ഫലസ്തീന്‍:കണ്ണീരുണങ്ങാത്ത പുസ്തകങ്ങള്‍

ഫലസ്തീന്‍:കണ്ണീരുണങ്ങാത്ത പുസ്തകങ്ങള്‍

ഫലസ്തീന്‍ പ്രശ്‌നത്തെയും പ്രക്ഷോഭത്തെയും വ്യത്യസ്ത നോട്ടപ്പാടുകളില്‍ നിന്ന് നോക്കിക്കാണുകയും വിശകലനം നടത്തുകയും ചെയ്തവരുണ്ട്. മുസ്‌ലിം നാടുകളും സംഘടനകളും സ്വാഭാവികമായും ഫലസ്തീനെ ഒരു മുസ്‌ലിം വിഷയമായാണ് കണ്ടുപോരുന്നത്. ഫലസ്തീന്‍ പ്രക്ഷോഭത്തെ വിശുദ്ധ യുദ്ധം എന്ന നിലയില്‍ മുസ്‌ലിം ജനസാമാന്യം ഹൃദയത്തോടു ചേര്‍ത്തുവെക്കുന്നു. എന്നാല്‍ ചരിത്രത്തില്‍ നിന്നും ജര്‍മന്‍ ദേശത്തുനിന്നും ബലമായും അന്യായമായും കുടിയൊഴിപ്പിക്കപ്പെട്ട ഒരു ജനതയുടെ സമാനതയില്ലാത്ത ദുരിത കഥ എന്ന നിലയില്‍ തീര്‍ത്തും ദേശീയവും മതനിരപേക്ഷവും മാനുഷികവുമായ പക്ഷത്തുനിന്ന് ഫലസ്തീനികളുടെ ദൂര്‍വിധിയെ വിലയിരുത്തുന്നവരുണ്ട്. അറബ് ദേശീയതയുടെ മാത്രം പ്രശ്‌നമായി ഫലസ്തീന്‍ പ്രശ്‌നത്തെ സമീപിക്കുന്നവരും അറബ് നാടുകളില്‍ ഉണ്ട്. മനുഷ്യപക്ഷത്ത് നിന്ന് നോക്കുമ്പോള്‍ ഈ മൂന്ന് സമീപനങ്ങളുടെയും വിഷയിയും വിഷയവും ഒന്നുതന്നെയാണ്. ഏതുപക്ഷത്തുനിന്ന് നോക്കിയാലും ആത്യന്തികമായി ഫലസ്തീന്‍ ഒരു മനുഷ്യാവകാശ പ്രശ്‌നമാണ്. ഫലസ്തീനെക്കുറിച്ച് എഴുതുന്നവരെല്ലാം വിരല്‍ വെക്കുന്നത് ഈ മര്‍മത്തിലാണ്. ഫലസ്തീന്‍ ദുരന്തത്തിന്റെയും ഇസ്രയേല്‍ ക്രൂരതയുടെയും കരളലിയിക്കുന്ന കഥകള്‍ പറയുന്ന ചില പുസ്തകങ്ങളെക്കുറിച്ചാണ് ഈ ലേഖനം.

എഡ്വേര്‍ഡ് സെയ്ദ്:’അവസാനത്തെ ആകാശത്തിനുശേഷം’
പ്രവാസിയായ ഫലസ്തീനി ബുദ്ധിജീവിയും സര്‍വകലാശാല അധ്യാപകനും എഴുത്തുകാരനുമായിരുന്ന എഡ്വേര്‍ഡ് സെയ്ദ്(19352003) ഫലസ്തീന്‍ പ്രശ്‌നത്തെക്കുറിച്ചെഴുതിയ നാല് പ്രധാന പുസ്തകങ്ങളാണ് ദ ക്വസ്റ്റ്യന്‍ ഓഫ് പാലസ്തീന്‍, ദി എന്‍ഡ് ഓഫ് ദ പീസ് പ്രോസസ്: ഓസ്‌ലോ ആന്റ് ആഫ്റ്റര്‍, ദ പൊളിറ്റിക്‌സ് ഓഫ് ഡിസ് പൊഷന്‍സ്, ആഫ്റ്റര്‍ ദ ലാസ്റ്റ് സ്‌കൈ എന്നിവ. അമേരിക്കയുടെയും ഇസ്രയേലിന്റെയും നെറികേടുകളെ, അമേരിക്കയില്‍ പ്രവാസ ജീവിതം നയിച്ചുകൊണ്ട് തുറന്നെതിര്‍ത്ത ധീരനായ തൂലികാകാരനായിരുന്നു സെയ്ദ്. ജറുസലമില്‍ ജനിച്ചുവളര്‍ന്ന സെയ്ദ് ഈജിപ്തിലും അമേരിക്കയിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2003ല്‍ മരണം വരെ അമേരിക്കയിലെ കൊളംബിയാ സര്‍വകലാശാലയില്‍ താരതമ്യസാഹിത്യം വകുപ്പില്‍ പ്രഫസറായി ജോലി ചെയ്തു. അറബി, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളില്‍ അഗാധ പാണ്ഡിത്യത്തിന്റെ ഉടമയായിരുന്ന സെയ്ദ് സംഗീതം, കല, സാഹിത്യം, സംസ്‌കാരം, രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍ ഉള്‍ക്കനമുള്ള ഗ്രന്ഥങ്ങളുടെ കര്‍ത്താവെന്ന നിലയില്‍ പ്രശസ്തനാണ്. ഫലസ്തീന്‍ പ്രശ്‌നത്തെ അക്കാദമിക തലത്തിലും ബുദ്ധിജീവി തലത്തിലും രാഷ്ട്രീയമായും സജീവ ചര്‍ച്ചാവിഷയമാക്കി വളര്‍ത്തുന്നതില്‍ സെയ്ദിന്റെ ലേഖനങ്ങളും പുസ്തകങ്ങളും നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഫലസ്തീന്‍ പ്രശ്‌നത്തോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിലോമകരമായ നിലപാടുകളെ ജനമധ്യേ നഗ്നമാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു.

അറബ്-ഇസ്രയേല്‍ യുദ്ധ സന്ദര്‍ഭങ്ങളില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ നടത്തിയ അറബ്-ഇസ്‌ലാം വിരുദ്ധ പ്രചാര വേലകളെ പൊളിച്ചെഴുതിക്കൊണ്ടാണ് എഡ്വേഡ് സെയ്ദ് പൊതുപ്രശ്‌നങ്ങളില്‍ ഇടപെട്ട് തുടങ്ങിയത്. അറബികളെയും മുസ്‌ലിംകളെയും പാശ്ചാത്യ മാധ്യമങ്ങള്‍ സത്യവുമായി നൂലിഴ ബന്ധം പോലുമില്ലാതെ എത്ര വികൃതമായാണ് ചിത്രീകരിക്കുന്നത് എന്ന് ഉദാഹരണങ്ങള്‍ നിരത്തി അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു. ഓറിയന്റലിസം, കള്‍ച്ചര്‍ ആന്റ് ഇംപീരിയലിസം, കവറിംഗ് ഇസ്‌ലാം എന്നീ കൃതികള്‍ അദ്ദേഹത്തിന്റെ കണിശവും സൂക്ഷ്മവുമായ വിശകലന പാടവത്തിന്റെ സാക്ഷ്യപത്രങ്ങളാണ്.

ബ്രിട്ടനും അമേരിക്കയും വംശീയ വിദ്വേഷത്തോടെയാണ് ഫലസ്തീന്‍ പ്രശ്‌നത്തെ സമീപിച്ചതെന്ന് ദ ക്വസ്റ്റ്യന്‍ ഓഫ് പാലസ്തീന്‍ എന്ന പുസ്തകത്തില്‍ എഡ്വേഡ് സെയ്ദ് ചൂണ്ടിക്കാണിക്കുന്നു. അറബികളെ വംശീയമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളാണ് ഇസ്രയേലിനെ അനുകൂലിക്കുന്നവര്‍ എന്നും നടത്തിപ്പോന്നിട്ടുള്ളത്. നാസി ജര്‍മന്‍ ജൂതന്മാരോട് ചെയ്തതിന് അറബികളോട് പകരം വീട്ടുകയാണ് സയണിസ്റ്റുകള്‍ ചെയ്തത്. അറബികള്‍ ഒരു കാലത്തും ജൂതന്മാരെ ദ്രോഹിച്ചിട്ടില്ല. ജറുസലേമില്‍ ജനിച്ചുവളര്‍ന്ന അറബിയെക്കാള്‍ ചിക്കാഗോയില്‍ ജനിച്ച ജൂതന് ഫലസ്തീനില്‍ അവകാശം സിദ്ധിക്കുന്നതെങ്ങനെയെന്ന് സെയ്ദ് ചോദിക്കുന്നു. അമേരിക്കന്‍, ബ്രിട്ടീഷ്, ജൂത എഴുത്തുകാര്‍ ഫലസ്തീനികളെ അന്യായമായി അവമദിച്ചുകൊണ്ടിരിക്കുകയാണെന്ന് വസ്തുതകള്‍ നിരത്തി സെയ്ദ് സമര്‍ത്ഥിച്ചു. ഇസ്രയേലിന്റേത് നഗ്നമായ വംശീയ യുദ്ധമാണെന്ന് അസന്ദിഗ്ധം അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വേരുകള്‍ പിഴുതുമാറ്റപ്പെട്ട ഒരു ജനതയുടെ വ്യഥകളും പ്രണിത വികാരങ്ങളുമാണ് ആഫ്റ്റര്‍ ദ ലാസ്റ്റ് സ്‌കൈ(അവസാനത്തെ ആകാശത്തിനുശേഷം) എന്ന സചിത്ര കൃതിയില്‍ സെയ്ദ് ഹൃദയ സ്പൃക്കായ ഭാഷയില്‍ കോറിയിടുന്നത്. പ്രവാസം, അന്യവത്കരണം, മടക്കം, പിടിച്ചുനില്‍ക്കല്‍ എന്നീ വാക്കുകളില്‍ അടയാളപ്പെട്ടുകിടക്കുന്ന ഫലസ്തീനികളുടെ ആത്മസംഘര്‍ഷങ്ങളും പ്രതീക്ഷകളും സഹനവും ഗൃഹാതുരതയും സെയ്ദിന്റെ തൂലിക അനാവരണം ചെയ്യുന്നു. പ്രവാസത്തിന്റെ കദനം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫുകള്‍ ശ്രദ്ധ കിട്ടാതെ പോവുന്ന ഫലസ്തീന്‍ മുറിവുകളെ നേര്‍ക്കുനേരെ വായനക്കാരുടെ കണ്‍മുമ്പില്‍ നിര്‍ത്തുന്നു. ”പ്രവാസം പേരുകളോ സന്ദര്‍ഭങ്ങളോ ഇല്ലാത്ത ഛായാചിത്രങ്ങളുടെ പരമ്പരയാണ്” എന്ന് സെയ്ദ് എഴുതുന്നു. അതിര്‍ത്തികളുടെയും സ്വത്വത്തിന്റെയും നിഷേധമാണ് പ്രവാസം എന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഫലസ്തീനി അഭയാര്‍ത്ഥികള്‍ അടിവരയിടുന്നു. പടങ്ങളും വാക്കുകളും ചേര്‍ന്ന് രൂപമെടുക്കുന്ന കവിതയാണ് ആഫ്റ്റര്‍ ദ ലാസ്റ്റ് സ്‌കൈ. ഹൃദയത്തോട് സംവദിക്കുന്ന കാവ്യാത്മക ഭാഷയിലാണ് സെയ്ദ് ഇതില്‍ ഫലസ്തീന്‍ പ്രവാസത്തിന്റെ കാണാക്കയങ്ങള്‍ കാണിച്ചുതരുന്നത്. ഉള്ളില്‍നിന്നുള്ള ഭാഷയാണിത്. ജന്മദേശത്തെ തന്റെ ബാല്യകാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ സെയ്ദ് ആനുഷംഗികമായി പങ്കുവെക്കുന്നുണ്ടെങ്കിലും ഒരു ദേശവും ജനതയും ഒന്നാകെ പ്രവാസ ജീവിതം നയിക്കേണ്ടി വരുന്നതിന്റെ മാനസികവും ദാര്‍ശനികവുമായ സന്ത്രാസങ്ങളിലാണ് പുസ്തകത്തിന്റെ ഊന്നല്‍. ജീന്‍ മൊഹ്ര്‍ ആണ് പുസ്തകത്തിന് വേണ്ടി ഫോട്ടോകള്‍ എടുത്തത്.

സൂസന്‍ നഥാന്‍ ‘ഇസ്രയേലിന്റെ മറുവശം’
ബ്രിട്ടനില്‍ ജനിച്ച ഇസ്രയേലി എഴുത്തുകാരിയാണ് സൂസന്‍ നഥാന്‍. പിതാവിന്റെ ജന്മനാടായ ദക്ഷിണാഫ്രിക്കയില്‍ അല്‍പകാലം ചെലവഴിച്ചതിനുശേഷം ലണ്ടനിലേക്ക് മടങ്ങുകയും പിന്നീട് മടങ്ങിവരല്‍ നിയമം(ഘമം ീള ൃലൗേൃി) പ്രയോജനപ്പെടുത്തി തെല്‍അവീവില്‍ താമസമാക്കുകയും ചെയ്തു. ഇസ്രയേലിലെ അറബികള്‍ കടുത്ത അവഗണനക്കും മര്‍ദനങ്ങള്‍ക്കും പാത്രമാവുകയാണെന്ന് അവര്‍ മനസ്സിലാക്കി. മധ്യപൗരസ്ത്യ ദേശത്തെ കലാപ കലുഷിതമാക്കുന്ന രാഷ്ട്രീയ സാംസ്‌കാരിക പ്രശ്‌നങ്ങളുടെ ചരിത്രപരവും സാമൂഹികപരവുമായ വേരുകള്‍ അവര്‍ ചികഞ്ഞന്വേഷിച്ചു. തന്റെ അയല്‍ക്കാരായ ഫലസ്തീനികളുടെ വസതികളില്‍ അവര്‍ ചെല്ലുകയും അവര്‍ അനുഭവിക്കുന്ന വ്യഥകള്‍ എന്താണെന്ന് നേരില്‍ കണ്ടറിയുകയും ചെയ്തു.
തെല്‍അവീവില്‍നിന്ന് അറബ് വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന തംറയിലേക്ക് മാറിത്താമസിച്ച സൂസന്‍ നഥാന്‍ താന്‍ കാണുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങള്‍ ദി അദര്‍ സൈഡ് ഓഫ് ഇസ്രയേല്‍(ഇസ്രയേലിന്റെ മറുവശം) എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. പടിഞ്ഞാറേ കരയിലെയും ഗസ്സയിലെയും ഫലസ്തീനികളെ രണ്ടാം തരം പൗരന്മാരായി കമ്പിവേലി കെട്ടി വേര്‍തിരിച്ച കാഴ്ചയാണ് നഥാന്‍ കണ്ടത്. ഫലസ്തീനികളുടെ നിത്യജീവിതത്തിന്റെ ചൂടും ചൂരും അവര്‍ പുസ്തകത്തിലേക്ക് ആവാഹിച്ചെടുത്തിട്ടുണ്ട്. വിവേചനത്തിനെതിരെ പൊരുതുന്ന ഫലസ്തീന്‍ നേതാക്കളെ അവര്‍ പരിചയപ്പെടുത്തുന്നു. സാമാധാനത്തിനുവേണ്ടി ആഗ്രഹിക്കുന്ന, നല്ലവരായ എത്രയോ ജൂതന്മാരുണ്ടെന്ന് പുസ്തകത്തില്‍നിന്ന് മനസ്സിലാകുന്നു. പക്ഷേ ഇസ്രയേല്‍ അധികാരം കയ്യാളുന്നത് സയണിസ്റ്റുകളാണ്. അറബികളിലൂടെ അരക്കിട്ടുറപ്പിക്കുന്ന വംശവെറിയാണ് ഫല്തീനികള്‍ക്കെതിരെ സയണിസ്റ്റുകള്‍ ഉപയോഗിക്കുന്ന ആയുധം. മുന്‍വിധികളും തെറ്റിദ്ധാരണകളും മാറ്റിവെച്ച് ഇരു ജനവിഭാഗങ്ങളും സഹോദരങ്ങളെപ്പോലെ കഴിയണം എന്നതാണ് സൂസന്‍ നഥാന്റെ ആഗ്രഹം.

തംറയിലെ ഫലസ്തീനി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് ഇസ്രയേലിന്റെ മറുവശം. ആ മറുവശത്തേക്ക് വഴിയടയാളങ്ങളൊന്നുമില്ല എന്ന് നഥാന്‍ പറയുന്നു. പത്രങ്ങളിലും ടെലിവിഷനുകളിലും അത്യപൂര്‍വമായേ അതേക്കുറിച്ചെന്തെങ്കിലും വരാറുള്ളൂ. ഇസ്രയേലികള്‍ക്ക് പോലും അങ്ങനെയൊരു മറുലോകത്തെക്കുറിച്ച് ഒന്നും അറിയുകയില്ല. ജൂതര്‍ വസിക്കുന്ന പട്ടണങ്ങളെല്ലാം ഭംഗിയായി ക്രമീകരിച്ചവയും സര്‍വവിധ സൗകര്യങ്ങളും നിറഞ്ഞവയുമാണ്. മനുഷ്യരായിപ്പോലും ഫലസ്തീനികളെ ഇസ്രയേല്‍ ഭരണകൂടം കണക്കാക്കുന്നില്ല. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ഫലസ്തീനികള്‍ക്ക് നിഷേധിക്കപ്പെടുന്നു. ഫലസ്തീനികളെ കുടിയിറക്കി അവരുടെ വീടുകള്‍ കയ്യേറി സ്വന്തമാക്കി വെച്ചിരിക്കുകയാണ് ഇസ്രയേലില്‍ സയണിസ്റ്റുകള്‍ കുടിയിരുത്തിയ ജൂതന്മാര്‍. അറബികളില്‍നിന്ന് പിടിച്ചെടുത്ത കൃഷിയിടങ്ങളില്‍ മനസാക്ഷിക്കുത്തേതുമില്ലാതെ ജൂതന്മാര്‍ കൃഷി ചെയ്ത് സ്വന്തമെന്ന പോലെ അനുഭവിച്ച് പോരുന്നു. ഇസ്രയേലില്‍ അവശേഷിക്കുന്ന ഫലസ്തീനികള്‍ കുറഞ്ഞ സ്ഥലത്ത് ഞെങ്ങിഞെരുങ്ങി ജീവിക്കുമ്പോള്‍ കുടിയേറിയ ജൂതന്മാര്‍ വിശാലമായ സ്ഥലത്ത് സാഘോഷം വാണരുളുന്നു. സഖ്‌നിന്‍ എന്ന നഗരത്തിലെ ഇരുപത്തി നാലായിരം അറബികള്‍ക്ക് ആകെയുള്ളത് രണ്ടായിരത്തി അഞ്ഞൂറ് ഏക്കര്‍ ഭൂമിയാണ്. അതേ സമയം അതോടുചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മിസ്ഖാവില്‍ പതിനെട്ടായിരം ജൂതന്‍മാര്‍ക്കുള്ളത് അമ്പതിനായിരം ഏക്കര്‍ ഭൂമിയാണ്. ഇതാണ് സൂസന്‍ നഥാന്‍ ചൂണ്ടിക്കാണിക്കുന്ന ഇസ്രയേലിന്റെ മറുവശം.

ഫലസ്തീനികളില്‍നിന്ന് പിടിച്ചെടുത്ത ഭൂമികളില്‍ ധനാഢ്യരായ ജൂതന്മാര്‍ക്കുള്ള അവധിക്കാല വസതികളും വിനോദങ്ങളും ഒരുക്കുകയാണ് ഇസ്രയേല്‍ ഗവണ്‍മെന്റ്. എല്ലാ നിയമങ്ങളും അറബികള്‍ക്കും ഫലസ്തീനികള്‍ക്കും എതിരാണ്. ഇതും ഇസ്രയേലിന്റെ ഒരു മറുവശമാണ്. ഡോ. അബ്ദുല്ല മണിമ ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

അലന്‍ ഹാര്‍ട്ട്:’സയണിസം ജൂതരുടെ യഥാര്‍ത്ഥ ശത്രു’
രണ്ടുവാള്യങ്ങളിലായി ആയിരത്തി ഇരുനൂറിലധികം പുറങ്ങളുള്ള ബൃഹത്തായ പഠനമാണ് അലന്‍ ഹാര്‍ട്ടിന്റെ സയണിസം ദ റിയല്‍ എനിമി ഓഫ് ജ്യൂസ് എന്ന പുസ്തകം. മുക്യമായും രണ്ട് പ്രമേയങ്ങളാണ് പുസ്തകത്തിന്റെ പ്രതിപാദ്യം. എങ്ങനെയാണ് ആധുനിക ജൂത രാഷ്ട്രമായ ഇസ്രയേല്‍ ലോകത്തെങ്ങുമുള്ള ജൂതന്മാരുടെയും മധ്യപൗരസ്ത്യ ദേശത്തിന്റെയും ലോകത്തിന്റെ തന്നെയും ശത്രുവാകുന്നത് എന്നതാണൊന്ന്. മറ്റൊന്ന്, അറബ്- മുസ്‌ലിം ലോകം എത്തിച്ചേര്‍ന്നിരിക്കുന്ന സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷവും. സയണിസം മനുഷ്യവിരുദ്ധമാണെന്ന് അലന്‍ ഹാര്‍ട്ട് സമര്‍ത്ഥിക്കുന്നു. സയണിസവും ജൂതമതവും ഒന്നല്ല എന്ന വസ്തുതക്ക് അദ്ദേഹം അടിവരയിടുന്നുണ്ട്. ജൂത മതത്തില്‍ വിശ്വസിക്കുന്ന ഇസ്രയേല്യരും ഇതര ദേശവാസികളും അടങ്ങുന്ന സമൂഹമാണ് ജൂതമതസ്ഥര്‍. ദൈവ വിശ്വാസത്തിലും സദാചാര മൂല്യങ്ങളിലും ധാര്‍മിക തത്വങ്ങളിലും അധിഷ്ഠിതമായ ഒരു മതവിശ്വാസമാണത്. എന്നാല്‍ 1897ല്‍ ഉടലെടുത്ത ജൂതരാഷ്ട്ര വാദമാണ് സയണിസം. വംശീയ വാദത്തില്‍ ഊന്നുന്ന ഭീകരതയാണ് സയണിസത്തിന്റെ മാര്‍ഗം. ഹിംസയിലൂടെയാണ് അത് വളര്‍ന്നത്. ജൂത മതത്തിന്റെ മൂല്യങ്ങളെയെല്ലാം അത് കാറ്റില്‍ പറത്തി. മത തത്വങ്ങളെ പരിഹാസ്യമാക്കുകയാണ് സയണിസ്റ്റുകള്‍ ചെയ്തതെന്ന് അലന്‍ ഹാര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സയണിസത്തെ അതിന്റെ ആദ്യ നാളുകളില്‍ തന്നെ വിവേക മതികളായ ജൂതന്മാര്‍ എതിര്‍ത്തിരുന്നു. സയണിസം വലിയ അപകടം ചെയ്യുമെന്ന് ദീര്‍ഘ ദര്‍ശികളായ പലരും ചൂണ്ടിക്കാണിച്ചിരുന്നതായി അലന്‍ ഹാര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. അവര്‍ ഭയപ്പെട്ടതാണ് പിന്നീട് സംഭവിച്ചത്. തങ്ങളുണ്ടാക്കിയ മിത്തുകള്‍ ലോകത്തെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞതാണ് സയണിസത്തിന്റെ വിജയത്തിന് കാരണം. ഫലസ്തീനികളുടെ ഭൂമി ചരിത്രപരമായി തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന നുണ അവര്‍ ജനങ്ങളെ വിശ്വസിപ്പിച്ചു. വാസ്തവത്തില്‍ സത്യത്തിന്റെ തരിമ്പുപോലും ഇതിലില്ല. പക്ഷേ, ആര്‍ക്കും അതേക്കുറിച്ചറിയില്ല. ഇസ്രയേലിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് കുടിയേറിയ ജൂതന്മാര്‍ക്ക് ഫലസ്തീന്‍ മണ്ണില്‍ അവകാശമൊന്നുമില്ല. പക്ഷേ ഈ യാഥാര്‍ത്ഥ്യം ലോക ശ്രദ്ധയില്‍നിന്ന് മറച്ചുവെക്കുന്നതില്‍ സയണിസ്റ്റുകള്‍ വിജയിച്ചു. ഫലസ്തീനില്‍ ജനിച്ചുവളര്‍ന്നവരും പരമ്പരാഗതമായി അവിടെ താമസിച്ചിരുന്നവരുമായ ജൂതന്മാര്‍ക്കുമാത്രമേ അവിടെ അവകാശമുണ്ടാവുക സാധ്യമാവൂ. ആ ജൂതന്മാരാകട്ടെ ഫലസ്തീനികളാണ് താനും. സയണിസത്തെ അംഗീകരിക്കുന്നവരല്ല അവര്‍.

അലന്‍ ഹാര്‍ട്ട് തന്റെ പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട വസ്തുത അറബികള്‍ ഇസ്രയേലിന്റെ നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തുന്നു എന്ന സയണിസ്റ്റ് പ്രചാരണത്തിന്റെ സത്യസന്ധതയില്ലായ്മയാണ്. അറബികള്‍ ഇസ്രയേലിനെ ഏത് നിമിഷവും അക്രമിച്ചേക്കാമെന്ന ധാരണ സൃഷ്ടിച്ച് പരമാവധി ആയുധങ്ങള്‍ സംഭരിക്കാന്‍ സയണിസ്റ്റുകള്‍ക്ക് സാധിച്ചു. സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടി അറബ് രാജ്യങ്ങള്‍ മുന്‍കൈ എടുത്തിരുന്നു എന്നതാണ് വസ്തുത. കൂടിയാലോചനക്ക് തയാറാവാത്തത് ഇസ്രയേലാണ്. പാശ്ചാത്യ സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഒട്ടും വില കല്‍പിക്കുന്നില്ല ഇസ്രയേല്‍ എന്ന കാര്യം അമേരിക്കയോ പാശ്ചാത്യ രാജ്യങ്ങളോ മനസ്സിലാക്കുന്നില്ല. മധ്യ പൗരസ്ത്യ ദേശത്തെ സംഘര്‍ഷ ഭൂമിയായി നിലനിര്‍ത്തേണ്ടത് സയണിസ്റ്റുകളുടെ മാത്രം താല്‍പര്യമാണ്. നുണ പ്രചാരണങ്ങളിലൂടെയാണ് സയണിസം അതിന്റെ ലക്ഷ്യം നേടിയെടുക്കുന്നത്.
പാശ്ചാത്യ സാമ്രാജ്യത്വങ്ങളും സയണിസവും കൈകോര്‍ക്കുന്നതെങ്ങനെയാണെന്ന് ഒന്നാം വാള്യത്തില്‍ അലന്‍ ഹാര്‍ട്ട് വരച്ചുകാണിക്കുന്നുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മതത്തെ ദുരുപയോഗപ്പെടുത്തുകയാണ് സയണിസം എന്ന പോലെ അമേരിക്കന്‍ ക്രൈസ്തവ മൗലികവാദവും. സയണിസ്റ്റുകള്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ മറച്ചുവെക്കുന്നില്ല എന്നതാണ് അവരുടെ സത്യസന്ധത. സമാധാന സംഭാഷണത്തിലേര്‍പ്പെടാന്‍ അറബ് ലോകത്ത് തങ്ങള്‍ക്ക് തുല്യരായി ആരുമില്ല എന്ന ഇസ്രയേലിന്റെ വാദത്തിന്റെ പൊള്ളത്തരം രണ്ടാം വാള്യത്തില്‍ അലന്‍ ഹാര്‍ട്ട് തുറന്നു കാട്ടുന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇരട്ടത്താപ്പുകളും അലന്‍ ഹാര്‍ട്ട് തികഞ്ഞ ആധികാരികതയോടെ വിശകലനം ചെയ്യുന്നുണ്ട്. സയണിസ്റ്റ് നുണപ്രചാരണങ്ങളെയും ചരിത്ര സത്യങ്ങളെയും അദ്ദേഹം വേര്‍തിരിച്ചു കാണിക്കുന്നു.

മീക്കോ പെലെഡ്:’ജനറലിന്റെ മകന്‍’
ആദ്യകാല സയണിസ്റ്റ് നേതാവും ഇസ്രയേല്‍ രൂപീകരണ രേഖയില്‍ ഒപ്പുവെച്ച പ്രമുഖനുമായിരുന്ന ഡോ. അവറഹാം കാറ്റ്‌സ് നെല്‍സണിന്റെ പൗത്രനും 1967ല്‍ ഈജിപ്തിനെതിരെ ഇസ്രയേല്‍ നയിച്ച യുദ്ധത്തിന്റെ സൈനിക ജനറല്‍ മാറ്റി പെലഡിന്റെ മകനുമായ മീക്കോ പെലെഡ് നടത്തിയ ഫലസ്തീന്‍ യാത്രകളുടെ കഥയാണ് ദ ജനറല്‍സ് സണ്‍ ജേണി ഓഫ് ആന്‍ ഇസ്രയേലി ഇന്‍ ഫലസ്തീന്‍ എന്ന കൃതി.

ഇസ്രയേലിനുവേണ്ടി യുദ്ധം നയിച്ച തന്റെ പിതാവിന് പില്‍ക്കാലത്തുണ്ടായ മാനസാന്തരത്തിന് മീക്കോ പെലഡ് സാക്ഷിയാണ്. സജീവ സയണിസ്റ്റായിരുന്ന അദ്ദേഹം സയണിസത്തിന്റെ അക്രമപാത ഉപേക്ഷിച്ച് ജൂത അറബി സഹകരണത്തിന്റെയും സമാധാനത്തിന്റെയും വക്താവായി മാറി. ഈ മാറ്റം മീക്കോ പെലഡിനെ സ്വാധീനിച്ചു. ഇസ്രയേലി സൈന്യത്തില്‍(സ്‌പെഷ്യല്‍ ഫോഴ്‌സ്) നിര്‍ബന്ധിത സേവനം നടത്തേണ്ടിവന്ന മീക്കോയ്ക്ക് ഫലസ്തീനികളോട് ഇസ്രയേല്‍ ചെയ്യുന്നതെന്താണെന്ന് വ്യക്തമായ അറിവുണ്ടായിരുന്നു. ഫലസ്തീനികളെക്കുറിച്ച് പല കെട്ടുകഥകളും കേട്ടുകൊണ്ടാണ് താന്‍ വളര്‍ന്നതെന്ന് മീക്കോ വെളിപ്പെടുത്തുന്നുണ്ട്. ഭീകര ജീവികളെ എന്ന പോലെയാണ് ചെറുപ്രായത്തില്‍ അറബികളെയും ഫലസ്തീനികളെയും ഏതു ജൂത ബാലനെയും പോലെ മീക്കോയും കണ്ടിരുന്നത്. തനിക്ക് യാതൊരു പരിചയമില്ലാത്തവരുടെ ശത്രുവായിരുന്നു താനെന്ന് വൈകാതെ മീക്കോ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവാണ് ഒഴുക്കിനെതിരെ നീന്താനും സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും മീക്കോയെ പ്രേരിപ്പിച്ചത്.

സമാധാനത്തിനുവേണ്ടി രംഗത്തിറങ്ങാന്‍ മീക്കോയ്ക്ക് വ്യക്തിപരമായ ഒരു കാരണം ഉണ്ടായിരുന്നു. 1997ല്‍ തന്റെ അനന്തിരവള്‍ ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. മീക്കോ സൈനിക സേവനം മതിയാക്കി കാലിഫോര്‍ണിയയില്‍ കരാട്ടെ പരിശീലകനായി സ്വസ്ഥ ജീവിതം നയിക്കുന്ന സന്ദര്‍ഭത്തിലായിരുന്നു ഈ ദാരുണ സംഭവം. ഏതോ ഫലസ്തീനി കുടുംബത്തെ ആട്ടിപ്പായിച്ച് പിടിച്ചെടുത്ത വീട്ടില്‍ താമസിക്കാന്‍ വിസമ്മതിച്ച നന്മനിറഞ്ഞ തന്റെ അമ്മയുടെ മനസ്സാണ് മീക്കോയില്‍ പ്രവര്‍ത്തിച്ചത്. കാരണമേതുമില്ലാതെ താന്‍ വെറുക്കാന്‍ പരിശീലിപ്പിക്കപ്പെട്ട ജനതയെ അടുത്തറിയാനും അവരുടെ ഹൃദയത്തിന്റെ നേര് മനസ്സിലാക്കാനും മീക്കോ ഇറങ്ങിത്തിരിച്ചു. കാലിഫോര്‍ണിയയില്‍ വെച്ച് അദ്ദേഹം ഫലസ്തീനി സമാധാന പ്രവര്‍ത്തകരുമായി പരിചയം സ്ഥാപിച്ചു. ഫലസ്തീന്‍ കുട്ടികള്‍ക്ക് വൈദ്യസഹായവും യുദ്ധങ്ങളില്‍ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് വീല്‍ ചെയറുകളും സംഘടിപ്പിക്കുന്നതിന് മുന്‍കൈയെടുത്തു. സന്നദ്ധ പ്രവര്‍ത്തകരുടെ കൂടെ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഫലസ്തീന്‍ കുഞ്ഞുങ്ങള്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിനെ പോലും തടയുന്ന ഇസ്രയേല്‍ ഭരണകൂടത്തിന്റെ ക്രൂരത മീക്കോ നേരില്‍ മനസ്സിലാക്കുന്നത് ഈ സമയത്താണ്.
അധിനിഷ്ഠ ഫലസ്തീന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന മീക്കോ പെലെഡ് താന്‍ കണ്ട കാഴ്ചകളും കേട്ട വര്‍ത്തമാനങ്ങളും അറിഞ്ഞ വസ്തുതകളും ഹൃദയസ്പൃക്കായി ഈ പുസ്തകത്തില്‍ വിവരിക്കുന്നു. നീ അങ്ങോട്ട് പോകരുത് എന്ന് പറഞ്ഞ് കുടുംബത്തിലെ വേണ്ടപ്പെട്ടവര്‍ തന്റെ യാത്രയെ വിലക്കിയ കാര്യം മീക്കോ ഓര്‍ക്കുന്നു. ദുഷ്ടന്മാരായ ഫലസ്തീനികള്‍ ജൂതനായ മീക്കോയെ വകവരുത്തും എന്ന ഭീതിയില്‍നിന്നായിരുന്നു ഈ വിലക്ക്. ഭയത്തിന്റെ വൈറസാണ് എല്ലാവരുടെയും ഉള്ളില്‍ പ്രവര്‍ത്തിക്കുന്നത് എന്നും അത് മാറ്റുകയാണ് സമാധാനത്തിന്റെ മുന്നുപാധി എന്നും മീക്കോ തിരിച്ചറിയുകയായിരുന്നു.

ഇസ്രയേലിന്റെ ഉരുക്കുമുഷ്ടിക്ക് കീഴില്‍ ഫലസ്തീനികള്‍ എങ്ങനെ കഴിയുന്നുവെന്നറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പുസ്തകം നിര്‍ബന്ധമായും വായിക്കണം. എം പി മുഹമ്മദ് ഫൈസല്‍ ഇത് മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.

റംസി ബാറൂദ് ‘എന്റെ പിതാവ് ഒരു സ്വാതന്ത്ര്യപ്പോരാളിയായിരുന്നു: ഗാസയുടെ പറയപ്പെടാത്ത കഥ’

ആസ്‌ത്രേലിയയിലെ കര്‍ട്ടിന്‍ സര്‍വകലാശാലയില്‍ മാസ്‌കമ്മ്യൂണിക്കേഷന്‍ അധ്യാപകന്‍, അല്‍ജസീറ പ്രൊഡ്യൂസര്‍, ഫലസ്തീന്‍ ക്രോണിക്കിള്‍ എഡിറ്റര്‍ തുടങ്ങിയ വിവിധ പദവികൡ ജോലി ചെയ്ത ഫലസ്തീന്‍- അമേരിക്കന്‍ പത്രപ്രവര്‍ത്തകനും കോളമെഴുത്തുകാരനുമാണ് റംസി ബറൂദ്. മൈ ഫാദര്‍ വാസ് എ ഫ്രീഡം ഫൈറ്റര്‍: ഗാസാസ് അണ്‍ടോള്‍ഡ് സ്‌റ്റോറി, ദ ലാസ്റ്റ് എര്‍ത്: എ പാലസ്തീന്‍ സ്റ്റോറി, ദ സെക്കന്റ് പലസ്തീനിയന്‍ ഇന്‍തിഫാദ: എ ക്രോണിക്കള്‍ ഓഫ് എ പീപ്ള്‍സ് സ്ട്രഗ്ള്‍ എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണ് ഇദ്ദേഹം. എക്സ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഫലസ്തീന്‍ പഠനത്തില്‍ പി എച്ച് ഡി നേടിയിട്ടുണ്ട്.

എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ദേശമാണ് ഗസ്സ. മധ്യ ധരണ്യാഴിയുടെ കിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഫലസ്തീനി ഭൂപ്രദേശം ഇസ്രായേലിന്റെ ക്രൂരതകള്‍ക്ക് എന്നും ഇരയായിരുന്നു. ഏറെ കഷ്ടനഷ്ടങ്ങള്‍ സഹിച്ചാണ് ഫലസ്തീന്‍ ജനത ഗസ്സാ ചീന്തില്‍ പിടിച്ചുനില്‍ക്കുന്നത്. എങ്ങനെയായിരിക്കും അവിടെയുള്ള മനുഷ്യരുടെ ജീവിതം? നിരന്തരം വേട്ടയാടപ്പെടുകയും കുടിയിറക്കപ്പെടുകയും അനാഥരും വിധവകളുമാക്കപ്പെടുകയും ചെയ്യുന്നവര്‍ പരീക്ഷണങ്ങളെ അതിജയിച്ച് ജീവിതം കരുപ്പിടിപ്പിക്കുന്നതിന്റെ നേര്‍ചിത്രങ്ങളാണ് റംസി ബറൂദ് തന്റെ കുടുംബ കഥയുടെ പശ്ചാതലത്തില്‍ ‘ഗസ്സയുടെ പറയപ്പെടാത്ത കഥ’യിലൂടെ അനാവരണം ചെയ്യുന്നത്.

വംശീയ ഉന്മൂലനത്തെ സഹനത്തിലൂടെയും സമരത്തിലൂടെയും അതിജീവിച്ച തലമുറയുടെ കഥയാണ് അവരിലൊരാളായ റംസി ബാറൂദ് പറയുന്നത്. 1948ല്‍ ഫലസ്തീന്‍ ഗ്രാമങ്ങളില്‍ സയണിസ്റ്റ് ഭീകരര്‍ കൂട്ടക്കൊല നടത്തിയപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം ജനങ്ങള്‍ അഭയം പ്രാപിച്ചത് ഗസ്സയിലായിരുന്നു. ഒരു രാജ്യം മുഴുവന്‍ ഒരു പട്ടണത്തിലേക്ക് ചുരുക്കപ്പെട്ട പ്രതീതിയാണത് സൃഷ്ടിച്ചത്. ഫലസ്തീന്‍ ദുരന്തം(നക്ബ) തുടക്കം മുതല്‍ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യ പോരാളിയാണ് ഗ്രന്ഥകാരന്റെ പിതാവ്. ആട്ടിയോടിക്കപ്പെട്ട തന്റെ കുടുംബത്തിന്റെ പറയുമ്പോള്‍ റംസി ബാറൂദ് ഇങ്ങനെ കുറിക്കുന്നു: ഉപ്പാപ്പയുടെ ഉരുക്കുപോലെയുള്ള കൈകളും കരുവാളിച്ച ചര്‍മങ്ങളും ദശകങ്ങളോളം ഫലസ്തീനി മണ്ണില്‍ നടത്തി വന്ന കൃഷിപ്പണിയുടെ പ്രതീകങ്ങളായാണ് ഞങ്ങള്‍ കണ്ടത്. ശരീരത്തിലെ പാടുകളിലേക്ക് ചൂണ്ടിയാല്‍ മതി, ഉപ്പാപ്പയുടെ നാവില്‍നിന്ന് കര്‍ഷക ജീവിതത്തിന്റെ രോമാഞ്ച ജനകമായ കഥകളുടെ അനര്‍ഗള പ്രവാഹം തുടങ്ങും. പുലര്‍കാലത്ത് പശുവിനെ കറക്കാന്‍ പോയപ്പോള്‍ കിട്ടിയ തൊഴിയും കഴുതയുടെ ചവിട്ടും കലപ്പ കൊണ്ടുണ്ടായ മുറിവുമൊക്കെ അതില്‍ ഇടം പിടിക്കും. ജീവന് ഭീഷണിയുള്ള പരിക്കുകളൊക്കെയാണ് സംഭാഷണത്തില്‍ ഇടംപിടിക്കുകയെങ്കിലും പേരമക്കള്‍ക്ക് ചിരിക്കാന്‍ വക നല്‍കുന്നതായിരിക്കും വിവരണം(പി കെ നിയാസിന്റെ വിവര്‍ത്തനം). ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ നേരിടുമ്പോഴും ഉള്ളിലെവിടെയോ ഒളിഞ്ഞുകിടക്കുന്ന നര്‍മം എല്ലാ ദുഃഖങ്ങളെയും മറക്കാനെന്ന വിധം പുറത്തേക്ക് പ്രവഹിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ പുസ്തകത്തിലുണ്ട്. ഫലസ്തീനികളുടെ സഹനത്തിന്റെ യഥാര്‍ത്ഥ കഥ ലോകത്തെ അറിയിക്കാന്‍ റംസി ബാറൂദിന്റെ തൂലികക്ക് സാധിക്കുന്നു. പി കെ നിയാസ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട് ഈ പുസ്തകം.

എ കെ അബ്ദുല്‍മജീദ്‌

You must be logged in to post a comment Login