സൂര്യനെ അവര്‍ കാണാന്‍ പോകുന്നില്ലെന്നുറപ്പിച്ചതായിരുന്നു അവര്‍. എന്തോ ഭാഗ്യത്തിന് പക്ഷെ, പട്ടാളം ഫൈസിനെയും കുടുംബത്തെയും കൊന്നില്ല.
ക്യാമ്പിലെ എല്ലാവര്‍ക്കും സമാനമായ അനുഭവങ്ങളാണ് പറയാനുള്ളത്. സാബിറ രണ്ട് വര്‍ഷം മുമ്പാണ് ഭര്‍ത്താവിന്റെ കൂടെ ഇവിടെയെത്തുന്നത്. ഇത്തവണ പ്രശ്‌നം രൂക്ഷമായി തുടങ്ങിയപ്പോള്‍ സാബിറയുടെ സഹോദരിമാര്‍ ഇവിടേക്ക് ഓടിവന്നു. അവരുടെ ഉമ്മയെയും ഉപ്പയെയും അവരുടെ മുന്നിലിട്ട് വെടിവെച്ചുകൊന്നത്രെ.
ഇവിടുന്ന് പോകാന്‍ പറഞ്ഞാല്‍ ‘പിന്നെ എങ്ങോട്ട്?’ എന്ന് ചോദിക്കുന്നു ഇവര്‍. ഇന്ത്യയെ കുറിച്ച് നല്ലത് മാത്രം കേട്ടിട്ടാണ് വന്നത്. ‘ആര്‍ക്കും അഭയം നല്‍കുന്ന നല്ല മനുഷ്യരുടെ രാജ്യത്തും ഞങ്ങള്‍ക്കഭയമില്ലെങ്കില്‍ ഞങ്ങളത്രമേല്‍ ശപിക്കപ്പെട്ടവരാണോ?’ നിങ്ങള്‍ക്ക് നിങ്ങളുടെ നാട്ടില്‍ തന്നെ സമാധാനമുണ്ടാകുമെന്നും അത്രയും നാള്‍ നിങ്ങളെ ഇവിടെ നിന്നാരും പറഞ്ഞയക്കില്ലെന്നു സമാധാനിപ്പിച്ചു.
പക്ഷെ, മരണത്തിനു മുന്നില്‍ നിന്നോടിപ്പോന്നവര്‍ക്കിതും വലിയ സ്വര്‍ഗ്ഗമായിരിക്കും.
തിരികെ പോരുമ്പോള്‍ വഴിയരികില്‍ മാലിന്യങ്ങള്‍ കൂനയാക്കി കൂട്ടി അതിന് തീ കൂട്ടുന്ന ഒരാളെ കണ്ടു. കുട്ടികള്‍ അയാള്‍ക്കു ചുറ്റും നിന്ന് കളിക്കുന്നു. കുമിഞ്ഞു പൊന്തുന്ന പുക ആകെ വിഷമയമായിരുന്നു. മുതിര്‍ന്നവരെ തന്നെ രോഗികളാക്കുന്ന അത്യപകടകാരികളായ ടോക്‌സിനുകളൊക്കെ ഈ കുട്ടികള്‍ ശ്വസിക്കുന്നത് എത്ര ഭീകരമാണ്. ആരോട് പറയാന്‍? ഇവര്‍ക്ക് എല്ലാത്തിലും നല്ല ബോധവത്കരണം നല്‍കുകയാണ് വേണ്ടത് എന്ന് വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുകയാണ് ഓരോന്നും. പരിസരമൊക്കെ വൃത്തിയാക്കിക്കൊടുക്കാന്‍, സ്ഥിരമായി ക്ലാസ് സംഘടിപ്പിക്കാന്‍ എന്തു ചെയ്യാനാകുമെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. എത്രയായാലും പൗരന്മാരല്ലാത്ത ഇവര്‍ക്ക് ഇവിടെ എന്ത് അവകാശങ്ങള്‍ കിട്ടാനാണ്? മനുഷ്യാവകാശങ്ങള്‍, ആര്‍ത്തി മൂത്ത സാമ്രാജ്യത്വം വരച്ച അതിര്‍ത്തികള്‍ക്കുള്ളിലെ ദേശീയതയില്‍, അതിന്റെ മുട്ടുന്യായങ്ങളില്‍ തട്ടി തകരാനുള്ളത് മാത്രമാണല്ലോ. അതിരുകളില്ലാത്ത ലോകത്തെ കുറിച്ച് പ്രസംഗിക്കുന്ന, ആഗോളവത്കരണത്തിന്റെ ഗുണഭോക്താക്കളായ, ആഗോള നിയന്താക്കളുടെ (ഏഹീയമ ജീഹശമേി)െ കപട മുഖം അഭയാര്‍ത്ഥികള്‍ക്കു മുമ്പില്‍ വ്യക്തമായതാണല്ലോ. എല്ലായിടത്തും പുതിയ അതിര്‍ത്തികള്‍, വേലികള്‍, നിരാലംബരായ, നിലയില്ലാക്കയങ്ങളിലേക്കെറിയപ്പെട്ട പാവം മനുഷ്യരെ സുരക്ഷാ ഭീഷണിയെന്ന് ചാപ്പ കുത്താനുള്ള ശ്രമങ്ങള്‍.
വസുധൈവ കുടുംബകം എന്ന ആര്‍ഷഭാരത സംസ്‌കാരത്തെ പറ്റി അഭിമാനം കൊണ്ടിരുന്ന ഒരു ദേശം, കോളനിവത്കരണാനന്തരം വിഭജിക്കപ്പെട്ട ഒരു സന്ധിയില്‍ ലോകത്തൊരിടത്തുമുണ്ടായിട്ടില്ലാത്തത്ര ഭീകരമായ അഭയാര്‍ത്ഥി പ്രവാഹമുണ്ടായ ഒരു ചരിത്രമുള്ള രാജ്യം, ഇനിയും രാജ്യാന്തര അഭയാര്‍ത്ഥി കണ്‍വെന്‍ഷനോട് വിമുഖത കാണിക്കുന്നതില്‍, റോഹിംഗ്യരോട് പുറംതിരിഞ്ഞു നില്‍ക്കുന്നതില്‍ എത്രമേല്‍ നീചമായ വൈരുദ്ധ്യമാണുള്ളത്.
മറമാടാന്‍ ആറടി മണ്ണില്ലാത്തതിനാല്‍ കുഞ്ഞിന്റെ മൃതദേഹം യമുനയിലൊഴുക്കിയെന്ന വാര്‍ത്ത കൂടി കേള്‍ക്കുന്നു ഇപ്പോള്‍…
ഡല്‍ഹിയിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍നിന്ന്
എന്‍ എസ് അബ്ദുല്‍ ഹമീദ്
ചിത്രങ്ങള്‍: മുഹ്‌സിന്‍ മുഹമ്മദ്
കൃതജ്ഞത: ശംവീല്‍ നൂറാനി അസ്സഖാഫി, ഡോ. റെംസിയ ശംവീല്‍, മന്‍സൂര്‍ കെ, അബ്ദുല്‍ റാശിദ് മഞ്ചേരി
really heart touching