ഇമാം ഹദ്ദാദ്: ഓര്‍മകള്‍ മായുന്നില്ല

ഇമാം ഹദ്ദാദ്: ഓര്‍മകള്‍ മായുന്നില്ല

രാത്രി വളരെ വൈകിയിട്ടും കുഞ്ഞ് ഉറങ്ങുന്നില്ല. കരച്ചിലോട് കരച്ചിലാണ്. മാതാപിതാക്കള്‍ പരിഭ്രാന്തരായി. നേരം വെളുക്കുവോളം കരഞ്ഞ് കൊണ്ടേയിരുന്നു. നേരം വെളുത്തപ്പോള്‍ കണ്ട കാഴ്ച എല്ലാവരെയും ഒന്നടങ്കം സ്തബ്ധരാക്കി. കുഞ്ഞിനെ പൊതിഞ്ഞിരുന്ന തുണിയില്‍ ഒരു ഉഗ്രന്‍ തേള്. അത് കുഞ്ഞിനെ തലങ്ങും വിലങ്ങും കുത്തിയിരിക്കുന്നു. തേളിന്റെ കടിയും വിഷവുമേറ്റ് വെളുത്ത ശരീരം ചെമ്പകം പോലെ ചുവന്നിരിക്കുന്നു. ഏതാണ്ട് ഇരുപതോളം കടി ഏറ്റിട്ടുണ്ട്. പക്ഷേ, അത്ഭുതമെന്ന് പറയട്ടെ, പിഞ്ചു കുഞ്ഞിന് മറ്റ് യാതൊരു കേടുപാടും ഇതിനാലെ ഉണ്ടായില്ല.
യമനിലെ നബികുടുംബത്തില്‍ പ്രധാനിയും ആധ്യാത്മ ഗുരുവുമായ ഇമാം അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) ചരിത്രത്തിലെ സവിശേഷമായഒരു സാന്നിധ്യമാണ്. ഇമാം ജനിച്ച നാളിലുണ്ടായ ഒരു സംഭവമാണ് മുകളില്‍. ഹിജ്‌റ വര്‍ഷം 1044 സഫര്‍ മാസം 5 തിങ്കളാഴ്ച ദിവസമാണ് ജനനം. യമനിലെ പ്രശസ്തിയാര്‍ജിച്ച അലവി കുടുംബത്തില്‍നിന്നുള്ള അലവിബ്‌നു മുഹമ്മദ് തങ്ങളുടെ ഹബ്ശി കുടുംബത്തില്‍നിന്നുള്ള സല്‍മ ബീവിയുടെയും മകനാണ്. അവര്‍ മകനെ അബ്ദുല്ല എന്ന് പേര് വിളിച്ചു. പരീക്ഷണങ്ങള്‍ അവിടെ അവസാനിക്കുന്നില്ല. നാല് വയസ്സുള്ളപ്പോള്‍ കുട്ടിക്ക് വസൂരി വന്നു. തന്മൂലം അന്ധതയുണ്ടായി. ഒരിക്കലും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത രീതിയില്‍ പരിപൂര്‍ണ അന്ധനായി മാറി. മാതാപിതാക്കള്‍ക്ക് ഹൃദയങ്ങളില്‍ കനല്‍ കോരിയിടുന്നത് പോലെ അനുഭവപ്പെട്ടു. പക്ഷേ, ജഗന്നിയന്താവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. കാഴ്ച ഇരട്ടിച്ച പോലെ കുട്ടിയില്‍ മാറ്റങ്ങള്‍ കാണുവാന്‍ തുടങ്ങി. പുറം കാഴ്ച പൂര്‍ണമായി നഷ്ട്ടപ്പെട്ടെങ്കിലും അകകാഴ്ചകൊണ്ട് സൃഷ്ടാവ് ഇമാമിനെ അനുഗ്രഹിക്കുകയായിരുന്നു.

ആരാധന, പഠനം
ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കിയ ഹദ്ദാദ് (റ) അധിക സമയവും ആരാധനയില്‍ ഉത്സാഹം കാണിച്ചു. മകന്‍ ശരീരം മറന്ന് ഇബാദത്തുകളില്‍ വ്യാപൃതനാവുന്നത് കണ്ട് മാതാപിതാക്കള്‍പിന്തിരിപ്പിക്കാന്‍ ശ്രമിച്ച് കൊണ്ടിയിരുന്നു. ക്ലാസ്സ് കഴിഞ്ഞാല്‍ തരീമിലെ ബനീ അലവി പള്ളിയിലായിരിക്കും കാണുക. ളുഹാ സമയത്ത് നിസ്‌കാരത്തില്‍ പ്രവേശിച്ചാല്‍ ഇരുന്നൂറോളം റകഅത്ത് വരെ നീണ്ടുനില്‍ക്കും അത.് തന്റെ കണ്ണിന്റെ കാഴ്ച സൃഷ്ടാവ് തിരിച്ച് എടുത്തെങ്കിലും അവന്‍ തന്ന മറ്റ് അനുഗ്രഹങ്ങള്‍ക്ക് എത്ര നന്ദി ചെയ്താലും മതിയാവില്ല എന്നായിരുന്നു നിലപാട്. നിസ്‌കാരത്തിന് ശേഷം നീണ്ട പ്രാര്‍ത്ഥനയാണ്.’അലി (റ)വിനും സിദ്ധീഖ് (റ)വിനും നിന്റെയടുത്തുള്ള സ്ഥാനം എനിക്കും നല്‍കണമേ നാഥാ’ എന്നതായിരുന്നു പ്രധാന പ്രാര്‍ത്ഥനകളിലൊന്ന്. അതിനുത്തരമാണ് പിന്നീടുണ്ടായ പ്രൗഢിയും പ്രശസ്തിയും. തരീമിലെ മസ്ജിദുല്‍ ഹുജൈര്‍ ആയിരുന്നു ആരാധനക്ക് വേണ്ടി പ്രധാനമായും തിരഞ്ഞെടുത്തിരുന്നത്. ഹിജ്റ 1061 റമളാനോടെ അവിടെ താമസമാക്കി. ആരാധനകള്‍ക്ക് കോട്ടം സംഭവിക്കാതിരിക്കാന്‍ ഭക്ഷണം, വസ്ത്രം തുടങ്ങി പലതിലും മിതത്വം പാലിച്ചു. തരീമിലെ കുന്നുകളായിരുന്നു അവിടുത്തെ ഇഷ്ട കേന്ദ്രം. സമപ്രായക്കാര്‍ വിനോദങ്ങള്‍ക്ക് വേണ്ടി കുന്നുകള്‍ കയറിയപ്പോള്‍ ഇമാം ഇലാഹീ സ്മരണയില്‍ ഒറ്റക്കിരുന്നു.

പഠനം ഹരമായിരുന്നു. ഇബാദത്ത് കഴിഞ്ഞാല്‍ മുഴുവന്‍ സമയവും ദീനീ വിജ്ഞാനത്തിന് വേണ്ടിയാണ് വിനിയോഗിച്ചത്. കാഴ്ചശേഷിയില്ലാത്ത മകനെ മാതാപിതാക്കള്‍ വെറുതെ വീട്ടിലിരുത്തിയില്ല. ഒളരെ ഉത്സാഹത്തോടെ തന്നെ പഠനത്തിന് അയച്ചു. ഏത് വിഷയവും വായിച്ച് കേള്‍പ്പിച്ചാല്‍ തന്നെ അത് ഹൃദ്യസ്ഥമാക്കുമായിരുന്നു. ആദ്യമായി പഠിക്കാന്‍ മുതിരുന്ന ഗ്രന്ഥം കര്‍മ്മശാസ്ത്രത്തിലെ പ്രശസ്തമായ ഇര്‍ശാദാണ്. പിതാവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം കര്‍മശാസ്ത്ര ഗ്രന്ഥമായ ‘ബിദായ’ മന:പാഠം തുടങ്ങി. ആ സമയത്താണ് കര്‍മശാസ്ത്രത്തില്‍ അഗ്രഗണ്യനായ ബാജുബൈര്‍ എന്നവരെ കുറിച്ച് കേള്‍ക്കുന്നത്. നേരത്തെ പാതി വഴിയില്‍ പഠനമുപേക്ഷിച്ച ഇര്‍ശാദ് അദ്ദേഹത്തിന്റെ അടുത്ത് നിന്ന് പുനരാരംഭിച്ചു.
സൂഫി പണ്ഡിതന്‍ ഉമര്‍ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ അത്താസുമായുള്ള സമാഗമം അധ്യാത്മ മേഖലകളിലുള്ള വികാസത്തിന് ഹേതുവായി. അറിവ് തേടിയുള്ള അലച്ചിലില്‍ അത്താസിന്റെ സമകാലികരായ ഒട്ടുമിക്ക ഗുരുക്കന്മാരുടെയും സമീപമെത്തി ച്ചു. അല്‍ ഹബീബ് അല്ലാമാ ആയീന്‍ ബിന്‍ അബ്ദുറഹ്മാന്‍ അസ്സഖാഫ് (റ), അബ്ദുറഹ്മാന്‍ ബിന്‍ ശൈഖ് ഐദീദ് (റ), സഹ്‌ല്ബ്നു അഹ്മദ് ബാഹസന്‍ ബാഅലവി (റ), മക്കയിലെ പ്രമുഖ പണ്ഡിതന്‍ സയ്യിദ് മുഹമ്മദ് ബിന്‍ അലവി അസ്സഖാഫ് എന്നിവരാണ് മറ്റു പ്രധാന ഗുരുക്കന്മാര്‍.

കൂട്ടുകാര്‍
ചെറുപ്പത്തില്‍ തന്നെ കാഴ്ച നഷ്ട്ടപ്പെട്ടതിനാല്‍ വഴി കാട്ടാനും ഖുര്‍ആനും മറ്റു ഗ്രന്ഥങ്ങളും ഹൃദിസ്ഥമാക്കാനും സഹായിച്ചത് സുഹൃത്തുക്കളായിരുന്നു. കുട്ടിക്കാലത്ത് തന്നെ കൂട്ടുകൂടാന്‍ ഒരുപാട് കൂട്ടുകാര്‍ സന്നദ്ധത കാണിച്ചു.പില്‍ക്കാലത്ത് സൂഫി സരണിയില്‍ അറിയപ്പെട്ടവരായി അതില്‍ അധികമാളുകളും. ഖുര്‍ആന്‍ മനഃപാഠമാക്കുക, അത് പരസ്പരം ഓതി കേള്‍പ്പിക്കുക, ദേഹേഛകളോട് പൊരുതുക തുടങ്ങിയവയായിരുന്നു അവരുടെ പ്രധാന ശീലങ്ങള്‍. ‘ഞങ്ങള്‍ തരീമിലെ മലയോരങ്ങളില്‍ പോയി ഒന്നിച്ച് ഖുര്‍ആന്‍ പാരായണം ചെയ്യാറുണ്ടായിരുന്നു. ഒരു ദിവസം ഓതിയോതി സൂറത്ത് യാസീന്‍ എത്തിയപ്പോള്‍ അവിടുത്തെ മുഖം വിവര്‍ണമായി. മഹാന്‍ കരഞ്ഞു – ഒരു കൂട്ടുകാരന്റെ അനുഭവം

സയ്യിദ് ഹന്‍ദുവാന്‍ (റ) ആയിരുന്നു മറ്റൊരു പ്രധാന സുഹൃത്ത്. ദിക്റ് മജ്ലിസുകളില്‍ അധികവും അദ്ദേഹത്തോടൊപ്പമായിരുന്നു. ‘ദിക്റ് മജ്ലിസുകളില്‍ സ്വയം മറന്ന് റബ്ബിലേക്ക് ലയിക്കും. പലപ്പോഴും എനിക്ക് അവരെ തനിച്ചാക്കി മടങ്ങേണ്ടി വന്നിട്ടുണ്ട്’.
കിതാബ് വായിച്ചുകൊടുക്കാന്‍ വേണ്ടി തിരഞ്ഞെടുത്തിരുന്നത് ഉമര്‍ ബിനു ഹുസൈന്‍ (റ)വിനെയും സയ്യിദ് അഹ്മദ് ബിന്‍ ഹാശിം (റ)വിനെയും ആയിരുന്നു. ഉപകാരപ്രദമായ എല്ലാ ഗ്രന്ഥങ്ങളും അവര്‍ വായിച്ചു കൊടുത്തു. ഇബ്നു അത്താഇല്ലാഹിസ്സിക്കന്ദരിയുടെ ലത്വാഇഫുല്‍ മിനന്‍, ഗസാലി ഇമാമിന്റെ ഇഹ്യ ഉലൂമുദ്ദീന്‍ ഉള്‍പ്പെടെ.

മാതാപിതാക്കള്‍
ഹിജ്റ 1072ന് പ്രിയപ്പെട്ട പിതാവ് അല്ലാഹുവിലേക്ക് യാത്രയായി. ലാളനയും സ്നേഹവും കൊടുത്ത് ശൈശവം ധന്യമാക്കിയ മാതാവും പിന്നാലെ മടങ്ങി. പ്രിയപ്പെട്ട ശൈഖ് ഉമര്‍ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ അത്വാസും വിട്ട് പിരിഞ്ഞു. പ്രിയപ്പെട്ട സഹോദരന്‍ സയ്യിദ് ഹാമിദിനെ എങ്ങനെ ഈ വിവരം അറിയിക്കും എന്നോര്‍ത്ത് ഏറെ വിഷമിച്ചു. ദീനീ ദഅ്‌വത്തിന് ഇന്ത്യയിലേക്ക് പോയതാണദ്ദേഹം. ഇമാം ഒരു കത്തെഴുതി അയച്ചു. ക്ഷമയുടെയും വിധിയിലുള്ള ദൃഢമായ വിശ്വാസത്തിന്റെയും മേല്‍ അടിയുറച്ച് നില്‍ക്കാന്‍ സഹായിക്കുമാര്‍ ആ കത്ത് മാറിയതായി ചരിത്രം സാക്ഷ്യം വഹിക്കുന്നുണ്ട്.

പ്രബോധനം, അധ്യാപനം
പ്രബോധനത്തിന് ഒന്നും തടസ്സമല്ലെന്ന് ഹദ്ദാദ്(റ) തെളിയിച്ചു. ഉള്‍ക്കാഴിചയിലൂടെ കരസ്ഥമാക്കിയ വിജ്ഞാനം കൊണ്ട് നിരവധിയാളുകളെ സത്യ ദീനിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നു. അവശരും നിരാലംബരുമായിരുന്നു സഹവാസികള്‍. വിശക്കുന്നവന് ഭക്ഷണവും രോഗിക്കു മരുന്നും നല്‍കി. ആര് എന്ത് വിഷമം പറഞ്ഞാലും നിരാശരായി തിരിച്ചയക്കാറില്ല. പരിഹസിച്ചവരെ പോലും ഉള്‍ക്കൊള്ളുന്ന വിശാല മനസ്സകത്ത് അങ്ങ് മേലെ തട്ടിലുള്ള രാജാവും താഴെ തട്ടിലുള്ള ഭിക്ഷക്കാരനും അംഗങ്ങളായിരുന്നു. പ്രസംഗം, എഴുത്ത്, അധ്യാപനം എന്ന് തുടങ്ങി എല്ലാ കഴിവുകളും അതിന് വേണ്ടി വിനിയോഗിച്ചു. ദിക്‌റ് മജ്ലിസുകളിലൂടെ അനവധിയാളുകളെ സംസ്‌കരിച്ചു.

മസ്ജിദുല്‍ ഹുജൈറില്‍ നടത്തുന്ന ദര്‍സില്‍ പ്രായവ്യത്യാസമന്യെ അനേകം ആളുകള്‍ പങ്കെടുക്കും. യാത്രാ വേളകളില്‍ ശിബാം, സൈഊന്‍, ഹുറൈള തുടങ്ങിയ സ്ഥലങ്ങളിലും ദര്‍സ് നടത്താറുണ്ട്. ഹിജാസില്‍ നിന്നും യമനില്‍ നിന്നുമെല്ലാം ആളുകള്‍ കൂട്ടം കൂട്ടമായി ഒഴുകിയെത്തുന്ന സദസ്സ് വളരെ വൈകിയാണ് അവസാനിക്കാറുള്ളത്. ഹജ്ജിന് വേണ്ടി യാത്ര തിരിച്ചപ്പോള്‍ വഴി മധ്യേ ദര്‍സുകള്‍ക്ക് വേണ്ടി ആളുകള്‍ കാത്തുനിന്നു.

രചനകള്‍ ,അമാനുഷികതകള്‍
ലളിതവും സരളവുമായ രചനകള്‍ ഗസ്സാലി ഇമാമിന്റെ രചനകളോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന്എന്ന് പില്‍ക്കാല പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രധാനമായും പ്രബോധന, അധ്യാത്മ മേഖലകളില്‍ കേന്ദ്രീകരിച്ച രചനകള്‍പല വിദേശ സര്‍വ്വ കലാശാലകളിലെയും പാഠ്യപദ്ധതിയിലുണ്ട്. ഇമാം ഗസ്സാലിയുടെ ഗ്രന്ഥങ്ങള്‍ക്ക് ശേഷം അധ്യാത്മ പഠനത്തിനായി ഉപയോഗിക്കുന്ന അധിക ഗ്രന്ഥങ്ങളും ഇമാം ഹദ്ദാദിന്റെതാണ്.ഉദാഹരണത്തിന് ഹിജ്റ 1069ല്‍ രചന പൂര്‍ത്തിയായ രിസാലത്തുല്‍ മുദാക്കറ, 1071ലെ ആദാബുസ്സുലൂക്ക് തുടങ്ങിയവ. പ്രബോധകരുടെ കൈപ്പുസ്തകമായ ദഅ്വത്തുത്താമ്മ എന്ന ഗ്രന്ഥം ഹിജ്റ 1114ലാണ് തയാറാക്കിയത്. അബ്ദുറഹ്മാന്‍ ബാ അബാദ് ഇമാമിനോട് ചോദിച്ച ചോദ്യങ്ങളുടെ സമാഹാരണമാണ് ഇത്തിഹാഫുസ്സാഇല്‍. അവിടുത്തെ ജീവിത കാലത്ത് തന്നെ പ്രശംസ നേടിയ ഗ്രന്ഥമായിരുന്നു ഹിജ്റ 1089ല്‍ രചിച്ച അന്നസാഹിഹുദ്ദീനിയ്യ എന്ന ഗ്രന്ഥം. ഹജ്ജ് വേളയിലായിരുന്നു രചന. അതുകൊണ്ട് തന്നെ ചില ഭാഗങ്ങള്‍ മക്കയിലും റൗളയുടെ ചാരത്തും വെച്ച് എഴുതിയതാണ്. ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ഹികം വെറും ഇരുപത് പേജുകളില്‍ ചുരുങ്ങുന്നതാണ്. ബുഖാരിക്ക് വ്യാഖ്യാനമെഴുതിയ അല്ലാമാ അല്‍ മുഹദ്ദിസ് മുഹമ്മദ് ഹയത്ത് സിദ്ധി അല്‍ മദനി ഹികമിന് വ്യാഖ്യാനം രചിച്ചിട്ടുണ്ട്.

കേരളത്തിലുള്‍പ്പെടെ ലോകത്ത് നിത്യമായി കേള്‍ക്കുന്ന ഹദ്ദാദ് റാത്തീബ് വിശ്രുതമായ ഒരു വിര്‍ദാണ്. ഹളറമൗത്തില്‍ ശീഇ വിഭാഗത്തില്‍പ്പെട്ട സൈദിയാക്കളുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ചില പണ്ഡിതന്‍മാര്‍ ആവശ്യപ്പെട്ടപ്പോഴാണ് ഹിജ്റ 1071ല്‍ ഹദ്ദാദ് റാതീബ് സമാഹരിക്കുന്നു. ‘ആത്മീയ മേഖലയില്‍ വളര്‍ച്ച ആഗ്രഹിക്കുന്ന ഒരാള്‍ ഹദ്ദാദ് റാത്തീബ് പതിവാക്കട്ടെ’ എന്ന് പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ട്. ഹളറമി തങ്ങന്‍മാരുടെ വരവോടെയാണ് കേരളത്തില്‍ ഹദ്ദാദ് റാത്തീബ് വ്യാപിക്കുന്നത്.

ബഹുമാനപ്പെട്ട ശജ്ജാര്‍ (റ) പറയുന്നു: ‘ഞാന്‍ ഹജ്ജിന് പോകുമ്പോള്‍ വഴിമധ്യേ ഒരു വലിയ കൊള്ള സംഘം തമ്പടിച്ചതായി അറിഞ്ഞു. ഞാന്‍ ഭയന്നില്ല. അല്ലാഹുവാണെ സത്യം. ഞാന്‍ ഹദ്ദാദ് റാത്തീബ് ഉറക്കെ ചൊല്ലിക്കൊണ്ട് അവരുടെ മുമ്പിലൂടെ നടന്ന് നീങ്ങി. അവരെന്നെ ശ്രദ്ധിച്ചത് പോലുമില്ല.’ പ്രമുഖ പണ്ഡിതനായിരുന്ന ബറകാത്ത് ശാത്തിരി പറയുന്നു: ഞങ്ങള്‍ നീണ്ട ഒരു കപ്പല്‍ യാത്ര നടത്തുകയായിരുന്നു. പെട്ടെന്ന് കപ്പല്‍ ദിശമാറി സഞ്ചരിക്കുന്നതായി ഞങ്ങള്‍ക്കു തോന്നി. കൂടെയുണ്ടായിരുന്ന പലരും ഭയപ്പെടാന്‍ തുടങ്ങിയത് കണ്ട് ഞാന്‍ ഉറക്കെ ഹദ്ദാദ് ചൊല്ലാന്‍ കല്‍പ്പിച്ചു. പെട്ടെന്ന് വന്ന ഒരു കാറ്റില്‍ ഞങ്ങളുടെ കപ്പല്‍ നേരെയാവുകയും ചെയ്തു.’

വിയോഗം
ഹിജ്റ 1132 റമളാന്‍ മാസം ഇരുപത്തിയഞ്ചിന് ശരീരമാസകലം വേദന തുടങ്ങി. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വേദന മൂര്‍ഛിച്ചു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെയായി. അപ്പോഴേക്കും ജനങ്ങള്‍ അദ്ദേഹത്തെ കാണാന്‍ തിരക്ക് കൂട്ടി തുടങ്ങി. എല്ലാ ശവ്വാല്‍ എട്ടിനും ജനങ്ങോളോടൊപ്പം അവിടുന്ന് ഒരു സ്ഥലത്ത് ഒരുമിച്ചുകൂടാറുണ്ടായിരുന്നു. ഇക്കുറിയും അവര്‍ ഒരുമിച്ച് കൂടി. ഹസ്തദാനം നടത്തി ദുആ ചെയ്ത് പിരിയുകയും ചെയ്തു. ഇനി ഇത്പോലെ ഒരു ഒരുമിച്ച് കൂടല്‍ ഉണ്ടാകില്ല എന്ന നിലക്കായിരുന്നു അന്ന് പെരുമാറിയത്. 89ാം വയസ്സില്‍ ഹിജ്റ 1132 ദുല്‍ഖഅദ് 7ന് ഈ ലോകത്തോട് വിടപറഞ്ഞു. ഹാവിയയിലെ വീട് ലക്ഷ്യമാക്കി ആയിരങ്ങള്‍ ഒഴുകി. പിറ്റേദിവസം സൂര്യാസ്തമയത്തിനോടടുത്ത് വന്‍ ജനാവലിയോടെ ജനാസ നിസ്‌കരിക്കുകയും മറമാടുകയും ചെയ്തു. ആ വെളിച്ചം ഇപ്പോഴും നമ്മെ നയിക്കുന്നു .

മുനീര്‍ നവാസ് കൊല്ലം

 

You must be logged in to post a comment Login