‘Who, really, is Donald Trump? What’s behind the actor’s mask? I can discern little more than narcissistic motivations and a complementary personal narrative about winning at any cost. It is as if Trump has invested so much of himself in developing and refining his socially dominant role that he has nothing left over to create a meaningful story for his life, or for the nation. It is always Donald Trump playing Donald Trump, fighting to win, but never knowing why.”
DAN P. MCADAMS
ഡാന്‍ പി മക്ആഡംസ് ചില്ലറക്കാരനല്ല. പൊതു വ്യക്തിത്വങ്ങളുടെ മനോനില ഇഴകീറിപ്പഠിക്കുന്നതില്‍ അതിവിദഗ്ധനാണ്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മള്‍ട്ടി ബില്യണറും റിയല്‍ എസ്‌റ്റേറ്റ് ടൈക്കൂണുമായ ഡൊണാള്‍ഡ് ട്രംപിന്റെ രഥയോട്ടകാലത്ത് ആരാണ് ട്രംപ് എന്ന് മനോവിജ്ഞാനീയത്തിന്റെ അടിസ്ഥാനത്തില്‍ ദീര്‍ഘപഠനം നടത്തിയിരുന്നു മക്ആഡംസ്. ആ പഠനത്തിന്റെ ഉപസംഹാരമാണ് ഈ ഉദ്ധരണി. ആത്മാനുരാഗത്തിന്റെ അപകടകരമായ മനോനില മാത്രമല്ല ട്രംപില്‍ എന്ന് പറയുന്നു ആഡംസ്. സ്വയം സ്ഥാപിക്കാന്‍ അതിഭീമമായി നിക്ഷേപമിറക്കിയ ട്രംപ് ജയിക്കാനായി ഏതറ്റവും വരെ യുദ്ധം ചെയ്യുന്നയാളാണ്. എന്തിനുവേണ്ടിയെന്ന് അയാള്‍ക്ക് പോലുമറിയാത്ത യുദ്ധം. മൈക്കിള്‍ ഡി അന്‍േറാണിയോ എന്ന ട്രംപിന്റെ ജീവചരിത്രകാരനെ (നെവര്‍ ഇനഫ്) ധാരാളമായി ഉദ്ധരിച്ചാണ് മക്ആഡംസിന്റെ നിരീക്ഷണങ്ങള്‍. മൈക്കലാഞ്ജലോവിന്റെ മനോനില പഠിച്ച സാക്ഷാല്‍ സിഗ്മണ്ട് ഫ്രോയിഡാണ് വഴികാട്ടി.
മഹാമാരികളോടുള്ള പ്രാചീനമായ ഭയം അപരത്വങ്ങളോട് എന്നുമുണ്ട് ട്രംപിനെന്ന് അന്‍േറാണിയോ. അപരത്വങ്ങളെ അയാള്‍ ഉഗ്രവിഷങ്ങളോ പരാദങ്ങളോ ആയി പരിഗണിക്കുന്നു. ട്രംപിന്റെ മുഴുവന്‍ ചെയ്തികളിലും ഈ ഭയം നിഴലിക്കുന്നു. ഡൊണാള്‍ഡ് ട്രംപായി അഭിനയിക്കുന്ന ഡൊണാള്‍ഡ് ട്രംപ് എന്ന ക്ലാസിക് കണ്‍ക്ലൂഷനുണ്ട് മക്ആഡംസിന്റെ പഠനത്തില്‍.
അമേരിക്കയുടെ ആഭ്യന്തര അരുംകൊലകളെക്കുറിച്ചുമുണ്ട് നിരവധി മന:ശാസ്ത്ര പഠനങ്ങള്‍. ഒരു പ്രകോപനവുമില്ലാതെ ആളുകളെ പച്ചക്ക് വെടിവെച്ച് കൊന്ന് സ്വയം മരിക്കുന്ന ഭ്രാന്തന്‍മാര്‍. അവരില്‍ കുട്ടികള്‍ പോലുമുണ്ട്. എന്തുകൊണ്ടാണത്? ലോകത്ത് എവിടെയും കാണാന്‍ കഴിയാത്ത ‘വെറുംകൊലകള്‍’ അമേരിക്കയില്‍ നടക്കുന്നു? ആ പഠനങ്ങള്‍ എത്തിനില്‍ക്കുന്ന ഒരു നിഗമനമുണ്ട്. ഭൗതിക സമ്പന്നതയുടെ പുളപ്പില്‍ മനുഷ്യര്‍ എത്തിച്ചേരുന്ന ഭയാനകമായ ഏകാന്തതയാണ് വെറുംകൊലകളുടെ കാരണങ്ങളിലൊന്ന്. മറ്റുള്ളവരെ ഭയപ്പെടുത്തിയും മറ്റുള്ള രാഷ്ട്രങ്ങളെ കൊള്ളയടിച്ചും അമേരിക്ക എത്തി നില്‍ക്കുന്ന വലിയ ഭൗതിക സമൃദ്ധി നിങ്ങള്‍ക്ക് ഊഹിക്കാം. അതേ സമയം അതിനപ്പുറം ആ രാജ്യം അനുഭവിക്കുന്ന വിശ്വാസ നഷ്ടം ഊഹിക്കാമോ? അങ്ങനെ ഒന്നുണ്ട്. ആദര്‍ശാധിഷ്ഠിതമായ ഒരു വിശ്വാസവും അമേരിക്കയുടെ കാമ്പില്‍ ഇപ്പോള്‍ ഇല്ല. ആത്മീയമായി ദരിദ്രരായ ജനത ഭൗതികമായി അതിസമ്പന്നരായി തീര്‍ന്നാല്‍ അവര്‍ അനുഭവിക്കുന്ന സ്വത്വപരമായ ഏകാന്തത ഭീകരമാണ്. എന്തുചെയ്യണം എന്ന് അറിയാത്ത വിധം വഴിയില്ലായ്മ. ലോകം തങ്ങളാല്‍ ഭരിക്കപ്പെടുന്നു എന്ന രാഷ്ട്രത്തിന്റെ ധാര്‍ഷ്ട്യം ശരീരത്തിലും മനസിലും വഹിച്ചുകൊണ്ടാണ് ഓരോ അമേരിക്കക്കാരന്റെയും പിറവി. ഈ ധാര്‍ഷ്ട്യം ഉണ്ടാക്കുന്ന മാനസിക ഭാരം ഒരു വശത്ത്. വിശ്വാസ നഷ്ടവും കുടുംബ ബന്ധങ്ങളുടെ അതിവേഗ തകര്‍ച്ചയും സൃഷ്ടിക്കുന്ന ഭാരം മറ്റൊരു വശത്ത്. ഇത്തരം ഭാരങ്ങള്‍ ചേര്‍ന്ന് സൃഷ്ടിക്കുന്ന മനോരോഗമാണ് ആധുനിക അമേരിക്കയുടെ ഏറ്റവും വലിയ പ്രതിസന്ധി. ഭൗതികമായി അതിസമ്പന്നതയും അത് സ്‌നേഹപൂര്‍വം വിതരണം ചെയ്തും പങ്കുവെച്ചും ഉപയോഗിക്കാവുന്ന സാമൂഹിക-കുടുംബ ജീവിതത്തിന്റെ അഭാവവും അമേരിക്കന്‍ സമ്പന്നനെ വിരസനാക്കുന്നു. അതിരുകള്‍ ഇല്ലാത്ത ലൈംഗിക സ്വാതന്ത്ര്യം ആ വഴിയുള്ള മാനസിക ഊര്‍ജ ലഭ്യതയെ അശ്ലീലമാക്കുന്നു. ഇതിന്റെ മൂര്‍ധന്യത്തിലാണ്, വിരസതയുടെ പരകോടിയിലാണ് അമേരിക്കക്കാരന്‍ രാജ്യത്തിനകത്ത് തോക്കെടുക്കുന്നത്. ഇതും പഠനങ്ങളാല്‍ തെളിയിക്കപ്പെട്ട വസ്തുതയാണ്. ഏകാന്തരായ, വിരസരായ, ഭ്രാന്തരായ ശതകോടീശ്വരന്‍മാര്‍ എത്രയോ ഉണ്ട് അമേരിക്കയില്‍.
ഡൊണാള്‍ഡ് ട്രംപ് എന്ന ശതകോടീശ്വരന്‍ അയാളുെട തിരഞ്ഞെടുപ്പ് വേളയില്‍ പുറപ്പെടുവിച്ച വികല വാക്കുകളും തെറികളും ഒന്നൊന്നായി അടുക്കിവെച്ച് ട്രംപിന്റെ മനോനില വിശദീകരിച്ചവര്‍ തന്നെയാണ് ഏകാന്തനും വിരസനും ഭ്രാന്തനുമായ ഒരു അപര വിദ്വേഷി, ഒരു ഏകാധിപതി ട്രംപിലുണ്ടെന്ന് കണ്ടെത്തിയത്. മുന്‍ പ്രസിഡന്റുമാരില്‍ പലരേയും നയിച്ച രാഷ്ട്രീയ ഭൂതകാലമോ അമേരിക്കക്കെങ്കിലും ഗുണകരമായ രാഷ്ട്രീയ ബോധ്യങ്ങളോ അല്ല ട്രംപിനുള്ളത്. അയാള്‍ എക്കാലത്തും വെറും മില്ല്യണയര്‍ ആയിരുന്നു. സ്‌കോട്ട്‌ലന്റിലെ മീനി എസ്‌റ്റേറ്റ് സ്വന്തമാക്കി ഗോള്‍ഫ് കോര്‍ട്ട് നിര്‍മിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് അവിടത്തെ പ്രാദേശിക ജനത എതിര് നിന്നപ്പോള്‍ അവരെ കേട്ടാലറക്കുന്ന പുലഭ്യം പറഞ്ഞ ചരിത്രമുണ്ട് അയാള്‍ക്ക്.
അമേരിക്കയെക്കുറിച്ച് ഇത്രകൂടി. അമേരിക്കയുടെ മുസ്‌ലിം പേടി പുതിയ കാര്യമല്ല. അവരുടെ മുസ്‌ലിം വിദ്വേഷവും പുതിയതല്ല. ജനാധിപത്യം എന്തെന്ന് കേട്ടിട്ടെങ്കിലുമുള്ള മുന്‍കാല പ്രസിഡന്റുമാര്‍, അവര്‍ രാഷ്ട്രീയക്കാര്‍ കൂടി ആയതിനാല്‍ അത് പരസ്യമായി പറയാറില്ല എന്നുമാത്രം. എന്നാല്‍ അമേരിക്കന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ശതകോടീശ്വരരില്‍ ഭൂരിപക്ഷത്തിനും മുസ്‌ലിം എന്നത് അമേരിക്കയുടെ അപരരും ശത്രുക്കളുമാണ്. അത് പ്രാചീന ഭയമാണ്. ട്രംപിന് ഉണ്ടെന്ന് നമ്മള്‍ ആദ്യം തെളിവുകള്‍ സഹിതം പറഞ്ഞ ആ ഭയം. ഇതെങ്ങനെ ഉണ്ടായി?
ഈ ചോദ്യത്തിന് ഒരു റെഡിമേഡ് ഉത്തരം ലോകം ഉണ്ടാക്കിവെച്ചിട്ടുണ്ട്. എന്താണന്നല്ലേ? സെപ്തംബര്‍ പതിനൊന്ന്. അമേരിക്കന്‍ ഇരട്ട ഗോപുരങ്ങള്‍ തകര്‍ക്കപ്പെട്ട ദിവസം. അമേരിക്കന്‍ സാമ്രാജ്യത്വം ആഗോള ഇസ്‌ലാമിനെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിച്ച മുഹൂര്‍ത്തം. ആ ഉത്തരം തെറ്റാണ്. കാരണം അതല്ല എന്ന് അമേരിക്കയില്‍ നിന്ന് തന്നെയുള്ള പഠനങ്ങള്‍ പറയുന്നു. അത് അമേരിക്കന്‍ പൊതുസമൂഹത്തിലെ, അമേരിക്കന്‍ ബൗദ്ധിക സമൂഹത്തിലെ, അമേരിക്കന്‍ മാധ്യമ സമൂഹത്തിലെ, അമേരിക്കന്‍ സാമ്പത്തിക സമൂഹത്തിലെ ശക്തമായ ജൂത സാന്നിധ്യമാണ്. അമേരിക്ക നിയന്ത്രിക്കപ്പെടുന്നത് ജൂതസമൂഹത്താലാണ് എന്നത് നിങ്ങള്‍ക്കറിയാം. ആ സാന്നിധ്യം എങ്ങനെ ഇസ്‌ലാമിനെ അപരവല്‍കരിച്ചു എന്നത് പരിശോധിക്കാം.
ചരിത്രപരവും മതപരവുമാണത്. ജൂതര്‍ ഒരു സമൂഹം എന്ന നിലയില്‍ നിലനില്‍ക്കുന്നത് വിശ്വാസം കൊണ്ടുള്ള കെട്ടുമുറുക്കിയാണ്. മിത്തുകളും യുക്തിയില്ലാത്ത വിശ്വാസങ്ങളും അതിപുരാതന കാലത്തെ കഥകളുമാണ് അവരുടെ ചരിത്രപരമായ ഊര്‍ജം. ആ കഥകളില്‍ അവര്‍ ഇസ്‌ലാമിനെ പ്രതിസ്ഥാനത്താക്കിയിട്ട് നൂറ്റാണ്ടുകളായി. ആ കഥകള്‍ക്ക് അന്താരാഷ്ട്ര സ്വീകാര്യത ചമച്ചാണ് അവര്‍ ബാല്‍ഫര്‍ പ്രഖ്യാപനം നേടിയത്. ആ കഥകള്‍ ഉപയോഗിച്ചാണ് അവര്‍ ഫലസ്തീനിനെ നശിപ്പിച്ചത്. ജൂതരുടെ അധിനിവേശത്തെ ചെറുക്കുന്ന ഒരു പൗരസമൂഹമേ ഇന്ന് ലോകത്തുള്ളു. അത് ഫലസ്തീനാണ്. ഫലസ്തീന്‍, ജൂതരെ സംബന്ധിച്ച് മുസ്‌ലിം ആണ്. ലോകത്ത് എല്ലായിടത്തുമുള്ള ജൂതര്‍ക്ക് ഇസ്രയേലാണ് പിതൃഭൂമി. ആ ഇസ്രയേലിനോട് ദുര്‍ബലമായെങ്കിലും ചെറുത്ത് നില്‍ക്കുന്ന ഫലസ്തീന്‍ അവര്‍ക്ക് കൊടും ശത്രുവാണ്. ഓരോ മുസല്‍മാനും അതിനാല്‍ ജൂതര്‍ക്ക് ഫലസ്തീനിയാണ്.
അമേരിക്കന്‍ ജൂത സമൂഹത്തിന് ഏറ്റവും വലിയ സ്വാധീനമുള്ളത് അമേരിക്കന്‍ ബിസിനസ് ലോകത്താണ്. ആ ബിസിനസ് ലോകത്തെ തലതൊട്ടപ്പനായ ട്രംപ് അതിനാല്‍ അവരുടെ സ്വപ്‌ന പുരുഷനാണ്. ട്രംപിന്റെ മകള്‍ ഇവാന്‍ക ജൂതമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തയാളാണ്. ഇവാന്‍കയുടെ ഭര്‍ത്താവാണ് ട്രംപിന്റെ മുതിര്‍ന്ന ഉപദേശകനും റിയല്‍ എസ്‌റ്റേറ്റ് രാജാവുമായ ജറാഡ് കുഷ്‌നര്‍. ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിനെ അതിജീവിച്ച് അമേരിക്കയില്‍ അഭയം തേടിയ ജോസഫ് കുഷ്‌നറുടെ കൊച്ചുമകന്‍. വംശവെറിയുള്ള തനി ജൂതന്‍.
അല്‍പം ദീര്‍ഘിച്ചുപോയ ഈ ആമുഖം മൂന്ന് കാര്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയായിരുന്നു. ഒന്ന്, ഡൊണാള്‍ഡ് ട്രംപ് എന്ന മനുഷ്യന്റെ മനോനില. നിങ്ങള്‍ക്ക് ഉറപ്പിക്കാം അത് അപരഭയം കൊണ്ട് ഉന്മാദിയായിത്തീര്‍ന്ന ഒരു നിരുത്തരവാദിയുടേതാണ്. രണ്ട്, അമേരിക്കയുടെ മുസ്‌ലിം വിദ്വേഷത്തിന് പിന്നില്‍ ജൂതരാണ്. മൂന്ന്, ട്രംപ് ജൂതരുടെ കൃഷ്ണമണിയാണ്.
എന്തിനായിരുന്നു ഇപ്പോള്‍ ഈ ആമുഖം? ലോകം ഇതുവരെ നേടിയ മുഴുവന്‍ രാഷ്ട്രീയ മര്യാദകളേയും സാമൂഹിക നീതിയെയും കാറ്റില്‍ പറത്തിയ, ലോകചരിത്രത്തിലെ ഏറ്റവും ക്രൂരമായ രാഷ്ട്രാവകാശലംഘനം സംഭവിച്ചിരിക്കുന്നു. ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായ പ്രഖ്യാപനം കൊണ്ട് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അവരോധിച്ചിരിക്കുന്നു. ഏകാന്തനും ഉന്മാദിയുമായ ഒരു അമേരിക്കക്കാരന്‍ ആള്‍ക്കുട്ടത്തിലേക്ക് വെടിയുതിര്‍ത്ത് രസിക്കുന്ന അതേ മാനസിക നിലയോടെയാണ് അയാള്‍ ആ പ്രഖ്യാപനം നടത്തിയത്. സമാധാനത്തിലേക്ക് കഷ്ടപ്പെട്ട് നീങ്ങുന്ന ലോകസമൂഹത്തെ ആ വെടിയൊച്ച ഭയപ്പെടുത്തുന്നു. ലോകം ഒന്നടങ്കം എതിര്‍ത്തിട്ടും അയാള്‍ ആ പ്രഖ്യാപനത്തില്‍ ആഹ്ലാദിക്കുന്നു. ഫലസ്തീനിലെ നിരപരാധികള്‍ വീണ്ടും ഇസ്രയേല്‍ പടയുടെ വെടിയേറ്റ് വീഴുന്നു. തങ്ങളുടെ ആവാസകേന്ദ്രത്തില്‍ കറുത്ത കുതിരപ്പുറത്ത് സായുധനായി റോന്തുചുറ്റുന്ന ഇസ്രയേല്‍ പൊലീസുകാരനെ കണ്ട് പേടിച്ച് കരയുന്ന ഫലസ്തീന്‍ സ്ത്രീകളുടെ ചിത്രം എ.എഫ്.പി പുറത്തുവിട്ടിരുന്നു. ഫലസ്തീനികള്‍ക്ക് ബാക്കിയുള്ള അല്‍പഭൂമിയില്‍ നിന്ന്, തകര്‍ന്ന വീടുകളില്‍ നിന്ന് കൂട്ടക്കരച്ചിലുകള്‍ ഉയരുകയാണ്.
നിങ്ങള്‍ അറിയണം; ലോകത്ത് ഇസ്രയേലൊഴികെ ആരും ആ ്രപഖ്യാപനത്തെ അനുകൂലിച്ചിട്ടില്ല. അമേരിക്കയുടെ സാമന്തരെന്ന് കരുതിപ്പോരുന്ന യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്ര സഭയും അറബ് രാജ്യങ്ങളും ഫ്രാന്‍സും ജര്‍മനിയും ബ്രിട്ടണും തുര്‍ക്കിയും മാര്‍പ്പാപ്പയും ജോര്‍ദാനും സൗദിയും ഈജിപ്തും ഇന്ത്യയും ഈ പ്രഖ്യാപനത്തെ അംഗീകരിച്ചിട്ടില്ല. ഹമാസ് മൂന്നാം ഇന്‍തിഫാദക്ക് ആഹ്വാനം നല്‍കിയത് കണ്ടില്ലേ? എല്ലാ സമാധാന ശ്രമങ്ങളും പരാജയപ്പെടുകയാണ്. സമാധാനം ഒരു ഭ്രാന്തന്റെ വെടിയേറ്റ് വീഴുകയാണ്.
നൂറ്റാണ്ടുകളായി ഫലസ്തീന്റെ ഭാഗമായിരുന്നല്ലോ ജറുസലേം. ജൂതരുടെയും ക്രിസ്ത്യാനികളുടെയും മുസ്‌ലിങ്ങളുടെയും പുണ്യ നഗരമാണത്. ബാല്‍ഫര്‍ അട്ടിമറി മറക്കരുത്. ഫലസ്തീനില്‍ ഇസ്രയേലിനെ കുടിയിരുത്തിയ ആ ചതി. ജറുസലേമിനെ അന്താരാഷ്ട്ര മേല്‍നോട്ടത്തിലുള്ള പ്രത്യേക പ്രദേശമായി അന്ന് തീരുമാനിച്ചിരുന്നു. 1948-ലെ യുദ്ധമാണ് ആദ്യ പ്രഹരം. അന്ന് ജറുസലേം എന്ന പുണ്യനഗരം വെട്ടിമുറിക്കപ്പെട്ടു. പടിഞ്ഞാറുഭാഗം ഇസ്രയേല്‍ സ്വന്തമാക്കി. 1967-ല്‍ കിഴക്കന്‍ ജറുസലേമും ഇസ്രയേല്‍ സ്വന്തമാക്കി. ഈ വെട്ടിപ്പിടിത്തത്തെ ലോകമായ ലോകമൊക്കെ അപലപിച്ചിട്ടും ഐക്യരാഷ്ട്ര രക്ഷാസമിതിയെപ്പോലും അവഗണിച്ച് ജറുസലേമിനെതിരെ ഇസ്രയേല്‍ യുദ്ധം നടത്തി. യു.എന്‍ പൊതുസഭയും കടുത്ത എതിര്‍പ്പ് ഉയര്‍ത്തി. ജറുസലേമിന്റെ സ്ഥിതിയില്‍ ഒരു മാറ്റവും പാടില്ല എന്ന രക്ഷാസമിതി പ്രമേയം ഇന്നും നിലനില്‍ക്കുകയാണ്. സമാധാനത്തിനായി യുദ്ധം ചെയ്യുന്നുവെന്ന് വീമ്പിളക്കി ലോകം ഭരിക്കുന്ന ഒരു രാഷ്ട്രം അന്തര്‍ദേശീയ മര്യാദകളെ കാറ്റില്‍പ്പറത്തുകയാണ്.
എന്തുകൊണ്ട് ഈ എടുത്തുചാട്ടം ട്രംപ് നടത്തി എന്ന് നിങ്ങള്‍ ആലോചിക്കുന്നുവെങ്കില്‍ അതിനുള്ള ഉത്തരമാണ് അല്‍പം ദീര്‍ഘിച്ച ആമുഖം. ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉത്സവപ്പുരയാണ് അമേരിക്ക. അമിത മേദസ്സുള്ള ശരീരമാണല്ലോ മുതലാളിത്തം. അമേരിക്കന്‍ മുതലാളിത്തം അതിന്റെ വിനാശഘട്ടത്തിലാണെന്ന് സാമ്പത്തിക പഠിതാക്കള്‍ വിശദീകരിക്കുന്നുണ്ട്. ദുര്‍മേദസ്സുള്ള ശരീരങ്ങള്‍ അഴുകാന്‍ തുടങ്ങുന്നു. അതിന്റെ ദുര്‍ഗന്ധത്താല്‍ അമേരിക്കന്‍ മനോനിലകള്‍ തകരാന്‍ തുടങ്ങുന്നു. ഉന്മാദികള്‍ പെരുകുന്നു. വിശ്വാസ നഷ്ടവും സമ്പത്തിന്റെ പെരുപ്പവും ആത്മീയതയുടെ അഭാവവും ചേര്‍ന്ന് ആ ഉന്‍മാദത്തെ പെരുപ്പിക്കുന്നു. ട്രംപ് ആ ആള്‍ക്കൂട്ട മനോരോഗത്തിന്റെ ദൃഷ്ടാന്തമാണെന്ന് അയാളെ പഠിച്ചവര്‍ പറയുന്നു. അമേരിക്കന്‍ സമൂഹത്തിന്റെ വിനാശകാലമാണിത്. അവരുടെ ജനാധിപത്യ പുറംപൂച്ചുകള്‍ പൊളിക്കാന്‍ കാലം കാത്തുവെച്ചതാണ് ട്രംപിനെ. യഥാര്‍ത്ഥ അമേരിക്ക ട്രംപിനെയാണ് അര്‍ഹിക്കുന്നതെന്ന് ലോകം പിറുപിറുക്കുന്നു.
പക്ഷേ, ഏകാന്തരും ഉന്മാദികളുമായ ഭ്രാന്തരുടെ ആള്‍ക്കൂട്ട വെടികളില്‍ നിസ്സഹായരായി മരിച്ചുവീഴുന്ന പാവം മനുഷ്യരില്ലേ? അവരുടെ അതേ വിധിയാണ് ഫലസ്തീനിനും ലോകത്തിനുമായി ഡൊണാള്‍ഡ് ട്രംപ് ഒരുക്കി വെക്കുന്നത്. ്രടംപിനെക്കുറിച്ചുള്ള പഠനങ്ങള്‍ ആവര്‍ത്തിക്കുന്ന ചോദ്യമുണ്ട്. ആരാണ് ്രടംപ് എന്ന്. ”Who, really, is Donald Trump? എന്ന് മക്ആഡംസ്. അതിനുള്ള രക്തം പുരണ്ട ഉത്തരങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.
കെ.കെ ജോഷി
You must be logged in to post a comment Login