രാജ്യത്ത് ശക്തി പ്രാപിച്ചുകഴിഞ്ഞ ഫാഷിസത്തെ തിരിച്ചറിയുന്നതിലും നിര്‍വചിക്കുന്നതിലും പ്രതിരോധങ്ങള്‍ തീര്‍ക്കുന്നതിലും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന വിമര്‍ശനത്തെ നിങ്ങള്‍ എങ്ങനെയാണ് കാണുന്നത്?
ഞങ്ങളുടെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു ഗൗരവതരമായ വിമര്‍ശനമാണെന്ന് തോന്നിയിട്ടില്ല. വ്യത്യസ്ത വീക്ഷണകോണുകള്ക്കിടയിലുള്ള ആരോപണങ്ങളാണ്. സി.പി.ഐ.എം ഇന്ത്യയിലെ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളെയും നയങ്ങളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിബദ്ധതയോടെ പ്രതിരോധിക്കുന്നുമുണ്ട്.
നിലവില്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും പതിനേഴ് സംസ്ഥാനങ്ങളും എന്‍ ഡി എയുടെ ഭരണത്തിന് കീഴിലാണ്. രാഷ്ട്രീയമായ ഭൂരിപക്ഷം സ്ഥായിയല്ലാത്തതിനാല് മതകീയമായ ഒരു ഭൂരിപക്ഷ പിന്തുണ ആര്‍ജ്ജിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കില്ലേ ഇപ്പോള്‍ നടക്കുന്ന സാംസ്കാരികവും മതപരവുമായ തരംതിരിവുകള്‍?
ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ് എന്നത് ഒരു പ്രശ്നമേയല്ല. മാത്രവുമല്ല, ബി.ജെ.പിക്ക് സാങ്കേതികാര്ത്ഥത്തിലേ ഭൂരിപക്ഷമുള്ളൂ. മഹാഭൂരിപക്ഷം ശതമാനം ജനങ്ങളും അവര്‍ക്കെതിരായി വോട്ട് ചെയ്തവരാണ്. അവര്‍ നേടുന്ന തെരെഞ്ഞെടുപ്പ് വിജയങ്ങളെ നിസ്സാരവത്കരിക്കുന്നില്ല. അത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങളും അഴിമതിയുമാണ് ഈ അവസ്ഥക്ക് കാരണം. ഇപ്പോള്‍ സംഘ്പരിവാര്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ്. അതു കാണിച്ച് നുണകള്‍ ബോധിപ്പിച്ച് ഭൂരിപക്ഷ വോട്ടുകള്‍ ധ്രുവീകരിക്കാനുള്ള ശ്രമങ്ങളാണുള്ളത്. ന്യൂനപക്ഷങ്ങള്‍ തന്നെ വോട്ട് ചെയ്യുന്നു എന്നല്ലാതെ മറ്റു ജനാധിപത്യ വ്യവഹാരങ്ങളിലേക്ക് അവര്‍ സജീവമായി കടന്നുവരുന്നില്ല.
ഗാന്ധിവധം, ബാബരി ധ്വംസനം, ഗുജറാത്ത് കലാപം തുടങ്ങിയ ഇരുണ്ട അധ്യായങ്ങള്‍ എന്ന് സാധാരണയില്‍ പറയപ്പെടാറുള്ള കാര്യങ്ങള്‍ സംഘ്പരിവാറിന്റെ വളര്‍ച്ചക്ക് അനുകൂലമാക്കാന്‍ അവര്‍ക്ക് തന്ത്രപൂര്‍വ്വം സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി മുസ്ലിം – ദളിത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അഴിച്ചുവിട്ടും ബാലിശമായ ആരോപണങ്ങളിലൂടെയും കളവുകളിലൂടെയും വലിയ ജനസാമാന്യത്തെയും അവരുടെ ചിന്താഗതികളെയും വരുതിയിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. തീവണ്ടിയില്‍ വെച്ച് അക്രമിക്കപ്പെടുകയും സ്റ്റേഷനില്‍ കിടന്ന് മരണപ്പെടുകയും ചെയ്ത ജുനൈദിന്റെ അടക്കം പല സംഭവങ്ങളിലും സിസ്സംഗരായ ആള്‍ക്കൂട്ടങ്ങളെ കാണാന്‍ കഴിഞ്ഞു എന്നത് അതാണ് സൂചിപ്പിക്കുന്നത്. എങ്ങനെയാണ് സംഘ്പരിവാര്‍ അവരുടെ പ്രൊപഗണ്ട നടപ്പിലാക്കുന്നത്?
ദൗര്‍ഭാഗ്യകരമെന്ന് പറയാലോ, മതത്തിന്റെ പേരില്‍ പടച്ചുവിടുന്ന നുണകളും വെറുപ്പിന്റെ പ്രത്യയശാസ്ത്രവുമൊക്കെ ഏറ്റെടുക്കുന്നവര്‍ എല്ലാ മതങ്ങളിലുമുണ്ട്. അര്‍ധ സത്യങ്ങളും അസംബന്ധങ്ങളും പ്രചരിപ്പിച്ച് വലിയൊരു ജനസാമാന്യത്തെ മതന്യൂനപക്ഷങ്ങള്ക്കെതിരാക്കുന്നതില് സംഘ്പരിവാര്‍ വിജയിച്ചു കാണുന്നു എന്നതാണ് നമ്മള് നേരിടുന്ന വെല്ലുവിളിയും അനുഭവിക്കാന്‍ പോകുന്ന ദുരന്തവും. ഇങ്ങനെയൊക്കെയാണെങ്കിലും വര്‍ഗീയ ധ്രുവീകരണത്തോടെ അവരുടെ അജണ്ട തീര്‍ന്നെന്ന് കരുതരുത്. വേര്‍തിരിവുകളിലൂടെ അവരുണ്ടാക്കുന്ന സാമൂഹികാന്തരീക്ഷം അവരുടെ നവ ലിബറല്‍ താത്പര്യങ്ങള്‍ സുഖകരമായി സ്ഥാപിച്ചെടുക്കാനുള്ള നിലങ്ങളാണ്. എല്ലാവിധ ധാര്ഷ്ട്യങ്ങളോടെയും അവരത് നടപ്പിലാക്കും. അടിസ്ഥാന വര്‍ഗങ്ങള്‍ വേരറുക്കപ്പെടും, മധ്യവര്‍ഗം വഞ്ചിക്കപ്പെടും ഉപരിവര്‍ഗം സവര്‍ണ മേധാവിത്വങ്ങളുടെ അധികാര സ്ഥാനങ്ങളുടെ സുഖമനുഭവിക്കും. സ്ത്രീകളോട്, പട്ടികജാതി-പട്ടികവര്ഗങ്ങളോട് ഈ സര്‍ക്കാര്‍ കാണിക്കുന്ന സമീപനം എത്ര മുരടനാണെന്നും വ്യക്തമായിട്ടുണ്ട്. സ്വാഭാവികമായും ഇതിനെതിരെ ഉയര്‍ന്നുവരുന്ന വിരുദ്ധ സ്വരങ്ങളെ, വിമര്‍ശനങ്ങളെ, വിയോജിപ്പുകളെ അവര്‍ വെറുക്കും. എന്തിന് മാന്യമായ സംവാദങ്ങളെ പോലും അവര്‍ ദുഷ്കരമാക്കും. എങ്കിലും യാഥാര്‍ത്ഥ്യ ബോധത്തോടെ നാം മുന്നോട്ടുപോയേ മതിയാകൂ. മുദ്രാവാക്യങ്ങളില്‍ തീര്‍ന്നു പോകാത്ത മുന്നേറ്റമാണ് ആവശ്യം.
ലിംഗസമത്വത്തെ കുറിച്ച് എന്തു പറയുന്നു? നിയമനിര്‍മാണ സഭയിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള സംവരണങ്ങള്‍ കൊണ്ട് മാറ്റമുണ്ടാകുമോ?
അങ്ങനെ ഒരഭിപ്രായം ആര്‍ക്കാണുള്ളത്. നിയമനിര്‍മാണ സഭകളിലേക്ക് സ്ത്രീ സംവരണം കൊണ്ടുവരുന്നത് സമൂഹത്തില്‍ ലിംഗസമത്വമുണ്ടാക്കുന്നതിന് ഉപകരിച്ചേക്കും. പക്ഷേ അതുകൊണ്ടു മാത്രമായില്ല. ഇതിപ്പോള്‍ സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ കൃത്യമായി അവതരിപ്പിക്കാം. ഒരു പരിധി വരെ ഫലങ്ങള്‍ ഉണ്ടാക്കാം. പക്ഷേ, അസമത്വം പാടെ ഇല്ലാതാക്കണമെങ്കില്‍ സമൂഹം ആകെ മാറണം. അസമത്വം എല്ലാ സമുദായങ്ങള്‍ക്കിടയിലും, സാഹചര്യങ്ങള്‍ക്കിടയിലും, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കിടയിലും രൂക്ഷമായിട്ടുള്ള ഒന്നാണ്.
സീതാറാം യെച്ചൂരിയെന്ന പാര്‍ലമെന്റേറിയനെ കുറിച്ച് രാഷ്ട്രീയ എതിരാളികള്‍ക്കു പോലും മതിപ്പാണല്ലോ. എന്നാല്‍ മൂന്നാമതൊരു ഊഴം അദ്ദേഹത്തിന് നല്‍കേണ്ടതില്ല എന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം പോലും പരിഗണിക്കാതെ പാര്‍ട്ടി സെക്രട്ടറിക്കെതിരെ അങ്ങനെയൊരു തീരുമാനമെടുത്തതിനു പിന്നില്‍ കേരള ഘടകത്തിന്റെ സമ്മര്‍ദമാണെന്നും കേള്‍ക്കുന്നു.
കേള്‍ക്കുന്നതെല്ലാം ശരിയാകില്ലല്ലോ. നോക്കൂ, കോണ്‍ഗ്രസിന്റെ പിന്തുണയോടു കൂടി യെച്ചൂരിയെ പാര്‍ലമെന്റിലേക്ക് അയക്കുക എന്നത് സി.പി.ഐ.എമ്മിനെ സംബന്ധിച്ചിടത്തോളം നടപ്പുള്ള കാര്യമല്ല. പാര്‍ട്ടിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ നയം അതനുവദിക്കുന്നില്ല. പിന്നെ, അദ്ദേഹത്തെ പോലെ സമര്‍ത്ഥരായ നേതാക്കന്മാരെ സഭകളില്‍ കാണാനും കേള്‍ക്കാനും ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വോട്ട് ചെയ്ത് ജയിപ്പിച്ചയക്കൂ. എന്തിനിങ്ങനെ അവസരവാദപരമായ, പാര്‍ട്ടിക്ക് വിനയായിത്തീരുന്ന വഴികള്‍ നോക്കണം?
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ത്യയില്‍ വേരറ്റു പോവുകയാണെന്ന് പറയുന്നതിനെ പറ്റി?
പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുന്നു എന്നത് നേരു തന്നെ. ഇടതുപക്ഷത്തെ എന്നല്ല, തിരിച്ചടികളില്‍ നിന്ന് എന്തിനെയും തിരികെ കൊണ്ടുവരിക എന്നത് ശ്രമകരമായേക്കുമല്ലോ? അത്തരമൊരു പ്രതിസന്ധി പാര്‍ട്ടിക്കുമുണ്ട്. പക്ഷേ ഞങ്ങള്‍ നന്നായി തന്നെ പരിശ്രമിക്കുന്നുണ്ട്. സി.പി.എമ്മിനെ ക്യാംപയിനുകളിലൂടെയും മറ്റും കൂടുതല്‍ ശക്തിപ്പെടുത്താനും മുഖ്യധാരയില്‍ ഉറപ്പിച്ചുനിര്‍ത്താനും ശ്രമിക്കുന്നതിനൊപ്പം തന്നെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാനും സാധാരണക്കാരുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സാമൂഹിക മുന്നേറ്റങ്ങളെ അഭിമുഖീകരിക്കാനും പിന്തുണക്കാനുമുള്ള ശ്രമങ്ങളുമുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം ശക്തിയാര്‍ജ്ജിക്കാതെ ഇവിടെ വര്‍ഗീയതയെയോ അവരെ വളര്‍ത്തുന്ന കോര്‍പ്പറേറ്റുകളെയോ ചെറുക്കാനാകില്ല.
കുതികാല്‍വെട്ടും കുതിരക്കച്ചവടവും കൈയ്യടക്കിയിരിക്കുന്ന രാഷ്ട്രീയ രംഗം നിരാശപ്പെടുത്തുകയല്ലേ? പ്രത്യേകിച്ചും ബി.ജെ.പിയുടെ പണാധിപത്യം. ഇത് നമ്മുടെ ജനാധിപത്യ വ്യവസ്ഥയെ തകിടം മറിക്കില്ലേ?
തെരെഞ്ഞെടുപ്പുകളില്‍ പണാധിപത്യം കണ്ടു തുടങ്ങിയ കാലം മുതല്ക്കേ സി.പി.ഐ.എം അതിനെ എതിര്‍ക്കുകയും അതിന്റെ അപകടത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. തെരെഞ്ഞെടുപ്പുകളില്‍ പണം ഉപയോഗിക്കുന്ന കാര്യത്തില്‍ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തണമെന്നാണ് ഞങ്ങളുടെ പക്ഷം. വോട്ടു കച്ചവടവും പണക്കൊഴുപ്പില്‍ ജയിച്ചു വരലും തെരെഞ്ഞെടുപ്പുകള്ക്ക് ശേഷം ജനപ്രതിനിധികളെ ചാക്കിട്ടു പിടിക്കലുമെല്ലാം ജനാധിപത്യത്തെ അപഹസിക്കുകയും അപ്രസക്തമാക്കുകയുമാണ് ചെയ്യുന്നത്.
മഹാസഖ്യങ്ങള്‍ ഇനിയുമുണ്ടാകണ്ടേ? പ്രതിപക്ഷ ഐക്യത്തിന് ആര് മുന്നോട്ടു വരുമെന്നാണ്, ആര്‍ക്ക് അതിനുള്ള പ്രാപ്തിയുണ്ടെന്നാണ് കരുതുന്നത്?
അത്തരം വിശാല സഖ്യങ്ങള്‍ കഴിഞ്ഞ കാലങ്ങളിലും പരീക്ഷിക്കപ്പെട്ടതു തന്നെയാണ്. പക്ഷേ, അതൊന്നും നല്ല വിജയം തന്നില്ല. അധികാരലബ്ധിയില്‍ കവിഞ്ഞ ഒരു രാഷ്ട്രീയ നയവുമില്ലാത്ത പാര്‍ട്ടികളെ വെച്ച് നമുക്കെങ്ങനെ പക്വമായ സഖ്യങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും? സഖ്യങ്ങള്‍ തകര്‍ത്ത് എന്‍ ഡി എക്കൊപ്പം ചേര്‍ന്നവര്‍ തെരെഞ്ഞെടുപ്പു കാലത്ത് ഉയര്‍ത്തിയ വര്‍ഗീയവിരുദ്ധതയെ നമുക്ക് വിലയിരുത്താമല്ലോ. ബീഹാറിലെ നിതീഷ് കുമാറിന്റെ ചുവടുമാറ്റമാണ് പുതിയ ഉദാഹരണം. അവര്‍ക്ക് മതേതരത്വത്തോടുള്ള പ്രതിബദ്ധത കുറവല്ല അതിന് കാരണം. പകരം നവലിബറല്‍ സങ്കല്‍പ്പങ്ങളോടുള്ള അവരുടെ വിധേയത്വമാണ്. അതിനായിരിക്കും പ്രാമുഖ്യം. മുമ്പ് കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്ക്കാരുണ്ടാക്കിയവര്ക്ക് അത്തരം നയങ്ങളുടെ പേരില്‍ വര്‍ഗീയ കക്ഷികള്‍ക്കൊപ്പവും ചേരാന്‍ സാധിക്കും. മതേതരത്വമോ മറ്റെന്തെങ്കിലും മൂല്യമോ തടസ്സമായെന്ന് വരില്ല. മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍, ആദര്‍ശത്തിന്റെ പേരില്‍ സഖ്യങ്ങളുണ്ടാകട്ടെ. അതിന് മുന്നില്‍ സി.പി.ഐ.എമ്മുണ്ടാകും.
സുഭാഷിണി അലി/
പി വി അബ്ദുല്‍ ഫസല്‍, എന്‍ എസ് അബ്ദുല്‍ ഹമീദ്
You must be logged in to post a comment Login