ഇന്ത്യ പൊളിച്ചെഴുതപ്പെടുകയാണ് എങ്കില്‍പോലും…

ഇന്ത്യ പൊളിച്ചെഴുതപ്പെടുകയാണ് എങ്കില്‍പോലും…

2014 ലെ പൊതുതിരഞ്ഞെടുപ്പ് ഹിന്ദു വലതുപക്ഷത്തിന് അനുകൂലമായി അതിതീവ്രമായ മാറ്റമുണ്ടാക്കുകയും ഭാരതീയ ജനതാപാര്‍ട്ടിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നടുത്തളത്തിലേക്ക് എടുത്തെറിയുകയും നരേന്ദ്ര മോഡി നേതൃത്വം കൊടുത്ത പാര്‍ട്ടിക്ക് ആശ്ചര്യകരമായ വിജയം നല്‍കുകയും ചെയ്തു. ചില സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റുകളോ ഏതാണ്ടെല്ലാ സീറ്റുകളോ പിടിച്ചെടുക്കുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ലോക്‌സഭയില്‍ 543 സീറ്റുകളില്‍ നിന്ന് വെറും 44 സീറ്റുകളിലേക്ക് ചുരുക്കുകയും ചെയ്ത ബി ജെപിയുടെ വിജയം അത്രയും സമ്പൂര്‍ണ്ണമായിരുന്നു. കോണ്‍ഗ്രസിന്റെ പാതാളത്തിലേക്കുള്ള വീഴ്ചയും മോഡിയുടെ പരമമായ ഭൂരിപക്ഷവും പാര്‍ട്ടി സംവിധാനത്തിലും സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും സാമ്പത്തികരംഗത്തിന്റെയും വിസ്തൃതമായ മേഖലകളിലും ഹിന്ദുദേശീയതാശക്തികളുടെ ഉയര്‍ച്ചയ്ക്ക് അടിവരയിട്ടു. അങ്ങനെ ആര്‍ എസ് എസും ബിജെപിയും കുന്തമുനകളായ ഹിന്ദു വലതുപക്ഷമെന്ന ധ്രുവത്തിനു ചുറ്റും കറങ്ങുന്ന ദേശീയ രാഷ്ട്രീയമായി ഇന്ത്യന്‍ രാഷ്ട്രീയത പുനര്‍നിര്‍വചിക്കപ്പെട്ടു. ഉത്തര്‍പ്രദേശില്‍ 2017 ലുണ്ടായ തിരഞ്ഞെടുപ്പു വിജയം അതിനെ ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു.

ആറു ദശകത്തിലേറെ കാലത്തേക്ക് കോണ്‍ഗ്രസായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രബലമായ അച്ചുതണ്ട്. അതിപ്പോള്‍ അങ്ങനെ അല്ലെന്നു മാത്രമല്ല, നഷ്ടപ്രൗഢിയും പ്രാധാന്യവും അതൊരിക്കലും തിരികെപ്പിടിക്കുമെന്നും തോന്നുന്നില്ല. 1980 കളോടെ കോണ്‍ഗ്രസ് മുസ്‌ലിംകളെ പ്രീണിപ്പിക്കാനും തങ്ങളുടെ മതപരമായ ഉത്കണ്ഠകള്‍ക്ക് ഇടം വേണമെന്ന് ഒച്ചയിടുന്ന ഹിന്ദു സംഘങ്ങളെ പ്രീതിപ്പെടുത്താനും തുടങ്ങിയിരുന്നു. രാജീവ് ഗാന്ധി ഷാ ബാനു പ്രശ്‌നത്തില്‍ നല്‍കിയ ഇളവുകളും പിന്നീട് ഹിന്ദു വലതുപക്ഷത്തിനായി ബാബരി മസ്ജിദിന്റെ വാതിലുകള്‍ തുറന്നു കൊടുത്തതും നരസിംഹറാവു ഭരണം ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് കാരണമാകുംവിധം നിഷ്‌ക്രിയമായതും ആ വീഴ്ചക്ക് ആക്കം കൂട്ടി. ബിജെപിയെ നേര്‍ക്കുനേര്‍ മുട്ടാതിരിക്കുകയെന്ന റാവുവിന്റെ നയവും ഉത്തരേന്ത്യയിലെ ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുമോയെന്ന ഭീതിയും പാര്‍ട്ടിയെ തളച്ചിട്ടു. കോണ്‍ഗ്രസ് പാര്‍ട്ടി ഹിന്ദു വര്‍ഗീയതയുടെ പുലിപ്പുറത്ത് കയറിയില്ലെങ്കിലും പൊതു ജീവിതത്തില്‍ കൂടുതല്‍ മുഖ്യമായ പങ്ക് വഹിക്കാന്‍ മതരാഷ്ട്രീയത്തിന് അത് ഇടമുണ്ടാക്കിക്കൊടുത്തു. അത് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ മാറ്റി. രാഷ്ട്രീയ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുന്നതിലുണ്ടായ പരാജയവും ഹൈന്ദവ സംഘങ്ങളെ വെല്ലുവിളിക്കാനുള്ള വിമുഖതയും രാഷ്ട്രീയ അധികാരത്തിന്മേലുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മേല്‍ക്കൈ അവസാനിപ്പിച്ചു.

കോണ്‍ഗ്രസ് പരമാധികാരത്തിന്റെ അന്ത്യമാണ് ബിജെപി പ്രചരിപ്പിക്കുന്ന തരം ഹിന്ദു ഭൂരിപക്ഷവര്‍ഗീയത കേന്ദ്രബിന്ദുവായ രാഷ്ട്രീയത്തിന്റെ ആവിര്‍ഭാവത്തിന് കാരണം. ഹിന്ദു ഭൂരിപക്ഷത്തിന് പൊതു ജീവിതത്തില്‍ അര്‍ഹമായ പ്രാധാന്യം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്ന മദ്ധ്യവര്‍ഗഹിന്ദുക്കള്‍ കൂടുതലായി ഇത്തരം രാഷ്ട്രീയത്തിലേക്ക് ഇരമ്പിക്കയറുകയും ചെയ്തു. ‘ന്യൂനപക്ഷത്തിന്റെ പീഡനങ്ങള്‍ ഏറ്റു വാങ്ങുന്ന ഹിന്ദുക്കള്‍’ എന്ന ബിംബം നിര്‍മിക്കുന്ന വിധത്തിലാണ് ബിജെപിയുടെ പ്രചരണങ്ങള്‍ രൂപകല്പന ചെയ്തിട്ടുള്ളത്.
ഇന്ത്യയെ ‘ഹിന്ദു’വാക്കാനുള്ള ശ്രമം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുത്തന്‍ പ്രതിഭാസമല്ലെങ്കിലും 1950കളിലും 1960 കളിലും ആ ആശയത്തിന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നു. രാഷ്ട്രത്തിന്റെയും പ്രബലരായ രാഷ്ട്രീയപാര്‍ട്ടികളുടെയും ഇടതുപക്ഷ, ഉദാര ചിന്താഗതിയുള്ള മദ്ധ്യവര്‍ഗത്തിന്റെയും മതേതരത്വത്തിലും സാമ്പത്തിക വികസനത്തിലുമുള്ള ഊന്നല്‍ അതിനെ തടഞ്ഞു നിര്‍ത്തി. ഇന്ത്യയെന്ന രാഷ്ട്രത്തെ കുറിച്ചുള്ള സ്വാതന്ത്ര്യാനന്തര കാഴ്ചപ്പാട് വംശീയമെന്നതിനേക്കാള്‍ പൗരസംബന്ധിയായ സ്വത്വത്തില്‍ അധിഷ്ഠിതമായിരുന്നു. രാജ്യത്തിന്റെ ആദ്യത്തെ അമ്പതു വര്‍ഷത്തെ പുരോഗതി നാനാത്വത്തിന്റെയും സാംസ്‌കാരിക വൈവിധ്യത്തിന്റെയും സംരക്ഷണത്തില്‍ തന്നെയാണ് വിരലൂന്നിയത്. മുസ്‌ലിം രാഷ്ട്രമായി സ്വയം പ്രഖ്യാപിച്ച പാക്കിസ്ഥാനില്‍ നിന്നു വ്യത്യസ്തമാകാന്‍ തന്നെയാണ് ഇന്ത്യ മതേതരത്വവും ബഹുസ്വരതയും ഭരണത്തിനുള്ള നിലപാടു തറയായി സ്വീകരിച്ചത്.

സാമൂഹ്യപരിഷ്‌ക്കരണത്തിന്റെയും രാഷ്ട്രം നേതൃത്വം നല്‍കുന്ന സാമ്പത്തിക വികസനത്തിന്റെയും ലക്ഷ്യങ്ങളില്‍ അഭിപ്രായഐക്യം പടുത്തുയര്‍ത്തിയാണ് ജവഹര്‍ലാല്‍ നെഹ്രു പിന്തുണ സ്വരുക്കൂട്ടിയത്. അദ്ദേഹം എല്ലാത്തിനെയും ഉള്‍പ്പെടുത്തുന്ന ദേശീയതയില്‍ വിശ്വസിക്കുകയും ഭൂരിപക്ഷ സമുദായത്തിന്റെ സംജ്ഞകളില്‍ രാഷ്ട്രത്തെ നിര്‍വചിക്കുന്നത് കരുതലോടെ ഒഴിവാക്കുകയും ചെയ്തു.

സുപ്രീം കോടതിയുടെ നിര്‍ത്തിവെക്കല്‍ ഉത്തരവ് പോലും അവഗണിച്ച് വലിയൊരു കൂട്ടം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ബാബരി മസ്ജിദ് തകര്‍ത്തത് മതേതരമായ അഭിപ്രായഐക്യത്തിന്റെ തകര്‍ച്ചയുടെ നിര്‍ണ്ണായകനിമിഷമായിരുന്നു. തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതിനേക്കാള്‍ കൂടുതലാളുകള്‍ സ്വദേശങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടു. ഹിന്ദു ഭൂരിപക്ഷത്തിന്റെ മേല്‍ക്കോയ്മ ഉറപ്പിക്കാന്‍ രൂപകല്പന ചെയ്യപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയായിരുന്നു അത്. ബാബരി മസ്ജിദിന്റെ തകര്‍ച്ച രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും അപകടകരമായ മിശ്രണത്തിന് കനത്ത പ്രോത്സാഹനം നല്‍കി. ബഹുതക്ക് പ്രാധാന്യമുള്ളതും സങ്കുചിതചിന്ത ഒട്ടുമില്ലാത്തതുമായ ഇന്ത്യക്കു പകരം ഹൈന്ദവരാഷ്ട്രമെന്ന ഭൂരിപക്ഷ ആശയത്തിനായി പ്രത്യയശാസ്ത്ര സംവാദവും സ്ഥാപനവല്‍കൃതമായ രാഷ്ട്രീയ പ്രക്രിയയും മാറ്റുകയെന്ന സാധ്യത അത് തുറന്നിടുകയും ചെയ്തു. ഏതാണ്ടെല്ലാ ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളും ഭൂരിപക്ഷമതത്തിന്റെ പേരില്‍ സ്വയം നിര്‍വചിച്ചപ്പോഴും നാനാത്വത്തിന്റെ നയങ്ങള്‍ മുറുകെപ്പിടിച്ചു എന്നത് അതു വരെ ഇന്ത്യയുടെ സവിശേഷതകളിലൊന്നായിരുന്നു. രാഷ്ട്രീയത്തിലും പൊതു ജീവിതത്തിലും ഭൂരിപക്ഷ വികാരങ്ങളുടെ വളരുന്ന പ്രാധാന്യത്തിന്റെയും അത്തരം താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ക്രമാനുഗതമായ അധികാര വഴികളുടെയും സാക്ഷ്യപത്രം കൂടിയായിരുന്നു രാഷ്ട്രീയമായ കടന്നുകയറ്റം എന്ന നിലയില്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ച, രാഷ്ട്രവും മതവും തമ്മിലുള്ള വേര്‍ത്തിരിവ് കൂടൂതല്‍ ദുര്‍ബലമാകുകയും വിഭാഗീയരാഷ്ട്രീയം പുതിയ അണികളെ നേടുകയും ചെയ്തു.

അയോദ്ധ്യാപ്രസ്ഥാനം രാഷ്ട്രത്തെയും ഏതാനും രാഷ്ട്രീയ പാര്‍ട്ടികളെയും ഹിന്ദു ഭൂരിപക്ഷത്തിന്റെ സര്‍വപ്രമുഖത അംഗീകരിക്കാന്‍ നിര്‍ബന്ധിതരാക്കി. പൊതു ഇടത്തിലും രാഷ്ട്രസംവിധാനത്തിലും ഹിന്ദു വികാരങ്ങളോടുള്ള ഭയഭക്തി ബഹുമാനങ്ങള്‍ ഈ മാറ്റത്തിന്റെ വ്യക്തമായ ഒരു സവിശേഷതയാണ്. ന്യൂനപക്ഷങ്ങളുടെ അടിച്ചമര്‍ത്തലും കീഴ്‌പ്പെടുത്തലുമാണ് അതിന്റെ മറ്റൊരു സവിശേഷത. സ്വതന്ത്ര ഇന്ത്യയില്‍ സവര്‍ണ്ണഹിന്ദുക്കള്‍ അധികാരം കയ്യാളിയെങ്കിലും, സാംസ്‌കാരികമായി ഹിന്ദു ഭൂരിപക്ഷം ശക്തരായിരുന്നെങ്കിലും അവര്‍ വിവേചനത്തിന് ഇരകളായി എന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദുവലതു പക്ഷം സ്വയം സാധുത നേടിയത്. രാഷ്ട്രം മതന്യൂനപക്ഷങ്ങളോട് കാണിച്ച പക്ഷപാതത്താല്‍ തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന തോന്നല്‍ ഹിന്ദു വലതു പക്ഷം പരത്തിയിട്ടുണ്ട്. രാഷ്ട്രത്തിനകത്തു തന്നെയുള്ള ‘ശത്രു’ വിനോടുള്ള എതിര്‍പ്പാണ്, പൊതുവായ പങ്കിടലുകളല്ല ഹിന്ദു ഐക്യത്തിനാധാരം. ഹിന്ദു രാഷ്ട്രമെന്ന പദ്ധതിക്കുള്ളില്‍ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇടമേയില്ല. ഇന്ത്യ ഇതരമതസ്ഥരുടെ ജന്മസ്ഥലമോ തൊഴിലിടമോ ആകാമെങ്കിലും ഉത്ഭവസ്ഥലമോ പുണ്യസ്ഥലമോ അല്ലെന്ന് ആര്‍ എസ് എസ് വാദിക്കുന്നു. അടിസ്ഥാനപരമായ ഈ പ്രത്യശാസ്ത്രനിലപാടു തറയില്‍ നിന്ന് 1925 മുതല്‍ ആര്‍ എസ് എസ് ഒരിക്കല്‍ പോലും വ്യതിചലിച്ചിട്ടില്ല.

2014 ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച അതിശയകരമായ വിജയം ബി ജെപിക്ക് രാഷ്ട്രീയ അജണ്ട കൂടുതല്‍ വ്യാപകമാക്കാനുള്ള അവസരം നല്‍കി. രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളുടെ ഏറ്റവും ശക്തമായ, കൂട്ടമായ ഹിന്ദു ദേശീയതാ പ്രസ്ഥാനം ഈ അവസരം ഹൈന്ദവരാഷ്ട്രം കെട്ടിപ്പടുക്കാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. ആത്യന്തികമായും ഒരു ഹൈന്ദവരാഷ്ട്രമായാണ് ബി ജെപി എന്നും ഇന്ത്യയെ നിര്‍വചിട്ടുള്ളത്. ആര്‍ എസ് എസിന്റെ തലവനായ മോഹന്‍ ഭഗവത് 2014 ആഗസ്തില്‍ ‘ഇന്ത്യ ഒരു ഹൈന്ദവ രാഷ്ട്രമാണെന്നും ഹിന്ദുസ്ഥാനിലെ പൗരന്മാര്‍ ഹിന്ദുക്കളായി അറിയപ്പെടണമെന്നും’ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലുള്ളവരെ ഇംഗ്ലീഷുകാരെന്നും ജര്‍മ്മനിയിലുള്ളവരെ ജര്‍മ്മന്‍കാരെന്നും വിളിക്കുന്നതു പോലെ ഇന്ത്യക്കാരെ ഹിന്ദുക്കള്‍ എന്ന് വിളിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഹിന്ദു സമുദായം അനുഭവിക്കേണ്ടി വന്ന അനീതികള്‍ തിരുത്താന്‍ സമര്‍പ്പിക്കപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കാനായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രം തിരുത്തിയെഴുതാനുള്ള പ്രധാനപ്പെട്ട ഫലകമാണ് ഹൈന്ദവ ദേശീയത. ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ നിര്‍വചിക്കപ്പെടേണ്ടത് ഹിന്ദു ഭൂരിപക്ഷത്തിന്റെ സംസ്‌കാരത്തിന്റെയും മുന്‍ഗണനകളുടെയും അടിസ്ഥാനത്തിലാകണമെന്നും ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന ആശയം ന്യുനപക്ഷങ്ങള്‍ അംഗീകരിക്കണമെന്നും ആര്‍ എസ് എസിന്റെ ആചാര്യന്മാര്‍ തുടര്‍ച്ചയായി വാദിച്ചിട്ടുണ്ട്. ചരിത്രപരമായ തെറ്റു തിരുത്തുന്നതിന്റെ ഭാഗമാണവര്‍ക്ക് രാമജന്മഭൂമി പ്രസ്ഥാനം. നൂറ്റാണ്ടുകളോളം സ്വദേശത്ത് നിഷേധിക്കപ്പെട്ട ഹിന്ദുവിന്റെ സാംസ്‌കാരിക അവകാശങ്ങളുടെ പുനരുജ്ജീവനത്തിന്റെ ഭ്രമണകേന്ദ്രമാണ് രാമക്ഷേത്രം. പ്രാകൃതരായ മുസ്‌ലിം ആക്രമണകാരികള്‍ നിരവധി ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിച്ചെന്നും അങ്ങനെയുണ്ടായ കൊടിയ അപമാനം ആ ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിലൂടെ മായ്ച്ചു കളയണമെന്നും അവര്‍ വിശ്വസിക്കുന്നു. നാനൂറ്റി അറുപത്തിനാലു വര്‍ഷം മുമ്പ് ഹിന്ദുസമുദായത്തിനേറ്റ അപമാനത്തിന്റെ പ്രതികാരം മാത്രമാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ചയെന്ന വാദമാണ് ആവലാതികളുടെയും അവിശ്വാസത്തിന്റെയും അക്രമണോത്സുകമായ മതസ്‌നേഹത്തിന്റെയും പുത്തന്‍ രാഷ്ട്രീയ രൂപത്തിന് ഇന്ധനമായ വികാരം.

ആവലാതികളുടെയും അന്യായങ്ങളുടെയും നീണ്ട പട്ടികയായാണ് ഹിന്ദു ദേശീയവാദികള്‍ ചരിത്രത്തെ കാണുന്നത്. അതുകൊണ്ടു തന്നെ അവരുടെ ഊന്നല്‍ സാമൂഹ്യമായ വിരോധത്തിലും രാഷ്ട്രീയ വൈരത്തിലുമാണ്. അവര്‍ ‘പുറത്തു നിന്നു വന്നവനെ’ ഹിന്ദുക്കളുടെ മതതാല്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച ശത്രുവായി അവരോധിക്കുന്നു. നെഹ്രുവിന്റെ ഇന്ത്യന്‍ ചരിത്രമെഴുത്തില്‍ നിന്നും കടകവിരുദ്ധമായി വര്‍ഗീയമായ ചരിത്രനിര്‍മാണം ഹിന്ദുക്കളുടെ ഏകീകരണവും പടയൊരുക്കവുമാണ് പ്രധാനമായി ലക്ഷ്യമിടുന്നത്. എന്നാല്‍ ചരിത്ര ഗവേഷണത്തിന്റെ സാധാരണമായ മാനദണ്ഡങ്ങള്‍ പോലും പാലിക്കാനാവശ്യമായ ബൗദ്ധികമികവ് ഈ ശക്തികള്‍ക്കില്ല. അതുകൊണ്ട് ഭരണപരമായ സവിശേഷാധികാരങ്ങള്‍ ദുരുപയോഗം ചെയ്തും പാഠ്യപദ്ധതി മാറ്റിയും മിത്തുകളില്‍ നിന്നും മതഗ്രന്ഥങ്ങളില്‍ നിന്നും ശേഖരിച്ച ചരിത്രബോധം പാഠപുസ്തകങ്ങളില്‍ പ്രതിഫലിപ്പിച്ചുമാണ് അവര്‍ ചരിത്രം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. സ്വാതന്ത്ര്യസമരത്തിലെ സുവ്യക്തമായ അസാന്നിധ്യം മറച്ചുവെക്കാന്‍ ദേശീയ തലത്തില്‍ പ്രശസ്തരായവരുടെ നിരയില്‍ നിന്ന് യാഥാസ്ഥിതിക ബിംബങ്ങളെ അവര്‍ കൈക്കലാക്കുകയും ചെയ്യുന്നുണ്ട്.

ചരിത്രത്തിന്റെ തിരുത്തിയെഴുതല്‍ 2014 നുശേഷം ബി ജെ പി ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയെ ഹൈന്ദവ സമൂഹമായി ചിത്രീകരിക്കാനും ഭൂതകാലത്തെക്കുറിച്ച് സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന ആശയങ്ങളോട് ചരിത്രത്തെ അടുപ്പിക്കാനും അത് അത്യാവശ്യമാണ്. മുസ്‌ലിം ഭരണകാലത്തെ ഇരുണ്ട കാലഘട്ടമെന്ന് വിളിക്കുന്നത് ചരിത്രത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിന് തുല്യമാണ്. ആര്‍ എസ് എസ് പ്രചരിപ്പിക്കുന്നത് ഭ്രമകല്പനകളെയാണ്, ചരിത്രത്തെയല്ല. ഹൈന്ദവദേശീയതയുടെ ഭാവനയില്‍ കൊടും വില്ലനായ ഔംറഗസീബില്‍ തുടങ്ങിയ നുണയെഴുത്ത് ഇപ്പോള്‍ അക്ബറിലേക്കും ഷാജഹാനിലേക്കും കടന്നിരിക്കുകയാണ്. ന്യൂഡല്‍ഹിയിലെ ഔംറഗസീബ് തെരുവിനെ എ പി ജെ അബ്ദുള്‍കലാം തെരുവായി പുതുക്കിയെഴുതിയ ആ പൊളിച്ചെഴുത്ത് എണ്ണൂറു വര്‍ഷത്തെ മുസ്‌ലിം ഭരണത്തെയാണ് ലക്ഷ്യമിടുന്നത്. ഏകദേശം എണ്ണൂറു വര്‍ഷം നീണ്ട മുസ്‌ലിം ഭരണം അങ്ങേയറ്റത്തെ ചൂഷണത്തിന്റെയും കൊടും ക്രൂരതകളുടെയും മറ്റു മതവിശ്വാസങ്ങളോടുള്ള അസഹിഷ്ണുതയുടെയും കാലഘട്ടമായിരുന്നുവെന്നും അതിനെ വെള്ളപൂശുന്നവരാണ് യഥാര്‍ത്ഥത്തില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നതെന്നുമാണ് ബി ജെപിയുടെ ഔദ്യോഗിക വക്താവ് ജി വി എല്‍ നരസിംഹറാവു അഭിപ്രായപ്പെട്ടത്.

പ്രശസ്തമായ ഹല്‍ദിഘാട്ടി യുദ്ധത്തില്‍ മഹാറാണാപ്രതാപിനെ അക്ബറല്ല,അക്ബറിനെ മഹാറാണാ പ്രതാപാണ് പരാജയപ്പെടുത്തിയതെന്ന് പാഠപുസ്തകങ്ങളിലെഴുതാന്‍ രാജസ്ഥാന്‍ സര്‍വകലാശാല തീരുമാനിക്കുന്നത് ഈ പശ്ചാത്തത്തിലാണ്. ഇന്ത്യന്‍ രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം മുസ്‌ലിംകള്‍ എന്നന്നേക്കും അന്യരാണെന്ന ലോകതത്വം അരക്കിട്ടുറപ്പിക്കേണ്ടത് അവരുടെ ആവശ്യമാണല്ലോ.

ഈ വിചിത്രയുക്തിയെ ഓര്‍മപ്പെടുത്തുന്നതാണ് താജ്മഹലിനെ ചൊല്ലിയുള്ള വിവാദം. മുസ്‌ലിം ഭരണാധികാരികള്‍ നിര്‍മിച്ച ഏതൊരു സ്മാരകവും വെറുക്കപ്പെടുകയോ ബാബരി മസ്ജിദിനെ പോലെ തകര്‍ക്കപ്പെടുകയോ ചെയ്യേണ്ടതുണ്ട്. ഇന്ത്യന്‍ ചരിത്രത്തിലെ കളങ്കം എന്നാണ് ഉത്തര്‍പ്രദേശിലെ ബിജെപി എം എല്‍ എ ആയ സംഗീത് സോം താജ്മഹലിനെ വിശേഷിപ്പിച്ചത്. അദ്ദേഹം താജ്മഹലിന് ഇന്ത്യന്‍ പൈതൃകത്തിലുള്ള സ്ഥാനം ചോദ്യം ചെയ്യുകയും മുഗള്‍ ഭരണാധികാരികളെ തുടച്ചു മാറ്റാനായി ചരിത്രം തിരുത്തിയെഴുതുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര ഇടങ്ങളുടെ പട്ടികയില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയതും പകരം ഹിന്ദു പുണ്യസ്ഥലങ്ങളുടെ പേരുകള്‍ കുത്തിനിറച്ചതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

ന്യൂനപക്ഷ മതവിശ്വാസികളോട്, പ്രത്യേകിച്ചും മുസ്‌ലിംകളോടുള്ള മുന്‍വിധികളിലാണ് ഹിന്ദുദേശീയത ഏറിയ പങ്കും കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ ഇത്തരം മുന്‍വിധികള്‍ മാധ്യമങ്ങളിലൂടെയും ബോളിവുഡ് ചലച്ചിത്രങ്ങളിലൂടെയും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭീകരവാദി ചലച്ചിത്രങ്ങളില്‍ മുസ്‌ലിംകളാണ് എപ്പോഴും ഭീകരര്‍. സ്വന്തം മതസ്വത്വം കൂടുതല്‍ ‘വിശാലമായ’ പാന്‍ ഇന്ത്യന്‍ ദേശീയസ്വത്വത്തിലേക്ക്, പ്രധാനമായും ഹൈന്ദവമായ സാംസ്‌കാരിക സ്വത്വത്തിലേക്ക ് വലിച്ചു നീട്ടുമ്പോഴും മുസ്‌ലിംകള്‍ വിവേചനത്തിന് വിധേയരാകുന്നുണ്ട്. ഇത്തരം ചിത്രീകരണങ്ങള്‍ പൊതുവായ മനോഭാവങ്ങളെ രൂപപ്പെടുത്തുകയും അക്രമാസക്തനും ഭീകരവാദിയും അവിശ്വസ്തനും ഒരിക്കലും ജനാധിപത്യവിശ്വാസിയാകാന്‍ കഴിയാത്തവനുമായ മുസ്‌ലിമിനെ കുറിച്ചുള്ള വാര്‍പ്പു മാതൃകകള്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. ന്യൂയോര്‍ക്കില്‍ 2011 സെപ്റ്റംബറിലും മുംബൈയില്‍ 2008 നവംബറിലുമുണ്ടായ ഭീകരാക്രമണങ്ങള്‍ ഇത്തരം വാര്‍പ്പുമാതൃകകളെ പൊലിപ്പിക്കുകയും മുസ്‌ലിംകള്‍ക്കെതിരെയുള്ള മുന്‍വിധികള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. ഭൂരിപക്ഷ വിഭാഗത്തിന് ഇങ്ങനെയുണ്ടാകുന്ന അരക്ഷിതബോധങ്ങള്‍ ആളിക്കത്തിക്കുകയും അവരെ വിഭജിച്ച് ഏകീകരിക്കുകയുമാണ് ഹിന്ദു വലതുപക്ഷം ചെയ്യുന്നത്. ഇങ്ങനെ ഭൂരിപക്ഷജനത ഇരകളാണെന്ന ആഴത്തിലുള്ള തോന്നല്‍ സൃഷ്ടിക്കപ്പെടുകയും ന്യൂനപക്ഷങ്ങളെ കുറിച്ച് കൂടുതല്‍ അവിശ്വാസമുണ്ടാകുകയും ചെയ്യുന്നു. സാമൂഹ്യമായ സംഘര്‍ഷങ്ങള്‍ കൂട്ടുകയും മുസ്‌ലിംകളെ ‘വോട്ടവകാശമില്ലാത്തവരായി’ മാറ്റുകയും ചെയ്യുന്ന രാഷ്ട്രീയ വിഭാഗീയതയുടെ പുതിയ ഭാഷയാണ് ഈ രാഷ്ട്രീയപ്രക്രിയയില്‍ വ്യക്തമാകുന്നത്.

മുസ്‌ലിംകള്‍ കൂടുതല്‍ പേരെ അവരുടെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്നും കാലക്രമേണ മതഭൂരിപക്ഷമായി മാറുമെന്നുമുള്ള ഭീതിയും ഹിന്ദു ദേശീയവാദികള്‍ ഉയര്‍ത്തിവിട്ടിട്ടുണ്ട്. മുസ്‌ലിംകളുടെ ജനസംഖ്യാവര്‍ദ്ധനവ് ഹിന്ദുക്കളുടേതിനേക്കാള്‍ വേഗത്തില്‍ കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന വസ്തുത അവഗണിക്കുകയാണ് ഈ വിശ്വാസം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഹിന്ദു ദേശീയതയുടെ പ്രധാനപ്പെട്ട ഭീതി എണ്ണത്തെക്കുറിച്ചുള്ളതാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ലവ് ജിഹാദും ഘര്‍വാപസിയും ചര്‍ച്ചാവിഷയമായത് അങ്ങനെയാണ്.

പശുവിറച്ചി രാഷ്ട്രീയവും ലവ് ജിഹാദും അയോദ്ധ്യ വിവാദവും ഇന്ത്യയെന്ന ആശയത്തിന്റെ പുനര്‍സങ്കല്പമാണ്. ഹിന്ദുക്കളെ ഇരകളാക്കിയെന്നും അടിച്ചമര്‍ത്തിയെന്നുമുള്ള വാദങ്ങളാണ് അതിന്റെ കാതല്‍. മുസ്‌ലിംകള്‍ അവരുടെ വിട്ടുവീഴ്ചയില്ലായ്മ കൊണ്ട് ഇന്ത്യയുടെ പുരോഗതി തടഞ്ഞുവെന്ന തരത്തിലുള്ള അതിവാദങ്ങള്‍ക്ക് 1980 കളില്‍ ബിജെപിയും അതിന്റെ തീവ്രസഖ്യകക്ഷികളും മാത്രമായിരുന്നു തുണ. എന്നാല്‍ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയുടെ മദ്ധ്യവര്‍ഗത്തിനിടയിലും സാധാരണജനങ്ങള്‍ക്കിടയില്‍ പോലും അതൊരു അസാധാരണസംഭാഷണമല്ലാതായി മാറിയിട്ടുണ്ട്.

അന്യരാണെന്നു മാത്രമല്ല, രാഷ്ട്രത്തിന്റെ എല്ലാ വ്യഥകള്‍ക്കു കാരണവും ഇന്ന് മുസ്‌ലിംകളാണെന്നു വന്നിരിക്കുന്നു! തങ്ങള്‍ ജീവിക്കുന്നത് പുതിയ ഇന്ത്യയിലാണെന്നും അവിടെ തങ്ങള്‍ക്ക് വ്യത്യസ്തമായ പദവിയാണുള്ളതെന്നും മുസ്‌ലിംകളെ നിരന്തരമായി ഓര്‍മ്മപ്പെടുത്തുന്നതാണ് ഇന്നത്തെ ഓരോ രാഷ്ട്രീയ ചര്‍ച്ചയും.

ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയമായ പ്രാന്തവല്‍ക്കരണമാണ് ഇതിന്റെ അനന്തരഫലങ്ങളിലൊന്ന്. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ലോക്‌സഭയിലെ മുഖ്യരാഷ്ട്രീയപാര്‍ട്ടിക്ക് ഒരൊറ്റ മുസ്‌ലിം എം പി പോലുമില്ല. ഭരിക്കുന്ന പാര്‍ട്ടിക്ക് മുന്നൂറിലധികം സീറ്റുകളുള്ള ഉത്തര്‍ പ്രദേശ് നിയമസഭയിലും ഒരൊറ്റ മുസ്‌ലിം എം എല്‍ എ പോലുമില്ല. ഉത്തര്‍പ്രദേശില്‍ ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ പോലും മത്സരിപ്പിക്കാതിരുന്ന ബി ജെപി തങ്ങള്‍ക്ക് മുസ്‌ലിം വോട്ടുകള്‍ വേണ്ടെന്നു മാത്രമല്ല,അവരെ തങ്ങള്‍ ഗൗനിക്കുന്നില്ലെന്ന സന്ദേശം കൂടി എല്ലാവരിലുമെത്തിച്ചു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭൂരിപക്ഷവാദം മുഖ്യധാരാരാഷ്ട്രീയത്തിന്റെ പ്രധാനഘടകമാകുകയും കൂടുതല്‍ അപരിഷ്‌കൃതവും കൂടുതല്‍ അക്രമാസക്തവുമായ രാഷ്ട്രീയ സംവാദത്തിന് വഴി തെളിയിക്കുകയും ചെയ്തു. ബാബരി മസ്ജിദ് തകര്‍ത്ത ഇടത്തില്‍ തന്നെ രാമക്ഷേത്രം പണിയുന്നതിന് ഉത്തരേന്ത്യയിലെ വലിയൊരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം ശക്തമായ പ്രതീകാത്മകമൂല്യമാണുള്ളത്. പള്ളിയുടെ സ്ഥലത്തില്‍ മൂന്നില്‍ രണ്ടു ഭാഗവും ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ട് അലഹബാദ് ഹൈക്കോടതി ഈ അവകാശവാദത്തെ നീതീകരിക്കുകയും ചെയ്തു. രണ്ടു കണ്ടെത്തലുകളാണ് ഈ ഉത്തരവിന് ആസ്പദം: അയോദ്ധ്യയിലെ വിവാദഭൂമി രാമന്റെ ജന്മസ്ഥലമാണ്,അതിന് നിയമപരമായ അസ്തിത്വമുണ്ട്.രണ്ടു കണ്ടെത്തലുകളുടെയും നിയമപരമായ സാധുത സംശയകരമാണ്. 1949 ല്‍ വിവാദഭൂമിയില്‍ കടന്നു കയറി വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചതാണെന്ന് കോടതി അംഗീകരിക്കുന്നുണ്ടെങ്കിലും, ആ വിഗ്രഹങ്ങള്‍ ന്യായമായ സ്ഥലത്തെത്തിയെന്ന് യാതൊരു യുക്തിപരമായ അടിസ്ഥാനവുമില്ലാതെ കോടതി പിന്നീട് അംഗീകരിച്ചു. ബാബരി മസ്ജിദ് തകര്‍ത്തവര്‍ക്കു തന്നെ പള്ളിയുടെ പ്രധാനഭാഗങ്ങള്‍ കൈമാറ്റം ചെയ്തതിലൂടെ അക്രമപ്രവര്‍ത്തിയെ ലഘൂകരിക്കുകയും ചെയ്തു. ”നിയമം കയ്യിലെടുത്തവര്‍ക്ക് ആ പ്രവൃത്തിയുടെ ഗുണഫലങ്ങള്‍ നല്‍കരുതെന്ന പ്രാഥമികമായ നീതിന്യായതത്വം പോലും അലഹബാദ് ഹൈക്കോടതി അവഗണിച്ചെന്നാണ്” ഈ വിധിയെ കുറിച്ച് മുന്‍ സോളിസിറ്റര്‍ ജനറല്‍ ടി ആര്‍ അന്ത്യാരുജിന അഭിപ്രായപ്പെട്ടത്.

ആള്‍ക്കൂട്ട അക്രമത്തിനും പേശീബലത്തിനും നല്‍കുന്ന നിയമസാധുതയാണ് അലഹബാദ് ഹൈക്കോടതി വിധിയുടെ ഏറ്റവും മോശമായ വശം. വര്‍ഗ്ഗീയ അതിക്രമങ്ങളും ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയിലെ ബന്ധത്തെക്കുറിച്ചുള്ള വിഷം തുപ്പുന്ന പ്രസ്താവനകളും ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്തുകയാണ്. ഹിന്ദുക്കളെ ലക്ഷ്യം വെച്ചുള്ള ഇസ്‌ലാമിക തീവ്രവാദം രാഷ്ട്രത്തിന്റെ ഐക്യത്തിന് തുരങ്കം വെക്കുന്നുവെന്ന് ഹിന്ദു ദേശീയവാദികള്‍ ആരോപിക്കുന്നു. ഹിന്ദുക്കളെ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗമായി അവര്‍ അക്രമത്തെ ഉപയോഗിക്കുന്നു. ഈ തന്ത്രം ക്രൂരതകളുടെ കൊടുമുടികളിലെത്തിയത് 2002ല്‍ ഗോധ്ര സംഭവത്തെ തുടര്‍ന്നുണ്ടായ ഗുജറാത്ത് കലാപങ്ങളിലാണ്. സബര്‍മതി എക്‌സ്പ്രസില്‍ സഞ്ചരിച്ചിരുന്ന 59 ഹിന്ദു തീര്‍ത്ഥാടകരെ മുസ്‌ലിംകള്‍ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ചുറ്റിനുമുള്ള പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും രണ്ടായിരത്തോളം മുസ്‌ലിംകളെ കൊന്നൊടുക്കിയത്. മോഡിയായിരുന്നു അന്ന് ഗുജറാത്തിലെ മുഖ്യമന്ത്രി. പതിനഞ്ചു വര്‍ഷത്തിനിപ്പുറവും അദ്ദേഹം മുസ്‌ലിംകള്‍ക്കെതിരെ നടന്ന അക്രമത്തെ തള്ളിപ്പറഞ്ഞിട്ടില്ല.

ആള്‍ക്കൂട്ട അതിക്രമത്തിന്റെയും പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടുന്ന അക്രമികളുടെയും നീണ്ട ചരിത്രം ഇന്ത്യക്കുണ്ട്. 2013ല്‍ മുസഫര്‍ നഗറില്‍ കൊല്ലപ്പെട്ടത് 52 പേരാണ്. അസമില്‍ 2014ല്‍ ബക്‌സ ജില്ലയില്‍ ഒരൊറ്റ ദിവസം കൊല്ലപ്പെട്ടത് 46 പേരാണ്. ഇതില്‍ 28 പേരും കുട്ടികളായിരുന്നു. എന്നാല്‍ വലിയ ജനശ്രദ്ധയും മാധ്യമശ്രദ്ധയും ആകര്‍ഷിക്കുന്ന വലിയ അക്രമപ്രവര്‍ത്തനങ്ങളില്‍ നിന്ന് കരുതലുള്ള, ചെറുതും ഒറ്റപ്പെട്ടതുമായ അക്രമ പ്രവര്‍ത്തനങ്ങളിലേക്കുള്ള ചുവടുമാറ്റം കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ സംഭവിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടത്തിന്റെ അതിക്രമങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള, പ്രത്യേകിച്ചും മുസ്‌ലിം കള്‍ക്കെതിരെയുള്ള, പ്രധാനപ്പെട്ട ആയുധമായി ഉപയോഗിക്കുന്നുണ്ട്. പശുക്കളുടെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ഈ ഗണത്തിലാണ് പെടുത്തേണ്ടത്.

ആള്‍ക്കൂട്ട അക്രമത്തെ കുറിച്ച് ഈയ്യിടെ പ്രസിദ്ധീകരിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടില്‍ 2015 മുതല്‍ ഇത്തരം ഇരുപത്തിനാലു സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. അവയില്‍ 34 പേര്‍ കൊല്ലപ്പെടുകയും രണ്ടു സ്ത്രീകള്‍ മാനഭംഗപ്പെടുത്തപ്പെടുകയും ചെയ്തു. ഇരകള്‍ ഏതാണ്ടെല്ലാവരും തന്നെ മുസ്‌ലിം സമുദായത്തിലുള്ളവരാണ്. ഈ ആക്രമണങ്ങള്‍ ആള്‍ക്കൂട്ടരോഷത്തിന്റെ ഫലമായി പെട്ടെന്ന് പൊട്ടിപുറപ്പെട്ടവയല്ല,വര്‍ഷങ്ങള്‍ നീണ്ട പ്രചാരണങ്ങളുടെയും പ്രോത്സാഹിപ്പിക്കലിന്റെയും ഫലമാണ്.

വെറുപ്പിന്റെ പ്രധാനപ്പെട്ട രാസത്വരകമാണ് പശുവിനെ ചൊല്ലിയുള്ള ജാഗ്രത. ഗോ രക്ഷക് ദള്‍ പ്രവര്‍ത്തകര്‍ മുസ്‌ലിംകളെയും ദലിതുകളെയുമാണ് നോട്ടമിടുന്നത്. ഇത്തരം അക്രമങ്ങളില്‍ ഇര യഥാര്‍ത്ഥത്തില്‍ പശുവിറച്ചി കൈവശം വെച്ചോ എന്നതോ കശാപ്പിനായി പശുക്കള്‍ യഥാര്‍ത്ഥത്തില്‍ കയറ്റിഅയക്കപ്പെട്ടോ എന്നതോ പശുക്കള്‍ പ്രശ്‌നത്തില്‍ യഥാര്‍ത്ഥത്തില്‍ ഉള്‍പ്പെട്ടിരുന്നോ എന്നതോ പ്രസക്തമല്ല. മുസ്‌ലിംകള്‍ക്കെതിരായ പ്രചാരണവും വെറുപ്പിന്റെയും വൈരത്തിന്റെയും അന്ത:രീക്ഷവുമില്ലാതിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഇത്രയും സാധാരണമാകുമായിരുന്നില്ല. ബിജെപി -ആര്‍എസ് എസ് നേതൃത്വത്തിന്റെ തന്ത്രപരമായ മൗനം അക്രമങ്ങള്‍ തുടരാനുള്ള സമ്മതമാണ്. ഹിന്ദു മതത്തിന്റെയും സംസ്‌കാരത്തിന്റെയും ഏകസംരക്ഷകനായി ഹിന്ദു വലതുപക്ഷം സ്വയം അരക്കിട്ടുറപ്പിക്കുന്നത് ഇങ്ങനെയെല്ലാമാണ്.
ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയുടെ കേന്ദ്രസ്ഥാനമായ ഉത്തര്‍പ്രദേശില്‍ സാന്നിദ്ധ്യമുറപ്പിക്കാന്‍ അയോദ്ധ്യാപ്രശ്‌നം ബിജെപിയെ സഹായിച്ചു. രാമജന്മഭൂമി പ്രസ്ഥാനം മുതല്‍ ആദിത്യനാഥിന്റെ മുഖ്യമന്ത്രി പദം വരെയുള്ള സുപ്രധാന രാഷ്ട്രീയ തന്ത്രങ്ങള്‍ അരങ്ങേറിയിട്ടുളളത് ഉത്തര്‍പ്രദേശിലാണ്. അവസരം കിട്ടിയാല്‍ ഓരോ പള്ളിയിലും ഗണേശവിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ആദിത്യനാഥ് അക്രമോത്സുകമായ രാഷ്ട്രീയത്തിന്റെ വക്താവാണ്. അത്തരം വിഭാഗീയ പ്രസ്താവനകളാണ് 2017 ലെ തിരഞ്ഞെടുപ്പില്‍ ബി ജെപിക്ക് വന്‍ പിന്തുണ നേടിക്കൊടുത്തത്. ആ പരിശ്രമങ്ങള്‍ക്കുള്ള പ്രതിഫലം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. വര്‍ഗീയമായ പടയൊരുക്കം നടത്തിക്കൊണ്ടു തന്നെ അധികാരം പിടിച്ചെടുക്കുമെന്നു തന്നെയാണ് ആദിത്യനാഥിന് മുഖ്യമന്ത്രി പദം നല്‍കിക്കൊണ്ട് ബി ജെപി പ്രഖ്യാപിച്ചത്.
പ്രതിലോമ ആത്മീയതയും ലൗകികതയും തമ്മിലുള്ള കരുതിക്കൂട്ടിയുള്ള കലര്‍പ്പാണ് സംഭവിക്കുന്നത്. മതേതരജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അതിന് ഗൗരവമുള്ള പ്രത്യാഘാതങ്ങളുണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് ഒരു മതസ്ഥാപനത്തിന്റെ തലവന്‍ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഭരണഘടനാപദവി ഏറ്റെടുത്തിരിക്കുന്നത്. ബിജെപി ഭരണത്തിനു കീഴില്‍ മതത്തിനും രാഷ്ട്രത്തിനുമിടയില്‍ വളര്‍ന്നു വരുന്ന പുതിയ സ്ഥാപനവല്‍കൃത ബന്ധത്തിന്റെ പ്രത്യേകതയാണത്. മതത്തിനും അധികാരത്തിനുമിടയില്‍ ആധുനിക ജനാധിപത്യത്തില്‍ അത്യാവശ്യമായ വേര്‍തിരിവ് നഷ്ടപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം. ആദിത്യനാഥിന്റെ സ്ഥാനാരോഹണത്തോടെ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പു വിജയം ഭൂരിപക്ഷവര്‍ഗീയതയുടെ വിജയമായി മാറി. ‘ഇത് ഹൈന്ദവരാഷ്ട്രത്തിന്റെ തുടക്കമാണോ’ എന്നാണ് പ്രശസ്ത നിയജ്ഞനായ ഫാലി നരിമാന്‍ ആശ്ചര്യപ്പെട്ടത്.

ഭൂരിപക്ഷ സമുദായത്തിന്റെ ഭരണമെന്ന ആശയം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പൊളിച്ചെഴുത്തിനും ഏകാധിപത്യ സ്വഭാവമുള്ള ഭരണസംവിധാനത്തിനും കാരണമാകുന്നുണ്ട്. എങ്കില്‍ പോലും അത് മുഴുവന്‍ ഇന്ത്യയുടെയും ചിത്രമല്ല. ജനാധിപത്യം ഊര്‍ജ്ജസ്വലമായി തന്നെ രാജ്യത്തില്‍ നിലവിലുണ്ട്. എന്നാല്‍ എതിരാളികളെ നിര്‍വീര്യരാക്കാനും ഉന്മൂലനം ചെയ്യാനും സ്വതന്ത്രമാകേണ്ട മാധ്യമങ്ങളെ നിയന്ത്രിക്കാനുമുള്ള ശ്രമങ്ങള്‍ എമ്പാടുമുണ്ട്. ഹൈന്ദവദേശീയതയെ സര്‍വസാധാരണമാക്കുകയും മുഖ്യധാരയിലെത്തിക്കുകയും ചെയ്യുന്നു ഹിന്ദു വലതുപക്ഷം. ഇന്ത്യയുടെ മതേതര,ജനാധിപത്യ റിപ്പബ്ലിക്കിന്റെ അടിസ്ഥാനമൂല്യങ്ങള്‍ മായ്ച്ചു കളയാന്‍ ഉപയോഗപ്പെടുത്താവുന്ന ബിജെപി കേന്ദ്രീകൃത രാഷ്ട്രീയ വ്യവസ്ഥ നിലവില്‍ വന്നു കഴിഞ്ഞുവെന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണ്.

സോയ ഹസന്‍
ന്യൂഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്രു സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസിലെ പ്രൊഫസറാണ്
സോയ ഹസന്‍.

വിവര്‍ത്തനം: കെ സി

 

You must be logged in to post a comment Login