ഇസ്‌ലാം ഇന്ത്യക്ക് നല്‍കിയത്

ഇസ്‌ലാം ഇന്ത്യക്ക് നല്‍കിയത്

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നും ആയിരം വര്‍ഷത്തെ മുസ്‌ലിം ഭരണം അടിമത്തത്തിന്‍േറതാണെന്നും പ്രചരിപ്പിക്കപ്പെടുന്ന കെട്ടകാലത്ത് ഇസ്‌ലാമും ഇന്ത്യയും എങ്ങനെ കണ്ടുമുട്ടി എന്നും പരസ്പരം കൈമാറിയത് എന്തൊക്കെയായിരുന്നുവെന്നും ആഴത്തില്‍ അന്വേഷിക്കുകയാണ് മൂന്നുഭാഗങ്ങളുള്ള ലേഖനത്തിലൂടെ. ഇസ്‌ലാം ഇന്ത്യയിലേക്ക് കടന്നുവന്നത് രണ്ടുവഴിക്കാണ്. അറബിക്കടലിലൂടെ കച്ചവടസംഘങ്ങള്‍ സഞ്ചരിച്ച പായക്കപ്പലില്‍ മലബാര്‍ തീരത്ത് വന്നണഞ്ഞ മതപ്രബോധകരും വണിക്കുകളും പടിഞ്ഞാറന്‍ തീരങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ പുതിയ ജീവിതമാര്‍ഗം അവതരിപ്പിച്ചു. ജൈനബുദ്ധമതങ്ങള്‍ വൃദ്ധിക്ഷയങ്ങള്‍ നേരിടുകയും ബ്രാഹ്മണ മേധാവിത്വത്തിന്‍ കീഴില്‍ കീഴാളവര്‍ഗം ദുരിതജീവിതം നയിക്കുകയും ചെയ്തുപോന്ന ആ കാലഘട്ടത്തില്‍ ഇസ്‌ലാം വിഭാവന ചെയ്യുന്ന സമത്വവും സാഹോദര്യവും ജനമനസ്സുകളെ എളുപ്പത്തില്‍ കീഴടക്കി. കേരളക്കരയിലും തെക്കന്‍ കനറയിലും തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലും ഇസ്‌ലാമിന് പരന്നൊഴുകാന്‍ സാഹചര്യമൊരുക്കിയ ആ ചരിത്ര പശ്ചാത്തലത്തെ കുറിച്ച് സവിസ്തരം പ്രതിപാദിക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല.
ഉത്തരേന്ത്യയില്‍ രാഷ്ട്രീയ ശക്തിയായി എത്തിയ ഇസ്‌ലാം എങ്ങനെ ഇടപെട്ടു, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ എന്തെല്ലാം അട്ടിമറികള്‍ നടത്തി, സാംസ്‌കാരികമായി സാക്ഷാത്കരിച്ച ആദാനപ്രദാനങ്ങളുടെ വൈപുല്യമെത്ര തുടങ്ങിയ വശങ്ങള്‍ പരിശോധിക്കാനാണ് ശ്രമം. അത് വര്‍ത്തമാനകാലത്ത് ഉയര്‍ന്നുകേള്‍ക്കുന്ന സംവാദങ്ങളില്‍ ക്രിയാത്മകമായി പ്രതികരിക്കുന്നതിന് സഹായകമാവും. ഇന്ത്യയിലേക്കുള്ള ഇസ്‌ലാമിന്റെ വരവ് ഒരാസൂത്രിത പദ്ധതിയുടെ ഭാഗമായിരുന്നില്ല. മറിച്ച്, സ്വാഭാവികമായ ഒരു പരന്നൊഴുകലിന്റെ ഭാഗമെന്നോണം ‘അല്‍ ഹിന്ദ്’ ഇസ്‌ലാമിക ഭൂപടത്തിലേക്ക് കടന്നുവരുകയായിരുന്നു. എന്നിട്ടും ഇന്ത്യയോ അതിന്റെ ഏതെങ്കിലും ഭാഗമോ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ (ഇഹമശൈര കഹെമാശര ടമേലേ) ഭാഗമായി ഒരു കാലത്തും എണ്ണപ്പെട്ടിരുന്നില്ല. പ്രവാചകനു ശേഷം ആദ്യത്തെ ഒന്നുരണ്ടു നൂറ്റാണ്ടുകാലം ആര്‍ക്കും തടഞ്ഞു നിറുത്താന്‍ സാധിക്കാത്ത, അപ്രതിഹത ഊര്‍ജപ്രവാഹമായാണ് പുതിയ മതം അതിന്റെ പ്രഭവകേന്ദ്രങ്ങള്‍ക്ക് ചുറ്റും ഇടപെട്ടത്. ചരിത്രകാരനായ ആന്ഡ്രൂ വിന്‍ഗിന്റെ നിരീക്ഷണം ശ്രദ്ധിക്കുക: അറേബ്യയില്‍നിന്ന് തുടങ്ങി ഇസ്‌ലാമിന്റെ വ്യാപനം ഊര്‍ജ വിസ്‌ഫോടനമായും ലാവപ്രവാഹമായും അനുഭവപ്പെട്ടു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ സംഭവശൃംഖല ദൈവഹിതമായിരുന്നു.

അറേബ്യയില്‍ ഉദയം ചെയ്ത ഇസ്‌ലാം തനതു രൂപഭാവത്തിലല്ല ഉത്തരേന്ത്യയിലേക്ക് കടന്നുവന്നത്. മറിച്ച് അതിന്റെ പേര്‍ഷ്യന്‍ വകഭേദമാണ്. മദീനയില്‍നിന്ന് തുടക്കമിട്ട് ഡമസ്‌ക്കസിലൂടെ ബഗ്ദാദിലെത്തുന്നതോടെ ഇസ്‌ലാം കടന്നുവന്ന വഴിത്താരകളില്‍ കണ്ടുമുട്ടിയതിനെ മുഴുവന്‍ ആഗിരണം ചെയ്യാന്‍ മുസ്‌ലിം സമൂഹം ആവേശം കാട്ടുന്നുണ്ടായിരുന്നു. ക്രിസ്ത്യന്‍ ബൈസന്റയിന്‍ മുഴുവന്‍ ഇസ്‌ലാമിന്റെ സ്വാധീനവലയത്തില്‍ വന്നിരുന്നില്ല. ഹൈന്ദവ, ബുദ്ധ ഇന്ത്യയും 13ം നൂറ്റാണ്ടുവരെ ‘ഇസ്‌ലാമിക ലോകത്തിനു’ പുറത്തായിരുന്നു. സാസാനിദ് സാമ്രാജ്യത്തിന്റെ രംഗമണ്ഡപമായ പേര്‍ഷ്യ മാത്രമാണ് പൂര്‍ണമായും ഇസ്‌ലാമിലേക്ക് വിലയം പ്രാപിച്ചത്. അതുകൊണ്ട് തന്നെ പേര്‍ഷ്യയുടെ( അറബികളുടെ ‘അജമ്’) പൈതൃകങ്ങളില്‍ വലിയൊരളവ് ഇസ്‌ലാമിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെട്ടു. അതേസമയം, പേര്‍ഷ്യയുടെ സാമ്രാജ്യത്വ നാഗരികതയെ ഇസ്‌ലാം കുടഞ്ഞുമാറ്റി. ഡമസ്‌ക്കസില്‍ നിന്ന് ബഗ്ദാദിലെത്തുന്നതോടെയാണ് അറബിയേതര സംസ്‌കാരിക പ്രതിനിധാനങ്ങള്‍ കൂടുതലായി ഇസ്‌ലാമിക നാഗരികതയെ പുഷ്‌ക്കലമാക്കുന്നത്. സാമൂഹിക ഘടകങ്ങളും സാംസ്‌കാരിക പ്രചോദനങ്ങളുമാണ് ഇസ്‌ലാമിന്റെ പടിഞ്ഞാറോട്ടും കിഴക്കോട്ടുമുള്ള ഒഴുക്കിനെ ത്വരിതപ്പെടുത്തിയത്. അല്ലാതെ സൈനികമായ മികവ് ആയിരുന്നില്ല. ഇസ്‌ലാമിക അധിനിവേശപ്പട എക്കാലവും ശുഷ്‌ക്കവും സാങ്കേതികമായി മികവ് അവകാശപ്പെടാന്‍ സാധ്യത ഇല്ലാത്തതും ആയിരുന്നു. പിന്നെ എങ്ങനെ ബൈസന്റയിന്‍ , സാസാനിദ് സാമ്രാജ്യങ്ങളും ഇന്ത്യന്‍ രാജാക്കന്മാരും ഇസ്‌ലാമിനു മുന്നില്‍ കീഴടങ്ങി എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ചില ചരിത്രകാരന്മാര്‍ മുന്നോട്ടുവെക്കുന്നുണ്ട്. നിരന്തരമായ യുദ്ധങ്ങള്‍ പുരാതന നാഗരികകേന്ദ്രങ്ങളെ ദുര്‍ബലമാക്കുന്നുണ്ടായിരുന്നു. സഹസ്രാബ്ദങ്ങളോളം ഗ്രീക്കോറോമന്‍ സംസ്‌കാരത്തിന്റെ സ്വാധീന വലയത്തിലായിരുന്നുവെങ്കിലും സിറിയന്‍ ജനത ബൈസന്റയിന്‍ യാഥാസ്ഥിതികത്വത്തെ നിരാകരിച്ച് സെമിറ്റിക് വിചാരഗതിയാണ് മുറുകെ പിടിച്ചിരുന്നത്. അതുകൊണ്ട് തന്നെ, നിര്‍ബന്ധ മതംമാറ്റത്തിന്റെ ആവശ്യം ഉദിക്കുന്നുണ്ടായിരുന്നില്ല. ഉമവിയ ഭരണത്തില്‍നിന്ന് അബ്ബാസിയ ഖിലാഫത്തിലേക്കുള്ള മാറ്റത്തെ ‘അബ്ബാസിയ വിപ്ലവം’ എന്നാണ് ചരിത്രകാരന്മാരില്‍ ചിലര്‍ (പ്രത്യേകിച്ചും ഇര്‍ഫാന്‍ ഹബീബിനെ പോലുള്ള മാര്‍ക്‌സിറ്റ് ചരിത്രപണ്ഡിതന്മാര്‍ ) വിശേഷിപ്പിക്കാറ്. ആ രാഷ്ട്രീയമാറ്റത്തെ സൂക്ഷ്മതലത്തില്‍ പരിശോധിച്ചാല്‍ ഇന്ത്യയില്‍ ഇസ്‌ലാം എന്തുകൊണ്ട് പെട്ടെന്ന് സ്വീകാര്യത നേടി എന്ന് എളുപ്പത്തില്‍ ഗ്രഹിക്കാനാവും. ഇസ്‌ലാമിന്റെ സമത്വസിദ്ധാന്തവും സാഹോദര്യജീവിതവീക്ഷണവും ഇറാഖിലെ ( അറബിയിലെ ‘അര്‍ളുല്‍ അജമ്) ‘അര്‍മായിക്’ ഭാഷ സംസാരിക്കുന്ന കീഴാളവര്‍ഗത്തിനും കര്‍ഷകര്‍ക്കും വശ്യമായി അനുഭവപ്പെട്ടത് മതപ്രവേശനം എളുപ്പമാക്കി.

സ്‌പെയിന്‍ മുതല്‍ ഇന്ത്യ വരെ
മറ്റു മതാനുയായികളെ മാര്‍ഗം കൂട്ടുന്ന കേവലമൊരു സുവിശേഷ മതമായല്ല ഇന്ത്യയിലേക്ക് ഇസ്‌ലാം കടന്നുവന്നതും രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ സ്വാധീന ഫലങ്ങള്‍ സൃഷ്ടിച്ചതും. അറേബ്യയില്‍നിന്ന് തുടങ്ങിയ ഇസ്‌ലാമിന്റെ പ്രയാണത്തെ ത്വരിതപ്പെടുത്തിയത് വഴിവെക്കില്‍വെച്ച് പുതിയ വിശ്വാസ സംഘത്തിലേക്ക് ഇഴുകിച്ചേര്‍ന്ന സമൂഹങ്ങളിലൂടെയാണ്. ഇറാനികളാണ് മധ്യേഷ്യയിലും സിന്ധിലും അഫ്ഗാനിസ്ഥാനിലും ട്രാന്‍സ്ഓക്‌സ് സ്യാനയിലും (ഖുറാസാന്‍, ദക്ഷിണ ഓക്‌സസ്, സമര്‍ഖന്ദ്, ബുഖാറ തുടങ്ങിയ ഭൂവിഭാഗങ്ങള്‍) ഇസ്‌ലാമിനെ എത്തിക്കുന്നത്. എട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇസ്‌ലാം വടക്ക് സ്‌പെയിന്‍ മുതല്‍ തെക്ക് സിന്ധ് വരെ എത്തിയിട്ടുണ്ട്. അതോടെ സംഭവിച്ച മാറ്റങ്ങള്‍ വ്യക്തമായി അന്വേഷിച്ചാവണം ഇസ്‌ലാം ഇന്ത്യക്ക് എന്തു നല്‍കി എന്ന പഠനം തുടങ്ങേണ്ടത്. സ്‌പെയിന്‍ മുതല്‍ ഇന്ത്യ വരെ എന്ന പ്രയോഗത്തില്‍ ആ കാലഘട്ടത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള കൃത്യമായ സൂചനകളുണ്ട്. ലോകവ്യാപാരത്തെ നിയന്ത്രിച്ച രണ്ടു സമുദ്രങ്ങള്‍ മധ്യധരണ്യാഴിയും (ങലറശലേൃൃമിലമി) ഇന്ത്യന്‍ സമുദ്രവും (കിറശമി ഛരലമി) ഇസ്‌ലാമിന്റെ രാഷ്ട്രീയനിയന്ത്രണത്തിന്‍ കീഴില്‍ വരുന്നതോടെ ആഗോളസമ്പദ് ഘടനയും മുസ്‌ലിം രാഷ്ട്രീയാധികാരത്തിന്റെ അധീനതയിലെത്തുകയാണ്. എട്ടാം നൂറ്റാണ്ട് തൊട്ട് പതിനൊന്നാം നൂറ്റാണ്ടുവരെ മുസ്‌ലിം ലോകത്തിന്റെ കൈയിലായിരുന്നു സാമ്പത്തിക ആധിപത്യം എന്ന് സാരം. ഈ സുവര്‍ണ കാലഘട്ടത്തിലാണ് ഇന്ത്യയുമായി ഇസ്‌ലാം കണ്ടുമുട്ടുന്നത്. മുഹമ്മദ് ബിനു ഖാസിമിന്റെ സിന്ധ് അധിനിവേശത്തോടെ കാലെടുത്തുവെക്കുന്ന മുസ്‌ലിം രാഷ്ട്രീയ ശക്തി, അതുവരെ ഒറ്റപ്പെട്ടു കിടന്ന ‘അല്‍ഹിന്ദിനെ’ ആഗോള മുഖ്യധാരയിലേക്ക് ആനയിക്കുകയായിരുന്നു. ഇസ്‌ലാം ഇന്ത്യയില്‍ കയറിവന്നില്ലായിരുന്നുവെങ്കില്‍ എന്ന ചോദ്യത്തിനു മറുപടി എന്നോണം നമ്മുടെ രാജ്യത്തിന്റെ ഒറ്റപ്പെടല്‍ എത്ര യാനകമായിരുന്നുവെന്ന് പ്രഗല്‍ഭ ചരിത്രകാരന്‍ കെ.എ നിസാമി രേഖപ്പെടുത്തുന്നത് കാണുക: എട്ടാം നൂറ്റാണ്ട് മുതല്‍ പുറംലോകവുമായുള്ള ഇന്ത്യയുടെ ബന്ധം നഷ്ടപ്പെടുകയും ഹിന്ദുസമൂഹം കോണ്‍ക്രീറ്റ് നിര്‍മിതി പോലെ കര്‍ക്കശമാവുകയും ചെയ്തു. തുര്‍ക്കികളുടെ ഉത്തരേന്ത്യന്‍ കീഴടക്കലിന്റെ ഏറ്റവും വലിയ നേട്ടം ഈ ഒറ്റപ്പെടലിന്റെ അന്ത്യം കുറിച്ചതും അന്നറിയപ്പെട്ട ലോകത്ത് രാഷ്ട്രാന്തരീയ പദവി സ്ഥാപിച്ചെടുത്തുമാണ്.

പേര്‍ഷ്യന്‍ ഗള്‍ഫ് വഴി ടൈഗ്രീസ്, യൂഫ്രട്ടീസ് നദികളിലൂടെയുളള കച്ചവടപാത അതോടെ ഇന്ത്യന്‍ വാണിജ്യപാതയുമായി ബന്ധിപ്പിക്കപ്പെടുകയാണ്. ചരിത്രകാരനായ അല്‍ മസൂദി ‘ഷഹന്‍ഷാമാരുടെ’ ഭരണത്തിന്‍ കീഴില്‍ റിയാലും ദീനാറും കുന്നുകൂടിയ സമ്പല്‍സമൃദ്ധിയില്‍ വളര്‍ച്ച രേഖപ്പെടുത്തപ്പെടുന്നതും പുതിയ നഗരങ്ങള്‍ പൊങ്ങിവരുന്നതും അടയാളപ്പെടുത്തുന്നുണ്ട്. ഡല്‍ഹിയില്‍ മുസ്‌ലിം ഭരണം സ്ഥാപിക്കപ്പെടുന്നതിനു നൂറ്റാണ്ടുമുമ്പേ ഇന്ത്യയുടെ ധൈഷണിക സമ്പത്ത് കരഗതമാക്കുന്നതില്‍ ഇസ്‌ലാമിക ലോകം ആവേശം കാട്ടുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഇന്ത്യന്‍ സാഹിത്യവും ശാസ്ത്രരചനകളും ഗണിതശാസ്ത്രവും അക്കങ്ങളും മരുന്നും ഫാര്‍മക്കോളജിയും ടോക്‌സിക്കോളജിയും വാനനിരീക്ഷണ ശാസ്ത്രവും കൈനോട്ട ശാസ്ത്രവുമൊക്കെ മുസ്‌ലിം ലോകത്തേക്ക് കയറ്റുമതി ചെയ്യപ്പെടുന്നത്. ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന നാടന്‍ കഥകളും ഐതിഹ്യങ്ങളും ആയിരത്തൊന്നു രാവുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പണ്ഡിതനും ശാസ്ത്രവിശാരദനുമായ അല്‍ ബിറൂനി 1020 കാലഘട്ടത്തില്‍ സംസ്‌കൃതത്തില്‍നിന്ന് നക്ഷത്രശാസ്ത്രത്തിലെ െൈവജ്ഞാനിക മുത്തുകള്‍ സ്വായത്തമാക്കുന്നുണ്ട്. അബ്ബാസിയ ഖലീഫ അല്‍ മന്‍സൂറിന്റെയും ഹാറൂണ്‍ റഷീദിന്റെയും കൊട്ടാരത്തില്‍ അറിവ് തേടിയെത്തിയ അല്‍ ബിറൂനി ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് തന്നെ ഏതാനും സംസ്‌കൃത ഗ്രന്ഥങ്ങള്‍ ഭാഷാന്തരം ചെയ്തിരുന്നു.

സിന്ധിലെത്തുന്ന മുഹമ്മദ് ബിനു ഖാസിം
എഡി 644ല്‍ രണ്ടാം ഖലീഫ ഉമര്‍ ഖത്താബിന്റെ കാലത്തുതന്നെ അറബികള്‍ മക്‌റാനില്‍ എത്തിയിരുന്നു. സിന്ധിലേക്കുള്ള പടയോട്ടത്തെ ഉമര്‍ (റ) എതിര്‍ത്തിരുന്നതായി സുചനകളുണ്ട്. ആക്രമണത്തിനു പകരം യുദ്ധത്തിലൂടെ സമ്പാദിച്ച ആനകളെ അതിര്‍ത്തിയില്‍വെച്ച് ഇന്ത്യക്കാര്‍ക്ക് വില്‍ക്കാനാണത്രെ അദ്ദേഹം നിര്‍ദേശം നല്‍കിയത്. അങ്ങനെ ആനകളെ വിറ്റുകിട്ടുന്ന കാശ് സൈനികര്‍ക്കിടയില്‍ വിതരണം ചെയ്യാനും അദ്ദേഹം കല്‍പിച്ചത്രെ. ഉസ്മാന്‍ (റ) വിന്റെ കാലത്തും സിന്ധ് ആക്രമിക്കാനുള്ള ശിപാര്‍ശ നിരാകരിക്കപ്പെടുകയായിരുന്നു. എന്നാല്‍ മുആവിയയുടെ കാലത്ത് (66180) മക്‌റാന്‍ കീഴടക്കി ഭരണം സ്ഥാപിച്ചതോടെയാണ് പടയോട്ടത്തിന് പച്ചക്കൊടി കാട്ടിയത്. എന്നാല്‍ എട്ടാം നൂറ്റാണ്ട് വരെ ഇന്ത്യന്‍ ഭാഗത്തുനിന്ന് കാബൂളിലെ സന്‍സബീല്‍ രാജാക്കന്മാരില്‍നിന്ന് ശക്തമായ പ്രതിരോധം ഉണ്ടായി. ഉമവിയ ഖലീഫ അബ്ദുല്‍ മലിക് ഡമസ്‌കസ് വാണരുളുന്ന കാലത്ത് ഹജ്ജാജ് ബിന്‍ യൂസുഫ് (694714) ഇറാഖ് ഗവര്‍ണറായിരിക്കെയാണ് സിന്ധി കീഴക്കുന്നത്.

ഹജ്ജാജിന്റെ മരുമകനും മകളുടെ ഭര്‍ത്താവുമായ മുഹമ്മദ് അല്‍ ഖാസിം എന്ന പതിനേഴുകാരനെയാണ് ഈ ദൗത്യം ഏല്‍പിക്കുന്നത്. ആദ്യകാല ഖലീഫമാര്‍ നിരുല്‍സാഹപ്പെടുത്തിയ പടയോട്ടത്തിന് പിന്നീട് രണ്ടും കല്‍പിച്ച് സമ്മതം മൂളാന്‍ പ്രേരിപ്പിച്ച ഘടകമെന്താണ്? ചാച്ചാനാമയും അല്‍ ബലാദുരിയുടെ ഫുതുഹുല്‍ ബുല്‍ദാനും വ്യക്തമായ കാരണം നിരത്തുന്നുണ്ട്. ഇസ്‌ലാം പ്രചരിപ്പിക്കലല്ല, മറിച്ച് കടല്‍ ക്കൊള്ളയുടെ വേരറുക്കലും സമുദ്രാനന്തര കച്ചവടത്തെ സംരക്ഷിക്കലുമാണ്. ദെബാലില്‍നിന്ന് പിടികൂടപ്പെട്ട മുസ്‌ലിം സ്ത്രീകളെ മോചിപ്പിക്കുക എന്നതായിരുന്നു പരമലക്ഷ്യം. സിന്ധിലെ ജനങ്ങളെ വെറുതെവിട്ടാലും ദെബാലിലെ ഒരാളെയും ജീവനോടെ ബാക്കിയാക്കേണ്ടതില്ല എന്ന് ഹജ്ജാജ് ആജ്ഞാപിക്കാന്‍ കാരണം, പ്രദേശത്തുകാര്‍ ചെയ്തുകൂട്ടിയ അപരാധം കണക്കിലെടുത്താണത്രെ. ഉത്തരേന്ത്യയിലെ ആദ്യ പള്ളി നിര്‍മിക്കുന്നത് ദെബാലിലാണ്. ദെബാലിലെ ഹിന്ദുതലവന്‍ ഇസ്‌ലാം സ്വീകരിച്ചു. കരം പിരിക്കാനുള്ള ചുമതല അദ്ദേഹത്തെ ഏല്‍പിച്ചു. അവിടെനിന്ന് അറബ് സൈന്യം വടക്കു ഭാഗത്തേക്ക് യാത്രയായി. നിരവധി ചെറിയ പട്ടണങ്ങള്‍ കീഴടക്കി. എന്നിട്ടും സിന്ധ് ഭരണാധികാരി ദാഹിറുമായി നേരിട്ട് ഏറ്റുമുട്ടാന്‍ പോയില്ല. മറ്റു ഉദ്യമങ്ങള്‍ ഒഴിവാക്കി ദാഹിറിനെ നേരിടണമെന്ന് ഹജ്ജാജിന്റെ ഉത്തരവ് വന്നു. വന്‍ പടയൊരുക്കത്തിനു ശേഷം ചരിത്രം മാറ്റിയെഴുതിയ യുദ്ധം ആഗതമായി. കൂറുമാറ്റങ്ങള്‍ പലതും നടന്നു. സാമാന്യജനം അറബ് സൈനികരോടൊപ്പമായിരുന്നു. ദാഹിര്‍ എത്ര ജനവിരുദ്ധനും ക്രൂരനുമാണെന്ന് തെളിയിക്കപ്പെട്ട ദിനങ്ങള്‍. ഹിന്ദുക്കളായ നാട്ടുപ്രമാണിമാരും താക്കൂര്‍മാരും അറബികളോടൊപ്പം ചേര്‍ന്നു. ദാഹിര്‍ കൊല്ലപ്പെട്ടതോടെ സിന്ധ് പൂര്‍ണമായും ഖാസിമിന്റെ അധീനതയില്‍ വന്നു. സന്തോഷവാര്‍ത്തയും ‘ഗനീമത്തിന്റെ ‘ അഞ്ചിലൊന്നും ഹജ്ജാജിനു അയച്ചുകൊടുത്തു. കൂഫയിലെ മിമ്പറില്‍ ഖുത്തുബ നടത്തവെ ഹജ്ജാജ് പറഞ്ഞു: അറേബ്യയിലെയും സിറിയയിലെയും ജനങ്ങള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഹിന്ദ് നാം കീഴടക്കിയിരിക്കുന്നു. എണ്ണമറ്റ മുതലുകള്‍ നമ്മുടെ സൈന്യം സംഭരിച്ചിരിക്കുന്നു.
മുഹമ്മദ് അല്‍ ഖാസിം നേടിയ ഈ വിജയത്തിനു ശേഷം അഞ്ചു നൂറ്റാണ്ടുകഴിഞ്ഞാണ് ഡല്‍ഹിയില്‍ സുല്‍ത്താന്‍ ഭരണം തുടങ്ങുന്നതെന്നോര്‍ക്കണം. അതും തുര്‍ക്കികളും മംഗോളിയരും അഫ്ഗാനികളും മുന്‍കൈ എടുത്തുള്ള ആക്രമണത്തിലൂടെ. അല്‍ ഹിന്ദില്‍ യുദ്ധവും രക്തച്ചൊരിച്ചലും ഒരിക്കലും അറബികള്‍ ആഗ്രഹിച്ചിരുന്നില്ല. ആദ്യത്തെ സിന്ധ് ആക്രമണം ക്ഷണിച്ചുവരുത്തിയ വിനയായിരുന്നു. ലക്ഷ്യം നേടിയപ്പോള്‍ ഭരണം ബ്രാഹ്മണമേധാവികളെ ഏല്‍പിച്ച് അവര്‍ തിരിച്ചുപോയി. പക്ഷേ, പുതിയ സംസ്‌കാരത്തിന്റെ കൊടിയടയാളങ്ങള്‍ അന്നേ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉയര്‍ന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത്.

(തുടരും)

You must be logged in to post a comment Login