അമിത്ഷാക്ക് ധൈര്യമുണ്ടോ?

അമിത്ഷാക്ക് ധൈര്യമുണ്ടോ?

കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞത് സ്വാമി വിവേകാനന്ദന്‍. ജാതീകൃത ഉച്ചനീചത്വങ്ങളാല്‍ തട്ടുകളില്‍ വിഭജിക്കപ്പെട്ട ഹൈന്ദവരുടെ ദുസ്ഥിതി കണ്ട് മനം നൊന്താണ് ശ്രീനാരായണ ഗുരുവും സഹോദരന്‍ അയ്യപ്പനും ചട്ടമ്പി സ്വാമികളുമെല്ലാം സമാജത്തെ പുതുക്കിപ്പണിയാന്‍ ജീവിതം ഉഴിഞ്ഞുവെച്ചത്. എണ്ണമറ്റ നവോത്ഥാന സാരഥികള്‍ ഉഴുതുമറിച്ച മണ്ണിലാണ് കമ്മ്യൂണിസ്റ്റ് വിത്ത് വിതച്ചതും കേരളം രാഷ്ട്രീയമായി ‘പുരോഗമന’ വഴിത്താര വെട്ടിത്തെളിയിച്ചതും. സെമിറ്റിക് മതങ്ങളെല്ലാം അതിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് നേരിട്ട് നനച്ചൊഴുകിയാണ് കേരളക്കരയെ വിശ്വാസധാരകളുടെ വിളനിലമാക്കി മാറ്റിയെടുക്കുന്നത്. യൂറോപ്യന്‍ വന്‍കരയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കപ്പെടുന്നതിനുമുമ്പ് തന്നെ യേശുക്രിസ്തുവിന് ഇവിടെ മതാനുയായികളുണ്ടായിരുന്നു. യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാളായ സെന്റ് തോമസ് എ.ഡി 52ല്‍ അന്നത്തെ ലോകപ്രശസ്ത തുറമുഖ പട്ടണമായ മുസ്‌രിസില്‍ എത്തിയെന്നാണ് ചരിത്രം പറയുന്നത്. ഇതേ മുസ്‌രിസില്‍ ഇന്നത്തെ കൊടുങ്ങല്ലൂരില്‍, തന്നെയാണ് മാലിക്ബ്‌നു ദീനാറിനെയും സംഘത്തെയും വഹിച്ചുള്ള തൗഹീദിന്റെ ആദ്യ പായക്കപ്പല്‍ നങ്കൂരമിടുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ യഹൂദവിശ്വാസികള്‍ ഈ വാണിജ്യകേന്ദ്രത്തില്‍ താവളമുറപ്പിച്ചിരുന്നുവെന്നതിന് അഖണ്ഡനീയമായ തെളിവുകളുണ്ട്. കേരളം എന്ന മനോഹര സങ്കല്‍പം വികസിക്കുന്നത് ഏതെങ്കിലുമൊരു മതത്തിന്റെയോ വംശത്തിന്റെയോ ഭാഷാവിഭാഗത്തിന്റെയോ പൈതൃകമഹിമയുടെ തിണ്ണ ബലത്തിലായിരുന്നില്ല. പ്രത്യുത, നാനാവിധ സംസ്‌കൃതികളുടെ ഒത്തുചേരലിലൂടെ ഉരുവം കൊണ്ട സവിശേഷമായൊരു സങ്കരപാരമ്പര്യത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്ത നാഗരികമഹിമയിലൂടെയാണ്. പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും മാനിക്കാനും മലയാളിയെ പരിശീലിപ്പിച്ചെടുത്തത് ഈ സാമൂഹികാന്തരീക്ഷമായിരുന്നു. ജാതിമതസങ്കുചിതത്വങ്ങള്‍ കുടഞ്ഞുമാറ്റിയുള്ള ജീവിതബോധം പൊതുവിചാരമായി തളിര്‍ത്തത് നൂറ്റാണ്ടുകള്‍ നീണ്ട സാംസ്‌കാരികമായ ആദാനപ്രദാനത്തിലൂടെ നേടിയെടുത്ത ജീവിതപരിശീലനത്തിലൂടെയായിരുന്നു. ആധുനിക രാഷ്ട്രമീംമാസയില്‍ ‘സെക്കുലര്‍ എത്തോസ്’ എന്ന് നാമതിനെ വിശേഷിപ്പിക്കും.

കേരളത്തിന്റെ ഓരോ പട്ടണത്തിനും ഗ്രാമത്തിനും കൊണ്ടുകൊടുപ്പിന്റെ കഥ പറയാനുണ്ടാവും. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കോഴിക്കോട് ആസ്ഥാനമായി സാമൂതിരിയുടെ ഭരണത്തിന് തുടക്കമിട്ടപ്പോള്‍ മുസ്‌ലിം കച്ചവടക്കാരും പടനായകരുമായിരുന്നു അദ്ദേഹത്തിന് കരുത്ത് പകര്‍ന്നത്. അറബിവ്യാപാരികളുമായുള്ള സമ്പര്‍ക്കം മലബാര്‍ തീരങ്ങളെ സമ്പന്നമാക്കുകയും സാമൂതിരിയുടെ ഖജനാവ് നിറക്കുകയും ചെയ്തു. ‘സത്യത്തിന്റെ തുറമുഖ’മായി അറിയപ്പെട്ട കോഴിക്കോടിന്റെ തെരുവുകളില്‍ ആരും ജാതിയോ മതമോ ചോദിച്ചില്ല. അറബിക്കടലില്‍ സാമൂതിരിയുടെ കാവലാളുകള്‍ കുഞ്ഞാലിമരയ്ക്കാര്‍മാരായിരുന്നു. കോഴിക്കോടിനടുത്ത് ചാലിയത്ത് പോര്‍ച്ചുഗീസ് അധിനിവേശക്കാര്‍ കോട്ട പണിത് സാമൂതിരിയുടെയും മുസ്‌ലിംകളുടെയുംമേല്‍ ആധിപത്യമുറപ്പിക്കാന്‍ പദ്ധതികളാവിഷ്‌കരിച്ചപ്പോള്‍ ആ ശ്രമം തകര്‍ക്കാന്‍ പട്ടുമരക്കാര്‍ എന്ന കുഞ്ഞാലി മൂന്നാമന്റെ നേതൃത്വത്തില്‍ പോരാട്ടത്തിനിറങ്ങി. 1571ല്‍ ധീരോദാത്തമായ മുന്നേറ്റത്തിലൂടെ പറങ്കികളെ തോല്‍പിച്ചു കോട്ട പിടിച്ചെടുത്തു. കോഴിക്കോടിന്റെ കാഥികനായ മഹാപണ്ഡിതന്‍ ഖാളി മുഹമ്മദ് ‘ഫത്ഹുല്‍ മുബീന്‍’ (വ്യക്തമായ വിജയം) എന്ന ഗ്രന്ഥം വിരചിക്കുന്നത് ഈ പോരാട്ടചരിത്രം പിന്‍തലമുറക്ക് കൈമാറാനായിരുന്നു.’മുസ്‌ലിംകളെ അങ്ങേയറ്റം സ്‌നേഹിക്കുന്ന സാമൂതിരിക്കാണ്’ ഈ ഗ്രന്ഥം സമര്‍പ്പിക്കുന്നത് തന്നെ. 1594ല്‍ പന്താലയനിക്കടുത്ത് വെച്ച് നടന്ന മറ്റൊരു ഘോരയുദ്ധത്തിലും കുഞ്ഞാലി മൂന്നാമന്‍ പറങ്കികളെ കെട്ട് കെട്ടിച്ചു. വിജയമാഘോഷിക്കാന്‍ കപ്പലില്‍നിന്ന് കരക്കടുക്കുന്ന വേളയില്‍ കാല്‍വഴുതി വീണ് എല്ല് പൊട്ടിയ ആ പടനായകന്‍ കിടപ്പിലായി. ഇതറിഞ്ഞ് ഏറ്റവും കൂടുതല്‍ ദുഖിച്ചത് സാമൂതിരി രാജാവായിരുന്നു. ശയ്യാവലംബിയായ കുഞ്ഞാലിമരക്കാരെ കാണാന്‍ കോട്ടക്കലിലെ കോട്ടയിലെത്തിയ സാമൂതിരിയോട് പടനായകന് പറയാനുണ്ടായിരുന്നത് ഇതാണ്: ”നമ്മുടെ വിജയത്തിനു കാരണം പടക്കോപ്പുകളല്ല, നമ്മുടെ യുദ്ധസാമര്‍ത്ഥ്യവും അല്ല; മറിച്ച് നമ്മുടെ ഐക്യമാണ്. നമ്മുടെ യോജിപ്പാണ്…” വാക്കുകള്‍ മുഴുവന്‍ പുറത്തുവരുന്നതിനു മുമ്പേ അേദ്ദഹം എന്നെന്നേക്കുമായി കണ്ണടച്ചുവെന്ന് ചരിത്രത്തില്‍ വായിക്കാം. രണ്ടുവര്‍ഷം മുമ്പ്, മലേഷ്യയിലെ ഇന്റനാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര മതാന്തര സമ്മേളനത്തില്‍, ലോക നേതാക്കളെയും പണ്ഡിതരെയും സാക്ഷിനിര്‍ത്തി നമ്മുടെ പ്രിയപ്പെട്ട ചരിത്രകാരന്‍ ഡോ. കെ.കെ എന്‍ കുറുപ്പ് നടത്തിയ ഒരു പ്രസംഗം ഓര്‍മയിലെത്തുന്നു. ജിഹാദിനെ പരാമര്‍ശിക്കവെ, അദ്ദേഹം പറഞ്ഞു: മലബാറിലെ മുസ്‌ലിംകള്‍ ‘ജിഹാദ് ‘ നടത്തിയിട്ടുണ്ട്. അത് ഒരു ഇസ്‌ലാമികസാമ്രാജ്യം സ്ഥാപിക്കാനായിരുന്നില്ല. മറിച്ച്, സാമൂതിരി എന്ന ഹിന്ദുരാജാവിന്റെ ഭരണം നിലനിര്‍ത്താന്‍ വേണ്ടിയാണ്. അതെ, ചരിത്രത്തിന്റെ ഒരു നിര്‍ണായക ഘട്ടത്തില്‍ സൈനുദ്ദീന്‍ മഖ്ദൂമുമാരും വെളിയങ്കോട് ഉമര്‍ ഖാളിയും കോഴിക്കോട്ടെ ഖാളി മുഹമ്മദും മമ്പുറം തങ്ങന്മാരുമെല്ലാം പോരാട്ടപാതയെ കുറിച്ച് വിശ്വാസികളെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അത് പെറ്റനാടിനെ ശത്രുക്കളില്‍നിന്ന് രക്ഷിക്കാന്‍ വേണ്ടിയായിരുന്നു. ഇവിടുത്തെ നാട്ടു രാജാക്കന്മാര്‍ ബ്രിട്ടീഷുകാരുടെയും പറങ്കികളുടെയും ഡച്ചുകാരുടെയുമൊക്കെ കാലിന്‍ചുവട്ടില്‍ സാഷ്ടാംഗം നമിച്ചപ്പോള്‍ അധിനിവേശകരെ തുരത്തിയോടിക്കാന്‍ ജീവന്‍ പണയം വെച്ച് പോരാടിയ ഒരു ചരിത്രം മുസ്‌ലിംകള്‍ക്കുണ്ട്. ജനാധിപത്യത്തിന്റെ അരുണോദയത്തോടെ അത്തരം പോരാട്ടവീര്യത്തിന് പ്രസക്തി ഇല്ലാതായതോടെ, ജിഹാദ് എന്ന സംജ്ഞ ധൈഷണികമായ വ്യവഹാരങ്ങളില്‍ ഒതുങ്ങി.
മലയാളക്കരയുടെ പൊതുജീവിത ഇടങ്ങളുടെ വര്‍ണശോഭ ഗ്രാമസ്വച്ഛന്ദതയില്‍ തളിര്‍ത്തുപൊങ്ങിയ പാരസ്പര്യത്തിന്റെ അനര്‍ഘങ്ങളായ ഈടുവെയ്പുകളാണ്. അവ എന്ന് തകരുന്നുവോ അന്ന് കേരളം എന്ന ആശയം തന്നെ അവതാളത്തിലാകും. അങ്ങനെ ആവണമെന്ന് ആഗ്രഹിക്കുന്നവര്‍ സര്‍വ ആയുധങ്ങളും ഉപയോഗിച്ച് സാമൂഹികബന്ധങ്ങളുടെ അടിത്തറ മാന്താന്‍ നടത്തുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങള്‍ ഓരോ മലയാളിയുടെ മനസ്സിലും ആകുലത പടര്‍ത്തുകയാണിന്ന്. കേരളം ഇന്ന് ദേശീയ രാഷ്ട്രീയവ്യവഹാരങ്ങളിലെ മുഖ്യ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നു. രാജ്യം ഭരിക്കുന്ന ശക്തികളും അവരുടെ പിന്‍ബലമായി വര്‍ത്തിക്കുന്ന പ്രത്യയശാസ്ത്രവും നാളത്തെ കേരളം ഇന്നീ കാണുന്ന രൂപഭാവങ്ങളിലാവരുത് എന്ന് ശഠിക്കുകയാണ്. അവരാണ് ‘ജിഹാദി ചുകപ്പന്‍ ഭീകരക്കെതിരെ ‘ എന്ന മുദ്രാവാക്യം മുഴക്കി ‘ഞങ്ങള്‍ക്കും ജീവിക്കണം’ എന്ന കപടമായ അട്ടഹാസത്തോടെ ജനരക്ഷായാത്രകള്‍ നടത്തുന്നത്. അവരാണ് കമ്യൂണിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള കേരളവും ബംഗാളും മുസ്‌ലിം ഭീകരവാദികളുടെ താവളമായി മാറിയിരിക്കയാണെന്ന് പ്രചരിപ്പിക്കുന്നത്. നമ്മുടെ പൂര്‍വീകരുടെ സുകൃതങ്ങള്‍ കെട്ടിപ്പൊക്കിയ മതമൈത്രിയുടെയും സ്‌നേഹസൗഭ്രാത്രത്തിന്റെയും സ്തംഭങ്ങള്‍ പൊളിച്ചുമാറ്റാന്‍ കിണഞ്ഞുശ്രമിക്കുന്ന ആസുരശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണി യഥാവിധി നേരിട്ടില്ലെങ്കില്‍ അപരിമേയമായ നഷ്ടത്തിലേക്കായിരിക്കും നമ്മുടെ നാട് കൂപ്പ് കുത്തുക.

അമിത് ഷാ വിതക്കുന്ന വിഷധൂളികള്‍
ആരെന്തുവാദിച്ചാലും ശരി, ഇത്രക്ക് മതസൗഹാര്‍ദവും സമുദായമൈത്രിയും നിലനില്‍ക്കുന്ന കേരളം പോലെ മറ്റൊരു സംസ്ഥാനം ഇന്ത്യയില്‍ കാണാന്‍ സാധിക്കില്ല. ആര്‍.എസ്.എസ് 1930കളില്‍ തന്നെ ഇവിടെ ‘ശാഖകള്‍ ‘ തുറന്ന് വര്‍ഗീയധൂളികള്‍ പടര്‍ത്താന്‍ തുടങ്ങിയിട്ടും ഇതുവരെ ഭൂരിപക്ഷസമുദായത്തില്‍നിന്ന് ന്യൂനാല്‍ ന്യൂനപക്ഷം വരുന്ന ആളുകളേ സംഘ്പ്രത്യയശാസ്ത്രത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഹിന്ദുത്വയുടെ രാഷ്ട്രീയമുഖമായ ബി.ജെ.പിക്ക് ഇതുവരെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ മാത്രം ശേഷി ആര്‍ജിക്കാന്‍ സാധിച്ചിട്ടില്ല എന്നത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നെഞ്ചുരുക്കുന്നുണ്ട്. കമ്യുണിസ്റ്റ്‌കോട്ട ബാലികേറാമലയായി അവശേഷിക്കുമ്പോള്‍ എന്തുകൊണ്ട് സാമാന്യ ജനം തങ്ങളെ തിരസ്‌കരിക്കുന്നുവെന്ന് ആഴത്തിലുള്ള പരിചിന്തനത്തിന് വിധേയമാക്കാതെ, ഉത്തരേന്ത്യയില്‍ പയറ്റുന്ന വര്‍ഗീയകാര്‍ഡ് പുറത്തെടുക്കാനാണ് അമിത്ഷായും കേരളത്തിലെ പരിവാരാംഗങ്ങളും ശ്രമിക്കുന്നത്. പിണറായി വിജയന്‍ എന്ന നേതാവിനെ ഉന്നംവെച്ച് നടത്തുന്ന ആക്രമണങ്ങളുടെ ലക്ഷ്യം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരെ ജനവികാരം ഉയര്‍ത്തുക എന്നതാണ്. അതിനായി കല്ല് വെച്ച നുണകളാണ് ദേശമാസകലം പ്രചരിപ്പിക്കുന്നത്. ഒക്‌ടോബര്‍ മൂന്നിന് പയ്യന്നൂരില്‍ ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗം കേട്ടില്ലേ? ”വിശ്വസിച്ച ആദര്‍ശത്തിനും ആശയത്തിനും വേണ്ടി പ്രവര്‍ത്തിച്ചു എന്ന ഒറ്റക്കാരണത്താലാണ് കേരളത്തിലും കണ്ണൂരിലും നിരവധി ബലിദാനികളുണ്ടായത്. അതിനപ്പുറം അവര്‍ എന്തുകുറ്റം ചെയ്തു എന്ന് സി.പി.എം വ്യക്തമാക്കണം. അക്രമത്തിന്റെ ചെളിക്കുണ്ട് സൃഷ്ടിക്കാന്‍ സി.പി.എം ശ്രമിച്ചാല്‍ ആ ചെളിക്കുണ്ടില്‍ നിന്ന് വിജയതാമര വിരിഞ്ഞുവരും.” അമിത്ഷായുടെ ഈ വാക്കുകളിലടങ്ങിയ കാപട്യം തിരിച്ചറിയാന്‍ വലിയ ബുദ്ധിവൈഭവമൊന്നും വേണ്ടാ. കൊടിഞ്ഞിയിലെ ഫൈസലിനെ ആര്‍.എസ്.എസുകാര്‍ കൊന്നത് മനഃസാക്ഷിയെ തൃപ്തിപ്പെടുത്തുന്ന ആദര്‍ശത്തിലേക്ക് അവന്‍ മാറിയതിന്റെ പേരിലാണ്. ഹാദിയ എന്ന യുവതിയെ കൂട്ടിലടച്ചിരിക്കുന്നതും വിശ്വസിച്ച ആദര്‍ശത്തിന്റെ പേരിലാണ്. എണ്ണമറ്റ മുസ്‌ലിംകളെ കഴിഞ്ഞ 90വര്‍ഷമായി ആര്‍.എസ്.എസുകാര്‍ കൂട്ടക്കൊല നടത്തിയത് ഏത് തെറ്റിന്റെ പേരിലാണെന്ന് വ്യക്തമാക്കാന്‍ അമിത്ഷാക്ക് ധൈര്യമുണ്ടോ? അതേസമയം, കണ്ണൂരിലെ അക്രമസംഭവങ്ങളെ കുറിച്ച് ബി.ജെ.പി നേതൃത്വം രാജ്യത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്ന ചിത്രം തീര്‍ത്തും തെറ്റിദ്ധാരണാജനകവും അര്‍ധസത്യവുമാണ്. 2000 -2016 കാലഘട്ടത്തില്‍ കണ്ണൂര്‍ ജില്ലയില്‍ 69പേര്‍ കൊല്ലപ്പെട്ടതില്‍ 31 ബി.ജെ.പി ആര്‍.എസ്.എസ്‌കാരാണെങ്കില്‍ 30പേര്‍ സി.പി.എമ്മുകാരാണ്. 2016ല്‍ നാല് ബി.ജെ.പിക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ മൂന്ന് ഇടതുപ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. തലേവര്‍ഷം ഇരുപാര്‍ട്ടികളില്‍നിന്നും 27പേര്‍ വീതമാണ് കൊല്ലപ്പെട്ടതെന്ന് പൊലിസ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫ് ഭരിച്ച 2001- 2006 കാലഘട്ടത്തില്‍ ബി.ജെ.പിക്ക് സി.പി.എമ്മിനെക്കാള്‍ മൂന്നുപേര്‍ കൂടുതല്‍ ബലി നല്‍കേണ്ടിവന്നു. 2000- 2008 കാലഘട്ടത്തില്‍ സി.പി.എമ്മിന്റെ 11 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ബി.ജെ.പിക്ക് നഷ്ടപ്പെട്ടത് എട്ടുപേരാണ്. ഈദൃശ കണക്കുകള്‍ ഒരു യാഥാര്‍ഥ്യത്തിന് അടിവരയിടുന്നു: കൊലപാതക രാഷ്ട്രീയത്തിന്റെ വിഷയത്തില്‍ ബി.ജെ.പി ഒരിക്കലും സി.പി.എമ്മിന് പിന്നിലായിരുന്നില്ല. എന്നല്ല, 2016ലെ തെരഞ്ഞെടുപ്പിന് ശേഷം ധര്‍മടം മണ്ഡലത്തില്‍ രണ്ടു ഇടതുപക്ഷ പ്രവര്‍ത്തകരെ കൊന്നുകൊണ്ടാണ് കാവിപ്പാര്‍ട്ടി പുതിയ അക്രമപരമ്പരക്ക് കണ്ണൂരില്‍ തുടക്കമിട്ടത്.

കേരളത്തെ മൊത്തം അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള സംഘ്പരിവാറിന്റെ കുപ്രചാരണം വാസ്തവത്തില്‍ അവര്‍ക്കു നേരെതന്നെ ബൂമറാങ്ങായി തിരിഞ്ഞുകുത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. കേരളം ‘ജിഹാദിഭീകരത’യുടെ പിടിയിലാണെന്ന ആര്‍.എസ്.എസ് പ്രചാരണത്തിനു പിന്നില്‍ വെള്ളം ചേര്‍ക്കാത്ത വര്‍ഗീയ അജണ്ടയുണ്ടെന്ന് ഇതിനകം തിരിച്ചറിയപ്പെട്ടിട്ടുണ്ട്. എല്ലാതരം തീവ്രവാദപ്രവണതകളെയും തള്ളിക്കളയാനും ഗള്‍ഫ്‌സമ്പന്നത യഥാവിധി പ്രയോജനപ്പെടുത്തി വിദ്യാഭ്യാസ തൊഴില്‍മേഖലയില്‍ മുന്നേറാനുമുള്ള കേരളീയ മുസ്‌ലിംകളുടെ ശ്ലാഘനീയ ചുവടുവെപ്പുകളെയൊന്നും കണ്ടില്ലെന്ന് നടിക്കാനും ഏതൊക്കെയോ ഏജന്‍സികളുടെ ഗൂഢനീക്കത്തിലുടെ ഏതാനും ചെറുപ്പക്കാരെ ‘ഐ.എസ് ‘റിക്രൂട്ടുകളായി ചിത്രീകരിക്കാന്‍ അവസരമൊരുക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കേരളം ജിഹാദികളുടെ താവളമാണെന്ന് ദേശീയതലത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത്. സിറിയയിലേക്കോ അഫ്ഗാനിലേക്കോ കടന്നതായി പറയപ്പെടുന്ന യുവതീയുവാക്കളെ കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ അനാവൃതമാകുന്നതോടെ എല്ലാറ്റിന്റെയും പിന്നില്‍ ആര്‍.എസ്.എസ് ബുദ്ധികേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിഞ്ഞുകാണാതിരിക്കില്ല. കേരളത്തിലെ മുസ്‌ലിംകള്‍ ചാരന്മാരാണെന്നും തീവ്രവാദികളുടെ താവളമാണെന്നും കഴിഞ്ഞ നൂറ്റാണ്ടില്‍തന്നെ , സംഘ്പരിവാരം കുപ്രചാരണം നടത്തുണ്ടായിരുന്നു. കേരള മുസ്‌ലിംകള്‍ ഇതരമുസ്‌ലിം സമൂഹങ്ങളില്‍നിന്ന് വ്യത്യസ്തമായ സാമൂഹിക ഉയര്‍ച്ചയും രാഷ്ട്രീയ സംഘടിത ശേഷിയും സാമ്പത്തിക ഭദ്രതയുമെല്ലാം നേടിയത് നാഗ്പൂരിലെ ഹെഡ്‌ഗേവാര്‍ ഭവനിലിരിക്കുന്നവര്‍ക്ക് തീരാത്ത തലവേദന തന്നെയാണ്. ഭീകരവാദ മുദ്ര ചാര്‍ത്തിക്കഴിഞ്ഞാല്‍ ഭരണകൂട ഭീകരതയിലൂടെ സമുദായത്തെ മുഴുവന്‍ അടിച്ചമര്‍ത്താം എന്ന് കണക്കുകൂട്ടുന്നുണ്ടാവണം. എത്ര നിരുത്തരവാദപരമായാണ് ന്യൂനപക്ഷങ്ങളെ ‘ദേശവിരുദ്ധ ശക്തികള്‍’ എന്ന് കുമ്മനം രാജശേഖരനെ പോലുള്ളവര്‍ ചാപ്പ കുത്തുന്നതെന്ന് ശ്രദ്ധിച്ചുവോ? ” മുമ്പൊക്കെ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നത് സി.പി.എം മാത്രമാണെങ്കില്‍ ഇന്ന് അവരോടൊപ്പം ഇസ്‌ലാമികതീവ്രവാദികളും സജീവമാണ്. ദേശവിരുദ്ധ പ്രവര്‍ത്തനത്തിലൂടെ രാജ്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന വിധ്വംസക ശക്തികള്‍ക്ക് സി.പി.എം കുടപിടിക്കുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്. വോട്ടുബാങ്ക് ലക്ഷ്യമിട്ട് ന്യൂനപക്ഷപ്രീണനം മാത്രം കൈമുതലാക്കിയ ഇടതു സര്‍ക്കാര്‍ കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷമായ ബി.ജെ.പിയെ ഇല്ലാതാക്കാന്‍ ഇസ്‌ലാമിക തീവ്രവാദികളോടൊപ്പം ചേര്‍ന്നിരിക്കയാണ്. അത്തരം സംഘടനകളെയും തീവ്രവാദികളെയും മുന്നില്‍ നിറുത്തിയാണ് സി.പി.എം ഇപ്പോള്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരെ ഏകപക്ഷീയമായ ആക്രമണങ്ങള്‍ നടത്തുന്നത്.”ഹൈന്ദവസമൂഹത്തെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരണമെങ്കില്‍ കമ്യൂണിസ്റ്റ് വിരുദ്ധത മാത്രം പറഞ്ഞാല്‍ മതിയാവില്ല എന്ന കണക്കുകൂട്ടലാവണം മോമ്പൊടിക്ക് ‘ഇസ്‌ലാമിക തീവ്രവാദവും’ വേണ്ടതോതില്‍ ചേര്‍ക്കുന്നത്. പക്ഷേ, സംഘ്പരിവാരത്തെ നന്നായി അറിയുന്ന കേരളീയ ജനം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഈ രാഷ്ട്രീയത്തെ കരുതലോടെ മാത്രമേ സമീപിക്കൂ എന്നതാണ് ഏക ആശ്വാസം.

കേരളം എന്ന സ്‌നേഹപച്ചപ്പ്
ഇന്ത്യ മുഴുവന്‍ കാവിക്കൊടിയുടെ സ്വാധീനവലയത്തില്‍ വന്നുകഴിഞ്ഞാലും കേരളം സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും ഒടുവിലത്തെ പച്ചപ്പായി തുടരുമെന്ന് തന്നെയാണ് നമുക്ക് പ്രത്യാശിക്കാനുള്ളത്. സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് വിജയദശമി ദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേ രാജ്യം നേരിടുന്ന ഭീഷണികള്‍ എണ്ണിയ കൂട്ടത്തില്‍ കേരളം ജിഹാദി ഭീഷണിയിലാണെന്ന് ആരോപിച്ചതില്‍നിന്ന് തന്നെ സംഘ്പരിവാരത്തിന്റെ ഗൂഢ അജണ്ട മറ നീക്കിപുറത്തുവരുന്നു. ജിഹാദിന്റെ പേരില്‍ ഇവിടുത്തെ ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഭിന്നിപ്പിച്ചുനിറുത്തുക എന്ന നാരദവേഷമാണ് ഇവര്‍ ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ 45 ശതമാനത്തോളം വരുന്ന മുസ്‌ലിം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ സാന്നിധ്യവും അവരുടെ സചേതനമായ ഇടപെടലുകളും ആര്‍.എസ്.എസിന്റെ സ്വപ്‌നങ്ങളുടെമേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. അതുകൊണ്ടുതന്നെ പാരസ്പര്യത്തിന്റെ ഈടുറ്റ പാരമ്പര്യത്തെ നിലനിറുത്താന്‍ എന്തുണ്ട് പോംവഴി എന്നതിനെ കുറിച്ച് ചിന്തിക്കാന്‍ എല്ലാ മതങ്ങളിലെയും നല്ല മനുഷ്യരെ ഒരുമിപ്പിച്ചുനിര്‍ത്തേണ്ട ബാധ്യത നാം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. പാരസ്പര്യത്തിന്റെ പൈതൃക തിരിനാളം തല്ലിക്കെടുത്താന്‍ ആരെയും സമ്മതിച്ചുകൂടാ.

ശാഹിദ്‌

You must be logged in to post a comment Login