റൈഹാന്‍ വാലി. മര്‍കസിനെ സ്നേഹിക്കുന്ന എല്ലാവര്ക്കും അറിയാം. അനാഥരുടെ താഴ്വാരമാണത്. അനാഥത്വം മറന്ന് വളരുന്ന തുളസിപ്പൂക്കളുടെ താഴ്വാരം. ആരോരുമില്ലാത്ത ബാല്യങ്ങളെ അങ്ങനെ വളര്‍ത്തണമെന്നാണല്ലോ തിരുനബിയുടെ ആഗ്രഹം. അനാഥ മക്കള്‍ക്ക് വിഷമം വരുംവിധം സ്വന്തം മക്കളെ പരിധി കവിഞ്ഞ് ലാളിക്കരുതെന്ന് പറഞ്ഞു തിരുനബി.
തുര്‍ക്കിയ ഓര്‍ഫനേജ് എന്നായിരുന്നു നേരത്തെയുള്ള പേര്. മര്‍കസിന് ഏറ്റവും വേണ്ടപ്പെട്ട അബ്ദുല്ലാ കുലൈബ് അല്‍ഹാമിലി എന്ന അറബ് പൗരന് അദ്ദേഹത്തിന്റെ പ്രിയപത്നി തുര്‍കിയ്യയുടെ പരലോക ഗുണത്തിനായി കരുതിവെച്ച പണമുപയോഗിച്ച് സ്ഥാപിച്ചതാണ് തുര്‍ക്കിയ ഓര്‍ഫനേജ്. ഓര്‍ഫനേജ് എന്ന വാക്കില്‍ തന്നെ ഒരു വേദനയുണ്ട്. യതീം എന്ന വാക്കിലും അതുണ്ട്. ഒരിക്കല്‍ പോലും താനൊറ്റക്കാണെന്നും തനിക്കാരുമില്ലെന്നും ഒരു പൂവിനും തോന്നരുത്. അതുകൊണ്ടായിരിക്കാം മര്‍കസ് പില്ക്കാലം തുര്കിയ്യ ഓര്‍ഫനേജ് എന്ന് പേര് തന്നെ മായ്ച്ചു. ഇപ്പോള്‍ റൈഹാന്‍ വാലി. കേട്ടാല്‍ ഇമ്പമുള്ള പേര്. അനാഥരെ സനാഥരാക്കുന്ന മര്‍കസ് അനാഥരോടുള്ള സമീപനത്തില്‍ പോലും ഏറെ ശ്രദ്ധിച്ചിരുന്നുവെന്നാണ് ഈ പുനര്‍നാമകരണം നല്കുന്ന സന്ദേശം.
എന്തായാലും ഓര്‍ഫനേജ് എന്ന് സ്വയം വിശേഷിപ്പിച്ച കാലത്തുപോലും മര്‍കസ് ലാളിക്കുന്നതിലും നോക്കിവളര്ത്തുന്നതിലും ഏറെ മുന്നിലായിരുന്നുവെന്ന് അവിടെപ്പഠിച്ചുവളര്ന്ന മക്കള്‍ പറയും.
കളിച്ചുനടക്കുന്ന ബാല്യകാലം. നേരത്തിന് നല്ല അന്നം കൊടുക്കേണ്ട സമയമാണത്. എല്ലാ കളിയും കഴിഞ്ഞ് രാത്രിയുടെ തലോടലില്‍ ഉമ്മയോട് ചേര്‍ന്നുറങ്ങുന്ന കാലം. അക്കാലത്ത് ഉപ്പയുടെ തണല്‍ പോയ മക്കളെയാണ് മര്‍കസ് വളര്‍ത്തിയത്.
ഉപ്പ പോവുന്നതോടെ ഉമ്മ തളരുന്നു. ഉമ്മയുടെ എല്ലാമെല്ലാമാണ് പോയത്. ഇനി മക്കളെ നോക്കി വളര്‍ത്താനും അധ്വാനിച്ചുകൊണ്ടുവരാനും ഉമ്മ തന്നെ. അങ്ങനെ ഉമ്മ പുറത്തേക്ക് കാല് നീട്ടിച്ചവിട്ടുന്നു; മനമില്ലാ മനസ്സോടെ. അകത്തിരുന്നാല്‍ പൊറുതി കിട്ടില്ല ഉമ്മക്ക്. മക്കള്‍ക്ക് നേരത്തിന് അന്നം, വസ്ത്രം, പഠനം, പുതച്ചുറങ്ങാന്‍ അടച്ചുറപ്പുള്ള വീട്, മക്കളുടെ വിവാഹം. ഉപ്പ പോയി കുറച്ചുകാലമൊക്കെ നാട്ടുകാരുടെ നോട്ടമുണ്ടാവും. കുടുംബങ്ങളും നോക്കിത്തളരും. അക്കാലത്ത് തളരാത്ത മനസ്സും മടുക്കാത്ത സേവനവുമായി മലയാളി മുസ്ലിംകള് പുറത്തുകേട്ട പേരായിരുന്നു ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടേത്.
ഈങ്ങാപ്പുഴയിലെ ഡോ. മുഹമ്മദ് റഈസ് ഇത്തരമൊരു അനുഭവത്തിന്റെ നീറ്റലില്‍ നിന്നാണ് മര്‍കസ് അനാഥശാലയില്‍ വരുന്നത്. റഈസും ഉമ്മയും പെങ്ങളും ഒരുപോലെ ഞെരുങ്ങിപ്പോയ നാളുകള്‍ അദ്ദേഹം ഓര്‍ക്കുന്നുണ്ട്. ഇപ്പോഴോര്‍ക്കുമ്പോള്‍ ചാരിതാര്‍ത്ഥ്യവും അഭിമാനബോധവും; ഉസ്താദ് ഇല്ലായിരുന്നെങ്കില്‍ താനൊരു വലിയ വട്ടപ്പൂജ്യമാകുമായിരുന്നെന്ന് ഡോ. റഈസ്. മംഗലാപുരം യേനപ്പോയ ഡെന്റല്‍ കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി സ്വന്തമായി ക്ലിനിക്ക് നടത്തിവരുന്നു. റഈസിന്റെ പെങ്ങള് ഇപ്പോള്‍ യേനപ്പോയയില്‍ പഠിക്കുന്നു. റൈഹാന്‍ വാലി എന്ന് മര്‍കസ് ഓര്‍ഫനേജ് പുനര്‍നാമകരണം ചെയ്ത കാര്യം ഏറെ അഭിമാനത്തോടെ ഓര്‍മപ്പെടുത്തിയതും ഡോ. റഈസ് തന്നെ.
മക്കയിലെ ജന്നത്തുല്മുഅല്ലയിലാണ് ഡോ. ശാഹുല്‍ഹമീദിന്റെ ഉപ്പ മറപെട്ട് കിടക്കുന്നത്. നോക്കാന്‍ ബാപ്പയില്ലാത്ത മകനെ ഉമ്മയാണ് 1995ല്‍ മര്‍കസിലെത്തിക്കുന്നത്. ശാഹുലിന് അന്ന് എട്ട് വയസ്സാണ്. മര്‍കസ് ഹയര്‍സെക്കണ്ടറി സ്കൂളിലെ ആദ്യ ബാച്ചില്‍ സയന്സിന്നായിരുന്നു ശാഹുല്‍ പഠിച്ചിരുന്നത്. അധ്യാപകര്‍ നന്നായി പ്രചോദിപ്പിച്ചു.
മര്‍കസിന്റെ താങ്ങും തണലും കൊണ്ട് ഗുല്ഹെര്ടിലെ ടിപ്പുസുല്‍ത്താന്‍ യൂനാനി കോളേജിലും 2000ത്തില്‍ ബി യു എ എസ്സിനും ചേര്‍ന്നു. 2006ല്‍ പുറത്തിറങ്ങി. ഇപ്പോള്‍ കൊടുവള്ളി ഗവ. യൂനാനി ഡിസ്പന്‍സറി, മര്‍കസ് യൂനാനി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ സേവനം ചെയ്യുന്നു. ഡോ. ശാഹുല്‍ ഹോസ്പിറ്റല്‍ എന്ന പേരില്‍ സ്വന്തമായി ക്ലിനിക്കും നടത്തിവരുന്നു.
ഇംതിമിഷ് ഹെല്‍ത്ത് കെയര്‍ പ്രൈ. ലിമിറ്റഡ് എക്സി. ഡയറക്ടര്‍, മര്‍കസ് നോളേജ് സിറ്റിയിലെ ട്രൈഗ്രിസ് ഹോളിസ്റ്റിക് വെല്‍നസ് സെന്റര്‍ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ കൂടി വഹിക്കുന്നു.
കുഞ്ഞനുജന്മാരുടെ കളിചിരികള്‍ കണ്ട് മതിവരാതെ അവരെയൊക്കെപ്പിരിഞ്ഞാണ് അനാഥകള്‍ ഓരോ സ്ഥാപനമുറ്റത്തുമെത്തുന്നത്. അവരെ ആ സ്ഥാപനം എങ്ങനെയൊക്കെ നോക്കി വളര്‍ത്തണം. ഡോ. മുഹമ്മദ് സ്വാലിഹിന് മര്‍കസ് അങ്ങനെ തുണയായതാണ് അനുഭവം. പുതിയ കൂട്ടുകാരെ കണ്ടപ്പോള്‍ എല്ലാം മറന്നെന്ന് മൂര്ക്കനാട്ടുകാരനായ ഡോ. സ്വാലിഹ് ഓര്‍ക്കുന്നു. എം ബി ബി എസ് പൂര്‍ത്തിയാക്കിയ ശേഷം കാര്‍ഡിയോളജിയില്‍ ആര് എം ഒ നേടി. ഇപ്പോള്‍ ഇ എം എസ് മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ സേവനം ചെയ്യുന്നു.
അമ്പരപ്പിക്കുന്ന ശൂന്യതയില്‍ നീണ്ടുവരുന്ന കൈയായിരുന്നു മര്കസിന്റെത്. ഡോ. മഹ്മൂദ് വാവാട് 1995 മുതല്‍ മര്‍കസിലുണ്ട്. മര്‍കസിന്റെ സ്കോളര്‍ഷിപ്പില്‍ മംഗലാപുരം യേനപ്പോയ ഡന്റല്‍ കോളേജില്‍ ബിരുദ പഠനത്തിന് പോവുമ്പോള്‍ സമ്മതം വാങ്ങാനും അനുഗ്രഹത്തിനുമായി ഡോ. മഹ്മൂദ് ഉസ്താദിനെ ചെന്ന് കാണുന്നു. ഉസ്താദ് എല്ലാ ഉപദേശങ്ങളും നല്കി. പോരുമ്പോള്‍ ഇത്രകൂടി ചോദിച്ചു: മംഗലാപുരത്തെത്താന്‍ കയ്യില്‍ കാശുണ്ടോ? അപ്പോഴും പിതൃലാളനയോടെ മഹാഗുരു ഒപ്പം നിന്നുവെന്ന് ഡോ. മഹ്മൂദ് ഓര്‍ക്കുന്നു. എട്ട് വര്‍ഷമായി ദന്തഡോക്ടറായി സേവനം ചെയ്യുകയാണ് ഇദ്ദേഹം.
‘1993ലാണ് ഉപ്പ മരിക്കുന്നത്. അപ്പോള്‍ നാടുവിടുന്നതിനെപ്പറ്റി ആലോചിച്ചിരുന്നില്ല. പിന്നെ തലോടുന്ന കൈകള്‍ ഓരോന്നോരോന്നായി തളരുമ്പോള്‍ എളാപ്പയുടെ നിര്‍ബന്ധമാണ് തുര്‍കിയ ഓര്‍ഫനേജിലെത്തിക്കുന്നത്’ – ഡോ. മഹ്മൂദ് ഇക്കാലം ഓര്‍ക്കുന്നത് ധാര്‍മികമായി പിഴച്ചുപോകാമായിരുന്ന ഒരുകാലത്ത് ഉപ്പയില്ലാതിരുന്നിട്ടും താന്‍ പരിരക്ഷിക്കപ്പെട്ടല്ലോ എന്നുകൂടി കരുതിയാണ്.
മര്‍കസ് നല്കുന്ന പ്രാപ്തിയെപ്പറ്റിയാണ് കൊണ്ടോട്ടി നീറാട്ടെ ഡോ. നിസാമുദ്ദീന്‍ പറയാനുള്ളത്. 2002ല്‍ അഞ്ചാം തരത്തിലാണ് നിസാമുദ്ദീന്‍ മര്‍കസില്‍ അഡ്മിഷന് നേടുന്നത്. എവിടെയും ഏതു സദസ്സിലും എഴുന്നേറ്റ് നില്ക്കാന് വ്യക്തിത്വം നല്‍കിയത് മര്‍കസാണ്. അവിടുത്തെ സാഹിത്യ സമാജങ്ങള്‍ നല്കിയ ധൈര്യം ചെറുതല്ല. മെഡി. കോളേജിലെ ലക്ചര്‍ ഹാളില്‍ പേപ്പര്‍ പ്രസന്റ് ചെയ്യുമ്പോള്‍ ഉള്ളില്‍ നിറഞ്ഞ കരുത്ത് ഉസ്താദിന്റെതും മര്കസിന്റെതുമായിരുന്നുവെന്ന് ഡോ. നിസാമുദ്ദീന്‍. മര്കസിലെ കാശ്മീരി ഹോമിലെ കുട്ടികളുമായി ചങ്ങാത്തം കൂടിയതിനാല്‍ ഉര്‍ദുവും ഇംഗ്ലീഷും എളുപ്പമായി. ബാംഗ്ലൂരില്‍ തുംകൂര്‍ എച്ച് എം എസ് യൂനാനി മെഡി. കോളേജില്‍നിന്ന് ബിരുദം വാങ്ങിയ ഡോ. നിസാമുദ്ദീന്‍ പഠനകാലത്താകെ മര്‍കസിന്റെ തണലാണ് ഉണര്‍വേകിയതെന്ന് അനുസ്മരിക്കുന്നു.
പ്രശസ്തമായ ഡഛജ ഒീില്യംലഹഹ കെമിക്കല്‍ കമ്പനിയുടെ ഡല്‍ഹി ഗുര്‍ഗാവ് സെന്ററില്‍ സയന്റിസ്റ്റാണ് ഡോ. ഹംസ ആതവനാട്. ബാപ്പ മരിച്ചപ്പോള്‍ മദ്റസയിലെ അധ്യാപകനാണ് ഹംസയെ മര്‍കസിലെത്തിച്ചത്. ആരോരുമില്ലാതെ വഴിയാധാരമായിപ്പോവേണ്ട കുട്ടി എഴുപത്തെട്ട് ശതമാനം മാര്‍ക്കോടെയാണ് എസ് എസ് എല്‍സി കടക്കുന്നത്. കാലിക്കറ്റ് വാഴ്സിറ്റിയില്‍നിന്ന് എം എസ് സി(കെമിസ്ട്രി) പൂര്‍ത്തിയാക്കിയ ഹംസ കൊച്ചിന് യൂണിവേഴ്സിറ്റയിലാണ് ബി ടെക് ചെയ്യുന്നത്. എല്ലാം മര്‍കസ് ഹയര്‍ സ്റ്റഡീസില്‍നിന്നുള്ള സ്കോളര്‍ഷിപ്പില്‍. അതുകഴിഞ്ഞ് ഇന്ത്യയിലെ പ്രശസ്തമായ നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയില്‍(എന്‍ സി എല്‍- പൂനെ) ശാസ്ത്രജ്ഞനായ ഡോ. ശ്രീനിവാസന്റെ കീഴില്‍ ഗവേഷണം. 2008 നവംബറില്‍ സ്വിറ്റ്സര്‍ലന്റിലെ ഡ്യൂറിച്ച് സര്‍വകലാശാലയില്‍ പ്രബന്ധാവതരണത്തിനും യോഗമുണ്ടായി. ഇന്റര്‍നാഷണല്‍ മാഗസിനുകളില്‍ ഇവ്വിഷയകമായി ഏഴോളം പഠനങ്ങളും ഡോ. ഹംസ ചെയ്തിട്ടുണ്ട്. ഒന്നുമില്ലാതായിപ്പോവുന്ന എത്രയെത്ര മനുഷ്യരായിരിക്കണം ഒരു പ്രതിഭാത്വത്തിന്റെ തണലില്‍ ജീവിതത്തിലേക്ക് നടന്നുകയറിപ്പോയിട്ടുണ്ടാവുക എന്നുകൂടി കണക്കുകൂട്ടുമ്പോഴാണ് ഒരു പ്രതിഭയുടെ വളര്‍ച്ച അയാളുടെത് മാത്രമായിത്തീരുന്നില്ലെന്ന് നാം തീര്‍പ്പിലെത്തുന്നത്.
രണ്ടാംതരം മുതല്‍ പന്ത്രണ്ടാംതരം വരെ മര്‍കസില്‍ പഠിച്ചതാണ് ഇപ്പോള്‍ റിയാദിലെ കിംഗ് സഊദ് യൂണിവേഴ്സിറ്റിയില്‍ കോളജ് ഓഫ് എമര്‍ജന്‍സി മെഡിസിനില്‍ അസി. പ്രൊഫസറായ ഡോ. അബ്ദുസ്സലാം(അരീക്കോട്). മഹാരാഷ്ട്ര യൂണിവേഴ്സിറ്റിയില്‍നിന്ന് മെഡിക്കല്‍ ഗ്രാജ്വേഷനും സിംബിയോസിസ് യൂണിവേഴ്സിറ്റിയില്‍നിന്ന് പോസ്റ്റ് ഗ്രാജ്വേഷന് ഇന്‍ എമര്‍ജന്‍സി മെഡിസിനും പൂര്‍ത്തിയാക്കിയ ഡോ. അബ്ദുസ്സലാം സഊദിയിലെ തന്റെ പരിചിത ബന്ധങ്ങളെ മര്‍കസുമായി കൂട്ടിയിണക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാനും കൂടി ഭാഗ്യം ലഭിച്ച പൂര്‍വ വിദ്യാര്‍ത്ഥിയാണ്.
2008ല്‍ മംഗലാപുരം യേനപ്പോയയില്നിന്ന് ബി ഡി എസ് പൂര്‍ത്തിയാക്കിയ ഡോ. കെ കെ ശംസുദ്ദീന്‍(പെരുവള്ളൂര്‍) എട്ട് വര്‍ഷത്തോളം മര്‍കസിന്റെ തന്നെ പൂനൂര് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കണ്ണൂരില്‍ തുവ്വക്കുന്നില്‍ ശിഫാ ഡെന്റ് എന്ന പേരില്‍ സ്വന്തമായി ക്ലിനിക്ക് നടത്തുന്ന ശംസു ജീവിതത്തിലെ പ്രധാന കടമ്പകളില്‍ ഒപ്പം നടന്ന സ്ഥാപനത്തെയും എല്ലാമെല്ലാമായ ഉസ്താദിനെയും ഏറെ അഭിമാനത്തോടെ ഓര്‍ക്കുന്നു. ശംസു മാത്രമല്ല, മറ്റനേകമാളുകള്‍. ഡോ. യഅ്ഖൂബ് കല്ലിക്കണ്ടി പാനൂരില്‍ സഫ ഡെന്റല്‍ ക്ലിനിക്ക് നടത്തുന്നു. 1993-99 വരെ മര്‍കസിലുണ്ട് യഅ്ഖൂബ്. 2006ല്‍ മംഗലാപുരം യേനപ്പോയയില്നിന്ന് പഠനം പൂര്‍ത്തിയാക്കി സേവന രംഗത്തിറങ്ങുവോളം മര്‍കസിന്റെ തലോടല്‍ ഹൃദ്യമായി അനുഭവിച്ചവരിലൊരാളാണ്.
ഇപ്പോള്‍ ശാന്തി ഹോസ്പിറ്റലില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ. മുജീബ് റഹ്മാന് അത്തോളി എല്ലാത്തിനും സര്‍വശക്തനായ നാഥന് നന്ദിപറയുന്നു. ജീവിതമുടനീളം ആരോരുമില്ലാത്തവര്‍ക്ക് അത്താണിയായിരുന്ന ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ ആദരപൂര്‍വം ഓര്‍ക്കുന്നു. ജനറല്‍ മെഡിസിനില്‍ എം ഡിയായ ഡോ. മുജീബ് 1984 മുതല്‍ 1991 വരെ മര്‍കസിലുണ്ടായിരുന്നു.
1995 മുതല്‍ മര്കസിലുള്ള മുഹമ്മദ് അശ്റഫ് ടി ഇപ്പോള്‍ ബ്രിറ്റിന്റെ (ആീമൃറ ീള ഞമറശമശേീി കീെീേു ഠലരവിീഹീഴ്യ) കൊറ്റ റീജ്യനല്‍ സെന്ററില്‍ അറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റില്‍ സയന്റിസ്റ്റാണ്. മലപ്പുറം പുത്തൂര്‍ പള്ളിക്കല്‍ ദേവതിയാല്‍ സ്വദേശിയായ അശ്റഫ് പി എസ് എം ഒ കോളേജില്‍നിന്ന് ബി എസ് സി(ഫിസിക്സ്), അലിഗഡില്‍നിന്ന് എം എസ് സി(ഫിസിക്സ്) എന്നിവ നേടിയ ശേഷം മുംബൈയിലെ ബാബാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍നിന്ന് ഡി ആര് പി(ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ഫിസിക്സ്) നേടിയിട്ടുണ്ട്. മര്‍കസിന്റെ സഹായ ഹസ്തം മറക്കാനാവാത്ത തണലാണ് ജീവിതത്തില്‍ നല്‍കിയതെന്ന് നന്ദിപൂര്‍വം ഓര്‍ക്കുന്നയാളാണ് അശ്റഫ്. ഇതുപോലെ അനേകമാളുകള്‍. ചെറിയൊരന്വേഷണത്തില് ലഭിച്ചിട്ടുള്ള കൊച്ചുവിവരങ്ങള് മാത്രമാണ് ഈ കുറിപ്പിലുള്ളത്. ഇതിനപ്പുറം റൈഹാന്‍ വൈലി അനേകം മനുഷ്യരുടെ ജീവിതത്തിലേക്ക് ഉപ്പും മധുരവും നല്കി വളര്‍ത്തിയിട്ടുണ്ട്. തണലും സുഗന്ധവും നിറഞ്ഞ ആ താഴ്വാരം ഇനിയുമിനിയും അനേകങ്ങള്‍ക്ക് അത്താണിയാവട്ടേ…
(വിവരങ്ങള്‍ക്ക് കടപ്പാട്: സ്വാലിഹ് ഇര്‍ഫാനി കുറ്റിക്കാട്ടൂര്‍, മുജീബ് കക്കാട്, ഡോ. അബ്ദുസ്സലാം ഉമര്‍)
ടി കെ അലി അശ്റഫ്
You must be logged in to post a comment Login