സ്രഷ്ടാവ് പ്രപഞ്ചത്തെ രൂപകല്പന ചെയ്തിരിക്കുന്നത് ജീവജാലങ്ങള്‍ക്ക് സുഭിക്ഷം ആഹരിച്ച് സ്വസ്ഥമായി ജീവിക്കാനുള്ള ഇടമായിട്ടാണ്. മതങ്ങള്‍ മനുഷ്യരാശിക്ക് കൈമാറിയ അധ്യാപനങ്ങളുടെ സത്ത, ഭൂമുഖം ജീവിതയോഗ്യമല്ലാതാക്കുന്ന ദുശ്ശക്തികളെ എതിര്ത്തുതോല്പിക്കണമെന്നതാണ്. മുഴുവന്‍ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ ജീവിച്ചുമരിക്കാന്‍ അവകാശം വകവെച്ചുനല്‍കിയത് പടച്ചതമ്പുരാനാണ്. പ്രപഞ്ചത്തിന്റെ നാഥന് അല്ലാഹു മാത്രമാണെന്ന അചഞ്ചലമായ വിശ്വാസത്തിന്റെ അകപ്പൊരുള്‍ അന്വേഷിച്ചിറങ്ങിയാല്‍ കണ്ടെത്തുന്ന ഒരു യാഥാര്‍ത്ഥ്യം ഭൂമുഖത്ത് ഒരു മനുഷ്യനും മറ്റൊരാളെക്കാള്‍ അധികാരമോ മേധാവിത്വമോ ഇല്ല എന്നതാണ്. ഏതെങ്കിലുമൊരു സൃഷ്ടിജാലത്തിന് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് കൊടും അനീതിയായി മാറുന്നത് പ്രകൃതിനിയമത്തെ ഉല്ലംഘിക്കുന്നതിലൂടെയാണ്. മനുഷ്യരാശിയെ ജഗന്നിയന്താവ് ആദ്യം പഠിപ്പിച്ച ഈ പാഠം എല്ലായ്പ്പോഴും മറക്കുന്നു എന്നതാണ് മാനുഷിക ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസം. ജീവിക്കാനുള്ള ഒരു വിഭാഗം മനുഷ്യരുടെ അവകാശം ഹനിക്കുമ്പോഴാണ് അഭയാര്‍ത്ഥികള്‍ പിറക്കുന്നത്. അഭയം അര്‍ത്ഥിച്ച് അലയുന്നവനാണല്ലോ അഭയാര്‍ത്ഥി. ഇന്ന് ലോകത്ത് ഏഴുകോടിയോളം മനുഷ്യര്‍ അഭയാര്‍ത്ഥികളായി അലയുന്നുണ്ടത്രെ; ജീവിതപ്പെരുവഴിയില്‍ തല ചായ്ക്കാന്‍ ഇടമില്ലാതെ, ഒരുനേരം ക്ഷുത്തടക്കാന്‍ വകയില്ലാതെ, നാവ് നനക്കാന്‍ ഒരു കവിള് കുടിനീര് കിട്ടാതെ. വാസ്തുഹാരകളെ കുറിച്ചുള്ള ആഴത്തിലുള്ള ഏത് ചിന്തയും നന്മവറ്റിയ, നിരാര്‍ദ്രമായ മനുഷ്യരുടെ അനീതിയില്‍ മുക്കിയെടുത്ത കൈകടത്തലുകളുടെ നടുക്കുന്ന അനുഭവങ്ങളിലേക്കായിരിക്കും നമ്മെ കൈപിടിച്ചുകൊണ്ടുപോവുക.
അഭയാര്‍ത്ഥികളെ കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ ലോകത്തിന്റെ കൈയില്‍ കൃത്യമായുണ്ട്. ഇല്ലാത്തത് അഭയാര്‍ത്ഥികളെ സൃഷ്ടിച്ചുവിടുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാനുള്ള ഉപായങ്ങളും ദുരിതമുഖത്തുനിന്ന് ഈ മനുഷ്യജന്മങ്ങളെ രക്ഷപ്പെടുത്താനുള്ള പോംവഴികളുമാണ്. ആരാണ് അഭയാര്‍ത്ഥി? അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ കമ്മീഷന്റെ നിര്‍വചനമനുസരിച്ച്, യുദ്ധം, പീഡനം, അല്ലെങ്കില്‍ അക്രമം ഭയന്ന് സ്വന്തം രാജ്യത്തുനിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍. ഇവര്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കേണ്ടത് ആതിഥേയ രാജ്യമാണ്. അതോടെ പലതരം സഹായങ്ങള്‍ക്കും അവര്‍ അവകാശികളാവുന്നു. 2016ലെ കണക്കനുസരിച്ച് ലോകത്ത് ഏഴു കോടിയോളം മനുഷ്യര്‍ പിറന്ന മണ്ണില്‍നിന്ന് പിഴുതെറിയപ്പെട്ട് എവിടെയൊക്കെയോ ചുറ്റിത്തിരിയുന്നുണ്ട്. മൊത്തം അഭയാര്‍ത്ഥികളുടെ 30ശതമാനം സിറിയക്കാരാണത്രെ. എന്നാല്‍ വര്‍ത്തമാനകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട അഭയാര്‍ത്ഥി സമൂഹം റോഹിംഗ്യകളാണ്. ലബനാന്, തുര്‍ക്കി, പാകിസ്ഥാന് എന്നീ രാജ്യങ്ങള്‍ എടുത്താല്‍ മൊത്തം 55ലക്ഷം മനുഷ്യരാണത്രെ ഈ മൂന്ന് രാജ്യങ്ങളിലായി അഭയം തേടിയിരിക്കുന്നത്. എന്തിനു ഇവര്‍ പിറന്നമണ്ണ് ഉപേക്ഷിച്ചുവെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന ആഗോളസാഹചര്യത്തിന്റെ ക്രൂരതയിലേക്ക് ശ്രദ്ധ തിരിക്കേണ്ടിവരുന്നത്. ലബനാന് എന്ന കൊച്ചുരാഷ്ട്രത്തിന്റെമേല് 18ലക്ഷത്തോളം അഭയാര്‍ത്ഥികളെ കെട്ടിയേല്പിച്ചത് ഫലസ്തീന്, സിറിയന്‍ പ്രശ്നങ്ങളാണ്. 1948ല്‍ ഇസ്രയേലിന്റെ പിറവിയോടെ ആട്ടിയോടിക്കപ്പെട്ട ലക്ഷക്കണക്കിന് ഫലസ്തീനികള്‍ ജീവനും കൊണ്ട് ഓടിയപ്പോള്‍ വലിയൊരു വിഭാഗം ലബനാനില്‍ തലചായ്ക്കാന്‍ ഇടം കണ്ടെത്തി. സിറിയയില്‍ ആറ് വര്‍ഷമായി തുടരുന്ന ആഭ്യന്തര കലാപവും വിദേശ ആക്രമണവും ഒരു കോടിയിലേറെ മനുഷ്യരെ അലയാന്‍ വിട്ടുകൊടുത്തു. അയല്‍ രാജ്യങ്ങളായ തുര്‍ക്കിയിലും ലബനാനിലും മാത്രം അരകോടിയോളം മനുഷ്യര്‍ പ്രാണനും കൊണ്ട് ഓടിപ്പോകാന്‍ നിര്‍ബന്ധിതരായി. 66ലക്ഷം മനുഷ്യര്‍ ആഭ്യന്തര അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട് എന്ന് യു.എന്‍ ഏജന്‍സികള്‍ ചുണ്ടിക്കാട്ടുന്നു. ജീവിതപ്പച്ചപ്പ് തേടി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പുറപ്പെട്ട മനുഷ്യര്‍ അകപ്പെട്ട ദുരന്തങ്ങളാണ് ഐലാന്‍ കുര്‍ദിമാരെ ലോകത്തിനു സമ്മാനിച്ചത്.
അഭയാര്‍ത്ഥികളെ ഗള്‍ഭം ധരിക്കുന്ന ആസുരത
ലോകത്തിലെ അഭയാര്‍ത്ഥികളില്‍ 98 ശതമാനവും ഏഷ്യന്‍ , ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. വികസിത യൂറോപ്യന്‍ രാജ്യങ്ങളുടെ തെറ്റായ നയങ്ങളാണ് കോടിക്കണക്കിന് മനുഷ്യരെ ഇമ്മട്ടില്‍ നിരാലംബരും നിരാശ്രിതരുമാക്കി മാറ്റിയത്. യൂനിവേഴ്സിറ്റി ഓഫ് ലണ്ടനിലെ റിസര്‍ച്ച് അസോസിയേറ്റ് ലിന ഖാത്തിബ് എടുത്തുകാണിച്ച യാഥാര്‍ത്ഥ്യമിതാണ്: യൂറോപ്പിലെ അഭയാര്‍ത്ഥി പ്രശ്നം അനിവാര്യമായും സ്വയം അടിച്ചേല്പിക്കപ്പെട്ടതാണ്. സിറിയയിലേത് പോലുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ ഗൗരവതരമായ പരിഹാരം കാണുകയോ വിദേശരാജ്യങ്ങളില്‍ മാനുഷികസഹായങ്ങള്‍ ചെയ്യുന്നതിന് വേണ്ടത്ര സമയവും വിഭവങ്ങളും നീക്കിവെക്കുകയോ ചെയ്തിരുന്നുവെങ്കില്‍ യൂറോപ്പ് ഇന്നത്തെ അവസ്ഥയില്‍ എത്തിപ്പെടുമായിരുന്നില്ല. പടിഞ്ഞാറെന്നോ കിഴക്കെന്നോ അന്തമില്ലാതെ യൂറോപ്പിലെങ്ങും അഭയാര്ത്ഥികുടിയേറ്റ വിരുദ്ധ വികാരം ആളിപ്പടരുകയാണ്. പല രാജ്യങ്ങളിലും തിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണ വിഷയം ഇതുതന്നെ. കുടിയേറ്റത്തെ എതിര്‍ക്കുന്നതും അഭയാര്‍ത്ഥികള്‍ക്ക് നേരെ വാതിലുകള്‍ കൊട്ടിയടക്കുന്നതും ദേശസ്നേഹം അങ്കുരിപ്പിക്കുന്ന നയമായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥ. ഏത് രാജ്യത്തെയും തീവ്രവലതുപക്ഷത്തെ എടുത്തുപരിശോധിച്ചുനോക്കൂ. പരദേശികളോടുള്ള വെറുപ്പ് (ജിംഗോയിസം) ആയിരിക്കും അവരുടെ രാഷ്ട്രീയത്തിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയിട്ടുണ്ടാവുക. ഇംഗ്ലണ്ടില്‍ ബ്രെക്സിറ്റ് അനുകൂലികള്‍ വിജയിച്ചപ്പോള്‍ അത് യൂറോപ്പിന്റെ മരണദിനമായി വിശേഷിപ്പിക്കപ്പെട്ടത് ഒരുവേള എല്ലാ വന്‍കരകളിലും കോളനികള്‍ സ്ഥാപിച്ച ഒരു സാമ്രാജ്യം പെട്ടെന്നൊരു നാള് സ്വയം ഉള്‍വലിഞ്ഞ് ചെറിയൊരു ദ്വീപായി ചുരുങ്ങാന്‍ ജനം വിധി എഴുതിയപ്പോഴാണ്.
അയഭാര്ത്ഥികളുടെ ഉത്ഭവകേന്ദ്രങ്ങള്‍ ഒന്നൊന്നായി എടുത്തുപരിശോധിച്ചാല്‍ അവിടങ്ങളില്‍ നിലനില്‍ക്കുന്ന അപരിമേയമായ ദുരന്തങ്ങള്‍ക്കു പിന്നില്‍ പടിഞ്ഞാറന്‍ ശക്തികളുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ ഇടപെടലുകളും ഇടങ്കോലിടലുകളുമാണെന്ന് കാണാം. അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി ആവാസവ്യവസ്ഥയില്‍നിന്ന് പിഴുതെറിയപ്പെടുന്ന ഹതഭാഗ്യരല്ല, യൂറോപ്പിലോ അമേരിക്കയിലോ ജീവിക്കുന്ന ‘യജമാനന്മാരാ’ണെന്ന് ഏതന്വേഷണവും വെളിപ്പെടുത്തും. സിറിയ തന്നെ ഉദാഹരണമായെടുക്കാം. ടുണീഷ്യയില്‍ ഉടലെടുത്ത മുല്ലപ്പൂ വിപ്ലവം ഈജിപ്തിനെ തഴുകിത്തണുപ്പിച്ച് , യമനും കടന്ന് ലിബിയയില്‍ ചെന്നുനില്ക്കേണ്ടതായിരുന്നു. എന്നാല്‍ , കിട്ടിയ അവസരം മുതലെടുത്ത് പശ്ചിമേഷ്യയെ കുട്ടിച്ചോറാക്കാന്‍ കച്ചകെട്ടിയിറങ്ങിയ പടിഞ്ഞാറന്‍ സാമ്രാജ്യത്വശക്തികള്‍ ലിബിയയിലെ മുഹമ്മര്‍ ഗദ്ദാഫിയെ മൃഗീയമായി കഥ കഴിച്ചുവെന്ന് മാത്രമല്ല, സിറിയയും വിപ്ലവത്തിന് പാകമായി പഴുത്ത് നില്‍ക്കുകയാണെന്ന് വരുത്തിത്തീര്‍ത്ത ബശാറുല്‍ അസദിനെതിരെ അന്നാട്ടുകാരെ തെരുവിലിറക്കുകയായിരുന്നു. വിവിധ യുദ്ധമുഖങ്ങള്‍ തുറക്കപ്പെട്ടപ്പോള്‍ ധൂമപടലങ്ങളായി തകര്ത്തെറിയപ്പെട്ടത് ഒരുവേള, സാമ്പത്തികമായും സാംസ്കാരിമായും ഔന്നത്യങ്ങള്‍ കരഗതമാക്കിയ പുരാതനമായ ഒരു നാഗരികത ഒന്നാകെ. അഞ്ചുവര്‍ഷം കൊണ്ട് സിറിയയിലെ ജനസംഖ്യയില്‍ പകുതിയും കൊല്ലപ്പെടുകയോ വാസ്തുഹാരകളായി എടുത്തെറിയപ്പെടുകയോ ചെയ്തു. സിറിയ എന്ന ഒരു രാജ്യം ഇന്ന് ഭൂപടത്തില്‍ കാണാമെങ്കിലും മനുഷ്യവാസയോഗ്യമല്ലാത്ത , യുദ്ധങ്ങള്‍ ചവച്ചുതുപ്പിയ ഒരു പ്രേതഭൂമിമാത്രമാണ് ബശാറിന്റെ അധീനതയില്‍ ശേഷിക്കുന്നത്. ജീവന് ബാക്കിയായവര്‍ ഏതെങ്കിലും വന്‍കരയില്‍ അഭയം തേടി അലയുകയാണിന്ന്. പശ്ചിമേഷ്യന്‍ പ്രശ്നം രൂക്ഷമായ ഒരു ഘട്ടത്തില്‍ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ മുന്നോട്ടുവെച്ച ഒരഭിപ്രായമിതാണ്: ‘മിഡില്‍ ഈസ്റ്റിലെ മുഴുവന്‍ പ്രശ്നങ്ങളും പരിഹരിക്കേണ്ടത് അമേരിക്കന്‍ പ്രസിഡന്റിന്റെ ബാധ്യതയല്ല. എല്ലാ ദുഷ്ചെയ്തികള്‍ക്കും നമുക്ക് പ്രതിവിധി കാണാമെന്ന നമ്മുടെ വിശ്വാസം മിതമായിരിക്കണം’. ഈ പ്രസ്താവനയിലടങ്ങിയ നിരുത്തരവാദസമീപനം സ്പര്‍ശിക്കാതിരിക്കാന്‍ വയ്യ. മിഡില്‍ഈസ്റ്റിലെ സകലമാന കാലുഷ്യങ്ങള്ക്കും ഉത്തരവാദികള്‍ അമേരിക്കയുടെ പിഴച്ച വിദേശനയമാണെന്നിരിക്കെ, അഭയാര്‍ത്ഥി പ്രശ്നങ്ങളില്‍നിന്നൊക്കെ തന്ത്രപൂര്‍വം തലയൂരിയത് പ്രതിസന്ധി രൂക്ഷതരമാക്കി. ഐലാന്‍ കുര്‍ദി എന്ന ബാലന്റെ മയ്യിത്ത് തുര്‍ക്കിയുടെ തീരത്ത് ഹൃദയഭേദകമാംവിധം അടിയേണ്ടിവന്നു അഭയാര്‍ത്ഥികളുടെ നരകതുല്യമായ ജീവിതങ്ങളിലേക്ക് ലോകം കണ്ണയക്കാന്‍ . അപ്പോഴും ദിവസവും ആയിരക്കണക്കിന് മനുഷ്യരെ അഭയാര്‍ത്ഥികളായി വലിച്ചെറിയുന്ന പ്രക്രിയയെ കുറിച്ചും അതിനു പിന്നിലെ കൈരാതങ്ങളെ കുറിച്ചും ലോകം ചര്‍ച്ച ചെയ്തില്ല. മനഃപൂര്‍വമായിരുന്നു അത്. ചെയ്താല്‍ പ്രതിക്കൂട്ടില്നിര്ത്തപ്പെടുക ആയുധശക്തികളായിരിക്കുമല്ലോ. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ ഉന്മൂലനം ചെയ്യാനെന്ന പേരില്‍ അമേരിക്കയും അറബ് ശൈഖന്മാരും ഒരു ഭാഗത്തും റഷ്യയും ബശാറുല്‍ അസദിന്റെ പട്ടാളവും മറുഭാഗത്തും അറ്റമില്ലാത്ത ബോംബുകള്‍ വര്‍ഷിച്ചപ്പോള്‍ പതിനായിരിങ്ങള്‍ മരിച്ചുവീഴുകയും ശേഷിക്കുന്നവര്‍ അഭയാര്‍ത്ഥികളായി പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു. അലെപ്പോക്കുവേണ്ടിയുള്ള പോരാട്ടത്തിനു നടുവില്‍പെട്ട നഗരവാസികളുടെ വേദനാജനകമായ നിലവിളി മനഃസാക്ഷി മരിക്കാത്ത മനുഷ്യരുടെ കാതുകളില്‍ ഇന്നും അലയടിക്കുന്നുണ്ടാവണം. ഞങ്ങള്‍ ‘അന്ത്യദിനം ‘കാത്തിരിക്കയാണെന്ന് പട്ടാളത്താല്‍ വളഞ്ഞുവെക്കപ്പെട്ട നിസ്സഹായര്‍ ലോകത്തോട് വിളിച്ചുപറഞ്ഞിട്ടും ആരും കേട്ടില്ല. തങ്ങളെ രക്ഷിക്കാന്‍ ഇനി ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷ അസ്തമിച്ച ഘട്ടത്തില്‍ ഡോക്ടര്‍ മുഹമ്മദ് അബുറജബ് എന്നയാള്‍ ട്വിറ്ററിലൂടെ ലോകസമൂഹത്തോട് അന്തിമാഭ്യര്ത്ഥന നടത്തിയത് ഇങ്ങനെ: ‘അലെപ്പോ തകര്‍ത്തു ചാമ്പലാക്കിയിരിക്കുന്നു. ലോകത്തോടുള്ള അവസാനത്തെ വേദനയുടെ വിളിയാണിത്. കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും വൃദ്ധന്മാരുടെയും ജീവന് രക്ഷിക്കുക. ആരും ഇവിടെ ബാക്കിയില്ല. ഇനി ഞങ്ങളുടെ ശബ്ദം നിങ്ങള്‍ കേള്‍ക്കണമെന്നില്ല. ഇത് അവസാനത്തെ വിളിയാണ്. ലോകത്തിലെ സ്വതന്ത്രമനുഷ്യരോടുള്ള അന്തിമ അഭ്യര്‍ത്ഥന. അലെപ്പോ നഗരത്തെ ഒന്ന് നിങ്ങള്‍ രക്ഷിക്കൂ’.
കൊട്ടിയടക്കപ്പെട്ട വാതിലുകള്‍ക്ക് മുന്നില്‍
യുദ്ധത്തില്‍നിന്നും ഭരണകൂട ഭീകരതയില്‍നിന്നും രക്ഷപ്പെട്ടവര്‍ മുഴുവനും കെട്ടും ഭാണ്ഡവുമായി നാനാദിക്കുകളിലേക്ക് ഓടാന്‍ തുടങ്ങിയതാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ അഭയാര്‍ത്ഥി പ്രശ്നത്തെ പാരമ്യതയിലെത്തിച്ചത്. മധ്യധരണ്യാഴി നീന്തിക്കടന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ലക്ഷ്യം വെച്ച് പുറപ്പെട്ടവരില്‍ പലരും കടലിന്റെ ആഴങ്ങളിലേക്ക് നിശ്ചേതനമായി താണിറങ്ങി. 2014ല്‍ മാത്രം 3500പേര് ഇങ്ങനെ മുങ്ങിമരിച്ചതായി യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മറുകര കണ്ടവര്‍ തങ്ങള്‍ക്ക് നേരെ ഓരോ രാജ്യവും അതിര്‍ത്തികള്‍ കൊട്ടിയടക്കുന്ന ക്രൂരതക്കു മുന്നില്‍ നിലവിളിക്കാന്‍ പോലും ധൈര്യമില്ലാതെ നിര്‍ന്നിമേഷരായി നിന്നു. ശക്തിപ്രാപിച്ചുവരുന്ന തീവ്രവലതുപക്ഷ ചിന്താഗതി അഭയാര്‍ത്ഥികളില്‍ ഭീകരവാദികളുണ്ടെന്ന പ്രചാരണം അഴിച്ചുവിട്ട് തങ്ങളുടെ കാരുണ്യമില്ലായ്മക്ക് ന്യായീകരണം കണ്ടെത്തി. ജര്‍മന്‍ ചാന്സ്ലര് അന്‍ഗേല മെര്‍ക്കല്‍ മാത്രമാണ് ആ സന്ദര്‍ഭത്തില്‍ അല്പം അനുതാപത്തോടെ പെരുമാറിയത്. ‘മാമാ മാര്‍ക്കല്‍’ എന്നും അരികുവത്കരിക്കപ്പെട്ടവരുടെ അമ്മയെന്നുമൊക്കെ (‘ ങമാമ ങമൃസലഹ, ങീവേലൃ ീള ഛൗരേമേെ’) ലോകം അവരെ സ്നേഹാദരവോടെ വിളിച്ചു. ജീവകാരുണ്യത്തിന്റെ തിരി അണയാതെ കാത്തുസൂക്ഷിച്ചപ്പോള്‍ ജര്‍മന്‍ ജനത അവരെ കൈവിട്ടില്ല. ആഴ്ചകള്‍ക്ക് മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും അവര്‍ അധികാരത്തിലെത്തി. ചില ക്രിസ്ത്യന്‍ രാജ്യങ്ങള്‍ മുസ്ലിം അഭയാര്‍ത്ഥികളെ തങ്ങള്‍ക്കു വേണ്ടെന്ന് അശേഷം ലജ്ജയില്ലാതെ വിളിച്ചുപറഞ്ഞു. എന്തുകൊണ്ട് സമ്പന്നമായ അറബ്ഇസ്ലാമിക ലോകത്തേക്ക് ഇക്കൂട്ടരെ ആട്ടിത്തെളിക്കുന്നില്ലെന്ന് ചില മതഭ്രാന്തന്മാര് അട്ടഹസിച്ചു. അതേസമയം, ഡൊണാള്‍ഡ് ട്രംപിന്റെ ആഗമത്തോടെ അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെ കൊണ്ടുവന്ന കരിനിയമങ്ങള്‍, കുടിയേറ്റക്കാരാല്‍ സ്ഥാപിതമായ ഒരു രാജ്യത്തിന്റെ ആന്തരികസത്തയെ തന്നെ ചോര്‍ത്തിക്കളഞ്ഞു. വംശീയമായ സങ്കുചിതത്വവും വര്‍ഗീയമായ കാഴ്ചപ്പാടുമാണ് ട്രംപിന്റെ വിദേശനയത്തിന്റെ കാതല്‍ എന്ന് തിരിച്ചറിയപ്പെടുമ്പോഴേക്കും ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്ക്ക് നേരെ രാജ്യകവാടം പൂര്‍ണമായും കൊട്ടിയടക്കപ്പെടുന്ന ക്രൂരതക്ക് ലോകം മൂകസാക്ഷിയാവേണ്ടിവന്നു.
നോര്‍വീജിയന്‍ റെഫ്യൂജി കൗണ്‍സിലിന്റെ കണക്കനുസരിച്ച് പ്രതിദിനം 30,000 പേര് അഭയാര്‍ത്ഥി പ്രവാഹത്തില്‍ വന്നുചേരുന്നുണ്ട്. എഴുപത് വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയധികം മനുഷ്യര്‍ പിറന്നമണ്ണില്‍നിന്ന് വലിച്ചെറിയപ്പെടുന്നത്. ”ണല മൃല മ േമ റമിഴലൃീൗ െശേുുശിഴ ുീശി’േ’ എന്നാണ് അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഹൈകമീഷണര്‍ ആന്‍ോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കിയത്. ശരണാര്ത്ഥികളുടെ നിലക്കാത്ത പ്രവാഹത്തില്‍ ചില രാജ്യങ്ങള്‍ക്ക് കനത്ത ഭാരം ചുമലിലേല്ക്കേണ്ടിവരുന്നു. തുര്‍ക്കിയാണ് അതില്‍ മുന്‍പന്തിയില്‍. 20ലക്ഷം സിറിയക്കാര്‍ അതിര്‍ത്തി കടന്നു ഇവിടെ എത്തിയിട്ടുണ്ടത്രെ. അഭയാര്‍ത്ഥികള്‍ക്കായി ബില്യന്‍ കണക്കിന് ലിറ ചെലവിടുക എന്നത് അങ്കാറ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായി മാറിയത് ലോകരാജ്യങ്ങള്‍ അദ്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. രാജ്യത്ത് വന്നടിയുന്ന വരെ മുഴുവന്‍ അഭയാര്‍ത്ഥികളായി (ഞലളൗഴലല)െ റജിസ്റ്റര്‍ ചെയ്ത് ആരോഗ്യവിദ്യാഭ്യാസ സൗകര്യങ്ങള്‍ പ്രാപ്തമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കയാണ് അങ്കാറ ഭരണകൂടം. അപ്പോഴും ലോകത്തിന്റെ മൊത്തത്തിലുള്ളള പ്രതികരണം നിരാശാജനകവും കപടവുമാണെന്ന് പറയാതെ വയ്യ. ആംനസ്റ്റി ഇന്റര്‍നാഷനല്‍ സെക്രട്ടറി ജനറലിന്റെ വാക്കുകളില്‍ രോഷം അണപൊട്ടുന്നുണ്ട്: ”അഭയാര്‍ത്ഥി പ്രതിസന്ധി 21ാം നൂറ്റാണ്ടിലെ നിര്‍ണായക വെല്ലുവിളിയാണ്. എന്നാല്‍, അതിനോടുള്ള ആഗോളസമൂഹത്തിന്റെ പ്രതികരണം ലജ്ജാവഹമായ പരാജയമാണ്. നയത്തില്‍ വിപ്ലവകരമായ പുതുക്കിപ്പണിയല്‍ ആവശ്യമാണ്. ഈ വിഷയത്തില്‍ സമഗ്രവും വ്യവസ്ഥാപിതവുമായ ആഗോള തന്ത്രം ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. ”
ആരാലും ശ്രദ്ധിക്കപ്പെടാതെ, മരുഭൂമിയുടെ ഊഷരതയില്‍ ജീവന് കൊണ്ട് മല്ലടിക്കുന്ന അഭയാര്‍ത്ഥി സംഘമാണ് ആഫ്രിക്കന്‍ വന്കരയിലേത്. സബ് സഹാറന്‍ ആഫ്രിക്കയില്‍ മൂന്ന് ദശലക്ഷത്തിലേറെ അഭയാര്‍ത്ഥികള്‍ മരിച്ചുജീവിക്കുന്നുണ്ട്. ദക്ഷിണ സുഡാനിലെയും സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെയും ആഭ്യന്തര കലാപങ്ങളാണ് അഭയാര്‍ത്ഥിപ്രവാഹത്തിന് ആക്കംകൂട്ടിയത്. ജീവനുംകൊണ്ട് കൂട്ടപലായനം നടത്തുന്ന ജനതയില്‍ പത്തില്‍ അഞ്ച് രാജ്യവും ഈ മേഖലയില്‍തന്നെ. സോമാലിയ, സുഡാന്, എറിത്രിയ, എത്യോപ്യ എന്നിവിടങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ അയല്‍രാജ്യങ്ങളിലാണ് തണല്‍തേടി എത്തിയിരിക്കുന്നത്. ദക്ഷിണ സുഡാനില്‍ മതപരമായ ഭിന്നത സൃഷ്ടിച്ച കാലുഷ്യവും ഏറ്റുമുട്ടലുകളും ലക്ഷക്കണക്കിന് ഹതഭാഗ്യരെ വാസ്തുഹാരകളാക്കി. ഇവര്‍ എത്യോപ്യ, കെനിയ, ഉഗാണ്ട തുടങ്ങിയ അയല്‍രാജ്യങ്ങളിലാണ് ശരണം പ്രാപിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജന്സികള്നിന്ന് അര്‍ഹതപ്പെട്ട സഹായങ്ങളൊന്നും ലഭിക്കുന്നില്ല എന്ന പരാതിയാണ് എന്നും ആഫ്രിക്കയില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കാറ്. എന്നാല്‍, ക്രിസ്ത്യന്‍ മിഷനറിമാരുടെ സജീവമായി ഇടപെടലുകള്‍ ഹതഭാഗ്യര്‍ക്ക് തുണയാകാറുണ്ടെങ്കിലും വ്യാപകമായ മതംമാറ്റമാണ് മേഖലയിലെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണവും പ്രചോദനവുമെന്ന ആരോപണം ഉയരുന്നത് ഉത്തരവാദപ്പെട്ട ഔദ്യോഗിക ഏജന്‍സികളില്‍നിന്ന് തന്നെയാണ്.
കിഴക്കിന്റെ പാരമ്പര്യവും റോഹിംഗ്യകളുടെ ദുര്‍ഗതിയും
അഭയം തേടിയെത്തുന്നവരെ അതിഥികളായി വരവേല്‍ക്കുക എന്നതാണ് പൂര്‍വദേശങ്ങളുടെ പാരമ്പര്യം. ദേശസ്നേഹത്തിന്റെ ഉന്മാദത്തില് മനുഷ്യത്വം മറക്കുന്നതിനെതിരെ മഹാത്മജി മുന്നറിയിപ്പ് നല്‍കിയത് നമ്മുടെ വിദേശനയത്തിന്റെ ആധാരശിലയായി വര്‍ത്തിച്ചിട്ടുണ്ട്. ”എന്റെ ദേശീയ സങ്കല്പത്തില് എന്റെ രാജ്യം സ്വതന്ത്രമാവണം. എന്നാല്‍, രാജ്യം മുഴുവന്‍ മരിക്കേണ്ടിവന്നാലും മാനവരാശി ജീവിക്കണം. വംശീയവിദ്വേഷത്തിന് ഇവിടെ ഒരു ഇടവുമുണ്ടാവരുത്. എന്റെ ദേശസ്നേഹം മൊത്തം മനുഷ്യരാശിയുടെ നന്മ ഉള്‍ക്കൊള്ളുന്നതാണ്. ഒറ്റപ്പെട്ടുകൊണ്ടുള്ള സ്വാതന്ത്ര്യം ലോകരാജ്യങ്ങളുടെ ലക്ഷ്യമല്ല”. മനുഷ്യരെ ഒന്നായി കണ്ടുകൊണ്ടുള്ള ദേശീയനയം ഇന്ത്യ അംഗീകരിച്ചപ്പോള്‍ അയല്‍രാജ്യങ്ങളില്‍നിന്ന് അഭയം തേടിയെത്തിയ മനുഷ്യക്കുട്ടങ്ങളെ ഹൃദയംഗമായി എതിരേറ്റു എന്ന് മാത്രമല്ല, അവര്‍ക്ക് ജീവിക്കാനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയും ചെയ്തു. അങ്ങനെയാണ് അധിനിവേശപ്പട ആട്ടിയോടിച്ച അഫ്ഗാന് അഭയാര്‍ത്ഥികള്‍ക്ക് നമ്മുടെ തലസ്ഥാന നഗരിയിലടക്കം തല ചായ്ക്കാന്‍ ഇടം നല്‍കുന്നത്. തിബറ്റില്‍ കമ്യുണിസ്റ്റ് കിരാതവാഴ്ച ശ്വാസം മുട്ടിച്ചു ജീവിതം നരകതുല്യമാക്കിയ ബുദ്ധമത ആത്മീയ നേതാവ് ദലൈലാമയെയും അനുയായികളെയും പതിറ്റാണ്ടുകളായി അതിഥികളെ പോലെ നാം തീറ്റിപ്പോറ്റുകയാണ്. നേപ്പാളിലെ ആഭ്യന്തര സംഘര്‍ഷങ്ങളും സാമ്പത്തി പരാധീനതകളും എണ്ണമറ്റ തദ്ദേശവാസികളെ അതിര്‍ത്തിക്കിപ്പുറത്തേക്ക് ആകര്‍ഷിക്കപ്പെട്ടപ്പോള്‍ അവരുടെ മുന്നില്‍ രാജ്യകവാടം നാം തുറന്നുവെച്ചു. ശ്രീലങ്കയില്‍ ബുദ്ധമത തീവ്രവാദികള്‍ അഴിച്ചുവിട്ട പീഡനങ്ങള്‍ സഹിക്കവയ്യാതെ പൂര്‍വീക മണ്ണ് തേടിയെത്തിയ തമിഴരെ അഭയാര്‍ത്ഥികളായി സ്വീകരിക്കാന്‍ നാം ആവേശം കാണിച്ചു. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ജീവിതത്തിന്റെ നട്ടുച്ചയില്‍ ചാവേറാക്രമണത്തിലൂടെ കഥ കഴിച്ചിട്ടും തമിഴ് അഭയാര്‍ത്ഥികളോടുള്ള അനുതാപനയത്തില് നാം മാറ്റം വരുത്തിയില്ല. ഏതെങ്കിലും അഭയാര്‍ത്ഥി സമൂഹത്തോട് മനുഷ്യത്വരഹിതമായി ഇന്ത്യ പെരുമാറിയിട്ടുണ്ടെങ്കില്‍ അത് മ്യാന്മറില്നിന്നും പ്രാണനും കൊണ്ടോടി രക്ഷപ്പെടുന്ന റോഹിംഗ്യകളോട് മാത്രമാണ്. എന്താണ് വിദ്വേഷജഡിലമായ ഈ സമീപനത്തിന് നിദാനം എന്നന്വേഷിച്ചാല്‍ കണ്ടെത്താവുന്ന ഒരേയൊരു സത്യമിതാണ്: റോഹിംഗ്യകള്‍ മുസ്ലിംകളാണ് എന്നത് തന്നെ. അവര്‍ ഭീകരവാദികളാണ് എന്ന് പ്രചാരണത്തിലൂടെ ഡല്‍ഹി വാഴുന്ന ഹിന്ദുത്വശക്തികള്‍ തങ്ങളുടെ പിഴച്ച നയത്തിന് ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കുന്നുവെന്നത് വേറെ കാര്യം.
ഭൂമുഖത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന സമൂഹം എന്ന് യു.എന്‍ മനുഷ്യാവകാശ ഏജന്‍സി വിശേഷിപ്പിച്ച റോഹിംഗ്യകള്‍ 21ാം നൂറ്റാണ്ടിന്റെ മാനുഷിക കാഴ്ചപ്പാടിനെ പാപപങ്കിലമാക്കുന്നത് വികസിത, വികസ്വര രാജ്യങ്ങള്‍ ഒരുപോലെ ആ ജനവിഭാഗത്തോട് കാണിക്കുന്ന ക്രൂരവും മനുഷ്യത്വനിരാസവുമായ സമീപനത്താലാണ്. ഭൂമുഖത്തെ ഏറ്റവും ദരിദ്രമായ ബംഗ്ലാദേശ് എന്ന അയല്‍രാജ്യത്താണ് എട്ട്ലക്ഷത്തിലധികം റോഹിംഗ്യകള്‍ കഴിഞ്ഞ ആറ്മാസത്തിനുള്ളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. പഴയ ബര്‍മയിലെ രാഖിനെ പ്രവിശ്യ ഏതാണ്ട് വിജനമാക്കും വിധം മ്യാന്മര് സൈന്യവും ബുദ്ധമതഭ്രാന്തന്മാരും ചേര്‍ന്ന് മുസ്ലിം ജനസാമാന്യത്തെ പീഡിപ്പിച്ചും കൂട്ടക്കൊല നടത്തിയും ഗ്രാമങ്ങള്‍ ചുട്ടെരിച്ചും വംശവിച്ഛേദന പ്രക്രിയ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുമ്പോള്‍ ലോകം നിസ്സംഗമായി നോക്കിനില്ക്കുന്നു. ഇന്ത്യ പോലുള്ള മേഖലയിലെ വന്‍ശക്തികള്‍ നിയമത്തിന്റെ നൂലാമാലകള്‍ തീര്‍ത്ത്, മതവൈരത്തിന്റെ ദര്‍പ്പണത്തിലൂടെ ആ പേക്കോലങ്ങളോട് ക്രൂരമായി പെരുമാറുന്ന ജുഗുപ്സാവഹമായ കാഴ്ച നമ്മുടെ രാജ്യത്തിന്റെ പ്രതിഛായ തന്നെ ലോകത്തിനു മുന്നില്‍ വികൃതമാക്കിയിരിക്കുന്നു. വംശീയമായ ചേരിതിരിവും മതപരമായ ഭിന്നിപ്പും ഒരു രാജ്യത്തെ എങ്ങനെ പിശാചിന്റെ താവളമാക്കിമാറ്റുമെന്ന് ബര്‍മ തെളിയിച്ചുകൊണ്ടിരിക്കുമ്പോള്‍, അഭയാര്‍ത്ഥികള്‍ പിറക്കുന്നതും ലോകത്തെ അതുവഴി അസ്വാസ്ഥ്യജനകമാക്കുന്നതും നന്മ വറ്റിപ്പോകുന്ന ജീവിതപരിസരത്താണെന്ന് ഓര്‍മപ്പെടുത്തുന്നു. പ്രപഞ്ചത്തിന്റെ താളം പിഴക്കുന്നത് മനുഷ്യര്‍ മനുഷ്യരോട് കൊടുംക്രുരത കാട്ടുമ്പോഴാണ്. അഭയാര്‍ത്ഥികളാവട്ടെ ആ കൊടുംക്രൂരതയുടെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളും. ഹൃദയം നുറുക്കുന്ന അവരുടെ കാഴ്ചകള്‍ക്ക് മുന്നില്‍ വാവിട്ടുകരയുന്നതിനു പകരം, മനുഷ്യത്വത്തിന്റെ ജൈവചൈതന്യം ഉയര്‍ത്തിപ്പിക്കാന്‍ ആസുര ശക്തികളോട് പടപൊരുതുകയാണ് വാസ്തുഹാരകളോടുള്ള നമ്മുടെ കടമയെന്ന് ഓര്‍ക്കേണ്ട സന്ദര്‍ഭം ഇതുതന്നെ.
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login