ഉമര്‍(റ) ഒരനുഭവം പറയുന്നു: ‘ഒരാള്‍ നബിയുടെ അടുത്ത് വന്നു. നബിയുടെ കാല്‍മുട്ടോട് കാല്‍മുട്ട് ചേര്‍ത്തുവെച്ച് ഇരുന്നു. ഞങ്ങള്‍ക്കാര്‍ക്കും അദ്ദേഹത്തെ അറിയില്ല. യാത്ര ചെയ്തുവരുന്നതിന്റെ ലക്ഷണമൊന്നും അയാളില്‍ ദൃശ്യമല്ലതാനും. വന്നിരുന്ന് തിരുദൂതരോട് അയാള്‍ ചോദിച്ചുതുടങ്ങി: എന്താണ് ഇസ്ലാം?
അല്ലാഹു ഏകനായ ആരാധ്യനാണ്. മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണ്. നിസ്കാരം നിലനിര്‍ത്തുകയും സകാത്ത് വീട്ടുകയും ചെയ്യുക. നോമ്പ് അനുഷ്ഠിക്കുക. ഹജ്ജ് ചെയ്യുക.
ആഗതന് ഉത്തരം ശരിവെച്ചു. പിന്നെ ചോദിച്ചത് ഈമാനെ സംബന്ധിച്ചാണ്. അല്ലാഹുവിലും മലക്കുകളിലും വേദങ്ങളിലും ദൂതന്മാരിലും വിധിയിലും അന്ത്യദിനത്തിലും വിശ്വസിക്കുകയാണ് ഈമാനിന്റെ താല്പര്യമെന്ന് നബി(സ്വ)യുടെ മറുപടി. അതും ശരിവെച്ചു. ഞങ്ങള്ക്കത്ഭുതം. ചോദിക്കുന്നു, അയാള്‍ ശരിവെക്കുന്നു; ഇതാര്? എന്താണ് ഇഹ്സാന്‍? മൂന്നാമത്തെ ചോദ്യം. അല്ലാഹുവിനെ നീ കാണുന്നില്ലെങ്കിലും അവന് നിന്നെ കാണുന്നുണ്ടെന്ന ബോധ്യത്തോടെ ഇബാദത്ത് എടുക്കുക. നബി പ്രത്യുത്തരം നല്കി. അന്ത്യദിനം എന്നാണെന്നായിരുന്നു പിന്നീട് അറിയേണ്ടിയിരുന്നത്. ചോദ്യകര്‍ത്താവും താനും ഇക്കാര്യത്തില്‍ ഒരുപോലെയാണെന്ന് മറുപടി നല്കിയപ്പോള് അതിന്റെ ലക്ഷണമെന്തൊക്കെ ആണെന്നായി ആഗതന്. നിര്‍ധനരായിരുന്ന ആട്ടിടയന്മാര് കൂറ്റന്‍ രമ്യഹര്‍മങ്ങള്‍ പണിയുക, അടിമ അധികാരിയെ പ്രസവിക്കുക, അങ്ങനെ ചിലതൊക്കെ…
ആഗതന് യാത്ര തിരിച്ചുപോയപ്പോള്‍ നബി(സ്വ) ഉമര്‍(റ)നെ വിളിച്ചു ചോദിച്ചു: വന്നയാള്‍ ആരാണെന്നറിഞ്ഞോ? ഇല്ല ദൂതരേ.
അതെ, അത് ജിബ്രീല്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇസ്ലാം പഠിപ്പിക്കാന്‍ വേണ്ടിവന്നതാണ്.
ഇഹ്സാന്റെ വിശദീകരണം ശ്രദ്ധിച്ചല്ലോ. വിശ്വാസത്തിന്റെ തോതനുസരിച്ചാണ് വിശ്വാസിയുടെ കനം കണക്കാക്കപ്പെടുന്നത്. വിശ്വാസിക്ക് ഈമാനിക ദൃഷ്ടി കൂടിയുണ്ട്. സ്വര്‍ഗീയാനുഗ്രഹങ്ങളെ കേള്‍ക്കുമ്പോഴും ഓതുമ്പോഴും ഹൃദയം ആനന്ദത്താല്‍ തുടികൊട്ടും. നരകവര്‍ണന വായിക്കുമ്പോള്‍ ഖല്‍ബ് നീറും. വിശ്വാസത്തിന്റെ തോതനുസരിച്ചാണ്.
ഒരു സംഭവം പറയാം. ശിഷ്യന് ഹാരിസിനോട് (റ) മുത്തുനബിയുടെ ചോദ്യം: രാവിലെ ഉണരുമ്പോള്‍ എങ്ങനെയുണ്ടായിരുന്നു, ശരിയായ വിശ്വാസിയായിട്ട് തന്നെയായിരുന്നോ?
അതെ- ഹാരിസ്(റ)ന്റെ ഉത്തരം. എന്താ തെളിവ്? വീണ്ടും ചോദ്യമുയര്‍ന്നു.
നബിയേ, ഞാന്‍ ലോകത്തെ അറിയുന്നു. രാത്രിയില്‍ ഉറക്കമൊഴിച്ച് അല്ലാഹുവിനോട് തേടുന്നു. പകല്‍നേരം നോമ്പും. സ്വര്‍ഗം എന്നെ സന്തോഷിപ്പിക്കുന്നു. നരകവും അതിന്റെ ശിക്ഷകളും ഓര്‍ത്ത് പേടിയോടെ ജീവിക്കുന്നു.
ഉത്തരത്തില്‍ നബി(സ്വ) സംതൃപ്തനായി.
ഇങ്ങനെ തന്നെ മുന്നോട്ടുപോവുക- ഹാരിസ്(റ)ന് മുത്തുനബിയുടെ അംഗീകാരവും കിട്ടി.
ആനപ്പടയോട് അല്ലാഹു ചെയ്തത് നിങ്ങള്‍ കാണുന്നില്ലേ എന്നൊരു അന്വേഷണമുണ്ട് ഖുര്‍ആനില്‍. വിമര്‍ശകര്‍ക്ക് ഇവിടെയൊരു ആശങ്ക. ആനക്കലഹത്തിന്റെ കാലത്ത് നബി ചെറുപൈതലായിരുന്നല്ലോ. പിന്നെങ്ങനെ കാണാനാണ്? കഥകള്‍ കേട്ടറിഞ്ഞിട്ടാണ് എന്നാണ് നമ്മള് കരുതുക. പക്ഷേ, അതല്ല ശരി. നബി(സ്വ)യുടെ മനോതലത്തില്‍ അതിന്റെ ചിത്രീകരണം നടത്തിയിട്ടാണ് അല്ലാഹു ഇക്കാര്യംചോദിക്കുന്നത് ഇതാണ് പണ്ഡിത പക്ഷം.
ആനക്കലഹം കണ്ടില്ലേ എന്നു ചോദിക്കുമ്പോഴും രാവിലെ എഴുന്നേല്ക്കുമ്പോള് എങ്ങനെയായിരുന്നു എന്ന് ശിഷ്യന് ഹാരിസിനോട്(റ) മനസ്സില്‍ കണ്ടോ എന്നാണ് ചോദ്യം. ഹൃദയത്തിന്റെ കണ്ണ് മുഖക്കണ്ണിനെക്കാള് ആഴത്തില്‍ കാണുന്നു. വിശ്വാസത്തിന്റെ കാര്യങ്ങളൊക്കെ അകക്കണ്ണിന്റെ കാഴ്ചശക്തിക്കനുസരിച്ചാണ്. ഫാതിഹയിലെ ഓരോ സൂക്തത്തിലും ഈ കാഴ്ചയുടെ ആഴമുണ്ട്. നഗ്ന നേത്രത്തില്‍ കാണാത്ത കാര്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കാണല്ലോ ഖുര്‍ആന്‍ തന്നെ. അവരാണല്ലെ അത്യുത്തമന്മാര്‍.
മുന്നില്‍നില്‍ക്കുന്ന ഒരാളോടെന്ന നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു എന്നാണണ് ഇയ്യാക്ക സൂക്തത്തിലുള്ളത്. അതെ, മറഞ്ഞവനായ ഒരുത്തനെ മുന്നില്‍ കാണുമ്പോള്‍ അവിടെ വിശ്വാസത്തിന്റെയും അകക്കണ്ണിന്റെയും സാന്നിധ്യമുണ്ട്. എന്നല്ല നേര്‍ക്കാഴ്ചയില്‍ തെളിയുന്നതിനെക്കാള് ആഴത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് അകക്കാഴ്ചയില് തെളിഞ്ഞുവരുന്നതിനെയാണ്. മുന്നോടിയായിട്ട് വരുന്ന നാല് ആയത്തുകള്‍ കൊണ്ട് സ്രഷ്ടാവിനെ ഹൃദയത്തില്‍ തറപ്പിച്ച് നിര്‍ത്തിയ ശേഷം ഇയ്യാക്ക പാരായണം തുടങ്ങുന്നു. അടിമയുടെ മുന്നിലും പിന്നിലും പാര്‍ശ്വങ്ങളിലും ആ ഒരുവന് മാത്രം നില്ക്കുന്നയവസ്ഥ അതോടെയുണ്ടാകുന്നു.
നിന്നെ മാത്രം ആരാധിക്കുന്നു എന്നാണ് ഇയ്യാക്ക സൂക്തത്തിന്റെ സാരം. ഇവിടത്തെ പദഘടനയിലും പദ തിരഞ്ഞെടുപ്പിലും കുറെ ആലോചിക്കാനുണ്ട്. നിന്നെ എന്നര്‍ത്ഥം ധ്വനിപ്പിക്കുന്ന ഇയ്യാക്ക ആദ്യത്തില്‍ കൂടെ കൊണ്ടുവെച്ചു. ഇബാദത് എന്ന ശബ്ദവും കൊണ്ടുവന്നു. ആരാധ്യന്‍ അല്ലാഹു മാത്രമാണെന്ന് പലതുകൊണ്ടും ഉറപ്പിക്കുകയാണ് ഈ സൂക്തം.
അല്ലാഹുവിന്റെ കല്പനകള്ക്കും നിരോധനങ്ങള്‍ക്കും വഴങ്ങി ജീവിക്കുകയാണ് ഇബാദത്തിന്റെ/ ആരാധനയുടെ താല്പര്യം. അങ്ങേയറ്റത്തെ വണക്കമാണ് സുജൂദ്. ശ്രേഷ്ഠമായി കൊണ്ടുനടക്കുന്ന മുഖം മനുഷ്യന് മണ്ണില്‍ കൊണ്ടുവെക്കുന്നത് പരമാധികാരിയുടെ മുന്നില്‍ വെക്കുന്നത് താനാരുമല്ല എന്ന് ഉറപ്പിച്ചുതന്നെയാണ്. പണവും പത്രാസും വെളുപ്പും കറുപ്പും വകതിരിക്കാതെ എല്ലാവരും ഒരേ സുജൂദിലും വിചാരത്തിലുമാണ്. സാഷ്ടാംഗം എല്ലാ ചേരിതിരിവുകളെയും നിഷ്പ്രഭമാക്കുന്നുവെന്ന് ചുരുക്കം.
ബഹുദൈവാരാധനയുടെ നിരാസം കൂടിയാണ് ഇയ്യാക്ക. അമ്പിയാഅ് സൂറ 22ല്‍ ഇക്കാര്യം തെളിച്ചു പറയുന്നുണ്ട്. അല്ലാഹുവല്ലാത്തവനായിരുന്നു ആകാശഭൂമികളുടെ കാര്യകര്ത്താവെങ്കില് അവ എന്നേ നശിച്ചേനെ.
മനുഷ്യ ഭൂത വര്‍ഗങ്ങളുടെ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം ആരാധനയാണ്. പക്ഷേ അല്ലാഹുവിന് ഇതില്‍ ഒരുതരി ലാഭവുമില്ല. ഗുണവും നേട്ടവും സൃഷ്ടികള്‍ക്ക് മാത്രമാണ്. ആരാധനകളില്‍ മാത്രം ആലോചനാ നിമഗ്നനായിട്ടല്ലല്ലോ മനുഷ്യന്റെ സൃഷ്ടിപ്പ്. അവന് വകതിരിവിനുള്ള ശേഷിയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും കൊടുത്തു. മറ്റു ചില ജന്തുഭൂതങ്ങളെ പോലെ വിവേകത്തിന്റെ ഒരംശവും നല്‍കാത്ത, ഇബാദത്തിലായി ചടഞ്ഞിരിക്കുന്ന പ്രകൃതം കൊടുക്കാനും കഴിവുള്ളവനാണല്ലോ അല്ലാഹു. എന്നിട്ടും മനുഷ്യനെ അവന് വ്യത്യസ്തനാക്കി. അറിയാനും അന്വേഷിക്കാനുമുള്ള അവസരവും നല്കി. പക്ഷേ, ഒരു സ്രഷ്ടാവിന്റെ സാന്നിധ്യവും പരമാധികാരവും മനുഷ്യനില്‍തന്നെ അല്ലാഹുവെച്ചു. ഹൃദയമിടിപ്പും ആന്തരിക ശരീര ഘടനകളുടെ പ്രവര്‍ത്തന ക്ഷമതയും അടിമയുടെ താല്പര്യത്തിനും പ്രവര്ത്തനാധികാരത്തിനും മേലെയായിട്ടാണല്ലോ അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. ഇതൊക്കെ തിരിച്ചറിയുന്നവര്‍ രക്ഷപ്പെട്ടിരിക്കുന്നു. അല്ലാത്തവര്‍ക്ക് ദുരന്തമാണ് ബാക്കി.
അവലംബം: തഫ്സീറുശഅ്റാവി
You must be logged in to post a comment Login