എല്ലാം മറന്നുള്ള സുഖസുഷുപ്തിയില്‍ നിന്നുണര്‍ന്ന് കോണ്‍ഗ്രസ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്കൊത്ത എതിരാളിയായി മാറുന്നുണ്ടോ? നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ നാനാ ഭാഗത്ത് നിന്നും വിമര്‍ശനങ്ങളുയരുമ്പോള്‍ ബി.ജെ.പി. എന്ന പാര്‍ട്ടിക്കുള്ളില്‍ എല്ലാം ഭദ്രമാണോ? വിലക്കയറ്റവും പെരുകുന്ന തൊഴിലില്ലായ്മയും ജനവികാരം എതിരാക്കുന്നത് കണ്ടറിഞ്ഞ് ബി.ജെ.പി. തങ്ങളുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ മാറ്റം വരുത്തുമോ? രാഷ്ട്രീയനിരീക്ഷകര്‍ ഇപ്പോള്‍ തമ്മില്‍ തമ്മില്‍ ചോദിക്കുന്ന ചോദ്യങ്ങളാണിവ. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒന്നരവര്‍ഷം മാത്രം ബാക്കി നില്‍ക്കേ ഇത്തരം ചോദ്യങ്ങളെ അവഗണിക്കാന്‍ സാധിക്കില്ല. കഴിഞ്ഞമാസം ദേശീയ രാഷ്ട്രീയത്തില്‍ സംഭവിച്ച നിര്‍ണായകമായ ചില വഴിത്തിരിവുകളെക്കുറിച്ച് മനസിലാക്കിയാല്‍ മാത്രമേ ആദ്യമുന്നയിച്ച ചോദ്യങ്ങളുടെ പ്രസക്തി മനസിലാവൂ. അതിനായി ആ മൂന്ന് വഴിത്തിരിവുകള്‍ ഏതെന്ന് അറിഞ്ഞുവെക്കാം.
1. സര്‍വകലാശാലകളില്‍ കാവിപ്പടയ്ക്കേറ്റ തിരിച്ചടി
സെപ്റ്റംബര്‍ ആദ്യവാരം നടന്ന സര്‍വകലാശാല തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്‍െ വിദ്യാര്‍ഥി വിഭാഗമായ നാഷനല്‍ സ്റ്റുഡന്റ്സ് യൂണിയന് ഓഫ് ഇന്ത്യ (എന്‍.എസ്.യു.ഐ.), ഇടത് വിദ്യാര്‍ഥി സംഘടനകളായ സ്റ്റുഡന്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (എസ്.എഫ്.ഐ.), ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന് (എയ്സ) എന്നിവ മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. ബി.ജെ.പിയുടെ ആധ്യാത്മിക ഗുരുസ്ഥാനത്തുള്ള ആര്.എസ്.എസിന്റെ ആശീര്‍വാദത്തോടെ പ്രവര്‍ത്തിക്കുന്ന അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിനെയാണ് (എ.ബി.വി.പി.) ഈ സംഘടനകള്‍ തറപറ്റിച്ചത്.
വിദ്യാഭ്യാസേമഖലയില് നടക്കുന്ന ഹിന്ദുത്വവത്കരണത്തിനെതിരെ എക്കാലവും പോരാട്ടം നടത്തിയ പാരമ്പര്യമാണ് ഇടത് വിദ്യാര്ഥിസംഘടനകള്ക്കുള്ളത്. എന്നാല്‍ ഈ സമയത്തൊക്കെ കൈയും കെട്ടി കളി കണ്ടുനിന്ന എന്‍.എസ്.യു.ഐ. പ്രവര്‍ത്തകര്‍ ഇത്തവണ എ.ബി.വി.പിക്കും അവരുടെ സംഘ് അജന്‍ഡയ്ക്കുമെതിരെ ശക്തമായി രംഗത്തുവന്നത് കൗതുകകരമായി. വിദ്വേഷ രാഷ്ട്രീയത്തിലും ആള്‍ക്കൂട്ട ആക്രമണങ്ങളിലും അഭിരമിക്കുന്ന സംഘ്പരിവാര്‍ സംഘടനകള്‍ രാജ്യത്തിന്റെ വികസനത്തിന് വെല്ലുവിളിയാണെന്ന പ്രചാരണം ഉയര്‍ത്തിയായിരുന്നു എന്‍.എസ്.ഐ.യുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിന്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ എ.ബി.വി.പിയെ നിലംപരിശാക്കിക്കൊണ്ട് എന്‍.എസ്.യു.ഐ. വന്‍ മുന്നേറ്റം നടത്തി. ഡല്‍ഹി സര്‍വകലാശാലയില്‍ മാത്രമല്ല, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു.), പഞ്ചാബ്, രാജസ്ഥാന്, അസം, ത്രിപുര സര്‍വകലശാലകളിലും എ.ബി.വി.പിക്ക് കനത്ത തിരിച്ചടിയേറ്റു.
2014ലെ ലോക്സഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ അഭൂതപൂര്‍വമായ വിജയത്തിന് പിന്നില്‍ യുവാക്കളില്‍ നിന്ന് ലഭിച്ച പിന്തുണയാണെന്ന് തെളിയിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ജനസംഖ്യയുടെ 50 ശതമാനത്തിലധികം വരുന്ന യുവജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിര്ണായശക്തിയാണ്. ഭാരതീയ ജനതാ പാര്‍ട്ടിയോടുള്ള ഇന്ത്യന്‍ യുവതയുടെ കൂറില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്ന സൂചനയായി സര്‍വകലാശാല തിരഞ്ഞെടുപ്പ് ഫലങ്ങളെ കാണാം.
ഹിന്ദുത്വ വിരുദ്ധ പ്രചാരണം കൊണ്ട് മാത്രമല്ല എന്‍.എസ്.യു.ഐ. ഡല്‍ഹി സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ വമ്പന്‍ ജയം നേടിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ജാട്ട്, ഗുജ്ജര്‍ സമുദായങ്ങളില്‍ പെടുന്നവരാണ്. ഇക്കാര്യം പരിഗണിച്ചുകൊണ്ടാണ് സംഘടനകള്‍ കോളേജ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്ത്താറുള്ളതും. തങ്ങളുടെ സമുദായ നേതാക്കള്‍ പറയുന്ന കക്ഷിക്ക് വോട്ട് ചെയ്യുന്ന പതിവുള്ള ഈ രണ്ട് സമുദായങ്ങളെയും കൂടെ നിര്‍ത്താന്‍ എ.ബി.വി.പി. ശ്രമിക്കാറുണ്ട്. 2012 മുതല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ സംഘടനയ്ക്ക് തുടര്‍ച്ചയായ ജയം നേടിക്കൊടുത്തതും ഈ സമുദായപ്രീണനം തന്നെ. എന്നാല്‍ ജാതി സമവാക്യങ്ങളില്‍ ഇക്കുറി മാറ്റം വന്നിരിക്കുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതേ രീതി ആവര്‍ത്തിക്കുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല. എങ്കിലും ബി.ജെ.പി. ഫിക്സഡ് ഡിപ്പോസിറ്റ് പോലെ കണ്ടിരുന്ന ജാതി വോട്ടുകളില്‍ മാറ്റം വന്നുതുടങ്ങിയിരിക്കുന്നു എന്ന കാര്യം വ്യക്തം.
2. രാഹുല്‍ ഗാന്ധിയുടെ ബെര്‍ക്ക്ലി പ്രസംഗം
അമേരിക്കയിലെ ബെര്‍ക്ക്ലി നഗരത്തില്‍ കാലിഫോണിയ സര്‍വകലാശാല നടത്തിയ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുമ്പെങ്ങുമില്ലാത്ത പോലെ തികച്ചും വ്യക്തമായി കാര്യങ്ങളവതരിപ്പിക്കാന്‍ രാഹുലിനായി എന്നതാണ് ആ പ്രസംഗത്തെ ശ്രദ്ധേയമാക്കിയത്.
തന്റെ രാഷ്ട്രീയവും ആദര്‍ശപരവുമായ നിലപാടുകള്‍ വ്യക്തമാക്കാന്‍ പ്രസംഗത്തിലുടനീളം രാഹുല്‍ ഗാന്ധി ശ്രമിച്ചു. മുരടിച്ച സാമ്പത്തിക വളര്‍ച്ചാനിരക്കിനും പെരുകുന്ന തൊഴിലില്ലായ്മയ്ക്കും പ്രധാന ഉത്തരവാദികള്‍ മോഡി സര്‍ക്കാരാണെന്ന് രാഹുല്‍ തുറന്നടിച്ചു. വലതുപക്ഷരാഷ്ട്രീയത്തിന്റെ ഉപോത്പന്നമായ വിദ്വേഷ ആക്രമണങ്ങളെ ചെറുക്കാന്‍ ഗാന്ധിയന്‍ തത്വസംഹിതയായ അഹിംസയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ പ്രസംഗത്തെ ഇന്ത്യയ്ക്കേറ്റ അപമാനമായി ബി.ജെ.പി. വിശേഷിപ്പിച്ചു. പക്ഷേ മുമ്പൊന്നും ചെയ്യാത്ത രീതിയില്‍ ഇന്ത്യന്‍ അവസ്ഥകളെ തിരിച്ചറിഞ്ഞുള്ള ശക്തമായ നിലപാടായാണ് രാഹുലിന്റെ പ്രസംഗത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്.
താറുമാറായി കിടക്കുന്ന സമ്പദ്വ്യവസ്ഥയെ ശരിയാക്കിയെടുക്കാന്‍ ചെറുകിട-ഇടത്തരം വ്യവസായങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന ബദല്‍ സാമ്പത്തിക നയവും രാഹുല്‍ പ്രസംഗത്തില്‍ അവതരിപ്പിച്ചു. യാഥാസ്ഥിതികരായ വലതുപക്ഷത്തെ ചെറുത്തുകൊണ്ട് മധ്യഭാഗത്ത് നില്‍ക്കുകയാണ് തന്റെ പാര്‍ട്ടിയെന്ന് പറഞ്ഞ രാഹുല്‍, മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘അധികാര കേന്ദ്രീകരണം’ ജനാധിപത്യത്തിന് ദോഷകരമാണെന്നും പറഞ്ഞുവെച്ചു.
‘ജനാധിപത്യപരമായ അന്തരീക്ഷത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍’ ഉറപ്പാക്കി മാത്രമേ രാജ്യത്തിന് വളര്‍ച്ച കൈവരിക്കാനാകൂ എന്ന് രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. അതിന് പകരം 100 മുന്‍നിര കമ്പനികള്‍ക്ക് വേണ്ടിയുള്ള ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. നിയമങ്ങള്‍ അവര്‍ക്ക് വേണ്ടി എഴുതപ്പെടുന്നു. ബാങ്കിങ് സംവിധാനം മുഴുവന്‍ അവര്‍ക്ക് മുന്നില്‍ അടിയറവ് വെക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അടിക്കടിയുണ്ടാകുന്ന ആക്രമണങ്ങളും നോട്ട് പിന്വലിക്കലുമെക്കെ ചേര്‍ന്ന് തീര്‍ത്തും അസുഖകരമായ സ്ഥിതിഗതി രാജ്യത്ത് സംജാതമായിരിക്കുകയാണ്. ഇതില്‍ നിന്നെല്ലാം വിഭിന്നമായി കോണ്‍ഗ്രസിന് മാത്രമേ ഭാവിയിലൊരു പുതിയ വികസനമാതൃക നടപ്പിലാക്കാന്‍ സാധിക്കൂ.
മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് പ്രദര്‍ശിപ്പിച്ച ധാര്‍ഷ്ട്യം പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് സമ്മതിച്ച രാഹുല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെക്കുറിച്ചും മറയില്ലാതെ സംസാരിച്ചു. അവസരം കിട്ടിയാല്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും നയിക്കാന്‍ സന്നദ്ധനാണെന്ന സൂചനയും അദ്ദേഹം നല്കി.
ബി.ജെ.പി.യെ പോലും കോണ്‍ഗ്രസും കുത്തകകള്‍ക്ക് അനുകൂലമാണെന്ന പൊതുധാരണ തിരുത്താനുളള ശ്രമമവും രാഹുല്‍ പ്രസംഗത്തില്‍ നടത്തി. സാമ്പത്തികനയങ്ങളിലും നിലപാടുകളിലും കോണ്‍ഗ്രസ് നാളിതുവരെ സഞ്ചരിച്ചുകൊണ്ടിരുന്ന വഴിയില്‍ നിന്ന് മാറിനടക്കാന്‍ രാഹുല്‍ തീരുമാനിച്ചതിന്റെ സൂചനയായി വേണം ബെര്‍ക്ക്ലി പ്രസംഗത്തെ കാണാന്‍. വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകാന്‍ തയ്യാറായ ഒരു യുവനേതാവിന്റെ പ്രസംഗമായിരുന്നു അത്. ബി.ജെ.പിയെ ഏതറ്റം വരെയും എതിര്‍ക്കാന്‍ തന്റെ പാര്‍ട്ടി സന്നദ്ധമാണെന്നും അതില്‍ ഇനി വിട്ടുവീഴ്ചയില്ലെന്നും ലോകത്തെ അറിയിക്കുകയായിരുന്നു രാഹുല്‍ ആ പ്രസംഗത്തിലൂടെ.
കഴിഞ്ഞ കുറേ മാസങ്ങളായി കോണ്‍ഗ്രസ് വലിയൊരു തിരിച്ചുവരവിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിവച്ചിരുന്നു. യുവനേതാക്കള്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ നല്‍കിയും മുതിര്‍ന്ന നേതാക്കളുടെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തിയും പാര്‍ട്ടി സ്വയം കരുത്ത് നേടുകയായിരുന്നു. ശശി തരൂരിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട ഓള് ഇന്ത്യ പ്രൊഫഷനല്‍ കോണ്‍ഗ്രസ് എന്ന സംഘടന തന്നെ ഇതിന്റെ വലിയ ഉദാഹരണം. പാര്‍ട്ടിയുടെ സാമൂഹിക-സാമ്പത്തിക അജന്‍ഡ കാലോചിതമായി പരിഷ്കരിക്കാന്‍ നാനാതുറകളില്‍ നിന്നുള്ള വിദഗ്ധന്മാരുടെ സേവനം തേടാനാണ് പ്രൊഫഷനലുകള്‍ക്കായി പുതിയൊരു സംഘടന തുടങ്ങിയത്. ഇത്തരം നിലപാടുകളുടെയൊക്കെ ഗുണഫലമായി വേണം എന്‍.എസ്.യു.ഐയുടെ തിരഞ്ഞെടുപ്പ് വിജയത്തെ കാണാന്‍.
3. ബി.ജെ.പി. സംവിധാനത്തിന്റെ പ്രതികരണം
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക വഴിത്തിരിവിലാണ് നമ്മളിപ്പോള്‍ നില്‍ക്കുന്നത് എന്നതിന്റെ മൂന്നാമത്തെ തെളിവ് ബി.ജെ.പിയില്‍ നിന്നാണ്. രാഹുലിന്റെ പ്രസംഗത്തിനെതിരെ ബി.ജെ.പി. നേതൃത്വം ഒന്നടങ്കം മുന്നോട്ടെത്തി എന്നതാണത്. ബി.ജെ.പി. അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, സ്മൃതി ഇറാനി എന്നിവര്‍ക്കൊപ്പം ഉപരാഷ്ട്രപതിയായ എം. വെങ്കയ്യ നായിഡു വരെ രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നു. ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുകയാണ് ബെര്‍ക്ക്ലി പ്രസംഗത്തിലൂടെ രാഹുല്‍ ചെയ്തതതെന്ന് അവര്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ ന്യായീകരിക്കുകയാണ് രാഹുല്‍ തന്റെ പ്രസംഗത്തില്‍ ചെയ്തതെന്നും ബി.ജെ.പി. നേതാക്കള്‍ വിമര്‍ശനമുയര്‍ത്തി. കുടുംബവാഴ്ചയുടെ ഉത്പന്നമല്ലേ താങ്കള്‍ എന്ന ചോദ്യത്തിന് മറുപടിയായി രാഹുല്‍ ഇങ്ങനെ പറഞ്ഞിരുന്നു. ”മിക്ക ഇന്ത്യന്‍ രാഷ്ട്രീയപാര്‍ട്ടികളിലും കുടുംബാധിപത്യമുണ്ട്. എന്നെ മാത്രം വിമര്‍ശിക്കുന്നതില്‍ കാര്യമില്ല. അഖിലേഷ് യാദവും സ്റ്റാലിനും പ്രേംകുമാര്‍ ധുമാലിന്റെ മകന് അനുരാഗ് താക്കൂറുമൊക്കെ കുടുംബവാഴ്ചയുടെ ഭാഗമായി രാഷ്ട്രീയത്തിലെത്തിയവരാണ്. അഭിഷേക് ബച്ചന് പോലും കുടുംബവാഴ്ചയുടെ ഭാഗമായല്ലേ സിനിമയിലെത്തിയത്. ഞാന്‍ പറഞ്ഞുവരുന്നത് ഇന്ത്യയില്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ നടക്കുന്നുണ്ട് എന്നാണ്. അതുകൊണ്ട് എന്നെ മാത്രം കുറ്റപ്പെടുത്തരുത്. പക്ഷേ, കോണ്‍ഗ്രസിനുള്ളില്‍ ഇതിനൊരു മാറ്റം കൊണ്ടുവരാന്‍ ഞാന്‍ ശ്രമം തുടങ്ങും” എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.
‘പരാജയപ്പെട്ട കുടുംബാധിപത്യവാദി’ എന്നായിരുന്നു സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ വിശേഷിപ്പിച്ചത്. രാഹുലിന്റെ അമേരിക്കന്‍ യാത്രയെ ‘പരാജയപ്പെട്ട രാഷ്ട്രീയ യാത്ര’ എന്ന് വിളിച്ചും അവര്‍ കളിയാക്കി. മറ്റുള്ള ബി.ജെ.പി. നേതാക്കളും രാഹുലിന്റെ കുടുംബവാഴ്ചയെക്കുറിച്ചുള്ള മറുപടിയെക്കുറിച്ചാണ് സംസാരിച്ചത്. പ്രസംഗത്തില്‍ രാഹുല്‍ മോഡി സര്‍ക്കാരിനെതിരെ ഉന്നയിച്ച കടുത്ത വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കാന് ഒരു ബി.ജെ.പി. നേതാവും തയ്യാറായില്ല. രാഹുലിനെതിരെ പരിഹാസശരങ്ങള്‍ ഉതിര്ക്കുന്നതിനപ്പുറം അദ്ദേഹമുന്നയിച്ച രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ഒരു നേതാവും മുതിരാഞ്ഞത് നിസ്സാര സംഗതിയല്ല.
കുറച്ച് കാലങ്ങളായി ബി.ജെ.പിയില്‍ കണ്ടുവരുന്നൊരു കാര്യമാണിത്. മോഡി സര്‍ക്കാരിനെതിരെ ഉയരുന്ന ആരോണപങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടിയിലെ രണ്ടാംനിര നേതാക്കള്‍ ഉത്സാഹം കാട്ടുന്നില്ല. ഒടുവില്‍ പാര്‍ട്ടിയുടെ മുഖ്യതന്ത്രജ്ഞന്‍ അമിത് ഷായ്ക്ക് തന്നെ രംഗത്ത് വരേണ്ടി വന്ന ഒന്നിലധികം സന്ദര്‍ഭങ്ങളുണ്ടായി. ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞത് ‘സാങ്കേതിക കാരണങ്ങള്‍’ കൊണ്ടാണെന്നും ബി.ജെ.പിക്കെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ ഗുജറാത്തിലെ യുവാക്കള്‍ വീണുപോകരുതെന്നും മറ്റുമുള്ള അമിത് ഷായുടെ പ്രസ്താവനകള്‍ ഓര്‍ക്കുക. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ബി.ജെ.പി. അധ്യക്ഷന്‍ നടത്തുന്ന ഇത്തരം പ്രതിരോധാത്മക പ്രസ്താവനകള്‍ പാര്‍ട്ടിയുടെ സ്ഥിതി പരുങ്ങലിലാണെന്ന് സ്വയം സമ്മതിക്കലല്ലേ? പട്ടേല്‍ സമുദായക്കാര്‍ ഒന്നടങ്കം ഇടഞ്ഞതോടെ ഗുജറാത്തില്‍ ബി.ജെ.പിയുടെ സ്ഥിതി അപകടത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ‘ആളെ വട്ടാക്കുന്ന ബി.ജെ.പി. വികസനം’ എന്ന പേരില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് തുടങ്ങിവച്ച സോഷ്യല്‍മീഡിയ ക്യാംപയിന് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയ പ്രചാരണത്തിന്റെ ഗുണമനുഭവിക്കുന്ന പാര്‍ട്ടി എന്ന നിലയ്ക്ക് ബി.ജെ.പിക്കിത് കടുത്ത ആഘാതമാണ്.
ബി.ജെ.പി. എന്ന രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയെ ഇന്ന് സ്വയം വരുത്തിവച്ച ദുരന്തങ്ങള്‍ വേട്ടയാടുന്നുണ്ട്. എല്ലാം നഷ്ടപ്പെട്ടു നില്‍ക്കുകയായിരുന്ന കോണ്‍ഗ്രസാകട്ടെ കരുത്തേറിയ പ്രതിപക്ഷമായി മാറാനുള്ള അതിവേഗനീക്കങ്ങളിലുമാണ്. ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ ചൂണ്ടുപലക ഈ ദിശയില്‍ തന്നെ. നരേന്ദ്ര മോഡിയുടെ ജനസ്സമതിക്ക് ബദലാകാന്‍ ശക്തിയുള്ള ഊര്‍ജസ്വലമായ നേതൃത്വമാണ് പാര്‍ട്ടിക്കിനി ആവശ്യം. ബി.ജെ.പിയോട് കിടപിടിക്കാന്‍ പറ്റിയ പാര്‍ട്ടിയായി കോണ്‍ഗ്രസ് ഉയിര്ത്തെഴുന്നേല്ക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങള്‍ക്ക് കരുത്തുപകരുമെന്ന കാര്യത്തില്‍ ആര്‍ക്കുമില്ല സംശയം. മയക്കം വിട്ടുണര്‍ന്ന് ഊര്‍ജ്വസലമായി കളത്തിലിറങ്ങിയ കോണ്‍ഗ്രസിന് എത്ര കണ്ട് മുന്നേറാന്‍ കഴിയുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.
അജോയ് ആശിര്‍വാദ് മഹാപ്രശസ്ത
You must be logged in to post a comment Login