താജുല്‍ ഉലമയായിരുന്നു എനിക്കെല്ലാം

താജുല്‍ ഉലമയായിരുന്നു എനിക്കെല്ലാം

ഖുര്‍ആന്‍ പാരായണം കേട്ടുകൊണ്ടാണ് താഴെക്കോട് അബ്ദുല്ല ഉസ്താദിന്റെ വീട്ടില്‍ കയറി ചെന്നത്. രാവിലെ തന്നെ ചലിച്ചു കൊണ്ടേയിരിക്കുന്ന തസ്ബീഹ് മാലയും കയ്യില്‍ പിടിച്ച് കോലായില്‍ വന്നിരിക്കും. പത്രവായനയും കഞ്ഞി കുടിയും ഒരല്‍പ്പം വിശ്രമവും കഴിഞ്ഞാല്‍ വിശുദ്ധ ഖുര്‍ആന്‍ അര്‍ത്ഥഗ്രാഹ്യതയോടെ പാരായണം ചെയ്യലും വൈകീട്ട് ഫത്ഹുല്‍ മുഈനും മറ്റു കിതാബുകളും പല ആവര്‍ത്തി വായിക്കലും നന്നാക്കലുമാണ് പതിവ്. പള്ളിദര്‍സിലായി പത്തിലധികം വര്‍ഷവും സയ്യിദ് മദനീ അറബി കോളജില്‍ അമ്പതിലധികം വര്‍ഷവും മുദരിസായി സേവനമനുഷ്ടിച്ചതിനു ശേഷം എണ്‍പത്തിയാറ് വയസ്സ് പിന്നിട്ട ഉസ്താദിന്റെ വിശ്രമ ജീവിതത്തിന്റെ നിറമാര്‍ന്ന രൂപമാണിത്.

തികച്ചും ധന്യമാണീ ജീവിതം. ആവുന്ന കാലമത്രയും അറിവുമായി സഹവസിക്കാന്‍ അനുഗ്രഹം കിട്ടിയ പണ്ഡിതനാണ് താഴെക്കോട് അബ്ദുല്ല മുസ്‌ലിയാര്‍. ആരോഗ്യമുള്ള സമയത്ത് ബാങ്ക് വിളിക്കും മുമ്പ് പള്ളിയിലെത്തും ശരീരം മുഴുവന്‍ എണ്ണയിട്ട് കുളിക്കും ഇങ്ങനെ നല്ല ഒരുപാട് ചിട്ടകളുള്ള ഉസ്താദ് വെള്ളിഴായ്ചയായാല്‍ നഖം മുറിച്ചും താടിയും മുടിയും ശരിപ്പെടുത്തിയും തയാറായി ഇരിക്കാന്‍ ഇപ്പോഴും ശ്രദ്ധിക്കുന്നു. സമയമായാല്‍ ഉടനെ നിസ്‌കാരം നിര്‍വഹിക്കണമെന്ന കണിശതയും സുന്നത്ത് നോമ്പുകള്‍ മുഴുവന്‍ എടുക്കാനുള്ള അത്യുത്സാഹവും ഇന്നും പഴയത് പോലെ തന്നെ. ഉന്നതമായ അനുഗ്രഹങ്ങളുടെ ഉടമയായ ഇബ്രാഹിം ബിന്‍ അഹ്മദിനെ നോക്കി സഹചാരികള്‍ ‘ അത് അല്ലാഹുവിന്റെ ഔദാര്യമാണ്. അവനുദ്ദേശിക്കുന്നവര്‍ക്കവന്‍ നല്‍കും’ എന്നു പറയുന്നത് പോലെ ഉസ്താദിന്റെ ജീവിതത്തില്‍ ലഭിച്ച ധന്യഭാഗ്യങ്ങള്‍ കണ്ടാല്‍ നമ്മളും പറഞ്ഞു പോകും.

നാടും പഠന കാലവും
കിഴക്കനാš അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെയും, പൂവ്വത്തും പറമ്പ് ഖദീജയുടെയും ആറു മക്കളില്‍ അവസാനത്തെ ആളായി1930 ലാണ് ശൈഖുനാ താഴെക്കോട് ഉസ്താദ് ജനിക്കുന്നത്. വര്‍ഷങ്ങളുടെ വൈജ്ഞാനിക പാരമ്പര്യമുള്ള നാടാണ് താഴെക്കോട്. ബ്രിട്ടീഷുകാരുമായി ചരിത്ര ബന്ധമുള്ള കൊടികുത്തി മലയും ടിപ്പുവും കൂട്ടരും സഞ്ചരിച്ച ടിപ്പു സുല്‍ത്താന്‍ റോഡുമുള്‍പ്പെടെ പ്രസിദ്ധമായ സുന്ദര ഗ്രാമത്തിലാണ് ഉസ്താദ് വളര്‍ന്ന് വലുതാകുന്നത്.

വന്ദ്യ പിതാവിന് തന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞു. കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ എന്ന പിതാമഹനില്‍ നിന്ന് ഉസ്താദ് ഒര്‍ത്തെടുക്കുന്ന പണ്ഡിത പാരമ്പര്യം വളരെ സുദൃഢമാണ്. സ്വന്തമായി ശീലക്കുട ചൂടി നടക്കുന്നത് വലിയ പ്രൗഢിയായത് കൊണ്ടു തന്നെ അതില്‍ വെള്ള ശീലയിട്ട് മനസ്സിനെ പൊങ്ങച്ചത്തില്‍ നിന്ന് സംരക്ഷിക്കുന്ന ഒരു സൂക്ഷ്മശാലിയായ പണ്ഡിതനായിരുന്നു വന്ദ്യ പിതാമഹന്‍. ഇതുപോലെ തന്നെ ഉസ്താദിന്റെ രണ്ടു ജേഷ്ഠന്‍മാരും ഉന്നതരായ ആത്മീയാചാര്യന്‍മാരും പണ്ഡിതന്‍മാരുമായിരുന്നു. മൂത്ത ജേഷ്ഠനായ മുഹമ്മദ് മുസ്‌ലിയാര്‍ അടുത്ത പ്രദേശമായ എടക്കലിലെ ഖാളിയും മുദരിസുമായിരുന്നു, അവധി ദിവസങ്ങളില്‍ എടക്കലില്‍ ഖുതുബയ്ക്കും നിസ്‌കാരത്തിനും നേതൃത്വം നല്‍കാന്‍ പോകാറുള്ളതായി ഉസ്താദ് ഓര്‍ക്കുന്നുണ്ട്, ഇതു പോലെ തന്നെ വലിയ പ്രസംഗികനും സൂഫീവര്യനുമായിരുന്നു. രണ്ടാമത്തെ ജേഷ്ഠന്‍ മൊയ്തീന്‍ കുട്ടി മുസലിയാര്‍. ഇദ്ദേഹത്തിന്റെ അവസാന സമയത്ത് മൂന്ന് പ്രാവശ്യം സലാം ചൊല്ലുന്നതായികേട്ടു. അവസാനത്തേതില്‍ അസ്സലാമു അലൈകും യാ അസ്‌റാഈല്‍ എന്നാണ് ചൊല്ലിയത്.

‘ഞങ്ങളൊക്കെ നാട്ടില്‍ വന്നാല്‍ വെറുതെയിരിക്കുമ്പോള്‍ ഓന് കിതാബുമായി കെട്ടിമറിയലാണല്ലൊ പണി’ യെന്ന് ഈ ജേഷഠന്‍ ഉസ്താദിന്റെ ഒഴിവുകാല അധ്വാനത്തെ കുറിച്ച് പറഞ്ഞതായി കേട്ടിട്ടുണ്ട്.

താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍ എന്ന മഹാപണ്ഡിതന്റെ സാന്നിധ്യമാണ് ചെറുപ്പം തൊട്ടേ ഉസ്താദിന്റെ ജീവിതത്തിലെ വഴിത്തിരിവും സ്വാധീനവുമായത്. ആ ജ്ഞാനതേജസ്സ്വിയുടെ അനുഗ്രഹ ആശീര്‍വാദങ്ങളോടെയാണ് ഉസ്താദ് പഠനമാരംഭിക്കുന്നത്. ഉപ്പ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കുഞ്ഞലവി മുസ്‌ലിയാര്‍ക്കും ശിഷ്യന്മാര്‍ക്കും വേണ്ടി അവിലും തേങ്ങയും കുഴച്ച് ചീരണിയുണ്ടാക്കിയത് കൊണ്ടു പോയാണ് ഉസ്താദിന്റെ വിദ്യാരംഭം കുറിച്ചത്. ചെറിയ ഒരു കിതാബിന്ന് കുഞ്ഞലവി ഉസ്താദ് ചൊല്ലിക്കൊടുത്ത ബിസ്മിയും ഹംദും കൊണ്ടാരംഭം കുറിച്ച ആ വിദ്യാര്‍ത്ഥി ജീവിതം ഇന്നും സജീവമായി തുടരുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
ഖുര്‍ആന്‍ ഓത്ത് പഠിക്കാന്‍ കണ്ടപ്പാടി അഹ്മദ് മൊല്ല എന്ന ഉസ്താദിനെയും ചെറിയ കിതാബുകള്‍ പഠിക്കാന്‍ അമ്പാട്ടു പറമ്പില്‍ കുഞ്ഞയമ്മു മുസ്‌ലിയാരെയും ഉസ്താദ് കണ്ടെത്തി. എന്നിട്ടും അഞ്ചാം ക്ലാസ്സ് വരെ മാത്രമേ ഭൗതിക വിദ്യാഭ്യാസം നേടാനായുള്ളു എന്നത് ഉസ്താദിന്ന് ഓര്‍ക്കുമ്പോള്‍ വിഷമമാണ്. വീട്ടിലെ ദാരിദ്ര്യവും പട്ടിണിയും കാരണം ദൂര പ്രദേശങ്ങളിലേക്ക് തുടര്‍ പഠനത്തിന് പോകാന്‍ അന്ന് വളരെ ബുദ്ധിമുട്ടായിരുന്നു.

ഇതിനിടക്കാണ് കോക്കൂര്‍ സ്വദേശിയായ ബുഖാരി ഉസ്താദ് പെരിന്തല്‍മണ്ണക്കടുത്തുള്ള ഏലംകുളം എന്ന സ്ഥലത്ത് ദര്‍സ് നടത്തുന്ന വിവരം അറിയുന്നത്. ഔദ്യോഗിക പഠനം ആരംഭിക്കുന്നത് അവിടെ നിന്നാണ്. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ഭാഗത്തും തൃക്കാക്കരയിലുമായി ആറ് വര്‍ഷത്തെ പഠനം. ബുഖാരി ഉസ്താദിന്റെ കൂടെ അല്‍ഫിയ്യയൊക്കെ ഓതിയത് ഈ വര്‍ഷങ്ങളിലാണ്.
ബുഖാരി ഉസ്താദിന്റെ ജ്ഞാനപ്രതിഭാത്വത്തെ ഉസ്താദ് സ്മരിക്കുന്നത് ഇങ്ങനെയാണ്: ”നഹവില്‍ അവഗാഹമുള്ള പലരുമുണ്ടാകും, പക്ഷേ സ്വര്‍ഫില്‍ ഒരു മുജ്തഹിദിനെ പോലെയാണ് എന്റെ ബുഖാരി’. ഒരു റമളാന്‍ മാസത്തില്‍ ഉസ്താദിനെ വിളിച്ച് ബുഖാരി ഉസ്താദ് പറഞ്ഞു:’ നിങ്ങള്‍ ഇനി ഉള്ളാളത്ത് അബ്ദുറഹ്മാന്‍ കുഞ്ഞിക്കോയ തങ്ങളുടെ അടുത്ത് പോയി ആവശ്യമുള്ളതെല്ലാം ഓതിക്കോളൂ.’ ശിഷ്യന്റെ സാമര്‍ത്ഥ്യവും താല്‍പര്യവും മനസിലാക്കിയ ഉസ്താദ്, താന്‍ മുത്വവ്വല്‍ പൂര്‍ത്തിയാക്കാത്തതു കൊണ്ട് ശിഷ്യന്റെ പഠനത്തിനു ഭംഗം വരരുതെന്ന് വിചാരിച്ചാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ‘ഉള്ളാള്‍’ എന്ന് ഒരു കടലാസില്‍ എഴുതി കീശയിലിട്ട് യാത്ര തിരിച്ച ഉസ്താദ് അഞ്ചേ കാലുറുപ്പിക കൊടുത്ത് അന്ന് തീവണ്ടി കയറിയത് പുതിയൊരു ചരിത്രത്തിന് നാന്ദി കുറിക്കാനായിരുന്നു.

താജുല്‍ ഉലമയോടൊപ്പം
ദീര്‍ഘമായ യാത്രക്കൊടുവില്‍ ട്രൈനിറങ്ങി അന്ന്, പുരാതനമായ മംഗലാപുരത്തെ പള്ളിയില്‍ അന്തിയുറങ്ങി. രാവിലെ, ഉള്ളാളത്തേക്ക്വണ്ടി കയറി. സെലക്ഷന്‍ നടപടികള്‍ക്ക് താജുല്‍ഉലമ നടത്തുന്ന ഇന്റര്‍വ്യുവായിരുന്നു മാനദണ്ഡം. അല്‍ഫിയ ചൊല്ലാന്‍ പറഞ്ഞ് താജുല്‍ ഉലമ ഒരുറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ ഉസ്താദ് ചൊല്ലി തീരാറായിരുന്നു. ഇപ്പോഴും ചൊല്ലുകയാണോ എന്നും ചോദിച്ച് സെലക്ഷന്‍ ഉറപ്പിച്ചു. ചിലവു വീട്ടില്‍ പോകുമ്പോള്‍ അല്‍ഫിയയുടെ ഒരു പകുതിയും മടക്കത്തില്‍ മറു പകുതിയും ചൊല്ലുന്ന പതിവായിരുന്നു ഉസ്താദിന്.

ഇങ്ങനെയാണ് താജുല്‍ഉലമയുടെ സന്നിധിയില്‍ എത്തുന്നത്. അവിടെ വെച്ച് എല്ലാ വലിയ കിതാബുകളും ഓതി. ഒടുവില്‍ രണ്ട് വര്‍ഷത്തേക്ക് വെല്ലുര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ ഉന്നത പഠനത്തിനായി ചേരുകയും ചെയ്തു.

1963ല്‍ ദര്‍സ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ആദ്യമായി സ്വന്തമായി ദര്‍സ് ആരംഭിക്കുന്നത് പാലക്കാട്ടെ കൈപ്പുറത്താണ്. ശേഷം കരുവാരക്കുണ്ട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലും ദര്‍സ് നടത്തി. അങ്ങനെയിരിക്കെ തൃക്കരിപ്പൂര്‍ ഖാളിയും വന്ദ്യ ഗുരുവുമായ താജുല്‍ ഉലമ ഒരു പരിപാടിക്ക് വന്നപ്പോള്‍ ഉസ്താദിനെ കാണുകയും പുതുതായി തുടങ്ങുന്ന കോളജിലേക്ക് മുദരിസായി ക്ഷണിക്കുകയും ചെയ്തതോടെ പഴയ സഹവാസത്തിന് ഹൃദ്യമായ തുടര്‍ച്ചയായി. അതൊരു സുദീര്‍ഘവും ഗാഢവുമായ ബന്ധത്തിന്റെ നിയോഗമായിരുന്നു. താജുല്‍ഉലമയുടെ വിയോഗാനന്തരം മദനീ കോളേജിന്റെ പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിക്കും വരെ അഞ്ചു പതിറ്റാണ്ടിലധികം ഉള്ളാളത്ത് സേവനം നടത്തിയിട്ടുണ്ട് ഉസ്താദ്. പല തവണയായി അല്‍പ്പം അടുത്ത നാട്ടിലേക്ക് മാറാന്‍ മൂന്നു തവണ സമ്മതം ചോദിച്ചപ്പോഴും സമ്മതം നല്‍കാത്ത എന്റെ എല്ലാമെല്ലാമായ താജുല്‍ ഉലമ എന്നെ തനിച്ചാക്കി പോയല്ലോ എന്നു പറഞ്ഞ് ഉസ്താദിന്റെ കണ്ണുകള്‍ നിറഞ്ഞ് ചുണ്ടുകള്‍ വിതുമ്പുന്നത് കണ്ടു.

‘അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്ത്’ എന്ന പദാവലി വേദികള്‍ തോറും വിശദീകരിച്ച് അതിന്റെ സംരക്ഷണാര്‍ത്ഥം സംഘടനാ തലത്തിലും അല്ലാതെയും നേരിടേണ്ടി വന്ന വെല്ലുവിളികളെ സധൈര്യം നേരിട്ട താജുല്‍ഉലമയുടെ ശിഷ്യന്‍ തന്നെയാണ് താഴെക്കോട് ഉസ്താദ്. വഹാബിസവും മൗദൂദിസവും തബ്ലീഗിസവും കുടിക്കെട്ടിപ്പാര്‍ക്കുന്നതിനെ രക്തബന്ധത്തിന്റെയോ സൗഹൃദത്തിന്റെയോ മുന്‍ പരിചയത്തിന്റെയോ പേരില്‍ സമ്മതിക്കാന്‍ തയാറാവാത്ത, തന്റെ വാക്കും തൂലികയും പ്രവര്‍ത്തനങ്ങളും ആദര്‍ശ സംരക്ഷണത്തിനായി നീക്കി വെച്ച അവിടുത്തെ സുന്നിസം അത്രമേല്‍ ശക്തമായിരുന്നു.

എഴുത്ത്
നാട്ടിലും പരിസരത്തും ജമാഅത്തെ ഇസ്‌ലാമിയുടെ രംഗ പ്രവേശവും വ്യാപനവും ഉണ്ടായിരുന്ന കാലത്ത് കരുതി വെക്കുകയും സൗകര്യാര്‍ത്ഥം അടുത്ത കാലത്തായി പ്രസിദ്ധീകരിക്കുകയും ചെയ്ത ‘തനി നിറം’ എന്ന മഹമ്മദ് യൂസുഫ് അല്‍- ബന്നൂരിയുടെ ‘അല്‍ ഉസ്താദുല്‍ മൗദൂദി’എന്ന കൃതിയുടെ മലയാള വിവര്‍ത്തനം ഉസ്താദിന്റെ ഒരു പ്രധാന രചനയാണ്. മൗദൂദിസത്തില്‍ ഒരുപാട് കാലം ജീവിച്ച ഒരു പാക്കിസ്ഥാനീ പണ്ഡിതന്റെ തിരിച്ചറിവുകളാണ് മൂല കൃതിയുടെ ഉള്ളടക്കം. ആദര്‍ശ പാപ്പരത്തത്തിന്റെ പ്രകടമായ വാദഗതികളെ ചുരുങ്ങിയ വാക്കുകളില്‍ നിരൂപിക്കുന്ന കൃതി ജമാഅത്തെ ഇസ്‌ലാമിയുടെ ഒട്ടുമിക്ക നിലപാടുകളെയും ചോദ്യം ചെയ്യുന്നുണ്ട്.

സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും വിവരശേഖരണത്തിന് ഉസ്താദ് നല്ലവണം ശ്രദ്ധ ചെലുത്തിയിരുന്നു. മലയാള ഭാഷാ വൈദഗ്ധ്യം നേടുന്നത് നിരന്തര പത്ര വായനയിലൂടെയാണ്. വീടിനടുത്തും ദര്‍സിനടുത്തും ലഭ്യമായ പത്രം മുടങ്ങാതെ വായിക്കാനും അറിയാത്തതും പുതുമയുള്ളതുമായ പദങ്ങളും പ്രയോഗങ്ങളും കുറിച്ചെടുത്ത് ഭാഷയും എഴുത്തും ഭംഗിയാക്കാനുമുള്ള ഉത്സാഹമാണ് രചനാ ലോകത്തേക്ക് ഉസ്താദിനെ കൈ പിടിച്ചുയര്‍ത്തിയത്. നബി സ്‌നേഹ അറബീ കാവ്യസാഹിത്യത്തിലെ ഉന്നത കൃതി ‘ഖസ്വീദത്തുല്‍ ബുര്‍ദ’യും ദര്‍സീ പാഠ്യ പദ്ധതിയില്‍ ശക്തമായ ആശയ-ഭാഷാ വിപ്ലവം തീര്‍ക്കുന്ന റസാനത്ത് എന്ന കൃതിയും കവിതാംശം നില നിര്‍ത്തി വിവര്‍ത്തനം ചെയ്തിട്ടുണ്ട് താഴെക്കോട് ഉസ്താദ്. ആശയ പൂര്‍ത്തീകരണവും സംവേദനക്ഷമതയും ഉറപ്പു വരുത്തുന്നതോടൊപ്പം അറബി കവിത ചൊല്ലുന്ന ഏത് രീതിയില്‍ വേണമെങ്കിലും മലയാള വിവര്‍ത്തനം പാരായണം ചെയ്യാന്‍ സാധ്യമാകും വിധം തയാര്‍ ചെയ്തതാണ് ഈ കൃതികള്‍ രണ്ടും. വിശ്രുത നബി കീര്‍ത്തനത്തിന് തന്നാല്‍ കഴിയുന്ന ഒരു ഖിദ്മത്ത് എന്നതോടൊപ്പം അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ യഥാര്‍ത്ഥ ആശയങ്ങള്‍ അടങ്ങിയ കവിതയാണ് ബുര്‍ദ എന്നതു കൂടി മൊഴിമാറ്റത്തിന് ഉസ്താദിനെ പ്രേരിപ്പിച്ചിരിക്കണം. ഉസ്താദിന്റെ ആശീര്‍വാദത്തിനെത്തുന്നവരെ ബുര്‍ദയുടെ വരികള്‍ ചൊല്ലി മന്ത്രിക്കുന്നതും ചൊല്ലാനും പഠിക്കാനും നിര്‍ദേശിക്കുന്നതും ഈ കാവ്യത്തോടുള്ള അവിടുത്തെ അഗാധമായ ബന്ധവും താല്പര്യവുമാണ് കാണിക്കുന്നത്.

സ്വര്‍ഫും നഹ്‌വും പഠിപ്പിച്ചത് വിഷയത്തില്‍ അഗ്രേസരനായ ബുഖാരി ഉസ്താദായത് കൊണ്ട് തന്നെ അറബി ഭാഷാ സാഹിത്യം നന്നായി വശമുണ്ട് ഉസ്താദിന്. തന്റെ ഗുരുവര്യര്‍ക്ക് കവിതാ രൂപത്തിലെഴുതിയ കത്തുകളും ഉള്ളാള്‍ സയ്യിദ് മദനീ കോളേജിലെ സമ്മേളനങ്ങളിലും മറ്റും ആലപിക്കേണ്ട സ്വാഗത ഗാനങ്ങളും ഉള്ളാള്‍ തങ്ങളെ ആദരിക്കുന്ന വേദിയില്‍ അവിടുത്തേക്ക് വേണ്ടി തയാറാക്കിയ മദ്ഹ് കാവ്യവും മദ്‌റസാ പ്രാരംഭ പ്രാര്‍ത്ഥനാ കാവ്യവുമടക്കം നിരവധി അറബി കവിതാ രചനകള്‍ ഉസതാദിനുണ്ട്. കിതാബുകളിലെ ചില പ്രത്യേക ചര്‍ച്ചകള്‍ കവിതാ രൂപത്തില്‍ എഴുതി പഠിക്കുന്ന ശീലം മുമ്പേ ഉണ്ടായിരുന്നു.

നജീബ് നൂറാനി താഴെക്കോട്‌

You must be logged in to post a comment Login