‘വിശപ്പിന് ആഹാരവും ഭയത്തില്‍നിന്ന് അഭയവും നല്‍കിയ ഈ ഭവനത്തിന്റെ രക്ഷിതാവിനെ അവര്‍ യഥാവിധി വണങ്ങിക്കൊള്ളട്ടെ’
– വി. ഖുര്‍ആന്‍
‘ഒരേ മാതാപിതാക്കള്‍ക്ക് പിറക്കുകയും പരസ്പരം തിരിച്ചറിയാന്‍ മാത്രമായി വംശങ്ങളും ഗോത്രങ്ങളുമായി പിരിയുകയും ചെയ്ത(ഖുര്‍ആന്‍), ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമാനരായ(മുഹമ്മദ് നബി(സ്വ), മനുഷ്യര്‍ ദൈവത്തിന്റെ വിശാലമായ ഭൂമി(ഖുര്‍ആന്‍) പുഴകളും മലകളും മരുഭൂമികളും അതിരുവിട്ട് വീതിച്ചെടുത്ത് അവകാശം സ്ഥാപിക്കുകയും ആദേശങ്ങളും അധിനിവേശങ്ങളും തൊഴിലാക്കി നിഷ്‌കാസനങ്ങളും പടിയടപ്പുകളും വാണിജ്യാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുകയും ചെയ്യുമ്പോള്‍ അഭയാര്‍ത്ഥികളുടെ പുറപ്പാടുകളുടെയും പ്രയാണങ്ങളുടെയും പശ്ചാതലത്തില്‍ ഹിജ്‌റയുടെ ബഹുതലമാനങ്ങള്‍ അന്വേഷിക്കപ്പെടേണ്ടതുണ്ട്.
മനുഷ്യന്‍ സങ്കുചിതമാക്കാന്‍ ശ്രമിക്കുമ്പോഴും ദൈവത്തിന്റെ ഭൂമി വിശാലമാണ് എന്നതാണ് ഹിജ്‌റയുടെ മൗലിക സന്ദേശം. ഭൂമിയില്‍ ഒരിടത്തും മനുഷ്യന്‍ അപരനോ അപരിചിതനോ അല്ലെന്ന്, സൃഷ്ടി സ്ഥിതി പാലകനും ഒടുവില്‍ മടക്കിക്കൊണ്ടുപോകുന്നവനുമായ അവന്റെ സ്രഷ്ടാവ് ഒന്നായിരിക്കെ, പ്രപഞ്ചം മുഴുവന്‍ അവന്റെയും ഇടമാണെന്ന് വായുവിനും വെള്ളത്തിനും ആഹാരത്തിനും എന്നപോലെ, ഉപ്പിനും അഗ്നിക്കും മേല്‍ എന്നപോലെ ഭൂമിയുടെ മേലും മനുഷ്യന്റെ അവകാശത്തിന് സാര്‍വത്രിക സമ്മത പത്രമെഴുതുകയായിരുന്നു ഹിജ്‌റ. ഭൂമിയുടെ സ്രഷ്ടാവും ഉടമസ്ഥനും പരമാധികാരിയും ദൈവമാണെന്നും, മനുഷ്യനുള്‍പ്പെടെ സകല ജീവജാലങ്ങള്‍ക്കും അതിന്‍മേലുള്ള അവകാശം സ്ഥായിയും സമാനവുമാണെന്നു മുള്ള സനാതന മാനവിക സന്ദേശമാണ് ഹിജ്‌റയെ പ്രചോദിപ്പിച്ചത്. അതിന്റെ ഭാഷാധാതു സൂചിപ്പിക്കുന്നത് പോലെ എല്ലാ മുന്‍വിധികളില്‍നിന്നും കെട്ടുപാടുകളില്‍നിന്നും ചങ്ങലകളില്‍നിന്നുമുള്ള സ്വാതന്ത്ര്യമെന്ന് ഹിജ്‌റയെ മനസ്സിലാക്കാം. എന്തുകൊണ്ടെന്നാല്‍ എല്ലാത്തിനും മീതെ രക്തബന്ധത്തിന് പോലുമപ്പുറം മനുഷ്യസമത്വത്തെ സ്ഥാപിക്കുവാനാണ് ഹിജ്‌റ ശ്രമിച്ചത്. മക്കയില്‍നിന്ന് വസ്തുഹരികളായി ഒഴുകിയെത്തിയ ആള്‍പഥത്തെ മദീനയുടെ ഓരോ കൈവഴിയും സ്വന്തം ഗൃഹാന്തരീക്ഷത്തിലേക്കാനയിച്ചു സ്വീകരിച്ചു. ചരിത്രത്തില്‍ സമാനതകളില്ലാത്ത ആതിഥേയരായിരുന്നു അവര്‍, അന്‍സ്വാരികള്‍. വീടും വിഭവങ്ങളും പോലും പങ്കുവെച്ചവര്‍ ഭ്രാതാക്കളായി. വിശപ്പിനാഹാരവും ഭയത്തില്‍നിന്നഭയവും നല്‍കി പുതിയ ചരിത്രം കുറിച്ചു.
ഇന്ന് ഭൂമിയില്‍ നൂറില്‍ ഒരാള്‍ വീതം ആകാശത്തും ഭൂമിയിലും ഇടമില്ലാത്തവരാണ്. ഓരോ ഇരുപതു മിനുട്ടിലും ഭൂമിയില്‍ എവിടെയെങ്കിലും ഒരിടത്ത് ഒരാള്‍ കുടിയിറക്കപ്പെടുകയും ആധാരവും ചരിത്രവുമില്ലാത്തവനായി തീരുകയും ചെയ്യുന്നു. ആരാണവര്‍? ഒരു പ്രളയത്തിനു പിറകെ ആകാശത്തുനിന്ന് കെട്ടിയിറക്കപ്പെട്ടവരല്ല. അവരിവിടെയുണ്ടായിരുന്നു. ഈ ഭൂമിയുടെ ഏതോ ഒരു പങ്കിലാണവര്‍ പിറന്നുവീണത്. അവര്‍ക്കും അച്ഛനമ്മമാര്‍ ഉണ്ടായിരുന്നു. അവരും ഈ ഭൂമിയില്‍, ഈ മണ്ണില്‍ തന്നെ പിറന്നവരായിരുന്നു. കടലാസിലും മണ്ണിലും അതിരുകള്‍ വെട്ടിയിട്ടവര്‍ ഒരിക്കലും അവരോട് ചോദിച്ചിരുന്നില്ല, ഇടം വേണ്ടത് വരക്കുപുറത്തോ ഇപ്പുറത്തോയെന്ന്. ആരോ ഒക്കെ എവിടെയോ ഒക്കെ ഇരുന്ന് വെട്ടിത്തിരുത്തിയ ഭൂപടങ്ങള്‍ക്ക് അകത്തും പുറത്തുമായി വിന്യസിക്കപ്പെട്ടുപോയതിന് അവര്‍ ഉത്തരവാദികളുമായിരുന്നില്ല. ഇത്തിരിയാഹാരം, നാണം മറക്കാന്‍ ഒരു ചീന്ത് തുണി, ഒരു കൊച്ചു കിടപ്പാടം അങ്ങനെയങ്ങനെ വളരെ പരിമിതമായിരുന്നു അവരുടെ ആവശ്യങ്ങള്‍.
വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ളവനാണ് മനുഷ്യന്‍- സൃഷ്ടിച്ച ദൈവം തന്നെ കനിഞ്ഞരുളിയ വരം. അവനൊരു പ്രത്യേക കുലദൈവമോ ദേശദേവതയോ ആയിരുന്നില്ല. ഏതൊക്കെ പേരിട്ട് ആരൊക്കെ എവിടെനിന്നുവിളിച്ചാലും ബ്രഹ്മാണ്ഡ സൃഷ്ടിപരിപാലകനായ അവന് തിരഞ്ഞെടുക്കപ്പെട്ട ജനതയോ വംശമോ ഗോത്രമോ വര്‍ഗമോ ഇല്ല. സമ്പൂര്‍ണമായി വഴങ്ങുക എന്നതാണവന്‍ തന്റെ സൃഷ്ടികളില്‍നിന്നാവശ്യപ്പെടുന്ന നേര്‍ച്ച. അംഗീകരിക്കുന്ന മതം. ഭൂമി മുഴുവന്‍ അവനെ സംബന്ധിച്ചിടത്തോളം സാഷ്ടാംഗ പ്രണാമ യോഗ്യമായ വിശുദ്ധമണ്ണാണ്. അതാകട്ടെ അവന്റെ സകല സൃഷ്ടിജാലങ്ങള്‍ക്കും ഒരേപോലെ അവകാശപ്പെട്ടതും. ദുര്‍ബലരും ഭയാവേശിതരുമായ മനുഷ്യര്‍ക്കുവേണ്ടി അവരതിനെ പാര്‍പ്പിടവും അഭയകേന്ദ്രവുമാക്കിയിരിക്കുന്നു. മതാന്ധതയെയും ദേശീയാന്ധതയെയും തിരഞ്ഞെടുക്കപ്പെട്ട ജനതയെയും അംഗീകരിക്കാതെ ഭൂമിയെ അവന്‍ സമതയോടെ വിരിച്ചിട്ടിരിക്കുന്നു.
സുകൃതമതികളായി ദൈവത്തിന് സ്വയം വഴങ്ങുന്നവര്‍ക്ക് പ്രതിഫലവും മോക്ഷവും(2: 112) വാഗ്ദത്തം ചെയ്യുന്ന ദൈവം ഒരാള്‍ക്കും സ്വയം നിര്‍ണയിക്കാന്‍ കഴിയാത്ത വര്‍ണ വംശ ദേശ ഭേദങ്ങളുടെ പേരില്‍ ആരോടെങ്കിലും വിവേചനം അനുവദിക്കുന്നില്ല. മനുഷ്യനിര്‍മിതമായ വിവേചനങ്ങളുടെ പേരില്‍ മനുഷ്യനെ അപരവത്കരിക്കാന്‍ ദൈവം അനുവദിക്കുന്നില്ല. അതിവിശാലമായ മാനവികതയുടെ ആരൂഢങ്ങളിലാണ് ഈ സാമൂഹിക സംവിധാനത്തെ അവന്‍ വിതാനിച്ചിരിക്കുന്നത്.
ദൈവത്തിന്റെ ഭൂമി വിശാലമാണ് എന്ന ഉറച്ച വാഗ്ദത്വത്തിലാണ് പ്രവാചക തിരുമേനിക്ക് അല്ലാഹു മക്കയില്‍നിന്ന് മദീനയിലേക്ക് യാത്രാനുമതി നല്‍കുന്നത്. മേല്‍സൂചിത സങ്കുചിതത്വങ്ങള്‍ക്കെല്ലാം മീതെയാണ് ദൈവം ഈ വിശാലതയെ സ്ഥാപിച്ചിരിക്കുന്നത്. അപരവത്കരണത്തിന്റെ ആശങ്ക ഏതുമില്ലാതെ ഒരു പുലര്‍ക്കാലത്ത് തിരുമേനി(സ) മദീനയിലേക്ക് യാത്രയാകുന്നു. ഹിജ്‌റയെ ദാറുല്‍ഹര്‍ബില്‍ നിന്ന് ദാറുല്‍ഇസ്‌ലാമിലേക്കുള്ള പ്രയാണമായി പരിമിതപ്പെടുത്തുന്നവര്‍ വിട്ടുപോകുന്ന ഒരു കാര്യമുണ്ട്. പ്രഥമ മുഹാജിറുകളുടെ ലക്ഷ്യസ്ഥാനമായിരുന്ന അബിസീനിയായോ പ്രവാചകരുടെ ലക്ഷ്യമായ മദീനയോ അന്നേക്ക് ദാറുല്‍ഇസ്‌ലാമുകള്‍ ആയിരുന്നില്ല. ഭൂമിയെ കുറിച്ചുള്ള, ഭൂമിയുടെ അവകാശത്തെ കുറിച്ചുള്ള ആത്മവിശ്വാസോത്തേജിതമായ നിലപാടാണ് ഹിജ്‌റയുടെ മൗലിക സന്ദേശം എന്ന് നമുക്ക് പറയാന്‍ കഴിയുന്നത് ഈയൊരു ബലത്തിലാണ്. അപരവത്കരണത്തിന്റെയോ നിഷ്‌കാസനത്തിന്റെയോ മുള്ളുവേലികളുടെയോ കൊട്ടിയടഞ്ഞ വാതിലുകളുടെയോ അതിര്‍ത്തിക്കകത്ത് കാത്തിരിക്കുന്ന ഗ്രനേഡ് പുകയുടെയോ മുളകുപൊടിയുടേതുപോലുമോ ആശങ്കകളില്ലാതെ വിശക്കുന്നവനും സംഭീതനുമായ അഭയാര്‍ത്ഥിക്ക് ഏതു പാതിരാക്കും മുട്ടാവുന്നതായിരുന്നു ഹിജ്‌റ തുറന്നിട്ട ലോകത്തിന്റെ വാതില്‍.
രണ്ട്
ഭൂമിയില്‍ സകലതും നിങ്ങളുടെ ആവശ്യങ്ങള്‍ക്കായി സംവിധാനിച്ചിരിക്കുന്നുവെന്ന്(ഖുര്‍ആന്‍) പറയുമ്പോള്‍ ഏതെങ്കിലുമൊരു ജനത്തെ ദൈവമതില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. പരിമിതമായ ആവശ്യങ്ങളുമായി വരുന്ന അഭയാര്‍ത്ഥികളെ വിശേഷിച്ചും. എന്നല്ല, ചോദിച്ചുവരുന്നവര്‍ക്കും ജീവിത വിഭവങ്ങള്‍ നിഷേധിക്കപ്പെട്ടവക്കും നിങ്ങള്‍ക്കുള്ളതില്‍ കണിശമായ ഓഹരിയവകാശമുണ്ടെന്ന്(ഖുര്‍ആന്‍) ദൈവം കീര്‍ത്തിക്കുന്നു. അഭയാര്‍ത്ഥികളായല്ല വിരുന്നുകാരും പങ്കുകാരുമായി പരിഗണിക്കപ്പെടാന്‍ അര്‍ഹരും അവകാശികളുമാണ് അവരെന്ന് ഹിജ്‌റ നമുക്ക് പറഞ്ഞുതരുന്നു.
എല്ലാമുപേക്ഷിച്ചാണ് അവര്‍ ജന്മദേശത്തിന്റെ പടിയിറങ്ങിയത്. സമ്പത്തു മാത്രമല്ല, ഇണകളെയും മക്കളെയുമടക്കം സകലതും ഖുറൈശികള്‍ അവരില്‍നിന്ന് വേര്‍തിരിച്ചുകളഞ്ഞിട്ടുണ്ട്. വയററിഞ്ഞൊന്ന് ആഹരിക്കാനില്ലാതെ, ഉടുത്തതൊന്ന് മാറ്റിയുടുക്കാനില്ലാതെ, മൂര്‍ദ്ധാവുതിളക്കുന്ന ഉച്ചച്ചൂടില്‍ ഒരിലയുടെ നിഴല്‍ പോലും മറയിടാനില്ലാതെ ഒരു സംഘം മനുഷ്യര്‍ മദീനയെ സമീപിക്കുകയാണ്. അറുനൂറു മൈല്‍ ദൂരം ഒരു കഴുതയെ മാറിമാറി പങ്കിട്ട് വഴിതാണ്ടിയവരുണ്ട്. അതുപോലും കഴിയാതെ ചുട്ടുപഴുത്തുപതക്കുന്ന മണലില്‍ ചവിട്ടി കാലടികള്‍ വെന്തുപോയവരുണ്ട്. പൈദാഹം കൊണ്ട് പാതിവഴിയില്‍വീണ് പരലോകം കണ്ട ഭാഗ്യവാന്മാരില്‍ പെടാത്തതുകൊണ്ട് ആരുടെയോ താങ്ങുകളില്‍ അര്‍ദ്ധപ്രാണരായി വന്നണഞ്ഞവരുണ്ട്. തെരുവില്‍ കാത്തിരിക്കുന്ന ഒരു മുഖം പോലും അവര്‍ മുമ്പൊരിക്കല്‍പോലും കണ്ടവരല്ല. പോകട്ടെ പച്ചവെള്ളം കൊണ്ടുപോലും മുമ്പൊരിക്കലും പരസ്പരം ബന്ധപ്പെട്ടവരല്ല. മദീനയില്‍ പാതയോരത്ത് പന്തലുകള്‍ ഉയര്‍ന്നില്ല. വാതുരുളികളില്‍ കഞ്ഞിപാര്‍ച്ചകള്‍ നടന്നില്ല.
അതൊരാഹ്വാനം മാത്രമായിരുന്നു, നിങ്ങളന്യോന്യം സഹോദരന്മാരാണ്.
അമ്മാറിനെ ഹുദൈഫ, അബൂബക്കറിന് ഖറജ്, ഉമറിനെ ഉത്ബാന്‍, ഉസ്മാനെ ഔസ്, അബൂദര്‍റിനെ അല്‍മുന്‍ദിര്‍, അബ്ദുറഹ്മാനെ സഅ്ദ്, സുബൈറിനെ സലാമ, ത്വല്‍ഹയെ കഅ്ബ്… ഓരോ കുടിയേറ്റക്കാരനെയും മദീനയിലെ ഓരോ വീടും ഉള്‍ക്കൊണ്ടു. സഹോദരനാക്കി ജ്ഞാനസ്‌നാനം കൊണ്ടു. സ്വന്തം മനസ്സിന്റെ പിശുക്കില്‍നിന്ന് അവര്‍ ചിറകുകുടഞ്ഞു പുറത്തുകടന്നു.
‘മുമ്പേ(മദീനയിലെ) കുടികിടപ്പുകാര്‍, അവര്‍ അഭയമന്വേഷിച്ചെത്തിയവരോട് സ്‌നേഹം പ്രകടിപ്പിച്ചവരും കുടിയേറ്റക്കാര്‍ക്കു ലഭിച്ച ഏതെങ്കിലും ഒരു സൗകര്യത്തില്‍ അവരോട് അസൂയയില്ലാത്തവരുമായിരുന്നു എന്നല്ല, സ്വയം ദരിദ്രനായിരിക്കെ തന്നെ അവര്‍ വന്നുചേര്‍ന്നവര്‍ക്ക് മുന്‍ഗണന നല്‍കി. ആത്മാവിന്റെ പിശുക്കില്‍നിന്ന് വിടുതി നേടുകയും ചെയ്തു. അവരാണ് ഐശ്വര്യവാന്മാര്‍(50:9) എന്ന് ഖുര്‍ആന്‍ ആ ചരിത്രം അനുസ്മരിക്കുന്നു.
അവര്‍ വീടുകളില്‍ കുടികിടപ്പൊരുക്കുകയും ആഹാരവും സമ്പാദ്യങ്ങള്‍പോലും പകുത്തുകൊടുക്കുകയും ഇതഃപര്യന്ത ചരിത്രത്തിനറിയാത്ത ഭ്രാതൃത്വത്തില്‍ പരസ്പരം കൂടിച്ചേരുകയും ചെയ്തു. ഹിജ്‌റ തുറന്നിട്ട ഈ വാതില്‍ അന്യന്റെ വാക്കുകള്‍ സംഗീതമായ് ആസ്വദിച്ച ഒരു കാലഘട്ടത്തിന്റെ പരിഛേദമായിരുന്നു. വര്‍ത്തമാനകാല ദുരന്തത്തിനൊരു മറുപാഠവും.
മൂന്ന്
ഹിജ്‌റ പലായനമോ അഭയാന്വേഷണമോ മാത്രമായിരുന്നില്ലെന്ന് ചരിത്ര പാഠങ്ങള്‍ നന്നായി അന്വേഷിക്കുന്നവര്‍ക്ക് അറിയും. എന്നാണ് ഹിജ്‌റ അഥവാ പ്രയാണം അവസാനിക്കുന്നത്? വിജയത്തിന്(മക്കാവിജയം) ശേഷം പ്രയാണങ്ങളില്ല എന്നൊരു ഹദീസ് സുവിദിതമാണ്. മറ്റു പലതിലുമെന്നതുപോലെ സങ്കുചിതമായി വ്യാഖ്യാനിക്കപ്പെട്ട ഒരു നിവേദനമാണിതും. ഏതിനും ഉപര്യുക്ത വിജയത്തിന്റെ ചരിത്രം സ്വാതന്ത്ര്യത്തിന്റെ ഏഴാകാശങ്ങളും എത്തിപ്പിടിക്കലായിരുന്നു.
ജന്മദേശംവിട്ട പ്രയാണത്തിന്റെ എട്ടാം വര്‍ഷം ഹാജറയുടെ പേരമോന്‍ തിരിച്ചുവരികയാണ്. ഒരു നഗരം പ്രതിരോധിക്കാന്‍ മറന്നുപോയതുപോലെ. ഒരിക്കല്‍ താനിറക്കിവിട്ട ആ മനുഷ്യന്റെ മുമ്പില്‍ അത് തല താണുനിന്നു. തിരിഞ്ഞുനോക്കിയാല്‍ ഈ നഗരം പരിക്കേല്‍പ്പിക്കാത്ത ഒരു രോമകൂപം പോലും ആ ശരീരത്തിലില്ല. അപമാനിക്കാത്ത ഒരിഞ്ചിടം മനസ്സിലും. അതിലും എത്രയോ ഏറെ നഷ്ടപ്പെട്ടവരാണ് തന്റെ കൂടെ മടങ്ങിയ പലരും. യഥാര്‍ത്ഥത്തില്‍ ഇതാണ് സമയം. ഇതാണവസരം. ചക്രവര്‍ത്തിമാര്‍ കടന്നുപോയ പാതകളെമ്പാടും ഭൂപടത്തിലുണ്ടല്ലോ. കബന്ധങ്ങള്‍ തലങ്ങും വിലങ്ങും ചിതറിക്കിടക്കുന്ന അഗ്നിനാശനം ചെയ്ത ഒരു പുല്‍നാമ്പുപോലും പിന്നീട് മുളക്കാതെ പോയ… ജേതാവിനു മുമ്പില്‍ തങ്ങളുടെ വിധിയറിയാനുള്ള ആകാംക്ഷയില്‍ കണ്ണിനു കണ്ണും കാതിനു കാതും നാവിനു നാവും തലക്കു തലയും പ്രതീക്ഷിച്ചിരുന്ന പുരുഷാരത്തോട് അവിടുന്ന് പറഞ്ഞു: ഇന്നത്തെ ദിവസം പ്രതികാരമേതുമില്ല. ദൈവം നിങ്ങള്‍ക്ക് മാപ്പുതന്നിരിക്കുന്നു. ഞാനും. നിങ്ങള്‍ സ്വതന്ത്രരാണ് -നിങ്ങള്‍ സ്വതന്ത്രരാണ്… ഹിജ്‌റയുടെ/ പ്രയാണത്തിന്റെ പരിസമാപ്തി കെട്ടുപാടുകളില്ലാത്ത, ഉപാധികളില്ലാത്ത സ്വാതന്ത്ര്യമായിരുന്നു മഹാദാക്ഷിണ്യത്തിന്റെതും. പറഞ്ഞുകേട്ട കഥകളിലെ ‘മതഭ്രാന്തനായ മധ്യകാല ഗോത്രമുഖ്യ’ന്റെ ചരിത്രത്തില്‍ നിങ്ങളതാണ് കാണുക. ഹിജ്‌റ അഥവാ, അഭയാന്വേഷണം തുറന്നിടുന്ന സ്വാതന്ത്ര്യത്തിന്റെ അടയാത്ത വാതിലുകള്‍!
നാല്
ഹിജ്‌റയെ ചരിത്രത്തോട് ചേര്‍ത്തുവെച്ച് നിങ്ങള്‍ക്ക് വായിക്കാം, തന്നോട് തന്നെ ചേര്‍ത്തുവെച്ചും. ഒന്നാമത് വായനയില്‍ വിദൂര ഭൂതകാലത്തെ കാല്‍പനികമായ ഒരു ഗൃഹാതുരത്വമായി അതടങ്ങിയമര്‍ന്ന് പോകും. അത് നിങ്ങളെ കാര്യമായി സ്പര്‍ശിക്കണമെന്നില്ല. ഗ്രിഗേറിയന്‍ കലണ്ടറിലേക്ക് കാലുമാറ്റം ചെയ്തവര്‍ക്ക് കാലഗണനയുടെ പ്രയോജനം പോലും അത് നല്‍കുന്നില്ല. ഏറിയാല്‍ ആണ്ടു പിറവിയില്‍ ഒരനുസ്മരണ ചടങ്ങ്. അതുപോലും ആശുറായുടെ ചില ഓര്‍മകളെ ചുറ്റിപ്പറ്റി.
തന്നോട് തന്നെ ചേര്‍ത്തുവായിച്ചാലോ? ഹിജ്‌റ താനനുഭവിക്കുന്ന, വര്‍ത്തമാന ലോകമനുഭവിക്കുന്ന അനേകം പ്രതിസന്ധികളുടെ പച്ചമലയാളത്തിലുള്ള ഉത്തരമാണ്. ഉള്ളിലും പുറത്തും അഭയാര്‍ത്ഥിത്വത്തിന്റെ നൊമ്പരം പേറുന്ന വര്‍ത്തമാന കാലത്തിന്റെ പ്രത്യാശയം. ഐക്യരാഷ്ട്ര അഭയാര്‍ത്ഥി ഏജന്‍സി ചാര്‍ട്ട് ചെയ്ത 650 ലക്ഷം അഭയാര്‍ത്ഥികളുടെ കാര്യമായി ബാഹ്യമായി നിങ്ങള്‍ക്കതിനെ പഠിക്കാം. അവര്‍ കുടിയിറക്കപ്പെട്ടവരാണ്. ആരോപറഞ്ഞു, കാഴ്ചയുള്ള അന്ധനാണ് കുടിയിറക്കപ്പെടുന്നവനെന്ന്. എന്നാല്‍ വാക്കര്‍ത്ഥത്തില്‍ വീട്ടിലിരിക്കെ തന്നെ അഭയാര്‍ത്ഥിത്വമനുഭവിക്കുന്ന അനേകലക്ഷണങ്ങള്‍ ഈ കണക്കില്‍ പെടുന്നില്ല. മുമ്പൊരിക്കല്‍ ഇതേ പ്രസിദ്ധീകരണത്തില്‍ മാറാ രോഗികളെക്കുറിച്ചെഴുതിയപ്പോള്‍ ഹിജ്‌റയെ അനുസ്മരിക്കേണ്ടിന്നതോര്‍ത്തുകൊണ്ടാണ് ഈ വരികള്‍ എഴുതിപ്പോയത്. ആ വരികള്‍: മാറാരോഗികള്‍ ഒരര്‍ത്ഥത്തില്‍ ദേശത്യാഗികളാണ്. രോഗം സകലതും അപഹരിച്ചെടുത്തവര്‍. അയാള്‍ ഉപചരിക്കപ്പെടുകയും പരിചരിക്കപ്പെടുകയും വേണം. അതാണ് കല്‍പന. ഓരോ ദേശത്യാഗിയും ഒരു സഹായിയെ തേടുന്നുണ്ട്(മുഹാജിര്‍- അന്‍സ്വാരി ദ്വന്ദ്വം). ഓരോ ദേശത്യാഗിക്ക് വേണ്ടിയും (മുഹാജിര്‍) ഒരു സ്ഥലവാസി(അന്‍സ്വാരി) ഒരുങ്ങിയിരിക്കേണ്ടതുണ്ട്.”
വേറൊരു സാഹചര്യത്തിലും സന്ദര്‍ഭത്തിലും കുറിച്ചതാണെങ്കില്‍കൂടി, ഭൗതികമായും ഭൗതികാതീതമായും കുടിയിറക്കപ്പെട്ട മുഴുവന്‍ ജീവസഞ്ചയത്തിന്റെയും പുനരധിവാസമാണ് ഹിജ്‌റ സുരക്ഷിതമാക്കുന്നത്. ഒരുപക്ഷേ ഹിജ്‌റയുടെ പാഠങ്ങള്‍ നമുക്കിങ്ങനെ സംക്ഷേപിക്കാമെന്ന് തോന്നുന്നു.
– ദൈവമാണ് ഭൂമിയുടെ സ്രഷ്ടാവ്. അതില്‍ ഓരോ ഇഞ്ചിന്റെയും ഉടമയും പരമാധികാരിയും അവന്‍ മാത്രമാണ്.
– ദൈവത്തിന്റെ ഭൂമി വിശാലമാണ്. അതില്‍ ഓരോയിടവും പുണ്യമണ്ണാണ്. മനുഷ്യന്‍ ഉള്‍പ്പെടെ അവന്റെ സൃഷ്ടിജാലങ്ങള്‍ക്കെല്ലാമുള്ള അവകാശം മൗലികവും സ്ഥായിയും വിവേചനരഹിതവുമാണ്. അന്യായമായി അവയില്‍ ഒന്നിനുപോലും അവയുടെ അവകാശങ്ങള്‍ നിഷേധിച്ചുകൂടാ.
– വിശപ്പിന് ആഹാരവും ഭയത്തില്‍നിന്ന് അഭയവും എല്ലാ ഓരോ മനുഷ്യജീവിയുടെയും മൗലികാവകാശമാണ്.
– ദേശാന്തരഗമനങ്ങളും കുടിപ്പാര്‍പ്പുകളും തീര്‍ത്ത സംസ്‌കാരങ്ങളുടെയും നാഗരികതകളുടെയും ചരിത്രമാണ് മനുഷ്യന്റെത്. അമാനവീകതയെ പ്രചോദിപ്പിച്ച സകല പ്രവാചകന്മാരും ആചാര്യന്മാരും ഗുരുക്കന്മാരും മനുഷ്യനെ ശീലിപ്പിച്ചതും അതാണ്.
ദേശത്യാഗികള്‍ സഹോദരന്മാരായി സ്വീകരിക്കപ്പെടുകയും ഉള്ളതെല്ലാം ദൈവമേല്‍പിച്ച കരുതല്‍ മുതലാണെന്ന ഉത്തമ ബോധ്യത്തില്‍ പരസ്പരം പങ്കിട്ടെടുക്കുകയും ചെയ്യും. സാഹോദര്യത്തിന്റെ പ്രചോദനത്തിലാണ് മനുഷ്യസമൂഹം മുന്നോട്ടു നടന്നിട്ടുള്ളത്. ഒരു ശരീരം പോലെ ഒരു നിര്‍മിതി പരസ്പരം ബലപ്പെടുത്താനുള്ള കല്‍പനയുടെ പൂര്‍ത്തീകരണമാണ്.
– എല്ലാ കൃത്രിമ വിമോചനങ്ങള്‍ക്കും മീതെ മാനവീകതയുടെ സമ്പൂര്‍ണ സ്വതന്ത്ര്യപ്രഖ്യാപനത്തിലാണ് ഹിജ്‌റ പൂര്‍ത്തിയാകുന്നത്.
അബ്ദുല്ല മണിമ
You must be logged in to post a comment Login