സത്യവിശ്വാസത്തില്‍ സംശയത്തിന് പഴുതില്ല

സത്യവിശ്വാസത്തില്‍ സംശയത്തിന് പഴുതില്ല

നേര്‍വഴിയിലെത്തിയവര്‍ ഭാഗ്യവാന്മാര്‍. അവര്‍ക്ക് ഹൃദയ വിശാലതയും സൂക്ഷ്മതയും അല്ലാഹു നല്‍കുന്നു. സൂറത്ത് മുഹമ്മദ് 17 ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്. പാരത്രിക ലോകത്ത് സുഖലോക പാരമ്യതയാണ് ഓരോ വിശ്വാസിയുടെയും തേട്ടം. അഥവാ സ്വര്‍ഗത്തെയും അതിലെ അനിര്‍വചനീയ അനുഗ്രഹങ്ങളെയും. അതിനൊരു കാരണവുമുണ്ട്. ഉടയോന്‍ സ്വര്‍ഗത്തെ ചൂണ്ടി പറയുന്നുണ്ടല്ലോ ഇത് എന്റെ അടിമക്ക് വേണ്ടിയുള്ളതാണ്. ഞാനിത് അവന് നല്‍കുന്നതാണ്. ദൈവകോപത്തിനിരയായവര്‍ക്ക് പക്ഷേ സ്വര്‍ഗപ്രവേശം സാധ്യമല്ല. ഫാതിഹയിലെ മുഖ്യമായ ഇരക്കല്‍ അതുതന്നെയല്ലേ. നാഥാ, നിന്റെ കോപത്തിനിരയായവരുടേതല്ലാത്ത വഴിയില്‍ കൂട്ടണേ. തീക്ഷ്ണനോട്ടത്തിനിരയായവരുടെ ദുരനുഭവം സൂറത്ത് മാഇദ വിശദമാക്കുന്നുണ്ട്.
നേര്‍മാര്‍ഗം സിദ്ധിച്ചവര്‍ തന്നെ വീണ്ടും നേര്‍മാര്‍ഗം തേടുന്നതില്‍ ബഹുവിധ നേട്ടങ്ങളുണ്ട്. വിശ്വാസത്തെ ഊട്ടിയുറപ്പിക്കാനും കര്‍മങ്ങളെ കൂടുതല്‍ വെടിപ്പാക്കാനും ഈ പ്രാര്‍ത്ഥന ഉപകരിക്കും.

ആമീന്‍ എന്നതും ഒരു തേട്ടം തന്നെ. ഞങ്ങളുടെ തേട്ടങ്ങളെയെല്ലാം നീ സ്വീകരിക്കണേ, വെറും ൈകയ്യോടെ മടക്കല്ലേ എന്നിങ്ങനെയാണതിന്റെ ഉള്‍സാരം. ഫാതിഹ പാരായണത്തില്‍നിന്ന് വിരമിച്ചയുടനെ ആമീന്‍ ചൊല്ലുന്നത് തിരുചര്യ കൂടിയാണ്. തിരുനബിയോട് ചേരുന്നതിന്റെയും അടിമയുടെ കേണപേക്ഷയുടെയും ശബ്ദമാണ് ആമീന്‍.
ആമീന്‍ അറബി പദമല്ലെന്നാണ് ഒരു നിരീക്ഷണം. എന്നാല്‍ അറബി ഭാഷയോട് ചേര്‍ക്കപ്പെട്ട അനേകം പദങ്ങളിലൊന്നാണെന്ന് കൂറേ പേര്‍ക്ക് അഭിപ്രായമുണ്ട്. ഏതൊരു ഭാഷയും ഏകമാനമായ ഒരുണങ്ങിയ പ്രതലമല്ലല്ലോ. കൊണ്ടും കൊടുത്തുമാണത് വികസിച്ചത്. അറബി വ്യാകരണത്തില്‍ ഈ പദസംബന്ധിയായ ചര്‍ച്ചകളുണ്ട്.

അല്‍ബഖറ:
ഹിജ്‌റാനന്തരം അവതരിച്ചതാണ് അല്‍ബഖറ. ഖുര്‍ആനിലെ രണ്ടാം അധ്യായം. ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളാണ് ഇതിലെ പ്രതിപാദ്യം.
ബഖറയെന്നാല്‍ പശുവെന്നര്‍ത്ഥം. പശുവുമായി ബന്ധപ്പെടുത്തി ഒരു കഥ ഇതിലുണ്ട്. അതിങ്ങനെയാണ്: മൂസാനബി(അ)യുടെ കാലത്ത് ഇസ്‌റായേല്‍ സന്തതികളില്‍ ഒരാള്‍ തന്റെ സഹോദരനെ വധിച്ചു. സമ്പത്തായിരുന്നു പ്രചോദനം. കുറ്റത്തില്‍നിന്ന് രക്ഷനേടാന്‍ മൃതദേഹം മറ്റൊരു ഗ്രാമത്തില്‍ കൊണ്ടുപോയി തള്ളി. ജനങ്ങള്‍ക്ക് ഘാതകനെ അറിയണം. പരാതി മൂസാ നബിയിലേക്കെത്തി. പശുവിനെ അറുക്കാനായിരുന്നു നബി കല്‍പന. കേട്ടവര്‍ക്ക് പരിഹാസവും ദേഷ്യവും. അറുക്കപ്പെട്ട പശുവിന്റെ ഒരു ഭാഗമെടുത്ത് മൃതശരീരത്തില്‍ തൊട്ടാല്‍ സ്വന്തം ഘാതകനെ വിളിച്ചുപറയുമെന്ന് മൂസാ നബി ഉറപ്പുകൊടുത്തു. അവര്‍ക്ക് നബിയെ ഒന്ന് ചെറുതാക്കണം. അതിനുവേണ്ടി ഊളച്ചോദ്യങ്ങല്‍ തൊടുത്തുവിട്ടു. എല്ലാത്തിനും നബി ക്ഷിപ്രേണ പ്രതികരിച്ചു. പശുവിന്റെ നിറവും പ്രായവും അഴകും ആകാരവുമാണ് അവര്‍ ചോദിച്ചുകൊണ്ടേയിരുന്നത്. ഓരോ ചോദ്യവും തങ്ങള്‍ക്ക് തന്നെയുള്ള വലിയ കുഴിയൊരുക്കുകയായിരുന്നുവെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. ലക്ഷണമൊത്ത പശുവിനെ തേടി അവര്‍ പുറപ്പെട്ടു.

ഇതിന് പിന്നിലെ വേറൊരു കഥ കൂടി വായിക്കാം. ഇസ്‌റായേല്‍ ദേശത്ത് സാത്വികനായ ഒരാളുണ്ടായിരുന്നുവത്രെ. ഒരു ഭാര്യയും ഒരു മകനുമുള്ള അയാള്‍ നിര്‍ധനനായിരുന്നു. ഹലാല്‍ മാത്രമേ കുടിക്കൂ, ഉടുക്കൂ, കൊടുക്കൂ. സൂക്ഷ്മജീവിതത്തില്‍ പേരുകേട്ട അദ്ദേഹം മരിക്കുന്ന നേരത്ത് ഒരു പശു സമ്പാദ്യമായുണ്ടായിരുന്നു. മകനാണെങ്കില്‍ കുട്ടിപ്രായത്തിലാണ്. പശുവിനെ ആരെ ഏല്‍പിക്കുമെന്നായി ആശങ്ക. കൂടുതല്‍ ആലോചിച്ചുനില്‍ക്കാതെ അല്ലാഹുവില്‍ ഭരമേല്‍പിച്ച് മേച്ചില്‍പുറത്ത് വിട്ടു. പ്രായം തികഞ്ഞപ്പോള്‍ ഉമ്മ മകനോട് ഇക്കാര്യം ബോധിപ്പിച്ചു. മേച്ചില്‍ പുറത്തെത്തി മകന്‍ ദുആ ചെയ്തു. അല്ലാഹു ആ അമാനത്ത് തിരിച്ചുനല്‍കി.
മൂസാനബിയുടെ അടുത്തുനിന്ന് നിബന്ധനയൊത്ത പശുവിനെ തിരഞ്ഞുവന്നവര്‍ എത്തിയത് ഇവിടെയാണ്. പ്രായവും നിറവും കോലവും അപ്പറഞ്ഞ അതേരൂപത്തില്‍തന്നെ. ഒരു പശുത്തോല്‍ നിറയെ സ്വര്‍ണനാണയം വിലകൊടുത്ത് അവര്‍ പശു സ്വന്തമാക്കി.
നടേ നിശ്ചയിച്ചപോലെ കാര്യങ്ങളെല്ലാം നടന്നു. പശുവിനെ അറുത്തു. മൃതദേഹത്തെ പശുവിന്റെ ഭാഗം കൊണ്ട് തൊട്ടു. മൃതദേഹം ഘാതകനെ വിളിച്ചുപറഞ്ഞു. ഇത്രയുമാണ് അല്‍ബഖറയിലെ പശുക്കഥ. പുനര്‍ജന്മത്തിന്റെ മാതൃക കൂടി ഇക്കഥ ഉള്‍കൊള്ളുന്നുണ്ട്. വിശ്വാസശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളെ തൊട്ടുകൊണ്ടാണ് ബഖറ സൂക്തം മുന്നോട്ടുപോകുന്നത്.
ഹിജ്‌റയുടെ മുമ്പും പിന്നുമായി മക്കത്തും മദീനത്തുമാണ് ഖുര്‍ആന്‍ അവതരിച്ചത്. അല്ലാഹു തിരുദൂതരിലൂടെ ലോകത്തിനിത് സമ്മാനിച്ചു. ഫാതിഹക്ക് ശേഷമുള്ള ആദ്യസൂക്തം തന്നെ മദനിയ്യ് ആയതിലും നന്നേ ആലോചിക്കാനുണ്ട്. എത്രപോരിശയുടെ വര്‍ത്തമാനങ്ങളാണിത്. അല്ലാഹു, മുഹമ്മദ്(സ്വ), മക്ക, മദീന… വിശ്വാസിയുടെ ഓരോ മാത്രയും ഇതിലൂടെയാണല്ലോ കടന്നുപോകുന്നത്.

ദഅ്‌വത്ത്/ ഇസ്‌ലാമിക പ്രബോധനമാണ് ഖുര്‍ആന്റെ സത്ത. അതിനാല്‍ ഏത് മണ്ഡലത്തിലുള്ള പ്രബോധിതരെയും ഖുര്‍ആന് വിട്ടുകളയാനാവില്ല. ജനസാകല്യത്തിലേക്കാണ് അതിന്റെ നോട്ടം. എല്ലാ ആശയധാരകളെയും ഖുര്‍ആന്‍ പ്രശ്‌നവത്കരിക്കുന്നുണ്ട്. പ്രധാനമായും മൂന്ന് വിഭാഗത്തെയാണ് എടുത്തുദ്ധരിക്കുന്നത്. വിഗ്രഹാരാധകര്‍, പൂര്‍വകാല വേദവിശ്വാസികള്‍, പ്രത്യേക വിശ്വാസ വഴിയില്‍ ചേരാതെ തന്നെ സത്യം നിഷേധിച്ചവര്‍.
ബഖറയുടെ പ്രധാന പ്രമേയം ഇതുതന്നെയാണ്. സത്യവിശ്വാസത്തില്‍ സംശയത്തിനൊരു പഴുതില്ലെന്ന മട്ടില്‍ പാരത്രിക ലോകത്തിന്റെ അനുഭവങ്ങളെയും പരാജിതരുടെ നോവുകളെയും മുന്നില്‍ കാണുന്നപോലെ ബഖറ അവതരിപ്പിക്കുന്നു. നേരിന്റെ വഴിയിലേക്ക് ജനങ്ങളെ വിളിക്കുകയാണ് ഇതിലൂടെ.
സ്വഹാബത്തും ഈ വിളി ഏറ്റെടുത്തു. ദഅ്‌വത്തിന്റെ വഴിയില്‍ അവര്‍ ഒരുപാട് സഹിച്ചു. ധര്‍മയുദ്ധത്തിന് വരെ നേരിട്ടിറങ്ങി. ദീനിനുവേണ്ടി മുന്നില്‍ അവര്‍ എല്ലാം സമര്‍പ്പിച്ചപ്പോള്‍ ദീന്‍ അതിര്‍ത്തി ഭേദിച്ച് ഒഴുകി. ജീവിത ദൗത്യമായിട്ട് ദീനീ ഖിദ്മയെ കണ്ടവരാണ് സ്വഹാബ. വിഗ്രഹ പൂജകര്‍ക്കും വേദവിശ്വാസികള്‍ക്കും സത്യവിരോധികള്‍ക്കും മതത്തിന്റെ മധുപകരാന്‍ ഇത് വലിയൊരു ഹേതുവായി.

മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി

You must be logged in to post a comment Login