കേരളത്തിന്റെ വിസ്മയമാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ഒരേസമയം ബഹുമുഖങ്ങളില്‍ അന്യാദൃശമായ പ്രതിഭയും പ്രാഗല്‍ഭ്യവും തെളിയിച്ച അദ്ഭുതം. പള്ളിദര്‍സിന്റെ ചിട്ടവട്ടങ്ങളും മൗലികതയും കൈവിടാതെ ശിഷ്യര്‍ക്ക് അറിവ് പകരുന്ന ഗുരുനാഥന്‍, ഒരു സമൂഹത്തിന് ഒന്നടങ്കം മനക്കരുത്തുള്ള നേതൃത്വവും ദിശാബോധവും നല്‍കുന്ന ലീഡര്‍, അനേകം സ്ഥാപനങ്ങളെയും സംഘടനകളെയും ഉള്‍ക്കാഴ്ചയോടെ മുന്നോട്ടു കൊണ്ടുപോകുന്ന മാനേജ്‌മെന്റ് വിദഗ്ധന്‍, അശരണര്‍ക്കും സങ്കടപ്പെടുന്നവര്‍ക്കും മുന്നില്‍ ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും സ്‌നേഹസ്പര്‍ശമായി മാറുന്ന ആത്മീയഗുരു, കേവലനേട്ടങ്ങള്‍ക്കു വേണ്ടി അടിസ്ഥാന ആദര്‍ശങ്ങളെയും വിശ്വാസപ്രമാണങ്ങളെയും അടിയറവയ്ക്കാത്ത ധീരന്‍, പൊതുസമൂഹത്തിനു മുന്നില്‍ മുസ്ലിം ‘ഉമ്മത്തിന്റെ’ വേറിട്ട വ്യക്തിത്വം കാട്ടിക്കൊടുത്ത ജനനായകന്‍…
ഡിസംബര്‍ 25ന് ഉച്ചയ്ക്കു രണ്ടു മണിക്ക് കാരന്തൂര്‍ മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ ഈ അഭിമുഖത്തിനു വേണ്ടി സമയം മാറ്റിവയ്ക്കുന്നതിനു മുന്‍പ് ഇപ്പറഞ്ഞ റോളുകളെല്ലാം പലവട്ടം അദ്ദേഹം നിര്‍വഹിച്ചുകഴിഞ്ഞിരുന്നു. തഹജ്ജുദ് നമസ്‌കാരവും സുബ്ഹിയും പതിവു പ്രാര്‍ഥനകളും ഔറാദുകളുമെല്ലാം പൂര്‍ത്തിയാക്കിയ ശേഷം രാവിലെത്തന്നെ ശിഷ്യന്മാര്‍ക്ക് ബുഖാരി ക്ലാസ്. മര്‍കസ് സമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ അവലോകനം. കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പങ്കെടുത്ത സമ്മേളനം. വിവിധജില്ലകളില്‍നിന്നുള്ള പ്രസ്ഥാനബന്ധുക്കളുടെയും കുടുംബങ്ങളുടെയും സംഗമം. സാമൂഹിക രംഗത്തെ ചില പ്രമുഖരുമായി കൂടിക്കാഴ്ച. വിദേശത്തെ ചില പ്രതിനിധികളുമായുള്ള പദ്ധതിചര്‍ച്ചകള്‍. ളുഹര്‍ നമസ്‌കാരം. എല്ലാം കഴിഞ്ഞ് ഏറ്റവും കുറച്ചുസമയം ഭക്ഷണത്തിന്. ഒരു ജോലിയും ഇല്ലാത്തവര്‍ പോലും ഒന്നിനും സമയമില്ലെന്നു പരിതപിക്കുന്ന ഇക്കാലത്ത് കാന്തപുരത്തിന് എല്ലാ നല്ലകാര്യങ്ങള്‍ക്കും സമയമുണ്ട്; കൃത്യനിഷ്ഠയുമുണ്ട്. അഭിമുഖത്തിനു രണ്ടുമണിക്കു കാണാമെന്നു പറഞ്ഞാല്‍ രണ്ടു മണിക്കു തന്നെ.
ഓഫിസിനു മുന്നില്‍ ഒരിക്കലും നിലയ്ക്കാത്ത സന്ദര്‍ശകരോട് അല്‍പസമയം സാവകാശം പറഞ്ഞ് അദ്ദേഹം അഭിമുഖത്തിനായി ഇരുന്നു. അപ്പോള്‍ ഒരു കുഞ്ഞിനെയുമായി ഒരു യുവാവ് വരുന്നു. ‘മൂന്നു വയസ്സായി. മകന്‍ സംസാരിക്കുന്നില്ല’ ഏറ്റവും ചെറിയ ശബ്ദത്തില്‍, ഏറ്റവും കുറച്ചുവാക്കുകളില്‍ ആ യുവാവ് തന്റെ സങ്കടക്കടല്‍ കാന്തപുരത്തിനു മുന്നില്‍ വിവരിച്ചു. കുഞ്ഞിന്റെ ശിരസ്സിലും ദേഹത്തും തലോടി കാന്തപുരം പറഞ്ഞു: ‘സമയമാകട്ടെ, അവന്‍ സംസാരിക്കും’. ചില പ്രാര്‍ഥനകള്‍ പറഞ്ഞുകൊടുത്തു. ചെറിയൊരു കുപ്പിയില്‍ (തേന്‍ ആണെന്നു തോന്നുന്നു) മന്ത്രിച്ചുകൊടുത്തു. ഒന്നുകൂടി ആശ്വസിപ്പിച്ചു. സങ്കടക്കടലിനു മുകളിലുയര്‍ന്ന പ്രതീക്ഷയുടെ നക്ഷത്രം ആ യുവാവിന്റെ കണ്ണുകളിലുണ്ടായിരുന്നു. അദ്ദേഹം കടന്നുപോയി. ഗര്‍ഭിണിയായ, പ്രസവം അടുത്ത ഭാര്യക്കു വേണ്ടി വെള്ളം മന്ത്രിച്ചുകിട്ടാന്‍ മറ്റൊരാള്‍ കൂടി കാത്തുനില്‍പുണ്ടായിരുന്നു. അതും കഴിഞ്ഞു. സംഭാഷണം തുടങ്ങാനൊരുങ്ങുമ്പോള്‍ ഒരു യുവപണ്ഡിതന്‍ കൂടി ഒരുവശത്ത് ഒതുങ്ങിനില്‍പുണ്ട്. എന്താണു കാര്യമെന്ന് ഉസ്താദിന്റെ ചോദ്യം. ‘ജോലി ശരിയായിട്ടില്ല’. അദ്ദേഹത്തിന്റെ നാടിനടുത്തുള്ള പ്രാസ്ഥാനിക സ്ഥാപനത്തില്‍ ജോലി നല്‍കാമെന്നു വാഗ്ദാനം. അക്കാര്യം വിളിച്ചുപറയാന്‍ ഓഫിസ് സെക്രട്ടറിയെ ഏല്‍പിക്കുകയും ചെയ്തു.
പ്രസന്നമായ, പുഞ്ചിരിക്കാന്‍ വെമ്പിനില്‍ക്കുന്ന മുഖഭാവത്തോടെ അദ്ദേഹം എനിക്കുനേരെ തിരിഞ്ഞു. അതുവരെ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍. ചെറിയ കാര്യങ്ങള്‍ ചെയ്താല്‍ പോലും ഞാന്‍ വലിയൊരു നേട്ടം കൊയ്‌തെടുത്തു എന്നു ഭാവിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയുണ്ടായിരുന്നു ആ സമീപനത്തില്‍.
ഉസ്താദിന് 85 വയസ്സാകുന്നു. പൊതുപ്രവര്‍ത്തനരംഗത്ത് ആറു പതിറ്റാണ്ട് പിന്നിടുന്നു…
വയസ്സ് അത്രയൊന്നുമായിട്ടില്ല. 79 തികഞ്ഞു. എണ്‍പതിനോടടുക്കുന്നു.
1932ല്‍ ജനിച്ചുവെന്നാണ് വായിച്ചത്.
പാസ്‌പോര്‍ട്ടില്‍ കുറച്ചധികം കാണും. അതാണു നിങ്ങള്‍ വായിച്ചത്.
ഇത്രകാലത്തെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ സാമൂഹിക രംഗത്ത് താങ്കള്‍ കണ്ട ഏറ്റവും വലിയ പ്രശ്‌നം എന്താണ്? സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്?
പൊതുസമൂഹത്തിന്റെ കാര്യം പറയാം. എന്നെ ഏറ്റവും സങ്കടപ്പെടുത്തുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ അവസ്ഥയാണ്. രാഷ്ട്രീയം, രാഷ്ട്രീയപ്രവര്‍ത്തനം എന്നൊക്കെ പറഞ്ഞാല്‍ രാഷ്ട്രത്തിന് ആവശ്യമായ കാര്യങ്ങള്‍ ആണല്ലോ. പഴയ കാലഘട്ടങ്ങളില്‍ ഖലീഫമാരുടെയൊക്കെ ഭരണം എങ്ങനെയായിരുന്നുവെന്നത് ചരിത്രയാഥാര്‍ഥ്യമാണ്. നമ്മുടെ ജനാധിപത്യ ഭരണരീതിയിലും രാഷ്ട്രീയ പാര്‍ട്ടികള്‍ അനിവാര്യമായി വന്നു. പക്ഷേ, മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളിലും ഞാന്‍ കണ്ട അനുഭവം അവര്‍ക്ക് അവരുടെ പാര്‍ട്ടി വളര്‍ത്തല്‍ ഒന്നാമതും രാജ്യത്തിന്റെ നന്മ രണ്ടാമതുമായിട്ടാണ്. രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുക. അതില്‍ നിന്നു പാര്‍ട്ടി വളരട്ടെ, വളരാതിരിക്കട്ടെ എന്ന് ഉദ്ദേശിക്കുന്നവര്‍ ഇല്ല എന്നുതന്നെ പറയാം. ഭരണപക്ഷം എന്തു ചെയ്താലും പ്രതിപക്ഷം തെറ്റായി കാണുക. പ്രതിപക്ഷം എന്തു പറഞ്ഞാലും അത് വേണ്ടതാണോ അല്ലയോ എന്നു നോക്കാതെ ഭരണപക്ഷം തിരസ്‌കരിക്കുക. അക്കാര്യത്തില്‍ ഏതു പാര്‍ട്ടിയെന്ന വ്യത്യാസമൊന്നുമില്ല. ഈ സമീപനം എന്നെ വേദനിപ്പിക്കുന്നു.
അതിനര്‍ഥം ധാര്‍മികതയോടെ, ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ അഭാവം ഇപ്പോഴും സമൂഹത്തിലുണ്ട് എന്നാണല്ലോ.
എന്നല്ല. പുതിയ രാഷ്ട്രീയപാര്‍ട്ടിയൊന്നും വേണ്ട. ഉണ്ടായാല്‍ അത് ശോഭിക്കുകയുമില്ല. അവര്‍ക്ക് നിലനില്‍ക്കാന്‍ കഴിയുകയുമില്ല. ഉള്ള പാര്‍ട്ടികളും അവരുടെ നേതൃത്വവും ചിന്തിച്ച് നന്നാവുകയാണ് വേണ്ടത്. നല്ല കാര്യങ്ങള്‍ വരുമ്പോള്‍ നാം ഒന്നായി പ്രവര്‍ത്തിക്കുക എന്ന ചിന്താഗതിയിലേക്കു മടങ്ങുകയാണ് ആവശ്യം.
കേരള മുസ്ലിം ജമാഅത്ത് രൂപീകരിച്ചത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ആദ്യ ചുവടുവയ്പാണോ?
അങ്ങനെ യാതൊരു ലക്ഷ്യവുമില്ല. പ്രാസ്ഥാനിക സംഘടനകളില്‍ ഓരോന്നിനും പ്രായപരിധിയുണ്ട്. എസ്.എസ്.എഫിനും എസ്.വൈ.എസിനുമൊക്കെ പ്രായപരിധിയുണ്ട്. വയസ്സിന്റെ പരിധിയില്ലാത്ത വിധത്തില്‍ എല്ലാവരും സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുള്ള സംഘടന എന്നതാണ് കേരള മുസ്ലിം ജമാഅത്ത് രൂപീകരിച്ചതിന്റെ ലക്ഷ്യം.
കേരളത്തില്‍ ഇന്നുള്ളവരില്‍ ഏറ്റവും മികച്ച ലീഡര്‍ താങ്കളാണ് എന്ന വിലയിരുത്തലുണ്ട്. രാഷ്ട്രീയരംഗത്തായാലും മതരംഗത്തായാലും മറ്റു സംഘടനകളെല്ലാം മുന്‍പേ രൂപീകരിക്കപ്പെട്ടതാണ്. നേതൃത്വത്തില്‍ പല കാലങ്ങളില്‍ പലരും എത്തുന്നുവെന്നു മാത്രം. എന്നാല്‍ താങ്കള്‍ ശക്തവും വിശാലവുമായ ഒരു സംഘടന സ്വന്തമായി സ്ഥാപിച്ച് അതിനെ കരുത്തോടെ നയിക്കുന്നു.
ഞാന്‍ സ്വന്തമായി സ്ഥാപിച്ചതല്ല. മുന്‍ഗാമികള്‍ സ്ഥാപിച്ചു നടത്തിവന്ന സംഘടന തന്നെയാണ്. അതില്‍ നിന്ന് അല്‍പാല്‍പം വ്യതിചലിച്ചു ചിലര്‍ പോയപ്പോള്‍ അത് വ്യതിചലിക്കാതെ ഈ സംഘടനയില്‍ ആളുകളെ നിര്‍ത്തുകയാണ് ചെയ്തത്. മുന്‍ഗാമികളുടെ വഴി തന്നെയാണ് നാം പിന്തുടരുന്നത് എന്ന ആത്മവിശ്വാസം ജനങ്ങളില്‍ വന്നതുകൊണ്ടാണ് ജനങ്ങള്‍ ഒപ്പം വരുന്നത്. മുന്‍ഗാമികളുടെ ആശയങ്ങളും ആദര്‍ശങ്ങളും നിലനിര്‍ത്തല്‍ തന്നെയാണ് ലക്ഷ്യം എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ജനങ്ങള്‍ കൂടെ വരുന്നത്.
മറ്റൊരു സംഘടനയിലും കാണാത്ത അനുസരണശീലം ഈ സംഘടനയ്ക്കകത്തുണ്ട്. അത് എങ്ങനെ സാധിച്ചെടുത്തതാണ്?
തീര്‍ച്ചയായും ഉണ്ട്. അത്, അത് തന്നെയാണ് അല്ലാഹു പ്രവാചകരില്‍ ഏറ്റവും ശ്രേഷ്ഠരായ മുഹമ്മദ് നബി (സ) തങ്ങള്‍ക്ക് പഠിപ്പിച്ച ‘അദബ്’ അനുസരണശീലം. അതു സംബന്ധിച്ച് നബി (സ) തന്നെ ഒരു ഹദീസില്‍ പറഞ്ഞിട്ടുണ്ട്: ‘എന്നെ എന്റെ സ്രഷ്ടാവായ റബ്ബ് അദബും അനുസരണയും ബഹുമാനവും പഠിപ്പിച്ചു. മറ്റുള്ളവര്‍ക്കെല്ലാം പഠിപ്പിച്ചതില്‍ കൂടുതല്‍ നന്നായി എന്നെ എന്റെ സ്രഷ്ടാവ് പഠിപ്പിച്ചു’ എന്ന് അര്‍ഥം വരുന്ന ഒരു ഹദീസുണ്ട്. ആ ഹദീസിനെ അന്വര്‍ഥമാക്കി മുന്‍ഗാമികള്‍ നമുക്കു പഠിപ്പിച്ചുതന്ന സരണി ഇതാണ്. അനുസരണശീലം. നിസ്‌കാരം എടുത്തുനോക്കിയാല്‍ അനുസരണയാണല്ലോ. ഇമാമിനൊപ്പം മഅ്മൂമീങ്ങള്‍ അനുസരിക്കുക. ഹജ്ജില്‍ അനുസരണയുണ്ട്. നോമ്പിലുമുണ്ട്. സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകമായി പഠിപ്പിച്ചുകൊടുക്കുന്നുണ്ട്. അനുസരണയുള്ളവരായിരുന്നല്ലോ സ്വഹാബികള്‍. റസൂലുല്ലായോട് (സ) നൂറ് ശതമാനം അനുസരണയുള്ളവരായിരുന്നു അവര്‍. അവിടുന്നിങ്ങോട്ടു പോരുമ്പോള്‍ അല്‍പാല്‍പം കുറഞ്ഞുപോകുന്നുണ്ടാകാമെങ്കിലും ആ സരണിയില്‍നിന്ന് ആരും വിട്ടുപോയിട്ടില്ല. അനുസരണ എന്നത് ഇസ്ലാമിന്റെ സത്തയാണ്.
അനുസരണയും അതിന്റെ ഭാഗമായുള്ള ബഹുമാനവും അത് ചിലപ്പോള്‍ കൂടിപ്പോകുന്നുണ്ടോ?
ഇല്ല. അങ്ങനെയില്ല. അത്, ഇലാഹാണെന്ന് (ദൈവമാണെന്ന്) ധരിക്കുമ്പോഴാണ് കൂടിപ്പോകുന്നത്. ഇമാം ബൂസൂരിയെപ്പോലുള്ളവര്‍ പ്രത്യേകിച്ച് അതെടുത്ത് ഉദ്ധരിച്ചിട്ടുണ്ട്. ബഹുമാനിച്ചു ബഹുമാനിച്ചു ബഹുമാനിച്ച് ഇലാഹാണെന്നു കരുതിയാല്‍ അത് അതിരുകവിഞ്ഞുപോയി. അത് പാടില്ല. അതിനിപ്പുറത്തുള്ള ബഹുമാനങ്ങളൊക്കെ അനിവാര്യമാണ്.
ഇത്രയും കാലത്തിനിടയിലെ ഏറ്റവും വലിയ നേട്ടം എന്താണ്?
വിദ്യാഭ്യാസവും തിരിച്ചറിവുമുള്ള വലിയൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിച്ചു. മത, ഭൗതിക, ക്രിയാത്മക സമന്വയ വിദ്യാഭ്യാസത്തിലൂടെ വലിയൊരു സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു.
മതപണ്ഡിതന്മാര്‍ക്കും അധ്യാപകര്‍ക്കുമൊക്കെ അഭിമാനബോധം കൊടുത്തത് താങ്കളുടെ പ്രവര്‍ത്തനങ്ങളാണ് എന്ന ഒരു വിലയിരുത്തലുണ്ട്.
എന്ന് ഞാന്‍ അഭിമാനിക്കുന്നില്ല.
അതൊരു യാഥാര്‍ഥ്യമാണ്. സമൂഹത്തിന്റെ കാഴ്ചപ്പാടാണ്.
(ചിരി മാത്രം)
ഇത്ര പ്രായത്തിനിടയിലും ദീര്‍ഘദൂരം യാത്ര ചെയ്യുന്നു. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നു. താങ്കളുടെ ഒരു ദിവസം എങ്ങനെയാണ്?
(അതിലെന്തിരിക്കുന്നു എന്ന അര്‍ഥത്തില്‍ ഒരു ചിരി മാത്രം)
ഞാനിത് ചോദിക്കാനുള്ള കാരണം, ഉച്ചയ്ക്കു രണ്ടുമണിക്കു സംസാരിക്കാം എന്നു പറഞ്ഞപ്പോള്‍ ഉസ്താദിന്റെ സെക്രട്ടറിയോട് ഞാന്‍ ചോദിച്ചത് ‘ഭക്ഷണം കഴിഞ്ഞ് ഉച്ചമയക്കം ഉണ്ടാകില്ലേ’ എന്നാണ്. അങ്ങനെയൊരു പരിപാടിയില്ലെന്ന് അറിഞ്ഞു. ഒന്നരയോ രണ്ടരയോ മണിക്കൂര്‍ സമയവ്യത്യാസമുള്ള ഗള്‍ഫില്‍നിന്നു നാട്ടിലെത്തിയാല്‍ യുവാക്കള്‍ പോലും രണ്ടുമൂന്നുദിവസം യാത്രാക്ഷീണം അനുഭവിക്കുന്നുണ്ട്. ഉസ്താദ് ബ്രിട്ടനില്‍നിന്നു നേരെ മലേഷ്യയിലേക്കു പോയി അവിടെ പൊതുപരിപാടികളില്‍ പങ്കെടുത്ത ശേഷം കേരളത്തിലെത്തി ആ ദിവസവും മുഴുനീളെ പൊതുയോഗത്തില്‍ പങ്കെടുത്തത് അറിയാം? എങ്ങനെയിത് സാധിക്കുന്നു?
സുബ്ഹിയുടെ ഒരു മണിക്കൂര്‍ മുന്‍പ് എഴുന്നേല്‍ക്കും. അത് സുബ്ഹിയുടെ സമയവ്യത്യാസമനുസരിച്ച് മൂന്നര മുതല്‍ നാലു മണി വരെയാകാം. പൊതുപരിപാടികള്‍ കഴിഞ്ഞെത്തിയിട്ടാണ് ഉറക്കം. അത് പന്ത്രണ്ട് മണിയോ ഒരു മണിയോ രണ്ടു മണിയോ ഒക്കെ ആകാം. എനിക്ക് ഉദ്ദേശിക്കുമ്പോള്‍ ഉറങ്ങാനും ഉദ്ദേശിക്കുമ്പോള്‍ എഴുന്നേല്‍ക്കാനും കഴിയും. അത് ചെറുപ്പംമുതലേ സാധിക്കുന്ന ഒരു കാര്യമാണ്. ഉറങ്ങാന്‍ ഉദ്ദേശിച്ചു കിടന്നാല്‍ അപ്പോള്‍ ഉറക്കം വരും. ഉദ്ദേശിച്ച സമയത്ത് എഴുന്നേല്‍ക്കാന്‍ അലാറം വയ്‌ക്കേണ്ട; വിളിച്ചുണര്‍ത്തേണ്ട. അത് 99% എന്നു കൂട്ടിക്കോളൂ. അല്ലെങ്കില്‍ 95%. മനുഷ്യന്റെ കാര്യമല്ലേ. ചില സമയത്ത് മാറ്റവുമുണ്ടാകും. എങ്കിലും അത് സാധിക്കാറുണ്ട്.
ശാരീരികാരോഗ്യത്തില്‍ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമായിട്ടാണോ ഇതിനെ കാണുന്നത്?
അതെ. പ്രത്യേകിച്ച് ഉറങ്ങുക എന്നത്. ഉദ്ദേശിക്കുന്ന സമയത്ത് ഉറങ്ങാന്‍ കഴിയുന്നത്. പ്രത്യേകിച്ച് വിദേശത്തൊക്കെ പോയി വരുമ്പോള്‍. കിടന്നിട്ട് ഉറക്കം വരുന്നില്ലെങ്കില്‍ ശരീരത്തിനു വിശ്രമം കിട്ടില്ലല്ലോ.
അങ്ങനെ കിട്ടുന്ന ചെറിയ ഉറക്കങ്ങള്‍ മതി?
മതി.
ദീര്‍ഘവിദേശയാത്രകളില്‍ ജെറ്റ്ലാഗ് (ഓരോപ്രദേശത്തെയും സമയമാറ്റം മനുഷ്യശരീരത്തിന്റെ സമയസന്തുലനത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍) അനുഭവപ്പെടാറില്ലേ?
ഇല്ല.
ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആത്മകഥ എഴുതുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
ഇതുവരെ ആലോചിച്ചിട്ടില്ല. എഴുതിയിട്ടുമില്ല. ഇതുപോലെ ഓരോരുത്തരും ചോദിക്കുമ്പോള്‍ അതിനുള്ള മറുപടികള്‍ ഓര്‍മയിലുള്ളത് പറയും. ചിലതൊക്കെ എഴുതി വയ്‌ക്കേണ്ടത് തന്നെയാണ്. ഓരോ അനുഭവവും എഴുതിയാലല്ലേ അറിയൂ? എന്റെയത്ര എതിര്‍പ്പുകള്‍ നേരിടേണ്ടിവന്ന ഒരാള്‍ കേരളത്തില്‍ ഏതായാലും ഇല്ല. ഇന്ത്യയിലും ഉണ്ടാകുമോ എന്നുതന്നെ സംശയമാണ്. അതുകൊണ്ട് തന്നെ എന്റെയത്ര അനുഭവങ്ങളുണ്ടായ ആളും ഇല്ല എന്നു തന്നെ പറയാം.
ഏറ്റവും വലിയ നേട്ടം എന്താണ്?
പന്ത്രണ്ടായിരത്തോളം ശിഷ്യന്മാര്‍ ഉണ്ട്. സഖാഫികളായിത്തന്നെ. മര്‍കസിലൂടെ മറ്റു കോഴ്‌സുകള്‍ പഠിച്ചിറങ്ങിയവര്‍ എണ്‍പതിനായിരത്തിലേറെയും വരും. മൊത്തം ഒരുലക്ഷത്തിലേറെ. സഖാഫികള്‍ തന്നെ പന്ത്രണ്ടായിരം എന്നു പറഞ്ഞല്ലോ. സഖാഫികള്‍ പലരും വലിയ സ്ഥാപനങ്ങള്‍ നടത്തുന്നവരും അവര്‍ക്കു തന്നെ ആയിരവും രണ്ടായിരവും അയ്യായിരവും ശിഷ്യന്മാര്‍ ഉള്ളവരുമാണ്. പേരോട് അബ്ദുറഹിമാന്‍ സഖാഫിയുടെ സിറാജുല്‍ ഹുദാ പോലെ. അവരൊക്കെ നല്ല ജീവിതം നയിക്കുകയും അറിവ് പകര്‍ന്നുകൊടുക്കുകയും സേവനം ചെയ്യുകയുമാണല്ലോ. അത് നമ്മുടെ കണ്ണിനു കുളിര്‍മയുണ്ടാക്കുന്ന കാര്യമാണ്. ‘റബ്ബനാ ഹബ്ലനാ മിന്‍ അസ്വാജിനാ വ ദുര്രിയ്യാത്തിനാ ഖുര്‍റത്ത അഅ്യുനിന്‍’ എന്ന ഖുര്‍ആനിലെ ആയത്തുണ്ടല്ലോ. എന്റെ സന്താനപരമ്പരകളും എന്റെ ശിഷ്യന്മാരുമെല്ലാം നല്ലവരായിക്കണ്ട് സന്തോഷിക്കാന്‍ എനിക്ക് അവസരം തരണമേ എന്നാണ്. ദുര്രിയ്യത്ത് എന്നു പറഞ്ഞാല്‍ സന്താനങ്ങളും പെടും. ശിഷ്യന്മാരും പെടും.
ഏറ്റവുമധികം എതിര്‍പ്പുകള്‍ നേരിട്ടയാള്‍ എന്നു പറഞ്ഞല്ലോ. അത് എന്തുകൊണ്ടാണ്?
കൂടുതല്‍ എതിര്‍പ്പുകള്‍ എന്തിനാണ് ഉണ്ടായത് എന്നു ചോദിച്ചാല്‍, നബി (സ) തങ്ങള്‍ വന്ന് തൗഹീദ് പറഞ്ഞതല്ലാതെ മറ്റെന്തെങ്കിലും ചെയ്തിരുന്നോ? അതുകൊണ്ടല്ലേ എതിര്‍പ്പുണ്ടായത്? നമ്മളിവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കി. സേവനങ്ങള്‍ ചെയ്തു. മുന്‍ഗാമികളുടെ യഥാര്‍ത്ഥ സരണിയെക്കുറിച്ചു പറഞ്ഞു. ഇതല്ലാതെ വേറെയൊന്നും ചെയ്തിട്ടില്ല.
മുസ്ലിംലീഗുമായി ഇത്രയധികം എതിര്‍പ്പ് ഉണ്ടാകാനുള്ള കാരണം എന്താണ്? ഇടയ്ക്ക് ഐക്യത്തിന്റെ ശ്രമങ്ങള്‍ ഉണ്ടായിരുന്നില്ലേ?
ഞങ്ങള്‍ എന്നും ഒരു മിതമായ മാര്‍ഗത്തിലൂടെ നീങ്ങലാണ്. ഐക്യം എന്നോ അനൈക്യം എന്നോ ഇല്ല. അവരില്‍ പലരും ഇവിടെ ബിദ്അത്തുകാര്‍ക്കു ശക്തികൊടുത്തിട്ടാണ് ലീഗ് വളര്‍ത്തിയെടുത്തത്. മുജാഹിദ്, ജമാഅത്ത് തുടങ്ങിയവര്‍ക്കെല്ലാം വളംവച്ചുകൊടുത്തിട്ടാണ് ലീഗ് വളരുന്നത്. അതിന് ഞങ്ങള്‍ എതിര് പറയുന്നതുകൊണ്ടാണ് ഞങ്ങളോടുള്ള എതിര്‍പ്പ്. ബിദ്അത്തുകാരുമായുള്ള വാദപ്രതിവാദത്തിലൊക്കെ ഞങ്ങള്‍ മുന്നോട്ടുപോയപ്പോള്‍ ഞങ്ങളെയൊന്ന് താഴ്ത്തിവയ്ക്കണമെന്ന് അവര്‍ക്കു തോന്നിയതാണ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തില്‍ ഇടപെടേണ്ടതില്ല. എന്നാല്‍, രാഷ്ട്രീയത്തില്‍ മതസംഘടനകള്‍ അഭിപ്രായം പറയും. ഇങ്ങനെയൊരു നിലപാട് താങ്കള്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇതെങ്ങനെയാണ് ശരിയാവുക? ഇങ്ങോട്ട് ഇടപെടരുതെന്നാണെങ്കില്‍ അങ്ങോട്ടും ഇടപെടരുതല്ലോ.
രാഷ്ട്രീയക്കാര്‍ മതത്തിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍, അത് രാഷ്ട്രീയക്കാരാണെന്നു നോക്കാതെ മത പണ്ഡിതന്മാര്‍ മറുപടി പറഞ്ഞുകൊള്ളണം. രാഷ്ട്രീയക്കാര്‍ അവിടെ പാലം നിര്‍മിക്കണമെന്നു പറഞ്ഞാല്‍ നമുക്കതില്‍ അഭിപ്രായവ്യത്യാസമൊന്നുമില്ല. പക്ഷേ, മതത്തിന്റെ കാര്യങ്ങളില്‍ പറയേണ്ടതില്ല. എന്നാല്‍, മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടും. രാഷ്ട്രീയം എന്നത് പൊതു ഇടമാണ്. രാഷ്ട്രീയക്കാരുടെ നയങ്ങള്‍ തെറ്റിപ്പോയാല്‍ ഇടപെടും. എന്നാല്‍, രാഷ്ട്രീയക്കാര്‍ മതപണ്ഡിതന്മാരെ ഉപദേശിക്കാന്‍ വരേണ്ടതില്ല.
ചില സമയത്ത് വോട്ടെടുപ്പില്‍ താങ്കള്‍ ഇടപെടാറുണ്ടല്ലോ. 2004ല്‍ മഞ്ചേരി ലോക്സഭാ സീറ്റില്‍ ലീഗിന്റെ പരാജയം താങ്കളുടെ വിജയമായി വിലയിരുത്തപ്പെട്ടു. പിന്നീട് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാടും 2017ല്‍ വേങ്ങരയും ഫലം മറിച്ചായി. അത്തരം രാഷ്ട്രീയ നിലപാടുകള്‍ എടുക്കേണ്ടതുണ്ടോ?
അതൊന്നും വ്യക്തമായ രാഷ്ട്രീയ ഇടപെടലുകളല്ല. ഓരോരുത്തരും അവരവരുടെ നേട്ടത്തിന് പറഞ്ഞുണ്ടാക്കുന്നതാണ്. ഊതിവീര്‍പ്പിക്കുന്നതാണ്. ചില സമയത്ത് ചില രഹസ്യനിര്‍ദേശങ്ങളൊക്കെ നല്‍കാറുണ്ട്. അത് ഇല്ലെന്നല്ല. പരസ്യമായി ഇതുവരെ രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടില്ല. ഇറങ്ങാന്‍ ഉദ്ദേശിക്കുന്നുമില്ല.
സിപിഎമ്മിനോട് ഒരു പ്രത്യേക സ്‌നേഹം ഉണ്ടോ?
ഞങ്ങളെ സഹായിക്കുന്നവരോടുള്ള സ്‌നേഹം ഉണ്ടാകുമല്ലോ. ലീഗുകാരാണ് ഞങ്ങളെ ആദ്യം മുതല്‍ എതിര്‍ക്കാന്‍ നോക്കിയത്. വെറുതെ എതിര്‍ക്കുക. 1989ല്‍ എറണാകുളം സമ്മേളനം മുതല്‍. അന്നൊക്കെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കിത്തരുന്നതില്‍ സിപിഎമ്മിന്റെ സഹായം ഉണ്ടായിട്ടുണ്ട്. ലീഗ് രാഷ്ട്രീയപാര്‍ട്ടിയാണല്ലോ. അതില്‍ എല്ലാവരുമുണ്ട്. മുജാഹിദുണ്ട്, ജമാഅത്തുണ്ട്, ഖാദിയാനിയുണ്ട്. സമുദായത്തിനുള്ളിലെ അവാന്തരവിഭാഗങ്ങളെ അവര്‍ ശക്തമായി സഹായിച്ചപ്പോള്‍ ഞങ്ങള്‍ എതിര്‍ക്കുകയും ചെയ്തു. അങ്ങനെയൊരു നോട്ടമില്ലാതെ ഞങ്ങളെ സിപിഎം സഹായിച്ചപ്പോള്‍ ഞങ്ങള്‍ അവരോട് അടുത്തു. സിപിഎമ്മിന് അങ്ങനെ സുന്നിയും മുജാഹിദുമൊന്നും ഇല്ലല്ലോ.
മര്‍കസ് സ്ഥാപിച്ചത് വെല്ലൂര്‍ ബാഖിയാത്തിന്റെ മാതൃകയിലാണെന്നും താങ്കള്‍ അവിടെ പഠിക്കുമ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചിട്ട രൂപരേഖയാണിതെന്നും പറഞ്ഞുകേട്ടിട്ടുണ്ട്.
കെട്ടിടത്തിന്റെ പ്ലാനും രൂപരേഖയുമാണ് ഒരു കാര്യം. ചതുരത്തിലുള്ള കെട്ടിടവും ഇരട്ടഗോവണിയുമൊക്കെ ഒരു കൗതുകമായി തോന്നി. ഇവിടെ അക്കാലത്ത് നീളത്തിലുള്ള കെട്ടിടങ്ങളാണ് പതിവ്. ശരീഅത്ത് കോളേജ് സ്ഥാപിക്കുക എന്നതായിരുന്നു പ്രാഥമികമായ ലക്ഷ്യം. ബാഖിയാത്തിന്റെ നടുവില്‍ ഒരു ഹൗള് (കുളം) ഉണ്ടായിരുന്നു. അതുപോലും ഇവിടെ ഉണ്ടാക്കിയിരുന്നു.
ഉസ്താദിന്റെ ആത്മീയഗുരു ആരാണ്?
ദര്‍സില്‍ പഠിപ്പിച്ചിരുന്ന ഉസ്താദുമാരെല്ലാം ആത്മീയഗുരുക്കന്മാര്‍ തന്നെ. ഒ.കെ. സൈനുദ്ദീന്‍ കുട്ടി ഉസ്താദ്, പോക്കര്‍കുട്ടി ഉസ്താദ് ഉള്‍പ്പെടെയുള്ളവര്‍. ആത്മീയഗുരു എന്ന നിലയില്‍ എന്റെ ജീവിതത്തെ ഏറ്റവും സ്പര്‍ശിക്കുകയും സ്വാധീനിക്കുകയും ചെയ്തത് സി.എം. വലിയ്യുല്ലാഹി, വടകര മുഹമ്മദ് ഹാജി തങ്ങള്‍, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍ എന്നിവരാണ്.
ക്രിസ്ത്യന്‍ സഭകളില്‍ അവരുടെ എല്ലാ പള്ളികളിലെയും വൈദികരെ സഭ തന്നെ തീരുമാനിക്കുകയും സര്‍കാര്‍ സര്‍വീസ് പോലെ ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്യുന്ന സംവിധാനമുണ്ട്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം നാട്ടിലെ പള്ളിയില്‍ മുദരിസിനെയും ഇമാമിനെയും മദ്‌റസ അധ്യാപകരെയുമൊക്കെ നിയമിക്കുന്നത് മഹല്ല് കമ്മിറ്റികളാണ്. മുദരിസിനെ ഇഷ്ടമല്ലെങ്കില്‍ മഹല്ല് കമ്മിറ്റി കൂടി മാറ്റാന്‍ ആലോചിക്കും. മുദരിസുമാരെയും ഇമാമുമാരെയും മദ്‌റസാധ്യാപകരെയുമൊക്കെ നിയമിക്കുന്നതില്‍ ഏകീകൃത സംവിധാനം ആലോചിക്കാവുന്നതല്ലേ?
ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് പ്രയാസമാണ്. നമ്മുടേത് വളരെ വിപുലമായ ഘടനയാണ്. ഓരോ മഹല്ലത്തുകളില്‍ അഞ്ചും പത്തും പള്ളികളും മദ്‌റസകളുമായി വളരെ വിശാലമാണ്. പെട്ടെന്ന് ഏകീകരിക്കുക ബുദ്ധിമുട്ടായിരിക്കും.
ഇനി ജീവിതത്തിലെ വലിയ സ്വപ്‌നം എന്താണ്?
നമ്മുടെ സ്ഥാപനവും പ്രസ്ഥാനവും ഇനിയും അഭിവൃദ്ധിപ്പെട്ട് വളരണം. വളരെക്കാലം ബുഖാരി ദര്‍സ് നടത്തണം.
ഒരു മണിക്കൂര്‍ നീണ്ട സംഭാഷണം അവസാനിച്ചു വാതില്‍ തുറന്നപ്പോള്‍ സന്ദര്‍ശകരുടെ നീണ്ടനിര പുറത്തുകാത്തുനില്‍പുണ്ട്. പ്രാര്‍ഥന തേടി, സാന്നിധ്യത്തിന്റെ പുണ്യം ആഗ്രഹിച്ച് അനേകകാതം താണ്ടി വന്നവര്‍; അനേകം മണിക്കൂറുകള്‍ കാത്തിരിക്കുന്നവര്‍. അവര്‍ക്കുമുന്നില്‍ ക്ഷീണമില്ലാതെ, മടുപ്പില്ലാതെ, അലോസരമില്ലാതെ കാന്തപുരം കാത്തിരിക്കുന്നു; കാലത്തെ തന്നിലേക്കാകര്‍ഷിക്കുന്ന കാന്തികശക്തിയോടെ.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍/
റാസിം സിദ്ദീഖി
maashaa allaah
maashaa allaah allaahu barkath chetyyatte